വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം പ്രതീക്ഷിച്ച മാതിരി ഗോളാന്തര പരാജയമായി മാറി. നാലായിരം പേര്‍ പങ്കെടുക്കുമെന്ന് പറഞ്ഞു സംഘടിപ്പിച്ച സംഗമം ആയിരംപേര്‍ പോലും എത്താതെ തകര്‍ന്നടിഞ്ഞു. അയ്യപ്പഭക്തരല്ലാത്ത കച്ചവടക്കാരെയും പാര്‍ട്ടി സഖാക്കളെയും ഉദ്യോഗസ്ഥരെയും നിരത്തിയിട്ടും പന്തല്‍ നിറക്കാനായില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് തയ്യാറാക്കിയ ഭക്ഷണവും ബാഡ്ജും മറ്റു അനുബന്ധ വസ്തുക്കളും കൂട്ടിയിട്ട് കത്തിക്കുകയും കുഴികുത്തി മൂടുകയും ചെയ്യേണ്ട ഗതികേടിലാണ് പിണറായി എത്തിയത്. അതേസമയം അയ്യായിരത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയില്‍ ഹൈന്ദവ സംഘടനകള്‍ പന്തളത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമമാകട്ടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഇരുപതിനായിരത്തിലേറെ പേര്‍ പങ്കെടുക്കുകയും മണിക്കൂറുകളോളം എംസി റോഡില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. യഥാര്‍ത്ഥ ഭക്തര്‍ കാര്യമായ ആഹ്വാനമോ പ്രചാരണമോ ഇല്ലാതെ വന്നപ്പോള്‍ ഹാളും പുറത്തെ മൈതാനവും കവിഞ്ഞ് എംസി റോഡില്‍ കിലോമീറ്ററുകളോളം പൂഴിമണ്ണിട്ടാല്‍ വീഴാത്തത്ര ജനസഞ്ചയത്തിന് സാക്ഷ്യം വഹിച്ചു.
ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയാത്തതാണ് ഏറ്റവും വലിയ ആപത്ത് എന്ന് ഭാരതീയ ദാര്‍ശനികരും രാജര്‍ഷികളും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ശബരിമലയുടെ കാര്യത്തില്‍, ഭക്തരുടെ വികാരവും അവരുടെ ഹൃദയതാളവും മനസ്സിലാകാത്ത അന്ധനും ബധിരനുമായ ഭരണാധികാരിയായി പിണറായി മാറിയിരിക്കുന്നു. ഒരുപക്ഷേ, കലിയുഗവരദനായ അയ്യപ്പന്റെ മുന്നില്‍ കലിയുഗ ധൃതരാഷ്ട്രരായി പിണറായി മാറുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അയ്യപ്പസംഗമത്തിലെ പരാജയവും ഹൈന്ദവ സംഘടനകളുടെ അയ്യപ്പഭക്ത സംഗമത്തിലെ വിജയവും പിണറായി വിജയനെയും അടിയാന്മാരെയും വിറളി പിടിപ്പിച്ചിരിക്കുന്നു. അയ്യപ്പ സംഗമത്തിനുശേഷമുള്ള പോലീസ് നടപടികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കങ്ങളും ഇത് അടിവരയിടുന്നതാണ്. പന്തളത്തെ അയ്യപ്പസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷിയ്‌ക്കെതിരെ പന്തളം പോലീസ് കേസെടുത്തിരിക്കുന്നു. കേസ് എടുക്കാന്‍ ആധാരമായ പരാതി നല്‍കിയിട്ടുള്ളത് സിപിഎം പന്തളം ഏരിയാ കമ്മിറ്റി അംഗം പ്രദീപ് വര്‍മയാണ്. സ്വാമി വര്‍ഗീയ വിദ്വേഷം