ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ രാഷ്ട്രീയക്കാരുടെ ചൂതാട്ടവും ആചാരലംഘനവും അഴിഞ്ഞാട്ടവും അവസാനിപ്പിച്ചേ കഴിയൂ. ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ അരങ്ങേറുന്നത് ദേവഹിതം അനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായ കാര്യങ്ങളല്ല. തുടരെത്തുടരെയുള്ള ആചാരലംഘനവും അനുഷ്ഠാനങ്ങളിലെ അപരിഹാര്യമായ വ്യതിയാനങ്ങളും ആണ് ശബരിമലയിലും ദേവസ്വം ബോര്‍ഡിലും ഇടപെടാന്‍ ജസ്റ്റിസ് പരിപൂര്‍ണ്ണനെ പോലെയുള്ള പരിണത പ്രജ്ഞരായ നീതിപാലകരെ നിര്‍ബന്ധിതരാക്കിയത്. അന്നു തുടങ്ങിയ ദേവസ്വം ബെഞ്ച് നിതാന്ത ജാഗ്രതയോടെ പല കാര്യങ്ങളിലും ഇടപെട്ടിട്ടും എന്തെങ്കിലും ഉപായങ്ങളും കുറുക്ക് വഴികളും കണ്ടെത്തി ആചാരലംഘനവും മൈനറായ ദേവന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും തുടരുകയാണ്. തെളിവുകള്‍ മാത്രം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന നീതിപീഠങ്ങള്‍ക്ക് പോലും ഇടപെടാന്‍ ആകാതെ വഴിമുട്ടുന്ന അവസ്ഥയിലാണ് ഇന്നും കാര്യങ്ങള്‍ പോകുന്നത്.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമല ധര്‍മ്മശാസ്താവിന്റെ ശ്രീകോവിലിന്റെ ഇരുവശങ്ങളിലും ഉള്ള ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണ്ണ പാളികള്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും കോടതി നിര്‍ദ്ദേശങ്ങളും ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ശബരിമലയിലെ ശ്രീകോവിലിലും ചുറ്റുമുള്ള സ്ഥല ത്തും അറ്റകുറ്റപ്പണികളും പ്രവര്‍ത്തനങ്ങളും കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറെ ദേവസ്വം കമ്മീഷണറും തിരുവാഭരണം കമ്മീഷണറും മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങി മാത്രമേ ചെയ്യാവൂ എന്ന് 2023 ല്‍ തന്നെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. ആ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നിരുന്നപ്പോള്‍ ചന്ദ്രഗ്രഹണ ദിവസം രാത്രി നേരത്തെ നടയടച്ച് സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലേക്ക് കടത്തിയത്.
ഇതിന്റെ പിന്നില്‍ വന്‍ തട്ടിപ്പും ഗൂഢാലോചനയും നടന്നിട്ടുണ്ട് എന്നത് സത്യമാണ്. ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ ആയ ആര്‍. ജയകൃഷ്ണന്‍ തന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി മാറ്റി ചെന്നൈയിലേക്ക് അയച്ചതെന്ന് ഹൈക്കോടതി ദേവസ്വത്തിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നിര്‍ത്താനും സ്വര്‍ണ്ണപ്പാളികള്‍ തിരികെ എത്തിക്കാനും ജസ്റ്റിസുമാരായ വി.രാജ വിജയ രാഘവനും കെ.വി. ജയകുമാറും ഉത്തരവിട്ടത്. സാധാരണ സ്വര്‍ണാഭരണങ്ങളുടെ അറ്റകുറ്റ പണികള്‍ സന്നിധാനത്തോ പരിസരത്തോ തന്നെയാണ് നടത്താറുള്ളത്. ഈ സ്വര്‍ണ്ണപ്പാളികളില്‍ നാണയം കൊണ്ടുള്ള കേടുപാടുകള്‍ സംഭവിച്ചു എന്നും നന്നാക്കേണ്ടതിന്റെ ആവശ്യകത 2023 ല്‍ തന്ത്രി എക്‌സിക്യൂട്ടീവ് ഓഫീസറെ അറിയിച്ചതായിരുന്നു എന്നുമാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്. അറ്റകുറ്റപ്പണി സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലേക്ക് ഇത് അയച്ചതെന്നുമായിരുന്നു ബോര്‍ഡിന്റെ വിശദീകരണം.
ബോര്‍ഡ് ഇക്കാര്യത്തില്‍ സത്യമല്ല ബോധിപ്പിക്കുന്നത് എന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ കോടതിക്ക് കൃത്യമായി ബോധ്യപ്പെട്ടു. 2019 ല്‍ ഇതേ കമ്പനി 40 വര്‍ഷത്തെ വാറണ്ടിയില്‍ സ്വര്‍ണം പൂശിയതാണ് എന്ന് രേഖകള്‍ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. 40 വര്‍ഷം വാറണ്ടിയുള്ള ദ്വാരപാലക വിഗ്രഹത്തിലെ പാളികള്‍ ആറു വര്‍ഷത്തിനുശേഷം അതേ കമ്പനിക്ക് വീണ്ടും അയക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സാധാരണയായി സ്വര്‍ണം പൂശുന്നത് സന്നിധാനത്ത് തന്നെ സ്‌പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും സാന്നിധ്യത്തിലും ആണ്. ഇക്കുറി സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിയാതെ അനുമതി ഇല്ലാതെ കോടതിയെ അറിയിക്കാതെ സ്വര്‍ണ്ണപ്പാളികള്‍ വാറണ്ടി ലംഘിച്ച് ചെന്നൈയില്‍ എത്തിച്ചതിന് പിന്നിലെ ഗൂഢാലോചന ബോര്‍ഡ് തലത്തില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തില്‍ തന്നെ എത്തുന്നതാണ്. ശ്രീകോവിലിനു മുന്നിലെ ലിന്‍ഡലും ദ്വാരപാലക വിഗ്രഹങ്ങളുടെ ഇരിപ്പിടങ്ങളും ശ്രീകോവിലിന്റെ വാതില്‍ പാനലുകളും സ്വര്‍ണം പൂശേണ്ടതാണ്. അവ ഇളക്കിക്കൊണ്ടു പോകാന്‍ കഴിയുന്ന സാഹചര്യമല്ല. അതുകൊണ്ടുതന്നെ പാനലുകള്‍ മാത്രം വേര്‍പെടുത്തി അയക്കുന്നതിന് ന്യായീകരണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും സ്‌പെഷ്യല്‍ കമ്മീഷണര്‍ സത്യസന്ധന്‍ ആയതുകൊണ്ടും വിഹിതം വാങ്ങി ഒത്തുതീര്‍പ്പിന് വഴങ്ങി കീഴടങ്ങാത്തതുകൊണ്ടുമാണ് കോടതിയില്‍ എത്തിയത്. വാറണ്ടിയിലെ തട്ടിപ്പും സ്വര്‍ണ്ണം പൂശലിലെ ക്രമക്കേടും അന്തര്‍ധാരകളും ബഹുമാനപ്പെട്ട നീതിപീഠം സിബിഐ അന്വേഷണത്തിന് വിടേണ്ടതാണ്. കേരള പോലീസ് അന്വേഷിച്ചാല്‍ ഇത് തെളിയില്ല. നീതിപീഠത്തെ പോലും കബളിപ്പിച്ച് കോടതി ഉത്തരവ് ലംഘിച്ച് ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത്രയും വലിയ ക്രമക്കേട് നടത്തണമെങ്കില്‍ അതിന്റെ പിന്നില്‍ ശക്തമായ പിടിപാടുള്ള ആരൊക്കെയോ ഉണ്ടെന്ന് വ്യക്തമാണ്. അവരെയാണ് കണ്ടെത്തേണ്ടത്. കോടതി നിര്‍ദ്ദേശം മനപ്പൂര്‍വ്വം ലംഘിച്ച ദേവസ്വം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ ഇവരുടെയൊക്കെ മേലധികാരികളായ ദേവസ്വം സെക്രട്ടറി, ദേവസ്വം ബോര്‍ഡ് എന്നിവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ അനിവാര്യമാണ്. ഒരു മാപ്പപേക്ഷയുടെ പിന്‍ബലത്തില്‍ ഇവരെ വിട്ടയച്ചാല്‍ കോടതി ഉത്തരവുകളുടെ മൂല്യമാണ് ഇല്ലാതാവുക. ഇവരുടെ പേരില്‍ കോടതി അലക്ഷ്യത്തിനാണ് കേസെടുക്കേണ്ടത്. നീതിപീഠം എന്തുപറഞ്ഞാലും ഞങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ഹിന്ദു ക്ഷേത്രങ്ങളുടെയും ശബരിമലയുടെയും കാര്യത്തില്‍ മാത്രമാണ് എന്ന കാര്യം കേരളത്തിലെ ഹൈന്ദവ ഭക്ത സമൂഹം തിരിച്ചറിയണം.
ശബരിമലയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരുടെയും ചില ഇതര മത തീവ്രവാദികളുടെയും ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1950 ജൂണ്‍ 14നാണ് ശബരിമല ക്ഷേത്രം തീ വെച്ച് നശിപ്പിച്ചത്. മെയ് 20നാണ് ഇടവമാസ പൂജയ്ക്ക് ശേഷം ക്ഷേത്രം പൂട്ടിയത്. പൂജ കഴിഞ്ഞാല്‍ ക്ഷേത്രം പൂട്ടിയിടുകയാണ് പതിവ്. ജൂണ്‍ 16ന് രാത്രിയിലാണ് ക്ഷേത്രം തീവച്ചു നശിപ്പിച്ചു എന്ന വിവരം അറിഞ്ഞതും പോലീസ് അന്വേഷണം ആരംഭിച്ചതും. പിന്നീട് സിഐഡി ഡിഐജി ആയിരുന്ന കെ. കേശവമേനോനെ ഇതിനെക്കുറിച്ച് അന്വേഷിക്കാനുള്ള ഏകാംഗ കമ്മീഷനായി നിയമിച്ചു. കമ്മീഷന്റെ അന്വേഷണത്തില്‍ മോഷണത്തിനുള്ള ശ്രമമല്ല എന്ന് വളരെ വ്യക്തമായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു, ‘ശ്രീകോവില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചുവെന്ന് സൂചിപ്പിക്കത്തക്കവണ്ണം 15 വെട്ടുകളുടെ പാട് ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന വാതിലില്‍ ഉണ്ടായിരുന്നു. ഈ അടയാളങ്ങള്‍ കാണപ്പെട്ടത് ആകസ്മിക സംഭവമെന്ന സിദ്ധാന്തത്തിനെതിരായി നിലകൊള്ളുന്നു. വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു, തളയും ഇടത്തെ കൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള്‍ കാണാനുണ്ടായിരുന്നു. വിഗ്രഹം ഉടഞ്ഞ വസ്തുത മാത്രം പരിഗണിച്ചാല്‍ ശ്രീകോവിലിന്റെ കഴുക്കോലും മേല്‍പ്പുരയിലെ ചെമ്പു കൊണ്ടുള്ള മറ്റു സാമഗ്രികളും അതിന് കേടുപാടുണ്ടായിരിക്കാം എന്ന കാര്യം പരിശോധനയ്ക്ക് അര്‍ഹമാണ്, എന്നാല്‍ ശ്രീകോവിലിലെ പിച്ചളപതിച്ച വാതിലിലെ കയ്യേറ്റത്തിന്റെ പാടുകളും വിഗ്രഹത്തിന്മേലുള്ള പാടുകളും ചേര്‍ത്ത് നോക്കിയാല്‍ വിഗ്രഹം തകര്‍ക്കുന്നതിനായിട്ടാണ് ബലം പ്രയോഗിച്ച് അകത്തു കയറിയതെന്നും കതകില്‍ വെട്ടുന്നതിനും വിഗ്രഹം ഉടയ്ക്കുന്നതിനും ഉപയോഗിച്ച ആയുധം ഒന്നുതന്നെയാണെന്ന് ഉള്ള തീരുമാനത്തില്‍ എത്തിച്ചേരാതിരിക്കാന്‍ നിര്‍വാഹമില്ല. സംഭവസ്ഥലത്ത് ഒരു കോടാലി ഉണ്ടായിരുന്നു കോടാലിയുടെ വായില്‍ തലയില്‍ പിച്ചളയുടെ അംശങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ കോടാലി തന്നെയാണ് ശ്രീകോവിലിന്റെ കതക് പൊളിക്കാന്‍ ഉപയോഗിച്ചത് എന്നുള്ളത് നിശ്ചയമാണ്. അതിനാല്‍ അഗ്‌നിബാധ ആകസ്മികമായി ഉണ്ടായതല്ലെന്ന് പറയേണ്ടിയിരിക്കുന്നു. ശ്രീകോവിലില്‍ പ്രവേശിച്ചത് മോഷണം നടത്താനായിരുന്നു എന്ന വാദവും ശരിയല്ല. എന്തെന്നാല്‍ അകത്തുണ്ടായിരുന്ന വിലപിടിച്ച വെള്ളിയോ സ്വര്‍ണമോ മറ്റു പാത്രങ്ങളോ യാതൊന്നും കടത്തിക്കൊണ്ടു പോയിട്ടില്ല.’ ഈ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനുള്ള സൂചനകളും വിശദമായ അന്വേഷണത്തിനുള്ള നിര്‍ദ്ദേശവും കേശവമേനോന്‍ നല്‍കിയിരുന്നെങ്കിലും അക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഒരു ക്ഷേത്രം കത്തി നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ പ്രതികരണം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ആയ ഡോക്ടര്‍ ജോസഫ് മാത്യു തന്റെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ ഈ സംഭവം മുന്‍നിര്‍ത്തിയാണ് 1957 ലെ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വോട്ട് തേടിയത്. തൃശ്ശൂരിന് തെക്കോട്ട് ശബരിമല പ്രശ്‌നവും വടക്കോട്ട് രാമസിംഹന്‍ കേസും അന്വേഷിക്കും എന്ന് പ്രചാരണം നടത്തി. പക്ഷേ ശബരിമല അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തതുപോലെ തുടരന്വേഷണമോ നടപടികളോ ഇഎംഎസ് സര്‍ക്കാരോ പിന്നീട് വന്ന മറ്റ് എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളോ നടത്തിയില്ല. പിന്നീട് ശബരിമല ധര്‍മ്മശാസ്താവിന്റെ പൂങ്കാവനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും മറികടന്ന് കുരിശിടാനും പള്ളി പണിയാനും നടത്തിയ ശ്രമങ്ങളും ശബരിമലയെ തീര്‍ത്ഥാടന കേന്ദ്രത്തിന് പകരം വിനോദസഞ്ചാര കേന്ദ്രം ആക്കി മാറ്റാനുള്ള ശ്രമങ്ങളും ഒക്കെ ഒരു ആഗോള അജണ്ടയുടെ ഭാഗം തന്നെയാണ്.
ശബരിമലയില്‍ ഭക്തര്‍ക്ക് വിരിവെക്കാനും കുടിവെള്ളം ലഭിക്കാനും പണ്ടുകാലത്ത് ഉണ്ടായിരുന്നത് പോലെ സൗജന്യമായി പടച്ചോറ് കിട്ടുന്ന സംവിധാനവും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യവുമാണ് വേണ്ടത്. അയ്യപ്പന്റെ പൂങ്കാവനം പൂര്‍ണമായും സംരക്ഷിക്കപ്പെടണം. പ്രകൃതിക്ക് അനുസൃതമായ വികസനമാണ് ശബരിമലയില്‍ വേണ്ടത്. ദേവസ്വം ബോര്‍ഡിനും കരാറുകാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കോണ്‍ക്രീറ്റ് കാടാണ് അവിടെ വേണ്ടത്. കാനനപാത പാറ വിരിക്കുന്നതിന് പകരം കോണ്‍ക്രീറ്റ് ചെയ്യുന്നത് പരിസ്ഥിതിക്ക് വിനാശകരമാണ്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളും വിശുദ്ധിയും നിലനിര്‍ത്തുന്ന വികസന പ്രക്രിയകള്‍ ആണ് വേണ്ടത്. കോണ്‍ക്രീറ്റ് കാടുകള്‍ക്ക് പകരം രാജഭരണകാലത്ത് തന്നെ നിലവിലിരുന്ന വിരി വെക്കാനുള്ള പ്രകൃതി അനുസൃതമായ ഷെഡുകളും മറ്റുമാണ് വേണ്ടത്. ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും സര്‍ക്കാരിന്റെയും അനാവശ്യമായ ഇടപെടലുകളും വികസന നാടകങ്ങളും ഭക്തരുടെ വിശ്വാസത്തെ കച്ചവടം ചെയ്യാനുള്ള സംവിധാനമാണ്. വളരെ ചുരുക്കം കടകള്‍ മാത്രമായിരുന്ന സന്നിധാനത്ത് ലക്ഷങ്ങള്‍ കൊടുത്ത് ലേലമെടുത്തു വരുന്ന അവിശ്വാസികളുടെ വ്യാപാര സ്ഥാപനങ്ങളാണ് ഇന്ന് ഏറെയുള്ളത്. വ്രതാനുഷ്ഠാനങ്ങളോടെ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് മാംസ ഭക്ഷണം പോലും വില്‍ക്കാന്‍ ഉള്ള സംവിധാനം സന്നിധാനത്ത് എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യത്തിന് മറുപടി പറയേണ്ടത് ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ്. മണ്ഡല വ്രതത്തിന്റെ വിശുദ്ധി നിലനിര്‍ത്താന്‍ സൗജന്യ ഭക്ഷണം നല്‍കാമെന്ന് അയ്യപ്പസേവാസമാജം അപേക്ഷിച്ചിട്ട് പോലും എന്തുകൊണ്ടാണ് അതിന് അനുമതി നല്‍കാത്തത്. നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്ര സൗജന്യമായി നടത്താന്‍ വിശ്വഹിന്ദുപരിഷത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടും അനുവദിക്കാത്തത് എന്തുകൊണ്ടാണ്. ശബരിമലയില്‍ എത്തുന്ന ഭക്തരെ കൊള്ളയടിക്കുന്ന, ഉയര്‍ന്ന നിരക്ക് വാങ്ങുന്ന കെഎസ്ആര്‍ടിസി സംവിധാനം വേറെ ഏതെങ്കിലും മതങ്ങളുടെ ദേവാലയങ്ങളിലേക്ക് ഉണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം. ഹജ്ജിനു പോകുന്നവര്‍ക്ക് ആയിരക്കണക്കിന് രൂപ വിലയുള്ള കിറ്റ് അടക്കം എല്ലാ സംവിധാനവും ഒരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അയ്യപ്പഭക്തരെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നു എന്നതിനാണ് ആദ്യം മറുപടി പറയേണ്ടത്. ശബരിമലയില്‍ 1300 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ഉണ്ട് എന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പറയുന്നത്. ഈ വികസന പദ്ധതിക്ക് വനഭൂമി വിട്ടു കിട്ടിയിട്ടുണ്ടോ? വീണ്ടും പരിസ്ഥിതി നശിപ്പിക്കുന്ന പൂങ്കാവനം ഇല്ലാതാക്കുന്ന വികസനപ്രക്രിയയ്ക്കാണോ ഒരുങ്ങുന്നത്? ഈ വികസനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ദേവഹിതം അനുസരിച്ചുള്ളതാണോ? ഇക്കാര്യത്തിന് ഒക്കെയാണ് ആദ്യം പിണറായിയും ദേവസ്വം ബോര്‍ഡും മറുപടി പറയേണ്ടത്.
കോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ യുവതികളെ കയറ്റിയതും അതിനുവേണ്ടി ഒത്താശ ചെയ്തതും തമിഴ്‌നാട്ടില്‍ നിന്ന് മനീതി സംഘത്തെ കൊണ്ടുവന്നതും ശരിയാണെന്ന് സിപിഎം ഇപ്പോഴും കരുതുന്നുണ്ടോ? പള്ളി തര്‍ക്കത്തിലും വയനാട്ടിലെ ആദിവാസി ഭൂമി പ്രശ്‌നത്തിലും കോടതിവിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമലയുടെ കാര്യത്തില്‍ മാത്രം അപ്പീല്‍ സമയം പോലും കഴിയും മുമ്പ് യുവതികളെ പ്രവേശിപ്പിച്ച് ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതിന് മറുപടി പറഞ്ഞിട്ട് പോരെ ആഗോള അയ്യപ്പാ സംഗമങ്ങള്‍ നടത്തുന്നത്. കഴിഞ്ഞില്ല, അന്ന് ഭക്തര്‍ക്ക് ഒപ്പം നിന്നു എന്നതിന്റെ പേരില്‍ ഡോ. ടി.പി. സെന്‍കുമാര്‍, കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്‍. കുമാര്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, വത്സന്‍ തില്ലങ്കേരി തുടങ്ങിയ ശബരിമല കര്‍മ്മസമിതി നേതാക്കള്‍ക്കെതിരെയും നൂറുകണക്കിന് അയ്യപ്പഭക്തര്‍ക്ക് എതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കാത്തിടത്തോളം കാലം പിണറായിയുടെയും വാസവന്റെയും വാക്കുകള്‍ക്ക് എന്ത് ആത്മാര്‍ത്ഥതയും സത്യസന്ധതയും ആണ് ഉള്ളത്. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നഷ്ടമായ ഹിന്ദു വോട്ടുകള്‍ സമാഹരിക്കാനുള്ള കുറുക്കു വഴിയാണ് പെട്ടെന്നു മുളച്ച ശബരിമല സ്‌നേഹമെന്ന് മനസ്സിലാവും. എം.എന്‍. കാരശ്ശേരിയെ പോലുള്ളവര്‍ ഇത് തുറന്നു പറഞ്ഞു കഴിഞ്ഞു. ദയവുചെയ്ത് രാഷ്ട്രീയക്കാരുടെ ചൂതാട്ടത്തില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കണം.






















