സി.പി.എം അല്ല സി.പി.ഐ എന്ന് വാചകമടിച്ച ബിനോയ് വിശ്വത്തിന് ഇത് തെളിയിക്കാനുള്ള ഭാഗ്യക്കുറി വീണിരിക്കുന്നു. എഴുപത്തഞ്ച് വര്‍ഷത്തിന്റെ നാടക വിപ്ലവത്തിന്റെ വീരസ്യം വിളമ്പുന്ന കെ.പി.എ.സി എന്ന പാര്‍ട്ടിയുടെ നാടക സംഘത്തെക്കൊണ്ട് നവോത്ഥാന ചരിത്രത്തിലെ പുതിയ അദ്ധ്യായം കുറിക്കുന്ന ഒരു നാടകം മലയാളക്കരയില്‍ അവതരിപ്പിക്കുക. നാടകത്തിന്റെ പേര് ‘കാരണഭൂതന്‍ കാലു മാറുന്നു’ എന്നായിരിക്കണം. മുമ്പ് കണിയാപുരം രാമചന്ദ്രന്‍ പാര്‍ട്ടിക്കു വേണ്ടി എഴുതി കെ.പി.എ.സി.യെക്കൊണ്ട് രംഗത്തവതരിപ്പിച്ച ഒരു നാടകമുണ്ടായിരുന്നല്ലോ – ഭഗവാന്‍ കാലുമാറുന്നു. ശബരിമല ധര്‍മ്മശാസ്താവിനെ അവഹേളിക്കാന്‍ എഴുതി തയ്യാറാക്കിയ ഈ നാടകം തുടക്കത്തില്‍ സായുധ ഗുണ്ടകളായ സഖാക്കള്‍ കാവല്‍ നിന്ന് ചില വേദികളില്‍ കളിച്ചെങ്കിലും ഇപ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റ് പോലും കെ.പി.എ.സിയില്‍ ഉണ്ടോ എന്നു സംശയമാണ്. ശബരിമല ആചാരലംഘനം നടത്തി യുവതികളെ സന്നിധാനത്ത് എത്തിച്ച കാരണഭൂതന്‍ സ്വയം നവോത്ഥാനനായകനായി ഞെളിഞ്ഞതാണ്. എന്നാല്‍ ആ സഖാവും സഖാവിന്റെ പാര്‍ട്ടിയും സഖാക്കള്‍ ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇതെല്ലാം മായ്ച്ചുകളഞ്ഞ് ഇപ്പോള്‍ ആചാര സംരക്ഷകരായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ‘കാരണഭൂതന്‍ കാലുമാറുന്നു’എന്ന നാടകത്തിന് വലിയ പ്രസക്തിയില്ലേ ബിനോയ് സഖാവേ?
അന്ന് വിജയന്‍ സഖാവ് കിഫ്ബി പദ്ധതി പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുത്ത് പണിതതാണോ എന്നറിയില്ല, വളരെ കൊട്ടിഘോഷിച്ചാണ് വനിതാ മതില്‍ കേരളത്തില്‍ വടക്കുനിന്ന് തെക്കുവരെ പണിതത്. കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥ ലയിലെ കാട്ടിലും പുഴയിലും മനുഷ്യന്റെ അസ്ഥി തേടി മണം പിടിപ്പിച്ചു നടന്നു മാസ്മരിക കഥകള്‍ ഗവേഷണം ചെയ്‌തെടുത്ത മലയാള മാധ്യമ സിങ്കങ്ങള്‍ ഒന്നുപോലും ഈ മതില്‍ ഏതു പ്രളയത്തിലാണ് തകര്‍ന്നു കാണാതായതെന്നോ അതിന് സാംസ്‌കാരിക വകുപ്പ് ചെലവിട്ട കോടികള്‍ എത്രയെന്നോ അന്വേഷിക്കാന്‍ പോയിട്ടില്ല. വല്യേട്ടനോട് ഇത്തരം കാര്യങ്ങള്‍ മുഖത്തുനോക്കി ചോദിക്കാന്‍ നട്ടെല്ലിന് ഉറപ്പില്ലെങ്കില്‍ ഒരു നാടകം വഴിയെങ്കിലും തങ്ങളുടെ കഴുതക്കാമം കരഞ്ഞുതീര്‍ത്തുകൂടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവേ? നവഫാസിസം എന്ന പ്രയോഗം പോലും അംഗീകരി ക്കാത്ത വിധം കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ചോരയാണ് സി.പി.ഐക്കാരില്‍ ഉള്ളതെങ്കില്‍ നമുക്ക് പ്രതീക്ഷിക്കാം ‘കാരണഭൂതന്‍ കാലുമാറുന്നു’ എന്ന കെ.പി.എ.സി നാടകം പാര്‍ട്ടി ഉടനെ രംഗത്തവതരിപ്പിക്കും.





















