ഓണത്തിനൂഞ്ഞാലുകെട്ടുമ്പൊഴൊക്കെയും
എന്‍ കളിത്തോഴന്‍ വിളിച്ചിരുന്നെന്നെയും
തെക്കേപ്പുറത്തെ പുളിങ്കൊമ്പിനുച്ചിയില്‍
അച്ഛനവന്നായ് ചമച്ചൊരൂഞ്ഞാലുകള്‍
ആടിത്തിമിര്‍ത്ത സായന്തനക്കൂട്ടുകള്‍…
ആടിത്തൊടാനാഞ്ഞ ചില്ലതന്നോര്‍മ്മകള്‍
എത്തിപ്പിടിക്കുവാനാവാത്ത കൊമ്പുകള്‍
കുത്തിനോവിച്ചു തുടങ്ങിപിന്നെപ്പിന്നെ
കാലംകടന്നു വളര്‍ന്ന നോവാറുവാന്‍
ഒറ്റക്കയറില്‍ കൊരുത്തൊരൂഞ്ഞാലതില്‍
ഒറ്റയ്ക്കവന്നാടി നിര്‍ത്തിയാഘോഷങ്ങള്‍
എത്തി ഞാന്‍ വൈകിയെന്നാലും സുഹൃത്തിനെ
കണ്ടന്ത്യയാത്ര മൊഴിഞ്ഞു പോന്നീടുവാന്‍
എല്ലാം പഴയതുമാതിരി പൂമുഖത്തമ്മയിരി-
ക്കയാണാരെയോ കാത്തപോല്‍
ഇന്ദ്രിയമെല്ലാം ക്ഷയിച്ചു പോയെങ്കിലും
പുഞ്ചിരിയൊന്നെനിക്കേകാന്‍ മറന്നീല…
ഉണ്ടവന്‍ കോടിപുതച്ചു നടുത്തള-
ത്തിണ്ണയില്‍ നന്നായുറങ്ങുന്ന മാതിരി…
എത്തി ഞാനെന്നറിഞ്ഞാലുണര്‍ന്നേറ്റവന്‍
കെട്ടിപ്പിടിച്ചുകുശലം മൊഴിഞ്ഞിടാം…
വേണ്ട ഞാനായിട്ടുണര്‍ത്തേണ്ടവന്‍ വിട്ടു –
പോയ ദു:ഖത്തിന്‍ വഴികള്‍ താണ്ടീടുവാന്‍
പാതി വായിച്ചുമടക്കാത്ത പുസ്തകം
പാതി കുടിച്ച ചായക്കോപ്പ പൊട്ടിയ
പാനപാത്രം കണ്ണുനീര്‍വീണ കത്തുകള്‍…
ഞെട്ടിത്തെറിച്ചു നിലച്ച വാച്ചും ഫോണുമുണ്ടു-
കിടപ്പുമുറിക്കകത്തിപ്പൊഴും…
ഉണ്ടവന്റേതായ ഗന്ധം കുടിച്ചതാം
ജീര്‍ണ്ണ കുപ്പായങ്ങളങ്ങിങ്ങനാഥമായ്…!
ഒക്കെയും ബാക്കിയാക്കി തൂങ്ങി നില്‍ക്കയാ-
ണിപ്പൊഴും പണ്ടത്തെ ഓണഊഞ്ഞാല്‍ക്കയര്‍ …!






















