ഇനി, നാളും നക്ഷത്രവുമെല്ലാം സംഘകാലത്ത് എത്രമാത്രം പ്രസക്തമായിരുന്നുവെന്ന് നോക്കാം. ശുക്രനക്ഷത്രം തെക്കേദിശയിലേയ്ക്ക്‌നീങ്ങിയാല്‍ വരള്‍ച്ചയുണ്ടാകുമെന്ന് പത്തുപാട്ടുള്‍പ്പെടെ പല സംഘംപാട്ടുകളിലും പരാമര്‍ശമുണ്ട്. നെടുനല്‍വാടയില്‍-
‘സൂര്യമണ്ഡലത്തില്‍നിന്നകന്ന് ചന്ദ്രനോടൊത്ത്
മേടാദി നക്ഷത്രങ്ങളോടൊത്ത് സഞ്ചരിക്കുന്ന
രോഹിണീ നക്ഷത്രംപോല്‍ പ്രേയാനെ പിരിയാതെ
എന്നെന്നുമൊരുമിച്ചു കഴിയാന്‍ തനിക്കാകുന്നില്ലെന്ന് ചിന്തിക്കുന്ന’ നായികയെ കാണുന്നുണ്ട്. അതുപോലെ സത്യധര്‍മ്മശാസ്ത്രങ്ങളഭ്യസിച്ച് സല്‍ക്കീര്‍ത്തി സുപ്രതിഷ്ഠിതമാക്കിത്തീര്‍ത്തവരാണ് ചന്ദ്രവംശ രാജാക്കന്മാരെന്ന് സംഘപ്പലക സ്ഥാപിച്ച ഉക്കിരപ്പെരുവഴുതിയെന്ന പഴയമാറനെ പരാമര്‍ശിക്കുകയും മാറന്‍ ചടയനെയും നിലംതരുതിരുവില്‍ പാണ്ഡ്യനെയും അനുസ്മരിക്കുകയും ചെയ്യുന്നു. അവരുടെ കുലചിഹ്നമാണ് ചന്ദ്രക്കലയെന്ന്(177-196) വ്യക്തമാക്കുന്നുമുണ്ട്. അവരെല്ലാം ചന്ദ്രവംശരാജാക്കന്മാരാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. വെണ്‍താരയായ ശുക്രനക്ഷത്രം തെക്കോട്ട് സഞ്ചരിച്ചാല്‍ വരള്‍ച്ചയുണ്ടാകുമെന്ന് പല പാട്ടുകളിലും പരാമര്‍ശിക്കുന്നു. മകം നക്ഷത്രംപോലെ ഇണപെട്ട കുളക്കരകളും വരഞ്ഞിട്ട കണക്കിന് തെളിഞ്ഞ പൊയ്കകളും ഇഹത്തിലും പരത്തിലുമുള്ള കാമങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളായി നിലനില്‍ക്കുന്നുവെന്ന് (29-39) ഒരു പാട്ടില്‍ പറയുന്നു. പുറം 229-ാം പാട്ട് കൂടലൂര്‍ കിഴാര്‍ ചേരല്‍ ഇരുംപൊറൈയുടെ മരണം ദുര്‍ന്നിമിത്തങ്ങള്‍ കണ്ട് മനസ്സിലാക്കി എഴുതിയ പാട്ടാണ്. കവി കണ്ടതുപോലെ ഏഴാംനാളില്‍ ചേരരാജാവ് മരിക്കുകയും ചെയ്തു. ‘മേടരാശി ചേര്‍ന്ന കാര്‍ത്തികയുടെ ആദ്യപാദത്തില്‍ നിറഞ്ഞ ഇരുട്ടുള്ള അര്‍ദ്ധരാത്രിയില്‍ അനിഴ നക്ഷത്രത്തിന്റെ അടിയിലുള്ള നക്ഷത്രം (ആദ്യനക്ഷത്രം) മുതല്‍ പുണര്‍തത്തിന്റെ അവസാനത്തെ നക്ഷത്രം അതിരായി വിളങ്ങവേ പൈങ്കുനിമാസത്തിന്റെ ആദ്യത്തെ പതിനഞ്ചില്‍ (അതായാത് ആദ്യപക്ഷത്തില്‍) ഉച്ചമായ നക്ഷത്രം ഉച്ചതിരിയവേ, ആ ഉത്രത്തിന് എട്ടാം നക്ഷത്രമായ മൂലം അതിനെതിരേ ഉദിക്കവേ മകയിരം നക്ഷത്രം തുറയില്‍ താഴവേ കടലാല്‍ ചുറ്റപ്പെട്ട ഭൂമിക്ക് വിളക്കാകുമാറ് ശക്തിയായി തീ പരക്കവേ, കാറ്റ് വീശി ഉയര്‍ന്നു. ആകാശത്തുനിന്നും ഒരു നക്ഷത്രം വീണു. അതുകണ്ട് ഞങ്ങളും മറ്റുള്ളവരുമായ വിവിധ തരത്തില്‍പ്പെട്ട അര്‍ത്ഥികള്‍ പറമുഴങ്ങുംപോലെ ശബ്ദമുണ്ടാക്കിക്കൊണ്ട്, അരുവികളൊഴുകുന്ന നല്ല നാട്ടിന്റെ അധിപന്‍ രോഗമില്ലാത്തവനാകട്ടേ എന്ന് പ്രാര്‍ത്ഥിച്ചു. അതിന്റെ ഏഴാം നാള്‍ മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ എന്ന ചേരമന്നന്‍ ദേവലോകം പൂകി. നെടുഞ്ചേഴിയനെ മാങ്കുടി മരുതനാല്‍ പുകഴ്ത്തിയ പുറം 24:24-25-ാം പാട്ടില്‍ ‘അരചാ നിന്റെ ജന്മനക്ഷത്രം (പിറന്നാളാഘോഷം) നിലനില്‍ക്കട്ടേ, നിന്റെ ശത്രുക്കളുടെ നക്ഷത്രം അഴിയട്ടേ’ എന്ന് പറയുന്നുണ്ട്. മൂലം കിഴാര്‍ എന്ന കവിയുടെ നക്ഷത്രം മൂലം ആയതുകൊണ്ടാണ് പേരിനോടൊപ്പം മൂലം എന്ന നക്ഷത്രനാമംകൂടി ചേര്‍ന്നതെന്ന്, പാടിയവരുടെ ചരിത്രത്തില്‍ സ്വാമിനാഥയ്യര്‍ എഴുതിയിട്ടുണ്ട്. ഉച്ചനക്ഷത്രത്തിന് മുമ്പേയുള്ള എട്ടാംനക്ഷത്രം പിമ്പേയുള്ള എട്ടാംനക്ഷത്രം എന്നിവയിലൊന്ന് അസ്തമിക്കുമ്പോള്‍ മറ്റൊന്നുദിക്കുന്നു എന്ന ഒറ്റ പ്രസ്താവത്തില്‍നിന്നുതന്നെ ജ്യോതിഷത്തിലെ പല പ്രാഥമിക വസ്തുതകളും അക്കാലത്തെ തമിഴില്‍ നിലയുറച്ചതായി കാണാമെന്ന് 303 ഉണ്ണിക്കിടാവ് ചൂണ്ടിക്കാട്ടുന്നു. വര്‍ഷം, ഋതു, മാസം, പക്ഷം, തിഥി, നക്ഷത്രം മുതലായവ ഗണിച്ചിരുന്നവര്‍ക്ക് ജ്യോതിശാസ്ത്ര സംബന്ധമായ ഗ്രഹനിലയും ഗണിക്കാനറിയാമായിരുന്നുവെന്ന് സംഘകൃതികളില്‍ നിന്ന് മനസ്സിലാക്കാം. തമിഴിലെ മാസനാമങ്ങളും, ചിത്തിരൈ, (ചിത്ര), വൈകാശി (വിശാഖം), ആനി (മൂലം-ഉത്രാടം), ആടി (ആഷാഢം), ആവണി (ശ്രാവണ), പൂരട്ടാശി (പൂരട്ടാതി-പ്രോഷ്ഠപദ), ഐപ്പശി (അശ്വതി), കാര്‍ത്തികൈ (കാര്‍ത്തിക), മാര്‍കഴി (മാര്‍ഗശീര്‍ഷ), തൈ (തൈഷിപൂയം) മാശി (മാഘം), പൈങ്കുനി (ഫാല്‍ഗുനം) നക്ഷത്രനാമങ്ങളും സംസ്‌കൃതവുമായി ബന്ധപ്പെട്ടവയാണ്. നക്ഷത്ര നാമങ്ങള്‍ നോക്കുക. അച്ചുവതി (അശ്വതി), പരണി (ഭരണി), കാര്‍ത്തികൈ (കൃത്തിക), രോകിണി (രോഹിണി), മിരുകചിരീടം (മൃഗശീര്‍ഷം), തിരുവാതിരൈ (ആര്‍ദ്ര), പുണര്‍തം (പുനര്‍വസു) പൂചം (പുഷ്യ) ആയില്യം (ആശ്ലേഷ) എന്നിങ്ങനെയാണതിന്റെ പോക്ക്. ആഴ്ചകള്‍, വര്‍ഷഗണന, നാളുകള്‍ തുടങ്ങിയവയിലെല്ലാം സംസ്‌കൃതത്തിന്റെ സ്വാധീനത വ്യക്തമാണ്. ഇതെല്ലാമടങ്ങുന്ന തമിഴക പൈതൃകം ഉപേക്ഷിച്ച് ജൂപ്പിറ്റര്‍ കലണ്ടര്‍ സ്വീകരിക്കുമ്പോള്‍ തമിഴ് പൈതൃകത്തിന് നഷ്ടപ്പെടുന്നതെന്താണെന്ന് സാധാരണ ജനത ആലോചിക്കേണ്ടതല്ലേ? ഇതെല്ലാം വേണ്ടെന്നുവയ്ക്കാന്‍ ഏതെങ്കിലും അടിത്തറയുള്ള കാരണങ്ങള്‍ വേണ്ടതല്ലേ എന്ന് തമിഴക സംസ്‌കാരത്തിന്റെ അവകാശികളായ തമിഴരും കേരളീയരും ആലോചിക്കണം.
