സമൂഹത്തിനു മുന്‍പോട്ടു സഞ്ചരിക്കാന്‍ ചില ആശയങ്ങള്‍ ഉണ്ടായാലേ സാധ്യമാകൂ. എന്നാല്‍ ആ ആശയം തന്നെയാണ് പ്രധാനം എന്നു ചിന്തിക്കാന്‍ അതിന്റെ പ്രയോക്താക്കള്‍ ആരംഭിക്കുന്നതോടെ അതൊരു ഡോഗ്മ (dogma) ആയി മാറുകയും സമൂഹത്തിനു മുന്നോട്ടുള്ള ഗതി അസാധ്യമായിത്തീരുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കു സംഭവിച്ചത് ഇത്തരം ആശയ നിര്‍ബന്ധം മൂലമുള്ള തകര്‍ച്ചയാണ്. കാറല്‍ മാര്‍ക്‌സിനുണ്ടായിരുന്ന തെറ്റുകളും ദൗര്‍ബല്യങ്ങളും കൂടി മഹത്തായ ആശയങ്ങളാണെന്ന് പില്‍ക്കാല അനുയായികള്‍ തെറ്റിദ്ധരിച്ചു. മനുഷ്യസമൂഹം വെറും സാധാരണക്കാരായ ഒരു കൂട്ടം വ്യക്തികളുടെ സംഘാതമാണെന്നു പറയുമ്പോഴും അവര്‍ മാര്‍ക്‌സിനെ മാത്രം ദൈവതുല്യനായിക്കണ്ടു. പില്‍ക്കാലത്തുണ്ടായ ലെനിന്‍, മാവോ ഹോച്ചിമീന്‍, കാസ്‌ട്രോ, ചെഗുവേര ഇ.എം.എസ്, എ.കെ.ജി എന്നിവരെയൊക്കെ അമാനുഷന്മാരായി വിലയിരുത്തി. അവര്‍ക്കു സംഭവിച്ച വിഡ്ഢിത്തങ്ങളെപ്പോലും മഹത്തായ ചെയ്തികളെന്നു വാഴ്ത്തി. ഈ തെറ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കു മാത്രം സംഭവിച്ചതല്ല. മനുഷ്യസമൂഹം എല്ലാക്കാലത്തും ഇത്തരം അതിമാനുഷന്മാരെ വാര്‍ത്തെടുക്കാറുണ്ട്. അതൊരു പൊതുരീതിയാണ്. അതില്ലാതെയിരിക്കുക എന്നത് ആഘോഷങ്ങളില്ലാത്ത ജീവിതം പോലെ വന്ധ്യമാണ് സമൂഹത്തിന്.
‘പെരിയോരെ’ കാലാകാലങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ വ്യഗ്രത കാണിച്ച ജനസമൂഹങ്ങളിലൊന്ന് തമിഴ് ജനതയാണ്. പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍, അണ്ണാദുരൈ, എം.ജി.ആര്‍. തുടങ്ങി നിരന്തരം ദൈവങ്ങളെ വാഴിച്ച അവര്‍ അടുത്ത ദൈവമായി കാണാനാഗ്രഹിച്ചത് രജനിയെയാണെങ്കിലും അനാരോഗ്യം നിമിത്തം അദ്ദേഹം അതിനു തുനിഞ്ഞില്ല. പുതിയ ദൈവമായി വളരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് തമിഴ്‌നാട്ടില്‍ ഒരു ക്രിസ്ത്യന്‍ സംസ്ഥാനം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന വിജയ് എന്ന ചലച്ചിത്ര നടനാണ്. അദ്ദേഹത്തിന്റെ ശ്രമം എത്രത്തോളം വിജയിക്കും എന്നു കണ്ടറിയണം. ജനസംഖ്യാ കണക്കില്‍ 90% ത്തിനടുത്ത് ഹിന്ദുക്കള്‍ താമസിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാടെങ്കിലും അതില്‍ ബഹുഭൂരിപക്ഷവും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു കഴിഞ്ഞവരാണ്. അതിനാല്‍ തന്റെ പദ്ധതി വിജയിക്കുമെന്ന് അദ്ദേഹം കരുതുന്നു.
ഇത്തരം അമാനുഷികന്മാരെ വാര്‍ത്തെടുക്കുന്നതും ഒരാശയത്തെ അന്ധമായി പിന്‍തുടരുന്നതുമൊക്കെ സാമാന്യ ജനങ്ങളുടെ രീതിയാണ്. എന്നാല്‍ നേതാക്കള്‍ അങ്ങനെ ആകാന്‍ പാടില്ല. അവര്‍ മറ്റ് ആശയ പദ്ധതികളോട് സഹിഷ്ണുതയുളളവരായിരിക്കണം. മനുഷ്യന്‍ അപൂര്‍ണ്ണനാണെന്നും അതുകൊണ്ടുതന്നെ അവന്‍ സൃഷ്ടിക്കുന്ന ആശയങ്ങളും അപൂര്‍ണ്ണമായിരിക്കുമെന്നുമുള്ള തിരിച്ചറിവ് അത്യാവശ്യമാണ്. ആ തിരിച്ചറിവില്ലാത്തവര്‍ അപ്രായോഗികതയുടെ അന്ധവല്‍മീകങ്ങളായി മാറുന്നു. മതേതരത്വം, ജനാധിപത്യം എന്നിവ നല്ല ആശയങ്ങളാണ്. അവ ഏതു സമൂഹത്തിലും നിലനില്‍ക്കേണ്ടതുമാണ്. എന്നാല്‍ അവ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴുതിവീണാല്‍ അരാജകത്വമാവും ഫലം. മതേതരത്വത്തിനുവേണ്ടിയും ജനാധിപത്യത്തിനുവേണ്ടിയും അവയുടെ പ്രായോഗിക പരിമിതികളും സാധ്യതകളും പരിഗണിക്കാതെ വാദിക്കുന്നവര്‍ ആത്യന്തികമായി രാജ്യത്തിന്റെയും മനുഷ്യവംശത്തിന്റെയും ശത്രുക്കളായി മാറുന്നതു കാണാം. അത്തരത്തിലൊരാളാണ് മാതൃഭൂമിയുടെ പ്രിയപുത്രന്മാരില്‍ ഒരാളായ രാമചന്ദ്ര ഗുഹ.
മാതൃഭൂമിയുടെ ഓണം വിശേഷാല്‍പ്പതിപ്പില്‍ ഈ ഗുഹയുമായി ഒരു അഭിമുഖമുണ്ട്. ചരിത്രം ഇന്ന് തീരെ വിശ്വസിക്കാനാവാത്തവിധം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ പര്യവേഷണങ്ങള്‍ നിലവിലുള്ള ധാരണകളെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. ചരിത്രകാരന്മാരുടെ മൂല്യവും അതുകൊണ്ടു തന്നെ ഇടിയുന്നു. ഡിഗ്രിയ്ക്കും എം.എയ്ക്കും സെക്കന്റ് ക്ലാസുമാത്രം നേടിയ ഒരു ശരാശരിയിലും താഴ്ന്ന ബുദ്ധിനിലവാരവും അറിവുമുള്ള ഈ രാമചന്ദ്രഗുഹയ്ക്ക് എന്താണിത്ര പരിഗണന. അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. കാര്യമായ നിലവാരം ഒന്നുമില്ലാത്ത പുതിയ അന്വേഷണങ്ങളോ നിലപാടുകളോ ഒന്നുമില്ലാത്ത ശരാശരിയില്‍ താഴ്ന്ന കൃതികള്‍. എന്നിട്ടും മാതൃഭൂമി അദ്ദേഹത്തിന് കോളം നല്‍കിയിരിക്കുന്നു. വലിയ മഹാനെന്ന വണ്ണം അഭിമുഖവുമൊക്ക കൊടുക്കുന്നു. ഉദ്ദേശ്യം വ്യക്തം. അഭിമുഖത്തിലെ ഗുഹയുടെ വാക്കുകളില്‍ത്തന്നെ അതിനുള്ള ഉത്തരമുണ്ട്. മാതൃഭൂമിക്കു പഥ്യമായ ദേശവിരുദ്ധനിലപാടുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന വ്യക്തിയാണ് രാമചന്ദ്രഗുഹ.
മതേതരത്വം, ജനാധിപത്യം എന്നിവയ്ക്കുവേണ്ടി വീട്ടുവീഴ്ചയില്ലാതെ വാദിക്കുന്നുവെന്നാണ് ഗുഹയുടെ നാട്യം. ഇന്ത്യയെപ്പോലെ ജനപ്പെരുപ്പം കൊണ്ടു പൊറുതിമുട്ടുന്ന ഒരുനാട്ടില്‍, ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മാറില്‍നിന്നും നുഴഞ്ഞു കയറുന്നവരെ ജനാധിപത്യത്തിന്റെയും മാനവികതയുടെയും പേരു പറഞ്ഞ് എങ്ങനെ പിന്‍തുണയ്ക്കാന്‍ കഴിയും.
പണ്ടൊക്കെ ഓണപ്പതിപ്പുകള്‍ കാത്തിരിക്കുമായിരുന്നു. കിട്ടുന്നവയൊക്കെ വിലപ്പെട്ട നിധിപോലെ പുസ്തക ശേഖരത്തോടൊപ്പം ചേര്‍ ത്തുവയ്ക്കുകയും ചെയ്തിരുന്നു. ഇന്നാരും അങ്ങനെ ഏതെങ്കിലും വാര്‍ഷികപ്പതിപ്പിനുവേണ്ടി ജാഗ്രത കാണിക്കാനിടയില്ല. കാരണം സവിശേഷമായ എന്തെങ്കിലും അറിവ് പകരാന്‍ ഇത്തരം പതിപ്പുകള്‍ക്കു കരുത്തില്ല. മാത്രവുമല്ല ഇന്റര്‍നെറ്റും ഗൂഗിളും ഇപ്പോള്‍ എഐയുമൊക്കെച്ചേര്‍ന്നു വൈജ്ഞാനികാവശ്യങ്ങള്‍ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നു. സര്‍ഗ്ഗാത്മകരചനകള്‍ക്കു വേണ്ടി മാത്രമാണിവ ആവശ്യമായി വരുന്നത്. അതിലും വിശേഷ വിധിയായി എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ വായനക്കാരനില്ല. മാതൃഭൂമിയുടെ ഇത്തവണത്തെ ഓണപ്പതിപ്പില്‍ നിന്ന് ആദ്യം വായിച്ചത് കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയാണ് കേള്‍വി. പഴയകാല കവികളെപ്പോലെ സ്വന്തം കവിതയുടെ ബലത്തില്‍ നിലനില്‍ക്കാന്‍ ഇന്നത്തെ കവികള്‍ക്കു കഴിയുന്നില്ല. മാധ്യമങ്ങളുടെ പിന്തുണയില്ലെങ്കില്‍ പിന്നെ കവിയില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. കെ.ജി.എസിന്റെ സ്ഥിതിയും അതുതന്നെ. സ്വന്തം കവിതകളൊന്നും വായനക്കാരുടെ ഹൃദയത്തിലില്ല എന്ന് കവിക്ക് അറിയാമെന്നു തോന്നുന്നു. പഴയ ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ നിശ്ശബ്ദത, ബംഗാള്‍ എന്നീ കവിതകള്‍ ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട്. മറ്റു വായനക്കാര്‍ ഓര്‍ക്കുന്നുണ്ടോ എന്തോ? കൊച്ചിയിലെ വൃക്ഷങ്ങളും സംഭാഷണവും ചിലര്‍ എടുത്തു പറഞ്ഞുകണ്ടിട്ടുണ്ട്. ”തൃക്കാക്കര മുതല്‍ കൊച്ചി തുറമുഖം വരെയുള്ള വഴി പഴഞ്ചൊല്ലുപോലെ നാട്ടുവെളിച്ചം നിറഞ്ഞതായിരുന്നു” എന്നും. മരങ്ങളില്‍ ”ചിലത് പടിഞ്ഞാറന്‍കാറ്റിനു വീണയായി” എന്നും ഒക്കെ എഴുതിയ കൊച്ചിയിലെ വൃക്ഷങ്ങള്‍ നല്ല കവിതയാണ്. ഇടപ്പള്ളി, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പി. തുടങ്ങിയവരെയൊക്കെ സ്മരിക്കുന്ന കവിതയ്ക്ക് പാരമ്പര്യത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
‘കേള്‍വി’ എന്ന ഈ കവിതയ്ക്ക് അങ്ങനെ ചില പിന്‍തള്ളുകളുണ്ട്. വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലും മലതുരക്കലും ഉദ്ധരിക്കപ്പെടുന്നുണ്ട്. മഹാഭാരതം കിളിപ്പാട്ടിലെ ഗാന്ധാരീ വിലാപത്തില്‍ നിന്നും ചിലവരികള്‍ കവിതയ്ക്കു താങ്ങായുണ്ട്. അവിടം കൊണ്ടും നില്‍ക്കുന്നില്ല. വാള്‍ട്ട്ഡിസ്‌നി നിര്‍മ്മിച്ച റോബര്‍ട്ട് സ്റ്റീവന്‍സണ്‍ ചിത്രം ‘That Darn Cat’ പോലും കവിതയില്‍ എത്തിനോക്കുന്നുണ്ട്. ഇതൊക്കെയുള്ളതുകൊണ്ട് കവിത ഒരുവിധം പിടിച്ചു നില്‍ക്കുന്നുണ്ട് എന്നെ പറയാന്‍ കഴിയൂ. കല്പറ്റ നാരായണന്റെ ലഘു കവിതകള്‍; പറുദീസാ നഷ്ടം, ഒറ്റമൂലി. ഒറ്റ മൂലിയില്‍ രസകരമായ നിരീക്ഷണവും ഗുണപാഠവുമുണ്ട്. ”മുങ്ങിച്ചത്തവന്റെ കൈയിലെ കച്ചിത്തുരുമ്പ് നന്നായി പൊടിച്ച് പാലില്‍ ചേര്‍ത്തു സേവിച്ചാല്‍ വിഷാദരോഗം ഒരാഴ്ചയ്ക്കകം ശമിക്കും” എന്നത് പഴയ വൃദ്ധന്മാര്‍ പുതിയ തലമുറയെ പരിഹസിക്കുന്നത് പോലുണ്ട്.
മാതൃത്വത്തെ മഹത്വവല്‍ക്കരിക്കരുതെന്നും അത് ജീവശാസ്ത്രപരമായ ഒരു ദൗത്യം മാത്രമാണെന്നും പുതിയ തലമുറയിലെ ഫെമിനിസ്റ്റുകള്‍ പറഞ്ഞു നടന്നത് ഇപ്പോള്‍ പല സ്ത്രീകളും ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. മാത്രവുമല്ല ആ ദൗത്യം നിര്‍വ്വഹിക്കാന്‍ പലരും വിസമ്മതിച്ചു തുടങ്ങിയിരിക്കുന്നു. വിവാഹം കഴിക്കാന്‍ താല്പര്യമില്ലാത്ത സ്ത്രീകളും; കഴിച്ചാല്‍ത്തന്നെ കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവരും, ഒറ്റക്കുട്ടി മാത്രം മതിയെന്നു വയ്ക്കുന്നവരുമൊക്കെ ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. മുന്‍കാലങ്ങളിലും മക്കളെ ഉപേക്ഷിച്ചുപോകുന്ന മാതാക്കള്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ അച്ഛന്മാരേക്കാള്‍ അമ്മമാര്‍ മക്കളെ ഉപേക്ഷിക്കുന്നു. കഴിഞ്ഞതലമുറയില്‍ അച്ഛന്മാരാണ് മക്കളെ ഇട്ടെറിഞ്ഞു പോയി പരസ്ത്രീകളെ സ്വീകരിച്ചുപോന്നത്. എന്നാല്‍ ഈ തലമുറയില്‍ അത്തരം അച്ഛന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമ്മമാരുടെ എണ്ണം. മാതൃത്വത്തിന്റെ ഭാരവും പേറി ജീവിതകാലം മുഴുവന്‍ ത്യാഗം സഹിക്കേണ്ട ആവശ്യമില്ലെന്ന് ധാരാളം പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു.
മാതൃത്വം ചോദ്യം ചെയ്യപ്പെട്ടുന്ന കാലത്താണ് ‘മലയാളത്തെ പോറ്റിയ അമ്മമാര്‍ എന്ന പേരില്‍ പ്രശസ്തര്‍ അവരുടെ അമ്മമാരെക്കുറിച്ച് മാതൃഭൂമിയിലൂടെ സംസാരിക്കുന്നത്. രണ്ടുഭാഗങ്ങളായി 580 പേജുകളില്‍ പരന്നു കിടക്കുന്ന ഓണപ്പതിപ്പില്‍ ഒരു ഭാഗത്തിന്റെ പകുതിയും മലയാളത്തിന്റെ പ്രമുഖരായ ചില എഴുത്തുകാരുടെ അമ്മമാരെ കുറിച്ചുള്ള സ്മരണകളാണ്. 12 പ്രമുഖ എഴുത്തുകാര്‍ തങ്ങളുടെ അമ്മമാരെ സ്മരിക്കുന്നു. ആ നിരയില്‍ സി. രാധാകൃഷ്ണന്‍ മുതല്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വരെയുണ്ട്. എല്ലാവരുടെ സ്മരണകളും മാതൃത്വത്തിന്റെ ചൂരും തണുപ്പും നമുക്ക് അനുഭവപ്പെടുന്നവയാണ്. എന്നാല്‍ കവിതയോടു ഈ ലേഖകന് പ്രത്യേക പക്ഷപാതിത്വം ഉള്ളതു കൊണ്ടാവാം സച്ചിദാനന്ദന്റെ മാതൃസ്മരണയാണ് കൂടുതല്‍ ഹൃദ്യമായി തോന്നിയത്. ഗദ്യത്തിലെഴുതുന്നു എന്നതിന്റെ പേരില്‍ ചില കാവ്യാസ്വാദകര്‍ സച്ചിദാനന്ദനിലെ കവിയെ തള്ളിപ്പറയാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളുടെ കടുത്ത വിമര്‍ശകനാണ് ഈ ലേഖകനെങ്കിലും സച്ചിദാനന്ദന്റെ കവിതകള്‍ എനിക്കു മഴവില്ലുകാണുന്നതുപോലെ മനോഹരങ്ങളാണ്. ഈ പംക്തിയില്‍ പലപ്പോഴും അത് ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്.
പരിസ്ഥിതി-മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പേരുപറഞ്ഞ് ഇന്ത്യയെപ്പോലെ വികസിച്ചു വരുന്ന രാജ്യങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ അമേരിക്ക പോലുള്ള വിദേശരാജ്യങ്ങള്‍ ഫണ്ടു നല്‍കി പ്രോത്സാഹിപ്പിക്കുന്ന എന്‍.ജി.ഒകളുമായി ചേര്‍ന്ന് ഇന്ത്യയിലെ പല എഴുത്തുകാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ചിലര്‍ അറിഞ്ഞുകൊണ്ടും മറ്റു ചിലര്‍ അറിയാതെയുമാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. അരുന്ധതി റോയിയെപ്പോലുള്ളവര്‍ എല്ലാം മനസ്സിലാക്കിയിട്ടു തന്നെയാണ് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. സച്ചിദാനന്ദന്‍ അറിഞ്ഞിട്ടാണോ എന്നു നിശ്ചയമില്ല. അദ്ദേഹത്തിന്റെ പല നിലപാടുകളും ഇന്ത്യയെ തകര്‍ക്കുന്നതിനു സഹായിക്കുന്നവയാണ്. ഇത്രയും നന്നായി കവിത എഴുതുന്ന ഒരാള്‍ക്ക് എങ്ങനെ ജന്മരാജ്യത്തെ ബോധപൂര്‍വ്വം എതിര്‍ക്കാനാവും എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളില്‍ നിറച്ചും ഭാരത സംസ്‌കൃതിയുടെ അടയാളങ്ങള്‍ കാണാം. അത്തരം കാര്യങ്ങള്‍ വായിച്ചറിഞ്ഞ ഒരാള്‍ക്ക് എങ്ങനെ ആ മഹാസംസ്‌കാരത്തെ നിഷേധിക്കുന്ന, അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൂടെ നടക്കാനാവും എന്നൊക്കെ പലപ്പോഴും ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. എന്തായാലും സച്ചിദാനന്ദന്റെ അമ്മയോര്‍മ്മകള്‍ അവയുടെ കവിത്വഭംഗികളാല്‍ മനോഹരമാണ്.
അമ്മയെക്കുറിച്ചു കവി എഴുതിയ അഞ്ചു കവിതകള്‍ അദ്ദേഹം ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഒരേ വിഷയത്തെക്കുറിച്ചു തന്നെ നൂറുകണക്കിനു കവിതകളെഴുതിയിട്ടുള്ള പല കവികളേയും കണ്ടിട്ടുണ്ട്. സൂര്യനെക്കുറിച്ചു മാത്രം നാലായിരം കവിത എഴുതിയതായി ഈയടുത്ത് ഒരു കവി അവകാശപ്പെടുന്നതു കണ്ടിരുന്നു. ഒരേ വിഷയത്തെക്കുറിച്ച് ഒന്നിലധികം കവിതകള്‍ എഴുതുന്നതിലദ്ഭുതമില്ല. എന്നാല്‍ അഞ്ചു കവിതകളും ഒന്നിനൊന്നു മെച്ചമായിരിക്കുക എന്നത് ആശ്ചര്യജനകമായ സംഗതിയാണ്. ‘എന്റെ അമ്മ ധ്രുവനക്ഷത്രമല്ല ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീമാത്രം… അവര്‍ പൊരുതിയത് അടുക്കളയിലെ പച്ചവിറകിനോടും അലക്കുതൊട്ടിയിലെ കട്ടിവിരിപ്പിനോടും കുട്ടികളെ വിഴുങ്ങാന്‍ വന്ന പട്ടിണിയോടും മാത്രം.” എന്നെഴുതുന്ന 1989 ലെ കവിതയും ”ഒറ്റയ്ക്കു നടക്കുമ്പോള്‍ ആലില പോലെ അവള്‍ പിറുപിറുക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്” എന്നെഴുതിയ മറ്റൊരമ്മ കവിതയും അനന്യമനോഹരങ്ങള്‍ തന്നെ. അമ്മയുടെ മരണത്തിനുശേഷം ”ഇപ്പോഴേ എനിക്കു കാണാം അമ്മ ആകാശത്തെ കറുമ്പിപ്പൈക്കളുടെ പിറകേ ഓടുന്നത്, ചന്ദ്രന്റെ തട്ടിമറിഞ്ഞ പാല്‍ പാത്രം നേരേ വയ്ക്കുന്നത്, അന്യഗ്രഹങ്ങ ളില്‍ പശുവിനു പുല്ലുതേടി അലയുന്നത്, നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്, പറന്നു നടക്കുന്ന ആത്മാക്കളോട് സംസാരിക്കുന്നത്… ഇടി മിന്നലിന്റെ പൂക്കുല പിടിച്ചു നുള്ളുന്നത്.” എന്നൊക്കെ എഴുതുന്നതു കാണുമ്പോള്‍ ദൈവത്തിന്റെ തൂലിക കൈവശമുള്ള ഒരാള്‍ എന്തിനാണ് സാത്താനോടൊപ്പം നടക്കാന്‍ ശ്രമിക്കുന്നത് എന്നു സംശയിച്ചുപോകുന്നു. ഇത്രയും മനോഹരമായ കവിത എഴുതിയിട്ട് ഏറ്റവും മോശം നിലപാടുകള്‍ മൂലം ഇക്കവി വെറുക്കപ്പെടുന്നതില്‍ ഖേദിക്കുന്നു.






















