കഴിഞ്ഞ ശിവഗിരിതീര്‍ത്ഥാടന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീനാരായണഗുരുദേവന്‍ ഹിന്ദു സന്ന്യാസി അല്ല എന്നും അദ്ദേഹത്തെ ഹിന്ദു സന്ന്യാസിയാക്കാനുള്ള ശ്രമം നടക്കുന്നു എന്നുള്ള ആരോപണം ഉന്നയിച്ചത്. പക്ഷേ, അന്ന് അതിനെതിരെ ശിവഗിരി മഠമോ ശ്രീനാരായണ പ്രസ്ഥാനങ്ങളോ ശ്രീനാരായണഗുരുദേവനെ കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച പണ്ഡിതശ്രേഷ്ഠരോ കാര്യമായ പ്രതികരണം നടത്തിയില്ല. എന്നുമാത്രമല്ല, മിക്ക പത്രങ്ങളിലും ഇത് പ്രധാന തലക്കെട്ടായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സ്വാഭാവികമായും വിമര്‍ശനത്തിന്റെ കുന്തമുന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ തന്നെയായിരുന്നു. ശ്രീനാരായണഗുരുദേവനെ എല്ലാദിവസവും പ്രാതഃസ്മരണയില്‍ ഉള്‍പ്പെടുത്തി, സനാതനധര്‍മ്മത്തിന്റെ എല്ലാദിവസവും ഓര്‍മ്മിക്കേണ്ട, ഓര്‍മ്മിക്കുന്ന, പ്രതീകമായി മാറ്റിയ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രീനാരായണഗുരുദേവനെ ഹിന്ദു സന്ന്യാസി ആക്കി മാറ്റാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പിണറായി വിജയന്റെ ആരോപണം.
ശ്രീനാരായണ ഗുരു സനാതനധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ലെന്നും ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത പുതിയ കാലത്തിനായുള്ള നവയുഗധര്‍മ്മത്തെ വിളംബരം ചെയ്ത സന്ന്യാസി ആയിരുന്നുവെന്നുമാണ് പിണറായി പറഞ്ഞത്. വര്‍ണാശ്രമധര്‍മ്മത്തെ വെല്ലുവിളിച്ചും മറികടന്നും കാലത്തിനൊത്ത് നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവികധര്‍മ്മം എന്നും അദ്ദേഹം പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിയില്‍ രൂപപ്പെട്ടുവന്ന സനാതനധര്‍മ്മത്തിന്റെ വക്താവാകുമെന്ന് പിണറായി ചോദിച്ചു. മതങ്ങള്‍ നിര്‍വചിച്ചു വെച്ചതൊന്നുമല്ല ഗുരുവിന്റെ ധര്‍മ്മം. അതിനെ സനാതനധര്‍മ്മത്തിന്റെ ചട്ടക്കൂട്ടിലാക്കാന്‍ ശ്രമിച്ചാല്‍ വലിയ ഗുരുനിന്ദയാകും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചാതുര്‍വര്‍ണ്യപ്രകാരമുള്ള വര്‍ണാശ്രമധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചത് കുലത്തൊഴിലിനെയാണ്. ഗുരു കുലത്തൊഴില്‍ ധിക്കരിക്കാന്‍ ആഹ്വാനം ചെയ്തു. ആ ഗുരു എങ്ങനെ സനാതനധര്‍മ്മത്തിന്റെ വക്താവാകും എന്നും പിണറായി ചോദിച്ചു.
ഗുരുവിന്റെ കൃതികളിലേക്ക് പോകുംമുമ്പ് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു വിലയിരുത്തല്‍ അനിവാര്യമാണ്. മരുത്വാമലയിലും അരുവിപ്പുറത്തും തപസ്സനുഷ്ഠിച്ചാണ് ശ്രീനാരായണഗുരുദേവന്‍ യോഗിയായി മാറിയത്. അതിനുശേഷം അരുവിപ്പുറത്ത് നടത്തിയത് ശിവലിംഗ പ്രതിഷ്ഠയായിരുന്നു. ഗുരുദേവന്‍ ആലുവയില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ പേര് അദ്വൈതാശ്രമം എന്നായിരുന്നു. അരുവിപ്പുറം മുതല്‍ ഉല്ലല വരെ 42 ക്ഷേത്രങ്ങളില്‍ അദ്ദേഹം പ്രതിഷ്ഠ നടത്തി. ഈ പ്രതിഷ്ഠകള്‍ മുഴുവന്‍ ഹിന്ദു ദേവീദേവന്മാരുടേതാണ്. ഒരിടത്തും അദ്ദേഹം സര്‍വ്വമത പ്രതിഷ്ഠ നടത്തിയിട്ടില്ല. പലരും പ്രചരിപ്പിക്കുന്നത് കണ്ണാടിപ്രതിഷ്ഠ നടത്തിയെന്നാണ്. കണ്ണാടിയെ അടിസ്ഥാനമാക്കി അതില്‍ ഓങ്കാരം ആണ് ഗുരുദേവന്‍ പ്രതിഷ്ഠിച്ചത്. മുപ്പതോളം സ്തോത്രകൃതികള്‍ ആണ് ഗുരുദേവന്‍ രചിച്ചിട്ടുള്ളത്. അവയെല്ലാം ഗണപതി, മുരുകന്‍, ശിവന്‍, ദേവി, കാളി തുടങ്ങിയ ഹിന്ദു ദേവീദേവന്മാരെ കുറിച്ചാണ്. ഗുരുദേവന്‍ 15 തത്വജ്ഞാന കൃതികളാണ് രചിച്ചിട്ടുള്ളത്. അവയില്‍ എല്ലാംതന്നെ പ്രതിപാദിക്കുന്നത് സനാതന ധര്‍മ്മവും അദ്വൈതവും വേദവേദാന്തങ്ങളും ഉപനിഷത്തുകളുമാണ്. ഗുരുദേവന്‍ ശിവഗിരിയില്‍ സ്ഥാപിച്ച മതപാഠശാലയുടെ പേര് ബ്രഹ്മവിദ്യാലയം എന്നാണ്. ഭാരതീയ-സനാതനധര്‍മ്മ സന്ന്യാസിമാരുടെ പാരമ്പര്യമനുസരിച്ച് ഗുരു ധാരാളം ശിഷ്യന്മാര്‍ക്ക് സന്ന്യാസ ദീക്ഷനല്‍കി. ശ്രീനാരായണഗുരുദേവന്‍ സമാധിയിലാകുംമുമ്പ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശ്രീ വിദ്യാനന്ദസ്വാമി പാരായണം ചെയ്തത് യോഗവാസിഷ്ഠത്തിലെ ജീവന്‍ മുക്തി പ്രകരണമായിരുന്നു. അത് കേട്ടുകൊണ്ടാണ് ഗുരുദേവന്‍ സമാധിയായത്.
ഈ ജീവിതപര്‍വ്വത്തില്‍ എവിടെയാണ് സനാതനധര്‍മ്മത്തിനും ഹിന്ദുസംസ്‌കാരത്തിനും ആര്‍ഷസംസ്‌കൃതിക്കും വിരുദ്ധമായ അല്ലെങ്കില്‍ അതില്‍ നിന്ന് വേറിട്ട എന്തെങ്കിലും ഒരു സംഭവമുള്ളത്. ഇക്കാര്യം അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അത് സംഘപരിവാര്‍ ഭാഗത്തുനിന്ന് ആയതുകൊണ്ട് അവര്‍ പ്രതികരിച്ചില്ല. അതുകൊണ്ടുതന്നെ അത് വാര്‍ത്തയുമായില്ല. പക്ഷേ, കഴിഞ്ഞ ദിവസം മാര്‍ഗദര്‍ശക മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സന്ന്യാസിമാരുടെ ധര്‍മ്മരക്ഷായാത്രയുടെ സമാപന ചടങ്ങില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് ശിവഗിരി മഠാധിപതിയും ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ കൃത്യമായ മറുപടി പറഞ്ഞു. ഈ മറുപടി വളരെ വ്യക്തവും ശക്തവുമായിരുന്നു. പക്ഷേ, പണ്ട് പിണറായി പറഞ്ഞപ്പോള്‍ മുഖ്യതലക്കെട്ട് ആക്കിയ മാധ്യമങ്ങള്‍ ഒന്നും തന്നെ ഇക്കാര്യം മുഖ്യ തലക്കെട്ട് ആക്കുകയോ കാര്യമായ വാര്‍ത്തയാക്കുകയോ ചെയ്തില്ല. അന്ന് മുഖ്യമന്ത്രി പറഞ്ഞത് മറന്നതാണോ സ്വാമി സച്ചിദാനന്ദ പറഞ്ഞത് മനസ്സിലാകാത്തത് ആണോ കാര്യം എന്ന് അറിയില്ല. പക്ഷേ, ഇത് കേരളം മാത്രമല്ല ശ്രീനാരായണ ഗുരുദേവനെ അറിയുന്നവര്‍ മുഴുവനും ചര്‍ച്ചയാക്കേണ്ട, മനസ്സിലാക്കേണ്ട, ചിന്തിക്കേണ്ട, ഉള്ളുകൊണ്ട് അറിയേണ്ട മറുപടിയാണ്. പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞില്ലെങ്കില്‍ പോലും ഹിന്ദു സന്ന്യാസി അല്ല ഗുരുദേവന്‍ എന്ന് പറഞ്ഞത് പിണറായി മാത്രം ആയതുകൊണ്ട് ശിവഗിരി മഠത്തില്‍ നിന്ന് ഔദ്യോഗികമായി തന്നെ അധ്യക്ഷന്‍ പ്രതികരിക്കുമ്പോള്‍ അതൊരു വാര്‍ത്താപ്രാധാന്യമുണ്ട്.
സന്ന്യാസി സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിലാണ് ഗുരുദേവന്റെ ദര്‍ശനം എന്തായിരുന്നു എന്നും അദ്ദേഹത്തിന്റെ മതസങ്കല്പം എന്തായിരുന്നുവെന്നും മതപരിവര്‍ത്തനത്തോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്തായിരുന്നു എന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കിയത്. ശ്രീനാരായണ ഗുരുദേവന്‍ ഹിന്ദുസന്ന്യാസി ആയിരുന്നു എന്നകാര്യം യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാതെ അടിവരയിട്ട് പറഞ്ഞു സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ച ഏറ്റവും പ്രധാനപ്പെട്ട തത്വം ശുദ്ധ ഹിന്ദുമത തത്വങ്ങള്‍ പ്രചരിപ്പിക്കണമെന്നാണ്. അത് സനാതന ധര്‍മ്മമാണ്. 1924 ആലുവയില്‍ സര്‍വ്വമത സമ്മേളനം സംഘടിപ്പിച്ച് ഗുരുദേവന്‍ പറഞ്ഞത് മതപരിവര്‍ത്തനം ആവശ്യമില്ലെന്നാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണ്. മതം ഏതുമാകട്ടെ മനുഷ്യന്‍ നന്നായാല്‍ മതി. അതുകൊണ്ട് ആരും ആരെയും മാറ്റാനും മറിക്കാനും നില്‍ക്കേണ്ടതില്ല. ഓരോരുത്തരും നില്‍ക്കുന്നിടത്ത് തന്നെ നിന്നാല്‍ മതി. മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ഗുരു പറഞ്ഞു. അത് ലക്ഷീകരിച്ചു കൊണ്ടാണ് ഗുരുദേവന്‍ ആലുവയില്‍ സര്‍വമത സമ്മേളനം നടത്തിയത് എന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
1927ല്‍ ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തിയില്‍ എസ്എന്‍ഡിപി വാര്‍ഷികത്തില്‍ പങ്കെടുത്തുകൊണ്ട് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് ഗുരു ഉപദേശിച്ചു. ഹിന്ദുമതം ഒരു സനാതനമായ മതമാകുന്നു. മതപരിവര്‍ത്തനം കൂടിയേ തീരു എന്ന നിര്‍ബന്ധമുണ്ടെങ്കില്‍ ഈ സനാതന ധര്‍മ്മത്തിലേക്ക് മതം മാറിക്കൊള്ളുക -എന്നായിരുന്നു ഗുരുദേവന്‍ പറഞ്ഞത്. ഈ സന്ദേശം പ്രൊഫ. എം കെ സാനു ഉള്‍പ്പെടെ എഴുതിയ ഗുരുദേവ ജീവചരിത്ര ഗ്രന്ഥങ്ങളില്‍ എല്ലാം നമുക്ക് വായിക്കാന്‍ സാധിക്കുമെന്നും സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി. ഏറ്റവും പഴക്കം ചെന്ന മഹിതമായ സംസ്‌കാരമാണ് സനാതന ധര്‍മ്മം. എന്നും പുതുമയാര്‍ന്ന ധര്‍മ്മവുമാണിത്. എന്നാല്‍ പില്‍ക്കാലത്ത് ജാതി ഭേദ വിപത്തുകള്‍ ഉണ്ടായി സനാതനധര്‍മ്മം ശോഷിച്ചു. അതുകൊണ്ട് നമ്മുടെ സമാജത്തെ എന്താണ് ധര്‍മ്മം എന്താണ് അധര്‍മ്മം എങ്ങനെ നാം ജീവിച്ചു മുന്നോട്ടു പോകണം സംഘടിച്ച് ശക്തി നേടണം എന്നെല്ലാം ഗുരുദേവന്‍ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ച് നമുക്ക് ഒന്നായി മുന്നോട്ടുപോകാന്‍ സാധിക്കണം അതിനു വിഘാതമായ ജാതിഭേദങ്ങള്‍ ഒഴിവാക്കണം. ക്ഷേത്രങ്ങളോട് ചേര്‍ന്ന് പുരോഗതി ഉണ്ടാക്കുന്ന സംരംഭങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്വാമി സച്ചിദാനന്ദയുടെ ഈ പ്രഭാഷണം വേണ്ട രീതിയില്‍ പ്രചാരം കൊടുക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുകയായിരുന്നു. ഋഷിയായ ശ്രീനാരായണഗുരുദേവനെ ഹിന്ദുവിരുദ്ധനാക്കാനും ഹിന്ദുവല്ലാതാക്കാനും ഗുരുദേവന്‍ ശക്തമായ നിലപാട് എടുത്തിരുന്ന മതപരിവര്‍ത്തനത്തിനെതിരായ അദ്ദേഹത്തിന്റെ ശ്രമങ്ങളെ മറച്ചു പിടിക്കാനുള്ള തന്ത്രപൂര്‍വ്വമായ ശ്രമങ്ങളും ഇതിന്റെ ഭാഗമായിരുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനശ്രമങ്ങള്‍ക്ക് അബ്രഹാമിക് മതങ്ങള്‍ ലക്ഷ്യമിടുന്നത് ഈഴവ സമുദായത്തെയും മറ്റ് ഉയര്‍ന്ന സമുദായങ്ങളെയും ആണ്. എല്ലാ മതങ്ങളിലും ഉള്ള സാരാംശം ഒന്നുതന്നെയാണെന്നും മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ആര്‍ക്കെങ്കിലും പരിവര്‍ത്തനം നടത്തണമെന്നുണ്ടെങ്കില്‍ അത് സനാതനധര്‍മ്മത്തിലേക്ക് ആകണമെന്നും പറഞ്ഞ ഗുരുദേവന്റെ വാക്കുകളെ വികലമാക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചിരുന്നത്. സ്വാമി സച്ചിദാനന്ദയുടെ വാക്കുകളിലൂടെ ഇതിന് അറുതി വരുമെന്ന് പ്രതീക്ഷിക്കാം. ഒരുപക്ഷേ, ധര്‍മ്മസന്ദേശയാത്രയുടെ ഹിന്ദു നവോത്ഥാന ലക്ഷ്യത്തിനും അപ്പുറത്തുള്ള ഒരു വന്‍ നേട്ടമായി സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണവും വിശദീകരണവും മാറി. ഇനിയെങ്കിലും ശ്രീനാരായണഗുരുദേവന്‍ ഹിന്ദു സന്ന്യാസി ആയിരുന്നില്ല എന്ന പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മറ്റാരും തന്നെ വരുമെന്ന് തോന്നുന്നില്ല. സന്ന്യാസി യാത്രയോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമായിരുന്നു. ധര്‍മ്മസന്ദേശയാത്രയുടെ സമാപനത്തിനായി വളരെ നേരത്തെ തന്നെ സംഘാടകര്‍ പണമടച്ചു ബുക്ക് ചെയ്തിരുന്ന പുത്തരിക്കണ്ടം മൈതാനം നഗരസഭ അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. അടുത്തദിവസം ആരംഭിക്കുന്ന സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ പ്രധാന അടുക്കള പുത്തരിക്കണ്ടത്ത് ആണെന്ന കാരണം പറഞ്ഞാണ് മൈതാനം നിഷേധിച്ചത്. പുത്തരിക്കണ്ടത്തിന്റെ മുന്‍ഭാഗത്തുള്ള നായനാര്‍ പാര്‍ക്ക് പോലും വിട്ടു നല്‍കിയില്ല. അതേസമയം തന്നെ ഒരു സ്വകാര്യ സംഘടനയുടെ ഗാനമേളയ്ക്കായി ഇത് വിട്ടു നല്‍കുകയും ചെയ്തു. സമാപന സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ആളുകളുടെ സംഖ്യ ഇതുമൂലം വെട്ടിക്കുറക്കേണ്ടി വന്നു. പലഭാഗത്തുനിന്നും വണ്ടി ബുക്ക് ചെയ്തത് റദ്ദാക്കാനും ആളുകള്‍ വരുന്നത് ഒഴിവാക്കേണ്ടി വന്നതും ഇത് കാരണം തന്നെയാണ്.
ധര്‍മ്മസന്ദേശയാത്രയുടെ സമാപനത്തില്‍ സ്വാമി ചിദാനന്ദപുരി ആണ് ധര്‍മ്മസന്ദേശം നല്‍കിയത്. കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്ന കൊള്ളയുടെ യഥാതഥമായ ചിത്രം സ്വാമി ചിദാനന്ദപുരി വരച്ചുകാട്ടി. സംസ്ഥാന സര്‍ക്കാരിന് പോലും ഉടമസ്ഥാവകാശം ഇല്ലാത്ത ക്ഷേത്രഭൂമി പൊതുകാര്യത്തിനും മറ്റ് ആളുകള്‍ക്കും പതിച്ചു കൊടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ഓരോ ക്ഷേത്രത്തിന്റെയും സ്വത്തുക്കളും ഭൂമിയും മടക്കിയെടുക്കാനും അത് ക്ഷേത്രങ്ങളില്‍ നിക്ഷിപ്തമാക്കാനും ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളുടെ സ്വത്തുക്കളും സ്വര്‍ണവും മറ്റും വന്‍തോതില്‍ കവരുകയും രാഷ്ട്രീയക്കാര്‍ ദുരുപയോഗം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലെ നിലവിലുള്ള ഓഡിറ്റ് സംവിധാനത്തെ സ്വാമിജി ചോദ്യംചെയ്തു. കഴിഞ്ഞ 40 വര്‍ഷമായി ഓഡിറ്റ് നടക്കാത്ത ക്ഷേത്രങ്ങള്‍/ബോര്‍ഡുകള്‍ കേരളത്തില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വേണം. അത് ചെയ്യാത്ത ബോര്‍ഡ് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചിയില്‍ പണം ഇടരുത്. സര്‍ക്കാര്‍ ഓഡിറ്റിന് പുറമേ സോഷ്യല്‍ ഓഡിറ്റും ഉണ്ടാകണം. അതുകൂടി നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒരിക്കലും സ്വര്‍ണം ചെമ്പാകില്ല. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകാത്ത ഒരു സമൂഹത്തിനും ജനതയ്ക്കും നിലനില്‍പ്പില്ലെന്ന് സ്വാമി ചിദാനന്ദപുരി ഓര്‍മിപ്പിച്ചു. സ്‌നേഹം കൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. നമ്മുടെ ധര്‍മ്മത്തില്‍ നിന്ന് പല കാരണങ്ങളാല്‍ വഴുതിപ്പോകുന്നവരെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കാനും സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറാനും അദ്ദേഹം ഉപദേശിച്ചു. ക്ഷേത്രങ്ങളുടെ ചുറ്റും ഉയര്‍ന്നുവരുന്ന ഇതര മതസ്ഥരുടെ വ്യാപാരസ്ഥാപനങ്ങള്‍ ഭക്ഷണത്തിന്റെയും പൂജാ ദ്രവ്യങ്ങളുടെയും ശുദ്ധിയെയും വിശുദ്ധിയെയും ബാധിക്കുന്നുണ്ട് എന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹിന്ദുക്കള്‍ വീണ്ടും കേരളത്തിലെ സാമ്പത്തികശക്തി ആകാനും സ്വന്തം കാലില്‍ ഉറച്ചുനിന്നുകൊണ്ട് വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ധര്‍മ്മ സന്ദേശയാത്ര ഒരു പുതിയ തുടക്കമാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും തുടക്കം.
കേരളത്തിലെ മുഴുവന്‍ സന്ന്യാസി ശ്രേഷ്ഠന്മാരും മഠങ്ങളും ആശ്രമങ്ങളും ഉള്‍പ്പെട്ട ഒരു പുതിയ ധാര്‍മിക നേതൃനിര ഉയരുകയാണ്. ജാതി വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പഴയ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ സ്വത്വവും സ്വത്തും സംസ്‌കാരവും ധര്‍മ്മവും സംരക്ഷിക്കാനുള്ള ഒരു പുതിയ മുന്നേറ്റം. നിലപാട് വ്യക്തമാണ്, സമര്‍ത്ഥരാമദാസും രാജര്‍ഷിമാരും ഋഷിവര്യന്മാരും കാട്ടിയ പാതയിലൂടെ ധാര്‍മിക നേതൃത്വത്തിന്റെ പിന്നില്‍ മുഴുവന്‍ ഹൈന്ദവരും അണിനിരക്കുന്ന ഒരു പുതിയ വഴിത്തിരിവ്. കേരളത്തില്‍ വീണ്ടും സാമ്പത്തികശക്തിയാകാനും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഹിന്ദു സമൂഹത്തിന്റെ ഉജ്വല പ്രയാണത്തിന്റെ തുടക്കം.






















