ബി.ജെ.പി കേരളത്തില്‍ ഭരണം പിടിക്കേണ്ടത് ഹിന്ദുസമുദായത്തിനു വേണ്ടിയാവണമെന്ന് അബദ്ധത്തിലെങ്ങാന്‍ ഒരു ബി.ജെ.പിക്കാരന്‍ പറഞ്ഞു പോയാലത്തെ സ്ഥിതി എന്തായിരിക്കും? ചാനല്‍ചര്‍ച്ച, രാഷ്ട്രീയക്കാരുടെ പ്രതിഷേധം, സാമുദായിക സ്പര്‍ദ്ധയുണ്ടാക്കി എന്ന കുറ്റം ചുമത്തി ജാമ്യമില്ലാവകുപ്പനുസരിച്ച് കേസ്, ബി.ജെ.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങി എന്തൊക്കെ രാഷ്ട്രീയ ഭൂമികുലുക്കം ഇവിടെ അരങ്ങുതകര്‍ക്കും. എന്നാല്‍ യു.ഡി.എഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിനു വേണ്ടിയാണ് എന്ന് ലീഗിന്റെ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി കോണ്‍ഗ്രസ് നേതാക്കളെവരെ വേദിയിലിരുത്തി പച്ച വര്‍ഗ്ഗീയത പ്രസംഗിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ തണുപ്പന്‍ പ്രതികരണങ്ങള്‍ക്കപ്പുറം അത് ചര്‍ച്ചയേ ആയില്ല. കഴിഞ്ഞ ഒമ്പതു കൊല്ലംകൊണ്ട് മുസ്ലിം സമുദായത്തിന് സ്‌കൂളും കോളേജും കിട്ടിയത് എത്രയെന്നും ആ കുറവ് യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നികത്തണമെന്നുമാണ് ഷാജി പറഞ്ഞത്. തിരഞ്ഞെടുപ്പ് വരുന്നതിനു മുമ്പു തന്നെ തങ്ങള്‍ ഭരിക്കുക മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ് എന്ന് പരസ്യമായി പറയുന്നവര്‍ അധികാരത്തില്‍ എത്തിയാല്‍ മറ്റു സമുദായങ്ങളുടെ സ്ഥിതി എന്തായിരിക്കും? ഷാജിയെ ശാസിക്കാന്‍ ലീഗിലെന്നല്ല യു.ഡി.എഫില്‍ പോലും ഒരാളുണ്ടായില്ല.
ഷാജി പറഞ്ഞത് കുറഞ്ഞുപോയോ എന്നേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കു സംശയമുള്ളു! കേരളം എന്നല്ല ഇന്ത്യ തന്നെ ഭരിക്കേണ്ടത് മുസ്ലിം സമുദായത്തിനു വേണ്ടിയാണ് എന്ന തരത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യ കൂടുതല്‍ കാലം ഭരിച്ചത് മുസ്ലിം രാജാക്കന്മാരാണ് എന്നും അവര്‍ക്ക് ഈ രാജ്യത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നുവെന്നും നമ്മെ ചരിത്രം പഠിപ്പിക്കുന്ന ചെന്നിത്തലക്ക് ഇന്ത്യ ഒരു മുസ്ലിംരാജ്യമായില്ല എന്നതില്‍ വലിയ ഖേദമുണ്ട് എന്നു തോന്നുന്നു. എ.ഡി. 712 -ല്‍ മുഹമ്മദ് ബിന്‍ കാസിം മുതല്‍ അവസാനത്തെ മുഗള രാജാവുവരെ ശ്രമിച്ചിട്ടും ഈ രാജ്യത്തെ ഇസ്ലാമികവല്‍ക്കരിക്കാനായില്ലെങ്കിലും കോണ്‍ഗ്രസ്സിനെ ഇസ്ലാമികവല്‍ക്കരിക്കാനും ലീഗിന്റെ കയ്യിലെ പാവയാക്കാനും അവര്‍ക്കു സാധിച്ചു. അതുകൊണ്ടാണല്ലോ ഈ രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശി മുസ്ലിങ്ങളാണ് എന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. രാഹുലിനും പ്രിയങ്കക്കും വരെ പാര്‍ലമെന്റിലെത്തണമെങ്കില്‍ ലീഗിന്റെ കനിവു വേണം എന്നതാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ ദുരവസ്ഥ. ഷാജിയേക്കാള്‍ വിഷമുള്ള ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഇന്ന് യു.ഡി.എഫിന്റെ മാളത്തിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ”കേരളത്തിന്റെ മോചനം ഇസ്ലാമിലൂടെ” എന്നുകൂടി ചേര്‍ത്താല്‍ സംഗതി കുശാലായി.





















