Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ശബരിമലയിലെ തങ്കം ചെമ്പാക്കിയ ചെമ്പട

കെ.വി. രാജശേഖരൻകെ.വി. രാജശേഖരൻ
17 October 2025

പൊന്നു പതിനെട്ടാം പടി കയറി, സ്വാമി അയ്യപ്പ സന്നിധാനമായ ‘ശബരിമലയില്‍ തങ്ക സൂര്യോദയം’ കണ്ട്, ‘സംക്രമപ്പുലരിയില്‍ അഭിഷേകം’ കണ്ട്, തത്വമസിയുടെ പൊരുളറിഞ്ഞ്, എല്ലാമെല്ലാം അയ്യപ്പനെന്ന് തിരിച്ചറിഞ്ഞ് നിര്‍വൃതിയടയുന്ന ഹൈന്ദവ വിശ്വാസി സമൂഹത്തോടാണ് പോര്‍വിളി! ‘സഖാവ്’ ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്നില്‍ നിര്‍ത്തി, ജിഹാദി സ്വാധീനത്തില്‍ ജനിതക മാറ്റം സംഭവിച്ച കമ്മ്യൂണിസ്റ്റ് വൈറസ്സിനെ ആയുധമാക്കി, പിണറായി വിജയന്‍ നയിക്കുന്ന കമ്മ്യൂണിസ്റ്റ് – ഫാസിസ്റ്റ് ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവില്‍ തിരുവാതില്‍പാളികളുടെയും കട്ടിളയുടെയും കിലോക്കണക്കിന് തനിത്തങ്കത്തില്‍ തീര്‍ത്ത ആവരണങ്ങളെ ചുമന്ന് മാറ്റി ഉരുക്കി വിറ്റ് മാര്‍ക്‌സിസ്റ്റ് മാടമ്പികള്‍ തടിച്ചുകൊഴുത്തതിന്റെ വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത് ഗൗരവമുള്ളതും അപകടകരവുമായ സൂചനകളിലേക്കാണ്. ഹൈന്ദവ ധര്‍മ്മവും ഭാരതീയ ദേശീയതയും തകര്‍ത്തു തരിപ്പണമാക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മുഹമ്മദ് ഗസ്‌നി സോമനാഥക്ഷേത്രം കൊള്ളയടിച്ചപ്പോള്‍ കാണിച്ച ആവേശം തന്നെയാണ് സ്വന്തം കുടുംബത്തെ തന്നെ ജിഹാദി കമ്മ്യൂണിസത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായിയുടെ ഫാസിസ്റ്റ് ഭരണകൂടത്തില്‍ പ്രകടമാകുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

നായനാരുടെ കാലത്തെ തങ്കം പിണറായിയുടെ കാലത്ത് ചെമ്പായി മാറിയത് മാര്‍ക്‌സിസ്റ്റ് മാജിക്കോ?
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1998ലാണ് വിജയ് മല്ല്യ എന്ന വ്യവസായി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 30.291 കിലോ ഇരുപത്തിനാലു കാരറ്റ് തനിത്തങ്കം സ്വാമി അയ്യപ്പന്റെ തിരു സന്നിധാനത്ത് സമര്‍പ്പിച്ചത്. അന്നു മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കഴുകന്‍ കണ്ണുകള്‍, കട്ടു മുടിക്കാനുള്ള മോഹത്തോടെ, കോടികളുടെ മൂല്യമുള്ള ആ സമ്പത്തില്‍ പതിഞ്ഞിരിക്കുകയായിരുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇഎംഎസ്സും ഇ.കെ.നായനാരും അച്യുതാനന്ദനും പിണറായിയുമൊക്കെ കമ്മ്യൂണിസ്റ്റ് മൂഖ്യമന്ത്രിമാരായി കേരളം ഭരിച്ചപ്പോഴൊക്കെ ‘സഖാക്കള്‍ക്ക്’ ദേവസ്വം ബോര്‍ഡും ശബരിമലയും യഥേഷ്ടം പണം അടിച്ചു മാറ്റാനുള്ള ‘എടിഎം’ കൗണ്ടറുകളായിയുന്നു. ഒപ്പം തന്നെ, ശബരിമല സന്നിധാനത്തെയും മറ്റു ഹൈന്ദവ വിശ്വാസകേന്ദ്രങ്ങളെയും തകര്‍ക്കുകയെന്നത് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയ, അവരുടെ, ലക്ഷ്യങ്ങളുമായിരുന്നു. പാര്‍ട്ടിയ്ക്കും സഖാക്കള്‍ക്കും വേണ്ടത്ര അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുമ്പോഴും വ്യക്തിപരമായി അഴിമതിയുടെ കറ പുരളാത്തവരായിട്ടാണ് കേരള സമൂഹം ആദ്യ മൂന്നു പേരെയും ഇന്നും മനസ്സിലാക്കുന്നത്. പക്ഷേ ‘അമ്പലവാസികളൊക്കെ കക്കുമ്പോള്‍’ അക്കാര്യത്തില്‍ അവരെയൊക്കെ കവച്ചുവെക്കുന്ന ബഹുകേമനായ ‘എമ്പ്രാനായാണ്’ പിണറായി വിജയനെ കേരളം തിരിച്ചറിഞ്ഞിട്ടുള്ളത്. അതുപോലെ ഹൈന്ദവ വിശ്വാസം തകര്‍ക്കുകയെന്നത് ആദ്യ മൂന്നു പേര്‍ക്കും മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്ത്രപരമായ നിലപാടുകളായിരുന്നുവെങ്കില്‍ പിണറായി വിജയന് അത് ഇസ്ലാമിക മതമൗലികവാദികളുടെയും തീവ്രവാദികളുടെയും നേതൃത്വത്തിലുള്ള ജനവിഭാഗങ്ങളെ തന്റെ വോട്ടു ബാങ്കാക്കി അധികാരമുറപ്പിക്കുവാനുള്ള, അവസരവാദത്തിന്റെയും അടവു നയത്തിന്റെയും ഭാഗമാണ്.