ഇവയോടൊപ്പം തന്നെ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച പോരാളികളുടെ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ട നടുക്കല്ലുകളെയും അവര്‍ പൂജിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ പൂര്‍വിക പൂജയുടെയും വീരാരാധനയുടെയും പാരമ്പര്യമാണ് ഇതില്‍ കാണുന്നത്. ആരാധനയിലെ വൈവിധ്യത്തിന്റെ അടിത്തട്ടില്‍ക്കിടക്കുന്ന സമാനത നരവംശത്തിന്റെ അതിപ്രാചീനപാരമ്പര്യത്തിലാണ് വേരാഴ്ത്തിയിട്ടുള്ളത്. രൂപത്തിലല്ലാതെ ധര്‍മ്മത്തില്‍ ഇവ തമ്മില്‍ വ്യത്യാസമൊന്നുമില്ല. പശുവെന്നും ചാണകമെന്നും കേട്ടാല്‍ വിറളി പിടിക്കുന്ന മതവെറിക്കാര്‍, തറയില്‍ തുണിവിരിച്ച് അതില്‍ ഉണക്കലരിയും വിതറി, ചോറുനിറച്ച കൂടകളുമായിവന്ന് പശുവിന്റെ ചാണകം മെഴുകിയ നിലത്ത് നീണ്ട വേലുകള്‍ കുത്തിവച്ച് അതിനുമുകളില്‍ കൊടിക്കൂറ കെട്ടിവച്ച് അവിടിരുന്ന് പുരാതനശാസ്ത്രങ്ങളില്‍ മികവേറും പണ്ഡിതന്മാര്‍ സംവാദത്തിനുയര്‍ത്തിയ മണ്ഡപത്തിന്റെ കൊടിക്കൂറകള്‍ (159-170) മറ്റു പലവിധ കൊടിക്കൂറകള്‍ക്കൊപ്പം പാറിക്കളിക്കുന്നതാണ് പുകാര്‍ എന്ന് മനസ്സിലാക്കണം. കപ്പലിലെ പായ്മരത്തില്‍ ഇളകി ഉയര്‍ന്നു പറക്കുന്ന വ്യാപാരക്കൊടികളും മീന്‍മാംസമറുക്കുന്നതിന്റെ ആരവങ്ങളുയരുന്ന കടല്‍പ്പുറത്ത് മന്ദിരകവാടത്തില്‍ മണല്‍ ബിംബമുണ്ടാക്കി, കൂവളമലരുചിന്തി ദേവനു നിവേദിക്കുന്നവരെയും കാണാം. കള്ളുള്‍പ്പെടെയുള്ള വ്യാപാരങ്ങളുടെ അടയാളങ്ങളായ വിവിധ കൊടിക്കൂറകള്‍ അവിടെ പാറുന്നു. പല നാളുകളിലവിടെ താമസിക്കരുതെന്നും അങ്ങനെ താമസിക്കാനിടവന്നാല്‍ നിരനിരയായി വിടര്‍ന്നുനില്‍ക്കുന്ന കൂവളപ്പൂക്കളില്‍ തൊട്ടുപോയാലും അതുപോലെ മലങ്കാളിവസിക്കുന്ന കാവുകളിലേയ്ക്ക് നോക്കിപ്പോയാലും ജീവനാശം വരത്തക്കവണ്ണമുള്ള വിറയലും പനിയും വരുമെന്നും പറയുന്നത് അന്നത്തെ വിശ്വാസ പ്രമാണങ്ങളുടെ പ്രത്യേകത വ്യക്തമാക്കുന്നതാണ് (186-192). കൂവളപ്പൂക്കള്‍ ദുര്‍ദ്ദേവതകള്‍ക്ക് ഇഷ്ടമുള്ളവയായതിനാല്‍ അത് പറിക്കുന്നത് ആ ദേവതകളെ പ്രകോപിപ്പിക്കും. ഇത്തരത്തില്‍ പ്രാദേശിക വിശ്വാസങ്ങളും ദേശീയ വിശ്വാസാചാരങ്ങളും കൂടിക്കലര്‍ന്നതും വൈവിധ്യ പൂര്‍ണവുമായ ആരാധനകളുടെയും വിശ്വാസധാരകളുടെയും സമന്വയമാണ് വേദോപനിഷത്തുകളിലധിഷ്ഠിതവും ഗോത്രാചാരപരങ്ങളുമായ ഭാരതീയ മതാനുഷ്ഠാനങ്ങള്‍. പശു അടിസ്ഥാന