പ്രകടിപ്പിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. എന്താണ് സ്വാമി പറഞ്ഞത്? ‘ശബരിമലയില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള വാവരുസ്വാമിനട ചരിത്രപരമായി ശരിയല്ല. വാവര്‍ അഥവാ ബാബര്‍ ഇസ്ലാമിക ആക്രമകാരിയായിരുന്നു. അയാള്‍ക്ക് ശബരിമല അയ്യപ്പനുമായി യാതൊരു ബന്ധവുമില്ല. അയ്യപ്പനുമായി ബന്ധമുള്ളത് വാപുരസ്വാമിക്കാണ്’. ചരിത്രപരമായോ ആരാധനാപാരമ്പര്യവുമായോ ബന്ധമില്ലാത്ത വാവര് സ്വാമിക്ക് പകരം വാപുരസ്വാമിയുടെ ക്ഷേത്രം എരുമേലിയില്‍ തുറക്കണം എന്നും ആരാധനയിലെ അപാകത പരിഹരിക്കണം എന്നുമാണ് സ്വാമി ആഹ്വാനം ചെയ്തത്. ഇസ്ലാമിക പാരമ്പര്യത്തില്‍ എവിടെയെങ്കിലും വാവര്‍ക്ക് പള്ളി ഉണ്ടോ? വാവരെ ആരാധിക്കുന്നുണ്ടോ? അങ്ങനെ ഒരു ആരാധനയുടെ തെളിവ് കാട്ടിയാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും സ്വാമി പറഞ്ഞു. ഈ പറഞ്ഞതില്‍ എവിടെയാണ് വര്‍ഗീയ വിദ്വേഷം.
ഭാരതത്തിലേക്ക് കടന്നുവന്നിട്ടുള്ള സെമറ്റിക് മതങ്ങളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളും എല്ലാകാലത്തും ഇത്തരം കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ചേരമാന്‍ പെരുമാള്‍ മക്കയ്ക്ക് പോയി എന്ന കെട്ടുകഥ ഇസ്ലാം മതവിശ്വാസികള്‍ പ്രചരിപ്പിച്ചതാണ്. ചരിത്രത്തിലെ ഒരു ചേരമാന്‍ പെരുമാളും മക്കയ്ക്ക് പോവുകയോ ഇസ്ലാം മതം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചരിത്രവസ്തുതകള്‍ നിരത്തി അടുത്തിടെ പോലും ചരിത്രകാരന്മാര്‍ തെളിയിച്ചിട്ടുണ്ട്. എംജിഎസ് നാരായണന്‍ അടക്കമുള്ള പ്രമുഖ ചരിത്രകാരന്മാരും കാലഗണന അനുസരിച്ചു പോലും ഇത് തെറ്റാണെന്നു രേഖമൂലം സമര്‍ത്ഥിച്ചിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ഹിന്ദുരാജാവ് ഇസ്ലാം മതം സ്വീകരിച്ചു എന്ന രീതിയില്‍ ഇവര്‍ പ്രചരിപ്പിക്കുന്നു. ഇതേ രീതിയില്‍ തന്നെ സെന്റ് തോമസ് കേരളത്തില്‍ വന്നു ബ്രാഹ്മണരെ മതപരിവര്‍ത്തനം ചെയ്തു എന്നത് കെട്ടുകഥയാണെന്നും സെന്റ് തോമസ് ഏഷ്യയിലേക്ക് വന്നിട്ടില്ല എന്നും ഫാദര്‍ തേലക്കാട് അടക്കമുള്ള ക്രൈസ്തവ നേതാക്കള്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട്, ഹിന്ദുക്കളെ ലക്ഷ്യമിട്ട്, സെമിറ്റിക് മതങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സ്വാമി എന്തു മതവിദ്വേഷമാണ് പ്രചരിപ്പിച്ചത്. ഇസ്ലാം മതത്തില്‍ വാവരുടെ പേരില്‍ ലോകത്തെവിടെയെങ്കിലും പള്ളിയുണ്ടെങ്കില്‍ തെളിയിക്കാന്‍ അദ്ദേഹം പറഞ്ഞത് വസ്തുത മാത്രമാണ്. ഈ വസ്തുത പറയുമ്പോള്‍ അത് മതവിദ്വേഷം ആകുന്നത് എങ്ങനെയാണ്.
