ഇംഗ്ലീഷ് കവിയായിരുന്ന ജോണ്‍ കീറ്റ്‌സ് തീരെ ചെറുപ്രായത്തിലേ ക്ഷയരോഗബാധയാല്‍ മരിച്ചു പോയി. 1821ല്‍ അദ്ദേഹം മരിക്കുമ്പോള്‍ വെറും 26 വയസ്സായിരുന്നു പ്രായം. ക്ഷയരോഗമാണ് ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നതെങ്കിലും കവിയോട് ആരാധകര്‍ക്കുണ്ടായിരുന്ന ഇഷ്ടംമൂലം രണ്ടു കഥകള്‍ മരണത്തോടുബന്ധിപ്പിച്ചു പ്രചരിക്കുകയുണ്ടായി. അതിലൊന്ന് ക്ഷയരോഗബാധിതനാണെന്നറിഞ്ഞതോടെ കാമുകിയായിരുന്ന ഫാനിബ്രാണ്‍ (Fanny Brawne) ഉപേക്ഷിച്ചു പോയതിലെ മനോവേദന കൊണ്ടു മരിച്ചു എന്നായിരുന്നു. അതില്‍ ഭാഗികമായ ചില സത്യങ്ങളുണ്ട്. കാമുകിയുടെ പെട്ടെന്നുള്ള ഉപേക്ഷിച്ചു പോകല്‍ കീറ്റ്‌സിനെ ഒരുപാടു വേദനിപ്പിച്ചുവെന്നതു സത്യം. അതുസ്വാഭാവികമായും രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കുന്നതിനു കാരണമായിട്ടുണ്ടാവാം. പക്ഷേ അതുകൊണ്ടാണ് കവി മരിച്ചതെന്നു പറയുന്നതിലര്‍ത്ഥമില്ല. ഫാനി അടുത്തുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ രക്ഷിച്ചെടുക്കാനാകുമായിരുന്നില്ല. അത്രയ്ക്കു വഷളായിക്കഴിഞ്ഞിരുന്നു രോഗം. ആന്റിബയോട്ടിക്കുകള്‍ വികസിപ്പിച്ചെടുത്തിട്ടില്ലാത്ത ആ കാലഘട്ടത്തില്‍ ക്ഷയം ബാധിച്ചാല്‍ രക്ഷപ്പെടുക ഏറെക്കുറെ അസാധ്യമായിരുന്നു. ഏകദേശം ഒരു നൂറ്റാണ്ടും രണ്ടു ദശകവും കഴിഞ്ഞശേഷവും നമ്മുടെ പ്രിയകവിയായിരുന്ന ചങ്ങമ്പുഴയ്ക്കും ഇതേ രോഗത്തിന് കീഴടങ്ങേണ്ടി വന്നു.
കീറ്റ്‌സിന്റെ മരണത്തെക്കുറിച്ചുളള മറ്റൊരു പ്രവാദം അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ എന്‍ഡിമിയോണി (Endymion) നെക്കുറിച്ചു വന്ന ഖണ്ഡന വിമര്‍ശനങ്ങളാണ് മരണത്തിനു കാരണമായതെന്നാണ്. അക്കാലത്ത് Blackwood’s Magazine, Quarterly Review എന്നിവയില്‍ വളരെ വിപരീതമായ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതുകവിയെ വളരെ വേദനിപ്പിക്കുകയും ചെയ്തു. പക്ഷേ മരണകാരണം അതാണെന്നു പറയുന്നതിലര്‍ത്ഥമില്ല. എന്നാല്‍ പില്‍ക്കാലത്ത് ലോര്‍ഡ് ബൈറണ്‍, ഷെല്ലി എന്നീ കവികള്‍ ഇക്കഥയെ കാവ്യാത്മകമായിത്തന്നെ പ്രചരിപ്പിച്ചു. ബൈറന്‍ എഴുതി ”Who killed John Keats ‘I’ says the Quarterly So savage Tartarly Twas one of my feats” ഇതുപോലെ ഷെല്ലിയും ഇതേകാര്യം തന്നെ പ്രചരിപ്പിച്ചു. I have dipped my pen in consuming fire to chastise the murderers of Keats. എന്ന് ഷെല്ലിയും എഴുതി. കീറ്റ്‌സിനോടുള്ള സ്‌നേഹത്തെക്കാളുപരി രണ്ടു കവികള്‍ക്കും വിമര്‍ശകരായ പത്രാധിപന്മാരോടുള്ള ദേഷ്യമായിരുന്നു ഇങ്ങനെ പ്രചരിപ്പിക്കാന്‍ ഇടവരുത്തിയത്.
