Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദേവാലയങ്ങള്‍ (തമിഴകപൈതൃകവും സനാതനധര്‍മവും 23)

ഡോ. ആര്‍. ഗോപിനാഥൻഡോ. ആര്‍. ഗോപിനാഥൻ
26 September 2025

ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ തെന്നിന്ത്യന്‍ ക്ഷേത്രങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് 297 ഡോ. ചാള്‍സ് ഫബ്രി പറയുന്നു. ഉദാഹരണത്തിന് എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ മഹാബലിപുരത്ത് (മാമല്ലാപുരം) സ്ഥാപിക്കപ്പെട്ട അഞ്ച് രഥങ്ങള്‍ ക്ലാസിക് കാലഘട്ടത്തിലെ വാസ്തുശില്‍പ്പമാതൃകയുടെ തിരുശേഷിപ്പാണ്. പല്ലവക്ഷേത്രങ്ങള്‍ അതിനുമുമ്പ് നിലനിന്നിരുന്ന, തടിയിലും ഇഷ്ടികയിലും നിര്‍മ്മിച്ചിരുന്നവയുടെ പുനര്‍ നിര്‍മ്മിതികളോ, വികസിതരൂപങ്ങളോ ആണ്. വാസ്തുവിദ്യയിലും കലയിലും ദ്രാവിഡര്‍ വളരെ മുന്നേറിയിരുന്നുവെന്ന് 298 ടി.ആര്‍. ശേഷ അയ്യങ്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിപ്രാചീനമായ തെന്നിന്ത്യന്‍ നിര്‍മ്മിതികളുടെ അവശേഷിപ്പുകള്‍ ലഭ്യമാകാത്തതിനുകാരണം അവ നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന വസ്തുക്കളുടെ ജീര്‍ണിക്കുന്ന സ്വഭാവമോ, ഡക്കാണ്‍ മേഖലയിലെ കഠിനമായ ചൂടുള്ള കാലവസ്ഥയോ, പ്രാണികളുടെ അതിയായ സാന്നിധ്യമോ ആകാമെന്ന് അഭിപ്രായപ്പെടുന്നു. 299 ഡോ.സ്ലേറ്റര്‍ പറയുന്നത്, തെന്നിന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങള്‍ കൂടുതല്‍ പ്രാചീനമായ വാസ്തുവിദ്യയോടും കലാനിര്‍മ്മിതികളോടും പാരമ്പര്യത്തോടും കടപ്പെട്ടിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അവയിലെ അലങ്കാരപ്പണികള്‍ കൂടുതല്‍ സൗകര്യപ്രദമായ വസ്തുക്കളുപയോഗിച്ച് പണിഞ്ഞിരുന്നവയുടെ ക്രമാനുഗതമായ പരിണാമവും നിര്‍മ്മാണവസ്തുക്കളുടെ മാറ്റവുമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തെന്നിന്ത്യന്‍ ക്ഷേത്രങ്ങളെപ്പോലെ സമൃദ്ധമായ നിര്‍മ്മാണ ചാതുരിയും ആകര്‍ഷകത്വവും ഉത്തരേന്ത്യയിലെ ആര്യക്ഷേത്രങ്ങള്‍ക്കില്ലെന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. 300 സര്‍ ജോണ്‍ മാര്‍ഷലിന്റെ അഭിപ്രായത്തില്‍ ‘ആര്യന്മാര്‍ കലയുടെ മേഖലയില്‍ ആര്യപൂര്‍വന്മാരായ തദ്ദേശീയരോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. തെക്കേ ഇന്ത്യയിലെ അമരാവതിയിലാണ് ഏറ്റവും സമ്പന്നവും താളാത്മകവും ഏറ്റവും ഭാവനാപരവുമായ ചിത്രീകരണം കാണുന്നത്.’ ആര്യദ്രാവിഡസംലയനമാണ് ഇന്ത്യയുടെ സമൃദ്ധമായ സാംസ്‌കാരികോന്നതിയെ ലോകോത്തരമാക്കിയതെന്ന് പല വാസ്തുശില്‍പ്പികളും കലാകാരന്മാരും ചിന്തകരും വ്യക്തമാക്കിയിട്ടുണ്ട്. ഋഗ്വേദത്തിലെ ധാരാളം സൂക്തങ്ങള്‍ കോട്ടകള്‍ക്കുള്ളില്‍ താമസിക്കുന്ന മനോഹരമായ ചിത്രകലാ നിര്‍മ്മിതികളോടു കൂടിയ നാട്ടുകാരായ അസുരന്മാരുടെ ഗൃഹങ്ങളുടെ ചാരുതയെ ആര്യന്മാര്‍ വിസ്മയത്തോടെ നോക്കിനില്‍ക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. കാലങ്ങള്‍ക്കുശേഷം മഹാഭാരതത്തില്‍ യുധിഷ്ഠിരന്റെ മഹനീയമായ കൊട്ടാരം നിര്‍മ്മിക്കാന്‍ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച അസുരശില്‍പ്പിയായ മയനെയാണ് ഏല്‍പ്പിച്ചത്. 301 അസുരന്മാര്‍ക്ക് ലഭിച്ച ഈ അംഗീകാരം ഒരേസമയം അസുരരുടെ പ്രതിഭയേയും ശത്രുവിന്റെപോലും കഴിവ് അംഗീകരിക്കാനുള്ള ആര്യന്മാരുടെ മഹത്വത്തെയും കാട്ടുന്നതായി തനിനായഗം പ്രസ്താവിക്കുന്നു. സംഘകാലത്ത് പഴയകൃതികളില്‍ നിഴലിക്കുന്ന മതചിന്തകള്‍ വെളിവാക്കുന്നത് ഇന്ന് ദ്രാവിഡ രാഷ്ട്രീയക്കാര്‍ പ്രചരിപ്പിക്കുന്ന ഇടുങ്ങിയതും ചരിത്രത്തില്‍ വേരുകളില്ലാത്തതും സെമറ്റിക് മതങ്ങളുടെ തച്ചുശാസ്ത്രപ്രകാരം രൂപപ്പെട്ടതുമായ മതബോധത്തിനപ്പുറം ഭാരതത്തെയൊന്നാകെ ഇണക്കിച്ചേര്‍ക്കുന്ന സംസ്‌കാരത്തിന്റെ ജൈവികമായ പ്രാദേശികരൂപങ്ങളാണ്. പരമ്പരാഗതമായി യജ്ഞങ്ങളും ദേവാരാധനയും നടത്തുന്ന ചേര ചോള പാണ്ഡ്യരുടെ ചിത്രം സംഘംകൃതികളിലുണ്ട്. മായോന്‍ എന്ന വിഷ്ണു, ചേയോനെന്ന കാര്‍ത്തികേയമുരുകന്‍, വേന്തനെന്ന ഇന്ദ്രന്‍, വരുണന്‍ എന്നിവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും ഇരുത്തല്‍- നായികയുടെ കാത്തിരിപ്പ് (കുറിഞ്ചി), പുണര്‍ തല്‍, വിവാഹത്തിനുമുമ്പുള്ള ഗാന്ധര്‍വവിധിപ്രകാരമുള്ള സംയോഗം (മുല്ല), ഊടല്‍ അഥവാ പരിഭവം-നായകന്റെ പരസ്ത്രീ സംഗമത്തനെച്ചൊല്ലി ഭാര്യമാരുടെ പിണക്കം (മരുതം), ഇരങ്കല്‍ വിരഹിണിയായ നായിക തനിച്ചിരുന്നു വിലപിക്കല്‍ (നെയ്തല്‍) എന്നിവയുടെയും അധിദേവതയായി കല്‍പ്പിച്ച കാവ്യപാരമ്പര്യം സംഘംകൃതികളുടെ അന്തഃസത്തയാണ്. മുല്ല നിലങ്ങളിലെ ദേവാലയങ്ങളില്‍ മുടങ്ങിക്കിടക്കുന്ന പൂജകള്‍ക്കായും നായകന് നായികയെ വേര്‍പെടാമെന്ന തൊല്‍. പൊരുള്‍ 30 സൂത്രത്തില്‍ പറയുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ദേവന്മാരെപ്പറ്റി ബി.സി ആയിരം മുതലുള്ള പരാമര്‍ശങ്ങള്‍ ബി.കൃഷ്ണമൂര്‍ത്തിയും കാല്‍ഡ്വലും നല്‍കുന്നുണ്ട്. വേലന്റെ വെറിയാട്ടുകളത്തെയും പടവീടുകളെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്. മുരുകന്‍ ശിവപാര്‍വതിമാരുടെ പുത്രനും ഇന്ദ്രന്റെ മകളുടെ ഭര്‍ത്താവുമാണെന്ന് ഓര്‍മ്മിക്കുക. ഈ കവി അകനാനൂറില്‍ ആന പുറമുരുമ്മി ഇടിഞ്ഞുപോയ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടത്തപ്പറ്റി അകം 167-ാം പാട്ടില്‍ പറയുന്നതും ഓര്‍ക്കുക.

