തമിഴകചരിത്രവും പൈതൃകവും കേവലം തമിഴ്‌നാട്ടിന്റേതുമാത്രമല്ല: കേരളവും കര്‍ണാടകവും ഒരു പരിധിവരെ തെലുഗുദേശവുമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയുടെ ചരിത്രപൈതൃകമാണെന്ന് ഇത് കാണിച്ചുതരുന്നു. ആര്യസംസ്‌കാരം തെന്നിന്ത്യയിലേയ്ക്ക് കൊണ്ടുവന്നത് തമിഴകസംസ്‌കാരത്തിന്റെ പ്രതീകമായ അഗസ്ത്യമഹര്‍ഷിയാണ്. ആ അഗസ്ത്യപാരമ്പര്യം നിഷേധിക്കുകയാണ് ദ്രാവിഡരാഷ്ട്രീയത്തിന്റെ ലക്ഷ്യം. കാരണം, തെന്നിന്ത്യയിലെ അഗസ്ത്യസ്വാധീനത അതീവശക്തമാണ്. വൃക്ഷങ്ങളും പക്ഷികളും മലകളും സ്ഥലങ്ങളും ഔഷധങ്ങളും ചികിത്സാരീതികളും സസ്യങ്ങളും ഉള്‍പ്പെടെ സമസ്തമേഖലകളെയും ചൂഴ്ന്നുനില്‍ക്കുന്ന ഒരു സാംസ്‌കാരിക പ്രതീകമാണ് അഗസ്ത്യര്‍. പൂര്‍ണമായി ലഭിച്ചിട്ടില്ലെങ്കിലും തമിഴിലെ പ്രഥമ വ്യാകരണകൃതിയായ പേരകത്തിയത്തിന്റെ കര്‍ത്താവും അഗസ്ത്യരാണ്. മേരുമലയെ തലകുനിപ്പിച്ചുനിര്‍ത്തിയതും സമുദ്രം കുടിച്ചുവറ്റിച്ചതുമുള്‍പ്പടെ പല പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും അഗസ്ത്യമഹര്‍ഷിയെ കേന്ദ്രീകരിച്ചുണ്ട്. അത്ര ആഴത്തില്‍ വേരോടിയിട്ടുള്ള ദ്രാവിഡസംസ്‌കാരത്തിന്റെ പ്രതീകമായ അഗസ്ത്യമുനിയെ ആര്യസംസ്‌കാരത്തിന്റെ പ്രചാരകരും ആരാധിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ പ്രജാപതികളിലൊരാളായ പുലസ്ത്യന്റെ മകന്‍ വിശ്രവസ്സാണ് രാവണപിതാവ്. രാമായണത്തിനെതിരെ കീമായണമെഴുതിയ പെരിയാര്‍ ഈ സംസ്‌കാരസമ്മിശ്രണത്തിന്റെ പ്രതീകമാണ് രാവണനെന്നത് പരിഗണിച്ചില്ലെന്നുവേണം കരുതാന്‍. വൈശ്രവണന്റെ (കുബേരന്‍)പിതാവായ വിശ്രവസ്സിന് രാക്ഷസിയായ ഭാര്യ കൈകസിയില്‍ പിറന്ന മകനാണ് രാവണനെന്നതും ഓര്‍ക്കേണ്ടതാണ്. അതായത് ഒരേ പാരമ്പര്യമാണ് ആര്യ-ദ്രാവിഡന്മാര്‍ക്കെന്നത് ഇവിടെയും വ്യക്തമാണ്. സനാതനമതമെന്ന് വിളിച്ച് തകര്‍ക്കാന്‍ ദ്രാവിഡരാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത് തങ്ങളുടെ തനത് പൈതൃകത്തെത്തന്നെയാണന്നര്‍ത്ഥം. എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കമ്പരാമായണവും പതിനാലാംനൂറ്റാണ്ടിലെ തിരുക്കുറളും അതിനുമുമ്പ് എഴുതപ്പെട്ട ചിലപ്പതികാരം മണിമേഖല എന്നിവയുള്‍പ്പെടുന്ന പഞ്ചമഹാകാവ്യങ്ങളും ആള്‍വാര്‍-നായനാര്‍കൃതികളുമെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ബ്രിട്ടീഷധിനിവേശത്തിനുശേഷമുള്ള സാംസ്‌കാരിക-സാമൂഹിക പാരമ്പര്യം മാത്രം മതി തമിഴ്‌നാടിന് എന്നാണോ കരുതേണ്ടത്? ഇന്ത്യയില്‍ കാലുകുത്തിയിട്ടില്ലാത്ത സെന്റ്‌തോമസിന്റെ സ്വാധീനതയെയാണ് തിരുക്കുറളില്‍ കാണുന്നതെന്നാണോ ദ്രാവിഡമുന്നേറ്റ രാഷ്ട്രീയക്കാര്‍ പറയുന്നത്. ഇത് കണ്ണുമടച്ച് അംഗീകരിക്കാന്‍ തമിഴ്മക്കള്‍ തയ്യാറാകുമോ എന്ന ചോദ്യവും ഇതുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, സംഘകാലകവിതകളിലെ സനാതനധര്‍മ്മത്തിന്റെ സ്വാധീനത വിശദീകരിക്കുന്നത്.
