ശബരിമലയില്‍ കോടികളുടെ സ്വര്‍ണം മോഷണം പോയി എന്നകാര്യം ഹൈക്കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ശ്രീകോവിലില്‍ ദ്വാരപാലക ശില്പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണത്തകിടുകള്‍ നഷ്ടപ്പെട്ടത് വ്യക്തമാണെന്നും ഇത് മോഷണവും ക്രിമിനല്‍ ക്രമക്കേടും വിശ്വാസവഞ്ചനയുമാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വിലയിരുത്തി. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ക്ഷേത്രസ്വത്തിന്റെ പരിശുദ്ധിയും വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസവും ഇല്ലാതാക്കിയെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്റ് സെക്യൂരിറ്റി ഓഫീസര്‍ ഹാജരാക്കിയ രേഖകളും കത്തുകളും വിശദമായി വിലയിരുത്തിയ ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2019 ജൂലായ് 19 ന് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സ്വര്‍ണ്ണപ്പാളികളില്‍ 1.564 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞിരുന്നത് വ്യക്തമാണ്. പക്ഷേ, മഹസറില്‍ അത് ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് തെറ്റായിട്ടാണ്. സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയതിനുശേഷം ചെമ്പുപാളികള്‍ സ്വര്‍ണം പൂശി അവിടെ സ്ഥാപിക്കുകയായിരുന്നു എന്ന സംശയമാണ് ഹൈക്കോടതി പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ഡിജിപിയുമായ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. പ്രഥമദൃഷ്ട്യാ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടന്നത് വ്യക്തമായതിനാല്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ്ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ക്കൊപ്പം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം മോഷണം പോയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളത്. ശബരിമലയിലെ വിവിധകാലങ്ങളിലെ മഹസറുകള്‍ പരിശോധിച്ച ബോര്‍ഡ് ചില മഹസറുകളില്‍ തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവരുടെ ഒപ്പില്ലെന്ന് കണ്ടെത്തി. സംശയാസ്പദമായ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ബോര്‍ഡ് തന്നെ ശുപാര്‍ശ ചെയ്യുകയും നേരത്തെ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ഇപ്പോഴത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മുരാരിക്ക് പുറമേ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ്‌കുമാര്‍, തിരുവാഭരണം കമ്മീഷണറായിരുന്ന കെ.എസ്. ബൈജു, ഇവരുമായി അടുപ്പമുള്ള ചില ഉദ്യോഗസ്ഥര്‍, വ്യാജ മഹസര്‍ ഉണ്ടാക്കാനും സ്വര്‍ണ്ണം കടത്താന്‍ വ്യാജരേഖകള്‍ സൃഷ്ടിക്കാനും കൂട്ടുനിന്ന പത്തോളം ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.
