പതിനേഴു വര്‍ഷം മുമ്പ് ഹേമന്ദ് കര്‍ക്കറെ നയിച്ച എടിഎസ്സ് കെട്ടിച്ചമച്ച കഥയില്‍ പ്രതികളാക്കാനായിരുന്നു, രാം കല്‍സംഗ്രായെയും സന്ദിപ് ഡാങ്കെയെയും കസ്റ്റഡിയിലെടുത്തത്. എടിഎസ് കസ്റ്റഡിയിലെടുത്ത അവര്‍ എവിടെയെന്ന ചോദ്യത്തിനുത്തരം നല്‍കാതെ അവരെ ‘കാണാനില്ലാത്ത കുറ്റവാളികളായി’ പരസ്യം നല്‍കുന്ന കുടില തന്ത്രമാണ് ഭരണകൂട ഏജന്‍സികള്‍ ഇന്നും തുടരുന്നത്. കല്‍സംഗ്രായുടെ ഭാര്യ ലക്ഷ്മിയും മൂന്നു മക്കളും ഇന്‍ഡോറില്‍ പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷവും അവരുടെ പ്രിയപ്പെട്ടവനുവേണ്ടി വിധിയെ വെല്ലുന്ന കാത്തിരിപ്പു തുടരുന്നു. സന്ദിപ് ഡാങ്കെയുടെ കുടുംബവും അതുപോലെ കാത്തിരിക്കുകയാണ്.
ദിലീപ് പത്തീദാറിനെയാണെങ്കില്‍ തങ്ങളുടെ തിരക്കഥയിലെ സാക്ഷിയാക്കാനാണ് ഇന്‍ഡോറില്‍ നിന്ന് 2008 നവംബര്‍ 10ന് മാലേഗാവ് കേസില്‍ മഹാരാഷ്ട്ര എടിഎസ് കസ്റ്റഡിയിലെടുത്തത്. ദിലീപ് ഇന്ന് എവിടെയുണ്ടെന്നോ ജീവനോടെയുണ്ടോയെന്നുപോലും പാവപ്പെട്ട കുടുംബാംഗങ്ങള്‍ക്കോ പൊതുസമൂഹത്തിനോ അറിയില്ല. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി, പദ്മ (42) ഇന്‍ഡോറിലെ സിബിഐ കോടതിയിലെത്തി കേട്ടുനില്‍ക്കുന്നവരുടെയൊക്കെ ഹൃദയം നുറു ങ്ങുമാറ് ചോദിച്ചു; ”ബഹുമാനപ്പെട്ട കോടതീ ദയവായി പറയണം ഞാനിനി ദിലീപിന്റെ ഭാര്യയെന്നാണോ വിധവയെന്നാണോ കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളിലുള്‍പ്പടെ കുറിക്കേണ്ടതെന്ന്. 17വര്‍ഷം മുമ്പ് അര്‍ദ്ധരാത്രിയില്‍ തന്റെയും മൂന്നു വയസ്സുകാരന്‍ മകന്‍ ഹിമ്ന്‍സുവിന്റെയും മുമ്പില്‍ നിന്ന് സാക്ഷിയെന്നും പറഞ്ഞ് പോലീസുകാര്‍ പിടിച്ചു കൊണ്ടു പോയതാണ്. കോടതികളിലൊന്നും ഹാജരാക്കിയതായി അറിയില്ല. കൊന്നോ തിന്നോയെന്നറിയില്ല!” ഹേബിയസ്സ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയിലെത്തിയതിനെ തുടര്‍ന്ന് വിഷയം സിബിഐ അന്വേഷിച്ചു. ശേഷം ദിലീപ് പത്തീദാറിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന നിസ്സഹായാവസ്ഥ രേഖപ്പെടുത്തിയ ഒരു ക്ലോസര്‍ റിപ്പോര്‍ട്ട് (closure report) കോടതിയില്‍ സമര്‍പ്പിച്ചശേഷം നടന്ന നടപടികള്‍ക്കിടയിലാണ് പദ്മയുടെ പക്ഷത്തുനിന്നും ആ ചോദ്യം ഉയര്‍ത്തിയത്. അതേ തുടര്‍ന്ന് കോടതി ദിലീപിനെ കസ്റ്റഡിയിലെടുത്ത രണ്ട് എടിഎസ്സ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നും സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞ് പ്രതീക്ഷയോടെ ആ പാവപ്പെട്ട സ്ത്രീ ദുഃഖമൊതുക്കി കഴിയുന്നു. ആ സിന്ദൂരം സോണിയയുടെയും ശരദ്പവാറിന്റെയും പോലീസ് കവര്‍ന്നെടുത്തോയെന്നറിയാനുള്ള അവകാശംഅവര്‍ക്കില്ലേ?
