കാനഡയുടെ മണ്ണിലെത്തി തങ്ങളുടെ നാടിന്റെ പൗരനായ ന ിജ്ജാറിനെ കൊലപ്പെടുത്തിയതാരായാലും അവര്‍ അന്തര്‍ദ്ദേശീയ നിയമങ്ങളെ അവമതിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അന്ന് അഭിപ്രായപ്പെട്ടിരുന്നത്. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിന്റെ പഴി അദ്ദേഹം ചാരുന്നത് ഭാരതത്തിനു മേലെത്തന്നെയാണ്. മൊസാദിനെ അനുകരിച്ചുകൊണ്ട് തങ്ങള്‍ക്ക് അനഭിമതരായിട്ടുള്ളവരെ ഉന്മൂലനം ചെയ്യുക എന്ന അപകടകരമായ വഴിയിലൂടെയാണ് ഭാരതം തത്സമയം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് കാനഡയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചില കോണുകളില്‍ നിന്നെങ്കിലും ശബ്ദമുയരുന്നുണ്ട്. ഈ ആരോപണങ്ങളിലെ സത്യമാരായുക എന്നത് ഇവിടത്തെ ഉദ്ദേശ്യമല്ലെങ്കിലും മൊസാദിനെക്കുറിച്ചുള്ള ചെറിയൊരു വിശദീകരണം ഈയവസരത്തില്‍ അനുയോജ്യമാവുമെന്നു തോന്നുന്നു.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ് ടെല്‍ അവീവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊസാദ്. അമേരിക്കന്‍ സെന്‍ട്രല്‍ ഏജന്‍സിയോടും ബ്രിട്ടന്റെ എം െഎ 6-നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണത്. 1972-ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി വധിച്ചത്, 1976-ല്‍ പാലസ്തീന്‍ ഭീകരവാദ സംഘടനയായ ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീ’നും ജര്‍മ്മന്‍ ഭീകരവാദസംഘടനയായ, ‘റെഡ് അര്‍മി ഫാക്ഷ’നും ചേര്‍ന്ന് ഹൈജാക്ക് ചെയ്ത് ഉഗാണ്ടയില്‍ ഇറക്കിയ വിമാനത്തില്‍ നിന്ന് ഇസ്രായേലി യാത്രക്കാരെ മോചിപ്പിച്ചത്, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാംകോണ്‍ഗ്രസ്സ് മീറ്റില്‍ സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം പുറത്തുകൊണ്ടുവന്നത്, ഇറാക്കിലെ ഒസിറാഗ് ആണവനിലയത്തെക്കുറിച്ചുള്ള വിവരം ശേഖരിച്ച്, 1981-ല്‍ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകര്‍ത്തത്, 1960 മേയ്മാസം 22-ാം തിയതി, നാസിപ്പടത്തലവന്‍ അഡോള്‍ഫ് ഇച്ച്മാനെ തട്ടിക്കൊണ്ടു പോയത്, തുടങ്ങി അന്തര്‍ദ്ദേശീയ തലത്തില്‍ അവര്‍ അരങ്ങേറ്റിയ സാഹസങ്ങളെല്ലാം മൊസാദിന്റെ യശസ്സിന് ഒളി ചാര്‍ത്തിക്കൊണ്ട് അതിന്റെ ചരിത്രത്തില്‍ അഭംഗുരം നിലനില്ക്കുന്നുണ്ട്. അതില്‍ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും, തങ്ങളുടെ ശത്രുക്കള്‍ ലോകത്തിന്റെ ഏതു മൂലയില്‍ പോയൊളിച്ചാലും അവരെ അവരുടെ മാളത്തില്‍ത്തന്നെ ചെന്ന് നെഞ്ചിടിപ്പിന് വിരാമമിടുകയൊ മെരുക്കി സ്വന്തം രാജ്യത്തേക്കു കൊണ്ടുവന്ന് അനുയോജ്യമായ ശിക്ഷ നടപ്പാക്കുകയോ ചെയ്യുക എന്ന മൊസാദിലെ ചുണക്കുട്ടികളുടെ രീതികള്‍ ലോകംതന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അത്തരത്തിലൊന്നാണ് അഡോള്‍ഫ് ഇച്ച്മാന്‍ എന്ന നാസിപ്പടത്തലവനെ കെണിവെച്ചു പിടിച്ചു ശിക്ഷിക്കാനായി മൊസാദ് കൈക്കാണ്ട തന്ത്രങ്ങളിലൂടെ ചുരുളഴിയുന്നത്.
