ഭാരതത്തിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ച വീണ്ടും സജീവമാവുകയാണ്. ഭാരതരത്‌നം ബഹുമതി നല്‍കിയിരുന്നതിലെ അപാകതകള്‍ ഒക്കെ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. 1954 ലാണ് ഭാരതരത്‌നം ബഹുമതി നല്‍കി തുടങ്ങിയത്. സ്വതന്ത്ര ഭാരതത്തിലെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും ഒക്കെയായ സി രാജഗോപാലാചാരിക്കാണ് ആദ്യ ഭാരതരത്‌നം നല്‍കിയത്.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 50 പേര്‍ക്കാണ് ഇതുവരെ ഭാരതരത്‌നം നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതിയാണ് രാജ്യത്തെ ഈ പരമോന്നത ബഹുമതി നല്‍കുന്നത്. ഭാരതരത്‌നം ലഭിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. നാല്പതാമത്തെ വയസ്സിലാണ് ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌നം ലഭിച്ചത്. ഭാരതരത്‌നത്തിന് എല്ലാ തരത്തിലും അര്‍ഹനാണ് അ ദ്ദേഹം. ലോക ക്രിക്കറ്റ് രംഗത്ത് ഭാരതത്തിന്റെ അദ്വിതീയ സ്ഥാനം ഉറപ്പിക്കുന്നതില്‍ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലവുമായിരുന്നു.
ഭാരതരത്‌നം ബഹുമതി നല്‍കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടിയിട്ടുള്ള തരംതിരിവും വേര്‍തിരിവും തന്നിഷ്ടവും ഈ സമയത്ത് വിലയിരുത്താതിരിക്കാന്‍ ആവില്ല. 1954 ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 55 ല്‍ തന്നെ സ്വന്തം ശുപാര്‍ശയില്‍ പ്രധാനമന്ത്രി നെഹ്‌റു ഏറ്റുവാങ്ങി. ഭാരതരത്‌നത്തിന്റെ ചട്ടം തന്നെ പ്രധാനമന്ത്രിയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി നല്‍കണം എന്നാണ്. സ്വന്തം ശുപാര്‍ശയില്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ ഭാരതരത്‌നം ഏറ്റുവാങ്ങിയതിലൂടെ തുടങ്ങുന്നു ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരും നടത്തിയിട്ടുള്ള അധാര്‍മിക ഇടപെടലുകള്‍.
നെഹ്‌റുവിന്റെ മകള്‍ ഇന്ദിരയും പ്രധാനമന്ത്രി ആയിരിക്കെ തന്നെ 1971 ല്‍ സ്വന്തം ശുപാര്‍ശയില്‍ ഭാരതരത്‌നം വാങ്ങി. പിന്നീട് നെഹ്‌റു കുടുംബക്കാരനായ രാജീവിനും മരണാനന്തരം ഭാരതരത്‌നം സമ്മാനിച്ചു. ഇവര്‍ ആരും ഭാരതരത്‌നം നല്‍കാതിരിക്കാന്‍ തക്ക മോശക്കാരാണെന്നോ അനര്‍ഹരാണെന്നോ ഉള്ള അഭിപ്രായം ഇല്ല. പക്ഷേ, സ്വന്തം ശുപാര്‍ശയില്‍ സ്വയം ഭാരതരത്‌നം എന്ന പരമോന്നത ബഹുമതി സ്വന്തം സര്‍ക്കാരില്‍നിന്ന് ഏറ്റുവാങ്ങുമ്പോള്‍ ഇവരൊക്കെ വല്ലാതെ ചെറുതായിപ്പോയി എന്ന് തോന്നുന്നു. അതേസമയം ഭരണഘടനാ ശില്പിയായ ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ക്കോ, നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ആധുനിക ഭാരതത്തിന്റെ രൂപകല്‍പ്പന ചെയ്ത സര്‍ദാര്‍ വല്ലഭഭായി പട്ടേലിനോ അവരുടെ ജീവിതകാലത്തോ മരണത്തിനടുത്തോ പുരസ്‌കാരം നല്‍കിയില്ല. അവരുടെ മരണം കഴിഞ്ഞ് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് അവരെ പുരസ്‌കാരത്തിന് പരിഗണിച്ചത് തന്നെ.
രാഷ്ട്രപിതാവ് എന്ന പേരില്‍ കോണ്‍ഗ്രസ് ഒതുക്കിയ മഹാത്മാഗാന്ധിക്കും സ്വാതന്ത്ര്യസമരത്തിന്റെ വീര ഇതിഹാസവും ഉജ്ജ്വല പ്രതിഭയുമായ സുഭാഷ് ചന്ദ്ര ബോസിനെയും ഭാരതരത്‌നത്തിന് പരിഗണിച്ചില്ല. ഇങ്ങനെ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ ആദ്യ പുരസ്‌കാരത്തിനായി ഗാന്ധിജിയെയും ബോസിനെയും എന്തുകൊണ്ട് പരിഗണിച്ചില്ല എന്നതിന് ഇനിയും ഉത്തരം പറയേണ്ടത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. നെഹ്‌റുവുമായും കോണ്‍ഗ്രസുമായും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച മറ്റ് ആശയധാരകളിലുള്ള ആരെയും തന്നെ ഭാരതരത്‌നം ബഹുമതിക്ക് പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം. ആ പട്ടികയിലാണ് ഭരണഘടനാശില്പി ബി. ആര്‍. അംബദ്ക്കറും സര്‍ദാര്‍ വല്ലഭഭായി പട്ടേലും ഒക്കെ. 90 കളിലേക്ക് നെഹ്‌റു കുടുംബം വിട്ടൊഴിഞ്ഞതിനുശേഷം മാത്രം പരിഗണിക്കപ്പെട്ടത് എന്ന സത്യം ഭാരത രാഷ്ട്രീയത്തിന്റെ ഉള്ളു പൊള്ളുന്ന അവഗണനയുടെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുന്നതാണ്.
കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന് ദിശാപരമായ കാഴ്ചപ്പാട് നല്‍കിയത് രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിന് ഊടും പാവും പകര്‍ന്ന ശില്പി ആര്‍ എസ് എസ്സിന്റെ സ്ഥാപകനായ ഡോക്ടര്‍ജി അഥവാ ഡോക്ടര്‍ കേശവബലറാം ഹെഡ്‌ഗേവാര്‍ ആണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തപ്പോഴും തീക്ഷ്ണമായ ദേശഭക്തിയുടെയും ഭാരതത്തെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ള അചഞ്ചലമായ നിഷ്ഠ പുലര്‍ത്തിയ ഡോക്ടര്‍ജി അന്ന് ഉയര്‍ത്തിയ രണ്ടു ചോദ്യങ്ങള്‍ എക്കാലത്തും പ്രസക്തമായിരുന്നു. ഒന്ന്, ലോകം മുഴുവന്‍ സര്‍വ്വാദരണീയമായി കണക്കാക്കിയ ഭാരതം എന്തുകൊണ്ട് അടിമത്തത്തില്‍ എത്തി. രണ്ട്, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭാരതം എങ്ങനെയായിരിക്കണം. ഈ രണ്ടു കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ കഴിയാതെ വന്നപ്പോഴാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് അദ്ദേഹം രൂപം നല്‍കിയത്.
ഭാരതം അടിമത്തത്തിലേക്ക് പോകാനുള്ള കാരണം സ്വാഭിമാനബോധം നഷ്ടമായതും തനത് ജനതയായ ഹിന്ദുസമൂഹം ആത്മവിസ്മൃതിയില്‍ ആണ്ടതും പോരാട്ടവീര്യം നഷ്ടമായതും ആണെന്ന് ഡോക്ടര്‍ജി കണ്ടെത്തി. അതിനു പരിഹാരം എന്ന നിലയിലാണ് ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനും ഭാരതത്തിന്റെ സ്വത്വവും ആത്മാഭിമാനവും പോരാട്ടവീര്യവും വീണ്ടെടുക്കാനും ഒരു മണിക്കൂര്‍ ശാഖ എന്ന ദൈനംദിന സംഘടനാ സംവിധാനത്തിലൂടെ രാഷ്ട്രപുനര്‍നിര്‍മാണത്തിനുള്ള പുതിയ സംഘടനാ സംവിധാനം ആരംഭിച്ചത്. പലരും പരിഹാസത്തോടെ അസംഭവ്യം എന്നു പറഞ്ഞ് തള്ളിയ ആ സംഘടന ഡോക്ടര്‍ജിയുടെ ജീവിതകാലത്ത് തന്നെ ഭാരതം മുഴുവന്‍ പടര്‍ന്ന പ്രസ്ഥാനമായി മാറി. ഭാരതത്തില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് എന്ന ചിന്താധാരയുടെ അടിത്തറയിലാണ് ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനം അദ്ദേഹം ആരംഭിച്ചത്. സഹസ്രാബ്ദങ്ങളായി ജന്മംകൊണ്ട് തന്നെ ഹിന്ദുരാഷ്ട്രം ആയതുകൊണ്ട് വീണ്ടും ഇത് ഹിന്ദുരാഷ്ട്രം ആക്കേണ്ട കാര്യമില്ല എന്നും ഇത് ഹിന്ദുരാഷ്ട്രം തന്നെയാണെന്നും ഉള്ള ബോധം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ചുമുതല്‍ കാമരൂപം വരെയും തലങ്ങും വിലങ്ങും മുഴുവന്‍ ഭാരതീയരെയും ബന്ധിപ്പിക്കുന്ന അനര്‍ഗളമായ സാംസ്‌കാരിക പ്രവാഹത്തിന്റെ പൊന്‍ നൂലിഴ സനാതനധര്‍മ്മം വിഭാവന ചെയ്യുന്ന സംസ്‌കാരത്തിന്റേതാണെന്ന് അദ്ദേഹത്തിന് തെല്ലും സംശയമുണ്ടായില്ല.
അദ്ദേഹത്തിന്റെ ശ്രമം പാഴായില്ല. ഭാരതത്തെ പരമവൈഭവത്തില്‍ എത്തിക്കാന്‍ വീണ്ടും ജഗദ്ഗുരുവാക്കാന്‍ അരയും തലയും മുറുക്കിയ, അധികാരത്തിന്റെയും പദവികളുടെയും പിന്നാലെ പോകാത്ത, നിസ്വാര്‍ത്ഥതയുടെയും ത്യാഗത്തിന്റെയും പ്രതീകമായ ഒരു സംഘടനയ്ക്ക് രൂപം നല്‍കാനായി. ഇന്ന് ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക – സേവന-സന്നദ്ധ സംഘടനയ്ക്ക് പേര് ആര്‍എസ്എ സ് എന്നാണ്. മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ ശരീരവും ബുദ്ധിയും മനസ്സും തമ്മിലുള്ള അവിഭാജ്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്ന, ധര്‍മത്തിന്റെയും സാഹോദര്യത്തിന്റെയും വസുധൈവ കുടുംബകം എന്ന ചിരന്തന ചിന്താധാരയുടെ അടിത്തറയില്‍ ലോകത്തെ മൂല്യവത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ആ തരത്തിലുള്ള ഭാരതത്തിന്റെ പരിവര്‍ത്തനം ടോയിന്‍ബി അടക്കമുള്ള ദാര്‍ശനികര്‍ നേരത്തെ തന്നെ കണ്ടതാണ്. ഈ സഹസ്രാബ്ദത്തില്‍ ലോകത്തിന് നേതൃത്വം കൊടുക്കുക ഭാരതമാണെന്ന് പറഞ്ഞപ്പോള്‍ അതിനനുസൃതമായ സംഘടനാ സംവിധാനം കൊണ്ടുവന്നത് രാഷ്ട്രീയ സ്വയംസേവക സംഘമാണ്. ഭാരതത്തിലെ 924 ജില്ലകളില്‍ 98.2 ശതമാനത്തിലും, 6618 താലൂക്കുകളില്‍ 92.3 ശതമാനത്തിലും പ്രവര്‍ത്തനമുള്ള ഒരുലക്ഷത്തിലേറെ ശാഖകളിലൂടെ ഭാരതം മുഴുവന്‍ പടര്‍ന്നിരിക്കുന്ന സംഘം മുന്നോട്ടുവയ്ക്കുന്നത് ഒറ്റ ലക്ഷ്യമാണ് രാഷ്ട്രത്തിന്റെ പരമ വൈഭവം ഭാരതത്തിന്റെ ജഗദ്ഗുരു സ്ഥാനം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനവും വിദ്യാര്‍ത്ഥി പ്രസ്ഥാനവും കുട്ടികളുടെ സംഘടനയും രാഷ്ട്രീയ പ്രസ്ഥാനവും ഒക്കെയായി സംഘം എന്ന വടവൃക്ഷം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ സംഘമല്ലേ, സംഘ സ്ഥാപകനായ ഡോക്ടര്‍ജി അല്ലേ യഥാര്‍ത്ഥ ഭാരതരത്‌നം.
അടുത്തിടെ ക്രൈസ്തവ നവോത്ഥാന പ്രവര്‍ത്തകനായ ജോസ് കണ്ടത്തില്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവര്‍ക്ക് ഭാരതരത്‌നം നല്‍കിയതിനെക്കുറിച്ചും ഒക്കെ വിവരിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. മാസിഡോണക്കാരിയായ മദര്‍ തെരേസ സുവിശേഷ പ്രവര്‍ത്തനത്തിനായി ആദ്യം അധ്യാപികയാണ് കല്‍ക്കത്തയില്‍ എത്തിയത്. പിന്നീട് സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയും നിരാശ്രയരായവരെ പുനരധിവസിപ്പിക്കുന്നതിലൂടെയും ഒക്കെ ശ്രദ്ധേയയായി. പക്ഷേ, ജോസ് കണ്ടത്തില്‍ അടക്കമുള്ളവര്‍ പറയുന്നത് മദര്‍ തെരേസയുടെ പ്രവര്‍ത്തനം സുവിശേഷ പ്രവര്‍ത്തനവും മതപരിവര്‍ത്തനവും മാത്രമായിരുന്നു എന്നാണ്. മതപരിവര്‍ത്തനത്തിന് വേണ്ടി അല്ലാതെ ഒന്നും ചെയ്തിട്ടില്ലാത്ത മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളും പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് ജോസ് കണ്ടത്തിലെ പോലുള്ള ക്രൈസ്തവര്‍ തന്നെ ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്നത് ഒരു മതത്തിനു വേണ്ടിയും അല്ലാതെ സാമൂഹ്യ സേവനത്തിനു വേണ്ടിയും ദീനാനുകമ്പക്കു വേണ്ടിയും സ്വന്തം ജീവിതം ഒരു ചന്ദനത്തിരി പോലെ സുഗന്ധവാഹിയായി സമൂഹത്തിനര്‍പ്പിച്ച ശ്രീമാതാഅമൃതാനന്ദമയിദേവിയെ ആണ്.