മുന്‍ഭാഗത്ത് വ്യക്തമാക്കിയതുപോലെ, സംഘകാലം കുറഞ്ഞത് ബി.സി. മൂന്നാം നൂറ്റാണ്ടുമുതലുള്ള തമിഴകചരിത്രത്തിന്റെ പാഠമാണ് നല്‍കുന്നത്. അതിനുമുമ്പ് ബി.സി. 1000 മുതലുള്ള സാംസ്‌കാരികചരിത്രരേഖ പ്രമുഖ ഭാഷാശാസ്ത്രജ്ഞനായ ബി. കൃഷ്ണ മൂര്‍ത്തി ഭാഷാശാസ്ത്രപരമായി പുനഃസൃഷ്ടിച്ചിട്ടുള്ളത് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ശ്രദ്ധേയമായ ഒരു കാര്യം ജാതിയെക്കുറിക്കുന്ന വാക്കുകളൊന്നുമില്ലെന്നതാണ്. തൊഴില്‍നാമങ്ങളേയുള്ളു. അതിന്റെ തുടര്‍ച്ചയെന്നനിലയില്‍ ബി.സി. നാലാംനൂറ്റാണ്ടിലെ ഭാഷാപരിണാമചരിത്രവും ഖരവേലന്റെ ഹതികുംഭശാസനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള തമിഴകലീഗ് പാഴിയിലെ നന്നന്റെ സഹായത്തോടെ വടക്കുനിന്നുള്ള ആക്രമണത്തെ ചെറുത്തുനിന്നതിന്റെ ചരിത്രവും സംഘപ്പാട്ടുകളില്‍ കാണാം. അതിനെത്തുടര്‍ന്നാണ് സംഘസാഹിത്യം പ്രത്യക്ഷപ്പെടുന്നത്. സംഘസാഹിത്യം പൊരുള്‍ അഥവാ പ്രതിപാദ്യത്തെ ആധാരമാക്കി പൊതുവില്‍ അകം, പുറം എന്ന് രണ്ട് വലിയ വിഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. അകം പ്രണയാദി കുടുംബവിഷയങ്ങളും പുറം യുദ്ധം തുടങ്ങിയ സാമൂഹികവിഷയങ്ങളും കൈകാര്യംചെയ്യുന്നു. അവയുടെ സാങ്കേതികവിവരണങ്ങള്‍ ഇവിടെ പ്രസക്തമല്ല.
അഞ്ചുതിണകളെ അടിസ്ഥാനമാക്കിയാണ് അക്കാലത്തെ സാമൂഹികജീവിതം രൂപപ്പെട്ടിരുന്നത്. തിണ എന്നാല്‍ നിലം. കുറിഞ്ചി, മുല്ല, പാല, മരുതം, നെയ്തല്‍ എന്നിവയാണ് ഐന്തിണൈ. ഇവ ചെടികളുടെയും വൃക്ഷങ്ങളുടെയും പേരാണ്. പൂവുകള്‍ക്കും ഈ പേരുകളുണ്ട്. ഇത് അന്നത്തെ സാമൂഹ്യജീവിതത്തിന്റെ സമഗ്രമായ ഘടനയാണ് പ്രതിപാദിക്കുന്നത്.
