അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഹൃത്ത് എന്നാണ് വിശേഷിപ്പിക്കാറ്. എന്നാല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ട്രംപിന്റെ കേവലം സുഹൃത്തല്ല, അതിലുമപ്പുറം ഹൃദയബന്ധമുള്ളവരാണ്. ട്രംപ് പറയുന്നത് പലതും ഗീര്‍വാണമാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. എന്നാല്‍ ട്രംപ് പറയുന്നതിനെ അപ്പടി വിശ്വസിക്കാന്‍ രാഹുലിന് മടിയില്ലാത്തതുതന്നെ അവരുടെ ബന്ധത്തിന്റെ ആഴം കാട്ടിത്തരുന്നു. രാഹുലിന് വിഷയദാരിദ്ര്യം ഉണ്ടാവാതിരിക്കാന്‍ ട്രംപ് ഇടക്കിടെ ഭാരതത്തിനും മോദിക്കും നേരെ ചില വാക്പ്രയോഗങ്ങള്‍ നടത്തും. രാഹുല്‍ അത് ഏറ്റെടുക്കും. പത്രങ്ങള്‍ അത് പൊലിപ്പിക്കും. പഹല്‍ഗാം കൂട്ടക്കുരുതിയെ തുടര്‍ന്ന് ഭാരതവും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന യുദ്ധസമാനമായ സാഹചര്യം ഇല്ലാതാക്കിയത് താനാണ് എന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതു കേട്ട ഉടനെ രാഹുല്‍ ബഹളം വെക്കാന്‍ തുടങ്ങി. മോദി ട്രംപിന് കീഴടങ്ങി പാകിസ്ഥാനുമായി കരാറുണ്ടാക്കി എന്നായിരുന്നു മുറവിളി. ഒടുവില്‍, പാകിസ്ഥാന്റെ വിദേശകാര്യവക്താവ് ഇത് തിരുത്തുകയും രക്ഷയില്ലാതെ തങ്ങള്‍ സമാധാന ചര്‍ച്ചക്ക് ഭാരതത്തിന്റെ കാലുപിടിക്കുകയായിരുന്നു എന്ന് പറയുകയും ചെയ്തതോടെ രാഹുല്‍ നാവടക്കി.
റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഭാരതത്തിന് അമിത ചുങ്കം സഹിക്കേണ്ടിവരും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോഴും രാഹുല്‍ ഇതേ വായ്ത്താരി തുടര്‍ന്നു. ഭാരതം മുട്ടുമടക്കിയില്ല എന്നു കണ്ടപ്പോള്‍ വായപൂട്ടിയെങ്കിലും ഇയ്യിടെ ഭാരതം റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് സമ്മതിച്ചു എന്ന് ട്രംപ് പറഞ്ഞതോടെ പ്രതിപക്ഷനേതാവ് ഉറഞ്ഞുതുള്ളി. കോണ്‍ഗ്രസ് നേതാക്കാള്‍ താളം പിടിച്ചു. അതുകൊണ്ടും മോദി സര്‍ക്കാര്‍ കുലുങ്ങിയില്ല. അമേരിക്കന്‍ ഗായിക മേരി മിലിബെന്‍ രാഹുലിനെ കണക്കിന് വിമര്‍ശിക്കുകയും ‘ഞാന്‍ ഭാരതത്തെ വെറുക്കുന്നു’ എന്ന പ്രചരണം തന്നെ തുടര്‍ന്നോളൂ എന്നു കളിയാക്കുകയും ചെയ്തു. രാഹുലിന് ഭാരതത്തിന്റെ പ്രധാന മന്ത്രിയാകാനുള്ള കര്‍മ്മ ശേഷിയില്ല എന്നു കൂടി ഗായികയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നു. ഇതൊക്കെ കേട്ടിട്ടും രാഹുലിന് ഒരു പ്രയാസവും തോന്നിയില്ല. ഇതൊക്കെ ട്രംപിനു വേണ്ടിയാണല്ലോ എന്ന സമാധാനമേയുള്ളു രാഹുലിന്. .





















