നിര്‍മ്മിതബുദ്ധി സൃഷ്ടിക്കുന്ന അത്ഭുതങ്ങളും അനുദിനമെന്നോണം പുറത്തിറങ്ങുന്ന പുതിയ എ.ഐ സങ്കേതങ്ങളും ഡിജിറ്റല്‍രംഗത്തെ മാത്രമല്ല, ലോകത്തെയാകമാനം മാറ്റിമറിക്കുകയാണ്. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ആരോഗ്യരംഗത്തും കൃഷിയിലും സാമ്പത്തികമേഖലയിലും എന്നുവേണ്ട സര്‍വ്വരംഗങ്ങളിലും നിര്‍മ്മിതബുദ്ധി അതിന്റെ സ്വാധീനം ചെലുത്തിയെത്തിയത് പൊടുന്നനെയായിരുന്നു. കഴിഞ്ഞദിവസം ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഉത്തരവാദ നിര്‍മ്മിതബുദ്ധി’യെക്കുറിച്ച് സംസാരിച്ചത് വളരെ പ്രാധാന്യത്തോടെയായിരുന്നു. നിര്‍മ്മിതബുദ്ധിയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞതോടൊപ്പം അതുയര്‍ത്തുന്ന വെല്ലുവിളികളും ഭീഷണികളും പ്രധാനമന്ത്രി അവിടെ സൂചിപ്പിക്കുകയും മാനവികമൂല്യങ്ങളും മാനവശക്തിയും ഉയര്‍ത്തിപ്പിടിച്ച് ‘എല്ലാവര്‍ക്കും എ.ഐ’ എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യമെന്നു സൂചിപ്പിക്കുകയും ചെയ്തു. കഴിഞ്ഞമാസമാണ് പോപ്പ് ഫ്രാന്‍സിസ് ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഉച്ചകോടിയില്‍ നിര്‍മ്മിതബുദ്ധി സൃഷ്ടിക്കുന്ന ‘സ്വത്വപ്രതിസന്ധി’യെക്കുറിച്ച് ലോകനേതാക്കളോട് സംസാരിച്ചത്. പുതിയ സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പുകഴ്ത്തുന്നതോടൊപ്പം ഇത് മനുഷ്യന്റെ ഭാവിയെക്കുറിച്ച് ചില ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുക കൂടിചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ദൈനംദിനജീവിതത്തെ അതിവേഗം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന, അതേസമയം ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിര്‍മ്മിതബുദ്ധി. ഇതുയര്‍ത്തുന്ന അവസരങ്ങളും വെല്ലുവിളികളും ആഴത്തിലും പരപ്പിലും ചര്‍ച്ചചെയ്യുന്ന യുവാല്‍ നോഹ ഹരാരിയുടെ പുതിയ പുസ്തകമുയര്‍ത്തുന്ന ചില ചിന്തകളാണിവിടെ പങ്കുവെക്കുന്നത്.
ലോകചരിത്രകാരന്മാരുടെയിടയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ഇസ്രായേലുകാരനായ യുവാല്‍ നോഹ ഹരാരി. മനുഷ്യന്റെ ഇതുവരെയുള്ള സംസ്‌കാരികപരിണാമത്തിന്റെ കഥ ഏറെ ലളിതവും രസകരവുമായി പറയുന്ന സാപിയന്‍സ് (Sapiens – A brief History of Humankind) എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം ലോകപ്രശസ്തനായിത്തീര്‍ന്നത്. ആ പുസ്തകത്തിന്റെ തുടര്‍ച്ചയായി മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ച് തന്റെ ചിന്തകളും ആശങ്കകളും മുന്നോട്ടുവെക്കുന്ന ഹോമോ ഡിയൂസ്- നാളെയുടെ സംക്ഷിപ്ത ചരിത്രം (Homo Deus – A brief History of Tomorrow) എന്ന പുസ്തകത്തിനും ലക്ഷക്കണക്കിന് വായനക്കാരാണ് വിവിധ ഭാഷകളിലായി ലോകമാകെയുണ്ടായത്. തര്‍ജ്ജമകളായും ഗ്രാഫിക് രൂപാന്തരങ്ങളായും ഈ പുസ്തകങ്ങള്‍ രണ്ടും ബെസ്റ്റ് സെല്ലറുകളായി ഇന്നും പലയിടങ്ങളിലും നിലകൊള്ളുന്നു. തുടര്‍ന്ന് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’ എന്ന പുസ്തകവും മലയാളത്തിലടക്കം തര്‍ജ്ജമ ചെയ്യപ്പെടുകയും ധാരാളം വായിക്കപ്പെടുകയും ചെയ്തു. സാധാരണക്കാരും പണ്ഡിതരും ഒരുപോലെ ഇഷ്ടപ്പെട്ട ഇവ മുന്‍വിധികളോ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളോ കൂടാതെ മാനവചരിത്രത്തെയും സംസ്‌കാരത്തയും സമഗ്രമായി വിലയിരുത്തുന്ന പുസ്തകങ്ങളായി പരിഗണിക്കപ്പെടുന്നു. ചരിത്രവായനയില്‍ പക്ഷംചേരാതെ കാര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന രീതിശാസ്ത്രം പിന്തുടരുന്നതിനാലാവണം ഈ പുസ്തകങ്ങളെക്കുറിച്ചുള്ള കേരളീയപണ്ഡിതന്മാരുടെയും പുരോഗമനാഭിമുഖ്യമുള്ളവരെന്നു സ്വയം കരുതുന്നവരുടേയും അഭിപ്രായങ്ങളൊന്നും അധികം പുറത്തുവരാഞ്ഞത്. ചരിത്രത്തെയും നരവംശശാസ്ത്രത്തെയും ജനകീയമാക്കി സാമാന്യവല്‍ക്കരിക്കുന്നതിലെ വിയോജിപ്പും അതിനൊരുകാരണമാവാം.