മാര്‍ക്‌സിസ്റ്റുകള്‍ തങ്കത്തട്ടിപ്പിന് തുടക്കം കുറിക്കുന്നു
ആ ഒരു പശ്ചാത്തലത്തില്‍ വേണം, സുപ്രീം കോടതിയില്‍ നിന്ന് ചോദിച്ചു വാങ്ങിയ ഒരു വിധിയുടെ പേരില്‍ ശ്രീശബരീശ്വര സന്നിധാനത്ത് ആചാരലംഘനത്തിന് ആവേശം കാട്ടിയും സമരത്തിനിറങ്ങിയ ആയിരക്കണക്കിന് ധര്‍മ്മഭടന്മാരെ കള്ളക്കേസുകളില്‍ കുടുക്കിയും പിണറായി സര്‍ക്കാര്‍ അമ്പലം വിഴുങ്ങി സഖാക്കള്‍ക്ക് അവസരമൊരുക്കിയതിനെ നോക്കിക്കാണേണ്ടത്. പകല്‍ക്കൊളള നടത്തിയാലും പ്രതിരോധിക്കപ്പെടില്ലെന്ന ഉറപ്പു കിട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡിലെ സഖാക്കള്‍ തന്നെ കിട്ടിയ അവസരം മുതലെടുക്കാന്‍ ആസൂത്രിതമായ പദ്ധതികളുമായി രംഗത്തിറങ്ങി. ആ ഗൂഢപദ്ധതികളുടെ ഭാഗമായി വിജയ് മല്ല്യ സമര്‍പ്പിച്ച കോടികള്‍ മൂല്യമുള്ള തനിത്തങ്കം അടിച്ചു മാറ്റുന്നതിനുള്ള പദ്ധതികള്‍ക്കാണ് 2019 മെയ് 18നു തുടക്കം കുറിച്ചത്. (ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം ആ വര്‍ഷം ഏപ്രില്‍ 23നാണ് ലോക് സഭാ തിരഞ്ഞെടുപ്പിനായി കേരളത്തില്‍ വോട്ടെടുപ്പ് നടന്നത് എന്നതാണ്. ശബരിമല വിഷയത്തിലെ ജനവികാരം ഇടതു വര്‍ഗീയ മുന്നണിയെ ഇരുപത് സീറ്റുകളില്‍ പത്തൊന്‍പതിലും പരാജയപ്പെടുത്തിയ ആ തിരഞ്ഞെടുപ്പിന്റെ ഫലം, എണ്ണി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പിണറായി ഭരണത്തിന് അറുതി വരുമെന്നേ അന്ന് കണക്കാക്കാന്‍ കഴിയുമായിരുന്നുള്ളു. അതോടെ ശബരിമലയിലെ തങ്കം അടിച്ചു മാറ്റുന്നത് വൈകിയാല്‍ നടക്കാതെ പോകുമോയെന്ന ഭയമുണ്ടായിക്കാണണം!). അന്ന് കൈ വെച്ചത്, ശ്രീ കോവിലിന്റെ കട്ടിളപ്പടി, കട്ടിളയുടെ മുകളിലുള്ള ശിവരൂപം, അതിന്റെ പ്രഭ, വ്യാളീരൂപം എന്നിവയില്‍ ആവരണം ചെയ്തിരുന്ന ചെമ്പ് പാളികളുടെ മേല്‍ പതിച്ചിരുന്ന തങ്കത്തിന് മേലെയായിരുന്നു. 2019 മാര്‍ച്ച് 20നാണ് സഖാവ് എ. പദ്മകുമാര്‍ അദ്ധ്യക്ഷനായ ദേവസ്വം ബോര്‍ഡ് അതിനുത്തരവിറക്കിയത്. തങ്കം പതിച്ച ചെമ്പ് പാളികളെ വെറും ചെമ്പ് പാളികളായി കള്ളരേഖ ചമച്ചാണ് പുതുക്കാനെന്നും പറഞ്ഞ് ഉരുപ്പടികള്‍ പുറത്തേക്ക് കടത്തിയത്. ശബരിമലയുമായോ ദേവസ്വം ബോര്‍ഡുമായോ ഔദ്യോഗികമായോ ഔപചാരികമായോ ഒരു ബന്ധവുമില്ലാത്ത ‘സഖാവ്’ ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ‘അവതാരത്തിനാണ്’ അന്നു മുതല്‍ മുന്നോട്ട് നിശ്ചയിച്ചുറപ്പിച്ചിരുന്ന മോഷണ ശൃംഖലകളുടെ ‘ക്വട്ടേഷന്‍’ നല്‍കിയത്. അതേ തുടര്‍ന്ന്, 2019 ജൂലായ് 19ന് ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളെ ആവരണം ചെയ്തിരുന്ന തങ്കം പൊതിഞ്ഞ ചെമ്പ് പാളികളും വെറും ചെമ്പ് പാളികളെന്ന് കള്ളരേഖയുണ്ടാക്കി പുറത്തുകൊണ്ടുപോയി, പകരം സ്വര്‍ണ്ണം പൂശുക മാത്രം ചെയ്ത ചെമ്പു പാളികള്‍ തിരിച്ചു കൊണ്ടുവന്ന് വെച്ച് രണ്ടാം ഘട്ട മോഷണവും ‘വിജയകരമായി’ നടപ്പിലാക്കി.

ADVERTISEMENT

ആദ്യ മോഷണവിജയം സഖാക്കളില്‍ അടുത്തതിനുള്ള ആവേശം ഉണര്‍ത്തി
ഒരു മോഷണശ്രമം വിജയിച്ചാല്‍ അടുത്തതിലേക്ക് കടക്കാനുള്ള ആവേശമാണ് പൊതുവെ കള്ളന്മാരില്‍ കണ്ടുവരുന്നത്. അതാണ് 2019ല്‍ തിരികെ കൊണ്ടുവെച്ച സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങളുടെ പാളികളെ (2019ല്‍ ഇളക്കി മാറ്റിയത് തങ്കം പൊതിഞ്ഞ ചെമ്പ് പാളികളായിരുന്നെന്നും തിരിച്ചു കൊണ്ടുവെച്ചത് സ്വര്‍ണ്ണം പൂശുക മാത്രം ചെയ്ത ചെമ്പ് പാളികളായിരുന്നെന്നും ഓര്‍ക്കുക) വീണ്ടും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൊണ്ടുപോയി ഒരിക്കല്‍ കൂടി സ്വര്‍ണ്ണം പൂശാനുള്ള അവസരം തേടുന്നതില്‍ അവസാനിച്ചത്. ചെമ്പു പാളികളില്‍ സ്വര്‍ണ്ണം പൂശി നല്‍കിയപ്പോള്‍ നാല്പത് വര്‍ഷത്തെ വാറന്റിയും നല്‍കിയിരുന്നു. എന്നിട്ടും പണിചെയ്തു നല്‍കി മൂന്നു വര്‍ഷത്തിനുള്ളില്‍ 2023ല്‍ തന്നെ അതേ പാളികള്‍ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്നതാണ് ഇവിടെ ഏറ്റവും ദുരൂഹമായ കാര്യം. 2019ലെ കവര്‍ച്ചയിലൂടെ തങ്കം കൈക്കലാക്കിയതോടെ തങ്കമോഷണ സാദ്ധ്യത ഇല്ലാതായെന്നിരിക്കെ അത്തരം ഒരു ശ്രമത്തിനെന്തായിരുന്നു കാരണങ്ങള്‍ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. ആ കാരണങ്ങള്‍ പലതാകാം. (1) കൊണ്ടു പോകുകയും മടക്കികകൊണ്ടു വരികയും ചെയ്യുന്നതിന്റെയും വീണ്ടും പൂശാന്‍ വേണ്ടി വരുന്ന സ്വര്‍ണ്ണം വാങ്ങുന്നതിന്റെ പേരിലുണ്ടാകാവുന്ന അഴിമതി സാദ്ധ്യത (2) 2019 ല്‍ ചെയ്തതുപോലെ പല ഭക്തരായ വ്യവസായികളുടെയും മറ്റും ഇടങ്ങളില്‍ കൊണ്ടുപോയി പൂജകള്‍ നടത്തി പണം തേടാനുള്ള സാധ്യത (3) പാളികളില്‍ സ്വര്‍ണ്ണം പൂശുന്നതിന്റെ പേരില്‍ ഭക്തരില്‍ നിന്ന് വലിയ തോതില്‍ രഹസ്യപ്പിരിവിനുള്ള സാദ്ധ്യത. ഏതായാലും, എന്നാല്‍ 2025 സപ്തംബര്‍ ഏഴിന്, ശ്രീകോവിലിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ദ്വാരപാലകശില്പങ്ങളിലെയും അവയുടെ പീഠങ്ങളിലെയും സ്വര്‍ണ്ണപ്പാളികള്‍ പുതുക്കാനെന്നും പറഞ്ഞ് വീണ്ടും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായതോടെയാണ് പിണറായി ഭരണത്തണലില്‍ അരങ്ങേറിയ കവര്‍ച്ചയുടെ ചുരുളഴിയാന്‍ തുടങ്ങിയത്.

വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തുന്നു; കണക്കും കള്ളവും പുറത്തറിയാന്‍ വഴിയൊരുങ്ങുന്നു
അത്തരം ജോലികള്‍ സന്നിധാനത്തു തന്നെ ചെയ്യിക്കണമെന്നും വിലപ്പെട്ട വസ്തുക്കള്‍ പുറത്തു കൊണ്ടുപോകാന്‍ പാടില്ലായെന്നുമുള്ള ദേവസ്വം മാനുവലിലെ നിബന്ധന കാറ്റില്‍ പറത്തിക്കൊണ്ടാണ് 2019 ല്‍ തങ്കം പതിച്ച ചെമ്പുപാളികള്‍ ചെന്നെയിലേക്ക് കടത്തിയത്. 2023ല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി ഇറക്കിയ ഉത്തരവ് അങ്ങനെ പുറത്തു കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും അത്തരം പ്രവൃത്തികള്‍ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് അറിയാതെ നടത്തരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ആ ഉത്തരവിന്‍ പ്രകാരം അത്തരം കാര്യങ്ങള്‍ ശബരിമല ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറായി നിയോഗിക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ജഡ്ജിയെ അറിയിക്കേണ്ടതുണ്ടായിരുന്നു. അതിനര്‍ത്ഥം പാളികള്‍ അഴിച്ചു മാറ്റുന്നതിനു മുന്‍കൂറായി തന്നെ വിവരങ്ങളും ഉദ്ദേശങ്ങളും ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത ആ പ്രവൃത്തി ചെയ്ത ദേവസ്വം അധികൃതര്‍ക്ക് ഉണ്ടായിരുന്നു. അതിന് തയ്യാറാകാതെ അവര്‍ തങ്ങളുടെ ദുരുദ്ദേശങ്ങള്‍ സാദ്ധ്യമാക്കുവാന്‍ ദ്വാരപാലകശില്പങ്ങളെയും ശ്രീകോവില്‍ വാതില്‍ പാളികളെയും ആവരണം ചെയ്തിരുന്ന പാളികള്‍ അഴിച്ചു മാറ്റി ‘സഖാവ്’ ഉണ്ണികൃഷ്ണന്‍ പോറ്റി മുഖേന, അനധികൃതമായി പുറത്തു കടത്തി.
അതേ തുടര്‍ന്ന്, ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ അദ്ദേഹത്തെ മുന്‍കൂട്ടി അറിയിക്കാതെ ദ്വാരപാലകശില്പങ്ങളെയും ശ്രീകോവില്‍ വാതില്‍ പാളികളെയും ആവരണം ചെയ്തിരുന്ന പാളികള്‍ അഴിച്ചു മാറ്റിയതായ വിവരം സപ്തംബര്‍ പത്താം തീയതി കേരള ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിനു മുമ്പാകെ സമര്‍പ്പിച്ചു. ജസ്റ്റിസ് കെ.വി. ജയകുമാറും ജസ്റ്റിസ് വി.രാജാ വിജയരാഘവനും അടങ്ങുന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് സംഭവിച്ച കാര്യങ്ങളുടെ ഗൗരവം കണക്കിലെടുത്തുകൊണ്ട്, ആ വിഷയത്തില്‍ സ്വമേധയാ (suo moto) കേസെടുത്ത് തുടര്‍ നടപടിക്രമങ്ങള്‍ക്ക് ഉത്തരവിട്ടു.

അത്തരത്തില്‍ കോടതി നല്‍കിയ ഉത്തരവനുസരിച്ച് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ക്ക് കേരളാ ഹൈക്കോടതിയില്‍ (2025 ഒക്ടോബര്‍ 6) സമര്‍പ്പിക്കേണ്ടി വന്ന രേഖയില്‍ നിന്നാണ് 1998ല്‍ വിജയ് മല്ല്യ സമര്‍പ്പിച്ച തങ്കത്തിന്റെ തൂക്കവും അത് വിനിയോഗിച്ചതിന്റെ പൊതുവായ കണക്കും വ്യക്തമാകുന്നത് (അങ്ങനെ സമര്‍പ്പിച്ച രേഖ, വിജയ് മല്ല്യയുടെ മാക്‌ഡോവല്‍ ആന്‍ഡ് കമ്പനിയുടെ മാനേജര്‍ (ഫിനാന്‍സ്), ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കു സമര്‍പ്പിച്ച, തങ്കവും അത് പതിപ്പിച്ചതിന്റെ വിവരങ്ങളും വിശദീകരിക്കുന്ന, ഒരു കത്താണ്. ആ ഒരു കത്തിനെയാണ് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ക്ക് കോടതിയില്‍ വസ്തുതകള്‍ സമര്‍പ്പിക്കാന്‍ ആശ്രയിക്കേണ്ടി വന്നത് എന്നതു തന്നെ ലഭിച്ച തങ്കത്തിന്റെ അളവും അത് വിനിയോഗിച്ച കണക്കും കൃത്യമായി ദേവസ്വം രേഖകളില്‍ വേണ്ടതു പോലെ ഇല്ലാതായതുകൊണ്ടല്ലേ എന്ന ഗൗരവപൂര്‍വ്വമായ ചോദ്യം ഇവിടെ ഉയരുന്നു). ആ രേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ”സ്വര്‍ണ്ണം പൊതിയല്‍ പദ്ധതിക്ക് വിനിയോഗിച്ച മൊത്തം സ്വര്‍ണ്ണത്തിന്റെ അളവ് ഇനി രേഖപ്പെടുത്തിയിട്ടുള്ളവ ഉള്‍പ്പെടുന്നവയായിരുന്നു: i-)- ശ്രീകോവിലിന്റെ മേല്‍ക്കൂര (മുന്‍വശത്തും പിന്‍വശത്തുമുള്ള കമാനങ്ങള്‍ ഉള്‍പ്പെടെ) (ii-) ഹുണ്ടിക്ക് മുകളിലുള്ള മഴകവചം (iii)- സോപാനത്തിന് മുന്നിലുള്ള ഹുണ്ടി (iv)- ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള അയ്യപ്പചരിതം ചിത്രീകരിക്കുന്ന ആഖ്യാന പാനലുകള്‍ (v) ശ്രീകോവിലിന്റെ മുന്‍വാതിലും അതിനു മുകളിലുള്ള കമാനവും (vi) ശ്രീകോവിലിന്റെ മുന്നിലുള്ള രണ്ട് ദ്വാരപാലകര്‍ (vii) ഘനദ്വാരങ്ങള്‍ (viii) വശങ്ങളിലെ ബീഡിംഗുകളും ചുറ്റുമുള്ള എട്ട് തൂണുകളും, (ix) കന്നിമൂല ഗണപതിയും നാഗരാജാവും ഉള്‍പ്പെടെയുള്ള അഞ്ച് കലശങ്ങള്‍ എന്നിവ ഉള്‍പ്പെടെ മുഴുവന്‍ സ്വര്‍ണ്ണ ക്ലാഡിംഗ് പദ്ധതിക്കും ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ ആകെ അളവ് 30.291 കിലോഗ്രാം ആണെന്ന് ഈ രേഖ സ്ഥിരീകരിക്കുന്നു”. (The total quantity of gold utilised for the entire gold cladding project which include (i) the roof of the sreekovil ( including the front and rear arches) (ii) the rain gutter above the Hundi (iii) the Hundi in front of the sopanam (the narrative panels depicting the story of Lord Ayyappa on both sides of the Sreekovil (v) the front door of the Sreekovil and the arch above it (vi) the two Dwarapalakas in front of the Sreekovil (vii) three Gha nadha warams (Kam akudams) (viii) the side bead ings and eight surrounding pillars, and (ix) five kalasams including those of kannimoola Ganapathy and Nagaraja is recorded as 30.291kg).

ദേവസ്വം വിജിലന്‍സ് ഓഫീസര്‍ സമര്‍പ്പിച്ച ആ റിപ്പോര്‍ട്ടില്‍ നിന്നാണ് 2019ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കാലത്ത് എടുത്തു മാറ്റിയ ദ്വാരപാലക ശില്പങ്ങളെ ആവരണം ചെയ്തിരുന്ന തങ്കത്തിന്റെ കണക്കിലേക്ക് ഹൈക്കോടതി എത്തിച്ചേര്‍ന്നിരിക്കുന്നത്. അക്കാര്യം 2025 ഒക്ടോബര്‍ ആറിന് ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇറക്കിയ ഉത്തരവില്‍ ഇങ്ങനെയാണ് നിരീക്ഷിച്ചിരിക്കുന്നത്: ‘ഈ രേഖ നിര്‍ണ്ണായകമായി സ്ഥാപിക്കുന്നത് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ ദ്വാരപാലകര്‍ 1.564 കിലോഗ്രാം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്നും അതിനാല്‍ അവ 2019 ജൂലൈ 19 ലെ മഹസറില്‍, തെറ്റായി വിവരിച്ചിരിക്കുന്നതുപോലെ വെറും ചെമ്പ് തകിടുകള്‍ ആയിരുന്നില്ലെന്നുമാണ്.” (”This document conclusively establishes the dwarap alakas handed over by the devaswom board to Unnikrishnan Potti had been cladded with 1.564 kg gold and were therefore not mere copper plates, as inaccurately described in the mahazar dated July 19, 2019.’)

അത്തരം വസ്തുതകളില്‍ നിന്ന് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി 2025 ഒക്ടോബര്‍ ആറിന് ഒരു സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. എഡിജിപി എച്ച്. വെങ്കിടേശ് അദ്ധ്യക്ഷനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ആ ഉത്തരവില്‍ 2019ല്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടു പോയ ഉരുപ്പടികള്‍ തിരിച്ചു കൊണ്ടുവന്നപ്പോള്‍ അവയുടെ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന തൂക്കത്തില്‍ ഏകദേശം 4.5 കിലോയുടെ കുറവു സംഭവിച്ചതിനെ ഗൗരവമുള്ള വിഷയമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. അതില്‍ നിന്നും കൊണ്ടു പോയതും തിരികെ കൊണ്ടുവന്നതും വ്യത്യസ്ത പാളികളായിരുന്നെന്ന സംശയം പൂര്‍ണ്ണമായും ന്യായമാണെന്നു വരുന്നുവെന്ന് നിരീക്ഷിച്ചു. അതിന്റെ വെളിച്ചത്തില്‍ ഒറിജിനല്‍ സുവര്‍ണ്ണാവരണമുള്ള ദ്വാരപാലക ശില്പങ്ങള്‍ നല്ല വിലയ്ക്ക് വിറ്റിട്ടുണ്ടാകാനിടയുണ്ടെന്ന ഏറ്റവും ഗൗരവപൂര്‍ണ്ണമായ വിലയിരുത്തലും ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തി.

