സ്വന്തം ചരമഗീതം കേട്ട് ഭയന്നിരുന്നെങ്കിലും
ഇത്ര പെെട്ടന്ന് അവസാനം തൊട്ടടുത്തു വരുമെന്ന്
പാവം ധരപ്പെണ്ണോള്‍ നിനച്ചതേയില്ല.
എല്ലാ ജീവജാലങ്ങളുടെയും
ഗര്‍ഭകാലത്തിന്റെയും
ഹരിത സംതൃപ്തികണ്ട്
അമ്മയാം മധുരവും സ്‌നേഹവും വിളമ്പി
കണ്‍കുളിര്‍ക്കെയിരിക്കവെയാണ്
നിന്ന നില്‍പ്പില്‍ ഒരു പുഴയെ മണല്‍ക്കാട് വിഴുങ്ങിയത്.
അതില്‍ പിന്നെയാണ്
നക്ഷത്രങ്ങള്‍ക്ക് ഭൂമിയിലെ നദികളില്‍
കണ്ണാടി നോക്കാനാവാതായത്.
നദികള്‍ ചെരിഞ്ഞ ഭൂമിയില്‍ മുഖം നോക്കാനാവാതെ
നിറങ്ങള്‍ വിളറിയ ആകാശത്ത്
ചന്ദ്രനും നക്ഷത്രങ്ങളും
അന്തര്‍ധാനം ചെയ്തു.
അതില്‍ പിന്നെ മേഘങ്ങള്‍ ഇണ ചേരാതായി.
സൂര്യന്‍ ആഞ്ഞ് കൊത്തി
കടലിനെ ഖരരൂപമാക്കി.
മരിച്ച തീരത്ത് തിരമാലകളുടെ ജഡത്തിനരികെ
അഴുകിയ ഓര്‍മയായി
എല്ലാ പ്രണയങ്ങളും അന്ത്യവിശ്രമം കൊള്ളുന്നു.
മഴ നിലച്ച വഴിയിലെ
വരണ്ട ചാലായി ഭൂമി.
കാറ്റിന്റെ തള്ളലില്ലാതെ
തല ചുറ്റി ഒടുവിലത്തെ മരവും വീണു.
ഇനി ചിറകിന്റെ ഗന്ധമുള്ള ഒരു പക്ഷിയും
ഭൂമിയെ ചിലച്ച് സന്തോഷിപ്പിക്കില്ല.
ഒടുവിലത്തെ പച്ചിലയെ
ചുംബിച്ചിരിക്കെ ഭൂമിയെ
മരൂഭൂമി മൂടുന്നു.
മനുഷ്യന് പകരം മറ്റൊരു ജീവന്‍ തുടിപ്പേകുമ്പോള്‍
നനഞ്ഞ ഓര്‍കളുടെ മുഴയില്‍
ഒടുവിലത്തെ മഴ ചൂടിയവരായി
നമ്മെ കണ്ടെത്തുമോ കാലം.






















