പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അദ്ധ്യക്ഷയായ സംസ്ഥാന ഉറുദ് അക്കാദമി ആഗസ്റ്റ് 31 മുതല്‍ സപ്തംബര്‍ 4 വരെ നടത്താന്‍ നിശ്ചയിച്ച ‘ഉറുദ് ഇന്‍ ഹിന്ദി സിനിമ’ എന്ന പരിപാടി റദ്ദാക്കിയത് മുസ്ലിം തീവ്രവാദികളെ ഭയന്ന്. പ്രശസ്ത ഹിന്ദി തിരക്കഥാകൃത്തും ഗാനരചയിതാവും രണ്ടു പരമോന്നത ദേശീയ പുരസ്‌കാരം നേടിയ ആളുമായ ജാദേവ് അക്തറിനെ ക്ഷണിച്ചത് ചില തീവ്രമുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. ജമാഅത്ത് ഉലമാ ഇ ഹിന്ദ്, വഹ്യാഹിന്‍ ഫൗണ്ടേഷന്‍ എന്നിവരാണ് എതിര്‍ പ്പുമായി രംഗത്തുവന്നത്. നിരീശ്വരവാദിയായ അക്തര്‍ ബംഗാളില്‍ വന്ന് മതങ്ങള്‍ക്കെതിരെ പ്രസംഗിച്ചാല്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ന്നു പോകും എന്നായിരുന്നു അവര്‍ കണ്ട അപകടം. വ്യക്തമായ ഒരു കാരണവും പറയാതെ ഉറുദ് അക്കാദമി പരിപാടി നീട്ടിവെച്ചു. മമതയോ അക്കാദമി ഉപാദ്ധ്യക്ഷനും തൃണമൂല്‍ രാജ്യ സഭാംഗവുമായ നദീമുള്‍ ഹക്കോ നീട്ടിവെച്ചതിന് കാരണമെന്തെന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
ബംഗാളിലെ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇടതുപക്ഷ പാര്‍ട്ടികള്‍ വായ തുറക്കാന്‍ തയ്യാറായിട്ടില്ല. മനുഷ്യാവകാശ സംരക്ഷണ സംഘടനയായ എ.പി.ഡി.ആറിന്റെ രജ്ഞിത് സൂര്‍, ഷബ്‌നം ഹസ്മി, കവി ഗൗഹര്‍ റാസ തുടങ്ങിയവര്‍ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ഇവിടെ കക്ഷിയേയല്ലാത്ത ഹിന്ദുസംഘടനകളെ വലിച്ചിഴച്ചു കൊണ്ടുവന്ന് തങ്ങളുടെ മതേതരത്വം ഘോഷിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കി ബംഗ്ലാദേശി നോവലിസ്റ്റ് തസ്ലീമ നസ്രീനെ ബംഗാളില്‍ നിന്ന് നാടുകടത്തിയത് മാര്‍ക്‌സിസ്റ്റ് സര്‍ക്കാറാണ്. അന്ന് വായ തുറക്കാത്തവരാണ് ഈ മനുഷ്യാവകാശ വാദക്കാര്‍. അതാണ് ഇപ്പോള്‍ അക്തറിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് ശക്തി പകര്‍ന്നത്. അന്ന് മിണ്ടാത്തവര്‍ക്ക് ഇന്ന് വായ തുറക്കാനാവില്ലല്ലോ. ഇന്നലെ തസ്ലീമ, ഇന്ന് അക്തര്‍; നാളെ തങ്ങള്‍ എന്ന തിരിച്ചറിവ് അവരുടെ മതേതര ബുദ്ധിയില്‍ കയറിയോ ആവോ?





















