ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ അഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം.
സംഘത്തെപ്പറ്റി ലോകം മുഴുവന്‍ നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ചര്‍ച്ചകളിലൊന്നും തന്നെ ആധികാരികമായി സംഘത്തെപ്പറ്റിയുള്ള അറിവുകളില്ല. അതുകൊണ്ട് സംഘത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആധികാരികമാവുന്നതിനുവേണ്ടി സംഘത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണ്. ഇത് കേട്ടതിനുശേഷം എന്ത് തീരുമാനത്തിലെത്തണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. ആരേയും ബോധ്യപ്പെടുത്താനല്ല; സംഘത്തെക്കുറിച്ച് പറയുക മാത്രമാണ് ചെയ്യുന്നത്. അതിനുവേണ്ടി അനേകം സംവാദങ്ങള്‍ നല്ല രീതിയില്‍ നടന്നു. സംഘത്തെക്കുറിച്ച് സത്യങ്ങള്‍ അറിഞ്ഞതിനുശേഷം പല വ്യക്തികളുടെയും മനസ്സില്‍ നിന്നും തെറ്റായ ധാരണകള്‍ നീങ്ങി. ഇത്തരം സംവാദസദസ്സുകളില്‍ പങ്കെടുത്തവരെല്ലാം സംഘ അനുഭാവികളായി എന്നൊന്നും നാം അവകാശപ്പെടുന്നില്ല; നമ്മുടെ ലക്ഷ്യവും അതായിരുന്നില്ല. ഇപ്പോള്‍ സംഘശതാബ്ദി പ്രവര്‍ത്തനങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ വീണ്ടും സംവാദത്തെപ്പറ്റി ചിന്തിച്ചു. അന്ന് ഒരു സ്ഥലത്ത് മാത്രമാണ് സംവാദം നടന്നത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുന്നതിനുവേണ്ടി ഇന്ന് നാല് സ്ഥലത്തായാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. സംവാദത്തിനൊടുവില്‍ ചോദ്യങ്ങള്‍ ചോദിക്കാം. ആദ്യം സംവാദം നടന്ന സമയത്തുതന്നെ വാര്‍ത്താമാധ്യമങ്ങള്‍ രാജ്യം മുഴുവന്‍ അതിന് വേണ്ടത്ര പ്രചാരം നല്‍കിയിരുന്നു. അതുകൊണ്ട് ആ കാര്യങ്ങള്‍ തന്നെ വീണ്ടും പറയേണ്ട ആവശ്യമില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തെപ്പറ്റി ഓരോ വര്‍ഷവും പുതുതായി പറയേണ്ട ആവശ്യമില്ല. ഈ വര്‍ഷം സംഘം ശതാബ്ദി പൂര്‍ത്തിയാക്കുകയാണ്. സംഘത്തിന്റെ ഇനിയുള്ള പ്രവര്‍ത്തനം എങ്ങനെയായിരിക്കും എന്നൊക്കെയാണ് വിശദീകരിക്കേണ്ടത്. അതുകൊണ്ടാണ് ഈ വ്യാഖ്യാന്‍മാലാ പ്രഭാഷണ പരമ്പരയ്ക്ക് പുതിയ ചക്രവാളം (ചലം വീൃശ്വീി) എന്ന് പേരിട്ടത്. ഈ സംവാദസദസ്സുകളില്‍ എഴുപത് ശതമാനത്തോളം പുതിയ ആളുകളെയാണ് ക്ഷണിച്ചിട്ടുള്ളത്. നടക്കാന്‍ പോകുന്ന പ്രഭാഷണങ്ങളില്‍ ആദ്യത്തേതില്‍ സംഘത്തിനെപ്പറ്റിയാണ് പറയുന്നത്.
നൂറുവര്‍ഷത്തെ സംഘത്തിന്റെ പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സംഘം പ്രവര്‍ത്തിക്കണം എന്നതുകൊണ്ട് മാത്രമല്ല ഈ പ്രയാണം. സംഘത്തിന് ഒരു ലക്ഷ്യമുണ്ട്. രാഷ്ട്രീയ സ്വയംസേവകസംഘം എന്തിനുവേണ്ടി തുടങ്ങി, മുന്നോട്ടുള്ള യാത്രയില്‍ എന്തൊക്കെ പ്രതിബന്ധങ്ങളെയാണ് തരണം ചെയ്യേണ്ടി വന്നത്? ഇത്രയും കഠിനമായ പരിതഃസ്ഥിതികളെ അതിജീവിച്ച് ശതാബ്ദിയിലെത്തിയിട്ടും പുതിയ ചക്രവാളത്തെപ്പറ്റി എന്തിനാണ് സംസാരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാക്കിലുള്ള ഉത്തരം ഓരോ സ്വയംസേവകനും എല്ലാദിവസവും സംഘപ്രാര്‍ത്ഥനയുടെ അവസാനം ചൊല്ലുന്ന ‘ഭാരത് മാതാ കി ജയ്’ എന്നതാണ്. ഭാരതം നമ്മുടെ രാജ്യമാണ്. ഭാരതത്തിനുവേണ്ടി നാം ജയ ജയകാരം മുഴക്കണം. ഭാരതത്തിന് ലോകത്തില്‍ അഗ്രഗണ്യസ്ഥാനം ലഭിക്കണം. ഈ ലോകത്ത് നൂറുകണക്കിന് രാജ്യങ്ങളുണ്ട്. അതില്‍ ഒരു രാജ്യത്തിനു മാത്രമേ അഗ്രഗണ്യസ്ഥാനം ലഭിക്കുകയുള്ളൂ. ഈ സ്ഥാനം ഭാരതം നേടണമെന്ന് എന്തുകൊണ്ടാണ് പറയുന്നത്. ഈ അഗ്രഗണ്യസ്ഥാനത്തിനുവേണ്ടി പുതുതായി ഒരു തര്‍ക്കം ഉണ്ടാകണം എന്ന ലക്ഷ്യമൊന്നും നമുക്കില്ല. ഭാരതം വിശ്വഗുരു ആകണം എന്ന് ചിന്തിക്കുന്നതിനു പിന്നില്‍ ഒരു സത്യമുണ്ട്. ലോകത്തില്‍ അനേകം രാജ്യങ്ങളുണ്ടെങ്കിലും ലോകം വളരെ വളരെ അടുത്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ആഗോള കാര്യങ്ങളെപ്പറ്റിയാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഒരു രാജ്യം മാത്രം വലുതാവുന്നതിന്റെ മഹത്വമെന്താണ്? ലോകത്തിലെ ജീവിതവും മനുഷ്യത്വവും ഒന്നാണെങ്കിലും ഒരുപോലെയല്ല; അതിന് വിവിധ ആകൃതിയും നിറങ്ങളുമാണ്. ഈ വൈവിധ്യമാണ് ലോകത്തിന്റെ സൗന്ദര്യത്തെ വര്‍ദ്ധിപ്പിക്കുന്നത്. ഓരോ നിറത്തിനും അതിന്റേതായ സംഭാവനയും പങ്കാളിത്തവുമുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്: ഓരോ രാജ്യത്തിനും ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കാനുണ്ട്. ഓരോ രാജ്യത്തിനും ഈ ലോകത്തില്‍ സമയാസമയങ്ങളില്‍ നിര്‍വ്വഹിക്കപ്പെടേണ്ടതായ കര്‍ത്തവ്യമുണ്ട്. ഭാരതത്തിനും ഉണ്ട്. ലോകത്തിന്റെ പുരോഗതിക്കുവേണ്ടി തങ്ങളുടെ പങ്കാളിത്തം സമര്‍പ്പിക്കുന്നതിനു വേണ്ടിയാകണം ഓരോ രാജ്യവും വലുതാവേണ്ടത്. സംഘത്തിന്റെ സൃഷ്ടിയുടെയും പ്രവര്‍ത്തനത്തിന്റെയും പ്രയോജനം ഭാരതത്തിനാണ്. സംഘം സാര്‍ത്ഥകമാവുന്നത് ഭാരതം വിശ്വഗുരു ആകുമ്പോഴാണ്. ഭാരതം തന്റേതായ സംഭാവന ലോകത്തിന് നല്‍കേണ്ട സമയം ആഗതമായി. ഭാരതത്തിന്റെ ഈ ഉത്ഥാനം തുടക്കത്തില്‍ വളരെ മന്ദഗതിയിലുള്ളതും നീണ്ടതുമായ പ്രക്രിയയായിരുന്നു. ഇത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭാരതം പുരാതനകാലത്ത് വൈഭവത്തിന്റെ കൊടുമുടിയിലായിരുന്നുവെന്ന് നമുക്കറിയാം. അന്ന് നാം സ്വതന്ത്രരായിരുന്നു. പിന്നീട് വിദേശികള്‍ വന്ന് നമ്മെ ആക്രമിച്ച് കീഴടക്കി. രണ്ടുപ്രാവശ്യം വലിയ അടിമത്തം നേരിട്ടതിനുശേഷമാണ് നാം സ്വതന്ത്രരായത്. അടിമത്തത്തില്‍ നിന്നും മുക്തി നേടുകയെന്നതാണ് ആദ്യത്തെ പടി.

രാജ്യം വികസിക്കണമെങ്കില്‍ സ്വാതന്ത്ര്യം ആവശ്യമാണ്. ചങ്ങലകളാല്‍ കെട്ടിയിടപ്പെട്ട വ്യക്തിക്ക് സ്വാതന്ത്ര്യം കിട്ടില്ല; തനിക്ക് വേണ്ടി ഒന്നും ചെയ്യാനും അയാള്‍ക്ക് കഴിയില്ല. അങ്ങനെ സ്വാതന്ത്ര്യത്തിനുവേണ്ടി അഖില ഭാരതീയ തലത്തില്‍ തന്നെ വ്യാപകമായ ശ്രമങ്ങളുണ്ടായി. 1857ല്‍ സ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ യുദ്ധം നടന്നു. ആ യുദ്ധം പരാജയപ്പെട്ടുവെങ്കിലും ഈ രാജ്യം നമ്മുടേതാണെന്ന ചിന്ത എല്ലാവരിലും ഉണ്ടാകാന്‍ കാരണമായി. നമ്മുടെ ജനസംഖ്യ വളരെ കൂടുതലാണ്. അനേകം രാജാക്കന്മാരും മഹാരാജക്കന്മാരും നമുക്കുണ്ട്. എന്നിട്ടും ആയിരക്കണക്കിന് മൈലുകള്‍ അപ്പുറത്തു നിന്നും കുറച്ച് ആളുകള്‍ വന്നപ്പോള്‍ നാം അവരുടെ മുമ്പില്‍ എന്തിന് പരാജയപ്പെട്ടു? എങ്ങനെ പരാജയപ്പെട്ടു? ഒരു പ്രാവശ്യം തോറ്റാലും വീണ്ടും ശ്രമിക്കാമെന്ന് ശുഭാപ്തിവിശ്വാസികള്‍ ചിന്തിച്ചു. അങ്ങനെ സായുധവിപ്ലവം വേണമെന്ന ചിന്തയില്‍ നിന്ന് വിപ്ലവകാരികളുടെ ഗ്രൂപ്പുണ്ടായി. രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കാന്‍ തയ്യാറായ ലക്ഷക്കണക്കിന് യുവാക്കള്‍ ഈ ഗ്രൂപ്പില്‍ നിന്ന് മുന്നോട്ടുവന്നു. ഈ വിപ്ലവകാരികള്‍ ഇന്നും നമുക്ക് പ്രേരണാദായകരാണ്. ദേശത്തിനുവേണ്ടി സമര്‍പ്പിക്കപ്പെടുന്ന ജീവിതം എങ്ങനെയായിരിക്കണം എന്നതിന് മാതൃകകളായിരുന്നു അവര്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആ വിപ്ലവ ചിന്താധാര ഇല്ലാതായി. ആ വിപ്ലവധാരയിലെ തിളക്കമാര്‍ന്ന ഒരു നക്ഷത്രമായിരുന്നു സാവര്‍ക്കര്‍. സ്വാതന്ത്ര്യാനന്തരം പൂനെയില്‍ വച്ചുനടന്ന സാര്‍വ്വജനിക സമ്മേളനത്തില്‍ വച്ച് സാവര്‍ക്കര്‍ വിപ്ലവധാരയെ പിരിച്ചുവിട്ടു. ഇന്ന് അത്തരം സായുധ വിപ്ലവധാര ഇല്ല; അതിന്റെ ആവശ്യവുമില്ല. രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനുമുള്ള പ്രേരണാസ്രോതസ്സായി ഈ വിപ്ലവധാര മാറിയിരുന്നു. എന്നാല്‍ ചിലര്‍ ഈ യുദ്ധത്തില്‍ നമുക്ക് ചെയ്യാന്‍ ഒന്നുമില്ല; രാഷ്ട്രീയത്തെക്കുറിച്ച് നാം അജ്ഞരാണ്, അതുകൊണ്ട് നാം പങ്കെടുക്കുന്നില്ല എന്ന് ചിന്തിച്ചു. ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ അവബോധം ഇല്ലാത്തതാണ് ഇതിനുകാരണം. കേവലം സൈനികര്‍ മാത്രം യുദ്ധം ചെയ്തിട്ട് കാര്യമില്ല; സാധാരണ പൗരന്മാരും ഒന്നിച്ച് കൂടെ നിന്ന് പൊരുതണം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത രീതിയിലുള്ള ഭരണസംവിധാനം വരുമ്പോള്‍ അവര്‍ അസന്തുഷ്ടരാവും. 1857ലെ സമരത്തിനുശേഷം ഈ അസന്തുഷ്ടി കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങി. അത് സ്വാതന്ത്ര്യസമരത്തിനുള്ള ആയുധമായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നും അനേകം രാഷ്ട്രീയധാരകളുണ്ടായി. ഇന്ന് ഭാരതത്തില്‍ അനേകം രാഷ്ട്രീയസംഘടനകളുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് സ്വാതന്ത്ര്യം നേടണമെന്ന രാഷ്ട്രീയബോധവും ലക്ഷ്യവും ജനങ്ങള്‍ക്കുണ്ടായിരുന്നു. സ്വാതന്ത്ര്യം നാം നേടുകയും ചെയ്തു. ചര്‍ക്ക നമ്മുടെ പാരമ്പര്യമാണ്. എന്നാല്‍ രാജ്യത്തിനുവേണ്ടി ചര്‍ക്ക ചലിപ്പിക്കണമെന്ന് സ്വാതന്ത്ര്യസമരം നമ്മെ പഠിപ്പിച്ചു. രാജ്യത്തിനുവേണ്ടി ജീവിക്കുക, മരിക്കുക, ഓരോ കര്‍മ്മവും രാജ്യത്തിനായി ചെയ്യുക. ഇങ്ങനെ ഒരു അന്തരീക്ഷം നമ്മുടെ രാജ്യത്ത് ഉണ്ടായി. അതിന്റെ ഫലമായി സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളും ലോകത്തിലെ മാറിവന്ന പരിതഃസ്ഥിതികളും സ്വാതന്ത്ര്യലബ്ധിയിലേക്കുള്ള പ്രയാണത്തില്‍ സഹായകമായി. സ്വാതന്ത്ര്യത്തിനായി ഉരുത്തിരിഞ്ഞുവന്ന അന്തരീക്ഷത്തെ അതുപോലെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് സ്ഥിതി വേറെയാകുമായിരുന്നു.
നമ്മുടെ സമാജത്തിന് ചില ന്യൂനതകളുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്, അന്ധവിശ്വാസം നിറഞ്ഞതാണ്. ഇവയൊക്കെ ശരിയാക്കിയെടുക്കണം. അതിനായി പലതരത്തിലുള്ള നവോത്ഥാനശ്രമങ്ങള്‍ ഉണ്ടായി. ചിലത് ഇന്നും നടന്നുകൊണ്ടിരിക്കുന്നു. അതിന്റെയൊക്കെ ഫലമുണ്ടായെങ്കിലും എല്ലാം ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും നവോത്ഥാനശ്രമങ്ങള്‍ നടത്തേണ്ടി വരുന്നു. നാം നമ്മുടെ അസ്തിത്വത്തെ മറന്നിരിക്കുകയാണ്. വീണ്ടും നമ്മുടെ അസ്തിത്വത്തിലേക്ക്, വേരുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ഒരു ചിന്താധാര വ്യക്തമാക്കി. സ്വാമി ദയാനന്ദസരസ്വതി, സ്വാമി വിവേകാനന്ദന്‍ മുതലായവര്‍ സ്വന്തം വേരുകളിലേക്ക് തിരികെ പോകാന്‍ സമാജത്തെ പ്രേരിപ്പിച്ചു. ഭാരതത്തില്‍ ഉടലെടുത്ത നാല് ചിന്താധാരകളും ഭാരതത്തിന് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 78 വര്‍ഷമായി.

സംഘസ്രഷ്ടാവായ ഡോ.ഹെഡ്‌ഗേവാര്‍ ഇവിടെ ഉടലെടുത്ത മൂന്ന് ചിന്താധാരകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെ ജന്മനാ ദേശഭക്തന്‍ എന്നുതന്നെ വിശേഷിപ്പിക്കാം. ദേശഭക്തിയെന്ന തീപ്പൊരി കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹത്തിന്റെയുള്ളിലുണ്ടായിരുന്നു. രാജ്യത്തിനുവേണ്ടി ജീവിക്കണം, മരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. കുട്ടിക്കാലം മുതല്‍ക്കുതന്നെ അനാഥനായ ഹെഡ്‌ഗേവാര്‍, ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നത്. മാതൃരാജ്യത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ ഇതൊന്നും അദ്ദേഹത്തിന് തടസ്സമായില്ല. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ പഠനത്തിലും അദ്ദേഹം മികവ് നിലനിര്‍ത്തി. എപ്പോഴും പഠനത്തില്‍, ആദ്യത്തെ പത്ത് റാങ്കുകളില്‍ ഒന്ന് അദ്ദേഹം നേടുമായിരുന്നു. വന്ദേമാതര ആന്ദോളന്‍ നടന്നപ്പോള്‍, ഡോക്ടര്‍ജി നാഗ്പ്പൂരിലെ എല്ലാ വിദ്യാലയങ്ങളിലും ചെന്ന് പ്രക്ഷോഭത്തിനായി കുട്ടികളെ സംഘടിപ്പിച്ചു. സ്‌കൂള്‍ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഓരോ ക്ലാസ്സിലേയും വിദ്യാര്‍ത്ഥികള്‍ അവരെ സ്വാഗതം ചെയ്തത് വന്ദേമാതരം മുഴക്കിയാണ്. കുപിതരായ ഉദ്യോഗസ്ഥര്‍ എല്ലാ വിദ്യാലയവും അടച്ചിട്ട് ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. നാല് മാസത്തോളം വിദ്യാലയങ്ങള്‍ അടച്ചിട്ടെങ്കിലും ഒന്ന് കണ്ടുപിടിച്ചില്ല. അവസാനം ഉദ്യോഗസ്ഥര്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കി. അതനുസരിച്ച് കുറ്റം ചെയ്തവര്‍ക്ക് ക്ഷമാപണം നടത്താനുള്ള അവസരം ഒരുക്കി. അതനുസരിച്ച് അദ്ധ്യാപകന്‍ വിദ്യാലയത്തിന്റെ ഗേറ്റിനു മുന്നില്‍ വന്ന് നില്‍ക്കും. തെറ്റ് ചെയ്തതായി വിദ്യാര്‍ത്ഥി സമ്മതിക്കുന്നുവെങ്കില്‍ അദ്ധ്യാപകനോട് വിദ്യാര്‍ത്ഥി തലയാട്ടണം. അങ്ങനെ വിദ്യാലയം തുറന്നു. വിദ്യാലയത്തില്‍ നാഗ്പ്പൂരില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അവര്‍ തലയാട്ടാനും തയ്യാറായില്ല. ”ഭാരതവാസികളായ ഞങ്ങള്‍ക്ക്, ഭാരതമാതാവിനെ അപമാനിക്കുന്ന കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. വന്ദേമാതരം പറയുന്നത് നമ്മുടെ അവകാശമാണ്. അതിനാല്‍ മാപ്പപേക്ഷിക്കുകയില്ല.” അവര്‍ പറഞ്ഞു. ആ രണ്ടുപേരില്‍ ഒരാള്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ആയിരുന്നു (അദ്ദേഹം പിന്നീട് ഡോക്ടറായി). പിന്നീട് ഗവണ്‍മെന്റ് സ്‌കൂളില്‍ അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കുകയും ഈ പരിതഃസ്ഥിതിയിലും മെട്രിക്കുലേഷനില്‍ ഫാസ്റ്റ് ക്ലാസ് നേടുകയും ചെയ്തു. ഡോക്ടര്‍ജിയുടെ വിപ്ലവാഗ്നി കണ്ട, നാഗ്പ്പൂരിലെ നേതാക്കള്‍ അദ്ദേഹത്തെ മെഡിക്കല്‍ പഠനത്തിനായി കല്‍ക്കത്തയിലേക്ക് അയച്ചു. വിപ്ലവകാരികളുടെ സംഘടനയായ അനുശീലന്‍ സമിതിയുമായി ബന്ധം സ്ഥാപിക്കുക, ആ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമ ഭാരതത്തിലേക്കും വ്യാപിപ്പിക്കുക എന്നിവയായിരുന്നു മെഡിക്കല്‍ പഠനത്തിന്റെ മറവില്‍ ഡോക്ടര്‍ജിക്കു നല്‍കിയ ഉത്തരവാദിത്തങ്ങള്‍. നിര്‍ദ്ദേശമനുസരിച്ച് കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും സ്വരൂക്കൂട്ടിയ നാണയത്തുട്ടുകള്‍ ശേഖരിച്ച് അദ്ദേഹം കല്‍ക്കത്തയിലേക്കു പോയി. ലോഡ്ജിലൊന്നും സ്ഥലമില്ലാത്തതുകാരണം തന്റെ രണ്ട് സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിയില്‍ മൂന്നാമനായി കയറിപ്പറ്റി. അങ്ങനെ അദ്ദേഹം മെഡിക്കല്‍ പഠനവും ഫസ്റ്റ് ക്ലാസ്സോടെ തന്നെ പൂര്‍ത്തിയാക്കി. പഠനത്തിനിടയില്‍ തന്നെ ക്രാന്തികാരി അനുശീലന്‍ സമിതിയുമായി സമ്പര്‍ക്കവും ഉണ്ടാക്കി. സ്വര്‍ഗ്ഗീയ ത്രൈലോക്യനാഥ് ചക്രവര്‍ത്തി, സ്വര്‍ഗ്ഗീയ രാജ്ബിഹാരി ബസു എന്നിവരുടെ പുസ്തകങ്ങളില്‍ ഇതിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഡോക്ടര്‍ജിയുടെ അന്നത്തെ രഹസ്യനാമം ‘കോകന്‍’ എന്നായിരുന്നു. കോകേന്‍ ചന്ദ് യഥാര്‍ത്ഥത്തില്‍ ചന്ദ്രനഗറില്‍ തന്നെയുള്ള വ്യക്തിയായിരുന്നു. ഡോക്ടര്‍ജി അദ്ദേഹത്തിന്റെ നാമം സ്വീകരിക്കുകയായിരുന്നു. സിഐഡിയ്ക്ക് ഇത് മനസ്സിലായപ്പോള്‍ ഡോക്ടര്‍ജിയെ അറസ്റ്റ് ചെയ്യാന്‍ ചന്ദ്രനഗറില്‍ പോയി എന്നും പ്രചരിച്ചിരുന്നു. പക്ഷേ അനേകം ന്യൂനതകള്‍ കാരണം ഈ വിപ്ലവപ്രക്ഷോഭങ്ങളെല്ലാം പരാജയപ്പെട്ടു. ഇംഗ്ലീഷ് സര്‍ക്കാരിന് വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ പറ്റി. ഇതിനിടയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ജിക്ക് 3000 രൂപ മാസശമ്പളത്തില്‍, ബര്‍മ്മയില്‍ ജോലി തയ്യാറായിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ താന്‍ ജോലി ചെയ്യാനല്ല രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡോക്ടര്‍ജി വ്യക്തമാക്കി. അങ്ങനെ അദ്ദേഹം നാഗ്പ്പൂരിലേക്ക് മടങ്ങിവന്നു.
ഹെഡ്‌ഗേവാറിന്റെ ചാച്ചാജി വിവാഹത്തെ സംബന്ധിച്ച് ചോദിച്ചുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതി. അനുശീലന്‍ സമിതിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ, ‘ഈ ജീവിതത്തില്‍ തനിക്ക് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയല്ലാതെ വേറൊരു കാര്യവും ചെയ്യാനില്ല. ഈ ജന്മം എന്റെ ദേശത്തിനു വേണ്ടിയുള്ളതാണ്. സ്വന്തം സുഖത്തെപ്പറ്റി അടുത്ത ജന്മത്തില്‍ ആലോചിക്കാം എന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. അതുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ്സിന്റെ സമരത്തില്‍ പങ്കാളിയായി. സമരപ്രചരണത്തിനുവേണ്ടി 1920ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പോലീസ് കേസെടുത്തു. ഡോക്ടര്‍ജി ആ കേസിനെ ഒറ്റയ്ക്ക് നേരിട്ടു. തനിക്കായി കേസ് വാദിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞു: ”കോടതിയില്‍ വീണ്ടും എന്റെ പ്രസംഗം ഉണ്ടാവും. പത്രക്കാരൊക്കെ വരികയും ഒരിക്കല്‍ കൂടി എന്റെ ആശയം പ്രചരിക്കുകയും ചെയ്യും.” അങ്ങനെ അദ്ദേഹം പ്രസംഗിക്കുകയും ഒടുവില്‍ വിധി വരികയും ചെയ്തു. ‘ഏത് പ്രസംഗത്തിന്റെ പേരിലാണോ ഈ വ്യക്തിക്കെതിരെ കേസെടുത്തത് അതിലും പ്രകോപനകരമാണ് കോടതിയില്‍ നടത്തിയ പ്രസംഗം’ എന്ന് വിധി പ്രസ്താവിച്ച ജഡ്ജി എഴുതി. ഡോക്ടര്‍ജിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു; ”ഇംഗ്ലീഷുകാര്‍ ഏത് നിയമത്തിന്റെ പേരിലാണ് നമ്മളെ ഭരിക്കുന്നത്? അവര്‍ക്ക് അതിനുള്ള അധികാരം ആരാണ് നല്‍കിയത്? സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും ജന്മസിദ്ധമായ അവകാശമാണ്. ഞാന്‍ ജനങ്ങളോട് ഇത്രമാത്രമേ പറഞ്ഞുള്ളൂ. സ്വാതന്ത്ര്യം നേടാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയല്ലാതെ സര്‍ക്കാരിന് എതിരായി ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ പ്രസംഗം മറാഠിയിലായിരുന്നു. പ്രസംഗം എഴുതിയെടുത്തവര്‍ക്കാകട്ടെ മറാഠി നന്നായി അറിയില്ല. നിങ്ങളുടെ ആരോപണം കള്ളമാണ്. ഈ കോടതിയും നിയമവിരുദ്ധമാണ്. അതിനാല്‍ ഈ നീതിയെയും കോടതിയെയും ജഡ്ജിയെയും ഞാന്‍ അംഗീകരിക്കുന്നില്ല.” ഡോക്ടര്‍ജിക്ക് ഈ കേസില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ കിട്ടി.
(തുടരും)
വിവര്‍ത്തനം: ഡോ.പി.വി.സിന്ധുരവി





