അതില്‍ത്തന്നെ ചിത്രത്തിലെഴുതിയ ദേവനെപ്പറ്റിയും സൂചിപ്പിക്കുന്നു. പെരുമ്പാണാറ്റുപടയില്‍ ഉരുത്തിരന്‍ (രുദ്രന്‍)കണ്ണനാര്‍ കാഞ്ചീപുരത്തുള്ള തിരുവെഹ്കാ എന്ന വിഷ്ണു ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ശിവനും ദ്രാവിഡര്‍ക്ക് അന്യമായ ഒരു ദൈവമല്ല. മധുരമീനാക്ഷി ക്ഷേത്രത്തിനടുത്തുള്ള നക്കീരന്‍ കോയിലില്‍ അഥവാ സംഘത്താര്‍ കോവിലില്‍ നക്കീരനോടൊപ്പം കപിലര്‍, പരണര്‍, ഭാരതം പാടിയ പെരുന്തേവനാര്‍ എന്നിവരുടെ വിഗ്രഹങ്ങളും ഇറൈനാരുടെ സ്ഥാനത്ത് ഒരു ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹേശ്വരന്‍ തലവനായിട്ടുള്ള ഒരു ക്ഷേത്രത്തിലേയ്ക്ക് പൂക്കളും ധൂപക്കുറ്റികളുമെടുത്ത് ദര്‍ശനത്തിന് പോകുന്നതായി മധുരക്കാഞ്ചിയില്‍ വര്‍ണിക്കുന്നുണ്ട്. മുക്കണ്ണനെപ്പറ്റി പല പരാമര്‍ശങ്ങളുമുണ്ട്. പലയാഗമുതുകുടി പെരുവഴുതി എന്ന രാജാവിന്റെ വിശേഷണം തന്നെ ധാരാളം യാഗങ്ങള്‍ നടത്തിയവനെന്നാണ്. ആലിന്‍ ചുവട്ടിലിരിക്കുന്ന കടവുളിനെ പല പാട്ടുകളിലും പരാമര്‍ശിക്കുന്നുണ്ട്. മുരുകക്ഷേത്രങ്ങളായ തിരുപ്പരം കുന്റം, ചേയ്കുന്റം (കുറു.), നെടിയോന്‍ കുന്റം പരംകുന്റം (59) എന്നിവ അകനാനൂറിലും (14,16), പരിപാടലിലെ പല പാട്ടുകളിലും, വെന്റോന്‍ കുന്റ് കലിത്തൊകൈ (27:16)യിലും കാണാം. പട്ടിനപ്പാലയില്‍ യുദ്ധത്തില്‍ തോല്‍പ്പിച്ച രാജാക്കന്മാരുടെ പത്‌നികളായി പിടിച്ചുകൊണ്ടുവരപ്പെട്ട സ്ത്രീകള്‍ കുളികഴിഞ്ഞ് സന്ധ്യാകാലത്ത് കൊളുത്തിയ ദീപവുമായി ദേവപ്രതീകമായി സ്ഥാപിക്കപ്പെട്ട കുറ്റികളെ ആരാധിക്കുന്നത് കാണാം. ഇത് ശിവലിംഗാരാധനയുടെ ഭാഗമാണ്. നടുകല്‍ ആരാധന സംഘംകൃതികളിലെ ഒരു പ്രധാന ആരാധനാസമ്പ്രദായമാണ്. അത്തരം ആരാധനാലയങ്ങള്‍ പലതും വലിയക്ഷേത്രങ്ങളായി മാറിയിട്ടുണ്ട്. തൊല്‍കാപ്പിയത്തില്‍ പറയുന്ന തമിഴകത്തിന്റെ അതിരുകള്‍ വടവേങ്കിടം തെന്‍കുമരി എന്നാണല്ലൊ. ഇതിലെ വേങ്കിടം തിരുപ്പതി വെങ്കടേശന്റെ പേരിലുള്ളതും കുമരി കന്യാകുമാരീദേവിയുമാണ്. കുമാരീദേവി ഭര്‍ത്താവിന്റെ വരവുംകാത്ത് ദീര്‍ഘകാലം വസിച്ച ഇടമാണ് കന്യാകുമാരിയെന്നാണല്ലോ ഒരു ഐതിഹ്യം. ഈ ദേവീക്ഷേത്രസാന്നിധ്യം സംഘകാലത്തിനുമുമ്പേ നിലനിന്നിരുന്നുവെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്.302 മഹാകവി രബീന്ദ്രനാഥടാഗൂറിന്റെ ഒരു നിരീക്ഷണംകൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ ചര്‍ച്ച ചുരുക്കാമെന്ന് തോന്നുന്നു. ‘അനാര്യന്മാരുടെ സംഭാവനകള്‍ക്ക് സ്വന്തം നിലയില്‍ വലിയ മൂല്യമൊന്നുമില്ലെന്ന് ആരും ധരിച്ചുപോകരുത്. വസ്തുനിഷ്ഠമായി പറഞ്ഞാല്‍, പ്രാചീനമായ ദ്രാവിഡ സംസ്‌കാരത്തെയും അതിന്റെ ഘടകങ്ങള്‍ ആര്യന്മാരുമായി ചേര്‍ന്ന് സൃഷ്ടിച്ച ഹൈന്ദവ നാഗരികത അതുമൂലം നേടിയ സമൃദ്ധിയും ആഴവും ഒരുകാരണവശാലും താഴ്ത്തിക്കാണാനാകുന്നതല്ല. ദ്രാവിഡന്മാര്‍ അന്തര്‍വീക്ഷണക്കാരോ, ആധിഭൗതികരോ അല്ലെങ്കിലും അവര്‍ കലാകാരന്മാരായിരുന്നു; പാട്ടുകാരും ചിത്രവേലക്കാരും നിര്‍മ്മാതാക്കളുമായിരുന്നു. ആര്യന്മാരുടെ ആത്മീയോപാസനാചിന്തകള്‍ ദ്രാവിഡരുടെ വൈകാരികതയും സര്‍ഗാത്മകകലയുമായി ചേര്‍ന്ന് ആര്യനെന്നോ, ദ്രാവിഡമെന്നോ പറയാനാകാത്ത സന്തതിയായ ഹിന്ദുവിന് ജന്മംനല്‍കി.’

ADVERTISEMENT

വേദങ്ങള്‍
സംഘകാലത്ത് നാല് വേദങ്ങള്‍ക്ക്(നാന്മറ) വലിയ പ്രാധാന്യമുണ്ടായിരുന്നുവെന്ന് കാട്ടുന്ന പാട്ടുകള്‍ ധാരാളമുണ്ട്. ആധുനികകാലത്തെ യതിവര്യനായ നാരായണഗുരുവും നാന്മറയ്ക്കും മണിപ്പൂണ്‍വിളക്കേ എന്ന് കാളീനാടകത്തില്‍ സ്തുതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അനുയായികളില്‍ മഹാനായ അയ്യങ്കാളിയെപ്പോലുള്ള വീരപുരുഷന്മാരും ഉണ്ടായിരുന്നെങ്കിലും ഗുരുവിനെയും സനാതന മതവിശ്വാസിയെന്ന് ‘അധിക്ഷേപിക്കുന്ന’ കുറേപ്പേരും ‘മതേതരയോഗി’യെന്ന് ‘പ്രകീര്‍ത്തിക്കുന്ന’ പുരോഗമനക്കാരുമുണ്ടെന്നത് വിചിത്രമായ ഒരു ചരിത്രപരിണിതിയാണ്. ‘പാല്‍ പുളിച്ചാലും സൂര്യന്‍ ഇരുണ്ടുപോയാലും നാലുവേദത്തിന്റെ മാര്‍ഗം തിരിഞ്ഞാലും ഉദിയന്‍ ചേരലിന്റെ ബന്ധുക്കള്‍ അദ്ദേഹത്തില്‍ നിന്നകന്നുപോകില്ലെ’ന്ന പ്രസ്താവന നോക്കുക. വേദത്തിലുള്ള വിശ്വാസവും കൂടിയാണല്ലോ ഈ പാട്ടില്‍ പ്രതിഫലിക്കുന്നത്. അമരകോശത്തില്‍ പറയുന്ന ത്രയോഗ്നയഃ അതായത് മൂന്ന് തീ സംഘംകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് യജ്ഞവുമായി ബന്ധപ്പെട്ടതാണല്ലൊ.