സ്വര്‍ണ്ണപ്പാളി പുറത്തുകൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിരുന്നില്ല എന്നാണ് തന്ത്രി കണ്ഠരര് രാജീവര് ഇപ്പോള്‍ പറയുന്നത്. ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണം പൊതിഞ്ഞ അങ്കിയുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ്ണം പൂശിയ ചെമ്പുപാളി എന്ന് മഹസറില്‍ രേഖപ്പെടുത്തിയ കാര്യം തനിക്കറിയില്ല. സസ്‌പെന്‍ഷനിലുള്ള മുരാരി ബാബു തന്നെ വിവാദത്തില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും തെറ്റിദ്ധാരണകളാണ് പരത്തുന്നതെന്നും തന്ത്രി പറഞ്ഞു. ശില്പങ്ങളുടെ കുറച്ചുഭാഗം നിറംമങ്ങിയിട്ടുണ്ടെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബു കത്ത് നല്‍കിയിരുന്നുവെന്നും ഇക്കാര്യം തന്റെ മുറിയിലെത്തി സംസാരിച്ചുവെന്നും തന്ത്രി പറഞ്ഞു. നാണയങ്ങള്‍ വീണ് അവിടവിടെ ചെറിയ തകരാറുകള്‍ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണി നടത്താമെന്ന് എഴുതിക്കൊടുത്തു. സന്നിധാനത്ത് വച്ച് പണി നടത്തുമെന്നാണ് കരുതിയത്. ചെറിയ പ്രശ്‌നങ്ങള്‍ക്ക് ദേവഹിതത്തിനുവേണ്ടി ദേവപ്രശ്‌നം വെക്കേണ്ട കാര്യമില്ല. എന്നാല്‍ താന്‍ അറിയാതെ ഇത് ചെന്നൈയിലേക്ക് കടത്തുകയായിരുന്നു. ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലക വിഗ്രഹത്തിന്റെ അങ്കി എന്നിവയില്‍ ആറ്റകുറ്റപ്പണി നടത്താന്‍ ദേവന്റെ അനുജ്ഞ ആവശ്യപ്പെട്ടു. പൂജ കഴിച്ച് അനുജ്ഞ നല്‍കുക തന്ത്രിയുടെ കടമയാണ്. അത് കൃത്യമായി ചെയ്തു. ദ്വാരപാലക ശില്പത്തില്‍ പൊതിഞ്ഞിരുന്നത് ചെമ്പല്ല, സ്വര്‍ണം തന്നെയായിരുന്നു. സ്വര്‍ണം എങ്ങനെ ചെമ്പായി എന്നറിയില്ല. തന്നോട് എഴുതി ചോദിച്ചതിന് മറുപടി മാത്രമാണ് കൊടുത്തത്. ദേവന് ഇഷ്ടപ്പെടാത്തത് എന്തോ നടന്നിട്ടുണ്ട് അതാണ് ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണമെന്നും തന്ത്രി പറഞ്ഞു.
സംഭവത്തില്‍ പാളിച്ച വന്നത് 2019 ല്‍ ആണെന്നും ഉത്തരവാദിത്തം അന്നത്തെ ബോര്‍ഡിന് ആണെന്നുമാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചത്. പക്ഷേ, മന്ത്രി വാസവന്റെ പ്രതികരണത്തില്‍ ഒരു അപാകതയുണ്ട്. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. ദേവസ്വംമന്ത്രി സി പി എമ്മുകാരനായ കടകംപള്ളി സുരേന്ദ്രന്‍ ആയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സിപിഎമ്മുകാരനും മുന്‍ എംഎല്‍എയുമായ എ.പത്മകുമാര്‍ ആയിരുന്നു. അപ്പോള്‍ അന്നത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തം ബോര്‍ഡ് ഭാരവാഹികള്‍ക്ക് മാത്രം ആണെന്ന് പറഞ്ഞ് ഇപ്പോഴത്തെ മന്ത്രിമാര്‍ക്ക് തല ഊരാന്‍ കഴിയുമോ. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ദല്ലാള്‍, മുഖ്യമന്ത്രി പിണറായി വിജയനോടും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവനോടും ഒപ്പം അടുത്ത് പെരുമാറുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ ആരൊക്കെയാണ് എങ്ങനെയാണ് സ്വര്‍ണവും സ്വര്‍ണ്ണപ്പാളികളും കടത്തിയത് എന്നതിന്റെ തെളിവുകളാണ് ഇനി പുറത്തുവരേണ്ടത്.