17 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മൂന്നു പേരും (രാം കല്‍സംഗ്രാ, സന്ദിപ് ഡാങ്കെ, ദിലീപ് പത്തിദാര്‍) ഇന്നും കസ്റ്റഡിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല; ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഭരണകൂടത്തിനു പറയാന്‍ കഴിയുന്നില്ല. ഇന്ദിരയും അച്യുതമേനോനും കെ.കരുണാകരനും ചേര്‍ന്ന് അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ നക്‌സല്‍ രാജനെ ഇല്ലാതാക്കിയതുപോലെ സോണിയയും ശരദ്പവാറും നിയന്ത്രിച്ച കേന്ദ്ര-സംസ്ഥാന ഭരണകൂടശക്തികള്‍ രാം കല്‍സംഗ്രായെയും, സന്ദിപ് ഡാങ്കെയെയും, ദിലീപ് പത്തിദാറിനെയും കൊന്ന് അവരുടെ ഭൗതിക ശരീരം ഇല്ലാതാക്കി തെളിവുകള്‍ നശിപ്പിച്ചോയെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. അതോടൊപ്പം തന്നെ അവരോടൊപ്പം റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ മെഹിബൂബ് മുജാവറിനോട് കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന ഡോ.മോഹന്‍ ഭാഗവതിനെയും കസ്റ്റഡിയിലെടുക്കുവാന്‍ പറഞ്ഞിരുന്നതിന്റെ ലക്ഷ്യം മറ്റൊരു ഗൂഢതന്ത്രം നടപ്പാക്കുവാനായിരുന്നോയെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചോദിക്കാന്‍ തോന്നുന്നു. ഡോ.ഭാഗവതിനെയും കസ്റ്റഡിയിലെടുക്കുക; അദ്ദേഹത്തെ ഇല്ലാതാക്കുക; കുടിലതന്ത്രത്തിന്റെ ഭാഗമായി കുറ്റം ഒന്നുകില്‍ ഇന്‍സ്‌പെക്ടര്‍ മെഹിബൂബ് മുജാവറിന്റെ മേല്‍ ചാര്‍ത്തുക. അല്ലെങ്കില്‍ രാം കല്‍സംഗ്രായുടെയോ, സന്ദിപ് ഡാങ്കെയെയുടെയോ, ദിലീപ് പത്തിദാറിന്റെയോ മേല്‍ ചാര്‍ത്തി അവരെ സാധ്വിയെയും കേണലുമൊക്കെയുമായി ബന്ധിപ്പിച്ച് ഹിന്ദുക്കള്‍ പരസ്പരം തല്ലിത്തീരുന്ന സാഹചര്യം ഒരുക്കുക. അതൊക്കെയായിരുന്നോ സോണിയാ-പവാര്‍ കൂട്ടായ്മ ലക്ഷ്യമിട്ടിരുന്നതെന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.
കേണല്‍ പുരോഹിതിനെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു?
സനാതന സംസ്‌കൃതിയെയും സന്യാസി സമൂഹത്തെയും സേനയെയും രാഷ്ട്രീയ സ്വയംസേവക സംഘത്തെയും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തി പാകിസ്ഥാനോടും ഇസ്ലാമിക മതമൗലികവാദികളോടും നന്ദി പ്രകടിപ്പിക്കാന്‍ സോണിയാ ഭരണകൂടം തയ്യാറാക്കിയ കാവിഭീകരതയെന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍, ഇന്ത്യന്‍ ആര്‍മിയുടെ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായിരുന്ന ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെ ഉപകരണമാക്കാന്‍ ശ്രമിച്ചു. മാലേഗാവിലെ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളുടെ പിന്നിലെ ചാലക ശക്തിയായിരുന്നു അദ്ദേഹം എന്നൊരു കള്ളക്കഥ മെനഞ്ഞെടുത്ത് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെ ബലികൊടുക്കാനായിരുന്നുവോ സോണിയാ ഭരണസഖ്യത്തിലെ പ്രമുഖന്‍ ശരദ് പവാര്‍ നിയന്ത്രിച്ചിരുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള ആന്റി ടെറര്‍ സ്‌ക്വാഡിന്റെ പദ്ധതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. കെണിയില്‍ വീഴ്ത്തപ്പെട്ട കേണല്‍ പുരോഹിതിനെ കുടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുമെന്ന ഭയം ജനിച്ചതിനാല്‍ അദ്ദേഹത്തെ ‘എന്‍കൗണ്ടറില്‍’ ഇല്ലാതാക്കാന്‍ നടത്തിയ ക്രൂരതയും ഭാരതം അറിയണം.
