ഒരുകാലത്ത് കേരളത്തിന്റെ ഉത്സവപ്പറമ്പുകളെ സജീവമാക്കിയിരുന്ന ഒരു കലയാണ് കഥാപ്രസംഗം. സാംബശിവന്‍, കെടാമംഗലം, ഹര്‍ഷകുമാര്‍, കൊല്ലംബാബു, കടയ്‌ക്കോട് വിശ്വംഭരന്‍ തുടങ്ങിയവര്‍ ആ കലയില്‍ വളരെ പ്രശസ്തരായിരുന്നു. ഇവര്‍ക്കും മുന്‍പ് കെ.കെ. വാധ്യന്‍, ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന്‍ എന്നിവരായിരുന്നു തുടക്കക്കാലത്തെ പ്രശസ്തര്‍. കഥാപ്രസംഗത്തിന്റെ ചരിത്രമൊന്നും ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ല. തമിഴിലെ ഹരികഥാ കാലക്ഷേപത്തിന്റെ തുടര്‍ച്ചയാണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ഒരു നല്ല കാഥികനാവുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടു മണിക്കൂറില്‍ കുറയാതെ നീളമുള്ള കഥയും അതിലെ പാട്ടുകളും അവയുടെ ഈണങ്ങളും ഓര്‍ത്തുവയ്ക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. സാംബശിവനെപ്പോലെ അസംഖ്യം കഥകള്‍ മറ്റുകാഥികര്‍ക്കു പറയേണ്ടി വന്നിട്ടില്ല. സാംബശിവന്‍ ഓരോ വര്‍ഷവും പുതിയ കഥകള്‍ അവതരിപ്പിച്ചു കേരളത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
കഥാപ്രസംഗം പഠിച്ചു വിജയിച്ചവര്‍ക്കു രാഷ്ട്രീയത്തിലും മറ്റു പല മേഖലകളിലും വിജയിക്കാന്‍ കഴിയും. പഴയ മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഒരു കാഥികനായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ പ്രസംഗങ്ങളും അദ്ദേഹം കഥാപ്രസംഗ രീതിയില്‍ത്തന്നെ അവതരിപ്പിച്ചു ജനങ്ങളെ രസിപ്പിക്കുമായിരുന്നു. എം.പി. മന്മഥനും കേരളം കണ്ട ഏറ്റവും നല്ല പ്രഭാഷകരില്‍ ഒരാളായിരുന്നു. കഥാപ്രസംഗത്തില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ ചില കഴിവുകളാവണം അദ്ദേഹത്തെ വലിയ പ്രഭാഷകനുമാക്കിയത്.
കവിയായി അറിയപ്പെടുന്ന ആലങ്കോട് ലീലാകൃഷ്ണനും ഒരു കാലത്ത് കഥാപ്രസംഗക്കാരനായിരുന്നുവെന്ന് മനസ്സിലായത് ചന്ദ്രിക വാരികയില്‍ ഇന്ദുകേഷ് തൃപ്പനിച്ച (ഒക്ടോബര്‍ 18) എന്നൊരാള്‍ കവിയുമായി നടത്തിയിരിക്കുന്ന അഭിമുഖം കണ്ടപ്പോഴാണ്. ഒരു കഥാപ്രസംഗക്കാരനെപ്പോലെ ഒഴുക്കോടെ ആലങ്കോട് പ്രസംഗിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊരു പാരമ്പര്യം ഈ കവിയ്ക്കുണ്ടെന്നറിഞ്ഞിരുന്നില്ല. ആലങ്കോട് ലീലാകൃഷ്ണനെന്ന കവിയെക്കുറിച്ച് ഈ പംക്തി തുടങ്ങിയ കാലം മുതല്‍ ഒരേ അഭിപ്രായം തന്നെയാണ് ഈ ലേഖകനുള്ളത്. അതൊന്നു മാറ്റിപ്പറയാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിനുള്ള അവസരം ലഭ്യമായിട്ടില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘പലതരം കവികള്‍’ എന്ന പ്രശസ്തമായ കവിതയിലെ ആദ്യഭാഗം ഈ കവിയെകൂടി ഉദ്ദേശിച്ച് എഴുതിയതാണോ എന്ന് തോന്നിപ്പോയിട്ടുണ്ട്. അതിങ്ങനെയാണ്:
ചില കവികള്‍ പണ്ടത്തെ രാജാക്കന്മാരെപ്പോലെയാണ്.
ബുദ്ധിയും തന്ത്രവും സൈന്യവും കൊണ്ട് അവര്‍ കാവ്യരാജ്യം ഭരിക്കും.