പൊതുസമൂഹത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്
സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും മാധ്യമങ്ങളിലൂടെയും മറ്റും ലഭ്യമായിക്കൊണ്ടിരിക്കുന്ന വിവരങ്ങളും പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ ഇനി സൂചിപ്പിക്കുന്നവയും ഉള്‍പ്പെടുന്നു.
ദ്വാരപാലക ശില്പങ്ങളുടെ ആവരണങ്ങളായ 1.564കിലോ തങ്കം പൊതിഞ്ഞ ചെമ്പ് പാളികള്‍, ശബരിമലക്ഷേത്രത്തിന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ കേരളസര്‍ക്കാരിന്റെയോ ഔദ്യോഗികമോ ഔപചാരികമോ ആയ ഒരു സംവിധാനത്തിന്റെയും ഭാഗമല്ലാത്ത ‘സഖാവ്’ ഉണ്ണികൃഷ്ണന്‍ പോറ്റി മുഖേന പൊതുസമൂഹത്തിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു കടത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നു? ‘നന്നാക്കി’ തിരിച്ചു കൊണ്ടുവരേണ്ട തങ്കം പതിച്ച ചെമ്പു പാളികളുടെ മഹസര്‍ തയ്യാറാക്കിയപ്പോള്‍ വെറും ചെമ്പൂ പാളികളെന്നു രേഖപ്പെടുത്തിയതിലൂടെ തങ്കം അടിച്ചുമാറ്റിയിട്ട് വെറും ചെമ്പു പാളികള്‍ തിരിച്ചുകൊണ്ടുവരുമ്പോള്‍, നടത്തിയ മോഷണം കണ്ടുപിടിക്കാതിരിക്കാനുള്ള വഴിയൊരുക്കുകയായിരുന്നില്ലേ? (മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നടത്തിയിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളിലും സമാനമായ മുന്നൊരുക്കങ്ങള്‍ കാണാറുണ്ടല്ലോ? ഉദ്ദാഹരണത്തിന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നടപ്പിലാക്കിയപ്പോള്‍ പാര്‍ട്ടി നേതാക്കളിലേക്ക് സംശയമുന നീങ്ങാതിരിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി! പിണറായിയെ പോലെ തന്നെ ‘കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്ന’ ടി.പിയെ, ശബരിമലയില്‍ തങ്കത്തെ ചെമ്പാക്കിയതുപോലെ, കുലംകുത്തിയാക്കി ‘രേഖകളില്‍’ തിരുത്തി പ്രചരിപ്പിച്ചു!)
1998ല്‍ വിജയ് മല്ല്യ സമര്‍പ്പിച്ച തങ്കം ക്ഷേത്രത്തിലെ വിവിധ പ്രതലങ്ങളെ ആവരണം ചെയ്യുന്ന ചെമ്പു പാളികളില്‍ പതിപ്പിച്ചത് സ്വര്‍ണ്ണം മൈക്രോണ്‍ കനമുള്ള പേപ്പറുകളാക്കി ചെമ്പില്‍ മെര്‍ക്കുറി ഉപയോഗിച്ച് പതിപ്പിക്കുന്ന ക്ലാഡിംഗ് രീതിയിലായിരുന്നല്ലോ? അത് കേവലം ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിറം മങ്ങാനുള്ള സാദ്ധ്യത ആ രംഗത്തെ വിദഗ്ധര്‍ തള്ളിക്കളയുമ്പോള്‍ 2019ല്‍ ആ തങ്കകവചം, നന്നാക്കേണ്ട സാഹചര്യം ഉണ്ടായെങ്കില്‍ അത് അസ്വാഭാവികമല്ലേ? അത് എങ്ങനെ സംഭവിച്ചുവെന്നും അതിന്റെ പിന്നില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചോ മറ്റോ നടത്തിയ കുത്സിത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതല്ലേ?

ഒരുപക്ഷേ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ വേണ്ട പ്രതലങ്ങളില്‍ തങ്കം ക്ലാഡിംഗ് രീതിയില്‍ തന്നെ വീണ്ടും പതിപ്പിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? അതായിരുന്നില്ലേ അത്തരത്തില്‍ തങ്കം ആവരണം ചെയ്തിരുന്ന മറ്റു പ്രതലങ്ങള്‍ക്കൊപ്പം സമാനത ഉറപ്പുവരുത്തുവാന്‍ വേണ്ടിയിരുന്നത്. അതിനു പകരം മതിയായ അളവില്‍ തങ്കം പതിപ്പിക്കേണ്ട; ചെറിയ അളവില്‍ സ്വര്‍ണ്ണം പൂശിയാല്‍ മതിയെന്ന ‘വിദഗ്‌ധോപദേശം’ ആരാണ് നല്‍കിയത്?

അനധികൃതമായി ശബരിമലയില്‍ നിന്ന് കള്ള രേഖകള്‍ പ്രകാരം ‘സഖാവ്’ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിട്ട ഉരുപ്പടികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്താന്‍ 39 ദിവസങ്ങള്‍ എടുത്തതിന്റെ പിന്നിലെ രഹസ്യമെന്താണ്? തങ്കമോ സ്വര്‍ണ്ണമോ പതിപ്പിച്ച ചെമ്പു പാളികളുടെ മേല്‍ തങ്ങള്‍ക്ക് സ്വര്‍ണ്ണം പൂശാനാകില്ലെന്നും ഞങ്ങള്‍ സ്വീകരിച്ചത് കേവലം ചെമ്പു പാളികള്‍ മാത്രമായിരുന്നെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുമ്പോള്‍ ശബരിമലയില്‍ നിന്നു കൊണ്ടുപോയ തങ്കകവചിത ചെമ്പു പാളികള്‍ക്ക് എന്തു സംഭവിച്ചെന്നും എങ്ങോട്ടു കൊണ്ടുപോയെന്നും കൊണ്ടു പോയ സഖാവും കൊടുത്തയച്ച സഖാക്കളും ഉത്തരം പറയണ്ടേ?

ദര്‍ശന കാലങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ആദ്യം കൈകള്‍ കൊണ്ട് തൊട്ടു തൊഴുത് പിന്നീട് പാദങ്ങള്‍ പതിപ്പിച്ച് കയറിയിട്ടും തുടരെ തുടരെ പടിപൂജയ്ക്ക് വിധേയമായിട്ടും കൃഷ്ണശിലയില്‍ പഞ്ചലോഹം പതിച്ച പൊന്നു പതിനെട്ടാം പടിയുടെ ആവരണം വീണ്ടും വീണ്ടും ഇളക്കി പുന:സ്ഥാപിക്കുന്നതായി കേട്ടിട്ടില്ല. വെയിലും മഴയും പൊടിയും കാറ്റും എല്ലാം ഏറ്റിട്ടും ശ്രീകോവില്‍ പൊതിഞ്ഞിരിക്കുന്ന തങ്കകവചിത ചെമ്പുപാളികളും ഇളക്കിപ്പണിയേണ്ട സമയമായെന്നാരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ദ്വാരപാലക ശില്പങ്ങളെയും ശ്രീകോവില്‍ വാതില്‍പാളികളെയും മറ്റും ആവരണം ചെയ്യുന്ന തങ്കകവചിത ചെമ്പു പാളികള്‍ മാത്രം 2019ലും 2025ലും ഇളക്കിപ്പണിയേണ്ട അവസ്ഥയിലെത്തിയത്.