2016ല്‍ ഇറങ്ങിയ ‘ഹോമോ ഡിയുസ്’ എന്ന പുസ്തകത്തില്‍ നിര്‍മ്മിതബുദ്ധി സൃഷ്ടിച്ചേക്കാവുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയുംകുറിച്ച് ഗൗരവമായി ചര്‍ച്ചചെയ്യുന്നുണ്ട്. നിര്‍മ്മിതബുദ്ധി ലോകത്തെ മുഴുവനായി കീഴ്‌പ്പെടുത്തുന്നുവെന്ന് തോന്നുന്ന ഇക്കാലത്ത് യുവാല്‍ നോഹ ഹരാരിയുടെ 2024ല്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ പുസ്തകം ‘നെക്‌സസ് – എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് ഫ്രം ദ സ്റ്റോണ്‍ഏജ് ടു എഐ’ എന്ന പുസ്തകവും ധാരാളം വില്‍ക്കപ്പെടുകയും വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. കാലങ്ങളായി ചരിത്രത്തെ പലരും പല അളവുകോലുകള്‍വെച്ച് വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. മതവും സമ്പത്തും തൊട്ടു പലതാണ് സമൂഹപരിണാമത്തിന്റെ ചാലകശക്തിയെന്ന് പലരും സിദ്ധാന്തിക്കുന്നു. ചിലര്‍ക്കത് പെണ്ണും ലൈംഗികതയുമായിരുന്നു. ലസ്‌ളി.എ.വൈറ്റ് എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞന്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാട്, ഓരോ കാലത്തും മാനവസമൂഹത്തിന് ശേഖരിച്ച് ഉപയോഗിക്കാന്‍ സാധിച്ച ഊര്‍ജ്ജത്തിന്റെ ആനുപാതിക അളവിലാണ് സമൂഹപരിണാമം മുന്നോട്ട് പോകുന്നതെന്നതായിരുന്നു. വേട്ടയാടലും ശേഖരണവും നടത്തി കാലയാപനം കഴിച്ച പ്രാക്തനസമൂഹങ്ങളില്‍ നിന്നും സാംസ്‌കാരിക പുരോഗതിയുണ്ടായത് കൃഷിയില്‍നിന്നും അണക്കെട്ടുകളില്‍നിന്നും ഊര്‍ജ്ജം ആര്‍ജിച്ചെടുത്തതിനനുസരിച്ചാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. വൈദ്യുതോര്‍ജ്ജവും പെട്രോളിയത്തില്‍നിന്നുള്ള ഊര്‍ജ്ജവും കടന്ന് ആണവോര്‍ജ്ജത്തെ ഉപയോഗിച്ചുതുടങ്ങിയപ്പോള്‍ മാനവസംസ്‌കൃതിയുടെ മുന്നോട്ടുള്ള പ്രയാണം അടുത്ത ഘട്ടത്തിലെത്തിയെന്നും സാസ്‌കാരികപുരോഗതിയെന്നത് ശേഖരിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവുമായി നേര്‍ അനുപാതത്തിലാണെന്നും ലസ്‌ളി വൈറ്റ് പറയുന്നു.
തന്റെ പുതിയ പുസ്തകത്തില്‍ ഹരാരി മുന്നോട്ടുവെക്കുന്നത് രസകരവും പുതുമയുള്ളതുമായ മറ്റൊരു കാഴ്ചപ്പാടാണ്. ചരിത്രസന്ദര്‍ഭങ്ങളും സംഭവങ്ങളും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സ്ഥാപിക്കുന്നത്, മാനവപുരോഗതിയുടെ അളവുകോല്‍ സമൂഹത്തിലെ വിവരശൃംഖലകളുടെ രൂപീകരണവും വിപുലീകരണവും അടിസ്ഥാനമാക്കിയെന്നാണ്. അലഞ്ഞുതിരിഞ്ഞു വേട്ടയാടി നടന്ന പ്രാചീനമനുഷ്യര്‍ തങ്ങള്‍ക്കിടയിലെ ഏകോപനത്തിനും വിവരവിനിമയത്തിനും നിര്‍മ്മിച്ചെടുത്ത ചെറുസ്ഥാപനങ്ങളിലും സംവിധാനങ്ങളിലും നിന്നാരംഭിച്ച് എല്ലാ വിവരശൃംഖലകളും ചേര്‍ന്ന് ലോകമൊരു ചെറിയഘടകമായിമാറുന്ന സമകാലികഘട്ടംവരെയുള്ള സാംസ്‌കാരികപരിണാമം തുടര്‍ച്ചയായ ഒന്നാണ്. പ്രാക്തനഗോത്രസമൂഹങ്ങളുടെ ആവിര്‍ഭാവത്തില്‍തുടങ്ങി പ്രാചീനസംസ്‌കാരങ്ങളുടെയും കാര്‍ഷികസംസ്‌കൃതികളുടെയും മതസാമ്രാജ്യങ്ങളുടെയും ഫ്യൂഡലിസത്തിന്റെയും ഏകാധിപത്യഭരണവ്യവസ്ഥകളുടെയും, അവസാനം ജനാധിപത്യസംവിധാനങ്ങളുടെയും വിവിധകാലഘട്ടങ്ങളില്‍ വിവരവിനിമയശൃംഖലകളുടെ നടത്തിപ്പും നിര്‍വ്വഹണവുമെങ്ങിനെയാണ് അതത് സമൂഹങ്ങളില്‍ നടന്നതെന്നും ആ വിവരസഞ്ചയങ്ങള്‍ അധികാരസ്ഥാനത്തിരുന്നവര്‍ എങ്ങിനെ ഉപയോഗിച്ചെന്നുവെന്നും ദുരുപയോഗം ചെയ്തുവെന്നും കൗതുകകരവും അതേസമയം ആധികാരികവുമായ ഉദാഹരണങ്ങളിലൂടെ ഇവിടെ വരച്ചുകാണിക്കുന്നുണ്ട്. ഒരുകാലത്ത് ലോകത്തില്‍ പലയിടങ്ങളിലായി നാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സമഗ്രാധിപത്യസംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചരീതികള്‍ വിവരിക്കുന്നതോടൊപ്പം ആധുനികകാലത്ത് വിവരസാങ്കേതികവിദ്യ എങ്ങിനെയാണ് തങ്ങളുടെ ജനതയെ അടിച്ചമര്‍ത്തുകയും തെറ്റിദ്ധരിപ്പിക്കുയും ചെയ്യാനായി ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്. വിവരശൃംഖലകളുടെ നിയന്ത്രണവും ദുരുപയോഗവും വിശദീകരിക്കുന്നതിനപ്പുറം സര്‍വ്വശക്തമായ നിര്‍മ്മിതബുദ്ധിയുടെ പ്രഭാവം എങ്ങനെയാണ് മാനവകുലത്തിന്റെ ഭാവിയെ ബാധിക്കുക എന്നത് ഇവിടെ ഗൗരവമായി ചര്‍ച്ചചെയ്യുന്നു. നിര്‍മ്മിതബുദ്ധി ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിക്കാന്‍ പഴയകഥകളെ ആശ്രയിക്കുന്നുണ്ട്. സൂര്യരഥമോടിക്കണമെന്ന് വാശിപിടിച്ച് സ്വയം കുഴപ്പത്തിലാവുകയും ഭൂമിയെത്തന്നെ സര്‍വ്വനാശത്തിന്റെ വക്കിലെത്തിക്കുകയുംചെയ്ത ഗ്രീക്ക് പുരാണത്തിലെ ഫീത്തോണിന്റെ കഥയാണ് അതിലൊന്ന്. തന്റെ ഗുരുനല്‍കിയ അപാരമായ മാന്ത്രികശക്തി കൊണ്ട് തന്നിഷ്ടപ്രകാരം ജലം കൊണ്ടുവന്ന് അനിയന്ത്രിതമായ പ്രളയം വരുത്തിവെച്ച മന്ത്രവാദിയുടെ ശിഷ്യന്റെ കഥകൂടി ഉദാഹരിച്ച് നിയന്ത്രണവിധേയമല്ലാത്ത ശക്തി ഒരിക്കലും ക്ഷണിച്ചുവരുത്തരുതെന്നുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഹരാരി. നിര്‍മ്മിതബുദ്ധി മനുഷ്യബുദ്ധിയെ മറികടക്കുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ഏറെമാനങ്ങളുണ്ട് ഈ മുന്നറിയിപ്പുകള്‍ക്ക്. ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധി ലോകത്തിലാകെയുള്ള വിവരശൃംഖലകളുടെ സംഘാതത്തെ അടിസ്ഥാനമാക്കിയാണല്ലോ പ്രവര്‍ത്തിക്കുന്നത്. ‘ഡാറ്റയാണ് പുതിയകാലത്തെ എണ്ണ’ എന്നത് ആലങ്കാരിക പ്രഖ്യാപനമല്ലാതായി മാറുമ്പോള്‍ ഭരണാധികാരികളും നയരൂപീകരണവിദഗ്ദ്ധരും മനുഷ്യവംശത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കുമായാണ് ഈ മുന്നറിയിപ്പ്.
ശിലായുഗ കാലഘട്ടത്തില്‍നിന്നും മുന്നോട്ടേക്കുള്ള പ്രയാണത്തില്‍ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ജീവിതം കുടുംബത്തിലേക്കും കൂട്ടങ്ങളിലേക്കും വിഭാഗങ്ങളിലേക്കും സമൂഹങ്ങളിലേക്കും വളര്‍ന്നു പന്തലിച്ചു. കൂട്ടങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള ആശയവിനിമയങ്ങളും വിവരകൈമാറ്റങ്ങളും അതിനായി ഉരുത്തിരിഞ്ഞുവന്ന സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപനത്തിനുകാരണമായി. ആശയവിനിമയം ഭാഷകളുടെ ഉദ്ഭവത്തിലേക്കുനയിച്ചു. ഭാഷകളുടെ ആവിര്‍ഭാവത്തോടെ പരസ്പരമറിയാത്തവര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമായി. ഒരാളുടെയോ ഒരുകൂട്ടമാളുകളുടെയോ ആശയങ്ങളും ഭാവനകളും ചിന്തകളും കഥകളായി മറ്റുള്ളവരിലേക്കെത്തി. ഇവ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കി. വിവിധരീതിയില്‍ കഥിച്ചുണ്ടാക്കിയ കഥകള്‍ ചെറുകൂട്ടങ്ങളെയും വന്‍കൂട്ടങ്ങളെയും നാടിനെയും നാട്ടുകാരെയും വ്യത്യസ്തതകളുള്ളവരാക്കിമാറ്റി. വെവ്വേറെ കഥകളെ അല്ലെങ്കില്‍ അവ പ്രതിനിധീകരിച്ച ആശയങ്ങളെ പിന്‍തുടര്‍ന്നവര്‍ കാലാന്തരങ്ങളില്‍ വിവിധ വിഭാഗങ്ങളായി മാറി. യാത്രാസൗകര്യങ്ങളിലും വാര്‍ത്താവിനിമയസംവിധാനങ്ങളിലും ഉണ്ടായ പുരോഗതി കാലാന്തരത്തില്‍ കഥകളും ആശയങ്ങളും സംവിധാനങ്ങളും വലുതായപ്പോള്‍ മതങ്ങളും ദേശരാഷ്ട്രങ്ങളും ഭരണകൂടങ്ങളുമുണ്ടായി. സ്വന്തം ആശയങ്ങളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാന്‍ സാധിച്ചവര്‍ പലപ്പോഴും ഏകാധിപതികളായിമാറി. സ്റ്റാലിനും ഹിറ്റ്‌ലറും സ്വന്തം കഥകളുണ്ടാക്കി, കഥയില്ലാത്തവരെ കീഴാളരാക്കി, അപരകഥകളുണ്ടെന്ന് കണ്ടവരുടെ കഥകഴിക്കുന്നതിലേക്കെത്തി. മികച്ച വിവരശൃംഖലകളുടെ രൂപീകരണത്തിലൂടെയും വിപുലീകരണത്തിലൂടെയും അവയുടെ പൂര്‍ണനിയന്ത്രണത്തിലൂടെയുമായിരുന്നു ഇവര്‍ ഏകാധിപതികളായിത്തീര്‍ന്നത്. അനിയന്ത്രിതവും ഇതഃപര്യന്തം നാം ദര്‍ശിച്ചിട്ടില്ലാത്തതുമായ ശക്തിയോടുകൂടി നമുക്ക് മുന്നിലേക്ക് പൊടുന്നനെ അവതരിക്കുന്ന നിര്‍മ്മിതബുദ്ധി ഏകാധിപത്യസ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറെയാണെന്ന മുന്നറിയിപ്പാണ് നമ്മെ ഏറെ ആശങ്കപ്പെടുത്തേണ്ടത്.
പുസ്തകത്തിന്റെ ആദ്യപാദം വിവരവിനിമയ ശൃംഖലകളുടെ ചരിത്രപരമായ പരിണാമത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. വിവിധകാലങ്ങളിലെ ഭരണസംവിധാനങ്ങളുടെ ഭാഗമായ അനുചരവൃന്ദവും അവര്‍ വിവിധരീതികളില്‍ നിര്‍മ്മിച്ചെടുത്ത മിത്തോളജിയും സമൂഹത്തെ മുന്നോട്ടു നയിച്ചു. എഴുത്തിന്റെയും അച്ചടിയുടേയും ആവിര്‍ഭാവത്തിനു മുന്നേ പ്രധാനമായും വാമൊഴിവഴിയാണ് ആശയങ്ങള്‍ കൈമാറിവന്നത്. ബൈബിളിലെ കഥകളും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ചിട്ടയായ തിയോക്രാറ്റിക്-ബ്യൂറോക്രാറ്റിക് സംവിധാനങ്ങളിലൂടെ പാശ്ചാത്യനാടുകളില്‍ ജനജീവിതത്തിനാധാരമായി. എഴുത്തിന്റെയും പുസ്തകങ്ങളുടെയും കണ്ടെത്തല്‍ മറ്റൊരു നാഴികക്കല്ലായി. തലമുറകളോളം യാതൊരുമാറ്റവുമില്ലാതെ തലമുറകളിലൂടെയുള്ള വിവരസഞ്ചയങ്ങളുടെ കൈമാറ്റം എളുപ്പമായി. ക്രമേണ അത്തരം പുസ്തകങ്ങള്‍ ജനജീവിതത്തിന്റെ അടിസ്ഥാനമാര്‍ഗരേഖകളായി. മതങ്ങളും രാഷ്ട്രീയദര്‍ശനങ്ങളും തങ്ങളുടെ സ്വാധീനമുറപ്പിച്ചു, ഇന്നത്തെ ലോകത്ത് അറിവ് ചങ്ങലകളുണ്ടാക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകളെയും പ്രതികരണങ്ങളെയുംകുറിച്ചാണ് പുസ്തകത്തിലെ രണ്ടാം ഭാഗം ചര്‍ച്ചചെയ്യുന്നത്. കാര്‍ബണ്‍ അടിസ്ഥാനമായുള്ള ജൈവികമസ്തിഷ്‌കങ്ങളിലാണ് ഇക്കാലമത്രയും ആശയസംഹിതകള്‍ ഉടലെടുത്തതും വികസിച്ചതും. പൊടുന്നനെ സിലിക്കണ്‍ അടിസ്ഥാനമാക്കിയ കമ്പ്യൂട്ടര്‍മസ്തിഷ്‌ക്കങ്ങള്‍ അക്കാര്യങ്ങളുമേറ്റെടുക്കുമ്പോള്‍ സമൂഹജീവിതത്തിലും രാഷ്ട്രീയവ്യവസ്ഥകളിലും സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കു മുന്നില്‍ ലോകം പകച്ചുനില്‍ക്കുന്നു. കമ്പ്യൂട്ടര്‍ രാഷ്ട്രീയമെന്ന് പേരിട്ട അവസാനഭാഗത്ത് നിര്‍മ്മിത ബുദ്ധികാലത്ത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും സമഗ്രാധിപത്യം ഉയര്‍ത്തിയേക്കാവുന്ന ഭീഷണികളെക്കുറിച്ചുമുള്ള ആശങ്കകളാണ് വിശദമായി പ്രതിപാദിക്കുന്നത്. ഈ ഭൂമിയിലെ ജീവപരിണാമം നമ്മെ പഠിപ്പിക്കുന്നത് ജീവലോകത്തില്‍ വിവേകത്തിന് മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തിനുമപ്പുറം ചരിത്രമുണ്ടെന്നാണ്. എന്നാല്‍ ജൈവലോകത്തിനുമപ്പുറത്തുള്ള ഒരു ശക്തി – കൃത്രിമബുദ്ധി, തീരുമാനങ്ങളെടുക്കാനൊരുങ്ങുന്ന ഒരുകാലത്ത് അത് എല്ലാറ്റിന്റെയും അവസാനത്തിലേക്കാണോ അല്ല പ്രതീക്ഷാനിര്‍ഭരമായ ഭാവിയിലേക്കാണോ നമ്മെ നയിക്കുക എന്നത് ഏറെ പ്രസക്തവും പ്രധാനവുമായ ചോദ്യമാണ്. ഈ ചോദ്യത്തിനുത്തരം തേടുന്നതോടൊപ്പം ഇവയോരോന്നും വിശദമായി ചര്‍ച്ചചെയ്യുന്നതിനിടയില്‍ പലരും പലരീതിയില്‍ വ്യഖ്യാനിച്ച കാര്യങ്ങളെ വ്യത്യസ്തവീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.
അലഞ്ഞുതിരിഞ്ഞ് കായ്കനികള്‍ ശേഖരിച്ചും വേട്ടയാടിയും ജീവിച്ച് ക്രമേണ സാമൂഹിക ജീവിതം ആരംഭിച്ച പ്രാചീനമനുഷ്യന്‍ കൂട്ടങ്ങളായതും പ്രകൃതി ആരാധനയിലേക്കും പൂര്‍വിക ആരാധനയിലേക്കും തിരിഞ്ഞതും മുന്നേറിയതും ബോധപൂര്‍വ്വവും അല്ലാതെയും ഉരുവംകൊണ്ട കഥകളിലൂടെയും അവയുടെ വിപുലീകരണങ്ങളിലൂടെയും വിനിമയങ്ങളിലൂടെയും കൂടിയായിരുന്നു. ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും സംഘര്‍ഷങ്ങളും പോരാട്ടങ്ങളും സമ്പത്തിനും ഭൗതികവസ്തുക്കള്‍ക്കുമായിരുന്നുവെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് തെറ്റാണെന്ന് സമര്‍ത്ഥിക്കുന്നത് ചിമ്പാന്‍സികളെ ഉദാഹരിച്ചാണ്. ഭക്ഷണത്തിനും വെള്ളത്തിനും ഇണചേരാനും സ്വയംപ്രതിരോധത്തിനും മനുഷ്യസമാനമായ ആവശ്യങ്ങള്‍ ചിമ്പാന്‍സികള്‍ക്കുമുണ്ട്. അവയ്ക്ക് കൂട്ടായ്മകളുണ്ടാക്കാനും ദേശരാഷ്ട്രങ്ങള്‍ രൂപീകരിക്കാനും വികസിക്കാനും കഴിയാഞ്ഞത് കഥകളുണ്ടാക്കാനും അവയുടെയടിസ്ഥാനത്തില്‍ തങ്ങളുടെ അസ്തിത്വമോ താല്‍പ്പര്യങ്ങളോ നിര്‍വചിക്കാനും അറിയാത്തതുകൊണ്ടായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. ‘നാം അമേരിക്കന്‍ ഐക്യനാടുകളിലെ ജനങ്ങള്‍’ എന്നാരംഭിക്കുന്ന ഭരണഘടനയെന്ന കഥയാണ് വിവിധവര്‍ണ്ണങ്ങളിലും വിഭാഗങ്ങളിലുംപെടുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ സാമ്പത്തിനും പദവിക്കും കഴിവുകള്‍ക്കുമപ്പുറം ഒന്നാക്കുന്നതെന്നുപറയുമ്പോള്‍ രാഷ്ട്രങ്ങള്‍ ഉടലെടുക്കുന്ന സാംസ്‌കാരിക സവിശേഷതകളെക്കുറിച്ച് കൂടിയാണ് സൂചിപ്പിക്കപ്പെടുന്നത്. വാമൊഴിയായി കൈമാറി വന്ന കഥകളും ആശയങ്ങളും എഴുത്ത് കണ്ടുപിടിച്ചതോടെ വിവരക്കൈമാറ്റത്തിനുള്ള എളുപ്പമുള്ള ഉപാധിയായി മാറി. അധികാരസംവിധാനങ്ങളും അവയുടെ ഭാഗമായിമാറിയതോടെ വിവരസഞ്ചയങ്ങളുടെ സൂക്ഷിപ്പും പരിപാലനവും നടപ്പിലാക്കലും ബ്യൂറോക്രസിയെന്ന വലിയൊരു സംവിധാനത്തിലേക്കു നയിച്ചു.
എഴുത്തിന്റെ വരവിനുമുന്നേ പുരോഹിതനും മന്ത്രവാദികളും പ്രവാചകനും വഴി ദൈവം സാധാരണക്കാരോട് സംസാരിച്ചിരുന്നു, പിന്നീടാണത് പുസ്തകങ്ങളിലൂടെയായത്. എഴുതപ്പെട്ട രേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നിടത്ത് ഭാരതവും പ്രാചീന ഇതിഹാസമായ രാമായണവും മറ്റൊരുവീക്ഷണകോണിലൂടെ കടന്നുവരുന്നുണ്ട്. ജീവപരിണാമശാസ്ത്രജ്ഞനെ സംബന്ധിച്ച് സര്‍വ്വജീവജാലങ്ങളിലും കാണുന്ന ജീവനാടകത്തിന്റെ സാദൃശ്യം ഏറെ കൗതുകകരവും പഠനാര്‍ഹവുമാണ്. സഹോദരന്‍മാരിലൊരാളെ മറ്റുള്ളവരില്‍നിന്നും അകറ്റി കാട്ടിലയക്കുകയെന്നത്, സസ്തനങ്ങളും പക്ഷികളും ഉള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളില്‍ ദശലക്ഷക്കണക്കിനുവര്‍ഷങ്ങളിലായി നടന്നുവരുന്ന പരിണാമനാടകത്തിനോടുള്ള സാമ്യതയായാണ്ഹരാരി ഓര്‍മിക്കുന്നത്. പങ്കാളികള്‍ക്കുവേണ്ടിയുള്ള പോരും സോദരര്‍ക്കിടയിലെ പോരും ജീവപരിണാമത്തിലെ ഏറ്റവും പ്രധാന ചാലകശക്തിയാണ്, ജീവലോകം അതിന്റെ മുദ്രകള്‍ സാംസ്‌കാരികലോകത്തേക്ക് പകര്‍ത്തുന്നതായി ഇതിനെ വിലയിരുത്താനുമാവും. പരിണാമപരമായി ശുദ്ധിയും അശുദ്ധിയും ജീവിവര്‍ഗങ്ങളുടെയിടയില്‍ ആവിര്‍ഭവിച്ചതിനെക്കുറിച്ചു ചര്‍ച്ചചെയ്യുമ്പോള്‍ ഭാരതത്തിലെ ജാതിവ്യവസ്ഥയുടെ ആവിര്‍ഭാവവും അത് ഭാരതത്തിനുണ്ടാക്കിയ വിഷമതകളും പരാമര്‍ശിക്കുന്നു. ജീവപരിണാമവും സാംസ്‌കാരികപരിണാമവും പരസ്പരപൂരകവും പരസ്പരപ്രേരിതവുമാവുന്ന നരവംശശാസ്ത്രപരമായ വിശദീകരണങ്ങള്‍ ഒട്ടേറെ പുതുമകളുള്ളതാണ്.
ജനാധിപത്യത്തെയും സമഗ്രാധിപത്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ വ്‌ളാദിമിര്‍ പുടിനും എര്‍ദോഗാനും ബോല്‍സനാരോയും ഒപ്പം ബഞ്ചമിന്‍ നെതന്യാഹുവും ജനാധിപത്യത്തെ ഉപയോഗിച്ച് അധികാരത്തിലെത്തി ജനാധിപത്യത്തെ ഇല്ലായ്മചെയ്തവരായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ‘ജനാധിപത്യം ഒരു വാഹനമാണ്; നിങ്ങളുടെ ലക്ഷ്യസ്ഥാനമെത്തിയാല്‍ നിങ്ങളാവണ്ടിയില്‍ നിന്നുമിറങ്ങുന്നു’ എന്ന എര്‍ദോഗാന്റെ പ്രസ്താവന എടുത്തുപറയുന്നുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഒരു കാലത്തും 0.4 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകിട്ടാത്ത ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാകാലത്തും തങ്ങളാണ് അധ്വാനവര്‍ഗത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയെന്ന് ആവര്‍ത്തിക്കുന്നതിലെ തമാശ രസകരമാണ്. സ്വന്തമായി സംസാരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ മാത്രമല്ല, ആളുകള്‍ കേള്‍ക്കാന്‍ തയ്യാറാകാത്തപ്പോഴും അവര്‍ക്ക് കേള്‍ക്കാന്‍ കഴിയാതെവരുമ്പോഴും കൂടിയാണ് ജനാധിപത്യം മരിക്കുന്നത് എന്നത് സമകാലികമായി ഏറെ പ്രസക്തമായ കാര്യമാണ്.
നാസി ജര്‍മനിയും കമ്മ്യൂണിസ്റ്റ് റഷ്യയും സമഗ്രാധിപത്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവന്നകാലത്തെ നിരവധി സംഭവങ്ങള്‍ വ്യക്തമായ രേഖകളെ ആധാരമാക്കി വിവരിക്കുന്നുണ്ട്. അവ പലതും കൗതുകകരമാണ്. കമ്യൂണിസ്റ്റ്‌റഷ്യയില്‍ 1919 -38 വര്‍ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ മെമ്പര്‍മാരായ 33 പേരില്‍ 14 പേര്‍ വ്യത്യസ്ത അവസരങ്ങളില്‍ വ്യത്യസ്ത കാരണങ്ങളാരോപിച്ച് ഭരണകൂടത്തിന്റെ തോക്കിനിരയാക്കപ്പെട്ടു. 1934ല്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍ രണ്ട് ശതമാനത്തിനു മാത്രമാണത്രെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധേയമാവാതെ 1939ലെ പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ യോഗമുണ്ടായത്. സ്റ്റാലിനെ പ്രകീര്‍ത്തിക്കുന്ന ഒരു യോഗത്തില്‍ നീണ്ടുനിന്ന കൈയ്യടി ആദ്യമവസാനിപ്പിച്ച ആളെ അന്നു രാത്രി അറസ്റ്റുചെയ്ത് പത്തുവര്‍ഷത്തേക്ക് തുറുങ്കിലടച്ചു. അധികാരസ്ഥാനങ്ങളിലുണ്ടായിരുന്നവരുടെ കാര്യമിങ്ങനെയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സാധാരണക്കാരുടെ അവസ്ഥ വിവരിക്കേണ്ടതില്ലല്ലോ. അഴിമതിയുടെയും അസമത്വത്തിന്റെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം കുടുംബമാണെന്ന് സ്റ്റാലിന്‍ ചിന്തിച്ചു. പരിഹാരമായി യഥാര്‍ത്ഥ പിതാവായി സ്റ്റാലിനെ കാണാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നുവത്രെ. ചെര്‍ണഓവില്‍ സന്ദര്‍ശിച്ചപ്പോള്‍ ട്രാവല്‍ഗൈഡ് സൂചിപ്പിച്ച കാര്യം ഹാരാരി ഓര്‍മ്മിക്കുന്നു. ‘മറ്റിടങ്ങളില്‍ ചോദ്യങ്ങള്‍ ഉത്തരങ്ങളിലേക്ക് നയിക്കുമ്പോള്‍ റഷ്യയില്‍ ചോദ്യങ്ങള്‍ വിഷമതകളിലേക്ക് നയിക്കുന്നു’ എന്നതായിരുന്നു അത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ സുസംഘടിതമായ നിരീക്ഷണവിവരസഞ്ചയം സ്ഥാപിച്ച് ‘ഹോമോ സോവിയറ്റിക്കസ്’ എന്ന പ്രത്യേക മനുഷ്യവിഭാഗത്തെ സൃഷ്ടിക്കാനാണ് സ്റ്റാലിന്‍ ശ്രമിച്ചതെന്ന് ഹരാരി നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ രാഷ്ട്രീയാശയങ്ങളുണ്ടാക്കിയതും വിവരങ്ങളെല്ലാം കയ്യാളിയതും അവയുപയോഗിച്ച് ഭരണസംവിധാനത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും സാധാരണക്കാരെയും നിയന്ത്രിച്ച് സമഗ്രാധിപത്യമുണ്ടാക്കിയതും സര്‍വ്വശക്തരായ ഏകാധിപതികളായിരുന്നു. ഇത്തരം ഏകാധിപതികളെല്ലാം നടപ്പിലാക്കിയ കാര്യങ്ങള്‍ അതിലും ആയിരംമടങ്ങ് കൃത്യതയോടെ ചെയ്യാനാവുന്ന നിര്‍മ്മിതബുദ്ധിയുടെ നിയന്ത്രണം അപക്വമതികളുടെ കൈയ്യിലെത്തിയാല്‍ അതീവ അപകടകരമായ അവസ്ഥയിലേക്കാണ് അത് ലോകത്തെ കൊണ്ടെത്തിക്കുക.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ രൂപംകൊണ്ട കമ്പ്യൂട്ടറുകളും ഇതിന്റെ തുടര്‍ച്ചയായി വികസിച്ചു ലോകമാകെ വരിഞ്ഞുകെട്ടിയ ഇന്റര്‍നെറ്റും നിലവില്‍ മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ സമഗ്രവും സമ്പൂര്‍ണ്ണവും തിരിച്ചുപോകാനാവാത്തതുമാണ്. സമൂഹമാധ്യമങ്ങളുടെ ഇടപെടലുകള്‍ എല്ലായിടങ്ങളിലും സര്‍വതല സ്പര്‍ശിയായി മാറി. സത്യത്തെ അസത്യത്തിന്റെ മൂടുപടമണിയിച്ചു. അസത്യം സത്യമായി. ജയിക്കുന്നവനെ തോല്‍പ്പിച്ചു. തോല്‍ക്കുമെന്നുള്ളവരെ ജേതാക്കളാക്കി. നമ്മളുപയോഗിക്കുന്ന ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച് നമ്മുടെ തന്നെ ഇടപെടലുകളെയും ഇടപാടുകളെയും സൂക്ഷ്മമായി വിലയിരുത്താന്‍ പ്രാപ്തമായ അല്‍ഗൊരിതങ്ങള്‍ എല്ലായിടത്തും നമ്മെ രഹസ്യമായും പരസ്യമായും നിരീക്ഷിക്കുന്നു, പിന്‍തുടരുന്നു, വിലയിരുത്തുന്നു. നമുക്കാവശ്യമുള്ള സാധനങ്ങളും സേവനങ്ങളും തേടിപ്പിടിച്ച് വ്യക്തിപരമായ ഉള്ളടക്കങ്ങളും താല്പര്യമുള്ള പരസ്യങ്ങളും നമുക്കുമുന്നിലെത്തിക്കുന്നതില്‍ത്തുടങ്ങി നമ്മുടെ ചിന്തയേയും ബുദ്ധിയേയും ബോധപൂര്‍വ്വം സ്വാധീനിക്കുന്നതിലേക്ക് വരെ അത് വളര്‍ന്നിരിക്കുന്നു. കവിതയെഴുത്തുള്‍പ്പെടെയുള്ള സര്‍ഗാത്മകപ്രവര്‍ത്തനങ്ങള്‍ മനുഷ്യനില്ലാതെയുമാവാം എന്ന അവസ്ഥവന്നിരിക്കുന്നു. എവിടെയും നിരീക്ഷിക്കപ്പെടുന്ന മനുഷ്യന്‍, തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കപ്പെടുന്ന മനുഷ്യന്‍. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളെല്ലാം എങ്ങിനെയാണ് ജനതയെ സൂക്ഷ്മനിരീക്ഷണം നടത്തി തങ്ങളുടെ ഇച്ഛക്കനുസൃതമായി ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുമ്പോഴാണ് ആധുനികസങ്കേതങ്ങളുപയോഗിച്ചുള്ള സമഗ്രമായ നിരീക്ഷണവും ആ വിവരങ്ങളുടെ ഉപയോഗവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെത്ര ഭീകരമാവാമെന്നു മനസ്സിലാവുക. റുമാനിയന്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായിരുന്ന ചെസസ്‌ക്യൂ, ഭരണകൂടത്തിനെതിരെ സ്റ്റേറ്റ് റേഡിയോയിലേക്ക് കത്തെഴുതിയവരെ തിരിച്ചറിയാന്‍ ഇരുപതുലക്ഷം കൈയ്യക്ഷരങ്ങളാണ് പരിശോധിച്ചതത്രെ. സ്റ്റാലിന്‍ഭരണകൂടം സാധാരണക്കാരെയും പാര്‍ട്ടിപ്രവര്‍ത്തകരേയും നിരന്തരം നിരീക്ഷിക്കാന്‍ വളരെ വിപുലമായ സംവിധാനങ്ങളാണൊരുക്കിയത്. ഇന്ന് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും നമ്മുടെ സര്‍വ്വചലനങ്ങളും ഒപ്പിയെടുക്കുമ്പോള്‍ നിരീക്ഷണവും നിയന്ത്രണവും എളുപ്പത്തില്‍ സാധ്യമാവുമ്പോള്‍ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് എല്ലായിടത്തും അടിയറവെക്കപ്പെടുന്നത്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ പത്തുവര്‍ഷങ്ങള്‍ക്കുമുന്നേതന്നെ വ്യക്തികളുടെ സാമൂഹ്യമാധ്യമ ഇടപെടലുകളും യാത്രയും എഴുത്തും അല്‍ഗരിതം വഴി വിശ്ലേഷണം നടത്തി ഭീകരരാവാന്‍ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തുന്നതിനുള്ള എഐ സംവിധാനം വികസിപ്പിച്ചിരുന്നു. ചിന്തകളെ നിയന്ത്രിക്കാനാവുന്ന ഇലക്ട്രോണിക് ചിപ്പുകള്‍ മസ്തിഷ്‌ക്കത്തില്‍ സ്ഥാപിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് ഇലോണ്‍മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിക്ക് അനുമതി ലഭിച്ചത് അടുത്തകാലത്ത് വാര്‍ത്തയായിരുന്നു. ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടയിലുണ്ടായ ഒരു സംഭവം ഹരാരി വിവരിക്കുന്നുണ്ട്. ഷോപ്പിങ് കഴിഞ്ഞ് മടങ്ങുന്ന മറിയം എന്ന സ്ത്രീയുടെ ഹിജാബ് കാറില്‍ കയറുന്നതിനിടെ തലയില്‍നിന്നു ഊരിവീണു. നിര്‍ബന്ധിതമൂടുപട നിയമം പാലിക്കാത്തതിനാല്‍ പതിനഞ്ചുദിവസത്തേക്ക് തന്റെ കാര്‍ ഗവണ്‍മെന്റ് പിടിച്ചെടുത്തിരിക്കുന്നുവെന്ന സന്ദേശമാണ് ഉടന്‍ ആ സ്ത്രീക്ക് ഫോണില്‍ ലഭിച്ചത്. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ പങ്കാളികളുടെ സര്‍വ്വചലനങ്ങളുമൊപ്പിയെടുത്ത് തല്‍സമയം ആവശ്യക്കാരെ അറിയിക്കുന്ന ‘വൈവാഹിക ഏകാധിപത്യം’ ഇപ്പോള്‍ തന്നെ ധാരാളമായി റിപ്പോര്‍ട്ട്‌ചെയ്യുന്നു. നേരത്തെയുണ്ടായിരുന്ന നിരീക്ഷണ സംവിധാനങ്ങള്‍ നിശ്ചിത സമയങ്ങളിലോ സന്ദര്‍ഭങ്ങളിലോ മാത്രം ആളുകളെയും സ്ഥലങ്ങളെയും നിരീക്ഷണ വിധേയമാക്കിയെങ്കില്‍ ഇന്ന് കാലമോ കാരണമോ സാഹചര്യമോ പ്രസക്തമല്ലാത്ത വിധത്തില്‍ എല്ലാവരുടേയും സര്‍വ്വചലനങ്ങളും ഒപ്പിയെടുക്കുന്നു, ഉപയോഗപ്പെടുത്തുന്നു. വിവരങ്ങളുടെ സമാഹരണവും അപഗ്രഥനവും വ്യക്തികളുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റവും ആയിരം ഇരട്ടി കൃത്യതയോടെയും സൂക്ഷ്മതയോടെയും ഇന്ന് ചെയ്യാന്‍കഴിയും.
മറ്റെല്ലാ സംവിധാനങ്ങള്‍ക്കുമുപരി ഉദാരമായ ജനാധിപത്യത്തിന് സ്വയം തെറ്റുകള്‍ തിരുത്താനും മുന്നോട്ടു പോകാനുമുള്ള കഴിവുകളുണ്ട്. നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികളെയും ഭീഷണികളെയും സമര്‍ത്ഥമായി നേരിടാന്‍ വിവേകപൂര്‍ണ്ണമായ തികഞ്ഞ ജനാധിപത്യ വ്യവസ്ഥിതിക്കു മാത്രമേ സാധിക്കുകയുള്ളൂ. ശേഖരിക്കുന്ന വിവരങ്ങള്‍ വ്യക്തികളുടെ ഗുണത്തിനായി മാത്രം ഉപയോഗിക്കുമെന്ന പൊതുനിഷ്‌കര്‍ഷയും അധികാരത്തിന്റെ വികേന്ദ്രീകരണവും ശേഖരിക്കുന്ന വിവരങ്ങളുടെ സുതാര്യതയും ഉറപ്പാക്കുകയെന്നത് എ.ഐയുടെ കാര്യത്തില്‍ പരമപ്രധാനമാണ്. വലിയതോതിലുള്ള ഡാറ്റയുടെ കേന്ദ്രീകരണവും അപഗ്രഥനവും ഉപയോഗവും ഡോക്ടര്‍മാരെയും ഡ്രൈവര്‍മാരെയും തൊഴില്‍രഹിതരാക്കുമ്പോള്‍ ഉയര്‍ന്ന മാനവിക സ്‌നേഹത്തോടെ പെരുമാറുന്ന നഴ്‌സിനെയും മാനസികസുരക്ഷിതത്വം പ്രധാനം ചെയ്യുന്ന പുരോഹിതനെയും നിര്‍മിതബുദ്ധിക്ക് പകരംവെക്കാന്‍ പ്രയാസമായിരിക്കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നേതാക്കളുടെയും ഉത്തരവാദിത്തബോധമില്ലാത്ത സാമൂഹ്യമാധ്യമ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ടാക്കുന്ന ബോധപൂര്‍വ്വമായ തെറ്റിദ്ധരിപ്പിക്കലുകള്‍ സൃഷ്ടിക്കുന്ന ഡിജിറ്റല്‍ അരാജകത്വം മറ്റൊരു ഭീഷണിയാണ്.
അങ്ങേയറ്റത്തെ സ്വയംനിയന്ത്രിത അച്ചടക്കവും പരസ്പരവിശ്വാസവും ആവശ്യമുള്ള മേഖലയാണിത്. വിവിധ രാജ്യങ്ങളുടെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന ആശങ്കകളെല്ലാവര്‍ക്കുമറിയാം. നിര്‍മ്മിത ബുദ്ധിയാവട്ടെ ആണവോര്‍ജ്ജത്തെക്കാള്‍ സാധാരണക്കാരുടെ സര്‍വ്വകാര്യങ്ങളിലുമിടപെടാന്‍ കരുത്തുള്ള ഒന്നാണ്. അതിലുപരി ആരുമറിയാതെ അതീവ രഹസ്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ബര്‍ട്രന്‍ഡ് റസ്സലും മറ്റനേകം പ്രമുഖരും ഒത്തുചേര്‍ന്ന് ആണവയുദ്ധമൊഴിവാക്കാന്‍ 1955ല്‍ ഇറക്കിയ പ്രസ്താവനയാണ് ഇവിടെയും പ്രസക്തമെന്ന് ഹരാരി പറയുന്നു. ”മനുഷ്യത്വത്തെക്കുറിച്ച് മാത്രം ഓര്‍ക്കുക, മറ്റെല്ലാം മറക്കുക; അങ്ങിനെ ചെയ്താല്‍ പുതു സ്വര്‍ഗത്തിലേക്കു നമുക്കൊരുമിച്ച് പ്രവേശിക്കാം, ഇല്ലെങ്കില്‍ സര്‍വ്വനാശത്തിലേക്കും.” തീരുമാനിക്കേണ്ടത് നമ്മളാണ്.






















