നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണ്ണാടകയിലെ ചരിത്രപ്രസിദ്ധമായ ഹംപി സന്ദര്‍ശിക്കണമെന്നുള്ള എന്റെ ചിരകാലാഭിലാഷം സാക്ഷാത്കരിച്ചത്, കഴിഞ്ഞ (2024) വര്‍ഷം നവംബറിലാണ്. എന്നോടൊപ്പം സുഹൃത്തും കവിയുമായ മോഹനചന്ദ്രന്‍ പേയാടും ചേര്‍ന്നു. ഹംപിയെപ്പറ്റി വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും അടുത്തറിയുകയെന്നതായിരുന്നു യാത്രോദ്ദേശ്യം. കേരളത്തിന്റെ സ്വപ്‌നഭൂമിയായ വയനാടിന്റെ ചുരം കയറിയും ഇറങ്ങിയുമുള്ള യാത്രയില്‍ ഇടയ്ക്കല്‍ ഗുഹയെപ്പറ്റി ഓര്‍ക്കാതിരുന്നില്ല. പുരാവസ്തു വകുപ്പിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ആ യാത്രയും അവിസ്മരണീയമായ ഒരനുഭവമായിരുന്നു. തേയിലയുടെയും കാപ്പിയുടെയും ഗന്ധമുള്ള വയനാടിന്റെ തണുത്ത കാറ്റ് ബസ് യാത്രയുടെ ക്ഷീണമകറ്റിക്കൊണ്ടിരുന്നു.
ദക്ഷിണ ഭാരതത്തിന്റെ പ്രാചീന സംസ്‌കാരം വിളിച്ചോതുന്ന പൈതൃക ഭൂമികയാണ് ഹംപി. കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ജില്ലയായ ബെല്ലാരിയിലെ ഹോസ്‌പെറ്റ് താലൂക്കിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. മാനവരാശിയുടെ സംസ്‌കാരത്തിന്റെ ആരംഭദശ മുതല്‍, ചരിത്രത്തിന്റെ മദ്ധ്യകാലഘട്ടം വരെയുള്ള മനുഷ്യപുരോഗതിയുടെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെയും നേര്‍ക്കാഴ്ചകളെ സംരക്ഷിച്ചു നിലനിര്‍ത്തിയിരിക്കുന്നു എന്നതാണ് ഹംപിയുടെ പ്രത്യേകത. ദേശീയ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് ഹംപി. ഇവിടം ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുമുണ്ട്. സന്ദര്‍ശകര്‍ ഏതു ദേശക്കാരായാലും ലോകത്തിന്റെ ഏതുഭാഗത്തു നിന്നായാലും ഇവിടെയെത്തിച്ചേരാം. വിമാനമാര്‍ഗ്ഗം ബാംഗ്ലൂരിലും, റെയില്‍-റോഡ് മാര്‍ഗ്ഗം ഹോസ്‌പെറ്റിലിലും എത്താം. ഹോസ്‌പെറ്റ് നഗരത്തില്‍ നിന്നും പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഹംപിയിലേക്ക്, റോഡുമാര്‍ഗ്ഗം തുംഗഭദ്ര കുന്നുകളുടെ തണല്‍പറ്റി, ഇരുവശവുമുള്ള പച്ചപ്പട്ടുവിരിച്ച നെല്‍വയലുകളും കരിമ്പിന്‍ പാടങ്ങളും, അവസാദശിലകളാല്‍ രൂപാന്തരപ്പെട്ട ചെറുകുന്നുകളും, അവിടവിടെയായി ചിന്നിച്ചിതറികിടക്കുന്ന പൗരാണിക സ്മാരകാവശിഷ്ടങ്ങളും കണ്ടുകൊണ്ടുള്ള യാത്ര, കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നല്‍കുന്നവയാണ്.
ഹംപിയ്ക്ക് ഇതിഹാസ കാലത്തോളം പഴമയാണ് കന്നടയിലെ വിശ്വാസികള്‍ നല്കിയിട്ടുള്ളത്. അതിനവര്‍ ഇതിഹാസ കാവ്യമായ രാമായണത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. വാനരസഹോദരന്മാരായ ബാലിയുടെയും സുഗ്രീവന്റെയും തര്‍ക്കരാജ്യമായ ‘കിഷ്‌കിന്ദ’യാണ് ഹംപിയെന്ന് അവര്‍ വിശ്വസിക്കുന്നു. ഇവിടെ ചുറ്റുപാടും കണ്ടുവരുന്ന വാനരക്കൂട്ടങ്ങള്‍ പഴയ വാനര സൈന്യത്തിന്റെ പിന്‍ഗാമികളാണെന്നും നാട്ടുകാരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. ഹംപിയുടെ ഭൂപ്രകൃതി ശ്രദ്ധിച്ചാല്‍ ഇതിഹാസകഥയുടെ പശ്ചാത്തലം നമുക്കും വിശ്വസിക്കാന്‍ തോന്നും. അജന്തയും എല്ലോറയും എലിഫന്റായും മഹാബലിപുരവും മറ്റും പലവട്ടം സഞ്ചരിച്ചിട്ടുള്ള എനിക്ക് ഹംപിയില്‍ കണ്ടത് വേറിട്ടൊരു അനുഭവമാണ്.
വിജയനഗര സാമ്രാജ്യവും മുസ്ലീം (ബാഹ്മനി) അയല്‍രാജ്യങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്ഥാപിതമായിട്ടുള്ളതാണ്. അക്കാലം മുതല്‍ക്കേ ഇവര്‍ തമ്മില്‍ സംഘട്ടനങ്ങളും പതിവായിരുന്നു. ബാഹ്മനികളുടെ കടന്നാക്രമണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിച്ചു കൊണ്ടാണ് വിജയനഗര സാമ്രാജ്യം നിലനിന്നുവന്നത്. ഏതാണ്ട് രണ്ടര ശതാബ്ദക്കാലത്തോളം ഹിന്ദുനാഗരികതയ്ക്കും സംസ്‌കാരത്തിനും പോറലേല്‍ക്കാതെ സംരക്ഷിക്കുകയും ദക്ഷിണഭാരതത്തിന്റെ പൗരാണികതയ്ക്കും വഴക്കങ്ങള്‍ക്കും ഭംഗം വരാതെയും, സ്വതന്ത്രഹൈന്ദവ രാജ്യമായി നിലനിറുത്തുവാനും വിജയനഗര സാമ്രാജ്യാധിപന്മാര്‍ക്കു സാധിച്ചിരുന്നു.

വിജയനഗര സാമ്രാജ്യം സ്ഥാപിച്ച സംഗമ രാജവംശത്തിലെ ഹരിഹരനും ബുക്കനും ചേര്‍ന്നാണ് സാമ്രാജ്യത്തിന്റെ ഭരണത്തിന് അടിത്തറപാകിയത്. കാകത്തീയ ഭരണസംവിധാനം മാതൃകയാക്കിയ ഹരിഹരന്‍, സാമ്രാജ്യത്തെ പ്രവിശ്യകളാക്കി വേര്‍തിരിച്ചാണ് ഭരണം നടപ്പിലാക്കിയത്. അതോടൊപ്പം തന്നെ, ഭരണച്ചുമതലകളില്‍ ‘കര്‍ണ്ണം’ ചുമതലക്കാരായിരുന്ന സ്വര്‍ണ്ണപ്പണിക്കാരെയും വേളവര്‍മാരെയും ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും, തല്‍സ്ഥാനങ്ങളില്‍ ബ്രാഹ്മണരെ ചുമതലപ്പെടുത്തുകയും ചെയ്തു. മാത്രമല്ല; മുന്‍ ഭരണാധികാരികള്‍ കൈവശം വച്ചിരുന്ന ഭൂമി, കൃഷി നടത്തുന്നതിനായി ബ്രാഹ്മണര്‍ക്കു നല്‍കുകയും ചെയ്തു. ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സഹോദര പുത്രന്മാരെ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കുകയും ചെയ്തു. എ.ഡി.1336 മുതല്‍ 1342 വരെയുള്ള ആറുവര്‍ഷക്കാലം ഹരിഹരന്റെ നേതൃത്വത്തിലുള്ള ഭരണം പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. ഹരിഹരന്‍ ഭരണം ഒഴിഞ്ഞതോടെ സഹോദരനായ ബുക്കന്‍ അധികാരത്തില്‍ അവരോധിക്കപ്പെട്ടു. ബുക്കന്റെ ഭരണകാലത്തും ചില ഭരണ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുകയുണ്ടായി. ഹരിഹരന്‍ സ്ഥാപിച്ച പ്രവിശ്യകളെ കൂട്ടിച്ചേര്‍ത്ത് നാട്ടുരാജ്യങ്ങള്‍ രൂപീകരിച്ചു. നെല്ലൂരും കടപ്പയും ചേര്‍ത്ത് ‘ഉദയഗിരി’യും ബെല്ലാരിയും അനന്തപ്പൂരും ഉത്തരമൈസൂരും ചേര്‍ത്ത് ‘പെനുഗൊണ്ട’യും, മൈസൂരിന്റെ ശേഷിച്ച ഭാഗങ്ങളും സേലവും ദക്ഷിണ ആര്‍ക്കോട്ടു ജില്ലകളും ചേര്‍ത്ത് ‘മുള്‍വായി’യും, ബനവാസിയും ചന്ദ്രഗുത്തിയും ഗോവയും ചേര്‍ത്ത് ‘അലഗാ’യും, ബാരക്കൂര്‍ മംഗളുരു പ്രദേശങ്ങള്‍ ചേര്‍ത്ത് ‘തുളു’വും രാജ്യങ്ങളാക്കി മാറ്റി. പ്രവിശ്യകളുടെ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന സഹോദര പുത്രന്മാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും സ്വന്തം പുത്രന്മാരെ ബുക്കന്‍ നിയമിക്കുകയും ചെയ്തു. സഹോദര പുത്രന്മാര്‍ പില്ക്കാലത്ത് രാജ്യാവകാശ തര്‍ക്കങ്ങള്‍ ഉന്നയിക്കുമെന്നുള്ള ധാരണയില്‍, മുന്‍കരുതലെന്ന നിലയിലാണ് അവരെ നിഷ്‌കാസിതരാക്കിയത്.
ഇപ്രകാരം സ്വന്തം പുത്രനായ ദേവരായനെ ഉദയഗിരിയുടെ രാജാവായി വാഴിക്കുകയും ചെയ്തു. എന്നാല്‍ ബുക്കന്റെ മറ്റൊരു മകനായ ഹരിഹരന്‍ രണ്ടാമന്‍, ദേവരായനെ നിഷ്‌കാസിതനാക്കി ഭരണം പിടിച്ചടക്കി. അധികാര തര്‍ക്കങ്ങള്‍ ഇവിടെ അവസാനിച്ചില്ല. ഹരിഹരന്‍ രണ്ടാമന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രന്മാര്‍ തമ്മില്‍ കലഹം പതിവായി. ഹരിഹരന്‍ രണ്ടാമന്റെ മകനായ വിരൂപാക്ഷന്‍ അധികാരമേറ്റു. എന്നാല്‍ സാമ്രാജ്യാധിപനായുള്ള വിരൂപാക്ഷന്റെ നേതൃത്വം അംഗീകരിക്കാത്ത സഹോദരന്‍ ബുക്കന്‍ രണ്ടാമന്‍ സ്വതന്ത്രമായി നാട്ടുരാജ്യം ഭരിച്ചുതുടങ്ങി. ഒടുവില്‍ സഹോദരനായ പ്രൗഢ ദേവരായന്‍ മറ്റുള്ളവരെ ഒഴിവാക്കി ഭരണം ഏറ്റെടുത്തു. ദേവരായന്‍ ശക്തനായ ഭരണാധികാരി മാത്രമല്ല; കൃഷി അഭിവൃദ്ധിപ്പെടുത്തുവാനായി, തുംഗഭദ്ര നദിയില്‍നിന്നും ജലം കൃഷിയിടത്തില്‍ എത്തിക്കുന്നതിനായി, കട്ടിപ്പാറയില്‍ കൊത്തിയെടുത്ത ‘ജലനാളിയെന്ന’ ജലസേചന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു. ഇത് വിജയനഗര സാമ്രാജ്യഭരണത്തിലെ എടുത്തുപറയാവുന്ന ഓരദ്ധ്യായം തന്നെയായിരുന്നു. കൃഷ്ണദേവരായരുടെ വാഴ്ചക്കാലം എല്ലാംകൊണ്ടും വിജയനഗര ചരിത്രത്തിലെ വിജയചരിത്രമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജവാഴ്ചക്കാലത്തെ ശില്പ-കരകൗശല ബൗദ്ധിക വേലകളെല്ലാം തന്നെ ജാതിസമൂഹങ്ങളുടെയും വണിക സംഘങ്ങളുടെയും പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ആയതിനാല്‍, ഈവക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ ശില്പികളെപ്പറ്റിയോ, കരകൗശല വിദഗ്ദ്ധരെപ്പറ്റിയോ ആധികാരികമായി ഒന്നുംതന്നെ രേഖപ്പെടുത്തി കാണുന്നില്ല. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായിരുന്നു പട്ടടയ്ക്കലിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ കാര്യം. ഇവിടുത്തെ ലോകേശ്വര ക്ഷേത്രത്തിന്റെ ശില്പിയെപ്പറ്റി രേഖകളുണ്ട്.
‘ശ്രീ ഗുണ്ഡന്‍ അനിവരാതാചാരി’യാണ് ഈ ക്ഷേത്രത്തിന്റെ മുഖ്യശില്പിയെന്ന് ക്ഷേത്രച്ചുവരിലെ ശിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, അദ്ദേഹം ബാദാമിയിലെ ചാലൂക്യരാജാവില്‍ നിന്നും ‘തെങ്കനാദിശേയ സൂത്രധാരി’ (തെക്കന്‍ നാട്ടിലെ വാസ്തു ശില്പി) യെന്ന ബിരുദം നേടിയതായും രേഖകളിലുണ്ട്. ക്ഷേത്ര നിര്‍മ്മാണം, വിഗ്രഹ നിര്‍മ്മാണം, എന്തിന് മതിലുകളിലെ കൊത്തുപണികള്‍ പോലും അദ്ദേഹം പൂര്‍ത്തീകരിച്ചു. ഇതിന്റെയെല്ലാം അംഗീകാരമെന്ന നിലയില്‍ ശില്പിസമുദായത്തിന് ചില പ്രത്യേക അവകാശങ്ങള്‍ അംഗീകരിച്ചനുവദിക്കുകയും ചെയ്തിട്ടുണ്ട്. അനിവരതാചാരിയെന്ന ശില്പി, ക്ഷേത്ര-വിഗ്രഹ-ശില്പ മേഖലകളില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രയോഗിച്ചിരുന്നത്. നഗര സംവിധാനം, കൊട്ടാര നിര്‍മ്മാണം, യാന (രഥ) നിര്‍മ്മാണം, സിംഹാസനങ്ങള്‍, ശയ്യോപകരണങ്ങള്‍ എന്നുവേണ്ട സ്ഥാപത്യ കലയില്‍ എന്തെല്ലാം നിര്‍മ്മാണങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മിക്കേണ്ടതുണ്ടോ, അവയിലെല്ലാം അദ്ദേഹം അഗാധമായ പാണ്ഡിത്യമുള്ള ശില്പിയായിരുന്നു. ഇദ്ദേഹത്തിന്റെ വിശ്വസ്തരായ അനുചരന്മാരും ‘സൂത്രഗ്രാഹി’ കളുമായിരുന്നു ‘മലിതിമ്മന്‍’, ‘ബൈകോജന്‍’, ‘കൗദയന്‍’, ‘നയദുയന്‍’, ബാവന്‍ തുടങ്ങിയവര്‍. അവരുടെ പേരുകളും രേഖപ്പെടുത്തിയിരിക്കുന്നു.
പൗരാണിക ഭാരത ചരിത്രത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഏറ്റവും ആദ്യത്തെ ശിലാകാവ്യങ്ങള്‍ അഥവാ സ്മാരകങ്ങള്‍ വടക്കു പടിഞ്ഞാറേ ഡെക്കാണിലെ (മഹാരാഷ്ട്ര) ബുദ്ധ ചൈത്യങ്ങളും വിഹാരങ്ങളുമാണ്. ഇവ ഗുഹകളെന്നോ, ഗുഹാക്ഷേത്രങ്ങളെന്ന പേരിലോ ആണ് അറിയപ്പെടുന്നത്. ഇവയാകട്ടെ, ഭാരത ശില്പികളുടെ അപരിമിതമായ ദീര്‍ഘ വീക്ഷണത്തിന്റെയും സഹനത്തിന്റെയും പ്രതീകങ്ങളാണ്. കട്ടിയുള്ള പാറയില്‍ നിന്നും അതിവിദഗ്ദ്ധമായി കൊത്തിയെടുത്തിട്ടുള്ള വലിയ ശിലാക്ഷേത്രങ്ങളും സന്യാസി മഠങ്ങളുമാണ്. മഹത്തായ ഈ ശില്പവ്യൂഹത്തെയാണ്, ഗുഹാക്ഷേത്രങ്ങളെന്ന പേരില്‍ നിസ്സാരമായി വിളിക്കുന്നത്. ബുദ്ധമതത്തിന്റെ ആവിര്‍ഭാവ കാലത്ത് നിര്‍മ്മിച്ചിട്ടുള്ള ആരാധനാകേന്ദ്രങ്ങളെ, സ്തൂപങ്ങള്‍ അഥവാ ചൈത്യങ്ങളെന്നും, സന്യാസി മഠങ്ങളെ വിഹാരങ്ങളെന്നുമാണ് വിളിച്ചിരുന്നത്. വിഗ്രഹാരാധനയ്ക്ക് എതിരായിരുന്ന ആദ്യകാല ബുദ്ധമതവിശ്വാസികള്‍ (ഹീനയാന ബുദ്ധമതക്കാര്‍) ഒരിക്കലും അവരുടെ ബുദ്ധക്ഷേത്രങ്ങളില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടില്ല. പകരം ശ്രീബുദ്ധഭഗവല്‍ സങ്കല്പത്തില്‍ ഒരു ശിലാസിംഹാസനമോ, ശിലാപാദപീഠമോ മാത്രമാണ് സ്ഥാപിച്ചിരുന്നത്. പില്‍ക്കാലത്ത് ആവിര്‍ഭവിച്ച മഹായന ബുദ്ധമതക്കാരാണ് വിഗ്രഹങ്ങളും മറ്റും പ്രതിഷ്ഠിച്ചിട്ടുള്ളത്.
ബുദ്ധ ചൈത്യങ്ങളുടെ നിര്‍മ്മാണത്തിലും ചില പ്രത്യേകതകള്‍ കാണാം. പൊതുവേയുള്ള ക്ഷേത്രങ്ങളുടെ രൂപം ഗജപൃഷ്ടാകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നു കാണാം. നെടുകെയുള്ള രണ്ടു സ്തംഭ നിരകള്‍ കൊണ്ട് വീതിയുള്ള മദ്ധ്യനിരയും രണ്ടു പാര്‍ശ്വവീഥികളുമായി ബന്ധിപ്പിച്ചിരിക്കും. ശാലയുടെ ഒടുവിലത്തെ അറ്റത്ത് ശിലയില്‍ കൊത്തിയെടുത്ത സ്തൂപം സ്ഥാപിച്ചിരിക്കും. ബുദ്ധവിഹാരത്തിന്റെ മുന്‍ഭാഗത്തുള്ള വരാന്തയില്‍ നിന്ന് ഒരു വാതിലില്‍ക്കൂടി പ്രവേശിക്കാവുന്നവിധം മദ്ധ്യശാലയും, അതിനുചുറ്റുമായി ഓരോ സന്യാസിമാര്‍ക്കുമായി അറകളും നിര്‍മ്മിച്ചിട്ടുണ്ടാവും. ഇവയുടെ നിര്‍മ്മാണ പ്രത്യേകതകളെ വാസ്തുവിദ്യാ പ്രാധാന്യത്തോടെ നോക്കിയാല്‍, വിഹാരങ്ങളേക്കാള്‍ കൂടുതല്‍ നിര്‍മ്മാണചാരുത ചൈത്യങ്ങള്‍ക്കാണെന്നും കാണാം. ഇവയൊക്കെ മുന്‍കാലത്ത് മരത്തില്‍ നിര്‍മ്മിച്ചവയായിരുന്നു എന്നത് അദ്ഭുതമുളവാക്കുന്നുണ്ട്. മരത്തില്‍ നിര്‍മ്മിച്ച ആദിരൂപങ്ങള്‍ കാലാന്തരത്തില്‍ പ്രകൃതിയേല്പിക്കുന്ന പീഡനങ്ങള്‍ കൊണ്ട് ദ്രവിച്ചു തുടങ്ങിയപ്പോഴാണ് ശിലകളിലേക്കു മാറ്റി നിര്‍മ്മിക്കപ്പെട്ടത്.

നാം തിരികെ, ദക്ഷിണ ഭാരത ശില്പകലയുടെ ചരിത്രത്തിലേക്കു വന്നാല്‍, പല്ലവന്മാരുടെ ഭരണകാലത്ത്, പാറ തുരന്നുള്ള വാസ്തു നിര്‍മ്മാണ വിദ്യയില്‍ നിന്നും വ്യതിചലിച്ച്, പാറകൊണ്ട് കെട്ടിയുയര്‍ത്തുന്ന നിര്‍മ്മാണ രീതി അവലംബിച്ചതായി കാണാം. പല്ലവകാല ശില്പകലാ വൈദഗ്ദ്ധ്യം, വാസ്തുവിദ്യയുടെയും ശില്പകലയുടെയും ചരിത്രത്തിലെ ഉജ്ജ്വല ഏടായി കണക്കാക്കാം. ഇഷ്ടികയും തടിയും ചല്ലിയും ചാന്തും ഉപയോഗിക്കാതെ, ക്ഷേത്രവാസ്തു എങ്ങനെ നിര്‍വഹിക്കാമെന്ന് അവര്‍ കാട്ടിത്തന്നു. ഇതിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ് മഹാബലിപുരത്തെ ശിലാ ശില്പവ്യൂഹങ്ങള്‍. ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ മഹാബലിപുരം, തുറമുഖ നഗരമെന്ന പ്രത്യേകത മൂലം ഭാരതീയ ശില്പകലയുടെ പ്രത്യേകതകള്‍ അന്യദേശങ്ങളില്‍ പ്രചരിക്കുന്നതിനുള്ള, സുപ്രധാന വിനിമയകേന്ദ്രം കൂടിയായി മാറി.
ശിലാക്ഷേത്ര നിര്‍മ്മാണത്തില്‍ പല്ലവ കാലഘട്ടത്തിന്റെ പിന്‍തുടര്‍ച്ചയ്ക്ക് അവകാശികള്‍, ചോളവംശ ഭരണകാല ശില്പികളാണെന്നതില്‍ തര്‍ക്കമില്ല. ചോളന്മാരുടെ ഭരണകാലത്ത് രാജ്യത്താകമാനം നിരവധിയായ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ചോളകാലത്തെ വാസ്തു നിര്‍മ്മിതികള്‍ പല്ലവകാല നിര്‍മ്മിതികളുമായി ചേര്‍ന്നു നില്ക്കുന്നവയാണ്. തഞ്ചാവൂര്‍ ജില്ലയിലെ ഉത്തരകൈലാസ ക്ഷേത്രം, തൃശ്ശിനാപ്പള്ളി (തിരുമലവാടി) യിലെ വൈദ്യനാഥ ക്ഷേത്രം, ദാദാപുരത്തെ ശിവ-വിഷ്ണു ക്ഷേത്രം തുടങ്ങിയവയൊക്കെ മേല്പറഞ്ഞ വാസ്തുനിര്‍മ്മാണ ശൈലിക്ക് ഉദാഹരണങ്ങളാണ്. അതുപോലെ ചോളകാലത്തെ ശില്പകലയുടെ പരിപൂര്‍ണ്ണത തെളിയിക്കുന്ന ക്ഷേത്രങ്ങളാണ് തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രവും ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രവും. എ.ഡി. 1009 ല്‍ പൂര്‍ത്തിയാക്കിയ തഞ്ചാവൂര്‍ ക്ഷേത്രം ചോള ഭരണത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണം കൂടിയാണ്. ഭാരതത്തിലെ ഏറ്റവും വലിയ പൗരാണിക ക്ഷേത്രം കൂടിയാണ് തഞ്ചാവൂര്‍ ക്ഷേത്രം. വിമാനം, അര്‍ദ്ധമണ്ഡപം, മഹാമണ്ഡപം, നന്ദി മണ്ഡപം തുടങ്ങിയ ഘടകങ്ങളെല്ലാം മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്തവിധം വലുപ്പവും ശില്പഭംഗി നിറഞ്ഞതുമാണ്.
തിരികെ നമ്മള്‍ ഹംപിയിലെത്തിയാല്‍, ശാതവാഹന കാലഘട്ടത്തിനുശേഷം ബാദാമിയിലെ ചാലൂക്യവംശജരാണ് ഇവിടെ ഭരിച്ചിരുന്നത്. എ.ഡി. അഞ്ചും ആറും നൂറ്റാണ്ടുകാലവും ഏഴാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ഇവര്‍ ഭരണം നടത്തുകയുണ്ടായി. ശേഷം ഏഴും എട്ടും നൂറ്റാണ്ടുകളില്‍ രാഷ്ട്രകൂടരും ഒന്‍പത്, പത്ത്, പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭകാലവും കല്യാണിയിലെ ചാലൂക്യന്മാരാണ് ഭരിച്ചിരുന്നത്. പതിനൊന്നാം നൂറ്റാണ്ടിന്റെ ശേഷിച്ച കാലവും പന്ത്രണ്ടാം നൂറ്റാണ്ടും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും ഹൊയ്‌സാലന്മാരും, അല്പകാലം യാദവ വംശജരും ഭരണം നടത്തിയിരുന്നു.
ഇവര്‍ക്കുശേഷമാണ്, വിജയനഗര സാമ്രാജ്യത്തിന്റെ ശില്പികളായ ഹരിഹരന്‍ ഒന്നാമനും സഹോദരന്‍ ബുക്കനും അധികാരത്തിലെത്തുന്നത്. ഓരോ രാജവംശത്തിന്റെയും ഭരണകാലത്തിന്റെ നേട്ടങ്ങളെ സൂചിപ്പിക്കുന്ന ചില വാസ്തു നിര്‍മ്മിതികള്‍, തലസ്ഥാനമായിരുന്ന ഹംപിയില്‍ കാണാം. ഒരു തലസ്ഥാന നഗരിയെന്ന നിലയില്‍ ഹംപിയെ മോടിപിടിപ്പിക്കുന്നതില്‍ ഒരു മത്സരംതന്നെ ഉണ്ടായിരുന്നതായി നമുക്കു തോന്നും ഇവിടെയുള്ള വാസ്തു നിര്‍മ്മിതികള്‍ ശ്രദ്ധിച്ചാല്‍.
ഹംപിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക കാലമായിരുന്നു പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍. ഇക്കാലത്താണല്ലോ വിജയനഗരം രൂപീകൃതമായത്. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് അയല്‍പക്കത്ത് ബാഹ്മനി (മുസ്ലിം) രാജ്യവും സ്ഥാപിതമായത്. ഇവരുടെ എതിര്‍പ്പിനെ നേരിട്ടുകൊണ്ട്, ശക്തമായ ഒരു ഹൈന്ദവ സാമ്രാജ്യം നിലനിര്‍ത്തുന്നതില്‍ വിജയനഗര ഭരണകര്‍ത്താക്കള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ‘സംഗമ’ സഹോദരന്മാര്‍ എന്ന പേരിലറിയപ്പെട്ട ഹരിഹരനും ബുക്കനും ചേര്‍ന്ന് വിജയനഗരത്തിന് അതിശക്തമായ അടിത്തറ പാകിയിരുന്നു. എ.ഡി. 1336 മുതല്‍ 1342 വരെ ഇവര്‍ ഒരുമിച്ചു ഭരണം നടത്തുകയും ചെയ്തു. വടക്ക് കൃഷ്ണാനദിയുടെ തെക്കേതീരം മുതല്‍ തെക്ക് ചേര രാജ്യത്തിന്റെ വടക്കേ അതിര്‍ത്തി വരെയും, കിഴക്ക് പശ്ചിമഘട്ടത്തിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഓരം വരെയും, പടിഞ്ഞാറ് അറേബ്യന്‍ സമുദ്രത്തിന്റെ തീരം വരെയും വ്യാപിച്ചതായിരുന്നു വിജയനഗര സാമ്രാജ്യം.
ഭരണത്തിന്റെ സൗകര്യാര്‍ത്ഥം ഇവര്‍ സാമ്രാജ്യത്തെ പ്രവിശ്യകളാക്കി തിരിച്ച് ഭരണസൗകര്യമൊരുക്കിയിരുന്നു. ഇങ്ങനെ ആരംഭിച്ച ഭരണം സംഗമ, സാലുവ, തുളുവ വംശഭരണങ്ങളിലൂടെ രണ്ടര ശതാബ്ദക്കാലത്തോളം നിലനില്‍ക്കുകയും ചെയ്തു. അതിനു പരിസമാപ്തി കുറിച്ചത് തളിക്കോട്ടയില്‍ വച്ചുനടന്ന യുദ്ധമായിരുന്നു. യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യം തകരുകയും തലസ്ഥാനമായ ഹംപി മുച്ചൂടും നശിപ്പിക്കപ്പെടുകയും ചെയ്തു. അല്പകാലങ്ങള്‍ക്കുശേഷം പുതിയൊരു ഹൈന്ദവ ശക്തി ഉദയം ചെയ്യുകയും അവര്‍ ‘അറവിടു’ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഏതാണ്ട് ഒരു ശതാബ്ദക്കാലം അവര്‍ ഭരിച്ചുവെങ്കിലും തകര്‍ന്നുപോയ ഹംപിയെ ഉയര്‍ത്താന്‍ ശ്രമിച്ചില്ല. പകരം ‘പെനുഗൊണ്ട’യെയും ‘ചന്ദ്രഗിരി’ യെയും ഉയര്‍ത്തിക്കൊണ്ടു വരുകയും ചെയ്തു. എ.ഡി. ആദ്യശതകങ്ങളില്‍ തുടങ്ങിയ ഹൈന്ദവ സാംസ്‌കാരികതയില്‍ ഊന്നിയ ഭരണ സംവിധാനം എ.ഡി.1565 ലെ യുദ്ധത്തോടെ അവസാനിച്ചു എന്നുപറയാം. ഹംപിയുടെ ചരിത്രം അവിടെയെത്തി നില്‍ക്കുന്നു. ഇസ്ലാമിക കടന്നുകയറ്റങ്ങളെ എതിര്‍ത്തുകൊണ്ട് ഹിന്ദുനാഗരികതയും സംസ്‌കാരവും പരിപോഷിപ്പിച്ചുകൊണ്ടുള്ള സംഗമ, സാലുവ, തുളുവ ഭരണം ദക്ഷിണഭാരത ചരിത്രത്തിലെ മഹത്തായ ഏടായി ചരിത്രത്തില്‍ ഇടം പിടിച്ചു.

വിജയനഗര സാമ്രാജ്യത്തിലെ ശക്തന്മാരായ ഭരണകര്‍ത്താക്കളില്‍, സാമ്രാജ്യ സ്ഥാപകരായ ഹരിഹരനും ബുക്കനും ശേഷം എ.ഡി. 1377 മുതല്‍ 1404 വരെ ഭരണം നടത്തിയ ഹരിഹരന്‍ രണ്ടാമനും, 1430-1460 കാലം ഭരണം നടത്തിയ പ്രൗഢദേവരായരും, 1530-1542 കാലം ഭരണം നടത്തിയ അച്യുതരായരും വിജയനഗര സാമ്രാജ്യത്തിന്റെ കീര്‍ത്തിമാന്മാരായിരുന്നു. വിജയനഗരത്തിന്റെ രാഷ്ട്രീയ ചരിത്രം എന്നത് ഹംപിയുടെ സാംസ്‌കാരിക ചരിത്രം കൂടിയാണ്. ഇവരുടെ ഭരണകാലത്ത് ഒട്ടേറെ വിദേശ സഞ്ചാരികള്‍ വിജയനഗരം സന്ദര്‍ശിച്ചിട്ടുണ്ട്. ഫിരിസ്ഥ, അബ്ദുള്‍ റസാക്ക,് ഡൗറത്ത്, ബാര്‍ബോസ, ഡൊമിങ്ങോപയസ്, ഫെര്‍നാവോ ന്യൂനിസ്, ഇബ്‌നുബത്തൂത്ത, നിക്കോള-ദി-ക്കൊണ്ടി തുടങ്ങിയ സഞ്ചാരികളുടെ സഞ്ചാരക്കുറിപ്പില്‍ നിന്നാണ് വിജയനഗര സാമ്രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രവും ഹംപിയുടെ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ചരിത്രവും നമ്മള്‍ക്ക് ലഭിച്ചത്.
ബുദ്ധമത കാലഘട്ടത്തിലെ വാസ്തുശില്പകലയോടും ശില്്പകലയോടും താദാത്മ്യമുള്ള ശിലാവാസ്തു നിര്‍മ്മാണ പ്രത്യേകതകളാണ് ഹംപിയിലെ ചരിത്ര സ്മാരകങ്ങള്‍ക്കുള്ളത്. പല്ലവ, ചോള, പാണ്ഡ്യ, നായിക്ക ഭരണകാലത്തെ നിര്‍മ്മാണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സംഗമ, സാലുവ, തുളുവ ഭരണത്തിലെ നിര്‍മ്മാണങ്ങളും ഐക്യരൂപമുള്ളതായി കാണാം. എ.ഡി. ആദ്യശതകം മുതല്‍ ഏതാണ്ട് 17-ാം ശതകം വരെയുള്ള ദക്ഷിണ മദ്ധ്യഭാരത കലകളുടെ സമന്വയമാണ് ഹംപിയിലെ സ്മാരകങ്ങളിലേതെന്ന് മനസ്സിലാക്കാം.
നൂറ്റാണ്ടുകളിലൂടെ സംഭവിച്ച ഭരണ മാറ്റങ്ങള്‍ക്ക് അനുസരിച്ചും ഭരണാധികാരികളോടുള്ള വിധേയത്വം മൂലവും അക്കാലത്തെ ശില്പികള്‍ അവരുടെ നിര്‍മ്മാണ പ്രയോഗങ്ങളിലും മാറ്റം വരുത്തിയിരുന്നു. ഇത് ഹംപിയുടെ മാത്രം പ്രത്യേകതയല്ല; ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഭരണാധികാരികളുടെ സ്വാധീനത്താല്‍ കലകളില്‍ പരിവര്‍ത്തനം നാം വരുത്തിയതായി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോതന്നെ പഴക്കമുള്ള ശിലാവസ്തു നിര്‍മ്മിതികളെയും ശിലാകാവ്യശില്പങ്ങളെയുമെല്ലാം ആധുനിക കാലത്തിലെ സൗകര്യങ്ങളിലിരുന്ന് വിലയിരുത്തുന്നത് മൗഢ്യമാണെന്ന് ഞാന്‍ കരുതുന്നു.
ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രവും വിജയ ക്ഷേത്രവും ലക്ഷ്മീ-നരസിംഹ ക്ഷേത്രവും ശിലാരഥവും റാണിയുടെ കൊട്ടാരവും എലിഫന്റ് സ്റ്റേബിളും ഭൂമിക്കടിയിലെ ശിവക്ഷേത്രവും പട്ടാഭിരാമ ക്ഷേത്രവും ലോട്ടസ് മഹലും ശിലാജലനാളിയും കൊട്ടാരാവശിഷ്ടങ്ങളുമെല്ലാം തലമുറകള്‍ക്കായി സംരക്ഷിച്ച് നിലനിര്‍ത്തിയിരിക്കുന്നു. കേന്ദ്രപുരാവസ്തു വകുപ്പിന്റെ കീഴില്‍ അവ പൂര്‍ണ്ണമായി സംരക്ഷിച്ചുവരുന്നു. ഹംപിയുടെയും വിജയ നഗരത്തിന്റെയും ചരിത്ര-സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ ഈ നേര്‍ബിംബങ്ങള്‍ ഭാരതത്തിന്റെ ഗതകാല കലാ പാരമ്പര്യവും വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു. ഈ വിസ്മയക്കാഴ്ചകള്‍ ലോകമുള്ള കാലത്തോളം നിലനില്‍ക്കട്ടെ, അതുവഴി നമ്മുടെ സ്ഥാപത്യ കല ലോകം അറിയട്ടെ!
ഗ്രന്ഥസൂചിക:
ദക്ഷിണഭാരത ചരിത്രം – കെ. എ. നീലകണ്ഠശാസ്ത്രി.





