ഇപ്പോഴത്തെ മന്ത്രിയായ കെ.ബി ഗണേഷ് കുമാറിന്റെ അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള ആര്‍ക്കിയോളജി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് നിലക്കലില്‍ കുരിശു കണ്ടെത്തിയത്. ശബരിമല പൂങ്കാവനം ലക്ഷ്യമിട്ട് ക്രൈസ്തവ മതമേധാവികള്‍ നടത്തിയ ആഗോള ഗൂഢാലോചനയായിരുന്നു നിലക്കല്‍ സംഭവം. അന്ന് ആ കുരിശു പഴയതാണെന്നും അതിന്റെ തെളിവുകള്‍ ആര്‍ക്കിയോളജി വകുപ്പില്‍ ഉണ്ടെന്നും പറഞ്ഞ ആര്‍. ബാലകൃഷ്ണപിള്ളയോട് അത് തെളിയിക്കാന്‍ ആവശ്യപ്പെട്ടത് കുമ്മനം രാജശേഖരനും സ്വാമി സത്യാനന്ദ സരസ്വതിയുമായിരുന്നു. പിന്നീട് മരിക്കുംവരെ ബാലകൃഷ്ണപിള്ള കുരിശിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ഇപ്പോള്‍ നിലയ്ക്കലെ കുരിശു മാറിയെങ്കിലും പാഞ്ചാലിമേട്ടില്‍ ക്ഷേത്രത്തിന് തൊട്ടടുത്തുതന്നെ അനധികൃതമായി കുരിശുവച്ച് കയ്യേറ്റം നടത്തിയതിനെ തടയാനോ പിഴുതു മാറ്റാനോ ഇതുവരെ ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹൈന്ദവ ആരാധനാ കേന്ദ്രമായ പാഞ്ചാലിമേട്ടിലെ ക്ഷേത്ര സങ്കേതത്തില്‍ കുരിശിട്ടതിനെ എതിര്‍ക്കാത്ത ഇടത് സര്‍ക്കാര്‍ എന്ത് ആത്മാര്‍ത്ഥതയാണ് ശബരിമലയുടെ കാര്യത്തില്‍ കാട്ടുന്നത്?
സ്വാമി ശാന്താനന്ദ മഹര്‍ഷി ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചത് ചരിത്രരേഖകളും ഗ്രന്ഥങ്ങളും ഉദ്ധരിച്ചാണ്. ഇസ്ലാമിനെതിരെയോ ഏതെങ്കിലും മതത്തിനെതിരെയോ യാതൊരു പരാമര്‍ശവും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. അയ്യപ്പഭക്തര്‍, സ്വാമിമാര്‍ ആരാധിക്കേണ്ടത് അയ്യപ്പന്റെ ശത്രുവായി അയ്യപ്പനോട് യുദ്ധം ചെയ്ത് പരാജയപ്പെട്ട വാവരെ അല്ല പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിക്കുന്ന വാപുരനെ ആണ്. ഇത് പറയാനുള്ള അധികാരം ഭാരതീയ സന്യാസി പരമ്പരയിലെ ഉജ്ജ്വല നക്ഷത്രമായ സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനായ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഭക്തര്‍, ഹൈന്ദവസമൂഹം ആ നിലയില്‍ കേള്‍ക്കുകയും ചെയ്യും. ഹൈന്ദവരോട് ഇന്ന ദൈവത്തെ ആരാധിക്കണം എന്ന് പറയാനുള്ള അവകാശം ഒരു സന്യാസിക്ക് ഇല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും വാസവനും ആണോ ഉള്ളത്. ഈ ചോദ്യത്തിനാണ് പന്തളം പൈതൃകം അവകാശപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷനില്‍ പോയ പ്രദീപ് വര്‍മ്മ മറുപടി പറയേണ്ടത്. സ്വാമിക്കെതിരെ കള്ളക്കേസ് കൊടുത്തിട്ട് എല്ലാകാലവും ഇന്നത്തെ രീതിയില്‍ നടക്കാം എന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല. പിണറായിയുടെ സംരക്ഷണത്തിനും ഇപ്പോഴത്തെ പോലീസിന്റെ നടപടികള്‍ക്കും ഏതാനും മാസങ്ങളുടെ ആയുസ്സേ ഉള്ളൂ. സത്യസന്ധമല്ലാത്ത പ്രവര്‍ത്തനവുമായി, ആരെങ്കിലും പറഞ്ഞതു കേട്ട് മുന്നോട്ടു പോകുന്നവര്‍ക്ക് നിയമത്തിന്റെ മുന്നില്‍ മാത്രമല്ല, സമൂഹത്തിന്റെ മുന്നിലും പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഓര്‍മിക്കണം. കോണ്‍ഗ്രസ് നേതാക്കള്‍ ഇസ്ലാമിക തീവ്രവാദികളെയും ജിഹാദികളെയും ഒപ്പം നിര്‍ത്താന്‍ വേണ്ടി ഒരായുധം എന്ന നിലയില്‍ മാത്രമാണ് ഇതിനെ ഉപയോഗിക്കാന്‍ ശ്രമം നടത്തിയത്. സിപിഎമ്മിന്റെ ശ്രമവും അതുതന്നെയാണ് എന്ന കാര്യം കേരളത്തിലെ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ബോധ്യമുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് രക്ഷാകവചം തേടി സിപിഎമ്മില്‍ എത്തിയ പി.എസ്. പ്രശാന്തിന് പിണറായിയുടെയും വാസവന്റെയും തിട്ടൂരങ്ങള്‍ അനുസരിക്കാതെ തരമില്ല. അതുകൊണ്ടുതന്നെയാവും വാറണ്ടി ലംഘിച്ച് സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക വിഗ്രഹങ്ങളും ഒക്കെ ആരോ പറഞ്ഞതനുസരിച്ച് ചെന്നൈയിലേക്കും മറ്റു പലയിടത്തേക്കും അയക്കാന്‍ നിര്‍ബന്ധിതനായത്. അവസാനം കോടതി പിടിച്ചപ്പോള്‍ പ്രശാന്തും ഉദ്യോഗസ്ഥരും മാത്രമേയുള്ളൂ. ആഗോള അയ്യപ്പ സംഗമത്തിന്റെ കാര്യത്തിലും അവസ്ഥ ഇതുതന്നെയാണ്. അല്പമെങ്കിലും അഭിമാനമുള്ള, അന്തസ്സുള്ള ആരെയും തകര്‍ക്കുന്ന, മനോവീര്യം ഇല്ലാതാക്കുന്ന പരാജയമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ ഉണ്ടായത്. പക്ഷേ, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെയും എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പിന്തുണ സംഗമത്തിന് ഉറപ്പിക്കാനും മുഖ്യമന്ത്രിയുടെ കാറില്‍ തന്നെ കയറ്റി വെള്ളാപ്പള്ളിയെ വേദിയില്‍ എത്തിക്കാനും കഴിഞ്ഞു. മുഖ്യമന്ത്രി കാറുകൊണ്ട് നിര്‍ത്തിയിട്ട് എന്റെ കൂടെ വരൂ എന്ന് പറഞ്ഞാല്‍ വെള്ളാപ്പള്ളി എന്നല്ല ഏതു നേതാവും ഒരുപക്ഷേ കയറിയെന്നിരിക്കും.