1960 മേയ് 20. സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 50-ാം വര്‍ഷത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് അര്‍ജന്റീന. അവിടത്തെ യസീസ് വിമാനത്താവളത്തില്‍നിന്ന് ഒരു വിമാനം പറന്നുപൊങ്ങാന്‍ കാത്തുനില്ക്കുകയാണ്. വാര്‍ഷികാഘോഷത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിശിഷ്ടാതിഥികളെ കൊണ്ടുവന്ന വിമാനങ്ങളെല്ലാം കുറച്ചപ്പുറത്തുകിടന്ന് ഇളപ്പാറ്റുന്നുണ്ട്. തയ്യാറായി നില്ക്കുന്ന ഒരു വിമാനത്തിനടുത്തേക്ക് വിമാനജോലിക്കാരെപ്പോലെ തോന്നിക്കുന്ന രണ്ടുപേര്‍ ഒരു കാറില്‍ വന്നിറങ്ങി. വീല്‍ചെയറൊന്നില്‍, വൈമാനികന്റെ യൂനിഫോമില്‍ ഉള്ള, തികച്ചും അവശനായ മറ്റൊരാളെയും ശ്രദ്ധാപൂര്‍വ്വം തള്ളിക്കൊണ്ടാണ് അവര്‍ വിമാനത്തിനടുത്തേക്ക് സഞ്ചരിച്ചിരുന്നത്. ഏതോ മഹാവ്യാധി ബാധിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നുംവിധമാണ് അയാള്‍ വീല്‍ചെയറില്‍ ഇരിക്കുന്നത്. വൈമാനികരായിരുന്നതിനാല്‍ രേഖകള്‍ തയ്യാറാക്കാനൊന്നും അവര്‍ക്ക് അധികനേരം കാത്തുനില്‌ക്കേണ്ടി വന്നില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ വിമാനത്തികത്തേക്ക് കയറി. ഇസ്രായലിലേക്കുള്ളതാണ് ആ വിമാനം. അധികമൊന്നും കാത്തിരിക്കാതെ ചുറുചുറുക്കുള്ള ഫാല്‍ക്കന്‍ പക്ഷിയെപ്പോലെ യാത്രക്കാരെയും വഹിച്ചുകൊണ്ട് അത് ആകാശത്തിന്റെ ഉയരങ്ങളെ തുളച്ചുകടന്നു പറന്നു.
മേയ്മാസം 22-ാം തിയതി, ഇസ്രായലിലെ വിമാനത്താവളത്തിലറങ്ങിയ ആ മൂന്നുപേരെയും അതീവവേഗത്തിലെത്തിയ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ട് പട്ടാളവേഷത്തിലുള്ള ചിലര്‍ ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് തിരക്കു പിടിച്ച് പാഞ്ഞകന്നു.
