വെണ്ണനെയ് ചോറുണ്ട-
ചെഞ്ചുണ്ടില്‍ വിരിയുന്ന-
പുഞ്ചിരിപ്പുണ്യം നുകര്‍ന്നു.
മുനിവൃന്ദര്‍ പോലും
നമിക്കുന്ന ലോകൈക-
നാഥനെ ഉള്ളത്തിലോര്‍ത്തു.
പൂന്തെന്നലീണത്തി-
ലിടവിട്ടുപാടുന്ന-
സോപാനഗീതം ശ്രവിച്ചു.
അരുണോദയം വന്ന്-
ചാര്‍ത്തുന്ന മിന്നുന്ന-
പൊന്നിന്‍ കിരീടവും കണ്ടു.
പൊന്നോമല്‍ചുണ്ടില്‍ നി-
ന്നുയരുന്ന സ്വരരാഗ-
സുധ,നെഞ്ചിലിടതൂര്‍ന്നു മിന്നി.
കാലപ്രപഞ്ചം തിടമ്പേറ്റി-
നീങ്ങുമ്പോളനുഗമി-
ച്ചടിവെച്ചു നീങ്ങി.
ഭാഗ്യസൂക്തത്തിന്റെ-
മന്ത്രാക്ഷരങ്ങളാല്‍
തഴുകുന്ന മലര്‍മേനി തൊഴുതു.
വ്രതമെടുത്തടിവെച്ചു-
മുട്ടുകുത്തിത്തൊഴും
പഞ്ചഭൂതങ്ങള്‍ക്കുമരികെ.
ശയനപ്രദക്ഷിണത്തി-
ന്നായൊരുങ്ങുന്ന-
സായന്തനത്തിന്റെ കൂടെ.
ആ മഹാവിസ്മയം-
ഓര്‍ത്തോര്‍ത്തു ചിന്തിച്ച്
ചുറ്റിലും തനിയെ നടന്നു.
തോരാതെയൊഴുകുന്ന-
ജന്മദുഃഖങ്ങള്‍ തന്‍-
ശംഖിനാലഭിഷേകമാടി.
മാധുര്യമാനസ പാല്‍പ്പാ-
യസം പാദ പത്മ-
ങ്ങളില്‍ കാഴ്ചവെച്ചു.
”എന്തേ വരാന്‍ വൈകി-
എന്നുള്ള വാക്കുകേ-
ട്ടറിയാതെ കോരിത്തരിച്ചു.
ആനന്ദ നന്ദനനെ-
യകതാരില്‍ നിത്യവും,
മായാതൊളിപ്പിച്ചുവെച്ചു… ഞാന്‍
അടിവെച്ചു തിരികെ നടന്നു- എന്റെ
സ്വപ്നവും പൂത്തുല്ലസിച്ചു.






