ലോക പ്രശസ്ത ചെറുകഥാകൃത്തും കവിയുമായിരുന്ന എഡ്ഗാര്‍ അലര്‍പോയ്ക്കും പത്രാധിപന്മാരുമായുണ്ടായിരുന്ന ശത്രുതയെക്കുറിച്ച് സാഹിത്യ ലോകത്ത് ചില കഥകളുണ്ട്. അക്കാലത്ത് അമേരിക്കയില്‍ പ്രശസ്തമായിരുന്ന ഗ്രഹാംസ് മാഗസിനില്‍ പോയുടെ 1842ലെ കവിതാ സമാഹാരത്തെക്കുറിച്ചു വന്ന ഖണ്ഡന വിമര്‍ശനം അദ്ദേഹത്തെ അലോസരപ്പെടുത്തി. മാത്രവുമല്ല ആ മാസികയുടെ പത്രാധിപസ്ഥാനത്തുനിന്നും അലന്‍പോയെ മാറ്റി പകരം Rufus Griswold ആ സ്ഥാനത്തു വന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. രണ്ടുപേരും തമ്മിലുള്ള ശത്രുത മരണം വരെ നീണ്ടുനിന്നു. മരിച്ചതിനു ശേഷവും എഡ്ഗാര്‍ അലന്‍പോയെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ ഗ്രിസ് വോള്‍ഡ് പലതും ചെയ്തു. പോ മദ്യപാനിയും ഭ്രാന്തനും നെറികെട്ടവനുമാണെന്നുവരെ അയാള്‍ എഴുതി. ‘Ludwig’ എന്ന കള്ളപ്പേരില്‍ പോയ്‌ക്കെതിരെ വീണ്ടും ഈ പത്രാധിപര്‍ അധിക്ഷേപങ്ങള്‍ അനവധി നടത്തിയത്രേ!
കേരളത്തിലും പത്രാധിപന്മാരുടെ മോശം പരിഗണനകളെക്കുറിച്ചും ഉദാരമതികളായ ചില പത്രാധിപന്മാരെക്കുറിച്ചും അനവധി കഥകളുണ്ട്. എന്‍.വി. കൃഷ്ണവാര്യര്‍, എം.ടി. വാസുദേവന്‍ നായര്‍, കൗമുദി ബാലകൃഷ്ണന്‍, എസ്.കെ. നായര്‍ തുടങ്ങിയവരെ വലിയ ഉദാരമതികളായ പത്രാധിപന്മാരായി പലരും വാഴ്ത്തുമ്പോള്‍ മറ്റു ചിലരെക്കുറിച്ച് വലിയ പരാതികളും പറഞ്ഞുകേട്ടിട്ടുണ്ട്. ഇക്കൂട്ടത്തില്‍ കേരളം നന്ദിയോടെ സ്മരിക്കേണ്ട, എന്നാല്‍ മറന്നു കളഞ്ഞ ഒരു പേരാണ് മലയാളനാട് വാരികയുടെ പത്രാധിപരും ഉടമയുമായിരുന്ന എസ്.കെ.നായരുടേത്. കേരളത്തില്‍ എഴുത്തുകാരുടെ സുവര്‍ണകാലമായിരുന്നു എസ്.കെയുടെയും മലയാളനാടിന്റേയും കാലം. അക്കാലത്ത് അനവധി എഴുത്തുകാരെ ഈ പത്രാധിപര്‍ വളര്‍ത്തിയെടുത്തു. എഴുത്തുകാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത പ്രതിഫലം അദ്ദേഹം നല്‍കി. എല്ലാക്കാലത്തേയ്ക്കും ചില്ലിട്ടു സൂക്ഷിക്കേണ്ടതാണ് എസ്.കെ.നായര്‍ എന്ന പത്രാധിപരുടെ ചിത്രം. എന്നാല്‍ ഇന്ന് മലയാളനാടും എസ്.കെയുമെല്ലാം മറവിയില്‍പ്പെട്ടു പോയിരിക്കുന്നു.
ഭാഷാപോഷിണി ഒക്ടോബര്‍ ലക്കത്തില്‍ വി.ദിലീപ് എഴുതിയിരിക്കുന്ന കഥ ‘ഇനി ഞാന്‍ എന്തു ചെയ്യണം’ (നിങ്ങള്‍ പറയും പോലെ’) എന്ന ദീര്‍ഘമായ തലക്കെട്ടുള്ള കഥ ഒരു പത്രാധിപരും കവിയും തമ്മിലുള്ള ശത്രുതയുടെ വൃത്താന്തമാണ് പറഞ്ഞുപോകുന്നത്. എന്നാല്‍ അതൊരു പ്രധാന ഇതിവൃത്തമാണെന്നു തോന്നുന്നില്ല. മൊത്തത്തില്‍ ഒരു കഥയില്ലായ്മ അനുഭവപ്പെടുന്നുണ്ട് വായിച്ചാല്‍.
