ഇപ്പോള്‍ ചരിത്രം പാഠപുസ്തകത്തില്‍, ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. അത് തീന്‍മേശയിലും ഇന്റര്‍നെറ്റ് കഫേകളിലും ഫുട്‌ബോള്‍ ഗ്യാലറികളിലും ചുറ്റിത്തിരിയുകയാണ്. ചരിത്രം അടച്ചിട്ട മുറിയിലെ ഒരു സംഭവമല്ല. അത് കാലത്തിനു പിന്നിലേക്ക് പോയ കുറെ മനുഷ്യരോ ഭരണപരമായ ക്രമീകരണങ്ങളോ അല്ല. അത് യുദ്ധമോ അതിലൂടെ മാത്രം പ്രത്യക്ഷമായ പരസ്പര വൈരമോ അല്ല. ചരിത്രം ഇപ്പോള്‍ എല്ലായിടത്തുമില്ല. ചില വഴികള്‍ ചരിത്രരഹിതമാണ്. ചില സംഭവങ്ങള്‍ ചരിത്രത്തിനു പുറത്താണ്. മനുഷ്യര്‍ സ്വമേധയാ ചരിത്രത്തിനു പുറത്തേക്ക് നടക്കുന്നു. അത് വാസ്തവത്തില്‍ സുരക്ഷിതമായ ഇടമാണ്. കാരണം ചരിത്രം, പ്രത്യയശാസ്ത്രം, മതം, അധികാരം, ഭരണം, നാഗരികത, സ്വാതന്ത്ര്യം തുടങ്ങിയ പ്രശ്‌നങ്ങളുടെ കൂടിക്കുഴയല്‍ മൂലം ഏറെക്കുറെ അതാര്യവും മനസ്സിലാക്കാന്‍ പ്രയാസവും ആലങ്കാരികവുമാണ്. ഒരു തര്‍ക്കമോ യുദ്ധമോ മറ്റൊരു മാനത്തില്‍ ആലങ്കാരികമാണ്. അതില്‍ മറ്റേതോ സൗന്ദര്യങ്ങള്‍ ലയിച്ചുചേരുന്നു. കാരണം അതിനു ഒരു അര്‍ത്ഥമോ നിഗമനമോ അല്ല ഉണ്ടായിരിക്കുക.
ഇപ്പോള്‍ ചരിത്രം കടന്നു വരാത്ത ഇടങ്ങള്‍ കൂടിക്കൂടി വരികയാണ്. പഞ്ചമി ജയശങ്കര്‍ എഴുതിയ ‘സ്ത്രീമുന്നേറ്റവും നവോത്ഥാനവും കേരളീയ പശ്ചാത്തലത്തില്‍’ എന്ന ലേഖനത്തില്‍ (സ്ത്രീശബ്ദം) അമേരിക്കന്‍ ചിന്തകനായ ഫ്രെഡറിക് ജയിംസണ്‍ മിക്കപ്പോഴും അവതരിപ്പിക്കാറുള്ള ചരിത്രവല്‍ക്കരണം എന്ന ആശയത്തെപ്പറ്റി പറയുന്നുണ്ട്. മൂന്നാം ലോകരാജ്യങ്ങള്‍ക്കും മര്‍ദ്ദിത ജനതയ്ക്കും അവരുടെ ഭൂതകാലത്തെ ഉറപ്പിച്ചെടുക്കാന്‍ ചരിത്രവല്‍ക്കരണം ആവശ്യമാണെന്ന് ജയിംസണ്‍ പറയാറുണ്ട്. ഏത് ജനതയും സ്വന്തം അസ്തിത്വം അര്‍ത്ഥപൂര്‍ണമാക്കാന്‍ ചരിത്രത്തെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. എന്തിനും ഒരു ചരിത്രവസ്തുതയുടെ പിന്‍ബലം അനിവാര്യമാണ്.
