സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഏറെ കൊട്ടിഘോഷിച്ച് ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു എന്നതുകൊണ്ട്, എത്ര വമ്പനായ സഖാവായാലും ശരി, ആ പദവിയില്‍ ഇരിക്കാം എന്നു കരുതണ്ട. അതിന് ചില മാമൂലുകള്‍ പിന്തുടരേണ്ടതുണ്ട്. സ്ഥാനമേറ്റുകഴിഞ്ഞാല്‍ വൈകാതെ തന്നെ ചൈനയിലേക്ക് തീര്‍ത്ഥയാത്ര പോകണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ പോയി ചുമതലയേറ്റ കാര്യം തെര്യപ്പെടുത്തണം. അപ്പോള്‍ പാര്‍ട്ടി സ്‌കൂളില്‍ പ്രഭാഷണത്തിനുള്ള ഊഴം കിട്ടും. ഈ മാമൂല്‍ പാലിക്കാനായി ഒരു സംഘം സഖാക്കളോടൊപ്പം എം.എ. ബേബി സപ്തംബര്‍ 30 വരെ ചൈനയിലാണ്. തങ്ങളുടെ വാഗ്ദത്ത ഭൂമിയില്‍ എത്തിയതിന്റെ ആവേശത്തള്ളിച്ചയില്‍ മാര്‍ക്‌സിനെപ്പോലും മറന്നുപോയത്രെ സഖാവ്. മാര്‍ക്‌സിനും മീതെ മാവോയെ പ്രതിഷ്ഠിക്കാന്‍ മാര്‍ക്‌സിന്റെ തത്വം പൂര്‍ണ്ണമായതല്ല എന്നും അത് കേവലം ഒരു അടിത്തറ മാത്രമാണ് എന്നുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്‌കൂളിലെ പ്രസംഗത്തില്‍ അദ്ദേഹം സിദ്ധാന്തിച്ചത്. ചൈന അവരുടെ സാഹചര്യമനുസരിച്ച് മാര്‍ക്‌സിസം-ലെനിനിസം നടപ്പാക്കിയതുവഴി പുരോഗമിച്ചു എന്നും രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായി എന്നും അദ്ദേഹം സ്തുതിച്ചു.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാര്‍ക്‌സിസം-ലെനിനിസത്തെ പ്രയോഗത്തില്‍ കൊണ്ടുവരിക എന്ന വെല്ലുവിളികളെ നേരിട്ട് വിപ്ലവകരമായ മാറ്റത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് പ്രസംഗത്തില്‍ ബേബി സഖാവ് രേഖപ്പെടുത്തിയത് എന്നാണ് പാര്‍ട്ടി പത്രം പറയുന്നത്. ചൈനയുടെയും സോവിയറ്റ് യൂനിയന്റെയും അനുഭവങ്ങള്‍ പകര്‍ത്താതെ വിപ്ലവത്തിന്റെ തനതു പാതക്ക് രൂപം നല്‍കുമെന്ന അവകാശവാദവും ഉണ്ട്. ഭാരത്മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയ്യാറില്ല എന്ന ദുശ്ശാഠ്യം പോലും ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്ത പര്‍ട്ടി ഏതു ഇന്ത്യന്‍ സാഹചര്യത്തിലാണാവോ തനതു പാതയ്ക്ക് രൂപം നല്‍കാന്‍ പോകുന്നത്? ചൈനാ ഭക്തി രക്തത്തില്‍ അലിഞ്ഞവര്‍ക്ക് ഇതൊക്കെ വെറും വാചാടോപം മാത്രം.





















