രണ്ടു പതിറ്റാണ്ടിലേറെയുള്ള ദല്‍ഹി വനവാസത്തിനും പിന്നീട് തിരുവനന്തപുരത്തെ രാഷ്ട്രീയ അജ്ഞാതവാസത്തിനും ശേഷം മുന്‍ കേരള മുഖ്യന്‍ എ.കെ. ആന്റണിക്ക് ബോധോദയം! തന്റെ ഭരണകാലത്ത് ശിവഗിരിയിലടക്കം നടന്ന പോലീസ് നടപടിയില്‍ ദുഃഖമുണ്ടെന്ന ബോധോദയമാണ് അദ്ദേഹത്തിന് ഉണ്ടായത്. ഇടത് സര്‍ക്കാരിന്റെ പോലീസ് ക്രൂരതക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷം ആന്റണിയുടെ കാലത്തെ പോലീസ് നടപടി ആയുധമാക്കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതും ഒരു പത്രസമ്മേളനം വഴി പലതും പറഞ്ഞതും. അക്കൂട്ടത്തിലാണ് ഈ ബോധോദയം വെളിപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയുമാണ് ശിവഗിരിയിലെ പോലീസ് നടപടിക്ക് നിര്‍ബ്ബന്ധിതനാക്കിയത് എന്നും അദ്ദേഹം പരിഭവിക്കുന്നു. ഇ.കെ നായനാര്‍ സര്‍ക്കാര്‍ നിശ്ചയിച്ച ജസ്റ്റിസ് ഭാസ്‌കരന്‍ നായര്‍ കമ്മീഷന്‍ തന്റെ നടപടി ശരിവെച്ചതാണ് എന്നും അദ്ദേഹം ന്യായീകരിക്കുന്നു. എന്നിട്ടും തനിക്കു വേണ്ടി വാദിക്കാന്‍ ഒരാളും ഉണ്ടായില്ല എന്ന സങ്കടമാണ് ആന്റണിക്ക് ഉള്ളത്. കേരളത്തില്‍ ഹിന്ദു ഭൂരിപക്ഷം അവഗണിക്കപ്പെടുന്നു എന്ന് മത്തായി മഞ്ഞൂരാന്‍ സ്മാരക പ്രഭാഷണത്തില്‍ തുറന്നു പറഞ്ഞതും ശിവഗിരിയില്‍ പിഡിപി നേതാവ് മദനിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതുമായിരുന്നല്ലോ ആന്റണിയെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കാരണം. അതുതന്നെയാണല്ലോ ഇന്നും ആന്റണിക്കുള്ള ബ്ലാക്ക് മാര്‍ക്ക്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കാരണഭൂതന്‍ കാരണം പറഞ്ഞത് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ താന്‍ നിര്‍ബ്ബന്ധിതനായി എന്നാണ്. അതേയാള്‍ തന്നെ അതേ വഴി സ്വീകരിച്ച ആന്റണിയെ കുറ്റപ്പെടുത്തി. ശബരിമലയായാലും ശിവഗിരിയായാലും രണ്ടും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍. അവിടെ കോടതിവിധി നടപ്പാക്കാന്‍ ആന്റണിക്കായാലും വിജയനായാലും രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. എന്നാല്‍ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവരുടെ നിലപാട് ഇതല്ല. സുപ്രീംകോടതിയല്ല ലോക കോടതി തന്നെ കണ്ണുരുട്ടിയാലും ഇടതും വലതും മുഖ്യന്മാര്‍ അവിടേക്ക് തിരിഞ്ഞുനോക്കില്ല.





