പുതിയ കാലത്ത് മനുഷ്യനേക്കാള്‍ പ്രാധാന്യം കമ്പോളവസ്തുക്കള്‍ നേടുകയാണ്. അത് വില്‍ക്കുന്ന ഇടങ്ങള്‍ക്ക് അമിതപ്രാധാന്യം കൈവന്നിരിക്കുകയാണ്. വില്‍ക്കുന്ന ഇടം എങ്ങനെ സജ്ജീകരിച്ചിരിക്കുന്നു എന്നത്, വില്‍ക്കാന്‍ വച്ചിരിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഒരു മുന്‍കൂര്‍ അറിയിപ്പായി മാറുകയാണ്. കടകളല്ല, ഷോറൂമുകളാണ് ഇപ്പോഴുള്ളത്. ഷോറുമൂകളും കടന്ന് അത് സൂപ്പര്‍ഷോപ്പി, സൂപ്പര്‍ മാര്‍ക്കറ്റ്, മാള്‍ എന്നിങ്ങനെ വിപണി പെരുകുകയാണ്. ഇന്ന് വ്യക്തിത്വങ്ങള്‍ ഉണ്ടാവുക പ്രയാസമാണ്. വിപണിയിലുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിത്വങ്ങളാണ് സമൂഹത്തില്‍ സ്ഥാനമുറപ്പിക്കുന്നത്.
വ്യക്തികള്‍ പ്രണയിക്കുന്നതോ, ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹത്തോടെ പെരുമാറുന്നതോ ഒരു കോര്‍പ്പറേറ്റ് ഉപഭോക്തൃ വീക്ഷണത്തില്‍ അത്ര നല്ലതല്ല. കാരണം പ്രേമിച്ചാല്‍ വാങ്ങല്‍ കുറയും. പ്രേമത്തിനാണല്ലോ പ്രാമുഖ്യം. ഭാര്യാഭര്‍ത്താക്കന്മാര്‍ പിരിയുകയാണെങ്കില്‍ കോര്‍പ്പറേറ്റ് വിപണിക്ക് അത് നല്ലതാണ്. കാരണം രണ്ട് വ്യക്തികളാവുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ഉപഭോക്തൃസാധനങ്ങള്‍ വേണ്ടിവരും. ഒരു കാര്‍ എന്നിടത്ത് രണ്ട് കാറാകും. ഒരു ടിവിക്ക് പകരം രണ്ടെണ്ണമാകും. രണ്ട് അടുക്കളതന്നെ സജീവമാകും. ഇതെല്ലാം ഒരാളുടെ വാങ്ങല്‍ സ്വഭാവത്തെ കൂടുതല്‍ ഊര്‍ജിതമാക്കും.
ഒരു വസ്തു വില്‍ക്കാനാണ് വച്ചിരിക്കുന്നത് എന്ന ധാരണ തന്നെ റദ്ദായിപ്പോകുന്നത്, അതിനുവേണ്ടി വന്‍ചെലവ് ചെയ്ത് മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത് കാണുമ്പോഴാണ്. മനുഷ്യരേക്കാള്‍ ആകര്‍ഷകമാണ് മാര്‍ക്കറ്റ് ഇടങ്ങള്‍. മനുഷ്യനേക്കാള്‍ സുന്ദരമാണ് വാഹനങ്ങള്‍ – പ്രത്യേകിച്ചും കാറുകള്‍! സംസ്‌കാരം വിലകൊടുത്തുവാങ്ങാനുള്ളതാണെന്ന ധാരണ ഇങ്ങനെയാണ് ശക്തിപ്പെടുന്നത്. ഇതെല്ലാം ചരിത്രം കടന്നുവരാത്ത ഇടങ്ങളാണ്. ഇത് ചരിത്രത്തിനു പുറത്തുള്ള നൈമിഷിക ജീവിതമാണ്. ഇവിടെ ഓര്‍മ്മയോ ചിന്തയോ ഒന്നുമില്ല, വെറുതെ ഹരിക്കുക, ആഗ്രഹിക്കുക എന്നുള്ളതില്‍ക്കവിഞ്ഞ്.
ആനുകാലികം
‘അക്ഷിത’ മാസികയില്‍ എം. മുകുന്ദന്‍ താനൊരു ദുര്‍ബ്ബലനാണെന്ന് പറഞ്ഞിരിക്കുന്നു. ദല്‍ഹിയില്‍ ഫ്രഞ്ച് എംബസിയില്‍ ജോലി നോക്കുന്ന കാലത്ത് ചങ്ങാതിമാര്‍ വന്ന് ശമ്പളമെല്ലാം വാങ്ങിക്കൊണ്ടുപോകുമായിരുന്നുവത്രേ. പിന്നീട് ആ ചങ്ങാതിമാരില്‍ നിന്ന് അദ്ദേഹം കുറേശ്ശെ പണം ചോദിച്ചുവാങ്ങുമെന്ന്. ഇതിനൊന്നും വിശ്വസനീയതയില്ലെന്ന് പറയട്ടെ. വളരെ പ്രായോഗികമതിയും സുഹൃത്തുകളില്‍ നിന്ന് ആസൂത്രിതമായി വിട്ടുനില്‍ക്കാന്‍ കൗശലമുള്ള വ്യക്തിയുമായാണ് മുകുന്ദനുമായി അടുത്തിടപഴകാന്‍ സാധിച്ചിട്ടുള്ളവര്‍ക്ക് തോന്നുക. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായില്ലേ അദ്ദേഹം; ലക്ഷ്യബോധമില്ലാത്ത നായകന്മാരെ സൃഷ്ടിച്ചെങ്കില്‍പ്പോലും. അക്കാദമിയുടെ അദ്ധ്യക്ഷസ്ഥനത്തിരുന്ന് ചെയ്ത കാര്യങ്ങള്‍ നോക്കിയാല്‍, അദ്ദേഹം ദുര്‍ബ്ബലനാണെന്ന് സമ്മതിക്കാനൊക്കുകയില്ല.
കെ.പി. ശങ്കരന്‍ ഓരോ കഥയെക്കുറിച്ചെഴുതുന്നതായി അറിഞ്ഞു. അദ്ദേഹം എഴുതിയ കുറിപ്പില്‍ (കലാപൂര്‍ണ) ‘നൂറ് വര്‍ഷം നൂറ് കഥ’ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കഥകളാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞിരിക്കുന്നു. അവിടെത്തന്നെ വിമര്‍ശകന്റെ സ്വാതന്ത്ര്യം പോയില്ലേ?
ഗോപന്‍ അയക്കാട് രചിച്ച ‘വളപ്പൊട്ടുകള്‍’ (എഴുത്ത് മാസിക) എന്നെ കീഴ്‌പ്പെടുത്തുകയും വശീകരിക്കുകയും ചെയ്തു. കീഴ്‌പ്പെടുത്തിയത് ഈ കഥയുടെ ആത്മാര്‍ത്ഥതയാണ്. ഈ വളപ്പൊട്ടുകള്‍ക്ക് മലയാള കഥയുടെ കാലിഡോസ്‌കോപ്പില്‍ മഴവില്ലിന്റെ അഴകാണ്. പുതിയൊരു കഥാനുഭവമാണിത്. ഇന്നത്തെ ജീവിതത്തിന്റെ ആഴത്തിലേക്ക് സത്യസന്ധമായി കടന്നുചെല്ലാന്‍ ഇതുപോലെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രവാസി എഴുത്തുകാര്‍ക്കോ കോളേജ് പ്രൊഫസര്‍മാര്‍ക്കോ കഥാകാരന്മാര്‍ക്കോ കപട മതേതര കാഥികര്‍ക്കോ ഒന്നും ഇതുപോലെ ആര്‍ജ്ജവത്തോടെ എഴുതാനൊക്കില്ല. ഈ കഥ നമ്മുടെ സാംസ്‌കാരിക ലോകത്തിന്റെ കാപട്യത്തിന്റെ അടിയിലൊഴുകുന്ന നിസ്സഹായമായ മനുഷ്യാത്മാക്കളുടെ സരയൂ നദിയാണ്. ഗോപന്‍ എന്ന കഥാകൃത്ത് മലയാളകഥയിലെ സകല കാല്പനിക വനമൊട്ടുകളെയും ഒരു വശത്തേക്ക് തള്ളിമാറ്റി യഥാര്‍ത്ഥ്യത്തിന്റെ മണിച്ചെപ്പ് തുറന്നിരിക്കുന്നു. ഇത് ജീവിച്ചവരുടെ കഥയാണ്; സ്വപ്‌നം കണ്ടവരുടെ കഥയല്ല. ഇത് വെറും മൂര്‍ത്തതയല്ല; മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ജീവിതത്തിന്റെ മുള്ളാണ്. ഈ കഥയുടെ ആദ്യത്തെ ഏതാനും വാചകങ്ങള്‍ വായിച്ചതോടെ വിഷാദഭാരത്താല്‍ ഞാന്‍ മാഗസിന്‍ അടച്ചുവച്ചു. കുറേനേരം പുറത്തിറങ്ങി കാറ്റുകൊണ്ടു. അസ്തമയത്തിന്റെ ചെരാതുകള്‍ പുറപ്പെടുവിക്കുന്ന നിശ്ശബ്ദതയുടെ അര്‍ത്ഥമെന്താണെന്ന് ചിന്തിച്ചു. കുറേ കഴിഞ്ഞാണ് ഞാന്‍ ഊര്‍ജ്ജം സമ്പാദിച്ച് വീണ്ടും വായന തുടങ്ങിയത്. ഒരു വാക്കോ, വാചകമോ പോലും അധികമായി, ഈ കഥയിലില്ല. ‘നഗരത്തിന്റെ സഹസ്രകരങ്ങളിലേക്കും കൈനീട്ടി ദയാരഹിതമായ പാതകളിലൂടെ ഭ്രാന്തമായി പിന്നെയും ഞാന്‍ നടന്നു, കണ്ണീര്‍ക്കടലിനെ ഹൃദയ ശംഖിലൊതുക്കി കുറേനേരം അവളങ്ങനെ നിന്നു, ഓടിന്റെ വിടവിലൂടെ നക്ഷത്രങ്ങള്‍ പൂത്ത ആകാശം ഞങ്ങളെ നോക്കിച്ചിരിച്ചു തുടങ്ങിയ വാചകങ്ങള്‍ ഉള്‍ക്കാഴ്ചയാണ് തന്നത്. ഈ കഥ പുരോഗമന സാഹിത്യകാരന്മാരും ഔദ്യോഗിക കഥാകൃത്തുക്കളും വായിക്കണം. ജീവിതത്തോട്, ബന്ധങ്ങളോട്, എങ്ങനെയാണ് ഒരാള്‍ അതിദയനീയമായി സൗഹൃദം സ്ഥാപിക്കുന്നതെന്ന് ഈ കഥ അവര്‍ക്ക് പറഞ്ഞുകൊടുക്കും. ഈ കഥ നമ്മുടെ ജീവിതങ്ങളിലെ നിഷ്‌കപടമായ സഹനത്തിന്റെ യഥാര്‍ത്ഥസാരം സ്പഷ്ടമാക്കുന്ന വിശിഷ്ട രചനയാണ്.
പരിഷ്‌കൃതലോകത്ത് അനാഥരാക്കപ്പെടുന്നവരുടെ തീക്ഷ്ണമായ ആകുലതകള്‍ പി.ടി. ബിനുവിന്റെ പ്രജ (കലാകൗമുദി) എന്ന കവിതയില്‍ വായിക്കാം. നഗരങ്ങള്‍ കൂടുതല്‍ അണിഞ്ഞൊരുങ്ങുമ്പോള്‍ ഗതികിട്ടാതെ അലയുന്നവര്‍ ഏറുകയാണ്.
”ഞങ്ങള്‍ ആരുടെയും
പേര് കട്ടിട്ടില്ല.
ജാതിയോ മതമോ
രാഷ്ട്രീയമോ കട്ടിട്ടില്ല.
ഞങ്ങളാരാണെന്ന്
ഞങ്ങള്‍ക്കുപോലുമറിയില്ല.”
മുഹമ്മദ് ഷബീര്‍ എഴുതിയ ‘ആല്‍ബം’ (കലാകൗമുദി) പഴയകാലത്തിന്റെ തുരുമ്പുന്ന ഓര്‍മ്മകളില്‍ അമര്‍ന്നു പോയവരെ കാണിച്ചുതരുന്നു. മരിച്ചവരുടെ ചിത്രങ്ങള്‍, ചിലപ്പോള്‍ ജീവിതത്തിന്റെ രഹസ്യം അറിയിക്കുന്ന ഒരു പൂട്ട് ആയി മാറാം.
ലോകത്തിലെ മികച്ച കഥ
റഷ്യയില്‍ ആദ്യമായി സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ഇവാന്‍ ബുനില്‍ (1870-1953) എന്ന എഴുത്തുകാരനാണ്. 1933ല്‍ നോബല്‍ സമ്മാനം ലഭിച്ചു. 1915ല്‍ ബുനില്‍ എഴുതിയ ‘ദ ജന്റില്‍മാന്‍ ഫ്രം സാന്‍ഫ്രാന്‍സിസ്‌കോ’ എന്ന കഥ ലോകത്തിലെ ഏറ്റവും മഹത്തായ കഥയാണ്. ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരനായ ഡി.എച്ച്. ലോറന്‍സാണ്, സാമുവില്‍ കൊടെലിയാന്‍സ്‌കിയുടെ സഹായത്തോടെ.
ഈ കഥയുടെ ആദിമരൂപത്തെപ്പറ്റി ബുനില്‍ ആലോചിക്കുന്നത് തോമസ് മന്‍ രചിച്ച ‘ഡെത്ത് ഇന്‍ വെനീസ്’ എന്ന നോവല്‍ വായിച്ചപ്പോഴാണ്. പിന്നീട് ആ ബീജം വളര്‍ന്ന് രൂപം പ്രാപിച്ചത് ഇറ്റലിക്കടുത്തുള്ള കാപ്‌റി ദ്വീപില്‍ അമേരിക്കക്കാരായ ചിലര്‍ ആകസ്മികമായി മരണമടഞ്ഞ വാര്‍ത്ത വായിച്ചപ്പോഴാണ്. ബുനില്‍ ഈ തന്തുവിനെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ബിസിനസ്സുകാരനാക്കി മാറ്റി എഴുതുകയായിരുന്നു.
അമേരിക്കക്കാരനായ ഒരു ബിസിനസ്സുകാരന്‍ കുടുംബസമേതം (ഭാര്യയും മകളും) ലോകം ചുറ്റുന്ന വിനോദയാത്രയ്ക്ക് പോകുന്നതാണ് കഥയുടെ പ്രമേയം. യാത്രാമധ്യേ, അവര്‍ കാപ്‌റി ദ്വീപിലെ ഒരു ഹോട്ടലില്‍ തങ്ങുന്നു. അവിടെവച്ച് ബിസിനസ്സുകാരന്‍ ഹൃദയാഘാതം മൂലം മരിക്കുന്നു. എന്നാല്‍ ബിസിനസ്സുകാരന്‍ മരിച്ചത് മറ്റു യാത്രക്കാരുടെയും കപ്പല്‍ ജോലിക്കാരുടെയും സന്തോഷം കെടുത്തുന്നതാകയാല്‍ അവര്‍ ആ മൃതദേഹം കപ്പലിന്റെ ഏറ്റവും അടിയിലുള്ള ഒരിടത്തേക്ക് മാറ്റുന്നു.
അയാള്‍ ഒരു മൃതദേഹമായി തിരികെ വീട്ടിലേക്ക് പോരുന്നതാണ് ബുനിന്റെ കഥയില്‍ ജീവിതസമസ്യയായി ചിത്രീകരിക്കപ്പെടുന്നത്. മനുഷ്യന് ജീവിതം ശവമാകുന്നതുവരെയേ ഉള്ളു എന്ന മുതലാളിത്ത സമീപനമാണ് ബുനില്‍ ഈ കഥയിലൂടെ തുറന്നു കാട്ടിയത്.
സ്വന്തം സുഖത്തിനുമാത്രം വിലകൊടുക്കുന്ന വിപണികേന്ദ്രീകൃതമായ മനുഷ്യാവസ്ഥയെ ബുനില്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘദര്‍ശനം ചെയ്തു എന്നാലോചിക്കണം. ഇത് ഒരാന്തരകാഴ്ചയാണ്. മരിക്കുന്നവനാണ് അപമാനം വരുത്തിവച്ചതെന്ന വിധം മനുഷ്യന്റെ പ്രായോഗിക ബുദ്ധി അതിരുവിടുകയാണ്.
ഇതുപോലെ നമ്മെ ചിന്തിപ്പിക്കുകയും പ്രബുദ്ധമാക്കുകയും മുറിവേല്പിക്കുകയും ചെയ്യുന്ന ഒരാഖ്യാനം ലോകസാഹിത്യത്തില്‍ തന്നെ കാണുകയില്ല. റഷ്യയെ ധൈഷണികമായി, വൈകാരികമായി ഉണര്‍ത്തിയ കഥയാണിത്. ഇരുപതാം നൂറ്റാണ്ടിലെ റഷ്യന്‍ കഥാലോകത്ത് ഈ രചന ഒരു ദീപസ്തംഭമാണ്.
ചാര്‍ളി ചാപ്‌ളിന്‍ (1889-1977)
ഇംഗ്ലീഷ് കോമിക് നടനും സംവിധായകനുമായ ചാര്‍ളി ചാപ്‌ളിന്റെ സിനിമകള്‍ എക്കാലത്തെയും ഹിറ്റുകളാണ്. തൊഴിലന്വേഷിച്ച് നാടോടിയായി നടക്കുന്ന ഒരുവനായി ചാപ്‌ളിന്‍ അഭിനയിച്ചത് ആ കാലഘട്ടത്തെ പ്രതീകാത്മകമായി രേഖപ്പെടുത്തി. ദി കിഡ്, മോഡേണ്‍ ടൈംസ്, ദ ഗ്രേറ്റ് ഡിക്റ്ററ്റര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചാപ്‌ളിന്റെ ചില ചിന്തകള്‍: ശരിക്കും ചിരിക്കണമെങ്കില്‍ സ്വന്തം വേദനകളുമായി സല്ലപിക്കണം.
”എന്റെ സങ്കടങ്ങള്‍ മറ്റുള്ളവരെ ചിരിപ്പിച്ചേക്കാം. എന്നാല്‍ എന്റെ ചിരി ഒരിക്കലും മറ്റുള്ളവരുടെ വേദനയ്ക്ക് കാരണമാകരുത്.”
നുറുങ്ങുകള്‍
- സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നിര്‍ത്തലാക്കുകയാണ് വേണ്ടത്. രാഷ്ട്രീയ പക്ഷപാതമുള്ള ഇത്തരം അവാര്‍ഡുകള്‍ നല്ല എഴുത്തുകാരെ വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരില്‍ തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാഹിത്യത്തെക്കുറിച്ച് യാഥാസ്ഥിതിക സമീപനം പുലര്‍ത്തുന്ന ചിലര്‍ തീരുമാനിക്കുന്ന ഇത്തരം സര്‍ക്കാര്‍ അവാര്‍ഡുകള്‍ മൂല്യത്തിന്റെ പേരിലുള്ളതാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് ആപത്താണ്.
- ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, മേതില്‍ രാധാകൃഷ്ണ ന്‍, ജയപ്രകാശ് അങ്കമാലി, അഗസ്റ്റിന്‍ ജോസഫ് തുടങ്ങിയ എഴുത്തുകാരെ അക്കാദമികള്‍ അറിയാന്‍ ശ്രമിക്കുന്നേയില്ല.