കുറിഞ്ചി: നിലം മലയും മലയോട് ചേര്‍ന്ന ഇടവും; സമയം ശരത്കാലം (മുന്‍പനി-അര്‍ദ്ധരാത്രിയും; ദൈവം-മുരുകവേല്‍ (സുബ്രഹ്മണ്യന്‍); ഭക്ഷണം-ഐവനനെല്ലും തിനയും മുളയരിയും; മൃഗം പുലി, പന്നി, കരടി, ആന, സിംഹം. മരം അകില്‍, ചന്ദനം, തിമിപ്പ്, തേക്ക്, വേങ്ങ, അശോകം, മുള, നാകം. പക്ഷി തത്ത, മയില്‍. വാദ്യം വെറിയാട്ടുപറ, തൊണ്ടകപ്പറ, കുരൈപ്പറ, മുരികിയം. തൊഴില്‍ തേനെടുക്കല്‍, കിഴങ്ങുപറിക്കല്‍, മലനെല്ല് വിതയ്ക്കല്‍, വെറിയാട്, നായാട്ട്, തിനകാക്കല്‍. വീണ കുറുഞ്ചിയാഴ്, രാഗം കുറിഞ്ചിപ്പണ്‍; നായകന്‍ ചിലമ്പന്‍, വേര്‍പ്പന്‍, പൊരുപ്പന്‍ (കുറവന്‍); നായിക കൊടിച്ചി (കുറത്തി); ജലം അരുവിനീര്, ചുന (ഊറ്റ്‌നീര്); ഗ്രാമം ചെറുകുടി, കുറിച്ചി; പൂവ് കുറിഞ്ചി, കാന്താള്‍, ചുനൈക്കുവള; ജനങ്ങള്‍-കുറവര്‍, ഇറവുളര്‍, കുന്റവര്‍, കാനവര്‍, വേട്ടുവര്‍; ഉരിപ്പൊരുള്‍ (മാനസികാവസ്ഥ) സംഭോഗശൃംഗാരവും(പുണര്‍തല്‍) അതിന്റെ നിമിത്തവും. ഇത്രയും സമഗ്രമായ തിണദര്‍ശനം ഓരോ തിണയ്ക്കുമുണ്ട്.
മുല്ല: നിലം കാടും കാടുചേര്‍ന്ന ഇടവും; സമയം കര്‍ക്കടകം(സന്ധ്യ); ദൈവം മായോന്‍(വാസുദേവന്‍); ഭക്ഷണം വരക്, ചാമ, മുതിര; മൃഗം മുയല്‍, ചെറുമാന്‍; മരം കൊന്ന, കരുന്ത്, കായാവ്; പക്ഷി കാട്ടുകോഴി, മയില്‍, ചീവല്‍; വാദ്യം ഏറുകോട്ട് പറ, മുരച്; തൊഴില്‍ വരകുകൃഷി, ചാമക്കൃഷി, കാലിവളര്‍ത്തല്‍, കാലിമേയ്ക്കല്‍; വീണ മുല്ലൈ യാഴ് (രാഗം ചതാരി); നായകന്‍ കുറുമ്പൊറൈ നാടന്‍, തോന്റല്‍, അണ്ണല്‍; നായിക കിഴത്തി, മനൈവി; ജലം കാട്ടാറ്, ചുനനീര്; ഗ്രാമം പാടി, ചേരി, പള്ളി; പൂവ് മുല്ല, തോന്റി, കാന്തള്‍, പിടവം, കളവം, കല്ല; ജനങ്ങള്‍ ഇടയര്‍, ആയര്‍, ഇടച്ചി(ആയ്ച്ചിയാര്‍); ഉരിപ്പൊരുള്‍ വിപ്രലംഭം(ഇരുത്തല്‍) അതിന്റെ നിമിത്തവും).