മദര്‍ തെരേസക്ക് 40 വര്‍ഷത്തെ സേവനത്തിന് 1980 ലാണ് ഭാരതരത്‌നം നല്‍കിയത്. അടുത്തിടെ 72 വയസ്സ് പിന്നിട്ട മാതാ അമൃതാനന്ദമയി ദേവി ഓര്‍മ്മവച്ച നാള്‍ മുതല്‍ സമൂഹത്തിനു വേണ്ടി സമര്‍പ്പിത ജീവിതമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പോലും തുറയിലെ പട്ടിണിക്കാര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കിയും വസ്ത്രം നല്‍കിയും ആരംഭിച്ച സേവന പ്രവര്‍ത്തനം ഇന്ന് രാജ്യാന്തര സേവനപ്രവര്‍ത്തനത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ലോകത്തെ എല്ലാ ദുരന്തഭൂമിയിലും അമ്മയുടെ സേവനത്തിന്റെയും സാന്ത്വനത്തിന്റെയും കരസ്പര്‍ശം എത്തി. സുനാമി വന്നപ്പോള്‍ ശ്രീലങ്കയിലും ഭാരതത്തിലും പ്രഖ്യാപനം അനുസരിച്ച് വീട് വച്ചുകൊടുത്ത ചുരുക്കം സംഘടനകളില്‍ ഒന്ന് മാതാ അമൃതാനന്ദമയി മഠം ആയിരുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് സ്വയം പര്യാപ്തതയുടെ തൊഴിലവസരങ്ങളും പരിശീലനവും മുതല്‍ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റവും മികച്ച ആരോഗ്യപരിപാലന കേന്ദ്രങ്ങളും അടക്കം അമ്മ കൈവക്കാത്ത മേഖലകളില്ല. അമ്മയുടെ സേവനപ്രവര്‍ത്തനങ്ങളില്‍ എവിടെയും മതപരിവര്‍ത്തനം ഉണ്ടായിട്ടില്ല. ആരുടെയും ജാതിയും മതവും അന്വേഷിച്ചിട്ടില്ല. കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ, സേവനത്തിന്റെ ഗംഗാപ്രവാഹമായി ലോകം മുഴുവന്‍ അമ്മ ഒഴുകിയെത്തി. മദര്‍ തെരേസ ചെയ്തതുപോലെ ഒരാളെപ്പോലും അമ്മ മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ലോകം മുഴുവനായി കോടിക്കണക്കിന് ആളുകളെ ആശ്ലേഷിച്ച് ആശ്വസിപ്പിച്ച് കണ്ണുനീര്‍തുടച്ച് ജീവിതത്തിലേക്ക് നയിക്കുന്ന അമ്മയുടെ പ്രവര്‍ത്തനം, സാന്ത്വനം, കാരുണ്യം, അതല്ലേ ഭാരതരത്‌നം.
കേരളത്തില്‍നിന്ന് ഒരാളിനേ ഭാരതരത്‌നം കിട്ടിയിട്ടുള്ളൂ. അത് കേരളത്തിലെ പ്രവര്‍ത്തനത്തിനും അല്ല. തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് ചലച്ചിത്രനടനും ഒക്കെയായ എം.ജി.ആറിന്. അത് മലയാളികളുടെ കണക്കില്‍ കൂട്ടാനും ആവില്ല. ഭാരതത്തിന്റെ പല ഭാഗത്തുമുള്ള പല സംഗീതവിദഗ്ധരും ഗായകരും ഒക്കെ പരിഗണിക്കപ്പെട്ടിട്ടും യേശുദാസ് ഒരു മലയാളി എന്ന നിലയില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതും ദുഃഖം ഉണ്ടാക്കുന്നതാണ്. തീര്‍ച്ചയായും ഇത്തവണയെങ്കിലും, ഇനിയെങ്കിലും ഡോക്ടര്‍ജിയും മാതാ അമൃതാനന്ദമയി ദേവിയും യേശുദാസും പരിഗണിക്കപ്പെടട്ടെ എന്ന് ആശിക്കാം.






