ശബരിമലക്ഷേത്രം സീസണ്‍ കാലത്തും അല്ലാത്തപ്പോഴും സംസ്ഥാന പോലീസിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്. സീസണ്‍കാലത്ത് അവിടെ എന്തുനടന്നാലും പോലീസ് അറിയും. സീസണ്‍കാലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും പ്രത്യേകവിഭാഗങ്ങള്‍ 24 മണിക്കൂറും അവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. 2019 ലായാലും ശേഷമായാലും അവിടെനിന്ന് സ്വര്‍ണ്ണപ്പാളി പോയിട്ട് മൊട്ടുസൂചി കടത്തിയാല്‍ പോലും പോലീസ് സംവിധാനം അത് റിപ്പോര്‍ട്ട് ചെയ്യാതിരിക്കില്ല. അഥവാ അങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കണമെങ്കില്‍ പോലീസിന്റെ ചുമതല വഹിക്കുന്ന ക്യാമ്പ് ഓഫീസര്‍ അതിനു മുകളിലുള്ള എഡിജിപി, ഡി ജിപി റാങ്കിലുള്ളവരോ നിര്‍ദ്ദേശം കൊടുക്കാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കില്ല. അങ്ങനെ ചെയ്യണമെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ നിര്‍ദ്ദേശമുണ്ടാകണം. ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണ്ണപ്പാളികള്‍ ബാംഗ്ലൂരിലും ചെന്നൈയിലും പ്രമുഖ വ്യക്തികളുടെ വസതികളില്‍ പ്രത്യേകപൂജകള്‍ക്ക് കൊണ്ടുപോയതായും അവിടെനിന്ന് അതിന്റെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയതായും സൂചനയുണ്ട്. ഇതോടൊപ്പം ഈ സ്വര്‍ണ്ണപ്പാളിയും ദ്വാരപാലക വിഗ്രഹത്തിന്റെ സ്വര്‍ണ്ണ കവചങ്ങളും വന്‍ വ്യവസായികള്‍ക്ക് വന്‍ തുകയ്ക്ക് കൈമാറിയതായും സൂചനയുണ്ട്. ഇതില്‍ അന്തര്‍ സംസ്ഥാന ക്രിമിനല്‍ കുറ്റമാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഗൂഢാലോചനയും അങ്ങനെ തന്നെയാണ്.
ഒരു കീഴ്ശാന്തിയുടെ അസിസ്റ്റന്റ് ആയിരുന്ന ദല്ലാള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന അപ്രസക്തനായ ഒരാളിന്റെ നേതൃത്വത്തിലോ ബുദ്ധിയിലോ നടക്കാവുന്ന കാര്യങ്ങളല്ല ശബരിമലയില്‍ നടന്നിട്ടുള്ളത്. ഇതിന്റെ പിന്നില്‍ ഉന്നതമായ രാഷ്ട്രീയബന്ധങ്ങളും ശക്തമായ ഉദ്യോഗസ്ഥബന്ധങ്ങളും ഉണ്ട്. ഇത് അന്വേഷിക്കാന്‍ കേരള കേഡറിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല എന്നത് സത്യമാണ്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഇത്തരത്തിലുള്ള ഒരു വന്‍ സ്വര്‍ണ്ണ കവര്‍ച്ച ശബരിമലയില്‍ നടക്കില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. താഴെത്തട്ടിലുള്ള ഏതാനും ഉദ്യോഗസ്ഥരെ മാത്രം മുന്‍നിര്‍ത്തി വന്‍ സ്രാവുകളെയും തിമിംഗലങ്ങളെയും ഒഴിവാക്കുന്ന നീക്കം ഒരിക്കലും നീതീകരിക്കാന്‍ ആവുന്നതല്ല. അതുകൊണ്ടുതന്നെ ഈ സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ, പ്രത്യേകിച്ച് സിബിഐയുടെ അന്വേഷണമാണ് വേണ്ടത്. ഈ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കുകയും വേണം.
സ്വര്‍ണ്ണപ്പാളികളും അനുബന്ധ സാമഗ്രികളും കേരളത്തിന് പുറത്തുള്ള ഒരു കോടീശ്വരന്റെ വസതിയില്‍ ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പക്ഷേ, ആരോപിക്കുന്നവര്‍ ആരുംതന്നെ കോടീശ്വരന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ല. ഏതായാലും ശബരിമലയില്‍നിന്ന് കടത്തിയ കോടികളുടെ സ്വര്‍ണവും ഈശ്വര സാമീപ്യത്തിന്റെ പേരില്‍ നേടിയ വന്‍ തുകയും ഒക്കെ ആരാണ് പങ്കിട്ടെടുത്തത് എന്നകാര്യം പുറത്തു വരേണ്ടതുണ്ട്. ഇതു മാത്രമല്ല, 2019 ലെ ദേവസ്വം ബോര്‍ഡിനും അന്നത്തെ പ്രസിഡന്റായ പത്മകുമാറിനും ആണ് ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം എന്ന് മന്ത്രി വി.എന്‍. വാസവന്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. പത്മകുമാറിന്റെ കാലത്ത് നടയടക്കുന്ന സമയത്ത് ഭഗവാന്റെ കയ്യില്‍ കൊടുക്കുന്ന യോഗദണ്ഡും ജപമാലയും അടക്കം സ്വര്‍ണ്ണം കെട്ടിക്കാന്‍ എന്നപേരില്‍ പുറത്തുകൊണ്ടുപോയിട്ട് മടക്കി നല്‍കിയിട്ടില്ല എന്ന ആരോപണവുമുണ്ട്. വെള്ളി കെട്ടിയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള യോഗദണ്ഡിനു പകരം സ്വര്‍ണ്ണം കെട്ടിയ അത്രയും പഴക്കമില്ലാത്ത പുതിയ യോഗദണ്ഡാണ് ശ്രീകോവിലില്‍ സമര്‍പ്പിച്ചത്. രുദ്രാക്ഷം കെട്ടിയ ജപമാലയ്ക്കും മാറ്റം ഉണ്ടായത്രെ. ഇത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ നേരിട്ടാണ് വാങ്ങിയതെന്നും അന്നത്തെ വിജിലന്‍സ് ഡി വൈഎസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നുമാണ് പറയുന്നത്. ഈ സംഭവങ്ങളിലും അന്വേഷണം അനിവാര്യമാണ്.
തന്ത്രികുടുംബമായ താഴമണ്‍ മഠം കണ്ഠരര് രാജീവര് ഇപ്പോള്‍ തന്റെ അനുവാദമില്ലാതെയാണ് ക്ഷേത്രത്തിന് പുറത്ത് ചെന്നൈയിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയതെന്നും കൊണ്ടുപോയത് ചെമ്പുപാളികളല്ല സ്വര്‍ണ്ണപ്പാളികള്‍ തന്നെയാണ് എന്നും ഒക്കെ മാധ്യമങ്ങളോട് പറഞ്ഞു. വിവാദം പുറത്തുവരികയും സ്വര്‍ണക്കടത്ത് ഹൈക്കോടതി കണ്ടെത്തുകയും ചെയ്തതിനുശേഷമാണ് തന്ത്രി ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പോലും പറയാന്‍ തയ്യാറായത്. ശബരിമല സന്നിധാനത്ത് ദല്ലാള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരിയും ഒക്കെ നടത്തിയിട്ടുള്ള എല്ലാ ക്രമക്കേടുകളും അറിയുന്ന രാജീവരര് എന്തുകൊണ്ട് നിശബ്ദത പാലിച്ചു എന്ന് ലോകം മുഴുവനുമുള്ള ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തന്ത്രിയുടെ ജീവന്റെ ഒരു ഭാഗമാണ് വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നതും അതിന് ജീവചൈതന്യം നല്‍കുന്നതും. കോടതികളുടെ ഉത്തരവനുസരിച്ച് പോലും ഓരോ ക്ഷേത്രത്തിലെയും മൂര്‍ത്തി മൈനര്‍ ആണ്. ആ മൂര്‍ത്തിയുടെ പിതൃരൂപത്തിലാണ് ജീവന്‍ നല്‍കിയ തന്ത്രിയെ കാണുന്നത്. പിതാവിന്റെ ഉത്തരവാദിത്തത്തിനും സംസ്‌കാരത്തിന് നിരക്കാത്തതാണ് തന്ത്രികുടുംബം, പ്രത്യേകിച്ച് രാജീവര് ചെയ്തത്. 2019 ല്‍ തന്റെ അനുവാദമില്ലാതെ ക്ഷേത്രത്തിന്റെ സ്വര്‍ണ്ണപ്പാളികള്‍ പുറത്തുകൊണ്ടുപോയത് 2025 വരെ മറച്ചുവെച്ച തന്ത്രി കുടുംബത്തിന് എന്ത് സമാധാനമാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.
ശബരിമലയില്‍ എത്തുന്ന ഭക്തലക്ഷങ്ങള്‍ തന്ത്രിയെയും കുടുംബത്തെയും കാണുന്നത് ദൈവത്തിന്റെ പ്രതിപുരുഷന്മാരായിട്ടാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ടായിരുന്നു. ആചാരലംഘനത്തിന്റെ ശ്രമമുണ്ടായപ്പോള്‍ ക്ഷേത്രനട പൂട്ടിയിറങ്ങി പരിഹാരക്രിയകള്‍ നടത്തിയ രാജീവരോട് ലോകം മുഴുവനുമുള്ള ഭക്തര്‍ക്ക് ആരാധനയായിരുന്നു. ആ വിശ്വാസത്തിലാണ്, അയ്യപ്പനോടുള്ള പിതൃതുല്യമായ ബാധ്യതയിലാണ് ലംഘനം കാട്ടിയതെന്ന് പറയാതിരിക്കാനാവില്ല. ശബരിമലയില്‍ ദേവസ്വം ബോര്‍ഡും കമ്മീഷണറും മന്ത്രിയും മാത്രമല്ല ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചും മേല്‍ശാന്തിമാരും മാറും. പക്ഷേ, തന്ത്രിയും തന്ത്രികുടുംബവും മാറുന്നില്ല. ഭക്തരുടെ വിശ്വാസവും അവരുടെ അവകാശങ്ങളും അവരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഒക്കെ സാക്ഷാത്കരിക്കാനുള്ള ബാധ്യത തന്ത്രിക്കും തന്ത്രികുടുംബത്തിനുമാണുള്ളത്. അതിന്റെ വീഴ്ചയ്ക്ക് പരിഹാരം എന്തുവേണമെന്ന് അവര്‍ തന്നെ ആലോചിക്കട്ടെ.
സ്വര്‍ണ്ണത്തോടുള്ള, പണത്തോടുള്ള അത്യാര്‍ത്തിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖമുദ്ര. നാളിതുവരെ ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമലയില്‍ ചെയ്തത്. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ആവശ്യത്തിനു പാത്രങ്ങള്‍ ഉള്ള സമയത്ത് കോടിക്കണക്കിന് രൂപയുടെ പാത്രങ്ങള്‍ വാങ്ങി കമ്മീഷന്‍ അടിക്കുകയും വഞ്ചിപ്പെട്ടി മുതല്‍ സോപാനപ്പടി വരെ മോഷണം ഒരു കലയാക്കുകയും ചെയ്ത ചില എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങളാണ് അവരെയും സംരക്ഷിച്ചത്. പക്ഷേ, ഇത് അല്പം കടന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളിയും വാസവനും ചരിത്രം പഠിക്കണം. അയ്യപ്പന്റെ പണംമോഷ്ടിച്ച ഒരാളും തളരാതെ, വെള്ളമിറങ്ങി മരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മോഷ്ടിച്ചവരെ മുഴുവന്‍ കണ്ടെത്തുകയും മോഷണമുതല്‍ അയ്യപ്പന്റെ തൃപ്പടിയില്‍ വച്ച് മാപ്പ് പറയുകയും ചെയ്താല്‍ മാത്രമേ മര്യാദയ്ക്ക് മരിക്കാന്‍ പോലും കഴിയൂ എന്ന് ഓര്‍മ്മിക്കുക. അയ്യപ്പസംഗമം നടത്തി ആളാകാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ തിരിച്ചടി എത്ര വലുതാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായി കാണും എന്ന് കരുതട്ടെ.






