അടുത്ത ദിവസം കൂടിയ ഇസ്രയേല്‍ പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി, ഡേവിഡ് ബേന്‍ ഗോറിയോണ്‍ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് അവിടെയുണ്ടായിരുന്നവരെല്ലാവരും കേട്ടത്. അത് ഇങ്ങനെയായിരുന്നു: ‘എനിക്കിന്ന് നിങ്ങളോട് അതീവപ്രാധാന്യമുള്ള ഒരു കാര്യം വെളിപ്പെടുത്താനുണ്ട്. ഒരു പക്ഷേ, നമ്മുടെ രഹസ്യാന്വേഷണസംഘടനയായ ‘മൊസാദി’ന്റെ രൂപീകരണത്തിനുശേഷമുള്ള ആദ്യത്തെ അതിപ്രധാനമായ നേട്ടം എന്നു വേണമെങ്കില്‍ ഈ സംഭവത്തെ വിശേഷിപ്പിക്കാം.’ എന്താണ് പ്രധാനമന്ത്രി പറയാന്‍ പോകുന്നതെന്നറിയാന്‍ ക്ഷമയറ്റു കാത്തിരിക്കുന്ന പാര്‍ലമെന്റംഗങ്ങളുടെ ജിജ്ഞാസയുടെ അഗ്നിയെ ജലം തളിച്ചുകെടുത്തിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു: ‘നമ്മുടെ പൂര്‍വ്വികന്മാരെ ജര്‍മ്മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹിറ്റ്‌ലറുടെ വലംകയ്യായിരുന്ന അഡോള്‍ഫ് ഇച്ച്മാനെന്ന വംശദ്രോഹിയെ, നമ്മുടെ രഹസ്യാന്വേഷണവിഭാഗമായ മൊസാദിന്റെ ചുണക്കുട്ടന്മാര്‍ അര്‍ജന്റീനയില്‍ വെച്ച് പിടികൂടി ഇവിടെയെത്തിച്ചിട്ടുണ്ട്. വിമാനജോലിക്കാരുടെ വേഷമണിഞ്ഞ് അര്‍ജന്റീനിയന്‍ അധികൃതരുടെ കണ്ണുവെട്ടിച്ചുകൊണ്ട് വലിയൊരു അപായസാധ്യതയെയും മറികടന്നുകൊണ്ടാണ് അവര്‍ അത് ചെയ്തിരിക്കുന്നത്.’ അപകടം പതിയിരിക്കുന്ന വലിയൊരു ദൗത്യം അസാധാരണമായ കര്‍മ്മസാമര്‍ത്ഥ്യത്തോടെ നിറവേറ്റിയ മൊസാദിന്റെ ഭടന്മാരെ അവിടെ കൂടിയിരുന്ന ഓരോരുത്തരും മനസ്സുകൊണ്ടഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞതുപോലെ, മൊസാദ് എന്ന രഹസ്യാന്വേഷണസംഘടന രൂപംകൊണ്ടതിനുശേഷം അതിന്റെ ആദ്യത്തെ ദൗത്യമായിരുന്നു അത്. തുടക്കം മുതല്‍തന്നെ അങ്ങനെയായിരുന്നു മൊസാദിന്റെ പ്രവര്‍ത്തനശൈലി. എത്ര അപകടസാധ്യതയുള്ള ദൗത്യമാണെങ്കിലും അവര്‍ ഒന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ അത് തീര്‍ത്തിരിക്കും. തുനിഞ്ഞിറങ്ങിയാല്‍ അവസാനത്തെ കതിരും കൊയ്തതിനു ശേഷമേ അവര്‍ വരമ്പത്തേക്ക് കയറൂ! അത്തരത്തിലൊരു പ്രവര്‍ത്തനസാമര്‍ത്ഥ്യംതന്നെയാണ് അഡോള്‍ഫ് ഇച്ച്മാനെ വലയിട്ടുപിടിക്കുന്നതിലും മൊസാദ് പ്രദര്‍ശിപ്പിച്ചത്.
അറുപതു ലക്ഷത്തോളം വരുന്ന നിരപരാധികളായ ജൂതന്മാരെ, അവര്‍ ജന്മംകൊണ്ട് ജൂതരായിപ്പിറന്നുപോയി എന്ന ഒരേ ഒരു കുറ്റത്തിന് ചിത്രവധം ചെയ്തു കൊലപ്പെടുത്തിയ ഹിറ്റ്‌ലറുടെ പടപ്പാളയത്തിലെ, വിശ്വസ്തനായ പടനായകനായിരുന്നു അഡോള്‍ഫ് ഇച്ച്മാന്‍.
ജന്മംകൊണ്ട് ജൂതരായി ജനിച്ച ‘കുറ്റ’ത്തിന്, ഹിറ്റ്‌ലറുടെ ക്യാമ്പുകളില്‍ ജൂതന്മാരനുഭവിച്ച കൊടുംയാതനകളെക്കുറിച്ചും ഹിറ്റ്‌ലറുടെ പടപ്പാളയത്തിലേക്ക് ഇച്ച്മാന്റെ രംഗപ്രവേശത്തെക്കുറിച്ചും ജൂതന്മാര്‍ക്കെതിരെ അയാളഴിച്ചുവിട്ട ക്രൂര വിളയാട്ടങ്ങളെക്കുറിച്ചും ഉള്ള ചരിത്രത്തിലേക്ക് ഒരു ‘നോട്ടപ്രദിക്ഷണം’ ഇവിടെ അനുയോജ്യമാവുമെന്നു തോന്നുന്നു.
ജൂതന്മാരോട് കൃസ്ത്യാനികള്‍ക്കുള്ള വിദ്വേഷത്തിന് ഹിറ്റ്‌ലറിന്റെ കാലത്തോളം മാത്രമല്ല പഴക്കമുള്ളത്. ഏതാണ്ട് മദ്ധ്യകാലത്തിന്റെ ആരംഭംതൊട്ടുതന്നെ അവര്‍ നിരന്തരം വേട്ടയാടപ്പെടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി കൃസ്തുമതം നിലവില്‍ വന്ന കാലത്തുതന്നെ ആ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാലസ്തീനില്‍ നിന്ന് മതപരമായ കാരണങ്ങളാല്‍ യഹൂദന്മാര്‍ തുരത്തപ്പെട്ടു. അക്കാലത്തുണ്ടായ കലാപങ്ങളില്‍ ഏകദേശം അഞ്ചു ലക്ഷം യഹൂദന്മാരുടെ ജീവനാണ് നഷ്ടമായത്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ അടിമകളായി. ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു അപഭ്രംശമായിട്ടാണ് യഹൂദമതത്തെ അന്നത്തെ ക്രൈസ്തവരും മുസ്ലീങ്ങളും കണക്കാക്കിയിരുന്നത്. യഹൂദരെ ക്രൈസ്തവവിശ്വാസത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ സാമദാനഭേദദണ്ഡമുറകളിലൂടെ പില്ക്കാലത്ത് പരിശ്രമങ്ങള്‍ നടന്നു. അതിനു വശംവദരായി കൃസ്തുമതം സ്വീകരിച്ച ജൂതന്മാര്‍പോലും പക്ഷേ, അധഃകൃതരായി കണക്കാക്കപ്പെട്ട് വേട്ടയാടപ്പെട്ടവരിലുണ്ടായിരുന്നു.
യേശുകൃസ്തുവിനെ കുരിശില്‍ തറച്ചു കൊന്നത് യഹൂദന്മാരായിരുന്നു എന്ന കുറ്റത്തിനാണ് പില്ക്കാലത്ത് യഹൂദന്മാരെ കൃസ്ത്യാനികള്‍ വേട്ടയാടിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുപോലെത്തന്നെ, ഇസ്ലാമതത്തിന്റെ പ്രാരംഭകാലം മുതല്‍തന്നെ (മുഹമ്മദിന്റെ കാലം തൊട്ടുതന്നെ എന്നു വായിക്കുക) യഹൂദന്മാരുടെ വംശനാശത്തിനുള്ള ആഹ്വാനങ്ങളും പരിശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. മദീനയിലെ മുസ്ലീങ്ങളെ, മക്കയിലുള്ള ബഹുദൈവാരാധകരായ ഖുറേഷികള്‍ ആക്രമിച്ചപ്പോള്‍ മുസ്ലീങ്ങളുടെ കൂടെ ചേര്‍ന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് 627 ഏപ്രില്‍ മാസത്തില്‍ മദീനയിലെ ബേനു ഖുറേഷിയ എന്നു വിളിക്കപ്പെട്ട ജൂതഗോത്രത്തിലെ എല്ലാ പുരുഷന്മാരെയും തലയറുത്തുകൊല്ലാന്‍ മുഹമ്മദ് ഉത്തരവു പുറപ്പെടുവിക്കുന്നത്. പുരുഷന്മാരുടെയെല്ലാം കൈകള്‍ പിന്‍ഭാഗത്തേക്ക് ചേര്‍ത്തു കെട്ടിയശേഷം മദീനയിലെ ചന്തയില്‍ കൂടിയ പുരുഷാരത്തെ സാക്ഷി നിര്‍ത്തിക്കൊണ്ട് മുഹമ്മദും അനുയായികളും ചേര്‍ന്ന് കൂട്ടക്കുരുതി നടത്തി, അവിടെയുണ്ടായിരുന്ന കിണറ്റിലേക്ക് തള്ളി. (1921-ല്‍ നടന്ന മാപ്പിളലഹളക്കാലത്ത്, തൂവൂര്‍, നാഗാളിക്കാവ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളെ വെട്ടിക്കൊന്ന് കിണറ്റില്‍ തള്ളിയത് ഈ ദുഷ്ടപ്രവൃത്തിയുടെ പില്ക്കാലത്തെ പുതിയ പതിപ്പായിരുന്നു). ഗുഹ്യരോമം വളര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് എന്ന പ്രവാചകനും അനുചരന്മാരും അന്ന് കുട്ടികളെയും മുതിര്‍ന്നവരെയും തരംതിരിച്ചത്. പകലും രാത്രിയും നീണ്ടുനിന്ന ഈ വാംശികോന്മൂലനത്തിനൊടുവില്‍ ബാനുഖുറേഷിയ ഗോത്രക്കാരുടെ സ്വത്തുക്കളെല്ലാം യുദ്ധമുതലാക്കി മുഹമ്മദും അനുയായികളും പങ്കിട്ടെടുത്തു. അവരിലെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കിപ്പിടിച്ചു. അടിമകളാവാന്‍ വിസമ്മതിച്ച സ്ത്രീജനങ്ങളെ മുഹമ്മദിന്റെ പോരാളികള്‍ നിഷ്ഠുരം കഴുത്തറുത്തു കൊന്നു. (നിസ്സഹായരായ സ്ത്രീകള്‍ പുഞ്ചിരിയോടെ മരണത്തെ പുല്കുന്ന ദാരുണമായ കാഴ്ച, മുഹമ്മദിന്റെ ഭാര്യ ആയിഷയെ ജീവാവസാനംവരെ വേട്ടയാടിയിരുന്നതായി ഇബന്‍ ഇഷാക്ക് എന്ന ഇസ്ലാമിക ചരിക്രാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്). അക്കൂട്ടത്തിലുണ്ടായിരുന്ന റയ്ഹാന എന്ന അതിസുന്ദരിയായ യഹൂദയുവതിയെ മുഹമ്മദ് വെപ്പാട്ടിയാക്കി തന്റെ കിടപ്പറയിലേക്കയച്ചു.
ഇസ്ലാമിന്റെ നിഷ്ഠൂരതകള്‍ ഭയന്ന്, മദീനയില്‍നിന്നും 70 മൈല്‍ ദൂരത്തുള്ള കെയ്ബര്‍ എന്ന പ്രദേശത്തേക്ക് കുടിപകര്‍ന്ന ഹേനു നാദിര്‍ എന്ന ജൂതഗോത്രത്തിനും സമാനാനുഭവങ്ങള്‍ തന്നെയാണ് നേരിടേണ്ടി വന്നത്. അക്കൂട്ടത്തിലുള്ള അതിസുന്ദരിയായ സഫിയ എന്ന യുവതിയെയും മുഹമ്മദ് വെപ്പാട്ടിയാക്കി സ്വന്തമാക്കിയത് ഇസ്ലാമിന്റെ ആരംഭകാല ചരിത്രത്തിന്റെ ഭാഗമാണ്. മദീനയെ ചുറ്റിയുള്ള പല പ്രദേശങ്ങളില്‍നിന്നും അന്ന് ജൂതന്മാര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ കൂട്ടപ്പലായനം ചെയ്യേണ്ടിവന്നു. 7-ാം നൂറ്റാണ്ടോടെ ഇസ്ലാംമതത്തിന്റെ മുന്നേറ്റം നിമിത്തം ഇസ്രയേല്‍, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയപ്പോള്‍ യഹൂദന്മാര്‍ക്ക് അവിടെയും ഇരിക്കപ്പൊറുതിയില്ലാതായി. സ്വരക്ഷക്കായി, ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് അവര്‍ക്ക് ലോകത്തിന്റെ പല ഭാഗത്തേക്കും ചിതറിയോടേണ്ടി വന്നു.
ഇത്തരത്തില്‍ കണ്ണുനീരോടെ വായിച്ചു തീര്‍ക്കേണ്ട യഹൂദപുരാവൃത്തങ്ങളുടെ പല ഭാഗങ്ങളും തമസ്‌ക്കരിക്കപ്പെട്ട് ലോകചരിത്രത്തിന്റെ താളുകളില്‍ മൗനം പാലിച്ച് സുഷുപ്തി കൊള്ളുന്നുണ്ട്. അതവിടെ നില്ക്കട്ടെ. അങ്ങനെയുള്ള ആനുഷംഗികമായ ചില ചരിത്രസൂചനകള്‍ മതിയാക്കി നമുക്ക് ഹിറ്റ്‌ലറിലേക്കുതന്നെ തിരച്ചുവരാം.
ജന്മംകൊണ്ട് പാതി ജൂതനായിപ്പിറന്ന ഹിറ്റ്‌ലറുടെ മനസ്സില്‍ ജൂതവിരോധം കുടികയറിയത് എവിടെവെച്ചായിരുന്നു എന്ന് എവിടെയും വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടു കണ്ടിട്ടില്ല. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്, 1918-ല്‍, ബെല്‍ജിയത്തില്‍ വച്ചുണ്ടായ വിഷവാതക ആക്രമണത്തില്‍ ഹിറ്റ്‌ലറുടെ കണ്ണുകള്‍ക്ക് പരിക്കേറ്റു. ഈ വിഷവാതക ആക്രമണം നടത്തിയത് യഹൂദപ്പടകളായിരുന്നു. അതിനെത്തുടര്‍ന്ന് യുദ്ധത്തില്‍ തോറ്റുതുന്നംപാടി ജര്‍മ്മനിക്ക് കീഴടങ്ങേണ്ടി വന്നു. ഈ ആഘാതം താങ്ങാനാവാതെയാണ് ഹിറ്റ്‌ലര്‍ യഹൂദവംശഹത്യയ്‌ക്കൊരുങ്ങിയത് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുമ്പോള്‍, ഹിറ്റ്‌ലര്‍ക്ക് ഗുഹ്യരോഗം സമ്മാനിച്ച യഹൂദവേശ്യയോടുള്ള അടങ്ങാത്ത വിദ്വേഷമാണ് പിന്നീട് യഹൂദവംശത്തിനോടുതന്നെയുള്ള അന്ധമായ വിരോധത്തിന് അടിസ്ഥാനമായതെന്നാണ് മറ്റു ചിലര്‍ കരുതുന്നത്. വിയന്നയുടെ മേയറായിരുന്ന കാള്‍ ല്യൂഗറില്‍ നിന്നുമാണ് ഹിറ്റ്‌ലര്‍, ആന്റിസെമറ്റിസത്തിന്റെ പാഠങ്ങളഭ്യസിച്ചത്.
‘രോഗാണുക്കള്‍’ എന്നാണ് ഹിറ്റ്‌ലര്‍ യഹൂദരെ സംബോധന ചെയ്തിരുന്നത്. രോഗാണുക്കളെ നിയന്ത്രണാധീനമാക്കാതെ രോഗനിര്‍മ്മാര്‍ജ്ജനം അസാധ്യമാണെന്ന് അയാള്‍ തന്റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ ദുഷ്ടബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ജൂതവിദ്വേഷം, അവരെ ഉന്മൂലനം ചെയ്യുക എന്ന പാരമ്യാവസ്ഥയിലേക്കെത്തിയത് പിന്നെയും ഇരുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് 1940-കളിലാണ്. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ അതിന് അക്രമസ്വഭാവം കൈവന്നു കഴിഞ്ഞിരുന്നു. 1933-ല്‍ തന്റെ കയ്യിലേക്ക് അധികാരസ്ഥാനങ്ങള്‍ ഒഴുകിയെത്തുന്നതിനു മുമ്പുതന്നെ ഹിറ്റ്‌ലര്‍ ജൂതോന്മൂലനത്തിനുള്ള സകല വഴികളുടെയും ഗൃഹപാഠം വിദഗ്ദ്ധമായി നടത്തി മനപ്പാഠമാക്കി കഴിഞ്ഞിരുന്നു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ, ഹോളോകാസ്റ്റ് ക്യാമ്പുകളുണ്ടാക്കി നിര്‍ദ്ദയമായ കൂട്ടക്കൊലകളിലേക്കും തടങ്കല്‍പ്പാളയങ്ങളിലെ ക്രൂരപീഡനങ്ങളിലേക്കും ഹിറ്റ്‌ലറുടെ മര്‍ദ്ദനമുറകള്‍ പരിണാമംകൊണ്ടു വളര്‍ന്നു. യുദ്ധം തുടങ്ങിയവസാനിക്കുന്നതോടെ പന്ത്രണ്ടു ലക്ഷത്തിലധികം യഹൂദന്മാര്‍, മതം അതായിപ്പോയ കുറ്റത്തിന് കഠിനയാതനകളനുഭവിച്ച് ജീവന്‍ വെടിയേണ്ടി വന്നു. വാസ്തവമതല്ല, യൂറോപ്പിലുള്ള ജൂതന്മാരിലെ മൂന്നില്‍ രണ്ടു ഭാഗത്തെയും; അതായത് 55 ലക്ഷം മുതല്‍ 60 ലക്ഷത്തോളം ജൂതന്മാരെ നാസികള്‍ ഇക്കാലത്ത് കൊലപ്പെടുത്തിയിട്ടുണ്ട്് എന്നാണ് റിച്ചാര്‍ഡ് ജെ. ഇവാന്‍സ് എന്ന ബ്രിട്ടീഷുകാരനായ ചരിത്രകാരന്‍ കണക്കുകളുടെ പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്നത്.
തടങ്കല്‍പ്പാളയങ്ങളിലുള്ള യഹൂദന്മാരില്‍ പലരും ഗിനി പന്നികളെപ്പോലെ വൈദ്യപരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കപ്പെട്ടു. ഏഴായിരത്തിലധികം വരുന്ന ഇത്തരത്തിലുള്ള തടവുകാര്‍ ധാര്‍മ്മികതയുടെ സകല സീമകളെയും ലംഘിച്ചുകൊണ്ട് കഠിനമായ പല വൈദ്യപരീക്ഷണങ്ങള്‍ക്കു വിധേയരായി ഒന്നു പ്രതികരിക്കാന്‍പോലുമാവാതെ ദാരുണമായി ജീവന്‍ വെടിഞ്ഞു. ഡോ. ജോസഫ് മെന്‍ഗലെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഭിഷഗ്വരന്മാര്‍, ക്യാമ്പിലുള്ള കുഞ്ഞുങ്ങളെയും പലതരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി. മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ ശിശുശരീരങ്ങളിലെ അവസ്ഥാന്തരങ്ങളറിയാന്‍ അവരെ പ്രഷര്‍ ചേമ്പറുകളിലടച്ചും ഊഷ്മാവ് കുറയുമ്പോള്‍ കുട്ടികളുടെ ശരീരത്തിന്റെ പ്രതികരണങ്ങളറിയാന്‍ അവരെ ഫ്രീസറുകളിലടച്ചും കണ്ണിന്റെ നിറം മാറ്റാന്‍ വേണ്ടി പലതരത്തിലുള്ള രാസവസ്തുക്കള്‍ കണ്ണില്‍ കുത്തിവച്ചും കൈാലുകള്‍ മുറിച്ചുമാറ്റി വീണ്ടും തുന്നിപ്പിടിപ്പിച്ചും പലവിധത്തിലുള്ള കൊല്ലാക്കൊലകള്‍ക്കും അവര്‍ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ വിധേയരാക്കി. വേദന താങ്ങാനാവാതെ അലറിക്കരയുന്ന യഹൂദശിശുക്കളുടെ ദീനനാദങ്ങളില്‍ അവര്‍ അവര്‍ണ്ണനീയമായ ഏതോ ആസുരസംതൃപ്തി നുണഞ്ഞാസ്വദിച്ചു. അന്നത്തെ ജൂതജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന, സുമാര്‍ അറുപതുലക്ഷത്തോളം യഹൂദരെയാണ് ഹിറ്റ്‌ലറുടെ ഭീകരസൈന്യം ഇത്തരത്തില്‍ പീഡിപ്പിച്ചുകൊന്നത് എന്നാണ് ഇവാന്‍സ് രേഖപ്പെടുത്തുന്നത്. (പിന്നീട് ഈ ദൃശങ്ങളായ നരപീഡനങ്ങളുടെയെല്ലാം ഉത്തരവാദിത്വമേറ്റെടുത്ത് ജര്‍മ്മനി നിരുപാധികം മാപ്പു പറഞ്ഞും പീഡിതര്‍ക്ക് സ്മാരകം പണിഞ്ഞും മാതൃക കാണിച്ചുവെങ്കിലും അതൊന്നും മരിച്ചുപോയവരും കൊടുംയാതനകള്‍ക്ക് വിധേയരാക്കപ്പെട്ടവരും അനുഭവിച്ച നരകയാതനകള്‍ക്ക് അനുയോജ്യമായ പരിഹാരമാവുന്നില്ലല്ലൊ.)
ഇക്കാലത്താണ് അഡോള്‍ഫ് ഇച്ച്മാന്‍, തന്റെ മനുഷ്യത്വരഹിതമായ മര്‍ദ്ദനമുറകളിലൂടെ നാസിപ്പടയിലെ നെടുനായകന്മാരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പടപ്പാളയത്തിലേക്ക് കടന്നെത്തുന്നത്. നാസി പാര്‍ട്ടിയുടെ, വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളിലും ലേഖനങ്ങളിലും ആകൃഷ്ടനായാണ് ഇച്ച്മാന്‍ ആ പാര്‍ട്ടിയോട് മനസ്സുകൊണ്ട് അടുക്കുന്നത്. ഇച്ച്മാന്റെ മനസ്സറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തും നാസി ഷൂട്ട്‌സ്റ്റാഫല്‍ നേതാവുമായ ഏണസ്റ്റ് കാള്‍ട്ടണ്‍ ബ്രണ്ണര്‍, ഇച്ച്മാനെ നാസിപ്പാര്‍ട്ടിയുടെ ഓസ്ട്രിയ ശാഖയില്‍, 1932 ഏപ്രില്‍ ഒന്നിന്, 889895 നമ്പര്‍ അംഗമായി ചേര്‍ത്തുവിട്ടു.
ക്രമേണ, നാസി സുരക്ഷാസേനയില്‍ ഒരിടം കരസ്ഥമാക്കിക്കൊണ്ട് ജൂതസംഘടനകളെയും അവരുടെ ആവാസകേന്ദ്രങ്ങളെയും നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടു തയ്യാറാക്കി മേലധികാരികള്‍ക്ക് സമര്‍പ്പിക്കാനും ഇച്ച്മാന്‍ നിയോഗിക്കപ്പെട്ടു. തന്നെ ഏല്പിച്ച കര്‍ത്തവ്യം അതിവിദഗ്ദ്ധമായി ചെയ്തു തീര്‍ക്കാനുള്ള സര്‍വ്വ തയ്യാറെടുപ്പുകളും തുടങ്ങി, അയാള്‍. അതിനായി ഹീബ്രു, യിദ്ദിഷ് ഭാഷകളില്‍, ഇച്ച്മാന്‍ നല്ല പ്രാവീണ്യം നേടിയെടുത്തു. ഇങ്ങനെയുള്ള തിരക്കുപിടിച്ച ജീവിതചര്യകള്‍ക്കിടയിലാണ്, 1935 മാര്‍ച്ച് മാസം 21-ാം തിയതി ഐക്മാ ഇച്ച്മാനും വെറോണിക്കയും തമ്മിലുള്ള വിവാഹബന്ധം അരങ്ങേറുന്നത്. നാലാണ്‍കൂട്ടികളാണ് ആ ദാമ്പത്യബന്ധത്തില്‍ ഇച്ച്മാന്‍ വെറോണിക്ക ദമ്പതികള്‍ക്കുണ്ടായത്.
(തുടരും)





















