കഴിഞ്ഞ ഒക്ടോബര്‍ 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയില്‍ പുറത്തിറക്കിയ ഭാരതമാതാ നാണയത്തിന് പ്രതിപക്ഷത്തിന്റെ മൂന്നംഗ ഭരണഘടനാ ബഞ്ചിന്റെ വിലക്ക്. ഇനി ഈ നാണയം ചാക്കില്‍ കെട്ടിവെക്കാനല്ലാതെ ആര്‍ക്കും ഉപയോഗിക്കാം എന്ന് ഒരു സംഘപരിവാറുകാരനും സ്വപ്‌നം കാണേണ്ട. വിധിച്ചത് ചില്ലറക്കാരല്ല എന്നതു തന്നെ കാരണം. ഭരണഘടന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ മൂന്നംഗബഞ്ചിലെ ഒരു ജഡ്ജി കേരളമുഖ്യന്‍ വിജയന്‍ സഖാവാണ്. രണ്ടാമത്തെയാള്‍ തമിഴ്‌നാട് മുഖ്യന്‍ സ്റ്റാലിനും മൂന്നാമത്തെയാള്‍ കോണ്‍ഗ്രസ്സിന്റെ പാവപ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ്. നാണയം പുറത്തിറങ്ങി ഉടനെ ബഞ്ചിലെ ജഡ്ജിമാര്‍ സ്വമേധയാ ഈ കേസ് പരിഗണനക്കെടുക്കുകയും പ്രത്യേകം പ്രത്യേകം വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയുമായിരുന്നു. ഈ നാണയം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് മൂന്നു ജഡ്ജിമാരും ഏകസ്വരത്തില്‍ പറഞ്ഞത്. ആര്‍.എസ്.എസ്സിന്റെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയതാണ് നാണയവും സ്റ്റാമ്പും എന്നതാണ് ഇതിനു ഈ ബഞ്ച് കണ്ടെത്തിയ ആദ്യ അയോഗ്യത. ഈ ജഡ്ജിമാര്‍ കുത്തിയിരുന്ന് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം മുഴുവന്‍ അരിച്ചു പെറുക്കി നോക്കിയിട്ടും അതിലെവിടെയും ഒരു ആര്‍.എസ്.എസ്സുകാരന്റെയും പേരു കണ്ടില്ല. അത് രണ്ടാമത്തെ അയോഗ്യത. ഈ ഡിവിഷന്‍ ബഞ്ചിനു മീതെ ഒരു അപ്പീല്‍ കോടതിയില്ല. അതിനാലാണ് ഈ നാണയം ചാക്കില്‍ കെട്ടി വെക്കാനേ പറ്റൂ എന്നു പറഞ്ഞത്.
കേരള ഗവര്‍ണര്‍ രാുറഭവനില്‍ ഭാരതമാതാ ചിത്രം വെച്ചപ്പോള്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ചു കൊടുത്ത ജഡ്ജിയാണ് വിജയന്‍ സഖാവ്. മുസ്ലിങ്ങള്‍ കണ്ടെത്തിയ ഒന്നും ആര്‍.എസ്.എസ്സുകാര്‍ തൊട്ടുപോകരുത് എന്നാണ് ആ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ഭാരത് മാതാ കീ ജയ് എന്ന് ആദ്യം വിളിച്ചത് അസിമുള്ള ഖാനാണ്. ജയ്ഹിന്ദ് കണ്ടെത്തിയത് ആബിദ് ഹുസൈന്‍ സഫാനിയാണ്. ഇവര്‍ രണ്ടും മുസ്ലിങ്ങളായതിനാല്‍ ഈ രണ്ടു മുദ്രാവാക്യങ്ങളും ആര്‍.എസ്.എസ്സുകാര്‍ ഉപയോഗിക്കരുത് എന്നു വിജയന്‍ ജഡ്ജി വിലക്കിയതാണ്. സ്റ്റാലിന്‍ ജഡ്ജിയാവട്ടെ ആര്‍.എസ്.എസ്സുകാര്‍ ഗണവേഷമിട്ട് പുറത്തിറങ്ങി നടക്കാന്‍ പാടില്ല എന്നു വിധിക്കുകയും പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുകയും ചെയ്ത ജഡ്ജിയാണ്. ഇതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ പഥസഞ്ചലനം നടത്താന്‍ ആര്‍.എസ്.എസ്സുകാര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു. കഴിഞ്ഞ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വേളയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഹ്വാനം ചെയ്തത് ആര്‍.എസ്.എസ്സുകാരെ വിഷപ്പാമ്പിനെ പോലെ തല്ലിക്കൊല്ലണം എന്നാണ്. ഈ ജഡ്ജിമാര്‍ ഒന്നിച്ച് വിധിയെഴുതിയതോടെ ഭാരതമാതാവിന്റെയും ആര്‍.എസ്.എസ്സിന്റെയും കാര്യം കട്ടപ്പൊക തന്നെ!





















