പതിറ്റുപ്പത്ത്, പുറനാനൂറ് എന്നീ സമാഹാരങ്ങളില്‍ പുറപ്പൊരുളാണ് പ്രമേയം. പതിറ്റുപത്തില്‍ പത്ത് ചേരരാജാക്കന്മാരെ പത്ത് കവികള്‍ പത്ത് പാട്ടുകളില്‍ വാഴ്ത്തുന്നു. ഓരോ പത്തിനും ഓരോ പതികം (ആമുഖം) ഉണ്ട്. ഇതില്‍ ഒന്നാമത്തെയും പത്താമത്തെയും പാട്ടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇമയവരമ്പന്‍ നെടുംചേരലാതന്‍, അദ്ദേഹത്തിന്റെ അനുജന്‍ പാല്‍യാനൈ ചെല്‍ കെഴുകുട്ടുവന്‍, ഇമയവരമ്പന്റെ മകന്‍ കളങ്കായ്കണ്ണി നാര്‍മുടിച്ചേരല്‍, കടല്‍പിറകോട്ടിയ ചെങ്കുട്ടുവന്‍, കുടക്കോ നെടുഞ്ചേരലാതന്റെ മകന്‍ ആട്ട് കൊട്ട് പാട്ടുച്ചേരലാതന്‍, ചെല്‍വക്കൊടുങ്കോ വാഴിയാതന്‍, തകടൂര്‍ എരിന്ത പെരിഞ്ചേരല്‍ ഇരുമ്പൊറൈ, ഇളംചേരല്‍ ഇരുമ്പൊറൈ എന്നിവരാണ് പതിറ്റുപത്തില്‍ സ്തുതിക്കപ്പെടുന്ന ചേരരാജാക്കന്മാര്‍. കുമട്ടൂര്‍ കണ്ണനാര്‍, പാലൈ ഗൗതമനാര്‍, കാപ്പിയാറ്റു കാപ്പിയനാര്‍, പരണര്‍, കാക്കൈപ്പാടിനിയാര്‍, കപിലര്‍, അരിചില്‍ കിഴാര്‍, പെരും കുന്റൂര്‍ കിഴാര്‍ എന്നിവരാണ് കവികള്‍.
ഈ കവികളും വിദ്വാന്മാരും രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ആശ്രയിച്ചു ജീവിച്ചവരാണെങ്കിലും നീതിബോധവും വിമര്‍ശനബുദ്ധിയും സ്വാതന്ത്ര്യവും അടിയറവച്ചിരുന്നില്ല. ആത്മാഭിമാനം പണയപ്പെടുത്തി സമ്മാനങ്ങള്‍ കാംക്ഷിച്ചിരുന്നുമില്ല. കടിയനെട്ടു വേട്ടുവന്‍ എന്ന സാമന്ത രാജാവിനെ സന്ദര്‍ശിച്ച പെരുന്തലൈ ചാത്തനാര്‍ എന്ന പണ്ഡിതന്, രാജാവ് തന്നെ അവഗണിച്ചുവെന്ന് സംശയം 289തോന്നിയപ്പോള്‍; തികഞ്ഞ ഐശ്വര്യമുള്ള മൂവേന്തരായാലും ആദരപൂര്‍വ്വമല്ലാതെ തരുന്നത് തങ്ങള്‍ സ്വീകരിക്കുകയില്ല. കടലിനെ സമീപിക്കുന്ന മേഘങ്ങള്‍ നീരും കൊണ്ടേ പോകൂ. ഈ അര്‍ഥികള്‍ ആന കിട്ടിയാലല്ലാതെ തിരിച്ചുപോകില്ല. അങ്ങ് രോഗരഹിതനായി വസിച്ചാലും” എന്ന് പാടിയിട്ട് തിരികെപ്പോയി. അതുപോലെ തന്നെ, പെരും ചിത്തിരനാര്‍ എന്ന പണ്ഡിതന് അതികമാന്‍ എന്ന രാജാവ്, ജോലിത്തിരക്കുമൂലം മറ്റൊരാള്‍വശം സമ്മാനം കൊടുത്തയച്ചത് കവിയെ പ്രകോപിപ്പിച്ചു. അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തു. 290 താല്പര്യത്തോടെ തരുന്നത് എത്ര ചെറുതായാലും നന്നാണ്; സമ്മാനാര്‍ത്ഥിയുടെ അറിവിന്റെ ആഴം അറിഞ്ഞതിനുശേഷമാണെങ്കില്‍. അദ്ദേഹത്തെ രാജാവ് നേരിട്ട്കണ്ട് ക്ഷമാപണം ചെയ്തുവത്രേ. പാടിയവരില്‍ 16 പേര്‍ രാജാക്കന്മാരോ, രാജകുടുംബാംഗങ്ങളോ ആണ്. 15 പേര്‍ സ്ത്രീകള്‍. കവയത്രികളുടെ കൂട്ടത്തില്‍ പാണര്‍, കുറവര്‍, കുശവര്‍, വേടര്‍ വര്‍ഗക്കാരുമുണ്ട്. കൂടുതല്‍ പാട്ടുകള്‍ ഔവയാര്‍ രചിച്ചു-33 എണ്ണം. കൊല്ലന്‍, തുണിക്കച്ചവടക്കാരന്‍ തുടങ്ങിയവരും പാടിയിട്ടുണ്ട്. രാജസഭകളിലും രണാങ്കണങ്ങളിലും കവികളെ കാണാം. രാജകുടുംബാംഗങ്ങളുടെ കഷ്ടതകളില്‍ അവര്‍ക്കു തുണ നല്‍കാനും കവികള്‍ തയ്യാറായിരുന്നതിന്, പറമ്പുമലയിലെ പാരിയുടെ പെണ്‍മക്കളെ സംരക്ഷിക്കാനായി കവി കപിലര്‍ സഹിച്ച കഷ്ടപ്പാടുകളും, ഒടുവില്‍ അവരെ തിരുക്കോയ്‌ലൂര്‍ ബ്രാഹ്മണര്‍ക്ക് വിവാഹം കഴിച്ചു നല്‍കിയശേഷം വടക്കിരുന്നു മരിക്കുന്നതും മേദുരമായ ഉദാഹരണങ്ങളാണ്. ആ അവസരത്തില്‍ കപിലര്‍ പാടിയ പാട്ട് പുറനാനൂറിലുണ്ട്(236). തങ്ങളെ സ്‌നേഹിച്ച രാജാക്കന്മാരോടൊത്ത് മരിച്ച പല കവികളുമുണ്ട്. കോപ്പെരുംചോഴന്‍ വടക്കിരുന്നു മരിച്ചപ്പോള്‍ കവി പിചിരാന്തൈയാരും പ്രാണത്യാഗം ചെയ്തു. പൊന്നിയാര്‍ എന്ന പണ്ഡിതന്‍ ഗര്‍ഭിണിയായ ഭാര്യ പ്രസവിക്കുന്നതുവരെ ജീവിക്കുകയും പ്രസവം കഴിഞ്ഞപ്പോള്‍ കോപ്പെഴും ചോഴന്റെ നടുക്കല്ലിനരുകില്‍ ചെന്ന് പ്രാണത്യാഗം ചെയ്യുകയും ചെയ്തു.
പുറനാനൂറില്‍ പരാമൃഷ്ടരായ അവസാന സംഘകാല ചോഴ രാജാക്കന്മാരായ – പെരുനര്‍കിള്ളി, ചോഴന്‍ കരികാലന്‍, ചോഴന്‍ ചെങ്കണാന്‍ എന്നിവരെപ്പറ്റി ക്രി.പി. 11-ാംനൂറ്റാണ്ടിലെ ആനമംഗലം ചേപ്പേടുകള്‍, തിരുവാലങ്കാട്ടു ചെപ്പേടുകള്‍, കന്യാകുമാരി ശിലാരേഖകള്‍ എന്നിവയില്‍ പരാമര്‍ശമുണ്ടെ291 ന്ന് വി.ആര്‍. പരമേശ്വരന്‍പിള്ള പ്രസ്താവിക്കുന്നു. ക്രി.പി. 8-ാം നൂറ്റാണ്ടിലെ വേള്‍വിക്കുടിച്ചെപ്പേടുകളില്‍, പാണ്ടിയന്‍ പല്‍യാകചാലൈ മുതുകുടുമിപ്പെരുവഴുതിയെ പ്രശംസിച്ചിട്ടുണ്ട്. ഈ രാജാവ് ധാരാളം യാഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നുള്ളതാണ് പ്രശംസയ്ക്ക് കാരണം.
കടൈച്ചങ്ക രാജാക്കന്മാരായ പാണ്ടിയന്‍ നെടുഞ്ചേഴിയന്‍, ചോഴന്‍ ഇരായചൂയം വേട്ട പെരുനര്‍ കിള്ളി, ചേരമാന്‍ യാനൈക്കാട് ചേയ് മാന്തരം ചേരല്‍ ഇരുമ്പൊറൈ എന്നിവരെപ്പറ്റി ചിന്നമണ്ണൂര്‍ ചെപ്പേടുകളില്‍ സൂചനയുണ്ട്. പാണ്ടിയന്മാര്‍ മധുരസംഘം സ്ഥാപിച്ചതിനെപ്പറ്റിയും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുറനാനൂറില്‍ പ്രകീര്‍ത്തിക്കപ്പെട്ടവനും (പാട്ട് 132), കടൈയേഴുവള്ളലുകളില്‍ ഒരാളുമായ വേള്‍ ആയ്, പൊതിയില്‍മല ഉള്‍പ്പെട്ട വേണാടിന്റെ അധിപനായ ഒരു സാമന്തനായിരുന്നു. പാണ്ഡ്യനാട്ടിന് തെക്ക് പടിഞ്ഞാറ്, പെരിയാറ്റിനും കന്യാകുമാരിക്കും ഇടയ്ക്കുള്ള തിരുവിതാംകൂറിന്റെ തെക്കുഭാഗത്തിന് വേണാടെന്നു പറഞ്ഞിരുന്നു. വേള്‍ആയ് വംശക്കാര്‍ ക്രി.പി. ഏഴും എട്ടും ശതകങ്ങളില്‍ അവിടം വാണിരുന്നുവെന്ന് വേള്‍വിക്കുടിച്ചെപ്പേടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അവരെ കോച്ചടൈയന്‍രണധീരനും പൗത്രന്‍ നെടുംചടെയന്‍ പരാന്തകനും പരാജിതരാക്കിയെന്നും പ്രസ്തുത ചെപ്പേടുകളില്‍ കാണുന്നുണ്ട്.
വടക്കേ ആര്‍ക്കാട് ജില്ലയില്‍ പോളൂരിനടുത്തുളള തിരുമലയിലെ ഒരു ശിലാരേഖയില്‍ അതിയമാന്‍ നെടുമാന്‍ അഞ്ചിയെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. അതില്‍ എഴിനി, അഞ്ചി എന്നിവരുടെ പേരുകളുണ്ട്. അവര്‍ വളയര്‍ കുലപതിയാണെന്നും കാണിച്ചിരിക്കുന്നു. വഞ്ചി തലസ്ഥാനമാക്കി ചേരരാജ്യം ഭരിച്ചവരെ കുറിക്കുന്നതാണ് ആ പ്രയോഗം. മറ്റൊരുപാട്ടില്‍ (99) അഞ്ചിക്കു അടയാള മാലയായി പനന്താര്’ പറയപ്പെട്ടിരിക്കുന്നു. അതിന്റെ വിശേഷ ഉരൈയില്‍ ‘അവനുക്കു പനന്താര്‍ കൂറിയത് ചേരമാര്‍ക്കു ഉറവാതലിന്‍’ എന്നു പറഞ്ഞു കാണുന്നു. ഇതിനെ പിന്തുണയ്ക്കുന്നതാണ് മുമ്പ് സൂചിപ്പിച്ച, തിരുമലയിലെ ശിലാരേഖയില്‍ കാണുന്ന, ചേരവംശത്ത് അതികമാന്‍ എഴിനി ചെയ്ത തര്‍മ്മം’ എന്ന എഴുത്ത്. അതിനര്‍ഥം അതിയമാന്‍, എഴിനി എന്നിവര്‍ ചേരന്മാരുടെ തന്നെ മറ്റൊരു ശാഖയായിരുന്നുവെന്നാണല്ലോ.
15-ാം പാട്ടില്‍ വേള്‍ നന്നന്‍ എന്നൊരു കുറുനിലമന്നനെക്കുറിച്ചു പറയുന്നു. ആ രാജാവ് പല്‍കുന്റക്കോട്ടത്തില്‍, ചെങ്കെമാവിലിരുന്നു ഭരണം നടത്തിയെന്ന് വി.ആര്‍. പരമേശ്വരപിള്ള പ്രസ്താവിച്ചിട്ടുണ്ട്. പറമ്പുമലയിലെ പാരി സ്ഥാപിച്ച് ആരാധിച്ചിരുന്ന പാരിച്ചൂരം എന്നൊരു ക്ഷേത്രത്തെയും, അദ്ദേഹത്തെ വാഴ്ത്തിയ കപിലരെയും, പാരിയുടെ പുത്രിമാരെയുംപറ്റി തിരുക്കോവിലൂര്‍ വീരട്ടാനേ ചുവരര്‍കോവിലിലെ ഒരു ശിലാരേഖയില്‍ കാണുന്നു. 292 അതിയമാന്‍ തകടൂര്‍ പൊരുതു വീഴ്ന്ത എഴിനി, അതിയമാന്‍ നെടുമാന്‍ അഞ്ചി, നെടുമാന്‍ അഞ്ചിയുടെ മകന്‍ പൊകുട്ടെഴിനി, ആയ്, വേള്‍ എവ്‌വി, കന്തന്‍ (നാഞ്ചില്‍ വള്ളുവന്‍), കോച്ചേരമാന്‍ യാനൈക്കട് ചെയ് മാന്തരേേഞ്ചരല്‍ ഇരുമ്പൊറൈ, ചേരമാന്‍ അന്തുവന്‍ ചേരല്‍ ഇരുമ്പൊറൈ, ചേരമാന്‍ കടലോട്ടിയ വേല്‍കെഴുക്കുട്ടുവന്‍, ചേരമാന്‍ കടുംകോ വാഴിയാതന്‍, ചേരമാന്‍ കണക്കാലിരുമ്പൊറൈ, ചേരമാന്‍ കരുവൂരേറിയ ഒള്‍പാട് കോപെരുഞ്ചേരല്‍ ഇരുമ്പൊറൈ, ചേരമാന്‍ കുട്ടുവന്‍ കോതൈ, ചേരമാന്‍ തകടൂരെറിന്ത പെരുഞ്ചേരല്‍ ഇരുമ്പൊറൈ, ചേരമാന്‍ പെരുഞ്ചേരലാതന്‍, ചേരമാന്‍ പെരുഞ്ചോറ്റുതിയന്‍ ചേരലാതന്‍, നെടുമാന്‍ ആഞ്ചി, പാരി (വേള്‍പാരി), തുടങ്ങി മിക്ക ചേരരാജാക്കന്മാരെയും രാജകുടുംബാംഗങ്ങളെയും പറ്റിയുമുള്ള പാട്ടുകള്‍ പുറനാനൂറിലുണ്ട്. മലയമാന്മാരെപ്പറ്റിയുള്ള ചില പാട്ടുകളും ഇതിലുണ്ട്.
ആയ്കള്‍ ഇടയരാണ്. ആ രാജാക്കന്മാരെ സംഘസാഹിത്യത്തില്‍ ആയ് വേളുകള്‍ എന്നാണ് വിളിക്കുന്നത്. മാവേള്‍ ആയ് എന്ന് മുടമോചിയാര്‍ (പുറം പാട്ട്135). ‘അരിചില്‍കിഴാറും മാവേള്‍’ എന്ന് സംബോധന ചെയ്യുന്നു. (പുറം 136). വേളിയര്‍ വംശത്തിന്റെ ശാഖയാണ് ആയ്കള്‍. വടക്കു- പടിഞ്ഞാറ് പെരിയാറും, തെക്കു-കിഴക്ക് താമ്രപര്‍ണിയുമായിരുന്നു ആയ് രാജ്യത്തിന്റെ അതിര്‍ത്തി. അവരുടെ ബ്രാഹ്മണരെയും പശുക്കളെയും സംരക്ഷിച്ചിരുന്നു. ഇങ്ങനെ ചേരചോള പാണ്ഡ്യര്‍ മാത്രമല്ല ആയ്കളും വേണാടരും, പാരിയും ഓരിയും കാരിയുമടക്കം പലരാജാക്കന്മാരുടെയും പൈതൃകമാണ് തമിഴകത്തിന്റേത്. ആ തമിഴക പാരമ്പര്യത്തില്‍ പ്രമുഖമായ ഒരു ധാരയാണ് ഇന്ന് ദ്രാവിഡ രാഷ്ട്രീയക്കാര്‍ തള്ളിപ്പറയുന്ന സനാതനധര്‍മ്മമെന്ന് സംഘകാല സാഹിത്യവും ചരിത്രവും സംസ്‌കാരവും വ്യക്തമാക്കുന്നുണ്ട്. ഇന്നും തമിഴ്‌നാട്ടു പാരമ്പര്യത്തില്‍നിന്ന് മുരുകനെ തള്ളിപ്പറയാന്‍ ഇവര്‍ക്കു കഴിയുമോ എന്ന ചോദ്യം ശക്തമാണ്. സംസ്‌കൃത ഭാഷയോടുള്ള അവഗണനയും തമിഴക പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണ്. ആര്യസംസ്‌കാരത്തിന്റെ പ്രചാരകരായ ജൈന ബുദ്ധമത സന്യാസിമാരാണ് ശരിക്കും തമിഴക സംസ്‌കാരത്തെയും തമിഴ് ഭാഷയെയും പ്രോത്സാഹിപ്പിച്ചതെന്ന് തമിഴിനെയും ദ്രാവിഡസംസ്‌കാരത്തെയും കുറിച്ചുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്‌കൃതഭാഷയോടും ബ്രാഹ്മണരോടുമുള്ള സ്പര്‍ദ്ധമൂലമാണ് ജൈനന്മാര്‍ പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിച്ചതെന്നും തമിഴും അപ്രകാരം ജൈനന്മാരാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ട ഭാഷയാണെന്നും കോഡിങ്ടന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യം മുന്‍ഭാഗത്ത് സൂചിപ്പിച്ചിട്ടുണ്ട്. അവസാനമായി സംഘംകൃതികളില്‍ പ്രത്യക്ഷീഭവിച്ചിട്ടുള്ള സനാതനധര്‍മ്മചിന്താപദ്ധതി പരിശോധിക്കാം.
സംഘംകൃതികളിലെ സനാതനപാരമ്പര്യം
തമിഴക വിശ്വാസധാരയുടെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും പ്രതീകമായ തിരുമുരുകന്‍ സംഘകാല ചരിത്രഘട്ടത്തിലെ കുറിഞ്ചിനിലദേവനാണെന്ന് തിണനിലചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലൊ. പത്തുപ്പാട്ടിലെ ഒന്നാമത്തെ പാട്ടായ തിരുമുരുകാറ്റുപടൈയില്‍ മുരുകന്റെ പടവീടുകളന്വേഷിച്ചുപോകുന്ന ഭക്തര്‍ക്ക് ആ പടവീടുകളിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതാണ് കാവ്യ സന്ദര്‍ഭം. ആറ്റുപടയെന്നാല്‍ വഴി പറഞ്ഞുകൊടുക്കലാണല്ലൊ. മുരുകന്‍ ശിവപാര്‍വതിമാരുടെ മകനാണെന്നത് ഓര്‍മ്മിക്കുക. പാര്‍വതി ഹിമാലയത്തിന്റെ പുത്രിയാണ്. മുരുകന്റെ ഒരു പേര് ശരവണന്‍ എന്നാണ്. ആ പേരിന്റെ ഉദ്ഭവം തിരുമുരുകാറ്റുപടയില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. മുരുകനെ പ്രകീര്‍ത്തിക്കുന്ന ആറക്ഷരമന്ത്രമാണ് ശരവണഭവ. കൊറ്റവയുടെ പുത്രനെന്നും മുരുകനെ വിശേഷിപ്പിക്കുന്നു. അപ്പോള്‍ കൊറ്റവയെന്ന മലദേവതയും യുദ്ധദേവതയും ഗിരികന്യകയായ പാര്‍വതിയുമാകുന്നു. പൊരുളധികാരത്തില്‍ മുല്ല (വനഭൂമി), കുറിഞ്ചി (പര്‍വതഭൂമി), മരുതം (കൃഷിഭൂമി) നെയ്തല്‍ (പെരുമണലുള്ള സമുദ്രഭൂമി) എന്നീ നാലുനിലങ്ങള്‍ക്കും അധിദേവതമാരായി ക്രമത്തില്‍ മായോന്‍, (ശ്രീപതി), ചേയോന്‍ (കുമാരന്‍/മുരുകന്‍), വേന്തന്‍ (ദേവേന്ദ്രന്‍), വരുണന്‍ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. മായോന്‍ എന്ന പദത്തിന് കറുപ്പുനിറമുള്ളവന്‍ എന്നും തിരുമാല്‍ അഥവാ വിഷ്ണു എന്നുമര്‍ത്ഥം. മുല്ലനിലം ഇടയനിലമാണ്. ഇടയരുടെ ദേവനാണ് ശ്രീകൃഷ്ണന്‍ എന്ന കറുപ്പ് നിറമുള്ളവന്‍. മധുരക്കാഞ്ചിയില്‍ മായോന്‍പിറന്ന ഓണം ആയ നല്ലനാള്‍ എന്ന് കൃഷ്ണനെ കുറിക്കുന്നു. പെരുമ്പാണാറ്റുപടൈയിലും മായോനെ ശ്രീകൃഷ്ണനായി വാഴ്ത്തിയിട്ടുണ്ട്. നാന്മുഖനായ ബ്രഹ്മാവിനെ പ്രസവിച്ച നീല നിറ രൂപനായ (കൃഷ്ണവര്‍ണനായ) നെടിയോന്റെ പൊക്കിളിലുള്ള പല ദലങ്ങളുള്ള താമരയുടെ അല്ലിയോട് കാഞ്ചീപുരത്തെ ഉപമിക്കുമ്പോഴും ശ്രീകൃഷ്ണന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. തിരുമുരുകാറ്റുപടയുടെ അനുബന്ധ പദത്തില്‍ മായോന്‍ മുരുകന്‍ -വിഷ്ണുവിന്റെ മരുമകന്‍ എന്ന് പരാമര്‍ശിക്കുന്നു. പരിപാടലില്‍ (3:1-33) മറുപിറപ്പ് (മറുജന്മം) നശിപ്പിക്കുന്ന, അഥവാ മോക്ഷം നല്‍കുന്ന കളങ്കമറ്റ ചേവടിയും നീലരത്‌നം പോലുള്ള തിരുമേനിയുമുള്ള മായോനെ പ്രകീര്‍ത്തിക്കുന്നു.
(തുടരും)
പരാമൃഷ്ടകൃതികള്‍
289 പൂറനാനൂറ്, പാട്ട്. 205 ഭാഷാന്തരം. വി.ആര്‍. പരമേശ്വരന്‍പിള്ള
290 ഇ.പു.പു 20
291 ഇ.പു. അവതാരിക പു. Xl vi
292 South Indian inscriptions Vol. VII. No. 863





