മചിറുതലാ നവ്വി പ്പെരുങ്കണ്‍ മാപ്പിണൈ
അന്തീ അന്തണര്‍ അരും കടന്‍ ഇറുക്കും

മുത്തീ വിളക്കില്‍ തുഞ്ചും- ഹിമാലയവും പൊതിയന്‍ മലയുംപോലെ നിലനില്‍ക്കട്ടേ എന്ന ആശംസാഗാനത്തില്‍ ‘കൊച്ചുതലകളുള്ള കുഞ്ഞുങ്ങളോടും നീണ്ടിടംപെട്ട മിഴികളോടും കൂടിയ പേടമാനുകള്‍, സന്ധ്യാകാലത്ത് ഋഷികള്‍ തങ്ങളുടെ കടം (ഋണം-ധര്‍മ്മം) അനുഷ്ഠിക്കുന്ന അഗ്നിത്രയത്തിന്റെ (മുത്തീ)വെളിച്ചത്തില്‍ ഉറങ്ങുന്ന’ ഹിമാലയവും പൊതിയന്മലയുമെന്നാണ് ഇതിന്റെ ആശയം. ഇത് യാഗത്തെയും വൈദികജ്ഞാനത്തെയും കുറിച്ചുള്ള ധാരണകളാണ് നല്‍കുന്നത്. വേദങ്ങളുടെ പ്രാധാന്യം പല പാട്ടുകളിലും ആവര്‍ത്തിക്കുന്നുണ്ട്.
ശ്രേഷ്ഠമാം വേദങ്ങള്‍ വെളിവാക്കിപ്പാടിയും
അനുഷ്ഠാനങ്ങളെല്ലാം നിഷ്ഠയോടെ പാലിച്ചും
ഇഹലോകത്തില്‍ത്തന്നെ ഈശ്വരസാന്നിധ്യംതേടി
മേലേ ലോകജീവിതത്തിലാനന്ദത്തില്‍ മുഴുകുന്നു
ധര്‍മ്മനിഷ്ഠതെറ്റിക്കാതെ കരുണാര്‍ദ്രഹൃദയത്തോ
ടാത്മാവുകള്‍ സസന്തോഷം നിവസിക്കും മലയിലെ
ഗുഹപോലുള്ള അന്തണരുടെ പള്ളിയും (468-474)

ഇതിലും വേദവും ബ്രാഹ്മണരും ബുദ്ധജൈനപ്പള്ളികളെക്കുറിച്ചുള്ള സൂചനകളും കടന്നുവരുന്നത് കാണുക. പള്ളിക്ക് ബുദ്ധ-ജൈനപ്പള്ളികളെന്നും ഗ്രാമം, താമസസ്ഥലമെന്നും അര്‍ത്ഥങ്ങളുണ്ട്. തുടര്‍ന്നും, വിടര്‍ന്നപൂക്കളും പുകപൊങ്ങുന്ന ധൂപക്കുറ്റിയും അര്‍ച്ചന ചെയ്യപ്പെട്ട ശ്രാവകര്‍ സ്തുതിക്കുന്ന, പോയകാലവും വരുംകാലവും വര്‍ത്തമാനകാലവുമെല്ലാമറിഞ്ഞ് സ്വന്തം മനസ്സുണര്‍ന്ന് ജീവിക്കുന്ന, വാനവും മണ്ണുമെന്തെന്നറിഞ്ഞോര്‍, താന്താങ്ങള്‍ക്ക് വിധിച്ച വ്രതകര്‍മ്മം കൃത്യമായി പാലിച്ച, വിദ്യകൊണ്ടറിയേണ്ടതെല്ലാവുമറിഞ്ഞവരും നോമ്പെടുക്കുമ്പോള്‍ വ്രതചര്യയാല്‍ ക്ഷീണിക്കാത്തോരും കല്ലുകള്‍ കൊത്തിപ്പൊളിച്ചെടുത്തതെന്നുതോന്നിക്കുന്ന വളരെ ഇടുങ്ങിയ കഴുത്തുള്ള കരന്തകള്‍ (ഹുണ്ടികകള്‍) പല പല വടങ്ങള്‍ ചുറ്റിത്തീര്‍ത്ത ഉറിയില്‍ തൂക്കിപ്പിടിച്ച് എല്ലാവര്‍ക്കുമനുഗ്രഹം ചൊരിയുന്നതും തടാകസാന്നിധ്യം തോന്നിപ്പിക്കുന്നതും ചെമ്പുകൊണ്ട് കെട്ടിയതെന്നു തോന്നിപ്പിക്കുന്ന ചെമന്നചുമരുകളുള്ളതും ചിത്രവേലകള്‍ ചെയ്തതും നോക്കെത്താതുയരത്തില്‍ പ്രശോഭിക്കുന്നതുമായ മതിലുകള്‍ക്കുള്ളിലെ വിസ്മയകരമായ പുഷ്പകോദ്യാനത്തിന് നടുവില്‍ ശ്രമണപ്പള്ളികള്‍ കുന്നുകള്‍ കൂട്ടത്തോടെനില്‍ക്കുന്നതുപോലെതോന്നിച്ചു (475-488). ശ്രമണന്മാരെന്നാല്‍ ജൈനസന്യാസിമാരും ജൈനഗൃഹസ്ഥന്മാരും ഉള്‍പ്പെടുന്നവരാണ്.

സംഘ കവിതകള്‍ സമാഹരിച്ചതും അതിന് വ്യാകരണം ചമച്ചതും മാത്രമല്ല, സംസ്‌കൃതഭാഷയോടുള്ള മത്സരബുദ്ധിമൂലം പ്രാദേശികഭാഷകളെ വളര്‍ത്താന്‍ ശ്രമിച്ചതും ബുദ്ധ-ജൈനമതക്കാരാണെന്ന് മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുള്ളതും ഓര്‍മ്മിക്കുക. അവരും ആര്യഭാഷാവക്താക്കളും ആര്യമതാചാരങ്ങള്‍ പാലിച്ചിരുന്നവരുമാണ്. അതായത് തമിഴകഭാഷയെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിച്ചതിലും ആര്യസംസ്‌കാരത്തിന്റെ പ്രതിനിധികള്‍ക്ക് വലിയ പങ്കുണ്ട്. ഇത് സാമാന്യമായിരുന്നുവെന്നുമാത്രമല്ല, ആര്യ-ദ്രാവിഡ സമ്മിശ്രണം വളരെ സ്വാഭാവികവുമായിരുന്നതുകൊണ്ടാണ് തമിഴക സംസ്‌കാരം ഇത്ര സമ്പന്നമായതെന്നും തിരിച്ചറിയേണ്ടതുണ്ട്. അവരെക്കൂടാതെ, ‘സുരഭിലമായ ചന്ദനം മാറില്‍ത്തേച്ച, ഹവിസ് അര്‍പ്പിച്ച് പിന്‍കുടുമകെട്ടിയ, മോക്ഷപദംനേടുവാനായി പുണ്യവാന്മാരെപ്പോലെ ഗുണദോഷങ്ങള്‍ ചിന്തിച്ചറിഞ്ഞവിവേകികള്‍ അന്‍പും ധര്‍മ്മവും നഷ്ടമാകാതെ കാക്കുന്നവര്‍ നിന്ദ്യമായതെല്ലാം പൂര്‍ണമായി ഉപേക്ഷിച്ചവരുമാണ്. കാരുണ്യവാന്മാരെന്ന് പ്രസിദ്ധരായ കാവതിപ്പട്ടം (ആയുധപരിശീലനം) നേടിയ കര്‍ഷകരായ അവരാണ് മന്ത്രിമാര്‍. അവരുടെ വസതിയും അവിടെകാണാം’ (493-499).
ഇത്തരത്തിലുള്ള കവിതകള്‍ ധാരാളമുള്ളതാണ് സംഘകാലമതവും സംസ്‌കാരവും. ‘പൂമ്പൊയ്കയില്‍ മകരന്ദം മുകരുന്ന തുമ്പികളുടെ മര്‍മ്മരംപോലെ (മരുതനിലത്തില്‍) ഓതിക്കന്മാര്‍ വേദമുരുക്കഴിക്കുന്നു’. അസുരനിഗ്രഹം ഒരു ധര്‍മ്മമായി പൊതുവില്‍ വാഴ്ത്തപ്പെടുന്നത് തിരുമുരുകാറ്റുപടൈയിലും കാണാം.

നിഷ്‌ക്കാമകര്‍മ്മികളും ശാശ്വതജ്ഞാനികളും
പൂര്‍ണകാമന്മാരുമായ സത്യജ്ഞാനികളിലെല്ലാം
കുടികൊള്ളുന്ന കീര്‍ത്തനീയമാമാത്മജ്ഞാനം
അങ്ങയ്ക്കും ചിരതരം പ്രാപിക്കുമാറാകട്ടേ (761-765) എന്നുള്ള ആത്മജ്ഞാനമാണാശംസിക്കുന്നത്. പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ കാരണഭൂതനായ ദേവനെയാണ് അവരുമാരാധിച്ചിരുന്നത്.
വെള്ളവും മണ്ണുമാകാശവുമഗ്നിയും കാറ്റും കലര്‍ന്നുരുവായ പ്രപഞ്ചത്തെ സൃഷ്ടിച്ച മഴുവെന്ന നെടിയവാള്‍ കയ്യിലേന്തിയ ദിവ്യാംശപ്രഭാവമുള്ള ദേവത്തലവന്‍ വാടാത്തപൂക്കളും ഇമവെട്ടാത്ത മിഴികളുമുള്ള, ഹവിര്‍മണം ആഹാരമായി ഭുജിക്കുന്ന പെരിയ ദൈവത്തിനും മറ്റുദൈവങ്ങള്‍ക്കും ബലി നല്‍കുവാനായി സന്ധ്യയ്ക്ക് ആഘോഷിക്കുന്ന ഉത്സവമേളങ്ങളില്‍ ചുറ്റിനടക്കുന്ന (453-460) ജനങ്ങളെ കാണാം. ഉത്സാഹപൂര്‍വം കടവുള്‍പ്പള്ളിയില്‍ ചെന്ന് നിവേദ്യങ്ങളര്‍പ്പിക്കുന്നവരെയും (461-467) പാട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ കടവുള്‍പ്പള്ളി ബുദ്ധപ്പള്ളിയോ, ജൈനപ്പള്ളിയോ ആകാം. നാമോര്‍ക്കേണ്ട ഒരു പ്രധാനകാര്യം സംഘപ്പാട്ടുകള്‍ വെറും ഭാവനാസൃഷ്ടികളല്ല, ചരിത്രനിഷ്ഠമായ പാട്ടുകളാണെന്നതാണ്. ‘ഇരുമ്പുവിളക്കുകളില്‍ തിരികൊളുത്തുകയും നെല്ലും പൂവും തൂകി കൈകളുയര്‍ത്തി തൊഴുകുകയും ചെയ്യുന്നു. അങ്ങാടിതോറും സന്ധ്യാവന്ദനം ചെയ്യുന്നു (36-44 മലൈ പടുകടാം).
പത്തുപാട്ടുകളില്‍ മഹാഭാരതയുദ്ധവും പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ഖാണ്ഡവം ദഹിപ്പിച്ച തൂണിയും പൂക്കള്‍ തുന്നിച്ചേര്‍ത്ത്
ചിത്രപ്പണിചെയ്തകച്ചയുംചുറ്റിയ കീര്‍ത്തിനേടിയോന്റെ
ജേഷ്ഠന്‍ ഹിമവാനെപ്പോല്‍ വിരിഞ്ഞ മാറുളളവന്‍ രചിച്ച
പാചകപ്പൊരുളിലൊന്നും തെറ്റാതെ പാകംചെയ്ത
വിഭവങ്ങള്‍ പലതരം. വിവിധഗ്രഹങ്ങള്‍ ചുറ്റിനില്‍ക്കും
ബാലാര്‍ക്കപ്രഭമങ്ങുംപൊന്നിന്‍ കലങ്ങളില്‍
നിങ്ങളുടെയഭീഷ്ടങ്ങളറിഞ്ഞ് വിളമ്പി, തൊട്ടരികില്‍
നിന്ന് സ്‌നേഹപൂര്‍വ്വം ഊട്ടുമവന്‍ (236-245)

ഇതില്‍ അര്‍ജുനന്റെ ഖാണ്ഡവ ദഹനത്തോടൊപ്പം ഭീമന്റെ പാചക നൈപുണിയും സൂചിപ്പിക്കുന്നു. അതായത് ആര്‍ഷമൂല്യങ്ങളെല്ലാം പൊതുവേ സ്വീകരിക്കുകയും പ്രാദേശികമായ തനത് മൂല്യങ്ങളുമായി അവയെ ഇഴചേര്‍ക്കുകയും ചെയ്തിരുന്നവരാണ് പ്രാചീന തമിഴക ജനതയെന്നത് കേവലം യാദൃച്ഛികമല്ലെന്നും അവ ദ്രാവിഡ പൈതൃകത്തിന്റെ സ്വാഭാവികമായ പിന്‍തുടര്‍ച്ചയാണെന്നുമാണ് വ്യക്തമാകുന്നത്. ദ്രാവിഡ പൈതൃകം വൈവിധ്യ പൂര്‍ണമായി രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ഗ്രന്ഥത്തിന്റെ മുന്‍ഭാഗങ്ങളില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അകനാനൂറില്‍ (പാട്ട് 11) കാര്‍ത്തികോത്സവത്തില്‍ പെണ്‍കുട്ടികള്‍ നിരനിരയായി കാര്‍ത്തികവിളക്കേന്തുന്നതുപോലെയാണ് കാട്ടില്‍ വേനല്‍ക്കാലത്ത് ഇലവ് പൂത്തുനില്‍ക്കുന്നതെന്ന് പറയുന്നു. 13-ാം പാട്ടില്‍ പെരുന്തലൈ ചാത്തനാര്‍ യാഗത്തിന്റെ മഹത്വം വര്‍ണിക്കുന്നുണ്ട്. അത് ദാനധര്‍മ്മങ്ങള്‍ക്കുള്ള അവസരമാണെന്നും പറയുന്നു. അകം 24-ാംപാട്ടില്‍ ഊരിലെ യാഗം ചെയ്യാത്ത ബ്രാഹ്മണനെ പരാമര്‍ശിക്കുന്നതില്‍ നിന്നും യാഗം ചെയ്യുന്നതും ചെയ്യാത്തതുമായ ഊരുകളും ബ്രാഹ്മണരുമുണ്ടെന്ന് മനസ്സിലാക്കാം. പേയും പിശാചും കറുപ്പയ്യയും കറുപ്പമ്മയും മാരിയമ്മയും മലദൈവവുമെല്ലാം ആര്യധര്‍മ്മങ്ങളുമായി കൂടിക്കലര്‍ന്നു രൂപപ്പെട്ട സനാതനധര്‍മ്മം വൈവിധ്യപൂര്‍ണവും പലപ്പോഴും വൈരുദ്ധ്യമുള്ളതുമാകാതെവയ്യെന്ന് മനസ്സിലാകണമെങ്കില്‍ നരവംശത്തിന്റെ ഉത്പത്തി വികാസങ്ങളെയും പരിണാമങ്ങളെയും കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
(തുടരും)

പരാമൃഷ്ടകൃതികള്‍

297 Charles Fabri, An Introduction to Indian Architecture, Asia Publishing House 1963
298 Dravidian India P.120-123 Madras1925
299 Dravidian Element in Indian Culture pp.66-68
300 Sir George birdwood Memorial Lecture on ‘ Influence of Race on Early Indian Art’ by Sir John
Marshall
301 Tamil Culture and Civilization -]p.117
302 A Vision of India-Viswabharathi Quarterly, No.1

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
Share22TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies