ഭൂമിദാനത്തിന്റെ ഗുണഭോക്താക്കളില്‍ വന്ന മാറ്റമാണ് ആധുനിക കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും സാമൂഹികഘടനയെ രൂപപ്പെടുത്തിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ മതപരമായി പരസ്പരസംഘര്‍ഷത്തിന്റെ അന്തീക്ഷം വളര്‍ന്നുവരികയും ആള്‍വാര്‍-നായനാര്‍ എന്ന് വൈഷ്ണവ-ശൈവ വിശ്വാസപ്രമാണങ്ങള്‍ രണ്ടായി തിരിയുകയും ചെയ്തു. അവരുടെ ആചാര രീതികളും ഭിന്നങ്ങളായി വികസിച്ചു. ചേരനാട്ടരചനായ ചേരന്‍ ചെങ്കുട്ടുവന്‍ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളില്‍ നിന്നുകൊണ്ടുവന്ന പ്രസാദങ്ങള്‍ തലയിലും തോളിലുമായി അണിഞ്ഞപ്പോള്‍ ചോള-പാണ്ഡ്യങ്ങളില്‍ തികച്ചും വിരുദ്ധങ്ങളായ ഭക്തിധാരകളായി വേര്‍തിരിഞ്ഞൊഴുകിത്തുടങ്ങി. അത് ബ്രാഹ്മണര്‍ക്കിടയില്‍ അയ്യരും അയ്യങ്കാരുമെന്ന രണ്ട് വിഭാഗങ്ങളായിത്തന്നെ രൂപപ്പെട്ടു. കറുപ്പയ്യും മുരുകനും നായിനാരും നാച്ചിയാരും മറ്റ് പ്രാദേശികദേവതമാരും തമിഴരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി വളര്‍ന്നതോടൊപ്പം കമ്പരാമായണവും തിരുക്കുറളും പോലുള്ള കൃതികള്‍ തമിഴ്‌നാട്ട് ജനതയുടെ സാംസ്‌കാരികതയുടെ അടയാളങ്ങളായി തഴച്ചുവളരുകയും ചെയ്തു. അതുകൊണ്ടാണ് ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചതുപോലെ, തിരുക്കുറള്‍ സെന്റ് തോമസിന്റെ സ്വാധീനതയിലെഴുതിയതാണെന്ന് ദേവനായകത്തെപ്പോലുള്ളവര്‍ സിദ്ധാന്തീകരിക്കാന്‍ ശ്രമിച്ചത്.
കേരളവും തമിഴ്‌നാടുമായിട്ടുള്ള മാറ്റങ്ങളെ നരവംശ-സാമൂഹ്യശാസ്ത്ര തലങ്ങളില്‍ വിലയിരുത്തിയശേഷം ഡോ.എ.അയ്യപ്പന്‍, കേരളത്തിലെ ആവാസക്രമവും തമിഴ്‌നാട്ടിലെ അണുഘടനയും നരവംശ തലത്തില്‍ ശ്രദ്ധേയമാണെന്ന് എഴുതുന്നുണ്ട്. ആവാസക്രമങ്ങളില്‍ മാത്രമല്ല, രണ്ട് പ്രദേശങ്ങളിലെയും തനത് പശ്ചാത്തലങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ മൂലം അവരുടെ സാമൂഹ്യഘടനയില്‍വന്ന വ്യത്യാസങ്ങളിലും നരവംശ ശാസ്ത്രജ്ഞരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വൃഷ്ടിപ്രദേശവും ധാരാളം ജലവാഹിനികളുമുള്ള കേരളവും കൃത്രിമ ജലാശയങ്ങള്‍ നിര്‍മിച്ച് അവയില്‍ ജലം സംഭരിച്ച് കൂട്ടായി ഉപയോഗിച്ചു വരുന്ന തമിഴ്‌നാടും തമ്മില്‍ ജനങ്ങളുടെ പരസ്പര സഹകരണത്തിലും കൂട്ടായ്മയിലും സാരമായ മാറ്റങ്ങളുണ്ട്. ഭൂമി കുറവും ജലം കൂടുതലുമുണ്ടായിരുന്ന കേരളവും, യഥേഷ്ടമായി കൃഷിഭൂമിയും മഴക്കുറവുമുള്ള തമിഴ്‌നാടും തമ്മില്‍ ആവാസ ശൈലികളിലുണ്ടായ മാറ്റം ഭാഷയുടെ പരിണാമഗതികളെയും ബാധിച്ചു. തെക്കന്‍ ആര്‍ക്കോട്ടിലെ പനിമലയിലും ചിങ്കല്‍പ്പേട്ട് ജില്ലയിലെ മധുരാന്തകം, ചേമ്പ്രമ്പക്കം എന്നിവിടങ്ങളിലും കാണുന്ന വിശാലമായ ഏറികളുടെ നിര്‍മാണത്തിനാവശ്യമായ സുസംഘടിതമായ മനുഷ്യപ്രയത്‌നത്തെ പറ്റി ആര്‍ക്കും മനസ്സിലാകും. കേരളത്തില്‍ അത്തരം ഒരു ജലാശയം പോലുമില്ല. തമിഴ്‌നാട്ടിലെ താമസരീതികളും ബഹു ജാതിസമൂഹ ഗ്രാമങ്ങളായിട്ടാണ്. ഓരോ ജാതിക്കാരും അവരവരുടെ പേരുകളിലുള്ള തെരുവുകളിലാണ് താമസം. ചില ബ്രാഹ്മണഗ്രാമങ്ങള്‍ മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. ഇവയെ നാട്ടങ്ങള്‍ എന്ന് വിളിക്കുന്നു. കേരളത്തില്‍ താനങ്ങളും ദേശങ്ങളുമുണ്ടായിരുന്നെങ്കിലും അവയ്ക്ക് തമിഴ്ഗ്രാമങ്ങളുടെ സ്ഥിതിയല്ല ഉണ്ടായിരുന്നത്. ഭൂമി ഏറിയകൂറും സ്വകാര്യ ഉടമസ്ഥതയിലായിരുന്നതിനാല്‍ പൊതുവിടങ്ങള്‍ തീരപ്രദേശങ്ങളിലും ഇടനാടുകളിലും കുറവായിരുന്നു. മലമ്പ്രദേശങ്ങളിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ മിക്കവയിലും സ്വകാര്യ ഉടമസ്ഥതയില്ലായിരുന്നു. നാട്ടുപ്രദേശങ്ങളിലെ ദേശങ്ങളുടെ ചുമതലയില്‍ ഭരണപരമായ കാര്യങ്ങള്‍ക്കപ്പുറം സാമൂഹികഘടനയെ ദൃഢമായി പരസ്പരം ബന്ധിപ്പിക്കുന്ന ഘടകമൊന്നുമില്ലായിരുന്നു.315 കേരളത്തിലെ ഒറ്റപ്പെട്ട സാമൂഹ്യഘടന ജാതീയമായ വേര്‍തിരിവുകളെ ശക്തിപ്പെടുത്തുകയും ജാതി ഹിന്ദുക്കള്‍ക്കിടയില്‍ ധാരാളം ഉപജാതി സമൂഹങ്ങള്‍ രൂപംകൊള്ളാന്‍ ഇടയാക്കുകയും ചെയ്തു. ഇത്തരം ഉപജാതി രൂപീകരണങ്ങള്‍ക്ക് ബ്രാഹ്മണരുമായുണ്ടായിരുന്ന നാനാതരത്തിലുള്ള വിവാഹ ബന്ധങ്ങളും കാരണമാണ്. എന്നാല്‍, ബ്രാഹ്മണേതരരുമായുള്ള വിവാഹം മോശപ്പെട്ട കാര്യമായിട്ടാണ് തമിഴ്‌നാട്ടിലെ ബ്രാഹ്മണര്‍ കണ്ടിരുന്നത്.

സംഘകാലത്തിന്റെ അന്ത്യദശയില്‍ കളഭ്രര്‍ ആധിപത്യം സ്ഥാപിക്കുന്നു. അവര്‍ ബൗദ്ധരോ, ജൈനരോ, ശതവാഹനന്മാര്‍ക്ക് പിന്നാലേ അധികാരത്തിലെത്തിയ ആഭീരരോ, ആരായാലും, പ്രാകൃതഭാഷയാണ് സംസാരിച്ചിരുന്നത്. സംഘകാലത്തെ വൈദിക-ആഗമിക ഘട്ടത്തിന് ശേഷം പടിഞ്ഞാറന്‍ തീരത്തെ ബ്രാഹ്മണര്‍ രണ്ട് വഴികളായി പിരിഞ്ഞു. അവരില്‍ മഹാരാഷ്ട്ര-കര്‍ണാടക പശ്ചാത്തലമുള്ള കദംബ-ആളുവ ബ്രാഹ്മണര്‍ കേരളത്തിലേയ്ക്കും, മഹാരാഷ്ട്ര, വാകാടക -ചാലൂക്യ പ്രദേശത്തുകാര്‍ തമിഴ്‌നാട്ടിലേയ്ക്കും കടന്നു. തൊല്‍കാപ്പിയം പഴന്തമിഴിന്റെ വ്യാകരണം വ്യവസ്ഥപ്പെടുത്തുമ്പോള്‍, തമിഴകത്തെ പ്രധാന സമ്പര്‍ക്ക ഭാഷ പ്രാകൃതമായിരുന്നതിനാല്‍, സംസ്‌കൃതത്തിലെ അടിസ്ഥാന വാക്കുകള്‍ പലതും പ്രാകൃതത്തിലൂടെ വായ്‌മൊഴിയിലും സാഹിത്യഭാഷയില്‍ നേരിട്ടും വായ്പാപദങ്ങളായി കടന്നുവന്നു. തുളുവ-കന്നഡ ബ്രാഹ്മണര്‍ സംസ്‌കൃതത്തോട് ശക്തമായ ആഭിമുഖ്യം പുലര്‍ത്തിയിരുന്നതിനാല്‍, ദ്രാവിഡാപഭൃംശങ്ങളെ അവഗണിച്ചുകൊണ്ട് സംസ്‌കൃത വിഭക്തികള്‍ തന്നിഷ്ടം പോലെ കൂട്ടിക്കലര്‍ത്തി ഒരു മിശ്രഭാഷ സൃഷ്ടിക്കുകയും ചെയ്തു.
പതിറ്റുപ്പത്തില്‍ രണ്ടാം പത്തിലെ മൂന്നാം പാട്ടില്‍ കുമട്ടൂര്‍ കണ്ണനാര്‍ വന്‍കാടുകളായിരുന്ന പ്രദേശങ്ങളെല്ലാം അങ്ങ് ഭരണം കയ്യേറ്റതിനുശേഷം മുനിമാടങ്ങളായും അമ്പലങ്ങള്‍ നിറഞ്ഞ പാവനസ്ഥലങ്ങളായും ചെറുകാടുകള്‍ യുദ്ധവീരരായ രാജാക്കന്മാര്‍ അധിവസിക്കുന്ന രാജധാനികളായും മാറിയെന്ന് പ്രകീര്‍ത്തിക്കുന്നു. തെരുവുകളുടെ ഇരുവശങ്ങളും ദേവാലയങ്ങളും പടകുടീരങ്ങളും നിരന്നുകാണായി. നിലങ്ങളില്‍ വിളയുന്ന എണ്‍വകധാന്യങ്ങള്‍ വിക്രയം ചെയ്യുന്ന വണിക്കുകള്‍ക്കും അടിയാരെ കാക്കുന്ന മേലാളര്‍ക്കും അങ്ങ് സഹായമായി ചെല്ലുന്നു. ചൊവ്വചെല്ലുന്ന സ്ഥാനങ്ങളില്‍ ശുക്രന്‍ ചെല്ലാറില്ലെങ്കിലും വേണ്ടകാലത്ത് വേണ്ട സ്ഥലങ്ങളിലെല്ലാം രാജാവ് മഴപെയ്യിക്കുന്നതായും ആ പാട്ടില്‍ പറയുന്നു. ഈ പാട്ട് പാടിയ കുമട്ടൂര്‍ കണ്ണനാര്‍ എന്ന കവിക്ക് ഉമ്പര്‍കാട്ടിലെ അഞ്ഞൂറുപറ നിലം ബ്രഹ്മദായമായി കൊടുക്കുന്നു. ബ്രഹ്മദായം നല്‍കുന്നതിനാല്‍ ഈ കവി ബ്രാഹ്മണനാണെന്നുകരുതാം.
മൂന്നാം പത്തിലെ പാട്ട് ഒന്നില്‍ ശബ്ദശാസ്ത്രം, അര്‍ത്ഥശാസ്ത്രം, ജ്യോതിഷം, വേദം, ആഗമം എന്നിവയഞ്ചിലും സമഗ്രമായ ജ്ഞാനം ലഭിച്ചിട്ടുള്ളവര്‍ നടത്തുന്ന യാഗത്തിലെ അഗ്നിയില്‍നിന്നുയരുന്ന ഹവിര്‍ഗന്ധവും മാംസവണിക്കുകള്‍ മരക്കുറ്റിയില്‍ വച്ച് കൊത്തിയരിഞ്ഞ ഇറച്ചി അതിഥികള്‍ക്ക് തൃപ്തിയാവോളം നല്‍കി ഉപചരിക്കാനായി പാചകശാലയില്‍ താളിച്ചുപാകം ചെയ്യുമ്പോഴുയരുന്ന മണവും ചേരരാജാവിന്റെ നഗരവീഥിയിലെങ്ങും വ്യാപിക്കുന്നതായി പറയുന്നു.
വൈദിക ബ്രാഹ്മണരുടെ ആറ് പ്രവൃത്തികളെന്തെന്ന് പതിറ്റുപ്പത്തില്‍ മൂന്നാം പത്തില്‍ നാലാംപാട്ടില്‍ പാലൈ ഗൗതമനാര്‍ പല്‍യാനൈ ചെല്‍കെഴുക്കുട്ടുവനെക്കുറിച്ച് പാടുന്നത്, അന്തണരുടെ ആറു കര്‍മ്മങ്ങള്‍ അദ്ധ്യയനം, അദ്ധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹണം എന്നിവയാണെന്ന് പറയുന്നുണ്ട്. ആ അന്തണരുടെ ഉപദേശം സ്വീകരിച്ച് അറിവ് ലഭിച്ചവരാണ് അങ്ങയുടെ പ്രജകളെന്നും പറയുന്നു. പൊന്‍വളയണിഞ്ഞ ഉഴവയുവതികള്‍ പൂമാലകള്‍ ചൂടിക്കളിക്കുന്ന നീര്‍ത്തുറയെഏഴാം പാട്ടില്‍ പരാമര്‍ശിക്കുന്നു. അതായത് നാലാം വര്‍ണമായ വെള്ളാളര്‍ കീഴാളരായിരുന്നില്ല. പൊരു.നൂ.25 അടിയാരെയും തൊഴിലാളികളെയും (വിനൈവലര്‍) കൈക്കിളയിലുംപെരുന്തിണൈയിലും നായകരാക്കാം. പൊരു. നൂ. 24 ല്‍ ഇവിടെ എടുത്തുപറയാത്ത വര്‍ഗക്കാരെയും അവരുടെ തലവന്മാരെയും കുറിക്കുന്ന തിണനാമങ്ങളുണ്ടെന്നും അവ അതിനുയോജിക്കുന്ന തിണകളില്‍ വരുമെന്നും പറയുന്നു. നൂ. 28 ല്‍ പഠിത്തം, ദൂത് ഇവ നിമിത്തമുള്ള വേര്‍പാട് ഉയര്‍ന്നവര്‍ക്കുള്ളതാണെന്ന് പറയുന്നു. പൊരു. നൂ. 31 ല്‍ പറയുന്നത് മുല്ലനിലങ്ങളിലെ പ്രധാന ദേവാലയങ്ങളില്‍ മുടങ്ങിക്കിടക്കുന്ന പൂജാദികാര്യങ്ങള്‍ക്കായുള്ള വേര്‍പാട് നാലുവര്‍ണങ്ങള്‍ക്കും യോജിക്കുമെന്നാണ്. നൂ.33 പഠിത്തത്തിനായുള്ള വേര്‍പാട് ഉയര്‍ന്നോര്‍ക്കുള്ളതാണ്. നൂ 36 ഉയര്‍ന്നോര്‍ വിദ്യ എന്നിവ മൂലം പണം സമ്പാദിക്കാനായി വേര്‍പെടും. പൊരു. പുറത്തിണൈ 69 1 ല്‍ ശുഭമുഹൂര്‍ത്തത്തില്‍ കുടയും 2 ല്‍ ശുഭമുഹൂര്‍ത്തത്തില്‍ വാളും എടുക്കുന്നതായി പറയുന്നു. പൊരു. 74 ല്‍ 1, ബ്രാഹ്മണരുടെ ആറുവക പ്രവൃത്തികള്‍ വേദമോതുക, ഓതിക്കുക, ദാനം കൊടുക്കുക, വാങ്ങുക,യാഗം ചെയ്യുക, ചെയ്യിക്കുക എന്നിവയാണെന്ന് ഇളംപൂരണാരും നച്ചിനാര്‍ക്കിനിയാരും പറയുന്നു. രാജാവിന്റെ അഞ്ചു വക പ്രവൃത്തികള്‍ വേദമോതുക, യാഗംചെയ്യുക, ദാനം കൊടുക്കുക, യുദ്ധംചെയ്യുക, പ്രജകളെ രക്ഷിക്കുക എന്ന് ഇളംപൂരണരും, അവയില്‍ യുദ്ധംചെയ്യുക എന്നത് വിട്ടിട്ട് കുറ്റവാളികളെ ശിക്ഷിക്കുക എന്നതു കൂടിച്ചേര്‍ത്ത് നച്ചിനാര്‍ക്കിനിയാരും പറയുന്നു. 3. മറ്റുള്ളവരുടെ ആറുവക പ്രവൃത്തികള്‍ -വണികര്‍ക്ക് വേദമോതുക, യാഗം ചെയ്യുക, ദാനം കൊടുക്കുക, കൃഷി ചെയ്യുക, കച്ചവടം ചെയ്യുക, കന്നുകാലികളെ രക്ഷിക്കുക എന്നിവയാണെന്ന് ഈ രണ്ട് വ്യാഖ്യാതാക്കളും പറയുന്നു. വേളാളര്‍ക്ക് കൃഷി, മറ്റുജോലികള്‍, അതിഥി സല്‍ക്കാരം, കന്നുകാലികളെ രക്ഷിക്കുക, ആചാരമര്യാദകളനുഷ്ഠിക്കുക, വേദമൊഴികെയുള്ളവ അഭ്യസിക്കുക എന്ന് ഇളം പൂരണരും മറ്റു ജോലികള്‍, അതിഥിസല്‍ക്കാരം ഇവ രണ്ടും മാറ്റിയിട്ട് കച്ചവടം, ദാനം കൊടുക്കല്‍ എന്നിവ ചേര്‍ത്ത് നച്ചിനാര്‍ക്കിനിയാരും പറയുന്നു. ജ്യോല്‍സ്യന്മാരുടെ പ്രവൃത്തികളെ 74.4 ല്‍ സൂചിപ്പിക്കുന്നു. പിന്നീട് താപസരുടെ എട്ട് പ്രവൃത്തികള്‍ പറയുന്നു. പൊതുവില്‍ പ്രവൃത്തികളെന്നുപറയുന്നത് പലതും അവരുടെ ജീവിത രീതികളെയാണ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറെന്നോ ഡോക്ടറെന്നോ, അദ്ധ്യാപകനെന്നോ പറയുന്നത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുമെങ്കില്‍ മാത്രമേ ഇവയില്‍ പലതിനെയും അങ്ങനെ വര്‍ഗീകരിക്കാനാകൂ. വിവാഹം എട്ടുവിധമെന്ന് പൊ. നൂ. 89 ല്‍ പറയുന്നു. (ബ്രാഹ്മം, പ്രജാപത്യം, ആര്‍ഷം, ദൈവം, ഗാന്ധര്‍വം, ആസുരം, രാക്ഷസം, പൈശാചം). ഇവയില്‍ ഒടുവിലെ മൂന്നും കൈക്കിളയില്‍ അഥവാ താഴ്ന്നവരുടെ കാവ്യങ്ങളില്‍ വരും. (പൊ.നൂ. 102). ആദ്യത്തെ നാലും പെരുന്തിണയില്‍ (നൂ.103)വരും. ഗാന്ധര്‍വം, ദേശം, കാലം എന്നിവ അഞ്ചുതിണകളിലും വരും. (നൂ.104). 