ശബരിമല: വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടികള്‍ ചവിട്ടി അയ്യനെ തൊഴുത് രാഷ്‌ട്രപതി ദ്രൗപദി മുർമു. ശബരിമല സന്നിധാനത്ത് എത്തിയ പ്രഥമ വനിതയെ ആചാരനുഷ്ഠനാങ്ങളോടെ കണ്ഠര് മഹേഷ് മോഹനരര് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.
ഇരുമുടികെട്ട് നടയിൽ സമർപ്പിച്ച രാഷ്‌ട്രപതി ഏറെ നേരം തൊഴുകൈയോടെ അയ്യനെ കൺകുളിർക്കെ കണ്ടു. മേൽശാന്തിയിൽ നിന്നും പ്രസാദവും സ്വീകരിച്ചാണ് രാഷ്‌ട്രപതി ദർശനം പൂർത്തിയാക്കിയത്. ശബരിമല ദർശനം പൂർത്തിയാക്കിയ രാഷ്‌ട്രപതി ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.
ഏറെ നാളായി അയ്യപ്പ ദർശനം രാഷ്‌ട്രപതി ആഗ്രഹിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അത് നീണ്ടു പോകുകയായിരുന്നു. പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു കെട്ടു നിറച്ചത്. ശരണമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു കെട്ടുനിറ. പൂർണ്ണമായും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് പ്രഥമ വനിത അയ്യനെ കാണാൻ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്‌ട്രപതിക്കൊപ്പം പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടുനിറച്ചത്.
