കവികള്‍ക്കു ചില സ്വാതന്ത്ര്യങ്ങള്‍ സമൂഹം വകവച്ചു കൊടുത്തിട്ടുണ്ട്. അതില്‍ ആദ്യത്തേത് ക്രിയേറ്റീവ് ലൈസന്‍സ് ആണ് (creative license). കവിയ്ക്കു അവശ്യം വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലുള്ള വ്യാകരണ നിയമങ്ങളെ ഉല്ലംഘിക്കാനും പുതിയവ സൃഷ്ടിക്കാനും അവകാശമുണ്ട്. ഒരു പുതിയ പദം സൃഷ്ടി ക്കാനും പഴയ പദങ്ങളില്‍ത്തന്നെ വേണ്ടിവന്നാല്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി പ്രയോഗിക്കാനും കവിക്ക് അവകാശമുണ്ട്. കവിയുടെ അറിവില്ലായ്മ കൊണ്ടു വരുത്തുന്ന തെറ്റുകളെ ഈ നിയമം ഉപയോഗിച്ച് വ്യാഖ്യാനിച്ചു ശരിയാക്കാനാവില്ല എന്നതും എടുത്തു പറയേണ്ടതാണ്. മലയാളത്തിലൊരു കവി സുകൃതം എന്നതിനെ തെറ്റിച്ച് സുഹൃദം എന്നു പ്രയോഗിക്കുകയും അതു ചിലര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ പുതിയ ഒരുപദം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ വരിയില്‍ അങ്ങനെയൊരു വാക്കിന് ഒരുതരത്തിലും അര്‍ത്ഥപൂര്‍ത്തിയുണ്ടാക്കാനാവുമായിരുന്നില്ല. അത്തരം വികട സരസ്വ തിയെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
ആല്‍ഫ്രെഡ് ടെന്നിസന്‍ (Alfred Tennison) അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിത Ulyssesല്‍ ഒരിടത്ത് I am become a name എന്നു പ്രയോഗിച്ചിട്ടുണ്ട്. വ്യാകരണ നിയമപ്രകാരം I have become a name എന്നേ എഴുതാനാവൂ. കവി അറിഞ്ഞുകൊണ്ടുതന്നെ ആ വ്യാകരണ നിയമത്തെ കവിതയുടെ സൗന്ദര്യത്തിനായി ലംഘിക്കുന്നു. നൊബേല്‍ ജേതാവായ ബോബ് ഡീലന്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനത്തില്‍ lie lady lie എന്നതിനുപകരം lay lady lay എന്നു പ്രയോഗിച്ചത് പലരുടേയും നെറ്റിചുളിയാന്‍ ഇടയാക്കി. ഗാനത്തില്‍ വ്യജ്ഞനപ്രാസം (Allileration)- ഉല്പാദിപ്പിക്കാന്‍ അദ്ദേഹം ബോധപൂര്‍വ്വം വരുത്തിയ മാറ്റമായിരുന്നു അത്. thee, thy, thou ഒക്കെ പ്രയോഗിക്കുമ്പോള്‍ ഷേക്‌സ്പിയര്‍ പലപ്പോഴും നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതു കാണാം. വിഖ്യാത നോവലിസ്റ്റായ ജെയ്ന്‍ ഓസ്റ്റിന്‍ (Jane Austin) ‘I don’t not want to go’ എന്നിങ്ങനെ ഡബിള്‍ നെഗറ്റീവ് പ്രയോഗിച്ചിട്ടുണ്ട്. അര്‍ത്ഥം I want to go എന്നാണ്. ഓസ്റ്റിന്റെ പ്രശസ്ത നോവലായ Mans field park ല്‍ പലയിടത്തും ഏകവചനമായി they ഉപയോഗിക്കുന്നതുകാണാം.