സമ്പത്തായിരുന്നതിനാലാണ് അക്കാലത്തെ യുദ്ധതന്ത്രങ്ങളില്‍ പശുമോഷണവും അതിനെ തിരിച്ചുപിടിക്കുന്നതും പ്രധാന യുദ്ധ സന്ദര്‍ഭവും യുദ്ധ കാരണവുമായത്. അവയുടെ സമഗ്രസത്തയെയാണ് സനാതന മതദര്‍ശനമെന്ന് വിളിക്കുന്നത്. സനാതനമെന്നാല്‍ നാശമില്ലാത്തതെന്ന സാമാന്യര്‍ത്ഥമുള്ളതും പ്രാചീനതയെക്കുറിക്കുന്നതുമാണെങ്കിലും അതെന്തോ വലിയ അപകടമാണെന്ന് കുറേപ്പേര്‍ വിശ്വസിക്കുന്നു. അവരതിന് പറയുന്ന കാരണങ്ങളിലൊന്ന്, അതാണ് ചാതുര്‍വര്‍ണ്യത്തിന് കാരണമായതെന്നാണ്.
ചാതുര്‍വര്‍ണ്യം ഏകരൂപമല്ല
ഭഗവദ്ഗീതയിലെ ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ എന്ന പ്രസ്താവനയാണ് അക്കൂട്ടരുടെ ആയുധം. ഗുണത്തെയും കര്‍മ്മത്തെയും അടിസ്ഥാനമാക്കി നാലുവര്‍ണങ്ങളെ വിഭജിച്ചത് താനാണെന്ന ശ്രീകൃഷ്ണന്റെ പ്രസ്താവനയാണ് ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും അടിസ്ഥാനമെന്നും അത് വൈദിക ദര്‍ശനത്തില്‍ നിന്ന് വികസിച്ചുവന്നതാണെന്നും അതാണ് സനാതന മതദര്‍ശനമെന്നുമുള്ള ധാരണയാണ് ഈ നിലപാടുകാരുടെ അടിസ്ഥാനം.
എന്താണ് ചാതുര്‍വര്‍ണ്യമെന്നും അതിന് വേദോപനിഷത്തുകളുമായി എന്തു ബന്ധമാണുള്ളതെന്നും ഇടതുപക്ഷ ചരിത്ര രചയിതാക്കളും ചിന്തകരും ഡോ.അംബേദ്കറെപ്പോലുള്ള മനീഷികളും വിശകലനംചെയ്തിട്ടുണ്ട്. ചാതുര്‍വര്‍ണ്യമാണ് പ്രശ്‌നമെങ്കില്‍ മനുഷ്യ സമൂഹത്തിന്റെ ഉല്‍പ്പത്തി വികാസങ്ങളെക്കുറിച്ചു പഠിക്കുന്ന നരവംശ ശാസ്ത്രപഠനം തന്നെ ഉപേക്ഷിക്കേണ്ടിവരും. കാരണം, ആസ്ത്രലോയ്ഡ്, മംഗലോയ്ഡ്, നീഗ്രോയ്ഡ് തുടങ്ങിയ മനുഷ്യ സമൂഹങ്ങളുടെ വിഭജനത്തിനാധാരം നിറവും ശരീരഘടനയും, പല്ലുകളുടെയും തലയോട്ടിയുടെയും മറ്റും ഘടനയുമൊക്കെയാണ്. ഇങ്ങനെയുള്ള ഓരോ മനുഷ്യ സമൂഹവും ജീവിക്കുന്ന പരിസ്ഥിതികള്‍, കഴിക്കുന്ന ആഹാരം, അവരുടെ തൊഴിലുകളെന്നിവയാകട്ടെ അവരുടെ വ്യക്തിപരവും സാമൂഹികവുമായ സവിശേഷതകള്‍ക്ക് അടിസ്ഥാനവുമാണ്. കറുത്തവരും ബ്രൗണ്‍ നിറമുള്ളവരുമെല്ലാം യൂറോപ്യന്‍ കാഴ്ച്ചപ്പാടില്‍ പാര്‍ശ്വവല്‍ക്കൃതരായിരുന്ന സാഹചര്യം മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും തുടച്ചുനീക്കപ്പെട്ടിട്ടില്ല. അപ്പാര്‍ത്തീഡ് മറക്കപ്പെടാറായിട്ടില്ല. കറുത്ത നിറത്തെയും യൂറോപ്പേതര ഭക്ഷണശീലത്തെയും സംസ്‌കാരത്തെയും ഇന്ന് മാറ്റിനിര്‍ത്താനാകുകയുമില്ല. അതിനാല്‍ ചാതുര്‍വര്‍ണ്യത്തിനെതിരേ അട്ടഹസിക്കുന്നവര്‍ നരവംശപരമായ യാഥാര്‍ത്ഥ്യങ്ങളെല്ലാം മോശമാണെന്ന് പറയുമോ? അത്തരം യാഥാര്‍ത്ഥ്യങ്ങളല്ല പ്രശ്‌നം, അവയോടുള്ള സമീപനമാണ്. വര്‍ണവെറിയോടുകൂടിയ സമീപനമാണ് പ്രശ്‌നം, വര്‍ണമല്ല. ഏതെങ്കിലുമൊരു വര്‍ണം കേമമാണെന്നോ, മറ്റൊരു വര്‍ണം മോശമെന്നോ കരുതുന്നതാണ്, മനുഷ്യര്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ ജനിക്കുന്നതല്ല കുഴപ്പം. ഇത് ചാതുര്‍വര്‍ണ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വ്യക്തമാണ്. ചാതുര്‍വര്‍ണ്യം ഭാരതത്തില്‍ മുഴുവന്‍ ഒരേ തരത്തിലല്ല രൂപപ്പെട്ടത്. ഉത്തരേന്ത്യയും തെന്നിന്ത്യയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന് ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായ 304 കെ.ദാമോദരന്‍ വിശദീകരിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ആര്യന്മാര്‍ക്കിടയില്‍ അടിമത്ത വ്യവസ്ഥ ഉയര്‍ന്നുവന്നത് ചാതുര്‍വര്‍ണ്യത്തിന്റെ രൂപത്തിലാണ്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ നാലുവര്‍ണങ്ങളായിട്ടാണ് സമുദായം വിഭജിക്കപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. ഈ വര്‍ണങ്ങളും പിന്നീടുണ്ടായ ജാതികളുമൊന്നല്ലെന്നും പറയുന്നു. ജാതിവ്യത്യാസം ഫ്യൂഡലിസത്തിന്റെ സൃഷ്ടിയാണ്. ചാതുര്‍വര്‍ണ്യമാകട്ടെ, അടിമത്ത വ്യവസ്ഥയിലെ വര്‍ഗവ്യാസങ്ങളെയാണ് കുറിക്കുന്നത്. ഡോ.അംബേദ്കറുടെ അഭിപ്രായത്തില്‍ അസ്പൃശ്യരെന്ന അഞ്ചാം വര്‍ണം ഉദ്ഭവിക്കുന്നതിനു മുമ്പ് ജനസംഖ്യയുടെ എണ്‍പത് ശതമാനത്തിലേറെ വരുന്ന ശൂദ്രര്‍ ചാതുര്‍വര്‍ണ്യ വിധിപ്രകാരം ഹിന്ദുക്കളുടെ കണ്ണില്‍ ഏറ്റവും താഴ്ന്നവരായത് ബ്രാഹ്മണാധിപത്യം മൂലമാണ്. 305 സൂര്യവംശത്തില്‍പ്പിറന്ന ആര്യ സമുദായക്കാരായിരുന്ന ശൂദ്രര്‍ ഇന്തോ-ആര്യന്‍ ത്രൈവര്‍ണിക സമൂഹത്തില്‍ ക്ഷത്രിയവര്‍ണത്തിന്റെ സ്ഥാനമുള്ളവരായിരുന്നു. ശൂദ്രരായ രാജാക്കന്മാരും ബ്രാഹ്മണരുമായുള്ള നിരന്തര സംഘര്‍ഷത്തിന്റെ ഫലമായി ബ്രാഹ്മണര്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു. അതില്‍ വിദ്വേഷംപൂണ്ട ബ്രാഹ്മണര്‍ ശൂദ്രരുടെ ഉപനയനം നടത്താന്‍ വിസമ്മതിക്കുകയും ഉപനയനം നിഷേധിക്കപ്പെട്ടതിനാല്‍ അവര്‍ സാമൂഹികമായി അധഃപതിച്ച് നാലാംവര്‍ണമാകുകയും ചെയ്തു. ഇതാണ് ശൂദ്രരെപ്പറ്റിയുള്ള നിലപാട്. വേദത്തില്‍ പുരുഷസൂക്തം ആര്യബ്രാഹ്മണര്‍ക്ക് നല്ലൊരു ആയുധമാണെങ്കിലും അത് പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാണെന്ന് അംബേദ്കര്‍ ഈ ഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നുണ്ട്. എന്തായാലും ബ്രാഹ്മണാധിപത്യത്തിനെതിരായ നിലപാട് സനാതനമെന്ന പേരില്‍ ഹിന്ദുമതത്തിനെതിരെ തിരിച്ചുവിടുമ്പോള്‍ അംബേദ്കര്‍ തന്നെ ചൂണ്ടിക്കാട്ടുന്ന രാഷ്ട്രീയ താല്‍പ്പര്യമാണ് അതിലുള്ളത്. തങ്ങളുടെ സ്വാധീനത്തില്‍ നിര്‍ത്താന്‍ വേണ്ട നിലപാടു മാത്രമേ ഒരു രാഷ്ട്രീയ നേതാവിന് സ്വീകരിക്കാനാകൂ. ഇപ്പോള്‍ ദ്രാവിഡ രാഷ്ട്രീയമെന്ന ഒരു വൈകാരികാവസ്ഥ മുതലാക്കി രാഷ്ട്രീയാധികാരം കൈയാളുന്നവര്‍ക്ക് ചരിത്രവസ്തുതകളോട് കൂറുകാട്ടാനാകില്ലെന്നതാണ് കാര്യം. ശൂദ്രര്‍ നാലാം വര്‍ണമായതെങ്ങനെയെന്ന അന്വേഷണം ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ ചാതുര്‍വര്‍ണ്യത്തിന്റെ ഉദ്ഭവം മുതല്‍ തുടങ്ങണമെന്നും ചാതുര്‍വര്‍ണ്യത്തെക്കുറിച്ചുള്ള പഠനം ഋഗ്വേദം പത്താം മണ്ഡലത്തിലെ തൊണ്ണൂറാം സൂക്തമായ പുരുഷസൂക്തത്തെക്കുറിച്ചുള്ള പഠനംമുതലേ തുടങ്ങാനാകൂവെന്നും 306 അംബേദ്കര്‍ പ്രസ്താവിക്കുന്നു. പുരുഷസൂക്തത്തിലെ പതിനൊന്നും പന്ത്രണ്ടും ശ്ലോകങ്ങളെ ബ്രഹ്മാണ്ഡ രചന (കോസ്‌മോഗണി)യുടെ ഭാഗമായി കാണാതെ, സാമൂഹ്യഘടനയുടെ ഒരു പ്രത്യേകരൂപം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ദൈവകല്‍പ്പനയാക്കിയതിലൂടെയാണ് ചാതുര്‍വര്‍ണ്യം രൂപപ്പെട്ടത് (പു.3). ഇന്‍ഡോ-ആര്യന്‍ സമൂഹത്തിന്റെ ജീവിതം അതിന്റെ പ്രാരംഭദശയില്‍ വാര്‍ത്തെടുക്കപ്പെട്ടത് ചാതുര്‍വര്‍ണ്യമെന്ന ആശയത്തിന്റെ മൂശയിലാണെന്നും അംബേദ്കര്‍ അഭിപ്രായപ്പെടുന്നു. ചാതുര്‍വര്‍ണ്യമെന്ന ആദര്‍ശത്തെ എതിര്‍ത്ത ശ്രീബുദ്ധനുപോലും അതിന്റെ പ്രചാരം തടയുവാനോ അതിനെ ദുര്‍ബലപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെന്ന് ആപസ്തംബധര്‍മ്മസൂത്രത്തില്‍ നിന്നും വാസിഷ്ഠസൂത്രത്തില്‍ നിന്നും അറിയാന്‍ കഴിയും. സമൂഹഘടനയുടെ നിലവിലുള്ളസ്ഥിതി പരമാവധി സ്വാഭാവികമാണെന്നതിനപ്പുറം ആദര്‍ശപരമാണെന്ന് ഗ്രീക്ക്-റോമന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുള്‍പ്പെടെ മറ്റൊരു സംസ്‌കാരവും പറഞ്ഞിട്ടില്ലെങ്കിലും ഇന്‍ഡോ -ആര്യന്‍ സംസ്‌കാരം പുരുഷസൂക്തത്തെയും അതിലധിഷ്ഠിതമായ ആശയത്തെയും ആദര്‍ശസമൂഹം മാത്രമല്ല, ദൈവീകവും ദിവ്യവുമായി മാറ്റി. അത് കൃത്യമായി ചെയ്തത് മനുവായിരുന്നു. ഇതാണ് ഇതര ആശയങ്ങളും ചാതുര്‍ വര്‍ണ്യവുമായി ഉണ്ടായ വ്യത്യാസം. പുരുഷസൂക്തത്തില്‍ കാണുന്നത് രണ്ടുതരം വിവരണങ്ങളാണ്. അതിലെ ഒന്നില്‍ പ്രപഞ്ചം അസത്ത് അഥവാ ശൂന്യതയില്‍ നിന്നുണ്ടായി എന്നും രണ്ടാമത്തേതില്‍ പുരുഷനില്‍ നിന്നുണ്ടായി എന്നും പറയുന്നു. മനുഷ്യ സൃഷ്ടിയെക്കുറിച്ചു പറയേണ്ട ഘട്ടം വന്നപ്പോള്‍ പുരുഷസൂക്തം ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലെ നാല് വര്‍ഗങ്ങളുടെ ഉദ്ഭവത്തെപ്പറ്റി പ്രതിപാദിക്കുകയാണ് ചെയ്യുന്നത്. അതാണ് പുരുഷസൂക്തത്തിന്റെ പ്രാഥമിക താല്‍പ്പര്യം. അതിലൂടെ ഇതര ദൈവശാസ്ത്രങ്ങള്‍ക്ക് മാത്രമല്ല, ഋഗ്വേദത്തിലെ ഇതരഭാഗങ്ങള്‍ക്കുകൂടി നേരേ വിപരീതമായിട്ടുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഋഗ്വേദം 1.96.2 ല്‍ മനുഷ്യവര്‍ഗങ്ങളെ അവഗണിക്കുകയും മനുഷ്യസൃഷ്ടിയെക്കുറിച്ചുമാത്രം വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഇന്‍ഡോ-ആര്യന്മാരുടെ ഉദ്ഭവത്തെക്കുറിച്ച് ഋഗ്വേദം അവതരിപ്പിക്കുന്നത് മതനിരപേക്ഷമായ സിദ്ധാന്തമാണെന്ന് ഡോ.അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. (പു.8) ഋഗ്വേദസൂക്തങ്ങളുടെ പ്രണേതാക്കളായ ഋഷിമാര്‍ മനുവിനെ ഇന്‍ഡോ ആര്യന്മാരുടെ പിതാമഹനായി കരുതിയിരുന്നുവെന്ന് തീര്‍ച്ചയാണ്. ഐതരേയ ബ്രാഹ്മണത്തിലും വിഷ്ണുപുരാണത്തിലും മത്സ്യപുരാണത്തിലും ഇതംഗീകരിക്കുന്നുണ്ട്. ഈ ഗ്രന്ഥങ്ങള്‍ ബ്രഹ്മാവിനെ മനുവിന്റെ പിതാവാക്കിയെങ്കിലും മനുവിനെ സംബന്ധിച്ച ഋഗ്വേദസിദ്ധാന്തം അവയും അംഗീകരിക്കുന്നു. എന്നിട്ടും പുരുഷസൂക്തം മനുവിനെ പരാമര്‍ശിക്കുന്നില്ല. വേദകാലനാഗരികത തൊഴില്‍ വിഭജനം നടത്താന്‍ പാകത്തില്‍ പുരോഗമിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (ഋ.1.113.6.) എന്നാല്‍, പുരുഷസൂക്തം തൊഴില്‍ വിഭജനരീതിയെ ശാശ്വതീകരിക്കുന്നു. അതുപോലെ ഋഗ്വേദം മനുഷ്യനെക്കുറിച്ചുമാത്രമല്ല, ഇന്‍ഡോ-ആര്യന്‍ രാഷ്ട്രത്തെക്കുറിച്ചും പറയുന്നുണ്ട്. പരസ്പരം ലയിച്ച് ഒരൊറ്റ ഇന്‍ഡോ -ആര്യന്‍ ജനതയായിത്തീര്‍ന്ന അഞ്ച് ഗോത്രവര്‍ഗങ്ങള്‍ ചേര്‍ന്നാണ് ഈ രാഷ്ട്രമുണ്ടായത്. ഈ അഞ്ച് ഗോത്രങ്ങള്‍ ആരൊക്കെയാണെന്നതിനെക്കുറിച്ച് യാസ്‌ക്കനും ഔപമന്യവനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇവരെ സൂചിപ്പിക്കാനുപയോഗിച്ചിരിക്കുന്നത് വര്‍ണങ്ങളെന്ന വാക്കല്ല ജനങ്ങള്‍ എന്ന വാക്കാണെന്നും ഈ വാക്കുകൊണ്ട് സൂചിപ്പിക്കുന്നത് അഞ്ചുഗോത്രങ്ങളെയാണെന്നും അല്ലാതെ നാല് വര്‍ണങ്ങളെയും നിഷാദരെയുമല്ലെന്നും ഋഗ്വേദസൂക്തങ്ങളുദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (പു.10). ഋഷികളും ഋഗ്വേദമന്ത്രങ്ങളും പഞ്ചഗോത്രങ്ങളെക്കുറിച്ച് ഐക്യത്തെ അടിസ്ഥാനപ്പെടുത്തി പ്രസ്താവിക്കുമ്പോള്‍ പുരുഷസൂക്തം പഞ്ചഗോത്രങ്ങളുടെ ഈ ഐക്യത്തെ അംഗീകരിക്കാതെ അവരുടെ ഉദ്ഭവത്തെക്കുറിച്ച് പുരാവൃത്തരൂപത്തിലുള്ള വിശദീകരണമാണ് നല്‍കുന്നത്. എന്നല്ല, ഗോത്രങ്ങള്‍ക്കുള്ളിലുള്ള വര്‍ഗീയ വിഭാഗങ്ങളിലാണ് ഊന്നുന്നത്. പുരുഷസൂക്തം ചാതുര്‍വര്‍ണ്യത്തെ ഒരു പാവനസ്ഥാപനമാക്കുന്നുവെന്നതാണ് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നം. അത് അതിനെ ഒരു സാമൂഹികാദര്‍ശമാക്കി മാറ്റുന്നു. അതൊരു വഞ്ചനയാണ്. ‘യാഥാര്‍ത്ഥ്യത്തെ ആദര്‍ശവല്‍ക്കരിക്കാനും ആദര്‍ശത്തെ സാക്ഷാത്കരിക്കാനും നടത്തുന്ന ശ്രമം ഒരു രാഷ്ട്രീയ വഞ്ചനയായതിനാലാണ് അത് നിഷിദ്ധമാകുന്നത്. ഏറിയകൂറും അനീതികള്‍ നിറഞ്ഞ ഒരാദര്‍ശത്തെ യാഥാര്‍ത്ഥ്യമായി ആദര്‍ശവല്‍ക്കരിക്കുകയെന്ന സ്വാര്‍ത്ഥമായ രീതി നടപ്പാക്കുന്നത് ഒരിക്കല്‍ തീരുമാനിക്കപ്പെട്ട ഒരു രീതി ശാശ്വതമായ അവസ്ഥയാക്കി മാറ്റലാണ്. അതായത് പുരുഷസൂക്തത്തിന്റെ ഉദ്ദേശ്യം കുറ്റകരവും അതിന്റെ ഫലം സാമൂഹ്യവിരുദ്ധവുമാണ് (പു.11). അത് നാല് വര്‍ണങ്ങളുടെ ധര്‍മ്മങ്ങള്‍ സ്ഥിരമായി നിശ്ചയിച്ചിരിക്കുന്നു. ആ നാലുവര്‍ഗങ്ങളുടെ സ്ഥാനങ്ങള്‍ പടിപടിയായി ക്രമീകരിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി ആ വര്‍ഗങ്ങളുടെ ഉദ്ഭവത്തെ മനുഷ്യശരീരത്തിലെ മുഖം തോള്‍, അരക്കെട്ട്, പാദങ്ങളെന്നിവയില്‍നിന്ന് ജനനം കല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ വിഷ്ണുപുരാണം വിവിധവേദങ്ങളുടെ ഉദ്ഭവത്തെ പുരുഷന്റെ വിവിധമുഖങ്ങളില്‍ നിന്ന് സൃഷ്ടിക്കുന്നുണ്ട്.
(തുടരും)
303 സംഘകാലകൃതികളിലെ തമിഴ്‌സംസ്‌കാരം പു 106 ഡോ.കെ.ഉണ്ണിക്കിടാവ് കേ സാ അ 2007
304 കേരള ചരിത്രം പു. 143
305 ഡോ.അംബേദ്കറുടെ തെരഞ്ഞെടുത്ത കൃതികള്‍ ശൂദ്രര്‍ ആരായിരുന്നു? അസ്പൃശ്യര്‍ ആരായിരുന്നു
മുഖവുര 15-18 കേ. ഭാ ഇന്‍ 1994
306 ഇ.പു. ശൂദ്രര്‍ എന്ന പ്രഹേളിക പു.1





