2018 ലെ ആചാരലംഘനശ്രമങ്ങള്‍ക്ക് ശേഷം ബിജെപിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസിന് കേരളത്തിലെ ഹിന്ദു സമൂഹം വോട്ട് ചെയ്തത് പിണറായി വിജയന്റെ പരാജയം ഉറപ്പാക്കണം എന്ന ഏകലക്ഷ്യത്തിലാണ്. ഈ സത്യം പിണറായി വിജയന്റെ പാളയത്തിലുള്ള രാഷ്ട്രീയബോധമുള്ളവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് വീണുകിട്ടിയ ലാഭം മാത്രമായിരുന്നു 2019 ലെ തിരഞ്ഞെടുപ്പ് വിജയം. പതിനായിരങ്ങള്‍ ഒഴുകിയെത്തി. അവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഭക്തരും മാത്രമായിരുന്നു. അവര്‍ക്ക് ജാതി ഉണ്ടായിരുന്നില്ല. അവരുടെ ജാതി ഹിന്ദുത്വം മാത്രമായിരുന്നു, സനാതനധര്‍മ്മം മാത്രമായിരുന്നു. സംഗമവേദിയില്‍ അയ്യപ്പഭക്തര്‍ എന്ന നിലയില്‍ ശബരിമലയില്‍ എത്തിയിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അണ്ണാമലയും ബാംഗ്ലൂര്‍ എം.പി തേജസ്വി സൂര്യയും ആണ് പ്രസംഗിച്ചത്. ഭക്തരുടെ നിവേദനം ഏറ്റുവാങ്ങാന്‍ മാത്രമാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ എത്തിയത്. എന്തായാലും പന്തളത്തെ അയ്യപ്പസംഗമം ഒരു പാഠമാണ്.
1960 ല്‍ ഹിന്ദു മഹാമണ്ഡലം രൂപീകരിച്ച് മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും മുന്നോട്ടു നീങ്ങിയപ്പോള്‍ അന്ന് അത് വിറളി പിടിപ്പിച്ചത് സെമറ്റിക് മത മേധാവികളെയും കത്തോലിക്കാ കോണ്‍ഗ്രസ്സിനെയും ഒക്കെ ആയിരുന്നു. ടി.കെ. മാധവന്റെ മരണത്തെക്കുറിച്ച് മന്നം പറഞ്ഞ വാക്കുകള്‍ ഇരുസമുദായവും തമ്മിലുള്ള ഐക്യത്തിന്റെ സൂചനയായിരുന്നു. അതെല്ലാം തകര്‍ത്തെറിഞ്ഞത് ആരാണെന്ന മിനിമം ചരിത്രബോധമെങ്കിലും വേണം. എന്‍.എസ്.എസ്സിന് രൂപം കൊടുത്ത മന്നവും കേളപ്പജിയും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും എസ്.എന്‍.ഡി.പി എന്ന പ്രസ്ഥാനം വിഭാവനം ചെയ്ത ശ്രീനാരായണഗുരുദേവനും അത് നടപ്പിലാക്കിയ മഹാകവി കുമാരനാശാനും ഡോക്ടര്‍ പല്‍പ്പുവും ആര്‍.ശങ്കറും അടക്കമുള്ള പൂര്‍വ്വസൂരികളുടെ സ്വപ്‌നങ്ങളിലൂടെയും അവര്‍ നടന്ന വഴികളിലൂടെയുമാണ് ഹിന്ദുസമൂഹം സഞ്ചരിക്കേണ്ടത്. ഹിന്ദു ഐക്യത്തിന്റെയും ജാതിയില്ലാത്ത ഹിന്ദുത്വത്തിന്റെയും പ്രതീകങ്ങളായി ഐക്യകാഹളം മുഴക്കിയ മന്നത്തിന്റെയും ആര്‍.ശങ്കറിന്റെയും പാത പിന്തുടരുന്ന ശക്തരായ ഹിന്ദുനേതാക്കളായി ഹൈന്ദവ സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന പ്രകാശഗോപുരങ്ങളായി സമുദായ നേതൃത്വം മാറണം.
ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ പേരില്‍ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാതെ ഭക്തരെ വഞ്ചിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരിന്റേത്. അവര്‍ക്ക് ഓശാന പാടുന്ന വെറും പിണിയാളുകള്‍ മാത്രമായി ആരും അധ:പതിക്കരുത്.






