ആശാന്‍ കവിതകളില്‍ പലയിടത്തും ദൂരാന്വയം പോലുള്ള ദോഷങ്ങള്‍ ചില നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നതു വായിച്ചിട്ടുണ്ട്. ”ഓതി നീണ്ട ജഡയും നഖങ്ങളും ഭൂതിയും ചിരതപസ്വിയെന്നതും” എന്ന് നളിനിയില്‍ പ്രയോഗിച്ചിരിക്കുന്നതു കണ്ടാല്‍ ഓതിയതുകൊണ്ടാണ് ജഡയും നഖങ്ങളും ഭൂതിയും നീണ്ടുപോയതെന്നു ചിലര്‍ക്കെങ്കിലും തോന്നിപ്പോകും ‘നീണ്ട ജഡയും നഖങ്ങളും ഭൂതിയും ഓതി’ എന്നതാണ് വരിയുടെ ശരിയായ അന്വയം. ഇത് ആശാന്‍ അറിവില്ലായ്മകൊണ്ടോ കഴിവില്ലായ്മ കൊണ്ടോ വരുത്തിയ സ്ഖലിതമല്ല. മറിച്ച് കവിതയുടെ ഭംഗിക്കുവേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. വൃത്തത്തില്‍ ഇത്തരം പൊടിക്കൈകള്‍ ചങ്ങമ്പുഴ പലയിടത്തും പ്രയോഗിക്കുന്നതു കാണാം. കുഞ്ചന്‍നമ്പ്യാര്‍ പ്രയോഗിച്ച ചില പദങ്ങള്‍ അതിനു മുന്‍പുള്ള മലയാളത്തില്‍ കാണാനേയില്ല. അവ അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടികളാവാനാണു സാധ്യത. വല്ലന്തി = വല്ലായ്മ, ആപത്ത്; യന്ത്രി = സൂത്രശാലി, അല്പന്‍, ഭോഷന്‍; മാറ്റി = അല്പന്‍, മൂഢന്‍ തുടങ്ങിയ പല പദങ്ങളും നമ്പ്യാര്‍ക്കു മുന്‍പുള്ള മലയാളത്തില്‍ കാണാന്‍ സാധ്യതയില്ല. ഇവ അദ്ദേഹത്തിന്റെ സ്വന്തമോ, നാട്ടുവഴക്കത്തില്‍ നിന്നും കവി സ്വീകരിച്ചതോ ആകാം.
ഭാഷാപോഷിണിയില്‍ ‘മൃത്യുഞ്ജയ’ എന്ന കവിതയെഴുതിയിരിക്കുന്ന ഷീജ വിവേകാനന്ദന്‍ ‘എന്തിനീ ജനവാതിലിലൂടെ കള്ളനെപ്പോലൊളിച്ചു കടന്നു’ എന്നെഴുതിയിരിക്കുന്നു. ഇവിടെ ‘ജനവാതില്‍’ എന്നുദ്ദേശിക്കുന്നത് ‘ജനല്‍ വാതില്‍’ ആണെന്നതു വ്യക്തം അല്ലാതെ ‘ജനമാകുന്ന വാതിലോ’ ‘ജനത്തിന്റെ വാതിലോ’ അല്ല. ചില്ലിനെ അക്ഷരമായി കൂട്ടാത്തതിനാല്‍ അവിടെ ‘ല്‍’ ഉള്‍പ്പെടുത്തിയാലും കവിതയുടെ ഒഴുക്കിനേയോ ഘടനയേയോ അതു ബാധിക്കില്ല. പിന്നെന്തിനാണു കവി ‘ജനവാതില്‍’ സൃഷ്ടിച്ചതെന്നു മനസ്സിലാകുന്നില്ല. രൃലമശേ്‌ല ഹശരലിലെ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ പോരേ. കവിയ്ക്കു തന്റേതായ ന്യായീകരണങ്ങളുണ്ടാവാം. പണ്ട് ‘രാഭണ’നെ ന്യായീകരിച്ചു രാവണനാക്കിയതുപോലെ. കവിയുടെ വിശദീകരണം കേട്ടാല്‍ നന്നായിരുന്നു. അതിനു നിവൃത്തിയുണ്ടെന്നു തോന്നുന്നില്ല.