മരുതം: നിലം വയലും വയല്‍ചേര്‍ന്ന ഇടവും; സമയം ആറ് ഋതുക്കള്‍ (പ്രഭാതത്തിന് മുമ്പും പിമ്പുമുള്ള സമയം); ദൈവം വേന്തന്‍ (ഇന്ദ്രന്‍); ഭക്ഷണം ചെന്നെല്ല്, വെണ്‍നെല്ല്; മൃഗം എരുമ, നീര്‍നായ; മരം മരുത്, കാഞ്ചി, പഞ്ഞി; പക്ഷി നീര്‍ക്കോഴി, താറാവ്, ഞാറ, അന്നംപെരുഞാറ, കെന്റില്‍; വാദ്യം മണമുഴാവ്, നെല്ലരികിണെ; തൊഴില്‍ നെല്‍ക്കൃഷി, കാലി വളര്‍ത്തല്‍; വീണ മരുതയാഴ്, (രാഗം മരുതപ്പണ്‍); നായകന്‍ ഊരന്‍, മകിഴ്‌നന്‍; നായിക കിഴമനൈവി; ജലം വീട്ടുകിണര്‍, പൊയ്ക,നീര്‍, പുഴനീര്‍; ഗ്രാമം പേരൂര്‍,(വലിയഊര്‍),മുത്തൂര്‍ (പഴയഊര്‍) പൂവ് താമര, ചെങ്കഴുനീര്‍ ; ജനങ്ങള്‍ ഉഴവര്‍, കടൈയര്‍, അവരുടെ സ്ത്രീകള്‍; ഉരിപ്പൊരുള്‍ പ്രണയകലഹവും (ഊടല്‍) അതിന്റെ നിമിത്തവും).
നെയ്തല്‍: നിലം കടലും കടല്‍ചേര്‍ന്ന ഇടവും; സമയം ആറ് ഋതുക്കള്‍. പകലിന്റെ ആദ്യത്തെയും അവസാനത്തെയും പത്ത് നാഴിക; ദൈവം വരുണന്‍; ഭക്ഷണം മീനും ഉപ്പും വിറ്റുകിട്ടുന്നത്; മൃഗം സ്രാവ്, മുതല; മരം പുന്ന, ഞാഴല്‍, കണ്ടല്‍, കൈത; പക്ഷി അന്നം, അന്നില്‍, കടല്‍കാക്ക, കെന്റില്‍; വാദ്യം മീന്‍കോള്‍ പറ, നാവായ് പറ; തൊഴില്‍ മീന്‍ പിടിച്ചു വില്‍ക്കല്‍, ഉപ്പു കുറുക്കി വില്‍ക്കല്‍; വീണ വിളരിയാഴ് (ചെവ്വഴി രാഗം); നായകന്‍ തുറൈവന്‍, കൊണ്‍കന്‍, ചേര്‍പ്പന്‍, പുലയന്‍; നായിക നുളൈച്ചി, പരത്തി; ജലം മണല്‍ക്കിണര്‍, ഉപ്പുകുഴി ; ഗ്രാമം കലമേറ്റു പട്ടിനം, ചിറുകുടി. പാക്കം; പൂവ് വെള്ളിതള്‍ കൈത, നൈതല്‍,മുണ്ടകം, അടമ്പ്; ജനങ്ങള്‍ പരതര്‍, നുളയര്‍, അവരുടെ സ്ത്രീകള്‍; ഉരിപ്പൊരുള്‍ വിരഹിണിയായ നായിക തനിച്ചിരുന്ന് വിഷമിക്കുന്നത് (ഇരങ്കല്‍ അതിന്റെ നിമിത്തവും).
പാല: നിലം വരണ്ട മണല്‍ക്കാടായിത്തീര്‍ന്ന കുറിഞ്ചി, മുല്ല നിലങ്ങള്‍ക്കടുത്തുള്ള സ്ഥലങ്ങള്‍; സമയം വേനല്‍, നട്ടുച്ച; ദൈവം കൊറ്റവൈ(ആദിത്യന്‍ എന്ന് അഭിപ്രായമുണ്ട്); ഭക്ഷണം പിടിച്ചുപറിച്ചത്, കൊള്ളയടിച്ചത്; മൃഗം ബലം പോയ പുലി, ചെന്നായ്; മരം ഇരുപ്പ, ഓമ, പാല, കള്ളി, ഉഴിഞ്ഞ; പക്ഷി കഴുകന്‍, പരുന്ത്, പ്രാവ്, എരുമ; വാദ്യം യുദ്ധത്തിലോ, കൊള്ളയിലോ അടിക്കുന്ന പറ, തുടി; തൊഴില്‍ തട്ടിപ്പറി, കൊള്ള; വീണ പാലൈയാഴ്, പഞ്ചുരാഗം, പാലൈരാഗം; നായകന്‍ മിളി, വിടല, കാള; നായിക എയ്റ്റി, പോതൈ; ജലം വെള്ളം വറ്റാത്ത കിണര്‍, ഊറ്റ്; ഗ്രാമം കുറുമ്പ്, പറന്തല; പൂവ് മാമ്പൂവ്, പാതിരിപ്പൂവ്, കരാമ്പൂവ്; ജനങ്ങള്‍ എയ്‌നര്‍, മറവര്‍, അവരുടെ സ്ത്രീകള്‍; ഉരിപ്പൊരുള്‍ വിരഹവും(പിരിതല്‍) അതിന്റെ നിമിത്തവും. ഇതാണ് ഐന്തിണകളുടെ പ്രകൃതവും സമഗ്രമായ ജീവിതസാഹചര്യങ്ങളും. ഒരു സാമൂഹ്യദര്‍ശനവും ഇതിലടങ്ങിയിട്ടുണ്ട്.
അഞ്ചുതിണകളിലെ സമ്പത്തിനെപ്പറ്റി പല പാട്ടുകളിലും പാടിയിട്ടുണ്ട്. പത്തുപാട്ടിലെ പെരുമ്പാണാറ്റുപടൈയില്‍ നല്‍കിയിരിക്കുന്ന തിണകളിലെ ഉല്‍പ്പന്നങ്ങളും അവയുടെ കൈമാറ്റങ്ങളുംനോക്കുക.
തേനും കിഴങ്ങും: കുറിഞ്ഞിനില വിഭവങ്ങള്‍
മീനും കള്ളും: നെയ്തല്‍ വിഭവങ്ങള്‍
കരിമ്പും അവലും: നെയ്തല്‍ വിഭവങ്ങള്‍
മാനിറച്ചിയും തെളിമദ്യവും: മുല്ലനില വിഭവങ്ങള്‍
ഓരോരിടത്തെയും താമസക്കാര്‍
പരതവര്‍: നെയ്തല്‍വാസികള്‍ -മീന്‍പിടിത്തക്കാര്‍
കുറവര്‍: കുറിഞ്ചിനില വാസികള്‍ (മലകളില്‍ താമസിക്കുന്നവര്‍)
വനവാസി: മുല്ലനിലവാസികള്‍
ഉഴവര്‍: മരുതനിലവാസികളായ കര്‍ഷകര്‍ കൂടാതെ ഓരോ നിലവുമായി ബന്ധപ്പെട്ട ജന്തുക്കളും പക്ഷികളും മറ്റു നിലങ്ങളിലേയ്ക്ക് പോകുന്നതിനെ സൂചിപ്പിക്കുന്നു. ഉപ്പളത്തിലെ കുഴികളില്‍ കുളിച്ച കൊക്കുകള്‍ മറ്റുനിലങ്ങളിലേയ്ക്ക് പോകുന്നു. ഈ കവിതയില്‍ പാലനിലമൊഴികെയുള്ള നാല് തിണകളെയും പരാമര്‍ശിക്കുന്നുണ്ട്.
ഈ ഐന്തിണവാസികളില്‍ കുറവര്‍ മുതലായ തിണനിലവാസികളും രാജാക്കന്മാര്‍ മുതലായ പൊതുനിലവാസികളും തമ്മില്‍ ആഹാരനീഹാരാദികാര്യങ്ങളില്‍ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. കുറവര്‍ വസിച്ചിരുന്ന കുറിച്ചികളില്‍ ‘പുല്‍വേയ്കരമ്പകളും’ (പാട്ട്120) ഉണ്ടായിരുന്നു.
ഇതുകൂടാതെ സാഹിത്യ സങ്കേതമെന്ന നിലയിലും തിണകളുടെ പരികല്‍പ്പനയുണ്ട്. വെട്ചി, വഞ്ചി, ഉഴിഞൈ, തുമ്പൈ, വാകൈ, കാഞ്ചി, പാടാണ്‍ എന്നിങ്ങനെ ഏഴുതിണകള്‍ പുറം പൊരുളിലുണ്ട്. മരങ്ങളുടെയും ചെടികളുടെയും പേരാണ് ഇവയ്ക്ക് നല്‍കിയിട്ടുള്ളത്. ഓരോ തിണയ്ക്കും പല തുറൈകള്‍ പറയപ്പെട്ടിരിക്കുന്നു. തുറൈക്ക് സന്ദര്‍ഭം’ എന്നര്‍ത്ഥം. രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധത്തിന്റെ പ്രാരംഭമായി ശത്രുരാജ്യത്തുകടന്ന് പശുക്കളെ മോഷ്ടിക്കുന്നതാണ് വെട്ചി (ഗോഗ്രഹണം)യുടെ പ്രമേയം. പട ചേരുന്നത്, ശത്രുചാരന്മാര്‍ അറിയാതെയുള്ള യാത്ര, പശു അപഹരണം, ശത്രുക്കളെ തുരത്തല്‍, ശത്രുരാജ്യത്ത് നാശംവരുത്തല്‍, പിടിച്ചുകൊണ്ടുവന്ന പശുക്കളെ നാട്ടുകാര്‍ക്ക് പങ്കിട്ടുകൊടുക്കല്‍, തീനും കുടിയും, ആട്ടവും പാട്ടും, വീരസ്തുതി, കൊറ്റവയെ സ്തുതിക്കല്‍, സ്വപക്ഷക്കാരെ തിരിച്ചറിയാന്‍ വേണ്ടി ഭടന്മാര്‍ പനയുടെയും വേപ്പിന്റെയും അത്തിയുടെയും പൂക്കള്‍ചൂടുന്നത്, യുദ്ധം, മരണം, അപഹരിച്ചുകൊണ്ടുപോയ ഗോക്കളെ തിരിച്ചുപിടിക്കല്‍, യുദ്ധത്തില്‍ മരിച്ച വീരനുവേണ്ടി വീരക്കല്ലുനാട്ടല്‍ തുടങ്ങിയവ വെട്ചിത്തിണയിലെ വിഷയങ്ങളാകുന്നു.
വഞ്ചിത്തിണയുടെ വിഷയം രാജ്യത്തിനായുള്ള യുദ്ധമാണ്. പടയുടെ ശബ്ദം, ശത്രുരാജ്യം ചുട്ടെരിക്കല്‍, വീരകൃത്യങ്ങള്‍, ദാനശീലം, ജയം, സമ്മാനലാഭം, സൈന്യങ്ങള്‍ക്ക് ഭക്ഷണം നല്‍കല്‍, മുറിവേറ്റവരെ ശുശ്രൂഷിക്കല്‍ എന്നിവ വഞ്ചിത്തിണയുടെ തുറകളാണ്.
ഉഴിഞൈത്തിണയുടെ വിഷയം ഉപരോധമാണ്. ശത്രുരാജാവിന്റെ കോട്ട വളഞ്ഞുപിടിക്കുന്നത്, അങ്ങനെ പിടിക്കാനുള്ള തീരുമാനം, കോട്ടയില്‍ സൈന്യങ്ങളുടെ അണിനിരക്കല്‍, സൈന്യ വിസ്താരം, കോട്ടയ്ക്കകത്തെ സമൃദ്ധി, കോട്ടയ്ക്കകത്ത് ശത്രുരാജാവുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍, ശത്രുരാജാവിനോട് ഏറ്റുമുട്ടുന്നത്, കോട്ടയ്ക്കകത്ത് അടച്ചിരിക്കല്‍, യുദ്ധം, യാത്രയ്ക്ക് കുട, വാള്‍ എന്നിവ എടുക്കല്‍, കോട്ടമതില്‍ ഏണിവച്ചുകേറല്‍, കോട്ടപിടിക്കല്‍, കിടങ്ങിലും തെരുവിലും വച്ചുനടക്കുന്ന യുദ്ധം, ശത്രുവിന്റെ പരാജയം, വിജയാഘോഷങ്ങള്‍, ഖഡ്ഗാഭിഷേകം മുതലായവയാണ് ഉഴിഞൈത്തിണയുടെ തുറകള്‍.
ആക്രമിച്ചെത്തിയ രാജാവിനെ പരന്നമൈതാനത്ത്‌വച്ച,് സേനയോടൊപ്പം ചെന്നെതിര്‍ക്കുന്നത് തുമ്പത്തിണൈ. ആന, കുതിര, കാലാള്‍എന്നീ സേനാംഗങ്ങളുടെ പരാക്രമങ്ങള്‍, തോറ്റോട്ടം, മല്ലയുദ്ധം, ഇരുഭാഗങ്ങളിലെയും രാജാക്കന്മാരുടെയും സൈനികരുടെയും മരണം, കബന്ധ നൃത്തം എന്നിവ തുമ്പൈത്തിണയുടെ പ്രതിപാദ്യം. ബ്രാഹ്മണര്‍, രാജാക്കന്മാര്‍, മറ്റു ജാതിക്കാര്‍, ജ്ഞാനികള്‍, താപസര്‍, യുദ്ധവീരന്മാര്‍ മുതലായവരുടെ ധര്‍മമര്യാദകള്‍ വാകത്തിണയില്‍ പ്രതിപാദ്യവിഷയങ്ങളാണ്. യുദ്ധത്തിനായി പാളയമടിക്കല്‍, യുദ്ധത്തെ കൃഷിയോടുപമിക്കല്‍, ജയിച്ച രാജാവിന്റെ രഥത്തിനുമുന്നിലും പിന്നിലും ആടുന്ന കുരവനൃത്തം, സന്ധി, രാജാവിന്റെ സിംഹാസനത്യാഗം, രാജസഭയുടെ വൈശിഷ്ട്യം, ആചാരമര്യാദകള്‍, ദാനശീലം, സമ്പന്നജീവിതം, കാമത്യാഗം, സന്യാസം എന്നിവയാണ് വാകൈത്തുറൈകള്‍.
ഇഹലോകജീവിതത്തിന്റെ നശ്വരതയാണ് കാഞ്ചിത്തിണയുടെ പ്രമേയം. മരണത്തിന്റെ അനിവാര്യത, സതിയനുഷ്ഠിക്കല്‍, വിധവയുടെ താപസ ജീവിതം, വീരചരമത്തെപ്പറ്റിയുള്ള വിലാപം, ശ്മശാനം മുതലായവ വര്‍ണിക്കപ്പെടുന്നു. പാടാണ്‍തിണയുടെ വിഷയം ദേവസ്തുതിയും രാജസ്തുതിയുമാണ്. ഇതിനും പല തുറകളുമുണ്ട്. ആറ്റുപടൈ കവിതകള്‍ ഇതില്‍പ്പെടുന്നു. ധര്‍മാര്‍ഥ കാമമോക്ഷങ്ങളില്‍, കാമം അകപ്പൊരുളിലും മറ്റുള്ളവ പുറപ്പൊരുളിലുംപെടുന്നു. എട്ടുത്തൊകൈകളില്‍ നറ്റിണൈ, കുറുന്തൊകൈ, ഐങ്കുറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്നിവ അകപ്പൊരുളില്‍ ഉള്‍പ്പെടുന്നു. പുറനാനൂറ്, പതിറ്റുപത്ത് എന്നിവയില്‍ പുറപ്പൊരുള്‍ പ്രതിപാദിതമാണ്. പരിപാടലില്‍ രണ്ടുതരം കവിതകളുണ്ട്. പാണ്ഡ്യന്‍ ഉക്കിരപ്പെരുവഴുതി എന്ന രാജാവിന്റെ പ്രേരണയാല്‍, മധുരൈ ഉപ്പൂരിക്കുടി കിഴാര്‍ മകന്‍ രുദ്രശര്‍മനാണ് അകനാനൂറിന്റെ മൂന്നു വാല്യങ്ങളും സമാഹരിച്ചത്. യാനക്കട് ചേയ് മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ എന്ന ചേരരാജാവിന്റെ നിര്‍ദ്ദേശ പ്രകാരം, പുലത്തുറൈ മുറ്റിയ കൂടലൂര്‍ കിഴാര്‍ ആണ്, ഐങ്കുറു നൂറ് സമാഹരിച്ചത്. മരുതത്തിണൈയിലെ നൂറുപാട്ടുകള്‍ ഓരം പോകിയാര്‍ എന്ന കവി, ചേരരാജാവായ ആതന്‍ അവിനിക്കു വേണ്ടി രചിച്ചവയാണ്. നെയ്തല്‍തിണയിലെ നൂറു പാട്ടുകളും ചേര രാജ്യക്കാരനായ അമ്മൂവനാര്‍ രചിച്ചിതാണ്. പ്രസിദ്ധനായ കപിലരാണ് കുറിഞ്ചിത്തിണയിലെ നൂറുപാട്ടുകളുടെ കര്‍ത്താവ്. ഓതലാന്തൈയാര്‍ പാലത്തിണയിലെ നൂറ്പാട്ടുകളും പേയനാര്‍ മുല്ലത്തിണയിലെ നൂറുപാട്ടുകളും രചിച്ചിരിക്കുന്നു.





















