ഒരു മാര്‍ക്‌സിസ്റ്റിനെ മനസ്സിലാക്കാന്‍ മറ്റൊരു മാര്‍ക്‌സിസ്റ്റിനെ കഴിയൂ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു മാര്‍ക്‌സിസ്റ്റ് വിദ്യാഭ്യാസമന്ത്രിക്ക് മറ്റൊരു മാര്‍ക്‌സിസ്റ്റ് വിദ്യാഭ്യാസമന്ത്രിയെ എളുപ്പം മനസ്സിലാക്കാം. അതുകൊണ്ടാണ് മാര്‍ക്‌സിസ്റ്റുകാരനായ മുന്‍വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സി.പി.എമ്മിന്റെ പോക്കറ്റ് സംഘടനയായ കേരള വിദ്യാഭ്യാസ സമിതി ജില്ലാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്, നവഫാസിസം ഉപയോഗപ്പെടുത്തുന്നത് വിദ്യാഭ്യാസരംഗത്തെയാണെന്ന്. പാര്‍ട്ടിയുടെ വേദിയില്‍ പാര്‍ട്ടി നടത്തുന്ന ഫാസിസ്റ്റ് നടപടിയെ പച്ചക്ക് വിശമര്‍ശിക്കാന്‍ തന്റേടമില്ലാത്തതിനാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തലയില്‍ കുറ്റം ചാര്‍ത്തുമ്പോഴും അദ്ദേഹത്തിന്റെ ഒളിയമ്പ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെയാണ്. ശിവന്‍കുട്ടി തന്റെ ഫാസിസ്റ്റ് ശൈലി പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ തലയില്‍ അരിവാളും ചുറ്റികയും ഉപയോഗിച്ച് അടിച്ചുകയറ്റുന്നതിന്റെ വാര്‍ത്ത പുറത്തു വന്ന അതേ ദിവസങ്ങളിലാണ് കോളേജ് അദ്ധ്യാപകന്‍ കൂടിയായ രവീന്ദ്രനാഥ് ഈ അഭിപ്രായം പറഞ്ഞത്. ഇടത് സര്‍ക്കാരുകളില്‍, വിദ്യാഭ്യാസ രംഗത്ത് പച്ചയായി രാഷ്ട്രീയം കലര്‍ത്താത്ത വിദ്യാഭ്യാസമന്ത്രി എന്ന സ്വീകാര്യത അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിജയന്‍ സഖാവിന്റെ കണ്ണില്‍ അതുതന്നെയാണ് ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിനുള്ള അയോഗ്യത. ശിവന്‍കുട്ടി യോഗ്യത തെളിയിച്ചതും അവിടെയാണ്.
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കു കണ്ടകശ്ശനിയാവുന്നതുവരെ ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് കുട്ടികള്‍ പഠിക്കണം എന്ന ബോധോദയം ശിവന്‍കുട്ടി സഖാവിന്റെ മണ്ടയില്‍ ഉദിച്ചിരുന്നില്ല. ഏതു വഴിയിലൂടെയും ഗവര്‍ണറെ അവഹേളിക്കുക എന്ന മാര്‍ക്‌സിസ്റ്റ് നവഫാസിസ്റ്റ് രീതി നടപ്പാക്കാന്‍ ശിവന്‍ കുട്ടി ഇരയാക്കിയത് പത്താം ക്ലാസിലെ കുട്ടികളെയാണ്. എസ്.എഫ്.ഐയും ഡിഫിയും പോര കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മൊത്തം തങ്ങളുടെ രാഷ്ട്രീയ കുതന്ത്രത്തിന്റെ ചട്ടുകമാകണം എന്നത് കാടന്‍ കമ്മ്യൂണിസ്റ്റുകളെ പോലും നാണിപ്പിക്കുന്ന നയമാണ്. പാഠ്യപദ്ധതി കമ്മറ്റിയോ ബന്ധപ്പെട്ട വിദഗ്ദ്ധരോ ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന് പകരം ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു, പിന്നാലെ പത്താംക്ലാസിന്റെ സാമൂഹ്യപാഠപുസ്തകത്തില്‍ ഇത് എഴുതിപ്പിടിപ്പിക്കുന്നു. പാര്‍ട്ടി അത് കൊട്ടിലോഷിക്കുന്നു. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറയുന്നിടത്ത് ഒപ്പിടലാണ് അദ്ദേഹത്തിന്റെ പണിയെന്നും കുട്ടികളെക്കൊണ്ട് ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന് പഠിപ്പിക്കുന്ന കാപ്പിരി കമ്മ്യൂണിസ്റ്റുകള്‍ നടപ്പാക്കുന്ന നവഫാസിസം കണ്ട് സഹികെട്ടതുകൊണ്ടാവുമല്ലോ ലോകചരിത്രമറിയുന്ന പ്രൊഫസര്‍ രവീന്ദ്രനാഥ് പരോക്ഷമായെങ്കിലും തന്റെ വികാരം പ്രകടിപ്പിച്ചത്.





















