നിരവധി പ്രതിസന്ധികളിലൂടെയാണ് ഭാരതത്തിന്റെ അയല്‍രാജ്യമായ നേപ്പാള്‍ ഇന്ന് കടന്നു പോകുന്നത്. രാജ ഭരണം അവസാനിപ്പിച്ച് പൂര്‍ണ്ണ തിരഞ്ഞെടുപ്പ് സംവിധാനത്തിലേക്ക് കടന്ന രാജ്യത്ത് ഒന്നര പതിറ്റാണ്ടിലധികം ഭരിച്ച കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റുകള്‍ ഒരു ജനതയെയാകെ താറുമാറാക്കുകയും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു. തങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുന്നുവെന്ന് മനസ്സിലാക്കിയ ഒലി സര്‍ക്കാര്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂട്യൂബും എക്‌സുമടക്കം 26 സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇതോടെ തലസ്ഥാന നഗരമായ കാഠ്മണ്ഡു വലിയൊരു പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചു. ‘ജെന്‍ സീ’ (Gen Z)യെന്ന് പേരിട്ട പുതുതലമുറയുടെ സമരം കാഠ്മണ്ഡുവിലെ അധികാര കേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞു. ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹിമാലയന്‍ ദേശത്തിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ചുമതലയേറ്റു.
സമൂഹമാധ്യമ നിരോധനമാണ് ഒരു പൊട്ടിത്തെറിയിലേക്ക് രാജ്യത്തെ നയിച്ചതെങ്കിലും ആഭ്യന്തരവും വിദേശവുമായ കാരണങ്ങളാല്‍ നേപ്പാള്‍ ഒരു പുകയുന്ന അഗ്‌നിപര്‍വ്വതമായിട്ട് ഒന്നര പതിറ്റാണ്ടോളമായിരുന്നു. രാഷ്ട്രീയ അസ്ഥിരത, പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥ, വ്യാപകമായ തൊഴില്‍ നഷ്ടങ്ങള്‍, വിലക്കയറ്റം, അഴിമതി, സ്വജന പക്ഷപാതം, ധൂര്‍ത്ത്, വ്യാപകമായ മതംമാറ്റല്‍ തുടങ്ങിയവയിലൂടെ രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കിയ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ഭരണം അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറും പൊള്ളയായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് നേപ്പാളിലെ നാല്പത് ശതമാനം വരുന്ന ഇന്നത്തെ യുവ തലമുറ. മാത്രമല്ല മുന്‍പ് രാജ ഭാരണത്തിനെതിരെ സംഘടിച്ച, ഇന്നത്തെ മധ്യവയസ്‌കരായ, അന്നത്തെ യുവതയും കടുത്ത നിരാശയിലാണിപ്പോള്‍. ചുരുക്കത്തില്‍ പുതുതലമുറ ആരംഭിച്ച പ്രക്ഷോഭം എല്ലാ ജനങ്ങളുടെയും പിന്തുണയോടെ മുന്നേറുകയായിരുന്നു.
‘കെ.പി. ചോര്‍, ദേശ് ഛോഡ്’ അഥവാ ‘കെ.പി. ശര്‍മ ഒലി കള്ളനാണ്, രാജ്യം വിടൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നേപ്പാള്‍ ജനത തെരുവിലിറങ്ങിയത്. രാജ്യത്തെ അഴിമതിക്ക് അവസാനം കുറിക്കണമെന്ന് മുദ്രാവാക്യങ്ങളുയര്‍ന്നു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന്റെയും സ്വകാര്യവസതികള്‍ അഗ്‌നിക്കിരയാക്കി. കേന്ദ്ര ധനമന്ത്രി ബിഷ്ണു പ്രസാദിനെ തെരുവില്‍ മര്‍ദ്ദിച്ചു. വിവിധ മന്ത്രിമാരുടെ വീടുകള്‍ക്ക് തീയിട്ടു. രാജിവെച്ച ആഭ്യന്തര മന്ത്രി രമേഷ് ലേഖകിന്റെ വീടും അഗ്‌നിക്കിരയാക്കി. കിര്‍ത്തിപുരിലെ മുനിസിപ്പാലിറ്റി കെട്ടിടവും പാര്‍ലമെന്റും സുപ്രീംകോടതിയും പ്രതിഷേധക്കാര്‍ തീവെച്ച് നശിപ്പിച്ചു. മുന്‍ ഉപപ്രധാനമന്ത്രി രഘുവീര്‍ മഹാസേതിന്റെ വീടിന് നേരേ കല്ലേറുണ്ടായി. മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹലിന്റെ ലളിത്പുരിലെ വീടും ഷേര്‍ ബഹാദുര്‍ ദൗബയുടെ വീടും തീവെച്ച് നശിപ്പിച്ചു. കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടി കാര്യാലയങ്ങളും തകര്‍ത്തു.

അസാധ്യമായ സോഷ്യലിസ്റ്റ് സ്വപ്‌നവും തകര്‍ന്ന ജന പ്രതീക്ഷകളും
മറ്റിടങ്ങളിലേത് പോലെ തന്നെ നേപ്പാളിലും കമ്മ്യൂണിസം വിജയിച്ചില്ല. നിലവില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റും (സിപിഎന്‍ -യുഎംഎല്‍), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളു (മാവോയിസ്റ്റ് സെന്റര്‍) ചേര്‍ന്നുള്ള ത്രികക്ഷി സഖ്യ സര്‍ക്കാരാണ് 2022 ഡിസംബര്‍ മുതല്‍ നേപ്പാള്‍ ഭരിക്കുന്നത്. മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദഹല്‍ (പ്രചണ്ഡ) പ്രധാനമന്ത്രിയായി. എന്നാല്‍ മുന്നണി ധാരണ പ്രകാരം അധികാരംകൈമാറുവാന്‍ പ്രചണ്ഡ തയ്യാറാവാത്തതിനെ തുടര്‍ന്ന് 19 മാസങ്ങള്‍ക്ക് ശേഷം സിപിഎന്‍-യുഎംഎല്‍ നേതാവ് കെ.പി ശര്‍മ്മ ഒലി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും 2024 മുതല്‍ പ്രധാനമന്ത്രിയാവുകയും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഭരിക്കുകയുമായിരുന്നു. അടുത്ത വര്‍ഷം മുതല്‍ നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹാദൂര്‍ ദ്യൂബയായിരുന്നു പ്രധാനമന്ത്രിയാവേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അര്‍സു റാണ ദ്യൂബ നിലവില്‍ ഒലി മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്നു.
പ്രധാനകക്ഷികള്‍ ഒന്നിച്ചു ഭരണം നടത്തിയതിനാല്‍ ശക്തമായ പ്രതിപക്ഷം രാജ്യത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വ്യാപകമായ അഴിമതി നടത്തി പണം വിദേശത്തേയ്ക്ക് കടത്തുകയായിരുന്നു കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കന്മാര്‍. സാധാരണ ജനങ്ങള്‍ പട്ടിണിയും തൊഴിലില്ലായ്മയും നേരിടുമ്പോള്‍ നേതാക്കളുടെ മക്കള്‍ ആഡംബര ജീവിതം നയിച്ചു. ‘നെപ്പോ കിഡ്‌സ്’ എന്ന പേരില്‍ അവര്‍ക്കെതിരെ വലിയ രോഷം സമൂഹമാധ്യമങ്ങളില്‍ അലയടിച്ചു. വ്യാപമാകമായ ബന്ധു നിയമനങ്ങളും ജനങ്ങളെ ചൊടിപ്പിച്ചു. നേപ്പാള്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് 2024-ല്‍ പ്രസിദ്ധീകരിച്ച രാജ്യത്തെ ജീവിത നിലവാര സര്‍വേയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 12.6 ശതമാനമായിരുന്നു. ഔപചാരിക സമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെട്ട കണക്ക് മാത്രമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിനും മുകളിലാണ്. ഇതിന്റെ ഭാഗമായി യുവതലമുറ ഗള്‍ഫ്, മലേഷ്യ, ഭാരതം തുടങ്ങിയിടങ്ങളിലേക്ക് ചേക്കേറുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ മാത്രം 7,41,000 പേര്‍ നാടുവിട്ടു. പ്രതിവര്‍ഷം 11 ബില്യണ്‍ യു.എസ് ഡോളര്‍ വിദേശ പണമാണ് ഇവര്‍ രാജ്യത്തേയ്ക്കയക്കുന്നത്. ഇത് ആകെ ജിഡിപിയുടെ 33 ശതമാനം വരെയാണ്. എന്നാല്‍ ഈ വരുമാനം വേണ്ടവിധം രാജ്യത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും വ്യാപകമായി അഴിമതിക്ക് നേതൃത്വം നല്‍കി. ‘എക്‌സ്‌പോര്‍ട്ട് ഇമ്പോര്‍ട്ട് ബാങ്ക് ഓഫ് ചൈന’യില്‍ നിന്നും വായ്പയെടുത്ത് പോഖറയില്‍ നിര്‍മിച്ച പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയില്‍ നിന്നും 71 മില്യണ്‍ യു.എസ്. ഡോളര്‍ അഴിമതി നടന്നതായി നേപ്പാള്‍ പാര്‍ലമെന്ററി സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായത് ഒരുദാഹരണമാണ്. ചൈനീസ് നിര്‍മ്മാണ കമ്പനിയും നേതാക്കന്മാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അഴിമതി നടത്തിയത്.
രാജഭരണം അവസാനിപ്പിക്കുകയും ഹിന്ദു രാഷ്ട്രമെന്ന വിശേഷണം ഭരണഘടനയില്‍ നിന്നും നീക്കം ചെയ്യുമ്പോഴും പുതിയൊരു ജീവിതമുണ്ടായിരിക്കുമെന്നാണ് കമ്മ്യൂണിസ്റ്റ്- മാവോയിസ്റ്റ് നേതാക്കള്‍ നേപ്പാള്‍ ജനതയ്ക്ക് നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ രാജഭരണം അവസാനിപ്പിച്ച് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും റോഡുകളുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല. തൊഴിലില്ലായ്മയും, പട്ടിണിയും, അഴിമതിയും, ഭാരത വിരുദ്ധതയും വളര്‍ത്തിയതല്ലാതെ രാജ്യത്ത് മറ്റൊരു മാറ്റം കൊണ്ടുവരുന്നതില്‍ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടു. വിദേശരാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ അഴിമതി പണം കുമിഞ്ഞു കൂടി. രാഷ്ട്രീയ അസ്ഥിരത മൂലം 2008ന് ശേഷം ഇതുവരെ 13 സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയതും ജനമനസ്സില്‍ അസംതൃപ്തിയുണ്ടാക്കി.
ഭാരതത്തെ പിണക്കി പാശ്ചാത്യ-ചൈനീസ് താല്‍പര്യങ്ങള്‍ക്ക് ഇടം നല്‍കിയ നേപ്പാള്‍
2015-ല്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ മുതല്‍ വിവിധ വിഷയങ്ങളില്‍ ഭാരത വിരുദ്ധ നിലപാടുകള്‍ നേപ്പാള്‍ സ്വീകരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ് നേതാക്കള്‍ ഭാരത വിരുദ്ധരാണെന്നുള്ളതാണ് പ്രധാന കാരണം. ചൈനീസ് അനുകൂലിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമാണ് ഇപ്പോള്‍ പുറത്തായ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ഭാരത വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ഒട്ടും പുറകിലായിരുന്നില്ല. ആഭ്യന്തര തലത്തില്‍ ജനപ്രിയതയ്ക്ക് മങ്ങലേല്‍ക്കുമ്പോള്‍ നേപ്പാള്‍ നേതാക്കന്മാര്‍ പ്രയോഗിക്കുന്ന പ്രധാന ആയുധം ഭാരതത്തിനെതിരെ പ്രസ്താവനയിറക്കുകയെന്നതാണ്. നേപ്പാളില്‍ ഭാരത വിരുദ്ധ ആഖ്യാനം ചമയ്ക്കുന്നതില്‍ പാശ്ചാത്യ -ചൈനീസ് ഇടപെടലുകളും വ്യാപകമാണ്.

നേപ്പാളി കോണ്‍ഗ്രസ് ഷേര്‍ ബഹാദൂര്‍ ദ്യൂബ, മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദഹല്‍.
2024-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ഒലി ആദ്യം യാത്ര ചെയ്തത് ചൈനയിലേക്കായിരുന്നു. ഭാരതം സന്ദര്‍ശിക്കുകയെന്ന പതിവ് തെറ്റിച്ചുകൊണ്ടായിരുന്നു അത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് 2019-ല്‍ നേപ്പാള്‍ സന്ദര്‍ശിച്ചപ്പോഴും പ്രധാനമന്ത്രി കസേരയില്‍ ഒലിയായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമായിരുന്നു ഒരു ചൈനീസ് പ്രസിഡന്റ് നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. ഭാരതത്തിലെത്തി തിരികെയുള്ള യാത്രയിലാണ് ഷിയ്ക്ക് നേപ്പാള്‍ വന്‍ സ്വീകരണം ഒരുക്കിയതെന്നുള്ളതാണ് സന്ദര്‍ശനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഭാരതം എക്കാലവും എതിര്‍ക്കുന്ന ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ 2024-ല്‍ നേപ്പാള്‍ ഭാഗമാവുകയും ചൈനയുടെ സാമ്പത്തിക സഹായത്തില്‍ പോഖറയില്‍ അന്താരാഷ്ട്ര വിമാനത്താവളം പണിയുകയും ചെയ്തു. കൂടാതെ മറ്റ് നിരവധി പദ്ധതികളില്‍ നിക്ഷേപിക്കുവാന്‍ നേപ്പാള്‍ ചൈനയെ ക്ഷണിച്ചു. 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ചപ്പോഴും ചൈനയുടെ ടിക് -ടോകിനെ ഒഴിവാക്കിയത് അദ്ദേഹത്തിന് ചൈനയോടുള്ള വിധേയത്വത്തിന്റെ സൂചനയായിരുന്നു.
നേപ്പാളില്‍ ഇടപെടല്‍ നടത്തുന്ന മറ്റൊരു രാജ്യം അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടങ്ങുന്ന പാശ്ചാത്യ ശക്തികളാണ്. നിരവധി എന്‍ജിഒ കള്‍ക്ക് യുഎസ്എയിഡ് (USAID) പണം നല്‍കിയിരുന്നു. 2006-ല്‍ രാജഭരണം അവസാനിപ്പിക്കുവാനും ഭരണഘടനയില്‍ മതേതരത്വം ഉള്‍പ്പെടുത്തുവാനും ഇടപെടലുകള്‍ നടത്തിയത് പാശ്ചാത്യ ശക്തികളായിരുന്നു. നേപ്പാളില്‍ ഭാരത വിരുദ്ധ ആഖ്യാനങ്ങള്‍ ചമയ്ക്കുന്നതിലും പശ്ചാത്യ ശക്തികള്‍ക്ക് വലിയ പങ്കുണ്ട്. മിഷിണറി പ്രവര്‍ത്തങ്ങള്‍ക്ക് പണം നല്‍കി വ്യാപകമായുള്ള മതംമാറ്റം, നേതാക്കളെ വിലയ്‌ക്കെടുക്കല്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ വ്യാപൃതരാണ്. ഒലിയ്ക്ക് പുറമെ 2022 മുതല്‍ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന മാവോയിസ്റ്റ് നേതാവ് പുഷ്പ കമാല്‍ ദഹല്‍ (പ്രചണ്ഡ) ഒരു ക്രൈസ്തവ മിഷിണറി അനുകൂലിയും ഹിന്ദു വിരുദ്ധനുമായാണ് പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചതായും പറയപ്പെടുന്നു. 1996 മുതല്‍ 2006 വരെ നീണ്ടുനിന്ന മാവോയിസ്റ്റ് വിഘടനവാദ കാലയളവില്‍ സംസ്‌കൃത വിദ്യാഭ്യാസത്തെ എതിര്‍ക്കുകയും നേപ്പാളിലെ സംസ്‌കൃത സര്‍വ്വകലാശാലയെ മാവോയിസ്റ്റുകള്‍ 2001-ല്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്ന ജന്‍-സി പ്രക്ഷോഭത്തിനിടയിലും മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറി സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയുണ്ടായി. മാവോയിസ്റ്റുകള്‍ക്കിടയിലെ രണ്ടാമത്തെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബാബുറാം ബട്ട് റായിയും ഹിന്ദു വിരുദ്ധനാണ്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്ന കാലയളവില്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുമായി ചേര്‍ന്ന് നേപ്പാളിലെ മാവോയിസ്റ്റ് നീക്കങ്ങള്‍ക്ക് അനുകൂലമായ സൈദ്ധാന്തിക പിന്തുണയും ചര്‍ച്ചകളും അദ്ദേഹം നടത്തിയിരുന്നു. പ്രചണ്ഡ പ്രധാനമന്ത്രിയായിരിക്കെ 2023 നവംബറില്‍ ചൈനീസ് സമൂഹ മാധ്യമമായ ടിക് -ടോക് നിരോധിച്ചത് അദ്ദേഹത്തിന്റെ പശ്ചാത്യ ബന്ധത്തിന്റെ സൂചനയായി കണക്കാക്കുന്നു. എന്നാല്‍ 2024 അധികാരത്തിലേറിയയുടനെ കെ.പി. ഒലി ഈ നിരോധനം പിന്‍വലിച്ചു.
ഭാരതവും നേപ്പാളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ വിദേശ രാജ്യങ്ങള്‍ പരമാവധി മുതലെടുക്കുന്നുണ്ട്. ലിപുലേഖ്, കാലാപാനി തര്‍ക്കങ്ങള്‍ നേപ്പാളില്‍ ഭാരത വിരുദ്ധത വളര്‍ത്താന്‍ വിദേശ ശക്തികളും ഉപയോഗിക്കുന്നു. ഭാരത മേഖലകളെ ഉള്‍പ്പെടുത്തി ഒലി സര്‍ക്കാര്‍ 2021-ല്‍ പുതിയ ഭൂപടമിറക്കുകയും അത് ഐക്യരാഷ്ട്ര സഭയ്ക്ക് സമര്‍പ്പിച്ചതും വിദേശ ശക്തികളുടെ പിന്തുണയോടെയായിരുന്നു. ഇതിന് പുറമേ നയതന്ത്ര ഇടപെടലുകളിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും അമേരിക്ക വിവിധ ഇടപെടലുകള്‍ രാജ്യത്ത് നടത്തുന്നുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ചെലവ് ചുരുക്കല്‍ നയത്തിന്റ ഭാഗമായി നേപ്പാളിന്റെ ആരോഗ്യ, കൃഷി, വിദ്യാഭ്യാസ മേഖലകള്‍ക്ക് നല്‍കിയിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം 2025 -ന്റെ തുടക്കത്തില്‍ 90 ദിവസത്തേയ്ക്ക് അമേരിക്ക മരവിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ധനസഹായം തുടരാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചത് ചില കണക്കുകൂട്ടലുകളോടെ ആയിരുന്നുവെന്ന് കരുതേണ്ടി വരും. ഈ വര്‍ഷം ആഗസ്റ്റില്‍ നേപ്പാളിലെ സിദ്ധാര്‍ത്ഥ ബാങ്കുമായി സഹകരിച്ച് യുഎസ് ആസ്ഥാനമായുള്ള ഫിന്‍ടെക് ബിസിനസ് സ്ഥാപനമായ സുനോ (Xuno) ബോര്‍ഡര്‍ലെസ് ബാങ്കിംഗ് സര്‍വീസ് എന്നൊരു പദ്ധതി ആരംഭിച്ചു. അമേരിക്കന്‍ ബാങ്കുകളെ നേപ്പാളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതി യാഥാര്‍ഥ്യമായതോടെ യുഎസില്‍ താമസിക്കുന്ന നേപ്പാളികള്‍ക്ക് നേരിട്ടെത്താതെ നാട്ടില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുവാനും നാട്ടിലേക്ക് പണമയക്കാനും സൗകര്യം ലഭിച്ചു. ഭാരതവും ചൈനയും തമ്മിലുള്ള വ്യാപാരം ലിപുലേഖ് ചുരത്തിലൂടെ പുനരാരംഭിച്ചതിന് ശേഷം ആഗസ്റ്റില്‍ തന്നെ നേപ്പാള്‍ അതിനെതിരെ രംഗത്തെത്തുകയുണ്ടായത് അമേരിക്കന്‍ സ്വാധീനത്തിലായിരുന്നു. ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വഷളായിരിക്കുന്ന വേളയിലാണ് ഈ തന്ത്രം വാഷിംഗ്ടണ്‍ പരീക്ഷിച്ചത്.
സമാനമായി എന്‍എംബി ബാങ്കുമായി ചേര്‍ന്ന് യുഎസ് സ്ഥാപനങ്ങളായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്‌സി), ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് (ബിഐഐ), മെറ്റ്‌ലൈഫ് എന്നിവയുമായി 2025 ഏപ്രിലില്‍ നേപ്പാള്‍ 60 മില്യണ്‍ ഡോളറിന്റെ ഗ്രീന്‍ ബോണ്ട് കരാര്‍ നടപ്പിലാക്കിയിരുന്നു. ഹരിത സാങ്കേതികവിദ്യകള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ നേപ്പാളിന്റെ സ്വകാര്യമേഖലയുടെ വളര്‍ച്ചയെയും സുസ്ഥിര വികസനത്തെയും പിന്തുണയ്ക്കുകയെന്നതാണ് ഈ കരാറിന്റെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്തരത്തില്‍ നേപ്പാളിന്റെ ഭരണത്തിന്മേല്‍ വ്യക്തമായ നിയന്ത്രണം പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ട്.
നിരവധി പാശ്ചാത്യ പിന്തുണയുള്ള എന്‍ജിഒകളും നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് സുദാന്‍ ഗുരങ്ങിന്റെ ഹാമി നേപ്പാള്‍ (Hami nepal). നേപ്പാളിലെ ജനങ്ങളെ സഹായിക്കാനെന്ന പേരില്‍ ധാരാളം പണം ‘ഹാമി നേപ്പാള്‍’ വിദേശ രാജ്യങ്ങളില്‍ നിന്നും സ്വീകരിക്കുന്നു. കൂടാതെ ജന്‍-സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നതിലും സുദാന്‍ ഗുരുങ് വലിയ പങ്ക് വഹിച്ചു. പാശ്ചാത്യ പിന്തുണയുള്ള മറ്റൊരു വ്യക്തി കാഠ്മണ്ഡു മേയറായ ബാലെന്ദ്ര ഷായാണ്. ഗായകനായിരുന്ന അദ്ദേഹം സ്വതന്ത്രനായാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ടൈംസ് മാസിക തയ്യാറാക്കിയ ലോകത്തെ സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ബലേന്‍ ഷായുടെ പേര് നല്‍കിയിരുന്നു. നേപ്പാളിലെ അമേരിക്കന്‍ എംബസി അധികൃതരുമായി വലിയ ബന്ധമുള്ള വ്യക്തിയാണ് ബലേന്ദ്ര. പാശ്ചാത്യ പിന്തുണയുള്ള മറ്റൊരു വ്യക്തി റാബി ലാമിച്ചനെയാണ്. 2022 മുതല്‍ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയുടെ (RSP) പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റാബി 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെ നേപ്പാളിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ജയിലിലായിരുന്ന റാബിയ ജന്‍-സി കലാപത്തിനിടയില്‍ ജയില്‍ തകര്‍ത്തതിനെ തുടര്‍ന്ന് മോചിതനായി. ഇത്തരത്തില്‍ ജന്‍ -സി സമരത്തിനിടയില്‍ നടന്ന അക്രമത്തിലും നിരവധി ശക്തികള്‍ പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍, പശുപതി നാഥ ക്ഷേത്രം തുടങ്ങിയവ തകര്‍ക്കാനും ശ്രമിച്ചത് ചില സ്ഥാപിത താല്‍പര്യക്കാരായിരുന്നു.

ജനരോഷം മതമാറ്റ ശക്തികള്‍ക്കെതിരെയും
രാജ്യത്തിന്റെ സാമൂഹിക ഘടനയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും നിലവിലെ അസ്വസ്ഥതയ്ക്ക് പിന്നിലുണ്ട്. 2008 ലാണ് ഒരു മതേതര-ജനാതിപത്യ-ഫെഡറല്‍- റിപ്പബ്ലിക്കായി നേപ്പാളിനെ മാറ്റുന്നത്. അതേ വര്‍ഷം തന്നെ ഒരു താത്കാലിക ഭരണഘടന രാജ്യത്ത് നിലവില്‍ വന്നു. 2015-ല്‍ നിലവില്‍ വന്ന പൂര്‍ണ്ണ ഭരണഘടനയുടെ അനുഛേദം 26 (1) അനുസരിച്ച് ഓരോ വ്യക്തിക്കും അവരുടെ വിശ്വാസമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും, ആചരിക്കാനും, സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നു. അനുച്‌ഛേദം മൂന്ന് അനുസരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത് നിയമവിരുദ്ധമാണ്. 2018 -ലെ ക്രിമിനല്‍ കോഡിന്റെ സെക്ഷന്‍ 158 പ്രകാരവും മതപരിവര്‍ത്തനം നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും വ്യക്തികള്‍ സ്വയമേ മറ്റ് മതങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് നിരോധനമില്ല. അനുച്‌ഛേദം ഒന്നില്‍ ‘നേപ്പാളൊരു സ്വതന്ത്ര, പരമാധികാര, മതേതര, ജനാധിപത്യ, സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ രാഷ്ട്രമാണെന്ന് നിര്‍വചിച്ചിരിക്കുന്നുവെങ്കിലും’ മതേതരമെന്നാല്‍ പുരാതന കാലം മുതല്‍ ആചരിച്ചുവരുന്ന മതത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നിര്‍വചിക്കുന്നു. ചുരുക്കത്തില്‍ സനാതന ധര്‍മ്മം സംരക്ഷിക്കപ്പെടണമെന്ന് ഭരണഘടന പരോക്ഷമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്.
രാജഭരണകാലത്തുണ്ടായിരുന്ന ഭരണഘടനയുടെ അനുച്‌ഛേദം 4 അനുസരിച്ച് നേപ്പാള്‍ ഒരു ഔദ്യോഗിക രാജാവാഴ്ചയുള്ള ഹിന്ദു രാഷ്ട്രമായിരുന്നു. രാജാവിനെ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായി കണ്ടിരുന്നു. മറ്റ് മതങ്ങള്‍ക്കുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഹിന്ദു ധര്‍മ്മത്തിന് നിയമപരമായ അംഗീകാരവും പ്രത്യേക അവകാശങ്ങളുമുണ്ടായിരുന്നു. ഗോ വധം ക്രിമിനല്‍ കുറ്റമായിരുന്നു. മറ്റ് മതങ്ങളില്‍ നിന്നും വിവാഹം ചെയ്യുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. 1963 ലെ നാഷണല്‍ ലീഗല്‍ കോഡ് പ്രകാരവും മതം മാറ്റം ശിക്ഷാര്‍ഹമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. സെമറ്റിക് മതങ്ങളുടെ വ്യാപനവും തദ്ദേശിയ സംസ്‌കാരത്തിന്റെ നാശവും മതേതരത്വത്തിന്റെ കടന്നുവരവിനു തൊട്ട് പിന്നാലെയെത്തുമെന്ന് നേപ്പാളും തെളിയിച്ചിരിക്കുന്നു. ഇന്ന് രാജ്യത്ത് ക്രൈസ്തവ – ഇസ്ലാം മതങ്ങള്‍ അതിവേഗം പടരുകയാണ്. 2021 -ലെ ദേശീയ സെന്‍സസ് പ്രകാരം 81.19 ശതമാനമാണ് രാജ്യത്തെ ഹിന്ദു ജനസംഖ്യ. 2001-ലെ 80.62 ശതമാനത്തില്‍ നിന്നും 2011-ല്‍ 81.34 ശതമാനമായി വര്‍ദ്ധിച്ചതിന് ശേഷം 2021 -ല്‍ ഹിന്ദു ജനസംഖ്യയില്‍ 0.15 ശതമാനത്തിന്റ കുറവ് രേഖപ്പെടുത്തി. അതേസമയം ഇസ്ലാം 2001 -ല്‍ 4.20 ശതമാനമായിരുന്നത് 2011 -ല്‍ 4.39 ആയും 2021 -ല്‍ 5.09 ശതമാനമായും വളര്‍ന്നു. ക്രൈസ്തവ മതം ഇക്കാലയളവില്‍ യഥാക്രമം 0.45 ശതമാനത്തില്‍ നിന്നും 1.41 % മായും 1.76 % മായും വളര്‍ന്നു. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ പത്ത് ശതമാനമാണ്. ഭരണഘടനയുടെ മറവില്‍ വ്യാപകമായ മത പരിവര്‍ത്തനമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെതിരെ വലിയ അമര്‍ഷം രാജ്യത്ത് രൂപപ്പെട്ട് വന്നിരുന്നു. അതിന്റെ സ്വാഭാവിക പ്രതികരണം കൂടിയാണ് രാജഭരണ-ഹിന്ദുരാഷ്ട്ര പുന:സ്ഥാപനത്തിനായരങ്ങേറുന്ന നീക്കങ്ങള്‍. രാജ ഭരണത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ദൃശ്യമാണെങ്കിലും ഹിന്ദു രാഷ്ട്ര പുന:സ്ഥാപന നീക്കം രാഷ്ട്രീയ ഭേദമന്യേ രാജ്യത്താകമാനം വ്യാപിക്കുകയാണ്.

ജെന്‍-സി പ്രക്ഷോഭത്തില്‍ രാജഭരണ-ഹിന്ദു രാഷ്ട്ര ആവശ്യവും
‘നാരായണഹിതി ഖാലി ഗര്‍, ഹംരോ രാജ ഔണ്ടേ ഛാന്‍’ (നാരായണഹിതി/രാജാവിന്റെ കൊട്ടാരം, നമ്മുടെ രാജാവ് വരുന്നു) ‘ജയ് പശുപതിനാഥ്, ഹംരോ രാജലായി സ്വാഗത് ഛ’ (ജയ് പശുപതിനാഥ്, നമ്മുടെ രാജാവിന് സ്വാഗതം) തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ വര്‍ഷം മാര്‍ച്ചില്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുന്നില്‍ തടിച്ചുകൂടിയത്. പോഖറയില്‍ നിന്നുമെത്തിയ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ യെ സ്വീകരിക്കാനായിരുന്നു അവരെത്തിയത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ എത്രത്തോളം അസംതൃപ്തരായിരുന്നു എന്നതിനുള്ളൊരു ഉദാഹരണം കൂടിയായിരുന്നു ഈ ജനപ്രവാഹം. ജെന്‍-സി പ്രക്ഷോഭത്തിലും രാജാവ് നാരായണ്‍ഹിതി കൊട്ടാരത്തിലേക്ക് തിരിച്ചു വരണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം നിലവിലെ കപട മതേതരത്വം നീക്കം ചെയ്ത് ഹിന്ദു രാഷ്ട്ര പ്രഖ്യാപനവും ഒരു പ്രധാന ആവശ്യമാണ്.
2001 ജൂണ്‍ ഒന്നിനാണ് അന്നത്തെ രാജാവ് ബീരേന്ദ്ര ഷായും രാജ്ഞി ഐശ്വര്യയും മക്കള്‍ നിരഞ്ജനും ശ്രുതിയും മകന്‍ ദീപേന്ദ്രയുടെ വെടികൊണ്ട് കൊല്ലപ്പെടുന്നത്. രാജ കൊട്ടാരമായ നാരായണ്‍ഹിതിയില്‍ നടന്ന ആ ദുരൂഹ കൊലപാതകത്തിന് ശേഷമാണ് 2002-ല്‍ ബീരേന്ദ്രയുടെ സഹോദരനായ ഗ്യാനേന്ദ്ര ഷാ അധികാരത്തിലേറുന്നത്. എന്നാല്‍ 2006 ഏപ്രിലില്‍ രാജ്യത്തെ ഏഴ് പാര്‍ട്ടികളുടെ സഖ്യവും നിരോധനത്തിലായിരുന്ന സിപിഎന്‍ മാവോയിസ്റ്റുകളും ചേര്‍ന്ന് രാജാവ് ഗ്യാനേന്ദ്രയുടെ നേരിട്ടുള്ള ഭരണത്തിനെതിരെ കാഠ്മണ്ഡുവില്‍ പ്രതിഷേധങ്ങളും പണിമുടക്കുകളും ആരംഭിച്ചു. തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ 23 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ പുതിയ പ്രധാനമന്ത്രിക്ക് എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ കൈമാറുമെന്ന് ഗ്യാനേന്ദ്ര പ്രഖ്യാപിച്ചു. 2006 ഏപ്രില്‍ 24-ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പാര്‍ലമെന്റ് പുനഃസ്ഥാപിക്കുമെന്നും ഇടക്കാല പ്രധാനമന്ത്രിയായി ഗിരിജ പ്രസാദ് കൊയ്‌രാളയെ നിയമിക്കുമെന്നും ഉറപ്പ് നല്‍കികൊണ്ട് 2007 -ല്‍ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു. തുടര്‍ന്ന് 2008 മെയ് 28-ന് നേപ്പാള്‍ പാര്‍ലമെന്റ് ഔദ്യോഗികമായി രാജഭരണമില്ലാതാക്കി നേപ്പാളിനെ മതേതര ഫെഡറല്‍ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും 2008 ജൂണ്‍ 11-ന് ഗ്യാനേന്ദ്ര നാരായണ്‍ഹിതി കൊട്ടാരം ഒഴിയുകയും ചെയ്തു. 2008 -ല്‍ താത്കാലിക ഭരണഘടനയും 2015- ല്‍ പൂര്‍ണ ഭരണഘടനയും നിലവില്‍വന്നു.
ഇന്ന് നേപ്പാളിലെ വലിയൊരു വിഭാഗം ജനങ്ങളും പുതിയ റിപ്പബ്ലിക്കില്‍ നിരാശരാണ്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം അമ്പേ പരാജയമെന്ന് ഏവരും സമ്മതിക്കുന്നു. രാജഭരണ സംവിധാനത്തില്‍ നിന്നും മാറിയ ശേഷം രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതില്‍ പുതിയ സംവിധാനം പരാജയപ്പെട്ടുവെന്ന് അവര്‍ പരാതിപ്പെടുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി ഉള്‍പ്പെടെയുള്ള സ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിക്കാരാണെന്നും രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്നും രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു.
നേപ്പാളിനെ ഒരു ഹിന്ദു സ്വത്വമുള്ള പാര്‍ലമെന്ററി ജനാധിപത്യമായി നിലനിര്‍ത്തികൊണ്ട് ഒരു ഭരണഘടനാപരമായ രാജവാഴ്ചയാണ് അവര്‍ ഇന്ന് ആവശ്യപ്പെടുന്നത്. രാജ്യം കൂടുതല്‍ വഷളാകുന്നത് തടയാന്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ വലിയ മാറ്റം ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ കുറച്ചു നാളുകളായി പ്രതിഷേധങ്ങളുടെ തരംഗം തന്നെയാണ് നേപ്പാളില്‍ അലയടിക്കുന്നത്. ഇപ്പോള്‍ 77 വയസ്സുള്ള മുന്‍ രാജാവ് ഗ്യാനേന്ദ്രയുടെ തിരിച്ചുവരവ് ജനങ്ങള്‍ ആവശ്യപ്പെടുകയാണ്.
‘രാജാവിനുവേണ്ടി രാജകൊട്ടാരം ഒഴിപ്പിക്കുക. രാജാവേ തിരിച്ചുവരൂ, രാജ്യം രക്ഷിക്കൂ. നമ്മുടെ പ്രിയപ്പെട്ട രാജാവ് നീണാള്‍ വാഴട്ടെ. നമുക്ക് രാജവാഴ്ച വേണ’മെന്നാണ് ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്നത്. സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. എന്നിരുന്നാലും 275 അംഗ പാര്‍ലമെന്റിലേക്ക് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. നിലവില്‍ നേപ്പാളിലെ ഹിന്ദുത്വ പാര്‍ട്ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയ്ക്ക് വന്‍ വളര്‍ച്ചയാണ് പ്രവചിക്കുന്നത്. ഭരണഘടനാപരമായ രാജവാഴ്ചയേയും ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തെയും പിന്തുണയ്ക്കുന്ന പാര്‍ട്ടിക്ക് 14 പാര്‍ലമെന്റ് അംഗങ്ങളുണ്ട്. ഹിന്ദു സ്വയംസേവക് സംഘത്തിനും (എച്ച് എസ്എസിനും) നേപ്പാളിലെ യുവാക്കള്‍ക്കിടയില്‍ പ്രാമുഖ്യം കൂടി വരുകയാണ്. ഭാരതത്തിലെ ഭരണവും നേപ്പാള്‍ ജനതയെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ജെന്‍-സിയെന്ന പേരില്‍ നടന്ന പ്രക്ഷോഭം നേപ്പാളിന് നല്‍കിയത്.






















