യുദ്ധരംഗത്ത് മരണമടഞ്ഞ ഏറ്റവും ഉയര്‍ന്ന പദവിയുള്ള ഭാരതീയന്‍ ആരാണെന്നറിയാമോ? പ്രോട്ടോക്കോള്‍ പദവികളുടെ ക്രമത്തില്‍ ഒരു യുദ്ധത്തില്‍ രക്തസാക്ഷിയായ ഏറ്റവും ഉയര്‍ന്ന പദവിയുള്ള ഭാരതീയന്‍, അത് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ബല്‍വന്ത് റായി മേത്തയാണ്. 1965 ലെ ഇന്‍ഡോ-പാക് യുദ്ധം ഏതാണ്ടവസാനിക്കാറായപ്പോള്‍ പാകിസ്ഥാന്‍ വ്യോമസേന യുദ്ധ രംഗത്ത് വെച്ച് വെടിവെച്ച് കൊന്നതാണ് ബല്‍വന്ത് റായി മേത്തയെ.
കാലം 1960 കള്‍, അന്ന് ഇന്നത്തെ ഗുജറാത്തും മഹാരാഷ്ട്രയും ചേര്‍ന്ന് ഒരൊറ്റ ബോംബെ പ്രൊവിന്‍സ് ആയിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ ക്രമീകരിച്ചപ്പോള്‍ മറ്റുള്ള ഭാരതീയ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊക്കെ സ്വന്തം സംസ്ഥാനങ്ങള്‍ ലഭിച്ചു. അതുകണ്ട ഗുജറാത്തി സംസാരിക്കുന്നവര്‍ തങ്ങള്‍ക്കു മാത്രമായ ഒരു പ്രത്യേക സംസ്ഥാനത്തിനായി വാദിച്ചു. അവര്‍ ഒരു സമര സംഘടന തുടങ്ങി. അതിന്റെ പേരാണ് മഹാഗുജറാത്ത് ജനതാപരിഷത്ത്. ഗുജറാത്ത് സംസ്ഥാനം എന്ന ലക്ഷ്യവുമായി വമ്പിച്ച സമരങ്ങള്‍ അരങ്ങേറി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഭാരതത്തിന്റെ അന്നത്തെ പ്രസിഡന്റ് ഡോക്ടര്‍ രാജേന്ദ്ര പ്രസാദ്, വൈസ് പ്രസിഡന്റ് സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റു എന്നിവര്‍ ബോംബെ സംസ്ഥാനത്തെ വിഭജിക്കുവാനും മഹാരാഷ്ട്ര -ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങള്‍ രൂപീകരിക്കുവാനും തയ്യാറായി. അങ്ങിനെ ഡോ. ജീവരാജ് മെഹ്ത ആദ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി. എന്നാല്‍ അദ്ദേഹത്തിന് അധികകാലം തുടരാന്‍ കഴിഞ്ഞില്ല. 1963 ല്‍ സ്വാതന്ത്ര്യസമരസേനാനിയായ ബല്‍വന്ത് റായി മെഹ്ത ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു.
