നായനാരുടെ ഭരണകാലത്ത് എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സി.പി.ഐ എതിര്‍ത്തു. എതിര്‍പ്പുള്ളവര്‍ വര്‍ദ്ധിപ്പിച്ച ശമ്പളം സ്വീകരിക്കണ്ട, അത് ട്രഷറിയില്‍ കിടന്നോട്ടെ എന്നായി നായനാര്‍. അന്നു മുതല്‍ വര്‍ദ്ധിപ്പിച്ച ശമ്പളം സി.പി.ഐ എം.എല്‍.എ.മാര്‍ സ്വീകരിക്കാതെ ട്രഷറിയില്‍ ഇട്ടിരുന്നെങ്കില്‍ കേരളത്തിന്റെ കടബാധ്യത തന്നെ തീര്‍ക്കാനായേനേ. അക്കാര്യം പിന്നെ ആരും മിണ്ടിയിട്ടില്ല. ഇപ്പോഴിതാ അതിലും വലിയ രാഷ്ട്രീയ അഗ്‌നിപരീക്ഷണം ആ പാര്‍ട്ടി അതിജീവിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടത് സി.പി.ഐക്ക് സഹിച്ചില്ല. പാര്‍ട്ടി നേതൃത്വം പൊട്ടിത്തെറിച്ചു. ആ വികാരം എം.എന്‍. സ്മാരകത്തില്‍ നിന്ന് ഒരു ചുഴലിക്കാറ്റായി ഉയര്‍ന്ന് മന്ത്രിസഭയെ തന്നെ ഉലച്ച് വടക്ക് ദല്‍ഹിയില്‍ എത്തിയിട്ടും തണുത്തില്ല. മന്ത്രിസഭ ആടിയുലഞ്ഞു. ഈ ഭീകര ചുഴലിയുടെ വരാനിരിക്കുന്ന നാശനഷ്ടങ്ങളുടെ കണക്കെടുത്ത് മാധ്യമ സഖാക്കള്‍ അലാറാം മുഴക്കിക്കൊണ്ടിരുന്നിട്ടും പിണറായി പാറയില്‍ ഉറച്ചുനിന്നു ശിവന്‍കുട്ടി. മന്ത്രിമാരെ പിന്‍വലിക്കാന്‍ വരെ സി.പി.ഐ തീരുമാനമെടുത്തു. ദേശീയ സെക്രട്ടറി ഡി. രാജ സി.പി.എം സെക്രട്ടറി എം.എ. ബേബിയെ കണ്ട് ഭീഷണിക്കത്തു നല്കി. ഇങ്ങനെ സംഭ്രമജനകമായ രംഗങ്ങള്‍ കടന്നുപോകുമ്പോള്‍ കാരണഭൂതന്‍ വിദേശത്തുനിന്നും ലാന്‍ഡ് ചെയ്യുന്നു. ഒപ്പിട്ടതു പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിക്കുന്നു. ഇക്കാര്യം ആലോചിക്കാന്‍ സി.പി.ഐ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി ഉണ്ടാക്കുന്നു. ‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ വര്‍ഗ്ഗീയ വിരോധം’ എന്ന് കവികള്‍ പാടി.
ഇനി വരുന്നതാണ് ശിവന്‍കുട്ടി മാജിക്ക്. പി.എം. ശ്രീയില്‍ ഒപ്പിട്ടതിന്റെ ഫലമായി കേന്ദ്രത്തില്‍ നിന്ന് ആലിപ്പഴംപോലെ വീഴുന്നു 92.41 കോടി! വീഴാനായി തൂങ്ങിക്കിടക്കുന്നത് 109 കോടി. ഒപ്പിട്ട വകയില്‍ വിദ്യാഭ്യാസ വകുപ്പിനു കിട്ടിയ പണമെണ്ണി കൈ കടഞ്ഞ ശിവന്‍കുട്ടിയെ നോക്കി സി.പി.ഐ മന്ത്രിമാര്‍ കണ്ണുതള്ളിനില്‍ക്കുമ്പോള്‍ ‘വിളങ്ങുന്ന ചന്ദ്രനെ’ കണ്ടത് മുഖ്യന്‍ വിജയന്‍ സഖാവിന്റെ മുഖത്താണ്. കരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേന്ദ്രത്തെ അറിയിക്കാന്‍ ഉടനെ കത്തയക്കണം എന്നാണ് മന്ത്രിസഭാ തീരുമാനം. ഇന്നുവരെ അത്തരം ഒരു കത്ത് തയ്യാറാക്കിയിട്ടുമില്ല അയച്ചിട്ടുമില്ല. ഇതിനെക്കുറിച്ച് സി.പി.ഐ മന്ത്രിമാര്‍ക്ക് പരാതിയില്ല. ബിനോയ് വിശ്വത്തിന് രോഷമില്ല. പി.എം. ശ്രീ വിരോധ ചുഴലിക്കാറ്റ് കുളിര്‍തെന്നല്‍ പോലുമല്ലാതായിരിക്കുന്നു. ബിനോയ് വിശ്വത്തിന്റെ ആദര്‍ശശുദ്ധി മുഖ്യന്‍ വിജയന്‍ സഖാവിന്റെ കോണകത്തുമ്പില്‍ കിടന്ന് ആടുകയാണ്.





