ഉര്‍വ്വശീ ശാപം ഉപകാരമാകണം; ദേവസ്വം ബോര്‍ഡിന്റെ ഭരണവീഴ്ചകള്‍ കണ്ടെത്തി തിരുത്തണം
ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന ശബരിമലയിലെ വാര്‍ത്തകള്‍ ഹൈന്ദവസമൂഹത്തില്‍ ആഴമേറിയ മുറിവുകള്‍ ബാക്കിയാക്കുന്നുവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. പക്ഷേ കാറ്റില്‍ തകര്‍ന്ന കൂരയുടെ സ്ഥാനത്ത് പുതിയതൊന്ന് കെട്ടി ഉയര്‍ത്തുവാന്‍ ശ്രമിക്കുന്ന പരിശ്രമശാലിയുടെ ചങ്കുറപ്പ് ഒരു സമാജമെന്ന നിലയില്‍ ഹൈന്ദവര്‍ പ്രകടമാക്കുന്ന സന്ദര്‍ഭമാക്കി ഈ സാഹചര്യത്തെ മാറ്റിയെടുക്കണം. വ്യക്തമായി പറഞ്ഞാല്‍ ശബരിമലയിലെയും ദേവസ്വം ബോര്‍ഡിലെയും അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥന്മാരുടെയും അഴിഞ്ഞാട്ടങ്ങളും അടിമുടി അവസാനിപ്പിച്ച് സുതാര്യവും ഫലപ്രദവും കുറ്റമറ്റതുമായ പുതിയ സംവിധാനം കൊണ്ടുവരുന്നു എന്ന് ഉറപ്പ് വരുത്തുവാനുള്ള ധര്‍മ്മസമരത്തിന് തുടക്കം കുറിക്കണം. അത് സാദ്ധ്യമാകണമെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ വര്‍ത്തമാനകാല അവസ്ഥയെ കുറിച്ച് വ്യക്തമായ ധാരണ, ഉദാഹരണത്തിന് ദേവസ്വം കണക്കുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ അറിഞ്ഞുകൊണ്ട് അവതാളത്തിലാക്കിയ അവസ്ഥ നോക്കണം.

2012 ലെ ദേവസ്വം ഫണ്ട്‌സ് അക്കൗണ്ട്‌സ് റൂള്‍സിലെ, റൂള്‍ 11 അനുസരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓരോ സാമ്പത്തിക വര്‍ഷവും അവസാനിച്ച് ആറു മാസത്തിനകം, (അതായത് അതത് വര്‍ഷങ്ങളിലെ സപ്തംബര്‍ 30നകം) വാര്‍ഷിക കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. പക്ഷേ അങ്ങനെ ഒരു നിബന്ധന സമയബന്ധിതമായി പാലിക്കപ്പെടാറില്ലായെന്നതും രണ്ടര വര്‍ഷത്തിലും അധികം വൈകിപ്പിക്കാറുണ്ടെന്നതുമാണ് പരസ്യമായ രഹസ്യം. അത്തരത്തില്‍ വൈകിപ്പിക്കുന്നതിന്റെ പിന്നില്‍ ദേവസ്വം ബോര്‍ഡിന്റയും കീഴിലുള്ള സ്ഥാപനങ്ങളുടെയും വരവു ചെലവു കണക്കുകളിലും ആസ്തിബാദ്ധ്യതകളിലും ദുരൂഹതകള്‍ നിലനിര്‍ത്തി ഹൈന്ദവ സമൂഹത്തിനവകാശപ്പെട്ട ദേവസ്വം സ്വത്തുകള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് കൊള്ളയടിക്കുന്നതിന് സൗകര്യമുള്ള അന്തരീക്ഷം ബോധപൂര്‍വ്വം സൃഷ്ടിക്കുകയെന്ന ദുഷ്ടലാക്കാണെന്നത് വ്യക്തം. അതിലേക്ക് വിരല്‍ ചൂണ്ടുന്ന പല നിരീക്ഷണങ്ങളും കേരള സര്‍ക്കാരിന്റെ ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ടുകളിലെ ചില നിരീക്ഷണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് ഷെഡ്യൂള്‍ 1 പ്രകാരം ഭൂമി എന്ന ആസ്തി 2.14 കോടിയായിട്ടാണ് കാണിച്ചിരിക്കുന്നതെന്നതു ശ്രദ്ധിക്കുക. അതു തന്നെ ദേവസ്വം ബോര്‍ഡില്‍ അധികാരം കയ്യാളുന്നവരുടെ ഗൂഢലക്ഷ്യങ്ങള്‍ എന്തൊക്കെയാണന്നതിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നു. 1248 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളത്. അവയുടെയെല്ലാം കൂടി ഉടമസ്ഥതയിലുള്ള ഭൂമി ആസ്തികളുടെ മൊത്തം മൂല്യം 2.14 കോടി മാത്രമാണു പോലും. ഭാവിയിലേക്ക് മാറ്റിവെച്ചിട്ടുള്ള ദേവസ്വം ഭൂമികയ്യേറ്റങ്ങള്‍ പിടിക്കപ്പെട്ടു കഴിയുമ്പോള്‍ നഷ്ടപ്പെടുന്നതിന്റെയൊക്കെ മൂല്യം കുറയ്ക്കാനുതകുന്ന ഒരു തന്ത്രമെന്നല്ലേ ഇത്തരം പ്രവൃത്തികളെ കണക്കിലെടുക്കേണ്ടത്? അതോടൊപ്പം സര്‍ക്കാര്‍ പല പേരില്‍ ഏറ്റെടുത്ത ഭൂമിയുടെ പേരില്‍ 500 കോടി കൊടുക്കാനുണ്ടെന്നതും കൂടി കണക്കിലെടുക്കുക. (അത് നല്‍കാന്‍ സര്‍ക്കാരിന് ഉത്സാഹവുമില്ല; വാങ്ങിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് ധൃതിയുമില്ല!). മറ്റ് ആസ്തികളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മൂല്യങ്ങളും ശ്രദ്ധിക്കുക: ക്ഷേത്ര കെട്ടിടങ്ങള്‍ – 12.66 കോടി; മറ്റു കെട്ടിടങ്ങള്‍ – 69.84 കോടി; മറ്റ് ആസ്തികള്‍ – 21.5 ലക്ഷം. 1248 ക്ഷേത്രങ്ങളുടെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങളുടെയും മറ്റും മൊത്തം കണക്കാണീ കാണിച്ചിരിക്കുന്നതെന്നോര്‍ക്കുക. അതെല്ലാം ഭാവിയില്‍ സൗകര്യപ്രദമായ സന്ദര്‍ഭങ്ങളില്‍ പല തട്ടിപ്പുകള്‍ക്കുമുള്ള വഴി തുറന്നിടുവാനാണെന്ന നിഗമനത്തില്‍ ആരെങ്കിലും എത്തിയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? മറ്റൊരു കാര്യം മുദ്രപ്പൊതി എന്ന പേരില്‍ സ്വര്‍ണ്ണവും വെള്ളിയും, ഒന്നിച്ച് കെട്ടി മൊത്തം തൂക്കം രേഖപ്പെടുത്തി വെക്കുന്ന രീതി പല ക്ഷേത്രങ്ങളിലും ഇപ്പോഴും പിന്തുടരുന്നുയെന്നതാണ്. അവയിലൊന്നും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പ്രത്യേകം തൂക്കം രേഖപ്പെടുത്താറില്ല. അത്തരം രീതി, തിരിമറിസാദ്ധ്യതകള്‍ക്ക് വഴി തുറന്നിടുന്നുവെന്ന കാര്യത്തില്‍ എന്തെങ്കിലും സംശയത്തിനിടയുണ്ടോ? ഇനിയുമൊരു കാര്യം പല ക്ഷേത്രങ്ങളിലും ദേവസ്വം അധികാരികള്‍ ഇന്നും ലക്ഷക്കണക്കിന് രൂപയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പണം നേരിട്ടുതന്നെ ഉപയോഗിക്കുന്ന രീതി പിന്തുടരുന്നുവെന്നതാണ്. സമൂഹമാകെ ബാങ്കുകള്‍ വഴിയുള്ള പണം കൊടുക്കല്‍ വാങ്ങലുകളിലേക്ക് നീങ്ങിയിട്ടും ദേവസ്വം അധികാരികള്‍ പഴയ രീതി തന്നെ ഇപ്പോഴും തുടരുന്നതിനു പിന്നിലും സ്ഥാപിത താത്പര്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുയെന്നതല്ലേ സത്യം? ഇത്തരം നിരവധി വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഗുരുതരമായ വീഴ്ചകള്‍ക്ക് പരിഹാരം കണ്ടെത്തി വ്യവസ്ഥാപരമായ തിരുത്തല്‍ സാദ്ധ്യമാക്കാന്‍ മാനേജ്‌മെന്റ്/അക്കൗണ്ടിംഗ് രംഗങ്ങളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു സമഗ്ര പഠനവും പരിശ്രമവും അനിവാര്യമാണെന്ന ഘട്ടം എത്തിയിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ അത്രയുമെങ്കിലും ചെയ്തിട്ട് ആത്യന്തികമായി ക്ഷേത്രങ്ങളെ വിശ്വാസികളിലേക്ക് തിരിച്ചെത്തിക്കുവാന്‍ വേണ്ടി ഒരു ക്ഷേത്ര വിമോചന പ്രസ്ഥാനത്തിനു തന്നെ തുടക്കം കുറിക്കണമെന്ന അവസ്ഥ സംജാതമായിരിക്കുന്നു.