1960 കള്‍ ഭാരതത്തെ സംബന്ധിച്ചു വളരെ അപകടം പിടിച്ച കാലമായിരുന്നു. ചൈനീസ് അധിനിവേശവും നെഹ്‌റുവിന്റെ ചരമവും ഒക്കെ ചേര്‍ന്ന് ഭാരതത്തിന്റെ രാഷ്ട്രീയ സ്ഥിരതയെ ചോദ്യം ചെയ്യുന്ന ദശാസന്ധിയായിരുന്നു. പണ്ഡിറ്റ് നെഹ്‌റു അരങ്ങൊഴിഞ്ഞപ്പോള്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്ന കാരിരുമ്പിന്റെ കരുത്തുള്ള കുറിയ മനുഷ്യന്‍ അധികാരമേറ്റു. ചൈനീസ് ആക്രമണത്തിന്റെ ക്ഷീണത്തില്‍ ഒന്ന് തളര്‍ന്നിരുന്ന ഭാരതത്തെ തകര്‍ക്കാന്‍ പകമൂത്ത പാമ്പിനെപോലെ തക്കം പാര്‍ത്തിരിക്കുകയായിരുന്നു പാകിസ്ഥാന്‍. അവര്‍ ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ ആരംഭിച്ചു. തീവ്രവാദികളെ അതിര്‍ത്തി കടത്തിവിട്ട് കശ്മീരിലെ സൈ്വരജീവിതം താറുമാറാക്കിമാറ്റുന്നതിനു പാകിസ്ഥാന്‍ രൂപീകരിച്ച ബൃഹത്തായ പദ്ധതിയാണ് ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍. പക്ഷെ ആകാരത്തില്‍ കുറിയവനായ ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മനക്കരുത്തിനെയും ഭാരത സൈന്യത്തിന്റെ പ്രഹരശേഷിയെയും അളക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഭാരതം പാകിസ്ഥാനെ പല്ലും നഖവുമുപയോഗിച്ച് നേരിട്ടു. പതിവുപോലെ പാകിസ്ഥാന്റെ രക്ഷക വേഷത്തില്‍ അമേരിക്കയും, തക്കം പാര്‍ത്ത് ചീനയും രംഗത്തെത്തി. അവര്‍ ഐക്യരാഷ്ട്രസഭയില്‍ ഭാരതവിരുദ്ധപ്രമേയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സോവിയറ്റ് യൂണിയന്‍ ഒന്നുമറിയാത്തവനെപ്പോലെ മധ്യസ്ഥന്റെ റോള്‍ ഭംഗിയാക്കി. അങ്ങനെ ഭാരതത്തിന് കൃത്യമായ മേല്‍ക്കൈയുള്ള അവസരത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാം നിര്‍ബന്ധിതരായി.
ഓരോ രാജ്യത്തും ഓരോ യുദ്ധത്തിലും സൈനികരെപ്പോലെ തന്നെ ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. വീരപുളകങ്ങളുടെ കണക്കുകളിലും യുദ്ധചരിത്രങ്ങളിലും രേഖപ്പെടുത്താത്ത ഒരു ജനത. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളാണ് അവര്‍. അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ഓരോ ചെറു ചലനത്തിനുമൊപ്പം ഷെല്‍ വര്‍ഷമുണ്ടാകുമ്പോള്‍, ആകാശത്ത് യുദ്ധവിമാനങ്ങള്‍ പറക്കുമ്പോള്‍ ഭയന്ന് വിറച്ചു കഴിയാന്‍ വിധിക്കപ്പെട്ടവര്‍. 1965 ലെ ഭാരത-പാക് യുദ്ധത്തിലും ഗുജറാത്ത് അതിര്‍ത്തിയിലെ റാന്‍ ഓഫ് കച്ച് പോലെയുള്ള പ്രദേശങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനത ഇരകളായിരുന്നു. ആ ജനങ്ങള്‍ യുദ്ധത്തിന്റെ കെടുതിയില്‍ വലയുകയായിരുന്നു. ആ ജനതയ്ക്കും അതോടൊപ്പം യുദ്ധം ചെയ്യുന്ന ജവാന്മാര്‍ക്കും മനോധൈര്യം പകരാന്‍ ഭാരതമൊട്ടാകെ വിദ്യാലയങ്ങളിലും തെരുവിലും റാലികളും സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1965 സപ്തംബര്‍ 19 ന് ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായി മേത്ത അലഹബാദിലെ എന്‍സിസി റാലിയില്‍ പങ്കെടുത്തുകൊണ്ട് സല്യൂട്ട് സ്വീകരിച്ചു. രാഷ്ട്രത്തിന്റെ പ്രതിരോധത്തില്‍ യുവാക്കള്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കേണ്ടതിന്റെ ആവശ്യകത അവിടെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൂര്യന്‍ നെറുകയില്‍ കയറിയ ഉച്ചനേരത്ത് ത്സടുതിയിലുള്ള ഉച്ചഭക്ഷണം. പിന്നീട് ഭാര്യ സരോജ ബെന്നിനോടും ഒരു ചെറു സംഘത്തോടുമൊപ്പം അഹമ്മദാബാദ് എയര്‍പ്പോര്‍ട്ടിലേക്ക്. യുദ്ധം തകര്‍ത്ത അതിര്‍ത്തിപ്രദേശത്ത് ഒരു വിഹഗ വീക്ഷണമാണ് ലക്ഷ്യം. ഗുജറാത്തിലെ ഗോമതീ നദിയുടെ തീരത്തെ ഒരു ചെറു തുറമുഖ പട്ടണമായ, ചതുര്‍ധാമങ്ങളില്‍ ഒന്നായ, സപ്ത പുരികളില്‍ ഒന്നായ, ദ്വാരകയില്‍ കേവലം ഒരാഴ്ച മുന്‍പ് പാകിസ്ഥാന്‍ നേവി ആക്രമണം നടത്തിയിരുന്നു. ദ്വാരകയും തൊട്ടടുത്ത് യുദ്ധക്കെടുതി അനുഭവിക്കുന്ന മിതാപൂര്‍ എന്ന അതിര്‍ത്തി പട്ടണവും സന്ദര്‍ശിക്കുക എന്ന ലക്ഷ്യവും ബല്‍വന്ത് റായി മേത്തക്ക് ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെ ഇരട്ട എഞ്ചിനുള്ള എട്ടുപേര്‍ക്കിരിക്കാവുന്ന ചെറുവിമാനം ബീച്ച് ക്രാഫ്റ്റ് മോഡല്‍ 18 – ബല്‍വന്ത് റായി മേത്തയെയും സംഘത്തെയും വഹിച്ചുകൊണ്ട് ഗുജറാത്തിലെ ഭുജ് മേഖലയിലേക്ക് പുറപ്പെട്ടു. സാധാരണ യുദ്ധരംഗത്ത് സിവിലിയന്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെടില്ല. മാത്രമല്ല, അവസാനിച്ചു കഴിഞ്ഞ യുദ്ധത്തില്‍ കൂടുതല്‍ പ്രകോപനത്തിന് എതിരാളി മുതിരില്ല എന്നുള്ള പ്രതീക്ഷയാകാം ബല്‍വന്ത് റായി മെഹ്ത്തയെ ആ സാഹസികതയ്ക്ക് പ്രേരിപ്പിച്ചത്.
സമയം ഉച്ചകഴിഞ്ഞു മൂന്നര, പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മൌരിപ്പൂര്‍ എയര്‍ബെയ്‌സ്. അവിടെ വിശ്രമത്തിലായിരുന്ന ഫ്‌ലയിംഗ് ഓഫീസര്‍ കേവലം 25 വയസ്സുള്ള ക്വായിസ് ഹുസൈനും ഒരു കൂട്ടാളിക്കും ആക്രമണത്തിനു തയ്യാറാകാനുള്ള നിര്‍ദേശം മുകളില്‍ നിന്നും ലഭിച്ചു. ഒരു ചെറു സിവിലിയന്‍ വിമാനത്തെ നേരിടാന്‍ രണ്ടു യുദ്ധ വിമാനങ്ങള്‍ തയ്യാറായി. രണ്ടാമന്‍ പുറപ്പെടാന്‍ തയ്യാറായി വന്നപ്പോഴേക്കും ക്വായിസ് ഹുസൈന്‍ ഭാരത അതിര്‍ത്തിക്കുള്ളില്‍ 20 കി.ലോ മീറ്റര്‍ കടന്നിരുന്നു. എതിരെയുള്ളത് ഭാരതീയ വായുസേനയുടെ യുദ്ധവിമാനമല്ല, കേവലമൊരു ഒരു ചെറു യാത്രാവിമാനമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ബീച്ച ക്രാഫ്റ്റ് വിമാനം പറപ്പിച്ചിരുന്ന പരിചയ സമ്പന്നനായ പൈലറ്റ് ജഹാംഗീര്‍ എം. എഞ്ചിനീയര്‍ ഭാരതീയ വായുസേനയില്‍ നിന്ന് വിരമിച്ചയാള്‍ ആയിരുന്നു. തങ്ങള്‍ക്കെതിരെ ആക്രമണ സന്നദ്ധരായി ഭീകരമായ ഹുങ്കാര ശബ്ദത്തോടെ അമേരിക്കന്‍ നിര്‍മിത എ 86 യുദ്ധവിമാനം പാഞ്ഞടുക്കുന്നത് കണ്ട പൈലറ്റിന് അപകടം മണത്തു. യുദ്ധരംഗത്ത് ചിരപരിചതനായ അദ്ദേഹം അനാക്രമണ മുദ്രകള്‍ കാണിക്കുവാന്‍ തുടങ്ങി. തന്റെ ചെറുവിമാനത്തിന്റെ ചിറകുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഇളക്കി തങ്ങള്‍ ശത്രുക്കളല്ല എന്ന് അദ്ദേഹം പറയാന്‍ ശ്രമിച്ചു.
സാഹചര്യം മനസ്സിലാക്കിയ പാകിസ്ഥാന്‍ ഫ്‌ളയിങ് ഓഫീസര്‍ ക്വായിസ് ഹുസൈന്‍ കാര്യം അധികാരികള്‍ക്ക് വിവരിച്ചു കൊടുത്തു. രക്തം തണുത്തുറയുന്ന നിമിഷങ്ങളില്‍ വെടിവെക്കാനുള്ള കനത്ത മറുപടിയായിരുന്നു മറു തലക്കല്‍. മറ്റൊരു നിര്‍വാഹവുമില്ലാതെ ഹുസൈന്റെ യുദ്ധവിമാനം തീതുപ്പി. അതില്‍ നിന്നുള്ള തീയുണ്ടകള്‍ ബല്‍വന്ത് റായി മേത്ത കയറിയ ബീച്ച് ക്രാഫ്റ്റ് ചെറുവിമാനത്തില്‍ പതിച്ചു.
എട്ടുപേര്‍ കയറിയ ആ ചെറു യാത്രാ വിമാനം ഒരു തീഗോളമായി മാറി. പാകിസ്ഥാന്റെ കൂടി സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് അധികൃതരോട് പോരാടിയ ആ മനുഷ്യന്‍, സ്വന്തം ജനതയെ അതിരറ്റു സ്‌നേഹിച്ച ആ ധീരഭാരതീയന്‍ ബല്‍വന്ത് റായി മേത്ത തീഗോളമായി മാറിയ ആ വിമാനത്തിനൊപ്പം കൂപ്പുകുത്തി.
അന്ന് വൈകുന്നേരം ഏഴുമണിക്ക് ആള്‍ ഇന്ത്യാ റേഡിയോയുടെ വാര്‍ത്താ ബുള്ളറ്റിന്‍ ഇങ്ങിനെ പറഞ്ഞു. ”ഇന്ത്യയുടെ ഒരു ചെറു യാത്രാവിമാനത്തെ പാകിസ്ഥാന്‍ സൈന്യം ഭാരതത്തിര്‍ത്തിക്കുള്ളില്‍ കയറി വെടിവെച്ചിട്ടിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായി മേത്ത, പത്‌നി സരോജ ബെന്‍, ഗുജറാത്ത് സമാചാര്‍ പത്രത്തിന്റെ ലേഖകന്‍, മുഖ്യമന്ത്രിയുടെ മൂന്നു അസിസ്റ്റന്റുമാര്‍, മുഖ്യ പൈലറ്റ് ജഹാംഗീര്‍ എം. എന്‍ജിനീയര്‍, ഒരു കോ പൈലറ്റ് എന്നിവരാണ്. വെടിയേറ്റ് ചിതറിയ ശരീരാവശിഷ്ടങ്ങള്‍ ഗുജറാത്തിലെ അതിര്‍ത്തി ഗ്രാമമായ സുതാലിയില്‍ നിന്നും കണ്ടെത്തി.” ഭാരത ജനത സംഭ്രമജനകമായ ആ വാര്‍ത്ത കേട്ട് നടുങ്ങി. ഏതാണ്ട് നാലു ദിവസങ്ങള്‍ക്കു ശേഷം 1965 സപ്തംബര്‍ 23 നു അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് ഏകാധിപതി ഫീല്‍ഡ് മാര്‍ഷല്‍ മുഹമ്മദ് അയൂബ് ഖാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
രണ്ടു മാസത്തിനു ശേഷം ഭാരതീയ വായുസേനയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. അപകടമേഖലയില്‍ വിമാനം പറത്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നില്ല എന്നവര്‍ അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു. സ്വന്തം ഉത്തരവാദിത്തത്തില്‍ വിമാനം പറത്തുകയായിരുന്നു പൈലറ്റ് ജഹാംഗീര്‍ എന്നവര്‍ കുറ്റപ്പെടുത്തി.
അന്ന് ബല്‍വന്ത് റായി മേത്ത കയറിയ വിമാനത്തെ വെടിവെച്ചിട്ട പാകിസ്ഥാന്‍ പൈലറ്റ് ക്വയിസ് ഹുസൈന്‍ നാല്പത്തിയാറു വര്‍ഷങ്ങള്‍ക്കു ശേഷം 2011 ല്‍ തന്റെ തെറ്റായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ പിന്‍ഗാമികള്‍ക്ക് ഒരു കത്തയച്ചു. മുഖ്യപൈലറ്റ് ജഹാംഗീറിന്റെ മകള്‍ ഫരീദാ സിങ്ങിനെയാണ് പ്രധാനമായും ആ കത്തില്‍ അഭിസംബോധന ചെയ്തിരുന്നത്. താന്‍ മുകളില്‍ നിന്നുള്ള ഉത്തരവനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഹുസൈന്‍ കത്തില്‍ സമര്‍ഥിച്ചു. കേട്ടപാതി കേള്‍ക്കാത്ത പാതി ഇന്ത്യന്‍ മാധ്യമങ്ങള്‍ പാകിസ്ഥാന്‍ പൈലറ്റിന്റെ മാനുഷിക മുഖത്തെ വാഴ്ത്തിപ്പാടി. സദ്ഭാവനാ വര്‍ണ്ണന അതിരുവിട്ടപ്പോള്‍ ഈ മുഖസ്തുതികള്‍ പാകിസ്ഥാനില്‍ വാര്‍ത്തയായി. തന്റെ കത്ത് പാക് മാധ്യമ ലോകത്ത് ചര്‍ച്ചയായപ്പോള്‍ താന്‍ എഴുതിയത് മാപ്പപേക്ഷയല്ലെന്നും അതൊരു അനുശോചനം മാത്രമാണെന്നും ക്വയിസ് ഹുസൈന്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്നും മാപ്പു പറയേണ്ട കാര്യമില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ബല്‍വന്ത് റായി മേത്ത ആരായിരുന്നു എന്നറിയാന്‍ ഒരല്‍പം ചരിത്രം കൂടി മനസ്സിലാക്കണം. 1900 ഫെബ്രുവരി 19നു അന്നത്തെ ഭാവനഗര്‍ നാട്ടുരാജ്യത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ബല്‍വന്ത് റായി ഗോപാല്‍ജി മേത്ത ജനിക്കുന്നത്. വിദേശത്തുനിന്ന് ബിരുദമെടുത്ത ശേഷം ജന്മനാട്ടിലേക്കുമടങ്ങിയ മേത്ത നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി. നാട്ടുരാജ്യങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്വന്തം പേരില്‍ പ്രവര്‍ത്തിക്കാത്ത കാലത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക രൂപമായി ഭാവനഗര്‍ പ്രജാമണ്ഡലത്തിനു ബല്‍വന്ത് റായി മേത്ത രൂപം നല്‍കി, (കൊച്ചി രാജ്യപ്രജാ മണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിവ പോലെ). സിവില്‍ നിയമലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ബര്‍ദോളി സത്യഗ്രഹം എന്നിവയില്‍ ഗുജറാത്തിലെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം, ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ്സ് അധ്യക്ഷനായിരിക്കെ, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മേത്ത തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒന്നും രണ്ടും ലോക്‌സഭകളില്‍ അദ്ദേഹം അംഗമായിരുന്നു. കൂടാതെ ലാലാ ലജ്പത് റായി സ്ഥാപിച്ച ലോക്‌സേവാ മണ്ഡല്‍ എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷനുമായിരുന്നു മേത്ത.