ചോദ്യം ചെയ്യുന്നവരെ കവിതയില്‍ നിന്ന് നാടുകടത്തും.
വാക്കിന്റെ സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും അവരുടെ ആജ്ഞകൊണ്ടാണെന്ന് വൈതാളികവൃന്ദം രാപ്പകല്‍ കീര്‍ത്തിക്കും.
പക്ഷേ അയല്‍രാജാക്കന്മാരെ കീഴടക്കാമെന്നല്ലാതെ സ്വന്തം ജനതയുടെ ഹൃദയം കീഴടക്കാന്‍ അവര്‍ക്കു കഴിയുകയില്ല. അതിനാല്‍ ഒടുവിലവര്‍ നാല്‍ക്കവലകളില്‍ കാക്കതൂറുന്ന പ്രതിമകളായി മാറും.
വായനക്കാരന്റെ ഹൃദയം കീഴടക്കാന്‍ തക്ക ഒരു വരിയും ഈ കവിയില്‍ നിന്നുണ്ടായിക്കണ്ടിട്ടില്ല. എം.ടി, പി. കുഞ്ഞിരാമന്‍ നായര്‍, ബഷീര്‍ എന്നിങ്ങനെ പ്രതിഭകൊണ്ടോ ഭാഗ്യം കൊണ്ടോ മുന്നേ പ്രശസ്തരായിത്തീര്‍ന്ന ചിലരെ പേര്‍ത്തും പേര്‍ത്തും പുകഴ്ത്തി അതിലൂടെ ഇക്കവിയും മലയാളത്തിലെ ഒന്നാം നിരകവികളിലൊരാളായിക്കഴിഞ്ഞു. തന്ത്രപരമായ രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തിന് താങ്ങായി നില്‍ക്കുന്നു. ഗസ്സയിലെ കുട്ടികളെക്കുറിച്ച് അനുയോജ്യമായ വേദികളില്‍ മുതലക്കണ്ണീരൊഴുക്കും. അതേ ആര്‍ജ്ജവത്തോടെ വടക്കുംനാഥന്റെ മഹത്വവും പ്രഘോഷിക്കും. നിരീശ്വരവാദിയായും പ്രത്യക്ഷപ്പെടും. ഇങ്ങനെ ‘നാലുകാലില്‍ വീഴുന്ന’ ചില മഹാന്മാര്‍ എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ട്. അവരെ തിരിച്ചറിയുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. 1921 ലെ കലാപത്തിലെ ആലി മുസ്‌ലിയാരെയും വാരിയംകുന്നനേയും കുഞ്ഞഹമ്മദ് ഹാജിയേയും പുകഴ്ത്തി നോവലെഴുതിയ ഒരാള്‍ ഹിന്ദു സംഘടനയുടെ അവാര്‍ഡ് വാങ്ങുന്നതുകണ്ടു. രാജഭരണകാലത്ത് വലിയ കാപട്യക്കാര്‍ പലരും രാജാവിന്റെ മുന്‍പില്‍ അഭിനയിച്ച് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ ഇരുമ്പഴിയ്ക്കുള്ളിലാക്കിയതിന് ധാരാളം ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. കവികളുടെ മേഖലയിലും ഇന്ന് ഇതാണ് സ്ഥിതി. കവിയേയും കവിയായി നടിക്കുന്നവരേയും തമ്മില്‍ തിരിച്ചറിയാനാകാത്തവിധം കാവ്യലോകം സങ്കീര്‍ണ്ണമായിരിക്കുന്നു. കൂടെക്കൂടെ ഇടത്തോട്ടും വലത്തോട്ടും മാറി മാറിമുണ്ടുടുക്കുന്ന സംസ്‌കാര പ്രവര്‍ത്തകര്‍, ഒരുതരത്തിലുള്ള ആദര്‍ശ ശുദ്ധിയും ഇല്ലാത്തവര്‍, അത്തരക്കാരെക്കൊണ്ട് നമ്മുടെ സംസ്‌കാര മണ്ഡലം നിറഞ്ഞിരിക്കുന്നു.
മറ്റുള്ളവര്‍ കേട്ടിട്ടില്ലാത്ത ഗ്രാമ്യപദങ്ങളും പ്രയോഗങ്ങളും കുത്തിനിറച്ചതുകൊണ്ടു മാത്രം കവിതയോ കഥയോ മെച്ചപ്പെടില്ല. അവസരത്തിലും അനവസരത്തിലുമൊക്കെ അതൊക്കെ നിറച്ചുവയ്ക്കുന്നതുകൊണ്ടെന്തു പ്രയോജനം? കുറിഞ്ചിലക്കോട് ബാലചന്ദ്രന്‍ എന്ന കവി ചന്ദ്രികയില്‍ എഴുതിയിരിക്കുന്ന കവിത ‘മിശിറ്മണം’ അതിന്റെ പേരുകൊണ്ടുതന്നെ വായനക്കാരെ അകറ്റുന്നു. ‘മിശിറ്’ എന്നത് തെക്കന്‍ കേരളത്തില്‍ മാത്രം പ്രയോഗിക്കുന്ന ഒരു പേരാണ്. മരങ്ങളില്‍ കാണുന്ന കടിച്ചിരുന്നു സ്വയം തന്നെ മരിച്ചു പോകുന്ന ഒരുതരം ചുവന്ന ഉറുമ്പുകളാണിവ. നിറം ചുവപ്പാണെങ്കിലും ചിലയിടങ്ങളില്‍ പച്ചെറുമ്പെന്നും ഇതിനുപേരുണ്ട്. പുളിയുറുമ്പ് എന്നാണ് പൊതുവെ പറയുന്നതെന്നു തോന്നുന്നു. ഇത്തരം പ്രാദേശികപദങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടു മാത്രം കവിത മെച്ചപ്പെടില്ല.
ചന്ദ്രികയില്‍ അമിത് കുമാര്‍ എന്നൊരാള്‍ ഫാക്ട് ചെക്കര്‍ എന്നൊരു കഥയെഴുതിയിരിക്കുന്നു. ‘ചക്കിനുവച്ചത് കൊക്കിനുകൊണ്ടു’ എന്നൊരു പഴഞ്ചൊല്ല് ഞങ്ങളുടെ നാട്ടിലുണ്ട്. അമിത് കുമാര്‍ താനറിയാതെ തന്നെ ചില ഫാക്ടുകള്‍ അവതരിപ്പിക്കുന്നു. ചന്ദ്രിക എന്ന പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള ചില മുന്‍വിധികളാണ് അമിത് കുമാറിനെക്കൊണ്ട് ഇങ്ങനെയൊരു കഥ എഴുതിച്ചത്. എന്നാല്‍ കഥയില്‍ അമിത് അറിയാതെ ചില മുദ്രകള്‍ പതിഞ്ഞിരിക്കുന്നു.
കഥ വാട്‌സ് ആപ്പില്‍ ഫോര്‍വേഡ് ചെയ്യുന്ന വീഡിയോകളുടേയും മെസേജുകളുടേയും വസ്തുതകള്‍ കണ്ടെത്തി ആ വിവരം ഗ്രൂപ്പില്‍ അറിയിക്കുന്ന ഒരു നാരായണനെക്കുറിച്ചാണ്. പക്ഷേ വസ്തുത അറിയിക്കുന്നത് ഒന്ന് അമ്പലങ്ങളില്‍ നിന്നുള്ള വരുമാനം പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കുന്നുവെന്നതു തെറ്റാണെന്നതാണ്. രണ്ട്. മുസ്ലീം പുരോഹിതര്‍ക്കു സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നുവെന്നതും തെറ്റാണെന്നാണ്. മൂന്ന്. മദ്യ വില്പന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണെന്നതും തെറ്റാണെന്നാണ്. പിന്നെ മറ്റൊന്ന് മുസ്ലീങ്ങള്‍ക്കു ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കു ജീവിക്കാനാവില്ല എന്ന ധാരാണ തെറ്റാണെന്നും. വേറേയും ധാരാളം വസ്തുതാവിരുദ്ധമായ സംഗതികള്‍ വാട്‌സ്ആപ്പില്‍ വരുന്നുണ്ടല്ലോ. അതൊന്നും നമ്മുടെ കഥാകൃത്തിനുവേണ്ട. ഇത്തരം മത-രാഷ്ട്രീയസ്വഭാവമുള്ള സംഗതികളിലെ വാസ്തവം മാത്രമേ കഥയിലെ നാരായണന്‍ അന്വേഷിക്കൂ. പാവം നാരായണന്‍!! പക്ഷേ ഇത്രയും വസ്തുതകളൊക്കെ കണ്ടെത്തിയിട്ടും വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ നിന്നും നാരായണന്‍ പുറത്താവുകയാണ്. കഥാകൃത്ത് അറിയാതെ ചിലതൊക്കെ പറഞ്ഞു വരുന്നുണ്ട്. ”ഇപ്പോഴത്തെ പിള്ളാര്‍ടെ രീതിയൊക്കെ വേറെയാണ്… അവന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടികളുടെ അച്ഛനമ്മമാര്‍ ഹരിദ്വാറിലും കുംഭമേളയ്ക്കും തിരുപ്പതിയിലുമൊക്കെ പോയ ഫോട്ടോകള്‍ ഇടുമ്പൊ നമ്മള്‍ മാത്രം ഒന്നും ഇടുന്നില്ല എന്നവനു സങ്കടം… ഞാനൊരു പൊങ്കാലയിടുന്ന ഫോട്ടോ എങ്കിലും കിട്ടിയാല്‍ പിടിച്ചു നില്‍ക്കാനാവുമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ സമ്മതിച്ചത്. നിങ്ങളെ സമ്മതിപ്പിച്ച് മിനിമം ഗുരുവായൂരെങ്കിലും പോയി ഫോട്ടോ അയച്ചു കൊടുക്കണമെന്നൊരു ടാസ്‌കും പിള്ളേരെനിക്കുതന്നിട്ടുണ്ട്.” ഇത് കഥയിലെ ഫാക്ട് ചെക്കര്‍ നാരായണന്റെ ഭാര്യ പറയുന്നതാണ്. ഭാര്യയും മകന്‍ ജ്യോതിഷും മരുമകള്‍ സ്വാതിയുമെല്ലാം ഈ പക്ഷത്താണ്. ഒടുവില്‍ നാരായണന്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടുകയാണ്. ഭാര്യയും മക്കളും സമൂഹവും ഒക്കെ നാരായണനെതിരാണ്. അവരൊക്കെ ഗുരുവായൂരിനും തിരുപ്പതിക്കും പൊങ്കാലയ്ക്കുമൊപ്പമാണ്.
ഇവിടെ കഥാകൃത്ത് ഒന്നുകില്‍ ചന്ദ്രികവാരികയുടെ പത്രാധിപരെ പറ്റിക്കുന്നു. അല്ലെങ്കില്‍ അയാളറിയാതെ ചില മുദ്രകള്‍ അയാളില്‍ കടന്നുകൂടുന്നു. രണ്ടാമത്തേതാകാനാണു സാധ്യത. വലിയ രക്തസാക്ഷി പരിവേഷം കൊടുത്ത് അവതരിപ്പിക്കുന്ന ‘ഫാക്ട് ചെക്കര്‍’ നാരായണന്‍ സമൂഹത്തിനാവശ്യമില്ലാത്ത ഒരാളായി മാറുന്നു. സമൂഹം മറ്റൊരു ദിശയിലേയ്ക്കാണ് വികസിക്കുന്നത്. കഥാകൃത്ത് അറിയാതെ ആ സത്യം അവതരപ്പിച്ചുപോകുന്നു. പ്രീണനത്തിനായി എഴുതിയ കഥയാണെങ്കിലും യാഥാര്‍ത്ഥ്യം എഴുത്തുകാരനറിയാതെ പുറത്തേയ്ക്കുവരുന്നു. ഈ കഥ വായിക്കുന്ന ഒരാള്‍ക്ക് നാരായണന്‍ സമൂഹത്തിനാവശ്യമില്ലാത്ത ഒരു പഴഞ്ചനായേ തോന്നൂ. വായനക്കാരന്‍ പുതിയ തലമുറയോടൊപ്പം നില്‍ക്കാനേ താല്പര്യപ്പെടൂ. അതുകൊണ്ടാണ് ചക്കിനുവച്ചത് കൊക്കിനാണ് കൊള്ളുന്നത് എന്നു പറയേണ്ടിവന്നത്.
മുഹമ്മദ് ദര്‍വീഷ് പലസ്തീനിന്റെ ദേശീയ കവിയാണ്. പലസ്തീന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം 1988ല്‍ നടത്തിയത് ഈ കവിയാണ്. പാകിസ്ഥാന്റെ പ്രഖ്യാപനം നടത്തിയത് ആദ്യം ഇവിടെയും ഒരു കവിയായിരുന്നുവല്ലോ; അല്ലാമ മുഹമ്മദ് ഇഖ്ബാല്‍. പാകിസ്ഥാനെന്ന സങ്കല്പം ആദ്യം അവതരിപ്പിച്ചത് ഇന്നു പലരും പാടിപുകഴ്ത്തുന്ന കവി ഇഖ്ബാലാണ്; പഴി മുഴുവന്‍ കേള്‍ക്കുന്നത് ജിന്നയും. അതുപോലെ പലസ്തീനും പിറകില്‍ ഒരു കവിയുണ്ട്. ആ കവിയ്ക്ക് അവിടെ ഉള്ളതിനേക്കാള്‍ ആരാധകര്‍ കേരളത്തിലുണ്ട്. കവിയുടെ ഒരു വരിപോലും വായിച്ചിട്ടില്ലാത്തവരും ദര്‍വീശിനെക്കുറിച്ച് ഇവിടെ മഹാകാവ്യങ്ങളെഴുതുന്നു. 2000ല്‍ ഇസ്രായേലിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യോസി സരിദ് (Yosi Sarid) ഇസ്രായേലിലെ സ്‌കൂളുകളില്‍ ദര്‍വീശിന്റെ കവിത പഠിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും പ്രധാനമന്ത്രിയായിരുന്ന യഹുദ് ബരാക് (Ehud Barak) ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. എന്നാല്‍ ഏറ്റവും രസകരമായ വസ്തുത മറ്റ് അറേബ്യന്‍ രാജ്യങ്ങളെല്ലാം ദര്‍വീശിന്റെ കവിതകള്‍ നിരോധിച്ചിരിക്കുകയാണ്. 2016-ല്‍ ദര്‍വീശിന്റെ ബിതാക്കത്ത് ഹവിയ ( Identity Card) എന്ന കവിത ഇസ്രായേലി റേഡിയോ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ആ കവിതയിലെ വരികള്‍
” I wrote down on the top of the first page
I do not hate people
And I donot steal from any one
But if I starve
I Will eat my oppressor’s flesh
Beware, beware of my starving ”
എന്ന വരികള്‍ ഇസ്രായേലികളെ പേടിപ്പിക്കുന്നതായിരുന്നു. എന്നിട്ടും ക്ഷമയോടെ ജൂതജനത അതുകേട്ടു. അന്നത്തെ ഇസ്രായേലി പ്രതിരോധമന്ത്രി അവിദോര്‍ ലീബര്‍മാന്‍ (Avigdor Lieberman) പ്രക്ഷേപണത്തെ അപലപിച്ചു.
ഈ വസ്തുതകളൊന്നും മലയാളിക്കു ബാധകമല്ല. ദര്‍വീശിന് ആകെ അംഗീകാരമുള്ളത് ഇസ്രായേലില്‍ മാത്രമാണ്. അറബ് ലോകമൊന്നടങ്കം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കവിതയായിക്കണ്ട് ദര്‍വീശിനെ ഭയത്തോടെ നോക്കുന്നു. അവര്‍ കുട്ടികള്‍ ആ കവിത പഠിക്കുന്നതിനെ ഭയക്കുകയും വിലക്കുകയും ചെയ്യുന്നു. മലയാളികള്‍ ഇപ്പോഴും ദര്‍വീശിന്റെ പേരില്‍ മഹാകാവ്യങ്ങളും വിലാപ ഗീതങ്ങളും എഴുതുന്നതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചന്ദ്രികയിലും കെ.ടി.സൂപ്പിയുടെ ‘മഹ്മൂദ് ദര്‍വേഷ്’ എന്നൊരു കവിതാ പരിശ്രമം ഉണ്ട്.
‘പറയാനാവാത്ത കഥകള്‍’ എന്ന പേരില്‍ മാധ്യമം വാരികയില്‍ (ഒക്ടോബര്‍ 20-27) ഷംല ജഹ്ഫര്‍ ഒരു കവിത എഴുതിയിട്ടുണ്ട്. ഒരു ചെറുകഥ എന്നു പറയുന്നതാവും ഉചിതം. ദുബായിന്ന് ആരോ പെണ്ണു കാണാന്‍ വന്നെന്നും നേരത്തേ ഉറപ്പിച്ചു വച്ചിരുന്ന ചെറുക്കന്‍ ആരുടേയോ ഒപ്പം ഒളിച്ചോടിയെന്നും പിന്നെ കെട്ടുനടന്നെന്നും ഭര്‍ത്താവും ഭാര്യയും പരസ്പരം തൊടാതെ, പരസ്പരം ഇണങ്ങാതെ, അകന്നുകിടന്നെന്നും ഒക്കെ എഴുതിയിരിക്കുന്നു. കുറച്ചു കൂടി വിശദമാക്കിയിരുന്നെങ്കില്‍ മോശമല്ലാത്ത ഒരു ചെറുകഥയായേനേ! വേണമെങ്കില്‍ ‘ചെറു വിത’ എന്നു വിളിക്കാം. കവിതയും ചെറുകഥയും ചേര്‍ന്നതാവുമ്പോള്‍ ചെറുകഥയുടെ ‘ചെറു’ വും കവിതയുടെ ‘വിത’യും ചേര്‍ത്ത് ‘ചെറുവിത’ ഒരു പുതിയ സാഹിത്യരൂപം!






