എടിഎസ് കസ്റ്റഡിയിലെടുത്ത കേണല്‍ പുരോഹിതിനെ പൂനെയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ ആ സര്‍വിങ്ങ് മിലിട്ടറി ഓഫീസറുടെ മൂവ്‌മെന്റ് ഓര്‍ഡറില്‍ രേഖപ്പെടുത്തിയത് യാത്ര ദല്‍ഹിയിലേക്കാണെന്നായിരുന്നു. കൊണ്ടുപോയത് മുംബൈയിലേക്കും! മഹാരാഷ്ട്ര എടിഎസ്സിന്റെ ഒരു ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിച്ച അദ്ദേഹത്തെക്കൊണ്ട് തങ്ങള്‍ ഉദ്ദേശിച്ചത് പറയിക്കാന്‍ ഭീകര മര്‍ദ്ദനമാണ് അവിടെ അരങ്ങേറിയത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ അപര്‍ണ്ണാ പുരോഹിതിനെയും ഭാര്യാ പിതാവ് എണ്‍പതിനടുത്ത് പ്രായമുണ്ടായിരുന്ന വസന്ത് ദല്‍വിയെയും അവിടെയെത്തിച്ചു. പിന്നീട്, അവരുടെ മേലായി സമ്മര്‍ദ്ദം. ഐഎസ്ആര്‍ഒയില്‍ നിന്നോ ഡിആര്‍ഡിഒയില്‍ നിന്നോ വിരമിച്ച ആ വന്ദ്യവയോധികനോടാവശ്യപ്പെട്ടത് കേണല്‍ പുരോഹിത് പൂനെയിലെ അവരുടെ വീട്ടിലെത്തി അവിടെ നിന്ന് ഒരു വാഹനം നിറയെ ആയുധങ്ങളുമായി പുറപ്പെട്ടു എന്ന കള്ളമൊഴി കൊടുക്കാനാണ്. നിങ്ങളെന്നെ കൊന്നാലും ഞാന്‍ അങ്ങനെയൊരു മൊഴി നല്‍കില്ലെന്ന് അദ്ദേഹം ചോദ്യം ചെയ്ത ഐജി റാങ്കിനുയരെയുള്ള എടിഎസ് ഉന്നതാധികാരിയോട് കട്ടായം പറഞ്ഞു. ആ വന്ദ്യവയോധികന്റെ ചെറുത്തു നില്‍പില്‍ പ്രകോപിതനായ എടിഎസ് ഉന്നതാധികാരി വളരെ മ്ലേച്ഛമായ ഭാഷയുപയോഗിച്ചുള്ള ഭീഷണിയുടെ കാഠിന്യം കൂട്ടുകയാണ് ചെയ്തത്. അച്ഛനോടുള്ള മര്യാദകെട്ട പെരുമാറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഭര്‍ത്താവിന്റെ അവസ്ഥയും കണ്ട് സഹികെട്ട അപര്‍ണ്ണാ പുരോഹിത്തിന്റെ കടുത്ത വാക്കുകള്‍ ആ പോലീസിനെ കൂടുതല്‍ പ്രകോപിതനാക്കി. ഏതായാലും ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാവില്ലയെന്നായപ്പോള്‍ കേണല്‍ പുരോഹിതിന്റെ ഭാര്യയെയും ഭാര്യാ പിതാവിനെയും പോകാന്‍ അനുവദിച്ചു. കുറച്ചുസമയം കഴിഞ്ഞ്, അന്വേഷണാധികാരി പോകാന്‍ തയ്യാറായപ്പോള്‍ കേണല്‍ പുരോഹിതിനെ വിളിച്ച് നിങ്ങള്‍ക്കെതിരെ തെളിവുകളൊന്നും ലഭിക്കാത്തതുകൊണ്ട് നിങ്ങളെ സ്വതന്ത്രനാക്കിയിരിക്കുന്നു; നിങ്ങള്‍ക്ക് പോകാം എന്നറിയിച്ചു. അതുകേട്ട പുരോഹിത് തനിക്ക് പോകാനൊരു വാഹനം ലഭ്യമാക്കാനപേക്ഷിച്ചു. അതൊന്നും തന്റെ പണിയല്ലെന്നായിരുന്നു ഐജിക്കും മീതെയുള്ള ആ പോലീസ് അധികാരി ഇന്ത്യന്‍ ആര്‍മിയിലെ ഇന്റലിജന്‍സിലെ ആ ലെഫ്റ്റനന്റ് കേണലിനോട് പറഞ്ഞത്. നിങ്ങളുടെ സംഘം എന്റെ കാല്‍ മുട്ടുകള്‍ക്ക് മീതെവരെ പ്രഹരിപ്പിച്ച് തകര്‍ത്തു. എനിക്കെങ്ങനെയാണ് പോകാന്‍ കഴിയുക? കുറഞ്ഞത് താങ്കള്‍ പോകുന്ന വാഹനത്തില്‍ എന്നെ കൂടി കൊണ്ടുപോയി വഴിയിലിറക്കിയാല്‍ അവിടെ നിന്നും ഞാന്‍ കിട്ടുന്ന ഏതെങ്കിലും വാഹനത്തില്‍ കയറി പൊയ്‌ക്കൊള്ളാമെന്നായി കേണല്‍ പുരോഹിത്. അതൊന്നും നടക്കില്ലായെന്ന് പറഞ്ഞ് ആ പോലീസ് ഉദ്യോഗസ്ഥന്‍ അവിടെ നിന്ന് യാത്രയായി. അവസാനം തന്റെ സാധനങ്ങളൊക്കെ ബാഗിലൊതുക്കി പുറത്തേക്ക് എങ്ങനെയെങ്കിലും പോയിനോക്കാനുള്ള തയ്യാറെടുപ്പിലായി അദ്ദേഹം. അപ്പോള്‍ എടിഎസ്സ് സംഘത്തിലെ ഒരു സാധാരണ ഉദ്യോഗസ്ഥന്‍ മുന്നോട്ടുവന്ന് ആ ഹാളിന്റെ കതകിന് അകത്തു നിന്നും കുറ്റിയിട്ടു. അദ്ദേഹം കേണല്‍ പുരോഹിതിന്റെ മൂന്നില്‍ വന്ന് കാലില്‍ തൊട്ടു തൊഴുതു. അങ്ങെന്റെ ഗുരുവാണെന്നും എടിഎസ് സേനാംഗങ്ങള്‍ക്ക് പരിശീലനത്തിനായി കേണല്‍ എത്തിയപ്പോള്‍ താനും അതില്‍ പങ്കെടുത്തിരുന്നുവെന്നും പറഞ്ഞ് പരിചയപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അപേക്ഷയും അതിനു നല്‍കിയ കാരണവും കേട്ട കേണല്‍ പുരോഹിത് ഞെട്ടിത്തരിച്ചിട്ടുണ്ടാകണം; ആ സംഭവം ‘DEF Talks by Adi’ എന്ന യൂട്യൂബ് ചാനലിലുള്‍പ്പെടെ പലയിടങ്ങളിലും ആവര്‍ത്തിച്ചപ്പോള്‍ റിസര്‍ച്ച് ആന്‍ഡ് അനലൈസിസ് വിങ്ങിന്റെ മുന്‍ ഉന്നതാധികാരി ആര്‍.എസ്.എന്‍. സിങ്ങ് ക്ഷോഭം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഇതെഴുതുന്ന ഞാനത് കേട്ടുകഴിഞ്ഞപ്പോള്‍ ജഗദീശ്വരനു നന്ദി പറഞ്ഞു; ഇത് വായിക്കുന്ന ഏതൊരു ഭാരതീയനും അതറിയുമ്പോള്‍ വികാരനിര്‍ഭരനാകുമെന്ന് എനിക്കുറപ്പുണ്ട്. ആ എടിഎസ് ശിപായി, കേണല്‍ പുരോഹിതിനോട് താണുപറഞ്ഞു: ”അങ്ങ് ദയവായി പുറത്തേക്ക് പോകരുത്; പുറത്തേക്ക് പോകുമ്പോള്‍ വെടിവെച്ചു വീഴ്ത്തുവാന്‍ എന്നെ ഏല്‍പ്പിച്ച തോക്കാണിത്”. ആ ശിപായി അങ്ങനെ പറഞ്ഞ് തനിക്കു നല്‍കപ്പെട്ട തോക്കും കാണിച്ചതോടെ അപകടം തിരിച്ചറിഞ്ഞ കേണല്‍ പുരോഹിത് പുറത്തേക്കിറങ്ങുന്നതില്‍ നിന്നൊഴിവായി. അന്ന് എടിഎസ് ഒരുക്കിയ കെണിയില്‍ വീണ് കൊല്ലപ്പെട്ടിരുന്നെങ്കില്‍ മാലേഗാവ് സ്‌ഫോടനം മാത്രമല്ല, മറ്റു സ്‌ഫോടനങ്ങളും അദ്ദേഹത്തിനു മേല്‍ കെട്ടിവെച്ച് കാവി ഭീകരതയുടെ കഥ ചോദ്യം ചെയ്യപ്പെടാനോ നിയമസംവിധാനങ്ങളുടെ മുമ്പില്‍ വിചാരണയ്ക്ക് വേണ്ടവിധം വിധേയമാക്കപ്പെടുകയോ ചെയ്യാതെ പോകുമായിരുന്നില്ലേ എന്ന ചോദ്യം ചോദിച്ചിട്ടു വേണം കോടതി വിധി വന്നപ്പോള്‍ സോണിയാ ഭരണകൂടത്തിന്റെ കാപട്യം പൊളിച്ചടുക്കപ്പെടുന്നതിനെ നോക്കിക്കാണേണ്ടത്.