ക്ഷേത്രവിമോചനം സാദ്ധ്യമാകാന്‍ ഹൈന്ദവ സമൂഹം രാഷ്ട്രീയമായി ശക്തമാകണം
അത്തരത്തില്‍ ക്ഷേത്രവിമോചനം സാദ്ധ്യമാകണമെങ്കില്‍ കേരളത്തിലെ ഹൈന്ദവ സമൂഹം ദേശീയതയുടെ മുഖ്യധാരയിലണിചേര്‍ന്ന് രാഷ്ട്രീയമായി ശക്തിതേടണം. അങ്ങനെ ശക്തി നേടുന്നതിന് പ്രയോഗക്ഷമമായ ഒരു കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണം. ചിന്തകള്‍ ആ വഴിയിലേക്ക് തിരിക്കുമ്പോള്‍ ജനാധിപത്യ കേരളത്തില്‍ ഹിന്ദു പാര്‍ശ്വവത്കരിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത് തുടരുന്നതിന്റെ പിന്നിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്തപ്പെടണം. മാറിമാറി വരുന്ന ഇടതുവലതു വര്‍ഗീയ മുന്നണികള്‍ അക്കാര്യത്തില്‍ ഒരേ നിലപാടുകാരാണെന്നത് തിരിച്ചറിയണം.

അധികാരം കയ്യില്‍ വരുമ്പോഴൊക്കെ സോണിയയുടെ കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന വലതുവര്‍ഗീയ മുന്നണിയും പിണറായിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഇടതുവര്‍ഗീയ മുന്നണിയും ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയത്തിന് നിഗൂഢ പദ്ധതികളിലൂടെ വഴികള്‍ തേടിയതാണ് ചരിത്രം. ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശ ശക്തികള്‍ തങ്ങള്‍ക്കുള്ളവരാണെന്നും അവരുടെ ഭരണം തുടരുന്നതാണ് തങ്ങളുടെ മതപരവും സാമ്പത്തികവും സാമൂഹികവുമായ മേല്‍ക്കൈയ്ക്ക് ഉതകുന്നതെന്നുമായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ അവസാന ഘട്ടം വരെ കേരളത്തിലെ ഒരു വിഭാഗം വര്‍ഗീയവാദികളുടെ രാഷ്ട്രീയ ബോദ്ധ്യം. ‘മലയാള മനോരമ’ പോലുള്ള ആ കൂട്ടരുടെ മാധ്യമ മുഖങ്ങള്‍ 1940 കളുടെ ആദ്യ പകുതി വരെ മഹാത്മജിയെ വിളിച്ചിരുന്നതു പോലും മിസ്റ്റര്‍ ഗാന്ധിയെന്നായിരുന്നുവെന്നതാണ് ചരിത്രം. അവരുടെ വൈദികന്മാര്‍ നടത്തിയിരുന്ന പള്ളിക്കൂടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഗാന്ധിജിയെ ‘അന്തിക്രിസ്തു’ എന്ന് വിളിച്ച് അവഹേളിച്ചിരുന്നതായുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ ബ്രിട്ടീഷുകാര്‍ ഭാരതം വിടുമെന്നും രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നുവെന്നും വ്യക്തമായതോടെ അതേ വര്‍ഗീയശക്തികള്‍ കോണ്‍ഗ്രസ്സില്‍ പിടിമുറുക്കാനുള്ള തീവ്രവും ചടുലവുമായ രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടന്നു. യശഃശരീരരായ മന്നത്ത് പദ്മനാഭനും ആര്‍. ശങ്കറും നേതൃത്വം നല്‍കിയിരുന്ന ഹിന്ദു മഹാമണ്ഡലവും അവര്‍ രണ്ടുപേരും ഉള്‍പ്പെട്ടിരുന്ന ദേവസ്വം ബോര്‍ഡുമൊക്കെ ഹൈന്ദവ സമൂഹത്തിന്റെ സംഘടിത മുന്നേറ്റത്തിന് വഴിയൊരുക്കിയാല്‍ തങ്ങള്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്ത് വളര്‍ത്തിയെടുക്കാന്‍ മോഹിച്ച രാഷ്ട്രീയ സ്വാധീനത്തിനു തടസ്സം ഉണ്ടാകുമെന്ന് അവര്‍ ഭയന്നു. അതുകൊണ്ട് ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനും ഭിന്നത വളര്‍ത്താനും ചെയ്യരുതാത്തവയൊക്കെ അവര്‍ ചെയ്തു. അതില്‍ ഏറ്റവും ഭയാനകമായ നടപടിയായിരുന്നു 1950ലെ ശബരിമല തീവെയ്പ്. അത് മൂടിവെക്കുന്നതിനും പ്രതികളെ സംരക്ഷിക്കുന്നതിനും തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ സവിശേഷ ശ്രദ്ധ നല്‍കിയതും ഹൈന്ദവസമൂഹം കണ്ടു. ഐക്യകേരളം സ്ഥാപിക്കപ്പെട്ടതിനു ശേഷമുള്ള കോണ്‍ഗ്രസ്സ് മുന്നണിയുടെ ഭരണകാലത്ത് ഭരണകൂട പിന്തുണയോടെ സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തില്‍ ഉള്‍പ്പെട്ട നിലയ്ക്കല്‍ കുരിശ് നാട്ടി പിടിച്ചെടുക്കാന്‍ നടത്തിയ കുത്സിത ശ്രമങ്ങളും കേരളം കണ്ടു. വര്‍ത്തമാനകാലത്തും ന്യൂനപക്ഷ വര്‍ഗീയ കക്ഷികളെ കൂടെ കൂട്ടി ഇടതെന്നും വലതെന്നും പേരുകൊടുത്ത് രണ്ടു മുന്നണികളുണ്ടാക്കി അധികാരത്തിനു വേണ്ടി പരസ്പരം പോരടിക്കുമ്പോഴും രണ്ടു കൂട്ടരും ലൗ ജിഹാദിന് കൂട്ടുനില്‍ക്കുന്നതിനും മദനിക്കും ഹമാസിനും വേണ്ടിയും പൗരത്വ ഭേദഗതിനിയമത്തിനും പൊതുസിവില്‍ നിയമത്തിനുമൊക്കെ എതിരെയും നിയമസഭയിലുള്‍പ്പെടെ പൊതുനിലപാടൂകള്‍ എടുക്കുന്നതിനും ചരിത്രം സാക്ഷിയായി.

