കേരളത്തിലെ സര്‍വ്വകലാശാലകളില്‍, പ്രത്യേകിച്ച് സംസ്‌കൃത വിഭാഗത്തില്‍, ഡോക്ടറേറ്റ് ആര്‍ക്കു നല്കണം എന്നു തീരുമാനിക്കുന്നത് സര്‍വ്വകലാശാലയല്ല; എകെജി സെന്ററാണ്. ഇതു മനസ്സിലാവാത്തവരോട് ഒന്നേ പറയാനുള്ളു – ഇത് കേരളമാണ് സഖാവേ, ഇടത്പക്ഷം ഭരിക്കുന്ന കേരളം. കഴിഞ്ഞ ഒക്ടോബര്‍ 15 ന് ഓപ്പണ്‍ ഡിഫെന്‍സും കഴിഞ്ഞ് വിപിന്‍ വിജയന്‍ എന്ന കേരള സര്‍വ്വകലാശാലയിലെ എസ്.എഫ്.ഐ നേതാവിന് ഡോക്ടറേറ്റ് നല്‍കാന്‍ ശുപാര്‍ശയും ചെയ്തു കഴിഞ്ഞ ശേഷം അതിന് ഇടങ്കോലിടാന്‍ വരുന്നവരോട് പറയാനുള്ളതും ഇതുതന്നെ. സംസ്‌കൃത വിഭാഗം മേധാവിയായ സി.എന്‍. വിജയകുമാരി പറയുന്നത് വിപിന് സംസ്‌കൃതം വായിക്കാന്‍ അറിയില്ല, സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും ഉത്തരം നല്‍കാന്‍ കഴിവില്ല എന്നാണ്. ഗവേഷണരീതിശാസ്ത്രത്തിലും കണ്ടെത്തലിലും ഗുരുതരമായ പിഴവുണ്ടെന്നും അതിനാല്‍ ഡോക്ടറേറ്റ് നല്‍കാന്‍ പറ്റില്ല എന്നും വി.സി മോഹന്‍ കുന്നുമ്മലിന് അവര്‍ കത്തയച്ചിരിക്കുന്നു. ഇതിനുപിന്നാലെ സേവ് യൂനിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മറ്റിക്കാരും ബഹളം വെച്ചിറങ്ങിയിരിക്കയാണ്.
ഇത് വിജയന്‍ സഖാവ് ഭരിക്കുന്ന കേരളമാണ് എന്ന് ഏതാണ്ട് പത്തു വര്‍ഷമായിട്ടും ഇവര്‍ക്ക് മനസ്സിലായില്ല എന്നുതോന്നുന്നു. സര്‍വ്വകലാശാലയില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിക്കലും ഓപ്പണ്‍ ഡിഫെന്‍സും ഉള്‍പ്പെടെയുള്ള ചട്ടവട്ടങ്ങള്‍ പഴയ ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ ഭാഗമാണ്. അതൊക്കെ പൊളിച്ചെഴുതി ശിവന്‍ കുട്ടിയും ബിന്ദുവും കൂടി പുതിയ രീതി നടപ്പാക്കുകയാണ്. കേരള യൂനിവേഴ്‌സിറ്റി സ്ഥലം കയ്യേറി എന്ന യോഗ്യതയുള്ള ഏകെജി സെന്ററിലാണ് ഡോക്ടറേറ്റ് ആര്‍ക്കു നല്‍കണമെന്ന് തീരുമാനിക്കുക. അതിന്റെ പ്രധാന മാനദണ്ഡം എസ്എഫ്‌ഐയോ ഡിഫിയോ ആണോ എന്നതാണ്. അത് ശരിയാണെങ്കില്‍ മറ്റൊന്നും ബാധകമല്ല. 210 പേജുള്ള തീസിസില്‍ 3000 തെറ്റുള്ള പിഎസ്‌സി അംഗം പ്രിന്‍സി കുര്യാക്കോസിന്റെ ഗവേഷണത്തിനും തെറ്റുകളുടെ കൂമ്പാരമായ ചിന്ത ജോറോമിന്റെ പ്രബന്ധത്തിനും പിഎച്ച്ഡി നല്‍കിയതില്‍ നിന്ന് ഇത് മനസ്സിലായില്ലേ? അതുകൊണ്ട് വിപിന്‍ വിജയന്റെ ഗവേഷണ പ്രബന്ധത്തിനും ഡോക്ടറേറ്റ് നല്‍കാം. ഭാഗ്യം ചട്ടമ്പിസ്വാമികള്‍ ജീവിച്ചിരിപ്പില്ലാത്തത്. ഉണ്ടെങ്കില്‍ ഈ പ്രബന്ധം കണ്ടാല്‍ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനേ!





















