ഭരണഘടന പോലെ സംസ്‌കാരവും കുന്തവും കൊടച്ചക്രവുമാണെന്നു മാത്രമല്ല പിന്തിരിപ്പന്‍ ഫ്യൂഡലിസ്റ്റ് സങ്കല്പമാണെന്നും കൃത്യമായി അറിയുന്നയാളാണ് നമ്മുടെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. ഈ യോഗ്യത ഒന്നുകൊണ്ടാണ് വിജയന്‍ സഖാവ് സജി ചെറിയാനെ രാജിവെച്ച് ഒഴിയേണ്ടി വന്നിട്ടും പിന്നെയും അതേ വകുപ്പിന്റെ മന്ത്രിയാക്കിയത്. അനുപമയുടെ കുഞ്ഞിന്റെ കേസില്‍ മാതൃത്വത്തെ അധിക്ഷേപിച്ചപ്പോഴും യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസ്സില്‍ പുകവലി മഹാപരാധമല്ല എന്ന് വിധിച്ചപ്പോഴും സഖാവിന്റെ ചുകപ്പന്‍ സംസ്‌കാരം കണ്ട് ലോകം കോരിത്തരിച്ചതാണ്. ക്രിമിനല്‍ കേസ് പ്രതി കുഞ്ഞിരാമനെ ഫോക്‌ലോര്‍ അക്കാദമി വൈസ് പ്രസിഡന്റാക്കിയപ്പോഴും സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പാര്‍ട്ടി വിദൂഷകര്‍ക്കും സ്തുതിപാഠകര്‍ക്കും മാത്രമായി വീതംവെച്ചു നല്‍കിയപ്പോഴും സഖാവിന്റെ സംസ്‌കാരം പാര്‍ട്ടി പതാകയിലെ വാല്‍നക്ഷത്രം പോലെ മലയാളികള്‍ക്കനുഭവപ്പെട്ടതാണ്. എന്നിട്ടും സാഹിത്യ വിമര്‍ശം മാസിക പത്രാധിപര്‍ സി.കെ. ആനന്ദന്‍ പിള്ളക്ക് സംശയം തീരുന്നില്ല ഇവിടെ സംസ്‌കാരത്തിന് ഒരു മന്ത്രിയുണ്ടോ എന്ന്.
ഒരു പേജില്‍ പോലും തെറ്റായ ഒരു വാക്കോ വാക്യമോ പോലുമില്ലാത്ത, പി.കെ. പോക്കറുടെ ‘ബഷീര്‍ സര്‍ഗാത്മകതയുടെ നീലവെളിച്ചം’ എന്ന പീറ പുസ്തകത്തിന് സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്‌കാരം നല്‍കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. പുരസ്‌കാര നിര്‍ണ്ണയ വ്യവസ്ഥ കാറ്റില്‍പറത്തി ഈ പുസ്തകം ശുപാര്‍ശ ചെയ്ത ജൂറിമാരെക്കുറിച്ച് പരാതി അയച്ചിട്ടും സാംസ്‌കാരിക മന്ത്രി പ്രതികരിച്ചില്ല എന്നാണദ്ദേഹത്തിന്റെ പരിഭവം. തനത് സംസ്‌കാരം എന്നു പറയാന്‍ ഇവിടെ ഒരു മണ്ണാങ്കട്ട പോലും വേണ്ട എന്നു വാശിയുള്ള സഖാവ് മന്ത്രി എന്തിന് കേള്‍ക്കണം ഈ പരാതി?





