വയലാര്‍ മലയാളത്തിലെ മികച്ച ഗാനരചയിതാവാണ്; കവിയുമാണ്. എങ്കിലും കവികളുടെ ഒന്നാം നിരയില്‍ വയലാറിനെ ആരും ഉള്‍പ്പെടുത്തിക്കണ്ടിട്ടില്ല. അങ്ങനെ ഉള്‍പ്പെടുത്താത്തതില്‍ വലിയ തെറ്റില്ല. കാരണം അദ്ദേഹത്തിന്റെ ഗാനങ്ങളുടെ കാവ്യഭംഗി ആ കവിതയ്ക്കില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഗാനരചനയ്ക്കു വേണ്ടിമാത്രം ജനിച്ചതാണ് വയലാര്‍ എന്നു തോന്നിപ്പോകും. ”ശാരദേന്ദുകലചുറ്റിലും കനകപാരിജാതമലര്‍തൂകും ശില്പ കന്യകകള്‍ നിന്റെ വീഥികളില്‍ രത്‌നകംബളം നീര്‍ത്തും. മച്ചകങ്ങളിലെ മഞ്ജു ശയ്യകളില്‍ ലജ്ജകൊണ്ടു ഞാന്‍ മൂടും” എന്നിങ്ങനെ പ്രണയ പരവശമായി അദ്ദേഹം കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വമാണ്. ഒരുപക്ഷേ ചലച്ചിത്രത്തിലെ സന്ദര്‍ഭങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാവാം ഇത്രമാത്രം പ്രണയമധുരമായി എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ”ചിരിച്ചും കരഞ്ഞും തലമുറകള്‍ വന്നു ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍ പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍ പൊടികൊണ്ടുമൂടിക്കിടന്നു” എന്നിങ്ങനെ വിരഹവേദനയോടെ എഴുതാനും ചലച്ചിത്രത്തിലെ കഥയാവാം അദ്ദേഹത്തിനു പ്രേരണ. ഇടശ്ശേരിയേയും ആശാനേയും ചങ്ങമ്പുഴയേയുമൊക്കെപ്പോലെ കവിതകളില്‍ വയലാറിനെ ആരും വാഴ്ത്തിക്കണ്ടിട്ടില്ല. കാരണം കവിയെന്ന നിലയില്‍ മാത്രം പരിഗണിച്ചാല്‍ അദ്ദേഹത്തിന്റെ നില ഒരല്പം താഴ്ന്നിരിക്കും എന്നതിനാലാവാം. ഈ ലേഖകനെ സംബന്ധിച്ചും നമ്മുടെ വലിയ കവികളുടെ കൂട്ടത്തിലേയ്ക്ക് വയലാര്‍ ഓയെന്‍വി, പി. ഭാസ്‌കരന്‍, സുഗതകുമാരി എന്നിവരെ കയറ്റിനിര്‍ത്തേണ്ട ആവശ്യമില്ല എന്നുതന്നെയാണഭിപ്രായം. ജനകീയ കവികള്‍ എന്നൊരു പ്രത്യേക തട്ടകത്തില്‍ നിര്‍ത്തുന്നതാവും ഉചിതം.
തുഞ്ചന്‍, കുഞ്ചന്‍, വള്ളത്തോള്‍, ആശാന്‍, ഉള്ളൂര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, ചങ്ങമ്പുഴ, അയ്യപ്പപ്പണിക്കര്‍ തുടങ്ങി പുതിയകാലത്തെ സച്ചിദാനന്ദന്‍, കടമ്മനിട്ട, ചുള്ളിക്കാട് എന്നിവരുടെയൊക്കെ പേരുകള്‍ ഉന്നതമായ ഒരു ശ്രേണിയില്‍ ക്രമീകരിക്കുമ്പോള്‍ തൊട്ടടുത്തനിരയിലാണ് മേല്പറഞ്ഞ നാലുപേരുടേയും സ്ഥാനം എന്നു തോന്നിപ്പോകാറുണ്ട്. എന്നിരുന്നാലും ഉന്നതമായ ചില കവിതകള്‍ ഇവര്‍ സൃഷ്ടിക്കാതെയിരുന്നിട്ടുമില്ല. ഗാനരചന ഒരു മോശം പണിയാണെന്ന് ഇതിനര്‍ത്ഥമില്ല. അതിനു സംഗീതജ്ഞാനവും ആവശ്യമാണ്. മലയാളത്തിലെ മഹാന്മാരായ ഗാനകവികളെ പ്രത്യേകിച്ച് ആദരിക്കേണ്ടതുതന്നെയാണ്.
വയലാറിനെക്കുറിച്ച് സുബീഷ് തെക്കൂട്ട് മാതൃഭൂമിയില്‍ (ഒക്ടോ. 12-18) ‘വര്‍ണഭൃംഗമായ് പറന്നോട്ടേ?’ എന്നൊരു കവിത എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളിലെ വരികള്‍ കോര്‍ത്തെഴുതിയിരിക്കുന്ന കവിത ഒരു ഗാനശില്പം തന്നെ. കാല്പനിക കവിതയുടെ ചരിത്രമെഴുതുമ്പോള്‍ ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത പേരുകളാണ് വയലാര്‍, പി.ഭാസ്‌കരന്‍, ഓയെന്‍വി എന്നിവരുടേത് എന്ന കാര്യത്തില്‍ സംശയമേതുമില്ല.






















