കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാജ്ഭവനില്‍ വെച്ച ഭാരതമാതാ ചിത്രത്തിനു ചിലര്‍ കണ്ട കുഴപ്പം അതിനു പിന്നിലെ അഖണ്ഡ ഭാരതത്തിന്റെ ചിത്രം ആയിരുന്നു. അത് ഭാരതത്തിന്റെ ഭൂപടമല്ല എന്ന് അവര്‍ ഭൂതക്കണ്ണാടി വെച്ച് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ വിജയദശമിനാളില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നൂറു രൂപ നാണയത്തില്‍ ഇതേ ഭാരതമാതാവിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ ഭൂപടത്തെ അംഗീകരിക്കുന്നു എന്നാണല്ലോ ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തങ്ങളുടെ ഭൂപ്രദേശം ഭാരതത്തിന്റേതാക്കി എന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും നമ്മുടെ വിദേശബന്ധം വഷളാകുമെന്നുമാണ് കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്.ഇതിനു പിന്നാലെ അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്താക്കി പാകിസ്ഥാന്റെ വിലക്ക് തൃണവല്‍ഗണിച്ച് ഭാരതത്തിലെത്തി നയതന്ത്ര ബന്ധങ്ങള്‍ ദൃഢതരമാക്കി.
തനി ഇസ്ലാമിസ്റ്റുകളായ താലിബാന്‍ ഹിന്ദുത്വവാദികളായ ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ഭാരതവുമായി നയതന്ത്രബന്ധം സ്ഥാപിക്കുക മാത്രമല്ല, പ്രകോപിപ്പിക്കാന്‍ വന്ന പാകിസ്ഥാനു നേരെ യുദ്ധം ചെയ്യാനും മടിച്ചില്ല. തങ്ങളുടെ പരിപാടിയില്‍ നിന്ന് സ്ത്രീകളെ വിലക്കാറുള്ള അവര്‍ ദല്‍ഹിയിലെ അഫ്ഗാന്‍ എംബസിയിലെ പത്രസമ്മേളനത്തില്‍ വനിത പത്രപ്രവര്‍ത്തകരെ വിലക്കിയത് ഒച്ചപ്പാടായപ്പോള്‍ തങ്ങളുടെ നിലപാട് തന്നെ മാറ്റി സ്ത്രീകളേയും ക്ഷണിച്ചു. തങ്ങളുടെ മണ്ണില്‍ ഭാരത വിരുദ്ധ ഭീകരവാദം അനുവദിക്കില്ലെന്ന ഉറപ്പും അദ്ദേഹം നല്‍കി. രണ്ടു രാജ്യങ്ങളാണെങ്കിലും തങ്ങള്‍ക്കിടയിലെ പൈതൃകമായുള്ള ഒരുമയ്ക്ക് രക്തബന്ധത്തിന്റെ പശിമയുണ്ടെന്നും മതശാസനയേക്കാള്‍ വലുതാണ് അതെന്നുമുള്ള വസ്തുതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. എ.എല്‍. ബാഷം എന്ന ചരിത്രകാരന്‍’ ഇന്ത്യ എന്ന അത്ഭുതം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയതും ഈ പൈതൃകമായ ഒരുമയെയാണ്. അതുതന്നെയല്ലേ അഖണ്ഡഭാരതം നല്‍കുന്ന സന്ദേശം?





