സാധ്വിയുടെ ജീവിതം തകര്‍ത്ത കൊടും ക്രൂരതയുടെ കഥ
കാവിഭീകരതയെന്നൊരു കള്ളക്കഥ പടച്ചെടുക്കുവാന്‍ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എടിഎസ് അന്വേഷിച്ചു കണ്ടെത്തിയ നായികാ കഥാപാത്രമാകാനുള്ള ദുര്യോഗം ഉണ്ടായത് സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനായിരുന്നു. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ മദ്ധ്യപ്രദേശ് സംഘടനാ കാര്യദര്‍ശിയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിവാര്‍ സംഘടനകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു അവര്‍. അക്കാലത്ത് ഇസ്ലാമിക ഭീകരവാദികള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന ഹിന്ദു സമാജത്തിന്റെ പ്രതിരോധത്തിനായുയര്‍ന്ന അതിശക്തമായ വാണീപ്രഭാവം. റാണി ഝാന്‍സിയുടെ സ്മരണകളുയര്‍ത്തുന്ന പോരാട്ട വീര്യം പ്രസരിപ്പിച്ച് ഹൈന്ദവ സമാജത്തില്‍ നിറഞ്ഞുനിന്ന കര്‍മ്മയോഗിനി! അയോദ്ധ്യാ വിഷയത്തിലുള്‍പ്പെടെ ഉയര്‍ന്ന ധര്‍മ്മസമര വേദികളില്‍ അഗ്‌നിജ്വാലയായി മാറിയ സാധ്വി ഉമാശ്രീഭാരതിയുടെ അടുത്ത അനുയായി. ജിഹാദിപക്ഷ രാഷ്ട്രീയത്തിന്റെ ആസുരപ്രഭാവത്തിന്റെ ഏറ്റവും വിഷലിപ്തമായ പ്രസാരണത്തില്‍ രാഷ്ട്രീയ സാദ്ധ്യതകള്‍ തേടുന്ന ദിഗ് വിജയ് സിംഗിനെതിരെ 2003ല്‍ മദ്ധ്യപ്രദേശ് അസംബ്ലിയിലേക്ക് സാധ്വി ഉമാശ്രീഭാരതി നയിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് പോരാട്ടത്തിലെ മുന്‍നിരപ്പോരാളികളിലൊരാളുമായിരുന്നു സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. മാലേഗാവ് സ്‌ഫോടനത്തില്‍ ഒരു ബൈക്ക് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതോടെ സന്യാസ ജീവിതം തുടങ്ങുന്നതിന് മുമ്പ് ബൈക്കുപയോഗിക്കുമായിരുന്ന സാധ്വി പ്രജ്ഞാ സിംഗിനെ കള്ളക്കേസില്‍ കുടുക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു എടിഎസ്
സ്‌ഫോടനത്തിനുപയോഗിച്ചെന്ന് എടിഎസ് പറയുന്ന ബൈക്ക് ആരുടേതാണെന്നോ ആരാണതിനെ ആ ക്രൂരകൃത്യത്തിന് ഉപയോഗിച്ചത് എന്നൊന്നും കണ്ടെത്താന്‍ മിനക്കെടാതെ സംഭവത്തിന് മുമ്പൊരു കാലയളവില്‍ ഒരു ബൈക്ക് സ്വന്തമായി ഉണ്ടായിരുന്നു എന്നതുകൊണ്ടും അതവര്‍ ഓടിക്കുമായിരുന്നു എന്നതുകൊണ്ടും സാധ്വിയെ പ്രതിയാക്കുന്നതെളുപ്പമാണെന്നതായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ആ കുതന്ത്രത്തിന്റെ ഭാഗമായി എടിഎസ് അധികാരി അരവിന്ദ് സാവന്ത് 2008 ഒക്ടോബര്‍ എട്ടിന് സൂറത്തില്‍ ചെന്ന്, അക്കാലത്ത് ജബല്‍പൂരില്‍ താമസിച്ചിരുന്ന സാധ്വിയെ ഫോണില്‍ വിളിച്ചു. ‘നിങ്ങളുടെ ബൈക്ക് അപകടത്തില്‍ പെട്ടിരിക്കുന്നു. അന്വേഷിക്കണം. അതുകൊണ്ട് നിങ്ങള്‍ സൂറത്തിലെത്തണം’ എന്ന് ആവശ്യപ്പെട്ടു. സാധ്വി മറുപടി നല്‍കി: എനിക്കുണ്ടായിരുന്ന ബൈക്ക് രണ്ടു വര്‍ഷം മുമ്പ് ഞാന്‍ ഇന്‍ഡോറിലെ സുനില്‍ ജോഷിയെന്നയാള്‍ക്ക് വിറ്റു കഴിഞ്ഞു. വണ്ടിയുടെ ഉയരം കൂടുതലായിരുന്നു. ഞാന്‍ രണ്ടു പ്രാവശ്യം വണ്ടിയില്‍ നിന്നു വീണു. അതിനാലാണ് വിറ്റത്’. അതുകേട്ടിട്ടും, ‘നിങ്ങള്‍ വരണം. സംസാരിച്ചേ പറ്റൂ’ എന്നായി എടിഎസ് ഉദ്യോഗസ്ഥന്‍. സാധ്വി മറുപടി പറഞ്ഞു: ‘ഞാന്‍ നവരാത്രി വ്രതാനുഷ്ഠാനത്തിലാണ്. ഉടനെ ഒരു യാത്ര ബുദ്ധിമുട്ടാണ് എന്ന്.’ അതു കേട്ടിട്ടും വന്നേ തീരൂയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് സാധ്വി ഒക്ടോബര്‍ പത്താം തീയതി തന്നെ സൂറത്തിലെത്തി. (അതിനുമുമ്പ്, ഹോമിയോ ഡോക്ടറായ അച്ഛനോടൊപ്പം സൂറത്തിലായിരുന്നു സാധ്വി താമസിച്ചിരുന്നത്. സന്യാസം സ്വീകരിച്ചശേഷമാണ് ജബല്‍പൂരിലേക്ക് മാറിയത്. അവിടെ ഭീം ഭായ് പസ്‌റീച്ച എന്ന ശിഷ്യന്റെ വസതിയിലായിരുന്നു താമസം.)
സൂററ്റിലെത്തിയതിനെ തുടര്‍ന്ന് തന്നെ വിളിച്ചു വരുത്തിയ എടിഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് സാവന്തിനെ, സാധ്വി ഫോണ്‍ ചെയ്തു. നേരിട്ടുകണ്ടപ്പോള്‍ അയാള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരങ്ങള്‍ നല്‍കി. എന്നാല്‍ അതൊന്നും പോരായെന്നും പറഞ്ഞ്, കരുതിക്കൂട്ടി മൂന്നേ തന്നെ പദ്ധതിയിട്ടിരുന്നതുപോലെ, അന്നുതന്നെ സാധ്വിയെ അയാള്‍ ബോംബെയിലേക്ക് കൊണ്ടു പോയി. അങ്ങനെ ഒക്ടോബര്‍ 10 രാത്രി പത്തുമണിക്ക് ബോംബെയിലെത്തിച്ചതോടെ സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂര്‍ എടിഎസ് പാളയത്തിലായി. അവിടെയാരംഭിച്ചത് കുറ്റം അടിച്ചേല്‍പ്പിക്കാനും തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചെടുക്കാനുമുള്ള പദ്ധതിയുടെ ഭാഗമായ കൊടിയ മര്‍ദ്ദനമായിരുന്നു. മര്‍ദ്ദനസംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ പലപ്പോഴും നേരിട്ടെത്തിയിരുന്നു. ഏഴും എട്ടും എടിഎസ് ഉദ്യോഗസ്ഥര്‍ വട്ടം കൂടി നിന്ന് അവരുടെ ബെല്‍ട്ടൂകളൂരി ശരീരമാസകലം മര്‍ദ്ദനം. പ്രഹരങ്ങള്‍ക്ക് കരുത്തു പോരെന്നും പറഞ്ഞ് തെറിയും വിളിച്ച് അവരിലാരോടെങ്കിലും ബെല്‍ട്ടു വാങ്ങി ആഞ്ഞടിച്ചു കാണിച്ചുകൊടുക്കുമായിരുന്നു പരംബീര്‍ സിങ്ങെന്ന ഉന്നത അധികാരി. തല ഭിത്തിയിലേക്കിടിപ്പിക്കും. താഴെയിട്ടു ചവിട്ടും. ക്ഷീണിക്കുന്ന ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടയ്ക്കു വിശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ മര്‍ദ്ദനം തുടരും. അതിനിടയ്ക്ക് സാധ്വിയെന്നതൊക്കെ മറന്ന്, യുവതിയായ ഒരു സ്ത്രീയെ കയ്യില്‍ കിട്ടിയാല്‍, മര്‍ദ്ദകപരിഷകള്‍ പുറത്തെടുക്കുന്ന സാധാരണ ‘കലാപരിപാടികളും’ നിര്‍ബ്ബാധം തുടര്‍ന്നു. പച്ചത്തെറി നിറഞ്ഞ സംഭാഷണങ്ങള്‍ മുതല്‍ സാധ്വിയെ ബ്ലൂ ഫിലിം സീനുകള്‍ കാണിക്കുന്നതു വരെയെത്തി അവരെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍. കാവി വസ്ത്രങ്ങള്‍ക്കു പകരം മറ്റു വസ്ത്രങ്ങള്‍, നിര്‍ബന്ധിച്ച് നിഷിദ്ധാഹാരങ്ങള്‍ കഴിപ്പിക്കല്‍, തുടങ്ങി ആ ഹിന്ദു സന്ന്യാസിനിയുടെ വിശ്വാസങ്ങളെ അവഹേളിക്കാനും തകര്‍ക്കാനുള്ള അടവുകളും പയറ്റി. ജീവച്ഛവമായ സാധ്വിയെ ഒക്ടോബര്‍ 15ന് ദാദറിലെ സുശ്രുത ഹോസ്പിറ്റലിലും പിന്നീട് മറ്റൊരു ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച ശേഷം 20ന് തിരിച്ചു കൊണ്ടുവന്നു വീണ്ടും മര്‍ദ്ദനം തുടര്‍ന്നു. ഒക്ടോബര്‍ 10മുതല്‍ പതിമൂന്നു ദിവസം എടിഎസിന്റെ അനധികൃത കസ്റ്റഡിയിലായിരുന്ന സാധ്വിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് 23നാണ്. 24ന് നാസിക് സിജെഎം കോര്‍ട്ടില്‍ ഹാജരാക്കി പതിനൊന്നു ദിവസത്തേക്ക് എടിഎസ് കസ്റ്റഡിയില്‍ വാങ്ങി. വീണ്ടും കൊടിയ മര്‍ദ്ദനം തുടര്‍ന്നു. അതിനിടയില്‍ സാധ്വിയുടെ സഹോദരിയെയും പിടികൂടി അവരുടെ മേലും സമ്മര്‍ദ്ദം ചെലുത്തി. സഹോദരിയില്‍ നിന്ന് മൊഴി നേടി കള്ളക്കഥയില്‍ മെനഞ്ഞെടുത്ത കേസിന് കരുത്തുകൂട്ടാന്‍ ശ്രമിച്ചു. സാധ്വിയുടെ ശിഷ്യനായ ഭീം ഭായ് പസ്‌റീച്ചയെയും കസ്റ്റഡിയിലെടുത്തു. ഭീമിനോട് സാധ്വിയെ മര്‍ദ്ദിക്കാനാവശ്യപ്പെട്ടു. തയ്യാറാകാതിരുന്ന ഭീമിനെ എടിഎസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കുവാന്‍ തുടങ്ങി. അതുകണ്ട് സാധ്വി വെറുതെ നിന്ന് തല്ലുകൊള്ളാതെ തന്നെ പ്രഹരിച്ചുകൊള്ളുവാന്‍ തന്നെ ആജ്ഞാപിച്ചു. അതുകേട്ട ഭീം സ്വാഭാവികമായ മടിയോടെ ചെറിയ തോതില്‍ കൈകള്‍ ചലിപ്പിച്ചപ്പോള്‍ ദേഷ്യത്തോടെ ഉദ്യോഗസ്ഥര്‍ ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. അങ്ങനെ, സ്വന്തം ശിഷ്യനെ കൊണ്ട് തല്ലുകൊടുപ്പിച്ച് ഒരു ഹിന്ദുസന്യാസിനിയുടെ മനസ്സു തകര്‍ക്കാന്‍ നടത്തിയ അതിനിന്ദനീയമായ ശ്രമവും അഴികള്‍ക്കുള്ളില്‍ അരങ്ങേറി.
മാലേഗാവ് സ്‌ഫോടനത്തില്‍ താന്‍ പങ്കാളിയാണെന്നേല്‍ക്കണം. ഡോ.മോഹന്‍ ഭാഗവത്, നരേന്ദ്ര മോദി, ഇന്ദ്രേഷ് കുമാര്‍, യോഗിആദിത്യ നാഥ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സ്വയം സേവകസംഘം, മുസ്ലീം രാഷ്ട്രീയ മഞ്ച്, ഭാരതീയ ജനതാ പാര്‍ട്ടി എന്ന പ്രസ്ഥാനങ്ങളുടെ പ്രമുഖ നേതാക്കള്‍ തങ്ങള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രേരണയും പിന്തുണയും നല്‍കിയെന്ന് മൊഴികള്‍ നല്‍കണം. അതിനൊക്കെയായിരുന്നു സാധ്വിയുടെ മേല്‍ എടിഎസ് സംഘം ക്രൂര മര്‍ദ്ദനങ്ങള്‍ നടത്തിയതെന്നാണ് കോടതി നടപടികളുടെ ഭാഗമായി നല്‍കിയ 313 സ്റ്റേറ്റുമെന്റിലെ 13 പേജ് രേഖയില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് അവരുടെ അഭിഭാഷകന്‍ ജെ.പി.മിശ്ര വിവിധ ചാനലുകളിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍. ഗോധ്രാനന്തര ഗുജറാത്ത് സംഭവങ്ങളുടെ പേരില്‍ നരേന്ദ്ര മോദിയെ അറസ്റ്റ് ചെയ്യുവാന്‍ കുരുക്കുകളൊരുക്കി പരാജയപ്പെട്ട ഭരണകൂടം അവര്‍ തന്നെ കെട്ടിച്ചമച്ച കാവിഭീകരതയെന്ന കള്ളക്കഥ പ്രചരിപ്പിച്ച് അദ്ദേഹത്തെയും എങ്ങനെയെങ്കിലും അഴികള്‍ക്കുള്ളിലാക്കാന്‍ പഴുതുകള്‍ തേടുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ആ വെളിപ്പെടുത്തലുകള്‍.
കാവി ഭീകരതയെന്ന കള്ളക്കഥയെ കാലം പൊളിച്ചടുക്കി
കാവി ഭീകരതയെന്ന കള്ളക്കഥ പ്രചരിപ്പിക്കാന്‍ വേണ്ടി 2008ലെ മാലേഗാവ് കേസില്‍ സോണിയ കോണ്‍ഗ്രസ്സ്, ശരത് പവാറിന്റെ സഹായത്തോടെ, കെണിയില്‍ കുടുക്കിയ നിരപരാധികളായ ദേശാഭിമാനികള്‍, (സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജര്‍ (റിട്ടയേര്‍ഡ്) രമേശ് ശിവ്ജി ഉപാദ്ധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ് ഏക്‌നാഥ് രാഹിര്‍കാര്‍, സ്വാമി അമൃതാനന്ദ ദേവ്തീര്‍ത്ത് (സുധാകര്‍ ധര്‍ ദ്വിവേദി), സുധാകര്‍ ഓങ്കാര്‍ നാഥ് ചതുര്‍വേദി) എന്‍.ഐ.എ. സ്‌പെഷ്യല്‍ കോടതി വിധിയിലൂടെ, തങ്ങളുടെ നിഷക്കളങ്കത തെളിയിക്കപ്പെട്ട് തല ഉയര്‍ത്തിപുറത്തുവന്നതോടെ കാവിഭീകരതയുടെ കള്ളക്കഥ പൊളിച്ചടുക്കപ്പെടുകയായിരുന്നു. അതിനുമുമ്പു തന്നെ ജനാധിപത്യ ഭാരതം ദേശാഭിമാനികളെ കള്ളക്കേസില്‍ കുടുക്കിയ സോണിയയെയും കൂട്ടരെയും പുറത്താക്കിക്കൊണ്ട് ദേശീയതയുടെ രാഷ്ട്രീയ പക്ഷം സനാതന സംസ്‌കൃതിയുടെ ഗരിമയോടെ ഭാരതം ഇനി ഭരിക്കട്ടെയെന്ന വിധി 2014 ല്‍ പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു. ഒരു സവിശേഷ കക്ഷിക്കും വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും വോട്ടവകാശമുള്ളവരെല്ലാം വോട്ടേഴ്‌സില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിശ്ചയമായും സമ്മതിദാനാവകാശം കര്‍മ്മനിഷ്ഠയോടെ നിര്‍വഹിക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ.മോഹന്‍ജി ഭാഗവത് 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ഭാരതത്തിന്റെ ചരിത്രം തിരുത്തപ്പെട്ടു.
(അവസാനിച്ചു)





