പാര്‍ലമെന്റിലെ എസ്റ്റിമേറ്റ് കമ്മറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് റായ് മേത്ത. പഞ്ചായത്ത് രാജിന്റെ സാദ്ധ്യതകള്‍, പ്രശ്‌നങ്ങള്‍ എന്നിവ സമഗ്രമായി പഠിച്ച് ഏകീകൃതരൂപത്തില്‍ ഭാരതമൊട്ടാകെ നടപ്പിലാക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 1956 ല്‍ ബല്‍വന്ത് റായ് മേത്ത അദ്ധ്യക്ഷനായി ഒരു പാര്‍ലമെന്ററി സമതിയെ നിയോഗിച്ചു. സാമൂഹിക വികസനരംഗത്ത് ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് അധികാരവികേന്ദ്രീകരണം നടപ്പില്‍ വരുത്തണമെന്നും ഇതിന് ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിന് രൂപം നല്‍കണമെന്നും ബല്‍വന്ത് റായ് മേത്ത കമ്മറ്റി ശുപാര്‍ശ ചെയ്തു. 1957 ല്‍ സമര്‍പ്പിച്ച ശുപാര്‍ശ 1958 ല്‍ ദേശീയ വികസന സമിതി അംഗീകരിക്കുകയും സംസ്ഥാന സര്‍ക്കാരുകളോട് ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഭാരതത്തില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഈ നിര്‍ദ്ദേശത്തിന് ആവശ്യമായ പരിഗണന നല്‍കിയില്ല. പിന്നീട് 1992 ല്‍ സര്‍ക്കാര്‍ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം സാര്‍ത്ഥകമാക്കി. ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന് അടിത്തറയായ റിപ്പോര്‍ട്ട് തയ്യാറാക്കിയ ‘പ്ലാന്‍ പ്രോജക്ട് കമ്മറ്റി’യുടെ അദ്ധ്യക്ഷനായിരുന്നു ബല്‍വന്ത് റായ് മേത്ത. അതിനാല്‍ അദ്ദേഹം പഞ്ചായത്ത് രാജിന്റെ പിതാവായി ആദരിക്കപ്പെടുന്നു.
കാലമേറെ കഴിഞ്ഞപ്പോള്‍ അന്നത്തെ ഭുജ് എയര്‍ഫോഴ്‌സ് യൂണിറ്റിന്റെ കമാണ്ടിംഗ് ഓഫീസര്‍ ആയിരുന്ന സ്‌ക്വാഡ്രന്‍ ലീഡര്‍ ബിസി റോയ്, ബല്‍വന്ത് റായി മേത്ത കയറിയ ആ വിമാനത്തെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമായിരുന്നു പാകിസ്ഥാന് ഉണ്ടായിരുന്നതെന്ന ആരോപണവുമായി രംഗത്തു വന്നു. മരണമടഞ്ഞ എല്ലാവര്‍ക്കും നിരവധി വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധാനന്തരം സിന്ധു നദിയില്‍ ധാരാളം ജലമൊഴുകിപ്പോയി. 1966 ല്‍ താഷ്‌കന്റില്‍ വെച്ച് ലാല്‍ ബഹാദൂര്‍ശാസ്ത്രി കൊല്ലപ്പെട്ടു. അങ്ങിനെ ശാസ്ത്രിയും ബല്‍വന്ത് റായി മേത്തയും ഇല്ലാത്ത ഭാരതത്തിന്റെ കിരീടവും ചെങ്കോലും ഇന്ദിരാഗാന്ധി ഏറ്റെടുത്തു. പിന്നെ മറ്റു നിരവധി പോരാളികള്‍ക്കൊപ്പം അനവധി രക്തസാക്ഷികളെപ്പോലെ ബല്‍വന്ത് റായി മേത്തയും വിസ്മൃതിയില്‍ മറഞ്ഞു. 2001 ല്‍ മേത്തയുടെ ബഹുമാനാര്‍ത്ഥം രാജ്യം ഒരു സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചുവരുന്നു. 2013 വര്‍ഷത്തില്‍ പഞ്ചായത്ത് ദിനം ഏപ്രില്‍ 23ാം തീയതിയിലേക്ക് മാറ്റിയെങ്കിലും 2014 മുതല്‍ വീണ്ടും ഫെബ്രുവരി 19 ന് തന്നെ പഞ്ചായത്ത് ദിനമായി ആഘോഷിക്കുന്നതിന് തീരുമാനിച്ചു.





