91 ല്‍ നായികാനായകന്മാര്‍ ഉയര്‍ന്നവരാണെങ്കില്‍ നായികയെ കണ്ടമാത്രയില്‍ ‘അവള്‍ ദേവകന്യയോ മറ്റോ ആണോ’ എന്ന് സംശയം നായകനുണ്ടാകും. താഴ്ന്നവരാണെങ്കില്‍ അതുണ്ടാകയില്ല. കാരണം, താണനില കാഴ്ച്ചയില്‍ത്തന്നെ വ്യക്തമാകും. നായികയുടെ പൂവിനെ ചുറ്റുന്ന വണ്ട്, ആഭരണം, തോളുകളില്‍ വരയ്ക്കപ്പെട്ട വള്ളി, പൂവ്, കണ്ണ്, പരിഭ്രമം, കണ്ണിമയ്ക്കല്‍, ഭയം എന്നിവയും ഇതുപോലുള്ളവയുമാണ് അവളുടെ ഉന്നതസ്ഥിതി വ്യക്തമാക്കുന്നത്. കര്‍പ്പിയല്‍ നൂ. 142 ല്‍ പറയുന്നത് ഉയര്‍ന്ന മൂന്ന് വിഭാഗക്കാര്‍ക്കുമേര്‍പ്പെടുത്തിയിട്ടുള്ള വിവാഹച്ചടങ്ങുകള്‍ താഴ്ന്ന വിഭാഗക്കാര്‍ക്കും ഒരുകാലത്തുണ്ടായിരുന്നുവെന്നാണ്. അതായത് ചാതുര്‍വര്‍ണ്യത്തിന്റെ ആരംഭം തൊല്‍കാപ്പിയ കാലത്തുണ്ടായി വന്നുവെന്നാണല്ലൊ. ഉയര്‍ന്നവരുടെ വിവാഹച്ചടങ്ങുകള്‍ മുനിമാരോ, പൂര്‍വികരോ ഏര്‍പ്പെടുത്തിയെന്ന് സൂചന നൂ.143 ലുണ്ട്. നൂ.150 പൂര്‍വികമായി ലഭിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. അവരെ നൂ.152ലും 153ലും അറിവോരെന്നും വിളിക്കുന്നു. നൂ.213, ഉയര്‍ന്നവരുടെ വാക്കുകള്‍ വ്യവഹാരത്തിന് യോജിച്ചവയായിരിക്കും. അതുകൊണ്ട് കവിതകള്‍ വ്യവഹാരത്തിന് യോജിച്ചവയായിരിക്കണം. നൂ. 220, പരത്തയുടെ വീട്ടിലേയ്ക്ക് ദൂതുപോകാന്‍ നാല്‍വര്‍ (നാലുവര്‍ണങ്ങള്‍)ക്കും അവകാശമുണ്ട്. പൊ.നൂ.615 പൂണൂല്‍, കമണ്ഡലു, ദണ്ഡ്, ഇരിക്കാനുള്ള പലക ഇവ ബ്രാഹ്മണര്‍ക്കുള്ളതാണ്, നൂ. ആയുധങ്ങള്‍. കൊടി, കുട, മുരശ്, കുതിര, ആന, തേര്, മാല, കിരീടം, ചെങ്കോല്‍ മുതലായവ രാജാവിനുള്ളതാണ്. 616, 617 ബ്രാഹ്മണരുടേതില്‍ ചിലത് രാജാവിനും യോജിക്കും. 616 ദാനം ചോദിക്കുക, ദാനം കൊടുക്കുക, പാടാണ്‍ തിണയ്ക്കുയോജിക്കുന്ന പേരുകള്‍ (കാളൈ, ഇളൈയോന്‍), നെടുന്തൊകൈ, ചെമ്മല്‍ എന്നീ പേരുകള്‍ ബ്രാഹ്മണര്‍ക്കും രാജാവിനും യോജിക്കും. 621 രാജാവിനും വൈശ്യനും മാത്രമേ സൈന്യവും ആയുധവും ഉണ്ടായിരിക്കൂ. 622 വൈശികന്‍ വാണിജ്യം കൊണ്ട് ജീവിതം നയിക്കും. 623 എട്ടുവക ധാന്യങ്ങള്‍ കൃഷിചെയ്യുന്നതും അവര്‍ക്ക് യോജിക്കും. 624 അവര്‍ കഴുത്തിലും തലയിലും ധരിക്കുന്ന മാലയെയും കവിതയില്‍ വര്‍ണിക്കാം. 625 ഉഴുതുണ്ട് ജീവിക്കുന്നവരാണ് വേളാളര്‍. 626 രാജ്യകാര്യങ്ങള്‍ക്കായിചെല്ലുമ്പോള്‍ ആയുധവും മാലയും അവര്‍ക്കും യോജിക്കും. 627 ബ്രാഹ്മണര്‍ രാജ്യഭരണത്തിനര്‍ഹരാണ്. 628വില്ല്, വേല്‍, കാലിലണിയുന്ന കഴല്‍, കഴുത്തിലണിയുന്ന മാല, തലമാല, ഹാരം, തേര്, കുതിര ഇവ വണികര്‍ക്കും വേളാളര്‍ക്കും യോജിക്കും. 629 താണവര്‍ക്ക് അവ യോജിക്കുകയില്ല. 630 ഉയര്‍ന്നോരുടെ ഇടയില്‍ കാണപ്പെടുന്ന പ്രയോഗങ്ങള്‍ക്ക് വഴക്കമെന്ന് പറയുന്നു. കാരണം പദ്യമെഴുതുന്നത് അവരാണ്.
തമിഴകത്ത് ഉയര്‍ന്നവരും താഴ്ന്നവരുമുണ്ടായിരുന്നുവെങ്കിലും പ്രായേണ താഴ്ന്നവര്‍ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് കാണാം. ത്രൈവര്‍ണികരും ചാതുര്‍വര്‍ണികരും ഉണ്ടായിരുന്നതു കൂടാതെ ഇഴുന്തോരുമുണ്ടായിരുന്നു. ഇഴുന്തോരെ കാഴ്ചയില്‍ത്തന്നെ തിരിച്ചറിയാമെന്നും ഉയര്‍ന്നവരുടെ പൂവും പൂവിലെ വണ്ടും ആഭരണങ്ങളും നോട്ടവും മറ്റും കണ്ട് അവരെ മനസ്സിലാക്കാമെന്നും പറയുന്നതില്‍ നിന്ന് സമ്പത്തായിരുന്നു മാനദണ്ഡമെന്ന് മനസ്സിലാക്കാം. രാജാക്കന്മാരും ബ്രാഹ്മണരും വണിക്കുകളും വെള്ളാളരുമെല്ലാം കവികളായിരുന്നുവെന്നതിനാല്‍ ഉയര്‍ന്തോര്‍ക്കിളവി -ഉയര്‍ന്നവരുടെ വാക്കുകളിലായിരുന്നൂ അവരുടെ കവിതകള്‍. പക്ഷേ അവരിലേറിയ പേരും ദരിദ്രരായിരുന്നു. തൊല്‍കാപ്പിയത്തില്‍ വഴക്കും (വായ്‌മൊഴി) ചെയ്യുളും (സാഹിത്യഭാഷ അഥവാ ഉയര്‍ന്നവരുടെ ഭാഷ)യും ഉണ്ടെങ്കിലും സംഘംപാട്ടുകളില്‍ സാധാരണജനങ്ങളില്ല. കാരണം കവിത ഉയര്‍ന്നവര്‍ അഥവാ ത്രൈവര്‍ണികര്‍ക്കുള്ളതായിരുന്നു. അതായത്, ചെന്തമിഴിലാണ് സംഘംപാട്ടുകള്‍. അതില്‍ അക്കാലത്തെ വര്‍ണവിഭാഗങ്ങളെ ദര്‍ശിക്കാമെങ്കിലും അസ്പൃശ്യതയോ, ജാതീയമായ അടിച്ചമര്‍ത്തലോ ഇല്ല. അതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നത് സംഘാനന്തരകാലത്തെ ചിലപ്പതികാരത്തിലാണ്. ഹിന്ദുമതത്തിലെ ശൈവ-വൈഷ്ണവഭേദം മുമ്പ് സൂചിപ്പിച്ചതുപോലെ ആള്‍വാര്‍-നായിനാര്‍ ഭക്തിപ്രസ്ഥാനധാരകളിലും. എ.ഡി. നാല് മുതല്‍ ആരംഭിച്ച ഈ പ്രസ്ഥാനഭേദങ്ങളും എട്ടാംനൂറ്റാണ്ടോടെ ഉരുത്തിരിഞ്ഞ ജാതിഭേദങ്ങളും സനാതനമതത്തിന്റെ അഥവാ വൈദികമതത്തിന്റെ സൃഷ്ടികളല്ല. അവ സൃഷ്ടിച്ചവര്‍ കെ. ദാമോദരന്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഫ്യൂഡലിസത്തിലെ ഉല്‍പ്പാദനവിതരണ ബന്ധത്തിന്റെയും ക്രമത്തിന്റെയും വിധാതാക്കളായിരുന്നു. ആ കാലഘട്ടത്തിലുദ്ഭവിച്ച ഇസ്ലാം മതത്തില്‍പ്പോലും പ്രവാചകന്മാരുടെ പേരില്‍ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുന്നതിന്റെ, ചോരപ്പുഴയൊഴുകുന്ന അനുഭവങ്ങളുടെ മധ്യത്തുനിന്നുകൊണ്ട് അതിപ്രാചീനമതമായ ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് വാദിക്കുന്നവരുടെ താല്‍പ്പര്യം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ ക്രിസ്തുമതത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് മതമത്സരവും കണ്‍മുന്നിലുണ്ട്. മതങ്ങള്‍ അധികാരത്തിന്റെയും സ്വത്തിന്റെയും കൂടി കേന്ദ്രങ്ങളായതിനാലുണ്ടാകുന്നവയാണ് ഇത്തരം വൈരങ്ങള്‍. സൂക്ഷ്മമായിവിശകലനം ചെയ്താല്‍ ഖുര്‍-ആന്‍ മാത്രമാണ് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഒരു മതഗ്രന്ഥമെന്നുകാണാന്‍ കഴിയും.
പരിപാടലില്‍ വിഷ്ണു, മുരുകന്‍, കാളി (കടല്‍) എന്നിവരെ സ്തുതിക്കുന്നു. അവയുടെ സംഗീതത്തില്‍ പാലയാഴെന്ന രാഗവും ഗാന്ധാരവും ഉപയോഗിച്ചിരിക്കുന്നു. കളവഴിനാര്‍പ്പതില്‍ കാര്‍ത്തികോത്സവം വര്‍ണിക്കുന്നു. 316 ആചാരക്കോവൈ പഴന്തമിഴ് കൃതികളില്‍ പ്രതിഫലിക്കുന്ന വൈദികവും പൗരാണികവുമായ ഹിന്ദുധര്‍മ്മത്തെയും ബൗദ്ധ-ജൈന മതങ്ങളെയും പറ്റി സംഘകാല കൃതികളിലെ തമിഴ് സംസ്‌കാരമെന്ന കൃതിയില്‍ കെ. ഉണ്ണിക്കിടാവ് പരാമര്‍ശിക്കുന്നുണ്ട്. എന്‍.വി. കൃഷ്ണവാരിയര്‍ അകം കവിതകളില്‍ 317 ക്രൂരം ഹലായുധമേന്തുന്ന രാമന്റെ/മാറില്‍ വനമാലയെന്ന പോലെ എന്നും, കല്‍പ്പാന്തരുദ്രന്‍ കയ്യിലേന്തിടും കോടാലിപോല്‍ (പു. 68) വേദംവിധിച്ചതാം കര്‍മ്മങ്ങള്‍ ചെയ്യാതെ/വേദിയെനെന്നപേര്‍ മാത്രമെഴും ദ്വിജന്‍ (പു91), സുരയുണ്ണുവോര്‍ സുര, രുണ്ണാത്തോരസുര, രീ/ചിരുവര്‍ക്കാചാര്യന്മാര്‍ വ്യാഴ ശുക്രന്മാര്‍ വിപ്രര്‍/രാജനീതികള്‍ തീര്‍ത്താര്‍ വെവ്വേറെ (126) എന്നുമൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത് കാണുക. ഇത് കൂടാതെ മഹാഭാരതത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളും പലതുണ്ട്. അതുകൊണ്ട് ഉണ്ണിക്കിടാവെഴുതുന്നത്, അകംകവിതകളില്‍ നിന്നുദ്ധരിച്ച ഉദാഹരണങ്ങളില്‍ നിന്ന് ഭാരതമൊട്ടുക്ക് നിലനിന്നിരുന്ന സംസ്‌കാരം തന്നെയാണ് സംഘംകൃതികളിലും നിഴലിക്കുന്നതെന്ന് വ്യക്തമാകുമെന്നാണ്. ഇത്തരം ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും സമാഹരിച്ചുചേര്‍ക്കാം. 318 വേങ്കടഗിരി വിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ള തിരുപ്പതിമലയാണ്. മാല് എന്ന വിഷ്‌നുനാമം സംസ്‌കൃതത്തിലെ മാലയുമായി ബന്ധപ്പെട്ടതാണെന്ന് തമിഴ് ലക്‌സിക്കണില്‍ കുറിച്ചിട്ടുണ്ടെന്നും ഉണ്ണിക്കിടാവ് എഴുതിയിട്ടുണ്ട്. മാല വിഷ്ണുവിന്റെ പര്യായമാണെന്ന് സംസ്‌കൃത നിഘണ്ടുവിലും കാണാം. (പു.29) പരിപാടലില്‍ വിഷ്ണുവിനെ സ്തുതിക്കുന്ന എട്ടുകീര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും ഇന്ന് ലഭ്യമായിട്ടുള്ള കൃതിയില്‍ ഏഴെണ്ണമേയുള്ളുവെന്നും പറയുന്നു. മായവണ്ണന്‍, അഞ്ചന ഉരുവന്‍, മുന്നീര്‍വണ്ണന്‍ -കടല്‍വര്‍ണന്‍, നീവര്‍ണന്‍ (കലിത്തൊകൈ), നീല്‍നിറ ഉരുവന്‍ (പെരു 402) തുടങ്ങി പല പാട്ടുകളിലും മഹാവിഷ്ണുവും കണ്ണനും പ്രത്യക്ഷപ്പെടുന്നുണ്ട്. പൊതുവില്‍ തിരുമാലും കണ്ണനും സംഘം കൃതികളില്‍ സാമാന്യമായിത്തന്നെ കാണാന്‍ കഴിയുന്ന സനാതന മതവുമായി ബന്ധപ്പെട്ട ദൈവ സങ്കല്‍പ്പങ്ങളാണെന്നിരിക്കേ എങ്ങനെയാണ് തമിഴ്‌നാട് ഹിന്ദുമത സംസ്‌കാരത്തില്‍ നിന്നന്യമാകുന്നത്. വരാഹാവതാരത്തെ പുറനാനൂറിലും (പുറ.2: 16-7) പരിപാടലിലും (3:22-4, 25-6) പരാമര്‍ശിക്കുന്നുണ്ട്. പരിപാടല്‍ 4 ല്‍ പ്രഹ്ലാദന്‍ താതൈ മാറുപിളര്‍ക്കാന്‍ തൂണു പിളര്‍ന്ന് പ്രത്യക്ഷനായതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. പത്തുപ്പാട്ടില്‍ ധാരാളം പരാമര്‍ശങ്ങള്‍ മഹാവിഷ്ണുവിനെയും മഹാബലിയെയും കുറിച്ചുള്ളതു കൂടാതെ മധുരൈക്കാഞ്ചിയില്‍ ഓണത്തെക്കുറിച്ചും സൂചിപ്പിക്കുന്നു. എന്നല്ല മധുരയിലെ ഓണാഘോഷത്തെക്കുറിച്ച് അതില്‍ പാടുന്നുമുണ്ട്. അകം പാട്ടിലുമുണ്ട് പരശുരാമനെയും (അകം 220: 3-6) സംഘകാലത്തെ തമിഴ്‌ക്ഷേത്രങ്ങളില്‍ രാമായണ ചിത്രങ്ങളുണ്ടായിരുന്നുവെന്ന് സംഘംകൃതികള്‍ തെളിവ് നല്‍കുന്നു. 319 പുറം, പരിപാടല്‍ എന്നിവയില്‍ അതിന്റെ പരാമര്‍ശങ്ങളുണ്ട്. മുല്ലെനിലത്തിലെ വിഷ്ണു ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്താന്‍ വേണ്ടി നായകന്‍ നായികയെ വേര്‍പെടുമെന്ന് തൊല്‍. പൊരു. (മേവിയ ചിറപ്പിന്‍ എന്ന സൂത്രം) നൂല്‍ വ്യക്തമാക്കുന്നുണ്ട്. പതിറ്റുപ്പത്തില്‍ (31.:1-10) ‘തികിരിച്ചെല്‍വന്റെ’ (ചക്രിയായ ഭഗവാന്റെ) ക്ഷേത്രപരിസരത്തെ വര്‍ണിച്ചിരിക്കുന്നു. അവിടെ തടിച്ചുകൂടിയ ഭക്തന്മാര്‍ തലയ്ക്കുമീതേ കൈകൂപ്പിക്കൊണ്ട് പ്രാര്‍ത്ഥിക്കുന്ന ശബ്ദകോലാഹലം മഹാദിശകളില്‍ പ്രതിദ്ധ്വനിക്കുന്നു. തെളിഞ്ഞനാദവും കറ തീര്‍ന്ന ശില്‍പ്പവേലയുമുള്ള മണിയില്‍ തട്ടുമ്പോഴുള്ള നാദം മുഴങ്ങുന്നു. അതുകേട്ടപ്പോള്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഭക്തസമൂഹം സ്‌നാനഘട്ടത്തിലിറങ്ങി തീര്‍ത്ഥസ്‌നാനം ചെയ്തു. അനന്തരം ശ്രീദേവി കുടികൊള്ളുന്ന തിരുമാറില്‍ തുളസിമാല ചാര്‍ത്തിയ ചക്രപാണിയായ ഈശ്വരന്റെ ചേവടി വാഴ്ത്തി സന്തോഷഭരിതമായ ജനക്കൂട്ടം അവരവരുടെ വീടുകളിലേയ്ക്ക് തിരിച്ചുപോയി. ”ഉണ്ണാപ്പൈഞ്ഞിലം പനിത്തുറൈ മണ്ണി” എന്നത് വിഷ്ണുഭക്തന്മാരുടെ ഏകാദശിവ്രതത്തെയാണ് സൂചിപ്പിക്കുന്നതെന്നു കരുതുന്നു.
(തുടരും)
പരാമൃഷ്ട കൃതികള്‍
315 ദി പെഴ്‌സണാലിറ്റി ഒഫ് കേരള ഡോ.എ.അയ്യപ്പന്‍ പു30 കേ. യൂ. പബ്ലി 1956
316 സംഘകാലകൃതികളിലെ തമിഴ്‌സംസ്‌കാരം പു. 21
317 എന്‍വി കൃഷ്ണവാരിയര്‍, അകം കവിതകള്‍ പു. 61
318 കെ.ഉണ്ണിക്കിടാവ്, സംഘകാലകൃതികളിലെ തമിഴ്‌സംസ്‌കാരം പു 23-24
319 ഇ.പു. പു. 32-33





