1995 നു ശേഷം, വ്രതം നോക്കി ഇരുമുടിക്കെട്ടുമേന്തി ശബരിഗിരീശ്വര സന്നിധാനത്തില്‍ ദര്‍ശനത്തിനെത്താനിടയുള്ള ഒരാളെയും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇരുകക്ഷികളും അവ സരം നല്‍കിയിട്ടില്ലായെന്നത് മറക്കാതിരിക്കുക. ഇടതു കൂട്ടര്‍ ഹിന്ദുവിനെ അവഹേളിക്കുകയും അരികുവത്കരിക്കുകയും ചെയ്യുന്നതിലൂടെ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചു കൂടെ കൂട്ടാന്‍ ശ്രമിക്കുന്നവരെ തന്നെ നാലു തവണയും മുഖ്യമന്ത്രിമാരാക്കി. വലതുകൂട്ടര്‍ തങ്ങള്‍ക്ക് കിട്ടിയ അവസരങ്ങളൊക്കെ ന്യൂനപക്ഷത്തിലെ തന്നെ ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്തു. അങ്ങനെ എ.ക. ആന്റണിയും ഇ.കെ. നായനാരും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും മൂഖ്യമന്ത്രിമാരായി വിലസിയ കഴിഞ്ഞ മൂന്നു ദശകങ്ങള്‍ ഹൈന്ദവ ക്ഷേത്രങ്ങളെയും വിശ്വാസ പ്രമാണങ്ങളെയും അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവരുടെ പ്രതാപകാലമായി മാറി.

അത്തരം ചരിത്രപരമായ ഒറ്റപ്പെടലുകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തങ്ങള്‍ക്കും അര്‍ഹതപ്പെട്ട ഇടം തേടാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കാന്‍ ഹൈന്ദവ സമൂഹം സന്നദ്ധമാകണം. അങ്ങനെ ഹിന്ദുവിന് അര്‍ഹതപ്പെട്ട ഇടം നേടിയാല്‍ മതപരമായോ ജാതിപരമായോ ലിംഗപരമായോ സാമ്പത്തിക ശേഷിയില്ലായ്മയുടെ പേരിലോ ഒരാളെയും ഒറ്റപ്പെടുത്താതെ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പുതിയ സാമൂഹികവും രാഷ്ട്രീയവുമായ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കുമെന്ന് പ്രതിജ്ഞയെടുക്കണം. മതപരമായ വിവേചനം ഇല്ലാത്ത അത്തരം ഒരു വ്യവസ്ഥിതി സാദ്ധ്യമാക്കിയാല്‍ ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും ആരാധനാലയങ്ങള്‍ അവര്‍ സ്വതന്ത്രമായി പരിപാലിച്ചു പോകുന്നതിനുള്ള മൗലികാവകാശം അനുഭവിക്കുന്നതിനു തുല്യമായി ക്ഷേത്രങ്ങള്‍ അവിശ്വാസികളുള്‍പ്പെടുന്ന രാഷ്ടീയക്കാരുടെ ഭരണത്തില്‍ നിന്ന് മോചിപ്പിച്ച് സനാതനധര്‍മ്മത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളാക്കി മാറ്റിയെടുക്കാന്‍ കഴിയും. കാറല്‍ മാര്‍ക്‌സില്‍ നിന്ന് മുഹമ്മദ് ഗസ്‌നിയിലേക്ക് ചുവടുമാറിയ പിണറായി വിജയന്റെ ഹിന്ദുവിരുദ്ധ ഭരണകൂടത്തിന്റെ കീഴില്‍ ശബരിമലയില്‍ നടത്തിയ പകല്‍ക്കൊള്ളയോടുള്ള പ്രതികരണം അത്തരമൊരു പരിവര്‍ത്തനത്തിനു വേണ്ടി വഴിയൊരുക്കണം. അതിനുള്ള അവസരങ്ങളാണ് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സംസ്ഥാന നിയമസഭയിലേക്കും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകള്‍ തുറന്ന് നല്‍കുന്നത്. വോട്ടു ചോദിക്കുന്നത് കോണ്‍ഗ്രസ്സുകാരനാണെങ്കിലും കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും ഭാരതീയ ജനതാ പാര്‍ട്ടിക്കാരനാണെങ്കിലും ഏതു കൊടി പിടിക്കുന്നവനാണെങ്കിലും ”നിങ്ങളുടെ മാനിഫെസ്റ്റോകളില്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ വിമോചനം ഉറപ്പു നല്‍കിയിട്ടു മാത്രം ഞങ്ങളെ സമീപിച്ചാല്‍ മതി” എന്നങ്ങ് പറഞ്ഞുകൂടേ?

Tags: ശബരിമലപിണറായിചെമ്പ്
Share1TweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies