Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇച്ച്മാന്‍ വധവും മൊസാദിന്റെ ആഘോഷവും (അഡോള്‍ഫ് ഇച്ച്മാന്‍ ക്രൂരതയുടെ പര്യായം-2)

സേതു എം നായര്‍ കരിപ്പോള്സേതു എം നായര്‍ കരിപ്പോള്
19 September 2025

യഹൂദന്മാരെ കൂട്ടമായി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെത്തിക്കുക എന്ന നാസിപ്പട ഏല്പിച്ചുകൊടുത്ത ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി ഇച്ച്മാന്‍ ക്യാമ്പില്‍ ശ്രദ്ധേയനായി. അയാളുടെ ക്രൂരസ്വഭാവവും നാസികള്‍ക്കെതിരെ അയാളഴിച്ചുവിട്ട മര്‍ദ്ദനമുറകളും ഇച്ച്മാനെ ക്യാമ്പിലെ ഉന്നതോദ്യോഗസ്ഥന്മാരുടെ കണ്ണിലുണ്ണിയാക്കി.

Google NewsAdd Kesari Weekly as a preferred source on Google

1944 മാര്‍ച്ചില്‍ ഹംഗറി നാസിപ്പടയ്ക്ക് കീഴടങ്ങിയപ്പോള്‍ അവിടെയുള്ള ജൂതന്മാരെ ഓഷ്‌വിറ്റ്‌സില്‍ എത്തിക്കുകയും അവരിലെ തൊണ്ണൂറു ശതമാനം പേരെയും കൊന്നൊടുക്കുകയും ചെയ്തത് ഇച്ച്മാന്റെ നേതൃത്വത്തിലുള്ള നാസിപ്പട്ടാളക്കാരായിരുന്നു. 7,25,000-ത്തോളമുണ്ടായിരുന്ന ഹംഗറിയിലെ ജൂതന്മാരില്‍ 4,37,000 പേരെയും അപ്പോഴേക്കും അവര്‍ കൊന്നൊടുക്കിക്കഴിഞ്ഞിരുന്നു. 55 മുതല്‍ 60 ശതമാനംവരെ യഹൂദന്മാരെ ഇക്കാലത്ത് നാസിപ്പട കൊലയ്ക്കു കൊടുത്തിട്ടുണ്ടാവാമെന്നാണ് റിച്ചാര്‍ഡ് ജെ.ഇവാന്‍സ് എന്ന ബ്രിട്ടീഷ് ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കരള്‍ നടുക്കുന്ന അക്രമമുറകളിലൂടെയും സാമ്പത്തികസമ്മര്‍ദ്ദത്തിന്റെ പരോക്ഷവഴികളിലൂെടയും, ജര്‍മ്മനിയിലവശേഷിച്ച ജൂതന്മാരെ അവിടമുപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നാസികള്‍ നിര്‍ബ്ബന്ധിതരാക്കി. ഇതിന്റെ ഫലമായി 1933-നും 39-നും ഇടയിലുള്ള കാലയളവില്‍ നാടുവിടേണ്ടി വന്ന ജൂതന്മാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും. ഏഴര ലക്ഷത്തോളം ഉണ്ടായിരുന്ന ജൂതന്മാരില്‍ ഇവരുടെ മര്‍ദ്ദനമുറകളെയെല്ലാം അതിജീവിച്ചു ബാക്കിനിന്ന നാലു ലക്ഷത്തി മുപ്പത്തേഴായിരം പേരില്‍ രണ്ടര ലക്ഷത്തോളം പേര്‍ ദിക്കറ്റവരായി ചിതറിയോടാന്‍ ഇടവന്നതിനു കാരണം നാസികള്‍ പ്രദര്‍ശിപ്പിച്ച ഇനവെറി തന്നെയായിരുന്നു. ഇതിനൊക്കെ ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നില്‍ നിന്നവരില്‍ അഗ്രഗണ്യരായിരുന്നു ഇച്ച്മാനും അയാളുടെ മേലുദ്യോഗസ്ഥനായിരുന്ന ഹെര്‍ബര്‍ട്ട് ഹേഗനും.

ADVERTISEMENT

ജര്‍മ്മനിയിലെ ജൂതപ്പലായനം വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടതിനുശേഷം 1938-ഓടെ ജര്‍മ്മനിയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഓസ്ട്രിയയില്‍നിന്നും അവിടെ കുടിയേറിയ യഹൂദന്മാരെ തുരത്തിയോടിക്കാനുള്ള പരിശ്രമങ്ങളില്‍ ഇച്ച്മാന്‍ വ്യാപൃതനായി. ഇതിനുവേണ്ട പണത്തിനുവേണ്ടി അയാള്‍ ജൂതന്മാരെ കൊള്ളയടിച്ചു. ഒരു ലക്ഷത്തിലധികം യഹൂദന്മാരെ ഓസ്ട്രിയയില്‍നിന്നും തുരത്തിയോടിച്ചതിനുശേഷമാണ് ഒരു വര്‍ഷത്തിനുശേഷം 1939-ല്‍ ഇച്ച്മാന്‍ അവിടം വിടുന്നത്.

1939 സപ്തംബര്‍ മാസത്തോടെ ജൂതന്മാരെ സ്വമേധയാ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുക എന്ന രീതി കൈവിട്ട് അവരെ നാടുകടത്താനുള്ള കടുത്ത വഴി സ്വീകരിക്കാനുള്ള ഒരുക്കപ്പാടുകളില്‍ നാസികള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അതിനായി പലയിടങ്ങളിലായി ചിതറി താമസിക്കുന്ന യഹൂദന്മാരെ തിരഞ്ഞുപിടിച്ച് തീവണ്ടിസ്‌റ്റേഷനുകളുടെ അടുത്ത പ്രദേശങ്ങളിലുള്ള കേന്ദ്രങ്ങളില്‍ ഒരുമിപ്പിച്ചു താമസിപ്പിക്കുവാന്‍ നാസിത്തലവനായ റീന്‍ഹാര്‍ഡ് ഹെയ്ഡ്രിക്ക് ഉത്തരവിട്ടു. ഇതിന്റെ നിയന്ത്രണങ്ങളേറ്റെടുത്തുകൊണ്ടാണ് പിന്നീട് ഇച്ച്മാന്‍ യുദ്ധമുഖത്ത് പ്രത്യക്ഷപ്പെടുന്നത്.

നിസ്‌ക്കോ എന്ന സ്ഥലത്ത് ജൂതന്മാരെ താമസിപ്പിക്കുവാനുള്ള സങ്കേതം അയാള്‍ ഒരുക്കിയെടുത്തു. ഇവിടെയുള്ള തുറസ്സായി കിടക്കുന്ന ഒരു പുല്‍മേട്ടിലേക്ക് നാലായിരത്തി എഴുനൂറോളം ജൂതന്മാരെയെത്തിച്ച് തന്റെ ദ്രോഹപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു ഇച്ച്മാന്‍. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം യാതനയനുഭവിക്കേണ്ടിവന്ന യഹൂദന്മാരുടെ ദൈന്യാവസ്ഥയെക്കുറിച്ച് തെല്ലുമുണ്ടായിരുന്നില്ല അയാള്‍ക്ക് ഉല്ക്കണ്ഠ. പക്ഷേ, നാടുകടത്താന്‍ ആവശ്യമായ തീവണ്ടികള്‍ ലഭ്യമാകാതിരുന്നതു കാരണം ഈ പദ്ധതി നാസികള്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. തീവണ്ടികളെല്ലാം യുദ്ധസംബന്ധിയായ രംഗങ്ങളില്‍ വ്യാപൃതമായതായിരുന്നു ഈ വാഹനദൗര്‍ലഭ്യത്തിനു കാരണം. അതിനെത്തുടര്‍ന്ന്, ക്യാമ്പിലെത്തിച്ച ജൂതന്മാരെ സമീപപ്രദേശങ്ങളിലേക്ക് അയാള്‍ തുരത്തിയോടിച്ചു. ചിലരെ തൊഴില്‍ക്യാമ്പുകളിലേക്ക് കൊണ്ടുപോയി അടിമവേലകള്‍ക്ക് നിയോഗിച്ചു.

പ്രതീക്ഷിച്ചതിനു വിപരീതമായി അമേരിക്ക യുദ്ധത്തില്‍ ചേരി ചേരുകയും മോസ്‌ക്കോ യുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെടുകയും ചെയ്തതോടെ യുദ്ധം ഉടനെയൊന്നും തീരാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയ ഹിറ്റ്‌ലര്‍ യൂറോപ്പിലെ ജൂതന്മാരെയെല്ലാം കൂട്ടക്കൊല ചെയ്യാന്‍ തീരുമാനമെടുത്തു. ഇച്ച്മാനെ, ലഫ്റ്റനന്റ് കേണല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം കൊടുത്ത് തൃപ്തിപ്പെടുത്തിക്കൊണ്ട് ഈ പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ ഹിറ്റ്‌ലര്‍ നിയോഗിച്ചു. തന്നെ ഏല്പിച്ച ദൗത്യപൂര്‍ത്തീകരണത്തിനു വേണ്ടി ഇച്ച്മാന്‍ ജൂതന്മാരെ വിവിധ സ്ഥലങ്ങളിലുള്ള മരണക്യാമ്പുകളിലെത്തിച്ചു. ദിവസേന നാലു തീവണ്ടികളില്‍ മൂവായിരം പേരെ വീതം കയറ്റി ഗ്യാസ് ചേമ്പറുകളിലെത്തിച്ച് അതിദാരുണമായി അയാള്‍ കൊന്നൊടുക്കി. വണ്ടി തരമാവാത്ത ദിവസങ്ങളില്‍ ഇരുനൂറിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ക്യാമ്പുകളിലേക്ക് കാല്‍നടയായാണ് അയാള്‍ ജൂതന്മാരെ എത്തിച്ചിരുന്നത്. അതിനിടയില്‍ മൂന്നു പെട്ടി നിറയെ രത്‌നങ്ങളും സ്വര്‍ണ്ണവും പണവും സ്വീകരിച്ചുകൊണ്ട് 1684 ജൂതന്മാരെ വെറുതെ വിടാനുള്ള ‘മഹാമനസ്‌ക്കത’യും അയാള്‍ പ്രദര്‍ശിപ്പിച്ചു.

‘ഇനി മരിക്കേണ്ടി വന്നാലും അമ്പതു ലക്ഷം ജൂതന്മാരെ കൊന്ന തൃപ്തിയോടെ ചിരിച്ചുകൊണ്ടാവും താന്‍ മരിക്കുന്നത്’ എന്ന് ആഹ്ലാദത്തോടെ തന്റെ സ്വകാര്യസംഭാഷണങ്ങളില്‍ പറയാറുണ്ടായിരുന്നുവത്രെ ഇച്ച്മാന്‍.

1945 ഏപ്രില്‍ മാസം 30-ാം തീയതി, സോവിയറ്റുകാരാല്‍ വലയം ചെയ്യപ്പെട്ടതു കണ്ട് ഭയന്നുപോയ ഹിറ്റ്‌ലര്‍ ശത്രുപാളയത്തിലെ ജയില്‍പീഡനങ്ങളില്‍ ഭയന്ന് അത്മഹത്യ ചെയ്യുകയാണല്ലൊ ഉണ്ടായത്. ഇനി തന്റെ തല കാക്കേണ്ടത് തന്റെ തന്നെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ ഇച്ച്മാന്‍ യുദ്ധക്യാമ്പില്‍നിന്ന് ജീവനും കൊണ്ടോടി ബര്‍ലിനില്‍ അഭയം പ്രാപിച്ചു. അതിനിടയില്‍, അമേരിക്കന്‍ സേനയുടെ പിടിയിലകപ്പെട്ട അയാള്‍ വിദഗ്ദ്ധമായി അവിടെനിന്നും രക്ഷപ്പെടുകയാണുണ്ടായത്. അവിടെ നിന്ന് അയാള്‍ മുങ്ങിയത് അര്‍ജന്റീനയിലേക്കായിരുന്നു. ഇറ്റലിയില്‍ താമസിക്കുന്ന, നാസി ആശയങ്ങളോട് മാനസികമായി അടുപ്പം പുലര്‍ത്തിയിരുന്ന ഹൂഡാലിന്‍ എന്ന ഒരു ആസ്ട്രിയന്‍ ബിഷപ്പാണ് ഇച്ച്മാന് അര്‍ജന്റീനയിലെത്താനുള്ള ഒത്താശകള്‍ ചെയ്തു കൊടുത്തത്. വേഷപ്രച്ഛന്നനായി പലയിടത്തും താമസിച്ചശേഷം അവസാനം തനിക്കനുയോജ്യമായ ഒരിടം അയാള്‍ കണ്ടെത്തിയത് ബ്യൂണസ് എയറിസ്സിലായിരുന്നു. അവിടെ ചെറിയ ശമ്പളത്തിന് പല കമ്പനികളിലും മാറി മാറി ഇച്ച്മാന്‍ ജോലി ചെയ്തു. പിന്നീടാണ് അയാള്‍ക്ക് മേഴ്‌സിഡസ് ബെന്‍സില്‍ ജോലി ലഭിക്കുന്നതും ക്രമേണ അതിന്റെ ഒരു ശാഖയുടെ നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്യുന്നത്.
ഇതിനിടയ്ക്ക് 1952-ല്‍, അയാള്‍ തന്റെ കുടുംബത്തെയും അര്‍ജന്റീനയിലെ ബ്യൂണസ് എയറിസില്‍ എത്തിച്ചു കഴിഞ്ഞിരുന്നു. എട്ടു വര്‍ഷക്കാലത്തോളം പലയിടങ്ങളിലും മാറി മാറി താമസിച്ച അവര്‍ 1960-ല്‍ ഗാരിബാള്‍ഡി തെരുവില്‍ സ്വന്തമായി ഒരു വീടൊരുക്കിയെടുത്തു. അവിടെവെച്ചാണ് ഇച്ച്മാനും കുടുംബവും ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിരീക്ഷണത്തിലാവുന്നത്.

1948-ല്‍, ഇസ്രായേല്‍ എന്ന വാഗ്ദത്തഭൂമിയില്‍ തിരിച്ചെത്തിയതിനുശേഷം തങ്ങളുടെ പൂര്‍വ്വികരുടെ രക്തത്തിനു കണക്കുചോദിക്കാന്‍ ജൂതന്മാര്‍ പരിശ്രമിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഹിറ്റ്‌ലറുടെ ഹോളോകാസ്റ്റു ക്യാമ്പുകളില്‍വെച്ച് തങ്ങളുടെ പിതാമഹന്മാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കഠോരഹൃദയന്മാര്‍ ഭൂമിയുടെ കാണാമറയത്തെവിടെയെങ്കിലുമുണ്ടോ എന്ന് അവര്‍ നിസ്തന്ദ്രം വലയിട്ടു തിരഞ്ഞുകൊണ്ടിരുന്നു. നീണ്ട പത്തുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അവര്‍ ഇച്ച്മാന്റെ ഒളിസങ്കേതം മണത്തറിഞ്ഞ് അടയാളപ്പെടുത്തിവച്ചു. അര്‍ജന്റീനയിലെ ബ്യൂണസ് എയറിസിലുള്ള ഷക്കബക്ക തെരുവിലെ 4261 എന്ന നമ്പറുള്ള വീട്ടില്‍, റിച്ചാഡോ ക്ലമന്റ് എന്ന പേരില്‍ ജീവിച്ചുവരുന്നത് ഹിറ്റ്‌ലറുടെ പടനായകന്മാരിലൊരാളായ അഡോള്‍ഫ് ഇച്ച്മാന്‍ തന്നെയാണ് എന്ന് ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങളിലൂടെ മൊസാദ് ഉറപ്പു വരുത്തി.

നാസികളോട് മനസ്സില്‍ അത്യന്തം വിദ്വേഷം പുലര്‍ത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ പാടുപെടുകയും ചെയ്തിരുന്ന, ‘നാസി വേട്ടക്കാര്‍’ എന്ന പേരിലറിയപ്പെട്ടിരുന്ന സംഘടനയിലെ സൈമണ്‍ വീസന്തോള്‍ എന്ന പ്രവര്‍ത്തകനാണ്, ഇച്ച്മാന്‍ ബ്യൂണസ് അയേഴ്‌സിലുണ്ടെന്ന വിവരം വിയന്നയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റില്‍ അറിയിക്കുന്നത്. ഇച്ച്മാന്റെ പിതാവിന്റെ മരണവേളയില്‍ അയാളറിയാതെ രഹസ്യമായി എടുത്ത ചിത്രങ്ങള്‍ വീസന്തോള്‍ മൊസാദിന് കൈമാറി.

അതോടൊപ്പംതന്നെ, ജര്‍മ്മന്‍ ജഡ്ജിയായിരുന്ന ഫ്രിറ്റ്‌സ് ബോവറും ഇച്ച്മാന്‍ ബ്യൂണസ് അയെഴ്‌സിലുണ്ടെന്ന് മൊസാദിന്റെ ഡയറക്റ്റര്‍, ഇസ്സര്‍ ഹാരലിനെ അറിയിച്ചിരുന്നു. ലോതര്‍ ഹെര്‍മാന്‍ എന്നു പേരുള്ള, പാതി ജൂതനായ ഒരു ജര്‍മ്മന്‍കാരന്‍, തന്റെ മകളായ സില്‍വിയയെ പ്രേമിച്ചിരുന്ന ക്ലോസിന്റെ അച്ഛന്‍ ഇച്ച്മാനാണ് എന്ന് നാടകീയമായി തിരിച്ചറിയുകയും ഈ വിവരം ബോവറെ ധരിപ്പിക്കുകയുമായിരുന്നു.

തങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന ഇരയെക്കുറിച്ചു കിട്ടിയ വിവരങ്ങള്‍ മൊസാദിന്റെ ചുണക്കുട്ടികളെ ഉത്സാഹഭരിതരാക്കി. അന്യനാട്ടില്‍ പതിയിരിക്കുന്ന തങ്ങളുടെ വര്‍ഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്‌തേ മതിയാവൂ എന്ന് ഇസ്രായേലിന്റെ ഭരണസാരഥികള്‍ മനസ്സിലുറപ്പിച്ചു. ഇച്ച്മാനെ പിടികൂടി ന്യായാസനത്തിനു മുമ്പിലെത്തിക്കാനുള്ള പരിശ്രമങ്ങളില്‍ അവര്‍ വ്യാപൃതരായി. പക്ഷേ, പ്രതി അന്യനാട്ടിലാണ്. അവിടെനിന്ന് അയാളെ പിടികൂടി ഇസ്രായേലിലെത്തിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ അനുയോജ്യമായ ഒരു സാഹചര്യം ഉരുത്തിരിയുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു സാഹചര്യത്തിനുവേണ്ടി കാത്തിരുന്ന അവര്‍ ഇച്ച്മാന്റെ ഓരോ നീക്കങ്ങളെയും അതിസുക്ഷ്മമായിത്തന്നെ നിരീക്ഷണവിധേയമാക്കാന്‍ തുടങ്ങി.

രണ്ടു വര്‍ഷങ്ങള്‍ ഓടിപ്പോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയും തുടര്‍ന്നുകൊണ്ടുപോകുന്ന കാലവിളംബം കാര്യങ്ങള്‍ അവതാളത്തിലാക്കാനേ ഉതകൂ എന്ന് തിരിച്ചറിഞ്ഞ മൊസാദിന്റെ ഉദ്യോഗസ്ഥന്മാര്‍ ഇച്ച്മാനെ വലയിലാക്കാനുള്ള പദ്ധതികളുടെ രേഖാചിത്രങ്ങള്‍ ചമച്ചു. ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ‘ഷിന്‍ ബെറ്റി’ന്റെ മുഖ്യ അന്വേഷകനായ സ്വി അഹരോണിയെ സംഗതികളുടെ നിജാവസ്ഥയറിയാന്‍ മൊസാദ് ബ്യൂണസ് അയേഴ്‌സിലേക്കയച്ചു. അധികം താമസിയാതെ ഇച്ച്മാന്‍ താമസിക്കുന്ന ഷക്കബക്ക തെരുവില്‍ ഒരു വീട് വാടകയ്ക്ക് തരപ്പെടുത്തിക്കൊണ്ട് അഹരോണി അവിടേക്ക് ചേക്കേറി, ഇച്ച്മാനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇച്ച്മാന്റെ ദിനചര്യകളും പ്രവര്‍ത്തനമണ്ഡലങ്ങളും, അയാള്‍ നടക്കാനിറങ്ങുന്ന ഊടുവഴികളും അഹരോണി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മനപ്പാഠമാക്കി.

ആഴ്ചകളോളം തുടര്‍ന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ തേടുന്ന വള്ളിതന്നെയാണ് കാലില്‍ ചുറ്റിയിരിക്കുന്നതെന്ന് അഹരോണി മൊസാദിനെ അറിയിച്ചു.

മൊസാദില്‍നിന്നും ഇച്ച്മാനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുറിയോണ്‍, ഇച്ച്മാനെ പിടികൂടി ഇസ്രായേലിന്റെ ന്യായാസനങ്ങളുടെ മുമ്പില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. അതിനത്തുടര്‍ന്ന് മൊസാദിന്റെ ഡയറക്റ്റര്‍ ഹരാല്‍, തന്റെ അനുചരന്മാരോടൊപ്പം ബ്യൂണസ് അയേഴ്‌സിലേക്ക് പറന്നെത്തി. മൊസാദിന്റെ ഉദ്യോഗസ്ഥനായിരുന്ന റാഫി എയ്റ്റണിന്റെ നേതൃത്വത്തിലുള്ള, ‘ഷിന്‍ ബെറ്റി’ന്റെ പ്രവര്‍ത്തകരായ എട്ടംഗസംഘമായിരുന്നു ഹരാലിന്റെ കൂടെയുണ്ടായിരുന്നത്. ബ്യൂണസ് അയേഴ്‌സില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരത്തുള്ള സാന്‍ ഫേര്‍ണാണ്ടോയിലെ ഗാരിബാള്‍ഡി തെരുവിന്റെ പരിസരങ്ങളില്‍ അവര്‍ ഇച്ച്മാനെ തേടിയെത്തി.
ഒരുതരത്തിലും ഇച്ച്മാന്‍ തങ്ങളുടെ വലയില്‍നിന്ന് രക്ഷപ്പെടാതിരിക്കാന്‍ അവര്‍ തങ്ങളൊരുക്കിയ വലയുടെ അവസാനത്തെ കണ്ണിയും മുറുക്കി കുറ്റമറ്റതാക്കി. അയാളുടെ ഓരോ പാദചലനങ്ങളെയും അവര്‍ ഇടവിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇച്ച്മാന്‍ എന്നും ജോലി കഴിഞ്ഞെത്തുന്നത് ഒരേ സമയത്താണെന്നും ബസ്സിലാണ് അയാള്‍ യാത്ര ചെയ്യുന്നതെന്നും തങ്ങളുടെ നിസ്തന്ദ്രമായ നിരീക്ഷണങ്ങളില്‍നിന്നും അവര്‍ മനസ്സിലാക്കി.

ഇനി ഇച്ച്മാനെ പിടികൂടുന്നത് ആയാസമുള്ള കാര്യമല്ലെന്ന് അവര്‍ മനസ്സില്‍ കണക്കുകൂട്ടി. അനുകൂലമായ ഒരു സാഹചര്യം ഒത്തുവരികയേ വേണ്ടൂ. കാര്യങ്ങളെല്ലാം അപ്പോള്‍ ശുഭപര്യവസായിയായ ഒരു നാേടാടിക്കഥപോലെ അവസാനിക്കുമെന്ന് അവര്‍ വിശ്വസിച്ചു.
ഇച്ച്മാനെ വലയില്‍ കുരുക്കാനായി, അയാള്‍ ബസ്സിറങ്ങി വീട്ടിലേക്കു പോകുന്ന വഴിയിലുള്ള മൈതാനത്തിനരികില്‍ അവര്‍ ഇച്ച്മാനെയും കാത്ത് കണ്ണിമ പൂട്ടാതെ കാത്തിരുന്നു. സാധാരണ വരാറുള്ള ബസ്സില്‍ അന്നയാളില്ലാത്തതു കണ്ട് മൊസാദിലെ ചുണക്കുട്ടികള്‍ അമ്പരന്നു. തങ്ങളുടെ നീക്കങ്ങളെക്കുറിച്ച് ഇച്ച്മാന് വിവരം കിട്ടിക്കാണുമോ എന്നവര്‍ സംശയിച്ചു. എന്തുതന്നെയായാലും അവിടെത്തന്നെ കുറേ നേരംകൂടി കാത്തിരിക്കാന്‍ അവര്‍ തീരുമാനിച്ചു.

ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം വന്ന മറ്റൊരു ബസ്സില്‍ ഇച്ച്മാന്‍ വന്നിറങ്ങുന്നതു കണ്ട മൊസാദിലെ അന്വേഷകരുടെ കണ്ണുകള്‍ ഉത്സാഹംകൊണ്ടു വിടര്‍ന്നു. കൂട്ടത്തിലുണ്ടായിരുന്ന പീറ്റര്‍ മാല്‍ കിന്‍ എന്നയാള്‍ ഇച്ച്മാനെ അയാളറിയാതെ കുറച്ചു ദൂരം പിന്തുടര്‍ന്നു. ‘ഒരു നിമിഷം ഒന്നു നില്ക്കാമോ’ എന്ന് അദ്ദേഹം ഇച്ച്മാനോട് പിന്നില്‍നിന്ന് വിളിച്ചു ചോദിച്ചു. നാസിപ്പടയുടെ, രക്തം വഴിയുന്ന പോര്‍മുഖത്തോട് വിടപറഞ്ഞതിനുശേഷം തന്റെ നിഴലിനെപ്പോലും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഇച്ച്മാന്‍, പിന്നില്‍നിന്ന് കാതില്‍ പതിച്ച ചോദ്യം കേട്ട് ഒരു നിമിഷം ഒന്നു പരിഭ്രമിച്ചു. പിടികൊടുക്കാതെ അവിടെനിന്ന് തെന്നിമാറാന്‍ ശ്രമിച്ച അയാളെ ചെറിയൊരു മല്‍പ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി കൂട്ടിലടയ്ക്കാന്‍ മാല്‍കിനും അനുചരന്മാര്‍ക്കും അധികസമയം വേണ്ടിവന്നില്ല.

അയാളെ ഒരു പുതപ്പിനടിയിലൊളിപ്പിച്ച് അകലെയുള്ള ഒരു വിചാരണകേന്ദ്രത്തിലെത്തിച്ച് അവര്‍ ഇച്ച്മാനെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നുറപ്പുവരുത്തിയ ശേഷം അയാളെ ഇസ്രായേലിലെത്തിക്കാനുള്ള ഒരുക്കത്തില്‍ വ്യാപൃതരായി മൊസാദ് സംഘം.
അതിനുള്ള ഒരവസരത്തിനുവേണ്ടി കാത്തിരുന്ന അഹരോണിയുടെ കാതിലേക്ക് തേന്മഴ പെയ്തിറങ്ങുന്നതുപോലെയാണ് ആ വാര്‍ത്ത പാഞ്ഞെത്തിയത്: ‘സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 150-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ അര്‍ജന്റീന തീരുമാനിച്ചിരിക്കുന്നു.’ പട്ടിണിക്കാരന് മൃഷ്ടാന്നം ലഭിച്ചതുപോലുള്ള ആഹ്ലാദമാണ് അപ്പോള്‍ മൊസാദിന്റെ പ്രവര്‍ത്തകര്‍ അനുഭവിച്ചറിഞ്ഞത്. ഈ അനുകൂലാവസ്ഥയുടെ സുരക്ഷിതസുഖം തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു.

അര്‍ജന്റീനയുടെ സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി തിരിച്ചു പോകാനൊരുങ്ങുന്ന ഇസ്രായേല്‍ വിമാനത്തില്‍ ഇച്ച്മാനെ കയറ്റി അവര്‍ ഇസ്രായേലിലെ യാഗൂറില്‍ ഉള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഈ വിവരം ഇസ്രായേലിന്റെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെന്‍ ഗുറിയോണ്‍, പാര്‍ലമെന്റില്‍ തന്റെ സഹപ്രവര്‍ത്തകരെ അറിയിക്കുന്നതിന്റെ വാങ്മയചിത്രമാണ് നമ്മള്‍ ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കണ്ടത്.

1961, ഏപ്രില്‍മാസം 11-ാം തീയതി ജറുസലേം കോടതി ഇച്ച്മാനെ വിചാരണ ചെയ്യാന്‍ തുടങ്ങി. കുറ്റവിചാരണ മാസങ്ങളോളം നീണ്ടുനിന്നു. വിചാരണക്കൊടുവില്‍ സര്‍വ്വ പഴുതുകളുമടച്ച് അയാളുടെ പേരില്‍ പതിനഞ്ചു ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം തയ്യാറാക്കപ്പെട്ടു. കുറ്റബോധത്തിന്റെ ഒരു തരിമ്പുപോലും ഇച്ച്മാന്റെ മനസ്സാക്ഷിയെ പീഡിപ്പിച്ചിരുന്നില്ലെന്ന വസ്തുത കുറ്റപത്രത്തിലെ ആരോപണങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി.

ഈ കുറ്റവിചാരണ റിപ്പോര്‍ട്ടു ചെയ്യാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പത്രലേഖകന്മാര്‍ ഇസ്രായേലിലേക്കൊഴുകി. പത്രങ്ങളുടെ ആദ്യപേജില്‍ത്തന്നെ വിചാരണയുടെ കൊഴുപ്പുള്ള വാര്‍ത്തകള്‍ അച്ചടിമഷി പുരണ്ടുവന്നു. 1961, ഡിസംബര്‍ മാസം 15-ാം തീയതി പത്രങ്ങളെല്ലാം പുറത്തുവന്നത് ഇച്ച്മാനെ തൂക്കിക്കൊല്ലാനുള്ള കോടതിവിധിയുടെ ചൂടുള്ള വാര്‍ത്തകളും വഹിച്ചുകൊണ്ടായിരുന്നു. അപ്പീലുമായി ഇച്ച്മാന്‍ ഇസ്രായേലിന്റെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിവിധിയെ ശരിവച്ചുകൊണ്ടുള്ള വിധിപ്രസ്താവന അയാളെ നിരാശപ്പെടുത്തുകയാണുണ്ടായത്.
മനുഷ്യരാശിക്കെതിരെ, പ്രത്യേകിച്ച് ജൂതര്‍ക്കെതിരെ ഇച്ച്മാന്‍ തൊടുത്തുവിട്ട ക്രൂരപീഡനങ്ങളടക്കം 15 ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ട ഇച്ച്മാനെ ജയിലുദ്യോഗസ്ഥരുടെയും നാലു പേരടങ്ങുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഇച്ച്മാന്റെ ജയില്‍വാസകാലത്തെ ആത്മീയകാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന പാതിരിയുടെയും സാന്നിധ്യത്തില്‍, 1962 ജൂണ്‍ മാസം ഒന്നാം തീയതി ഇസ്രായേല്‍ ഭരണകൂടം കഴുവിനു കൊടുത്തു.

ഇച്ച്മാന്റെ ചിതാഭസ്മംകൊണ്ട്, മധ്യധരണ്യാഴിയിലെ മത്സ്യങ്ങള്‍ക്ക് സദ്യയൊരുക്കാനായി ഇസ്രായേല്‍ യുദ്ധവിമാനങ്ങളിലൊന്ന് കടലിനെ വട്ടമിട്ടു പറക്കുമ്പോള്‍, ഹോളോകാസ്റ്റ് ക്യാമ്പുകളില്‍ നരകവേദനയനുഭവിച്ച് ജീവന്‍ വെടിയേണ്ടി വന്ന തങ്ങളുടെ നിരപരാധികളായ പൂര്‍വ്വികര്‍ക്കുള്ള തര്‍പ്പണക്രിയപോലെ ഇച്ച്മാന്റെ വധം, മദ്യം നുണഞ്ഞാഘോഷിക്കുകയായിരുന്നു ജൂതഭരണകൂടം.
(അവസാനിച്ചു)

Tags: അഡോള്‍ഫ് ഇച്ച്മാന്‍അഡോള്‍ഫ് ഇച്ച്മാന്‍ ക്രൂരതയുടെ പര്യായം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies