2019 ന് ശേഷം മതപരിവര്‍ത്തനം ഭാരതമാസകലം സജീവ ചര്‍ച്ചയാകുകയാണ്. രഹസ്യമായി തുടര്‍ന്നു വന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റകൃത്യങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്. കോടതി അവരെ റിമാന്‍ഡ് ചെയ്യുകയും, എട്ടാം ദിവസം എന്‍ഐഎ കോടതി അവര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയക്കണമെന്നാ യിരുന്നു സഭ നേതാക്കളുടെയും ഇടത്-വലത് രാഷ്ട്രീയ നേതാക്കളുടെയും തുടക്കത്തിലെ ആവശ്യം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നു എന്നുള്ള വിചിത്ര വാദവും അവര്‍ ഉയര്‍ത്തി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മൂലം സഭയെ അവഹേളിച്ചു എന്നാണ് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ വാദിച്ചത്. സഭാ നേതാക്കളായ മതമേലധ്യക്ഷന്മാരും, ചില പുരോഹിതന്മാരും ഇപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള 11 സംസ്ഥാനങ്ങളില്‍ നിയമം റദ്ദ് ചെയ്യണമെന്നാണ്.
മതസ്പര്‍ദ്ധയ്ക്ക് ശ്രമം
ഭാരതത്തിലെ എല്ലാ നിയമങ്ങളും എല്ലാവര്‍ക്കും തുല്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ-മത നേതൃത്വം പ്രത്യേക അജണ്ടയോടെ മതപരമായും, വൈകാരികമായും കണ്ട് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിച്ചത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത ചോദ്യം ചെയ്യുന്നതാണ്.
സംസ്ഥാനത്ത് ന്യൂനപക്ഷ മതങ്ങള്‍ക്ക് ഒരുനീതി, ഭൂരിപക്ഷത്തിന് മറ്റൊരു നീതി എന്നതാണ് നിലവിലെ സ്ഥിതി. കന്യാസ്ത്രീക്കും, സന്യാസിനിയ്ക്കും, മതപണ്ഡിതനും നീതിയും നിയമവും ഒരേപോലെ പ്രാപ്തമാക്കുക എന്നതാണ് രാജ്യത്തെ ഭരണഘടന നല്‍കുന്ന ഉറപ്പ്.
ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും ഒരു നീതി എന്നതാണ് രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം. തെറ്റ് ചെയ്തവര്‍ ആരായാലും വിചാരണ നേരിട്ട് ശിക്ഷ അനുഭവിക്കണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാനും പാടില്ല. കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമം അനുസരിച്ച് നിയമവിരുദ്ധമായപ്രവൃത്തികളില്‍ നിയമ നടപടി ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ പീഡനമാണ്, നിയമനിഷേധമാണ് എന്ന് പ്രസ്താവിച്ച് തെരുവിലിറങ്ങി ഭൂരിപക്ഷസമൂഹത്തെ വെല്ലുവിളിക്കുകയാണ്. ഇത്തരം നടപടികളിലൂടെ മതസംഘര്‍ഷത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റി രാജ്യത്തെ നിയമങ്ങളെയും കേന്ദ്രസര്‍ക്കാരിനെയും ഭൂരിപക്ഷ ജനസമൂഹത്തെയും വരുതിയിലാക്കാനുള്ള ശ്രമവും ആസൂത്രിതമായി അരങ്ങേറുന്നു.
മതപരിവര്‍ത്തനശക്തികള്‍ പ്രേക്ഷിത വേലയുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെ എതിര്‍ക്കാനും ബാധിക്കപ്പെടുന്ന സമൂഹത്തിന് അത്തരം ശ്രമങ്ങളെ ചെറുതുതോല്‍പ്പിക്കാന്‍ കരുത്തുന്നുണ്ടെന്നതും അവര്‍ മറക്കുകയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും ഇടപെട്ടതിന് നീതീകരണമില്ല. അത് നിയമവിരുദ്ധവും ഇരകള്‍ക്ക് നീതി നിഷേധിക്കലും ആണ്. പോലീസ് അന്വേഷണത്തില്‍ ഇടപെടുകയും കോടതികളില്‍ ബാഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തുകയാണ്. ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. സംസ്ഥാനത്ത് പല സംഭവങ്ങളിലായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മദ്രസകളിലേക്കും, കന്യാസ്ത്രീമഠങ്ങളിലേക്കും കുട്ടികളെ കടത്തിക്കൊണ്ടുവന്നത് ജനശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന ചര്‍ച്ചകളില്‍ ഇന്ന് തെരുവിലിറങ്ങി മുറവിളി കൂട്ടുന്നവരുടെ പ്രതികരണം ഉണ്ടായില്ല, പിന്നീട് ഈ കേസുകള്‍ മരവിപ്പിക്കപ്പെട്ടു.
മതനേതൃത്വത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍
പുരോഹിതന്മാരുടെ അഭിലഷണീയമല്ലാത്ത പ്രവൃത്തികള്‍ മൂലം ദുര്യോഗത്തിനിരയായ സിസ്റ്റര്‍ അഭയ, മഠങ്ങളില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകള്‍ ഇവര്‍ക്കനുകൂലമായ ഒരു പ്രതികരണവും ഉയര്‍ന്നില്ല, മറിച്ച് ഇവരെ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമവും ഉണ്ടായി. ജോസഫ് മാഷിന്റെ കൈവെട്ടിയത്, വൈക്കം പ്രസാദഗിരി പള്ളി വികാരിയെ മര്‍ദ്ദിച്ചത്, കുന്നംകുളം സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ കന്യാസ്ത്രീകള്‍ക്ക് മര്‍ദ്ദനമേറ്റത്; ഈ വിഷയങ്ങളില്‍ ഒന്നും മതനേതൃത്വം തെരുവില്‍ ഇറങ്ങിയില്ല.


ശങ്കരാചാര്യരെ കള്ളക്കേസില്‍കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്, മാതാ അമൃതാനന്ദമായി അമ്മയ്‌ക്കെതിരെ കള്ള പ്രചരണം നടത്തിയത്, ഒറീസയില്‍ ലക്ഷ്മണാനന്ദ സരസ്വതി സ്വാമിയേയും മറ്റു സന്യാസിമാരെയും വെട്ടി നുറുക്കി കൊന്നത് – ഇതിലൊന്നും സംസ്ഥാനത്തെ രാഷ്ട്രീയ- മത നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കിയില്ല എന്നുമാത്രമല്ല അവര്‍ മൗനം പാലിക്കുകയും അവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു.
മതസമ്മര്‍ദ്ദത്തിനും സ്വാധീനത്തിനും വഴങ്ങി നിയമങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതിലൂടെ രാജ്യത്തെ നിയമവാഴ്ചയാണ് അവര്‍ വെല്ലുവിളിക്കുന്നത്. സാഹചര്യങ്ങളെ മുതലെടുത്തുകൊണ്ട് ഭാരത സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വരുതിയിലാക്കിയ സഭാ നേതൃത്വം ഹിന്ദു സമാജത്തെയും ദേശീയ നേതൃത്വത്തെയും തെരുവില്‍ വെല്ലുവിളിക്കുകയാണ്. കേവലം കന്യാസ്ത്രീകളെ ജാമ്യത്തില്‍ ഇറക്കുക എന്ന ആവശ്യത്തില്‍ നിന്നും മതപരിവര്‍ത്തന നിരോധന നിയമം റദ്ദ് ചെയ്യണമെന്ന സഭയുടെ ആത്യന്തിക ലക്ഷ്യവുമായി അവര്‍ പ്രസ്താവനകളിലൂടെ രംഗത്ത് വന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മതപരിവര്‍ത്തനത്തിന്റെ ആഗോള അജണ്ടയും നാള്‍വഴികളും ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഭരണകൂടങ്ങളില്‍ കൈകടത്തുന്ന, ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ക്രൈസ്തവ മതം അവിടുത്തെ ഭരണകാര്യങ്ങളില്‍ വരെ മതസ്വാധീനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ചൈനയിലും, ജപ്പാനിലും, വികസിത- വികസ്വര രാജ്യങ്ങളില്‍ പോലും രാഷ്ട്രങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും അവര്‍ നേടി.
ലോകത്തെ വന്‍ ശക്തികളെപ്പോലും തങ്ങള്‍ക്കനുകൂലമായി തീരുമാനമെടുപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഭാരതം അടക്കമുള്ള ലോകരാഷ്ട്രങ്ങളില്‍ ഭരണ രംഗങ്ങളില്‍ നിര്‍ണായക സ്വാധീനം നേടിയ ഇക്കൂട്ടര്‍ അവര്‍ പ്രവേശിച്ച രാജ്യങ്ങളിലെ സംസ്‌കൃതിയെ തകര്‍ത്തു. പൗരാണികമായ സംസ്‌കൃതിയുടെ തിരുശേഷിപ്പുകള്‍ പോലും തകര്‍ത്ത് ഇല്ലാതാക്കി. വിദേശ രാഷ്ട്രങ്ങളില്‍ മിഷനറികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം കൊണ്ട് ദേശവിരുദ്ധ വികാരം അല്ലെങ്കില്‍ അരാഷ്ട്രീയവാദം ആണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കിയ രാഷ്ട്രങ്ങള്‍ അതുകൊണ്ട് വിദേശ മത-ഭാഷയോട് അകലം പാലിക്കുകയും വൈദേശിക വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലോകത്ത് രണ്ട് മത പാരമ്പര്യങ്ങള്‍ ആണുള്ളത്. ഒന്ന് മതം മാറ്റുന്നതില്‍ വിശ്വസിക്കുന്നേയില്ല, മറ്റൊന്ന് മതം മാറ്റുന്നത് തങ്ങളുടെ കടമയായി വിശ്വസിക്കുന്നു.
മതംമാറ്റം സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് ലോക ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഗ്രീസ്, ഈജിപ്റ്റ്, മയ, ഇങ്ക, മൊസപൊട്ടോമിയന്‍, ഹവാലിയന്‍, ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗ സംസ്‌കാരം ഇതെല്ലാം നഷ്ടമായി. ഇവിടെയെല്ലാം പഴയ കൂറ്റന്‍ സ്മാരകങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ഈ സംസ്‌കാരങ്ങളെല്ലാം സര്‍വകലാശാലകളിലെ പാഠ പുസ്തകങ്ങളില്‍ ഉറങ്ങുകയാണ്. 2000 വര്‍ഷത്തിനകം എത്രയെത്ര സംസ്‌കാരങ്ങളാണ് മണ്ണടിഞ്ഞത്. ഇതുമൂലം നഷ്ടം സംഭവിച്ചിട്ടുള്ളത് മനുഷ്യവംശത്തിന് ആകമാനം ആണ്.
ലോകത്ത് ന്യൂനപക്ഷ മതസമൂഹമായി നിലനിന്ന രാജ്യങ്ങളില്‍ പോലും ക്രൈസ്തവ സമൂഹം ഭൂരിപക്ഷം ആവുകയും ഭരണത്തിലും ജനസമൂഹങ്ങളുടെ ദൈനംദിന ജീവിതക്രമങ്ങളിലും വരെ അവര്‍ സ്വാധീനം ഉണ്ടാക്കി. മതേതര രാജ്യ സങ്കല്‍പ്പത്തില്‍ നിലനിന്നിരുന്ന രാജ്യങ്ങളില്‍ മത സംഘര്‍ഷങ്ങളും മത സ്പര്‍ദ്ധയും ഉണ്ടാക്കി വേറിടല്‍ വാദം ഉയര്‍ത്തിക്കൊണ്ടുവന്നു.
അടിമുടി സനാതന സംസ്‌കൃതി നിലനിന്നിരുന്ന ഭാരതത്തിലും മതത്തെ ഉപയോഗപ്പെടുത്തി ദൈവരാജ്യം ആക്കാനുള്ള പരിശ്രമങ്ങളും നിരവധി നടന്നു. ദൈവരാജ്യം എന്നാല്‍ ക്രൈസ്തവ രാജ്യം സ്ഥാപിക്കുക എന്നതാക്കി മാറ്റാനും വിദേശ മതത്തിനു കഴിഞ്ഞു.
ചൈന, ജപ്പാന്‍, ഭാരതം പോലെയുള്ള രാഷ്ട്രങ്ങളും, അപകടം മനസ്സിലാക്കിയ മറ്റു രാഷ്ട്രങ്ങളും അവരുടെ രാജ്യസുരക്ഷയെ കണക്കാക്കി പ്രബുദ്ധരായ ഭരണകര്‍ത്താക്കള്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെ നിരോധനം കൊണ്ടുവരാന്‍ ശ്രമിച്ചു. ഇവിടെയെല്ലാം മതപരിവര്‍ത്തന ശക്തികള്‍ ഉയര്‍ത്തിയ ചോദ്യം മതം പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യം ഇല്ലേ? ഈ നാട് എല്ലാ മതവിശ്വാസികള്‍ക്കും ഉള്ളതാണല്ലോ? എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണല്ലോ മതേതരത്വം എന്നൊക്കെയാണ്.
ഇതേ ചോദ്യം ക്രൈസ്തവ മതവും അവരെ പിന്തുണയ്ക്കുന്നവരും ചോദിക്കുന്നു. മതസ്വാതന്ത്ര്യവും മതപ്രചാരണവും ജന്മാവകാശമാണെന്ന് അവര്‍ വാദിക്കുന്നു. മതേതര മുഖംമൂടി ഉയര്‍ത്തിക്കാട്ടി മതം മാറ്റത്തിലൂടെ മനം മാറ്റി വ്യക്തിയുടെ ജീവിതവീഷണത്തിന് മാറ്റം വരുത്തുകയാണ് അവര്‍ ചെയ്യുന്നത്.
മിഷണറിമാരുടെ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ട് ഒരാള്‍ മതം മാറുന്നതിലൂടെ പൂര്‍വ്വമതത്തോട് വൈരാഗ്യവും സ്വരാജ്യത്തോട് കൂറ് ഇല്ലാത്ത രാജ്യദ്രോഹി ആവുകയും ചെയ്യുന്നു എന്നതാണ് അനുഭവം.
ബ്രിട്ടീഷ് ഭരണ നിയന്ത്രണത്തില്‍ ആയിരുന്ന ഭാരതത്തില്‍ മതപരിവര്‍ത്തനത്തിന്റെ ആളുകള്‍ മിഷനറിമാരായിരുന്നു. ഭരണസംവിധാനങ്ങളുടെ സഹായം നേടിയാണ് അവര്‍ മതപരിവര്‍ത്തനം വ്യാപകമാക്കിയത്. അതിര്‍ത്തി പ്രദേശങ്ങളില്‍ മതം മാറ്റപ്പെട്ടവര്‍ ബ്രിട്ടീഷുകാരെ അനുകൂലിച്ചു. ഭാരതത്തില്‍ സംസ്ഥാനങ്ങളുടെ പുനര്‍നിര്‍ണയം നടന്നപ്പോള്‍ ഓരോ പ്രദേശവും ഭാരതീയ നാമങ്ങളില്‍ നാമകരണം ചെയ്യുകയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, എല്ലാം ഇംഗ്ലീഷ് നാമം അല്ല സ്വീകരിച്ചത്. എന്നാല്‍ നാഗാ ഭൂമി നാഗാപ്രദേശ് ആയില്ല പകരം നാഗാലാന്‍ഡ് ആയി. മതം മാറിയപ്പോള്‍ ഭാഷയും, സംസ്‌കാരവും, പേരും മാറുന്നു. ഇതുപോലെയുള്ള ചെറിയ ഉദാഹരണങ്ങളിലൂടെ നമുക്ക് മനസ്സിലാവുന്നത് ബ്രിട്ടീഷുകാര്‍ ഭരണം വിട്ടുപോകുമ്പോള്‍ വിഘടനവാദത്തിന്റെ വിഷബീജം വിതച്ചിട്ടാണ് പോയത് എന്നാണ്. അതിന്റെ ഫലമായി ഭാരതം വേറെ നാഗാലാന്‍ഡ് വേറെ എന്ന സ്ഥിതിവിശേഷംവന്നു.
ലോക ജനസമൂഹം ക്രൈസ്തവീയതയെ പുറന്തള്ളി സ്വധര്‍മ്മപ്രേരിത പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവന്നത് മൂലം ക്രൈസ്തവസഭയ്ക്ക് ലോക രാഷ്ട്രങ്ങളിലെ നിര്‍ണായകമായ രാജ്യങ്ങളില്‍ പോലും സ്വാധീനം നഷ്ടപ്പെട്ടു. ലോകത്ത് തന്നെ ഒറ്റപ്പെട്ട സംഘടിത മതസമൂഹം ഭാരതത്തില്‍ നേടിയ രാഷ്ട്രീയ സ്വാധീനത്തിന്, ദേശീയ പ്രസ്ഥാനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പോടെ അവര്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും നഷ്ടമായി. രാജ്യത്ത് ദേശീയ ഭരണസംവിധാനങ്ങള്‍ അധികാരത്തില്‍ എത്താതിരിക്കാനും അധികാരത്തില്‍ നിന്ന് അവരെ പുറത്താക്കാനും ആഗോള തലത്തിലും ക്രൈസ്തവ മതനേതൃത്വം നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
വോട്ട് ബാങ്ക് രാഷ്ട്രീയം
ദേശീയ പ്രസ്ഥാനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ ഭരണത്തില്‍ തിരിച്ചു വന്നപ്പോള്‍ വോട്ട് ബാങ്കിന്റെ കരുത്ത്കാട്ടി സ്വാധീനം ഉണ്ടാക്കാനും കൃസ്ത്യന്‍ മതനേതൃത്വം പരിശ്രമം നടത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ച മത നേതൃത്വം സിഎസ്ആര്‍ ഫണ്ടുകളും, കേന്ദ്ര ഫണ്ടുകളും, പദ്ധതികളും സ്വന്തമാക്കി.
പദ്ധതികളും ഫണ്ടും ഉപയോഗിച്ച് രാജ്യത്തെ ദുര്‍ബല പ്രദേശങ്ങളില്‍ ഇവാഞ്ചലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിച്ചു. പ്രേഷിത പ്രവര്‍ത്തനത്തിന്റെ പേരില്‍ സേവനത്തെ മറയാക്കി മതപരിവര്‍ത്തനത്തിന് വ്യാപ്തി കൂട്ടാനും പരിശ്രമിച്ചു. ഒരേസമയം ഇരട്ട മുഖമാണ് അവര്‍ പ്രദര്‍ശിപ്പിച്ചത്. ഒരു വശത്ത് പിന്തുണ കാട്ടി ആനുകൂല്യം തട്ടുക, മറുവശത്ത് മത പരിവര്‍ത്തന പ്രവര്‍ത്തനം വ്യാപകമാക്കി ഭാരതീയ സമൂഹത്തെ ദുര്‍ബലമാക്കുക.
ഭാരതം ഇതിനെയെല്ലാം അതി ജീവിച്ച് തനിമയോടെ, സംസ്‌കൃതിയോടെ നിലനില്‍ക്കുന്നുവെങ്കില്‍ പൂര്‍വ്വസൂരികളുടെ സന്ധിയില്ലാത്ത സംസ്‌കാര സംരക്ഷണത്തിനായുള്ള നിരന്തരപോരാട്ടത്തിന്റെയും നിതാന്തജാഗ്രതയുടെയും പിന്‍ബലത്തിലാണ്. ഹിന്ദുക്കളിലെ അനൈക്യത്തിന്റെ പേര് പറഞ്ഞ്, സാമൂഹ്യജീര്‍ണ്ണതകളെ ചൂണ്ടിക്കാട്ടി മതം മാറ്റാന്‍ എത്തുന്നവര്‍ ആരാധനാസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പൗരോഹിത്യവും തങ്ങളുടെ കൈകളില്‍ തന്നെ നിലനിര്‍ത്തി മതപരിവര്‍ത്തിതരെ പുറത്തു നിര്‍ത്തുന്നവരാണ്. ഹിന്ദുക്കളെ നേരെയാക്കാന്‍ മറ്റുള്ളവര്‍ പാടുപെടേണ്ടതില്ല, അത് ഹിന്ദുക്കള്‍ തങ്ങളുടേതായ രീതിയില്‍ ചെയ്തുകൊള്ളും. സ്വയം നന്നാവുകയും, പരിഷ്‌കരണത്തിന് തയ്യാറായ തങ്ങളുടെ മതത്തിലുള്ളവരെ മാനുഷിക ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കുക എന്ന പ്രവര്‍ത്തനമാണ് സ്വന്തം മതത്തിനുള്ളില്‍ ക്രൈസ്തവ മതനേതൃത്വത്തിന് ചെയ്യാനുള്ളത്.
ഭാരതത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം മതനേതൃത്വം ഹിന്ദുക്കളെ മതം മാറ്റാനുള്ള ശ്രമങ്ങള്‍ വളരെ കാലങ്ങളായി നടത്തിവരുന്നുണ്ട്. മുസ്ലീങ്ങള്‍ ശക്തിയുടെ അടിസ്ഥാനത്തിലാണ് മതപരിവര്‍ത്തനം നടത്തിയിരുന്നുതെങ്കില്‍, ക്രിസ്ത്യാനികള്‍ ലോകത്തെവിടെയും മതപരിവര്‍ത്തനം നടത്തിയത് കൗശലത്തോടെയാണ്. ഛത്തീസ്ഗഡിന്റെയും ജാര്‍ഖണ്ഡ്, ഒറീസ സംസ്ഥാനങ്ങളിലെയും വനവാസി വിഭാഗങ്ങളെ മാത്രമല്ല അവര്‍ ലക്ഷ്യം വെക്കുന്നത്. എല്ലാ സംസ്ഥാനത്തും എല്ലാ വിഭാഗങ്ങള്‍ക്കിടയിലും അത് അഭംഗുരം നടന്നുകൊണ്ടിരിക്കുന്നു.
കേരളത്തിലെ മതപരിവര്‍ത്തന ശ്രമങ്ങള്‍
കേരള സംസ്ഥാനത്തും വിവിധ മാര്‍ഗങ്ങളിലൂടെ നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ സര്‍വ്വസീമകളും ലംഘിച്ച് മുന്നേറുകയാണ്, 1970ല്‍ രൂപം കൊണ്ട ഐക്യ ക്രൈസ്തവ പ്രസ്ഥാനം ഭാരതത്തെ ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ ഉദ്ദേശ്യലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗങ്ങളില്‍ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയായിരുന്നു പ്രവര്‍ത്തനം. രണ്ടായിരാമാണ്ടില്‍ നൂറു കോടി പുതു വിശ്വാസികളെ ക്രിസ്തുവിന് സമ്മാനിച്ച് ക്രൈസ്തവ ഭൂരിപക്ഷമുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ അവര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഈ കാലഘട്ടത്തില്‍ ഭൂരിപക്ഷ ജനസമൂഹത്തിന് മിഷനറികളില്‍ നിന്ന് പലവിധത്തിലുള്ള ചതികളും അതിക്രമങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത് ഇസ്ലാമിക അതിക്രമങ്ങളെക്കാള്‍ സംഘടിതവും ദൂരവ്യാപവും വ്യക്തവുമായ പദ്ധതികളോടുകൂടിയാണ് നടന്നിട്ടുള്ളത്.
ഭാരതത്തില്‍ മൂന്ന് രീതികളിലൂടെയാണ് ക്രൈസ്തവ മതം പ്രവേശിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ തുറമുഖം വഴിയാണ് അവര്‍ ആദ്യംവന്നത്, അന്നുമുതല്‍ ഈ വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ പൊട്ടുതൊടാനും, കാതുകുത്താനും, പുനര്‍ജന്മത്തില്‍ വിശ്വസിക്കുവാനും, കുട്ടികളെ വിദ്യാരംഭം നടത്താനും, തുളസിപ്പൂവ് ചൂടുവാനും പുലവാലായ്മകള്‍ ആചരിക്കാനും തുടങ്ങി. അവര്‍ അങ്ങനെ ഹിന്ദു ക്രിസ്ത്യാനികളായി ഇവിടെ ജീവിച്ചു. ആ കാലഘട്ടത്തെ നിലവിളക്ക് കൊളുത്തലും, ക്ഷേത്രദര്‍ശനവും ഒക്കെ അവരുടെ ആചാരങ്ങളുടെ ഭാഗമായിരുന്നു, ഇത് ആയിരുന്നു ആദ്യ കാലഘട്ടം.
ക്രിസ്ത്യാനികളുടെ അടുത്ത വരവ് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആരംഭിച്ചു. 1498ല്‍ പോര്‍ച്ചുഗീസില്‍ നിന്നും വാസ്‌കോഡഗാമ കോഴിക്കോട് എത്തിയതോടെയാണ് അതുണ്ടായത്. പോര്‍ച്ചുഗീസുകാര്‍ വന്നതിന്റെ പ്രധാന ഉദ്ദേശ്യം പോപ്പിന്റെ ആഹ്വാനം അനുസരിച്ച് ലോകം മുഴുവന്‍ ക്രൈസ്തവീകരിക്കുക എന്നതായിരുന്നു. ഇവരുടെ രൂപവും ഭാവവും വേഷവും എല്ലാം ഇതിനുമുമ്പേ വന്നവരില്‍ നിന്ന് വ്യത്യസ്തവുമായിരുന്നു. അക്രമകാരികളും അസഹിഷ്ണുക്കളും ക്രൂരന്മാരും ആയിരുന്നു ഇവര്‍. ഇവരാണ് പില്‍ക്കാലത്ത് റോമന്‍ കാത്തലിക്‌സ് എന്ന പേരില്‍ അറിയപ്പെട്ടു വന്നത്. ഇവരുടെ കേന്ദ്രം ഗോവയായിരുന്നു.
മേല്‍പ്പറഞ്ഞ സംഭവത്തെക്കുറിച്ച് ചരിത്രകാരനായ സര്‍ദാര്‍ പണിക്കര്‍ ഇങ്ങനെ എഴുതുന്നു, ”സിറിയന്‍ ക്രിസ്ത്യാനികളായി നമ്മുടെ നാട്ടിലെത്തിയവരെ ഏറ്റവും ഹൃദ്യമായാണ് ഇവിടുത്തെ ഹിന്ദു രാജാക്കന്മാര്‍ സ്വീകരിച്ചതും, അവര്‍ക്ക് ഒരു തരത്തിലുള്ള അതിക്രമങ്ങള്‍ ഏല്‍ക്കാതെ ശ്രദ്ധിച്ചിരുന്നതും. എന്നിട്ട് പോലും ക്രിസ്ത്യാനികള്‍ അവര്‍ക്ക് ലഭിച്ച ആദ്യത്തെ അവസരത്തില്‍ തന്നെ കഴിഞ്ഞുപോയ സംഭവങ്ങളെ മറന്നുകൊണ്ട് പോര്‍ച്ചുഗല്‍ രാജാവിന്റെ അധീനതയിലേക്ക് മാറുകയാണ് ഉണ്ടായത്. തങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ വസ്തുവകകളും പോര്‍ച്ചുഗീസ് രാജാവിന് അടിയറ വെക്കുകയും, തങ്ങളുടെ കൈവശം ഉണ്ടായിരുന്ന എല്ലാ രേഖകളും അവര്‍ ഗാമയ്ക്ക് കൈമാറുകയും ചെയ്തു.
അന്നത്തെ ഹിന്ദു രാജാക്കന്മാരെ മുഴുവന്‍ തോല്‍പ്പിക്കാന്‍ തങ്ങള്‍ സഹായം ചെയ്യാമെന്നും അതിനായി കൊടുങ്ങല്ലൂരില്‍ പോര്‍ച്ചുഗീസുകാര്‍ ഒരു കോട്ട കെട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഹിന്ദു രാജാക്കന്മാര്‍ തങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യങ്ങള്‍ക്കും സ്‌നേഹാദരങ്ങള്‍ക്കും പ്രതിഫലമായി അന്നത്തെ ക്രൈസ്തവര്‍ ചെയ്തത്.
മതപരിവര്‍ത്തനം കൊണ്ട് ഹിന്ദുക്കള്‍ക്ക് അവരുടെ ഒരെണ്ണം കുറയുന്നു, മറ്റുള്ളവര്‍ക്ക് ഒരെണ്ണം കൂടുന്നു എന്നത് മാത്രമല്ല. ഹിന്ദുവിന് അവരുടെ ഒരു ശത്രു കൂടെ ഉണ്ടായി എന്നു വേണം മനസ്സിലാക്കാന്‍ എന്നാണ് മതപരിവര്‍ത്തന കാര്യത്തില്‍ തന്റെ അഭിപ്രായം സ്പഷ്ടമാക്കി കൊണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്.
മതപരിവര്‍ത്തനം എന്ന വാക്ക് പോര്‍ച്ചുഗീസുകാരാണ് ആദ്യമായി കേരളത്തില്‍ ഉപയോഗിക്കാനാരംഭിച്ചത്. സിറിയന്‍ ക്രിസ്ത്യാനികളുടെ കാലത്തായിരുന്നു അത്. പിന്നീട് മതം മാറ്റത്തിനാണ് അവര്‍ ശ്രമിച്ചത്. നസ്രാണി ക്രിസ്ത്യാനിയെ മുഴുവന്‍ റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ കൊണ്ടുവരാനായി 1599 ജൂണ്‍ 20ന് ഉദയംപേരൂര്‍ എന്ന സ്ഥലത്ത് ഒരു വലിയ സമ്മേളനം നടത്തി, ഇതിനെയാണ് ഉദയംപേരൂര്‍ സുന്നഹദോസ് എന്നാണ് വിളിക്കുന്നത്.
ഈ സമ്മേളനത്തില്‍ പോപ്പിന്റെ നേരിട്ടുള്ള 200-ഓളം നിയമങ്ങള്‍ നാടന്‍ ക്രിസ്ത്യാനികളുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു. ഇതായിരുന്നു ശരിയായ ആദ്യത്തെ മതം മാറ്റം. ആ സമ്മേളനത്തിന്റെ ഫലമായിട്ട് കേരളത്തിലെ ക്രിസ്ത്യാനികളുടെ റോമാവത്കരണം നടന്നത്. ഇതാണ് ഭാരത ചരിത്രത്തിലെ ആദ്യത്തെ മതപരിവര്‍ത്തനവും.
ഏകദേശം 1300 സിറിയന്‍ ക്രിസ്ത്യാനികള്‍ ആചരിച്ചുവന്നിരുന്നത് എല്ലാം അവര്‍ക്ക് നഷ്ടമായി. എന്തൊക്കെ നഷ്ടപ്പെട്ടു എന്ന് ചില ഉദാഹരണങ്ങള്‍ മാത്രം. പുരോഹിതര്‍ അവിവാഹിതരായിരിക്കണം, ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് യൂറോപ്യന്‍ പാതിരിമാരുടെ മേല്‍ക്കോയ്മ നിര്‍ബന്ധമാക്കി. വധു മംഗല്യ സൂത്രം ധരിക്കുന്നത് നിരോധിച്ചു. പള്ളികളില്‍ കുളിക്കാതെയും പോകാം. ഗോമാംസം കഴിക്കരുതെന്ന വിലക്കെടുത്തു കളഞ്ഞു. ജ്യോതിഷികളുടെ അടുത്തു പോകരുത്. ഓണം- വിഷു ഉത്സവങ്ങള്‍ ആചരിക്കരുത്, വിവാഹങ്ങള്‍ പള്ളികളിലെ നടത്താവൂ, കാതുകുത്ത്, തലയില്‍ പൂ ചൂടല്‍, സ്ത്രീകളുടെ ഋതു ആചരണം, പൊട്ടുതൊടല്‍ എന്നിവ പാടില്ല, ഇവ കാട്ടുനിയമങ്ങള്‍ എന്ന് പറഞ്ഞ് നിഷേധിച്ചു. പുനര്‍ജന്മം, കര്‍മ്മഫലം, സ്വര്‍ഗം, മോക്ഷം തുടങ്ങിയവയെ വര്‍ജിക്കാന്‍ തീരുമാനിച്ചു. മേല്‍പ്പറഞ്ഞ വഴിയില്‍ നിന്നെല്ലാം കേരളത്തിലെ ക്രിസ്ത്യാനികളെ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് റോമന്‍ ക്രിസ്ത്യാനികള്‍ ആക്കിയത് എന്ന് മനസ്സിലാക്കാവുന്നതാണ്.
മതപരിവര്‍ത്തനത്തിന്റെ മൂന്നാമത്തെ ഭാഗം തികച്ചും ഇംഗ്ലീഷ് രീതി തന്നെ പിന്തുടര്‍ന്ന കൂട്ടരായിരുന്നു. അവരെ പ്രൊട്ടസ്റ്റന്റ് എന്നാണ് വിളിച്ചത്. അവരുടെ മതപരിവര്‍ത്തനത്തിനുള്ള കേന്ദ്രം പോലും ഇംഗ്ലണ്ടില്‍ ആയിരുന്നു. അതുകൊണ്ട് അവരെ ആംഗ്ലിക്കന്‍ (ഇംഗ്ലീഷ്) മിഷനറി എന്നാണ് വിളിച്ചിരുന്നത്. കല്‍ക്കട്ടയ്ക്ക് അടുത്തുള്ള ‘രാംപൂര്‍’ ആയിരുന്നു അവരുടെ പ്രവര്‍ത്തന കേന്ദ്രം.
വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
അവരുടെ ലക്ഷ്യങ്ങള്‍ക്ക് കോട്ടംതട്ടരുതെന്ന ഉദ്ദേശ്യത്തോടെ മിഷനറി പ്രവര്‍ത്തനത്തെ ന്യായീകരിക്കാന്‍ അവര്‍ ആദ്യം ശ്രമിച്ചിരുന്നില്ല. കാലങ്ങള്‍ക്ക് ശേഷം ഈസ്റ്റിന്ത്യാ കമ്പനിയുടെ ആളുകള്‍ക്ക് മനംമാറ്റം സംഭവിക്കുകയും പിന്‍വാതിലിലൂടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് താല്പര്യമെടുക്കാനും തുടങ്ങി. 1813 ഇംഗ്ലണ്ടിലെ പാര്‍ലമെന്റില്‍ അതിനായി ഒരു നിയമം പാസാക്കിയെങ്കിലും പദ്ധതി ഭാരതത്തില്‍ നടപ്പിലാക്കാന്‍ ആയില്ല. അതിനാല്‍ അവര്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചു. അതായിരുന്നു വിദ്യാഭ്യാസ പദ്ധതി. ചരിത്രത്തെ പുതിയതായി ആഖ്യാനം ചെയ്യുക, തെറ്റായ ചിന്തകള്‍ പരത്തുക തുടങ്ങിയവ ആയിരുന്നു അവ.
ഹിന്ദുക്കളെ അഹിന്ദുക്കള്‍ ആക്കുക, അഹിന്ദൂകരിച്ചവരെ ക്രിസ്ത്യാനികള്‍ ആക്കുക. അതായിരുന്നു അവരുടെ ആക്രമണ രീതി. ഇത് റോമന്‍ കാത്തലിക് ചര്‍ച്ചും, ഇംഗ്ലീഷ് ചര്‍ച്ചും സംയുക്തമായി തെരഞ്ഞെടുത്ത പദ്ധതിയായിരുന്നു. ഓരോ പ്രദേശത്തും പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി അവിടെയൊക്കെ ഇംഗ്ലീഷ് ഭാഷ കൊണ്ടുവരുക എന്നത് അവരുടെ പരിപാടിയായിരുന്നു, മതപരിവര്‍ത്തനം ത്വരിതപ്പെടുത്താനായി അതത് പ്രാദേശിക ഭാഷകളില്‍ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാളത്തില്‍ ഗുണ്ടര്‍ട്ടിന്റെയും കന്നടയില്‍ ഫാദര്‍ കിട്ടെലിന്റെയും കൊങ്കണിയില്‍ ഫാദര്‍ സ്റ്റീഫന്‍ സണ്‍സിന്റെയും സംസ്‌കൃതത്തില്‍ ഫാദര്‍ മോനിയര്‍ വില്യംസിന്റെയും മറ്റും നിഘണ്ടുകള്‍ പുറത്തുവരുന്നത്.
ഇതിലൂടെ കറുത്ത ശരീരവും വെളുത്ത മനസ്സുമുള്ള കറുത്ത സായിപ്പന്മാരെ ഭാരതത്തില്‍ സൃഷ്ടിക്കാനും, ഭരണ രംഗങ്ങളില്‍ കുടിയിരുത്താനും, സര്‍വ്വമാന മേഖലയിലും പ്രതിഷ്ഠിക്കാനും കഴിഞ്ഞു.
ഇവരിലൂടെയാണ് റോമാവല്‍ക്കരണത്തിന്റെ വത്തിക്കാന്‍ അജണ്ടകള്‍ നടപ്പിലാക്കിയത്. കൂടാതെ ഐക്യക്രൈസ്തവ പ്രസ്ഥാനം രൂപപ്പെടുത്താന്‍ ബൃഹത്തായ കര്‍മ്മപരിപാടികളും ആവിഷ്‌കരിച്ചു. ഹിന്ദു വിശ്വാസങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും എങ്ങനെ ക്രൈസ്തവ മൂല്യങ്ങളായി വ്യാഖ്യാനിക്കാം എന്ന് ഗവേഷണം നടത്തുന്നതിന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 76 രാജ്യങ്ങളില്‍ നിന്നായി ഭാരതത്തിലേക്ക് സഹസ്ര കോടികളാണ് പദ്ധതികള്‍ക്കായി വന്നുകൊണ്ടിരിക്കുന്നത്. 125ല്‍ അധികം രൂപതകളിലായി പുരോഹിതന്മാരും കന്യാസ്ത്രീകളും, വിദേശ പാതിരിമാരും പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു, ഇരുപത്തിയെട്ടായിരത്തിലധികം പള്ളികള്‍, പതിനൊന്നായിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആയിരത്തിലേറെ കോളേജുകള്‍, പതിനായിരത്തിലധികം ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നു.
അതീവ ശ്രദ്ധയോടെയും, വിദേശ ധനസഹായത്തോടെയും ആസൂത്രണം ചെയ്ത പദ്ധതികള്‍ ചില സംസ്ഥാനങ്ങളില്‍ വിജയം വരിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഒന്‍പത് ഇരട്ടിയായി. മതസ്വാതന്ത്ര്യം നിലവിലുള്ള രാജ്യത്ത്, അരുണാചല്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും പതിനായിരങ്ങള്‍ മതം മാറ്റപ്പെട്ടു. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പിന്നാക്ക ഗ്രാമങ്ങളിലും, വനവാസിമേഖലകളിലും എല്ലാം തന്നെ മതപരിവര്‍ത്തനത്തിന്റെ വേലിയേറ്റം സൃഷ്ടിക്കപ്പെട്ടു.
എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ദേശീയ വികാരത്തെയും ധാര്‍മിക മൂല്യങ്ങളെയും അതിജീവിക്കാന്‍ മിഷണറിമാര്‍ക്ക് കഴിഞ്ഞതുമില്ല, ഈ കാരണം ഒന്നുകൊണ്ടു തന്നെയാണ് 2000 ഉം കടന്ന് 2025ല്‍ എത്തിയിട്ടും ഇന്ത്യന്‍ സുവിശേഷവല്‍ക്കരണം സമ്പൂര്‍ണ്ണമാകാതെ നിലകൊള്ളുന്നത്. ആത്മാവിനെ വിമുക്തമാക്കുന്ന അനുഭവങ്ങളിലേക്ക് ഭാരതീയ ദര്‍ശനങ്ങള്‍ എത്തിക്കുന്ന ആധ്യാത്മിക പ്രചോദനം എവിടെയുണ്ട് എന്നതിനാണ് സുവിശേഷവല്‍ക്കരണം നടപ്പിലാക്കാന്‍ കാലതാമസം നേരിടേണ്ടി വരുന്നതെന്ന് അവര്‍ മനസ്സിലാക്കി. സുവിശേഷവല്‍ക്കരണത്തിന്റെ പ്രചാര പ്രവര്‍ത്തനം തുടരുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടതും പ്രായോഗികമായി രൂപം നല്‍കേണ്ടതും എങ്ങനെ എന്നുള്ള പദ്ധതിക്ക് അവര്‍ രൂപം കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു സമൂഹത്തില്‍ വനവാസികള്‍ എന്നും പാര്‍ശ്വവല്‍കൃതരെന്നും, നീതിനിഷേധിക്കപ്പെട്ടവരെന്നും വേര്‍തിരിവ് സൃഷ്ടിച്ച് മതപരിവര്‍ത്തനത്തിന്റെ ഇരകളാക്കുക എന്ന തന്ത്രം ഫലപ്രദമായി നടപ്പിലാക്കുകയാണ്. പദ്ധതിയുടെ വിജയത്തിനായി വിവിധ സഭകള്‍ കൂട്ടായി ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുകയാണ്.
വനവാസി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലും വിഭാഗീയത വളര്‍ത്തി അവര്‍ ഹിന്ദുക്കള്‍ അല്ലെന്ന് പ്രഖ്യാപിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിനായി പുരോഗമന അതിവിപ്ലവ പ്രസ്ഥാനങ്ങളും മതപരിവര്‍ത്തന ശക്തികളും വിഘടനവാദ വിധ്വംസക ശക്തികളും ഒന്നിക്കുകയാണ്. മാവോയിസ്റ്റ്, നക്‌സല്‍, അതി വിപ്ലവ പ്രസ്ഥാനങ്ങളുമായും മതഭീകരവാദ പ്രസ്ഥാനങ്ങളുമായും മതപരിവര്‍ത്തന ശക്തികളും, വിഘടനവാദ-വിധ്വംസക ശക്തികളും ഒന്നിക്കുന്നു.
ഇത്തരം ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഏഴു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. ഇതര പിന്നാക്ക വിഭാഗക്കാര്‍ (ഒബിസി) ഹിന്ദുക്കള്‍ അല്ലെന്നുള്ള വാദവും നാള്‍ക്കുനാള്‍ ശക്തിപ്പെടുത്തുന്നു.
ആര്യന്‍ ആക്രമണം, ആദിവാസി, സവര്‍ണ്ണര്‍, അവര്‍ണര്‍ തുടങ്ങി സംശയങ്ങള്‍ ഉണ്ടാക്കുന്ന പദാവലികള്‍ മിഷനറികള്‍ ആദ്യം തന്നെ പ്രചരിപ്പിച്ചു. അവരുടെ ലക്ഷ്യം മതം മാറ്റത്തിന് വിധേയകമാക്കേണ്ട സമൂഹമായിരുന്നു.
വനവാസി സമൂഹങ്ങള്‍ ഹിന്ദുക്കള്‍ അല്ല എന്ന പ്രചാരണത്തോടൊപ്പം വനവാസികള്‍ക്ക് പ്രത്യേകം ധര്‍മ്മമോ ആചാര പദ്ധതികളും അനുഷ്ഠാന രീതികളോ ഇല്ലെന്ന് അവര്‍ വാദിച്ചു. വനവാസികള്‍ കല്ലിനെയും വൃക്ഷങ്ങളെയും ഭൂതങ്ങളെയും മറ്റും ആരാധിക്കുന്നു എന്ന് വ്യാഖ്യാനിച്ചു. വൈദിക മതാനുയായികള്‍ അല്ല പകരം അവര്‍ പ്രകൃതിപൂജകരാണെന്നാണ് മിഷനറികള്‍ പ്രചരിപ്പിച്ചത്. മാത്രമല്ല തങ്ങള്‍ ആദിവാസികളെ മതപരിവര്‍ത്തനം ചെയ്യുന്നില്ല, ആര്‍ക്കൊക്കെയാണോ സ്വന്തമായി മതമില്ലാത്തത് അവര്‍ക്കു മതം നല്‍കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. ഇംഗ്ലീഷുകാര്‍ സെന്‍സസ് രൂപരേഖയില്‍ മാറ്റം വരുത്തി, വനവാസി വിഭാഗത്തെ പ്രത്യേകം തിട്ടപ്പെടുത്താനും പരിശ്രമം നടത്തി.
ഹിന്ദുമതം വനവാസികളെ എല്ലാതരത്തിലും അവഗണിച്ചുവന്നും തങ്ങള്‍ മാത്രമാണ് അവരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ അവിടെയെത്തി പ്രവര്‍ത്തിക്കുന്നതെന്നും മിഷനറിമാര്‍ അവകാശപ്പെടുന്നു. വനവാസികള്‍ ഒരിക്കലും ഹിന്ദു സമൂഹത്തിന്റെ ഭാഗമായിട്ടേ ഇല്ലെന്ന് അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഹിന്ദു സംഘടനകളും, ആദ്ധ്യാത്മിക നേതാക്കളും വനവാസി മേഖലയില്‍ എത്തുകയും അവരുടെ വിശ്വാസം ആര്‍ജിക്കുകയും ചെയ്തതോടെ മിഷനറിമാര്‍ക്ക് പൂര്‍ണ്ണമായും അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഹിന്ദുക്കളാണെന്നു ചിന്തിപ്പിക്കുന്ന ശ്രമങ്ങള്‍ ഹിന്ദു സമൂഹം ഫലപ്രദമായി ആവിഷ്‌കരിക്കാന്‍ സജ്ജമായതിലൂടെ വനവാസികള്‍ ഹിന്ദു ഉത്സവങ്ങള്‍ ആഘോഷിക്കുകയും പരമ്പരാഗത ആചരണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.
തങ്ങള്‍ വന്‍തോതില്‍ പണം ഒഴുക്കിയിട്ടും, മാതൃധര്‍മ്മത്തിന്റെ സാന്ത്വനത്തെയാണ് വനവാസികള്‍ വിലമതിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നു. ഇന്ന് മതപരിവര്‍ത്തനം എന്ന വാക്കിനു പകരം സുവിശേഷവത്കരണം, പ്രേഷിത പ്രവര്‍ത്തനം എന്നീ പുതിയ പദങ്ങള്‍ ഉടലെടുത്തിരിക്കുന്നു.
ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിക്കുന്ന മിഷനറി സാഹിത്യങ്ങള്‍ പുറത്തിറക്കുന്നു, ആചാര അനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുന്നു. അവരുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്ത് വശീകരണ തന്ത്രങ്ങളുമായി പിന്നാലെ നടക്കുന്നു.
ജനസംഖ്യാ വ്യതിയാനം
ഒരേയൊരു വ്യത്യാസം സമീപന രീതിയെ ബഹുമുഖം ആക്കി എന്നത് മാത്രമാണ്.
മതപരിവര്‍ത്തന പ്രക്രിയ തുടരുമ്പോള്‍ ഹിന്ദുക്കളെ അസ്വസ്ഥരും ആശങ്കാകുലരും ആക്കുന്ന മറ്റൊരു പ്രധാന ഘടകം ജനസംഖ്യയെ കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളാണ്.
ലോക ജനസംഖ്യയില്‍ 32.8 ശതമാനം ക്രൈസ്തവരും, 19.6% മുസ്ലീങ്ങളും 13.5 ശതമാനം ഹിന്ദുക്കളും ആണെന്നാണ് കണക്ക്. കേരളത്തിലെ ഹിന്ദുക്കള്‍ 1951 ല്‍ 61.6 ശതമാനം ആയിരുന്നത് 2011ല്‍ 54.6% ആയി ചുരുങ്ങി. മുസ്ലീങ്ങള്‍ 1951ല്‍ 17.5 ശതമാനം ആയിരുന്നത്, 2011ല്‍ 28.02% ആയി. ക്രിസ്ത്യാനികള്‍ 20.8 ശതമാനത്തില്‍ നിന്ന് 18.4%ആയി കുറഞ്ഞു.
മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ക്രൈസ്തവ സമൂഹ നേതൃത്വം വ്യാപകമായി നല്‍കുന്നുണ്ടെങ്കിലും ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നിലാണ് എന്നതാണ് ക്രൈസ്തവ ജനസംഖ്യയില്‍ കുറവ് വരാന്‍ കാരണം.
കണക്കുകള്‍ അനുസരിച്ച് 54.6% എന്നതാണ് ഹിന്ദുവിന്റെ ജനസംഖ്യ കണക്ക് എങ്കിലും പ്രച്ഛന്ന ക്രിസ്ത്യാനികളും പ്രച്ഛന്ന മുസ്ലിങ്ങളും ഹിന്ദുവിന്റെ കണക്കിലാണ് വരുന്നത്. ഏകദേശം 5% ത്തോളം ആണ് ആനുകൂല്യങ്ങള്‍ക്കും അധികാരസ്ഥാനങ്ങള്‍ക്കും വേണ്ടി മതം മാറിയിട്ടും രേഖയില്‍ ഹിന്ദുവായി ജീവിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തും മറ്റ് മലബാര്‍ ജില്ലകളിലും ആണ് ഉയര്‍ന്ന ജനസംഖ്യ വളര്‍ച്ച കാണിക്കുന്നത്. മതംമാറ്റം മൂലം ഹിന്ദു ന്യൂനപക്ഷമാകുന്നു. സ്ഥലങ്ങള്‍ നഷ്ടപ്പെടുന്നു. സ്വതന്ത്ര രാഷ്ട്ര വാദവും വിഘടന വാദവും, വിധ്വംസക പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുന്നു. കേരളത്തിന്റെ വടക്ക് മുസ്ലിം സമൂഹവും തെക്ക് ക്രിസ്ത്യന്‍ സമൂഹവും ശക്തിപ്പെടുന്നു. ഹിന്ദു സമൂഹം ദുര്‍ബലരാകുന്നു. 140 നിയോജക മണ്ഡലങ്ങളില്‍ ഇരുപതു മണ്ഡലങ്ങള്‍ ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളാണ്. ഇതുമൂലം ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്.
പരമ്പരാഗതമായ സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്ന് പെട്ടെന്നുള്ള പറിച്ചുമാറ്റല്‍ സാമൂഹ്യബന്ധങ്ങളെ സ്വാഭാവികമായും ശിഥിലമാക്കുകയാണ്. പരിവര്‍ത്തനം ചെയ്യപ്പെട്ടവരും അല്ലാത്തവരുമായ വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥത വളരാനും ശാരീരിക മാനസിക സംഘര്‍ഷം ഉടലെടുക്കാനും അത് കാരണമാകും. ഭാരതത്തില്‍ എമ്പാടും അത് സംഭവിക്കുകയാണ്. പരമ്പരാഗത സംസ്‌കാരത്തില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും അകറ്റപ്പെടുന്നതോടെ സമൂഹത്തില്‍ ഉളവാകുന്ന അന്യതാബോധത്തെ സമ്മര്‍ദ്ദമായി ഉപയോഗപ്പെടുത്തി ദേശവിരുദ്ധവും വിഘടനവാദപരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് നയിക്കുകയാണ് മിഷനറിമാര്‍.
മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നാം കണ്ടത് ഇതാണ്. സായുധ കലാപത്തിന് ഇവര്‍ അതിവിപ്ലവ പ്രസ്ഥാനങ്ങളെയും വിലയ്‌ക്കെടുത്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, ക്രമസമാധാനപാലന സംവിധാനങ്ങള്‍ക്കോ പ്രവേശനം നിഷേധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പോലും മിഷനറിമാര്‍ക്ക് പ്രവേശനവും സര്‍വ്വസ്വാതന്ത്ര്യവും ലഭിക്കുന്നത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ബലത്തിലാണ്. ഈ കൂട്ടുകെട്ട് തന്നെയാണ് ഒറീസയില്‍ ലക്ഷ്മണാനന്ദ സരസ്വതി സ്വാമിയുടെ കൊലപാതകത്തിന് കാരണമായത്. ഹിന്ദു സമൂഹത്തെ തന്റെ ധര്‍മ്മത്തില്‍ നിലനിര്‍ത്തുവാന്‍ ശ്രമിച്ചു എന്നതും, അതിവിപ്ലവ സുവിശേഷ വല്‍ക്കരണ കൂട്ടുകെട്ടിനെ എതിര്‍ത്തു പരാജയപ്പെടുത്തി എന്നതും അദ്ദേഹത്തിന് മരണം വിധിക്കാന്‍ കാരണമായി. ഭാരതമാസകലം ഹൈന്ദവ സമാജത്തിന്റെ പ്രതിഷേധമുയര്‍ന്നു വന്നപ്പോള്‍ ദേശീയ സംവാദം വേണമെന്ന് ആവശ്യമുയര്‍ത്തിയത് ക്രൈസ്തവ സഭയായിരുന്നു. സഭാ നേതാക്കള്‍ ആ നിര്‍ദ്ദേശത്തെ അനുകൂലിച്ചപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി അപലപിച്ചു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭ നേതാക്കളും, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസി ശ്രേഷ്ഠരും എറണാകുളം സരോവരം ഹോട്ടലില്‍ അണിനിരന്ന ഹിന്ദു- ക്രിസ്ത്യന്‍ സംവാദം, നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം ആശാസ്യകരമല്ല എന്ന സംയുക്ത പ്രസ്താവന നടത്തിയെങ്കിലും തുടര്‍ നടപടികള്‍ മുന്നോട്ടുപോയില്ല.
പരിവര്‍ത്തനത്തിന് അനുമതി വേണം; പരാവര്‍ത്തനം പാടില്ല!
പ്രലോഭനത്തിന് അടിമപ്പെട്ട് മതപരിവര്‍ത്തനം ചെയ്തവര്‍ സ്വധര്‍മത്തിലേക്ക്, പരാവര്‍ത്തനത്തിലൂടെ തറവാട്ടിലേക്ക് മടങ്ങുന്നതിനേയും ഇവര്‍ എതിര്‍ത്തു. മതപരിവര്‍ത്തനത്തിന് നിയമപരിരക്ഷ വേണമെന്നും അത് അവകാശമാണെന്നും പരാവര്‍ത്തനം നിയമവിരുദ്ധവും അവകാശനിഷേധവുമാണെന്നും അവര്‍ വാദിക്കുന്നു, ഈ ഇരട്ടത്താപ്പിന് കപട മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും പിന്തുണയും നല്‍കി. കേന്ദ്രത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം മിഷനറി സംഘങ്ങള്‍ തങ്ങളുടെ പ്രചാരണത്തിന്റെ അടവുകള്‍ മാറ്റിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനങ്ങള്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടിയുള്ള പരിപാടികള്‍ നടത്തുകയും ആണെന്ന് അവര്‍ ലോകമെങ്ങും പ്രചരിപ്പിച്ചു. ക്രിസ്ത്യന്‍ രാജ്യങ്ങളെ ഭരണത്തിനെതിരാക്കി. വസ്തുതകളെ കുറിച്ച് പഠിക്കാന്‍ അനൗപചാരിക സംഘടനകളെ അവര്‍ നിയോഗിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെ അവര്‍ തെറ്റിദ്ധരിപ്പിച്ച് ഭാരതത്തിന് വിദേശ സഹായം കിട്ടുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ പരിശ്രമം നടത്തി. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണയും ജനരോഷവും ഉയര്‍ത്താന്‍ രാഷ്ട്രീയ കക്ഷികളെയും കൂട്ടുപിടിച്ചു. ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സംഭവങ്ങള്‍ക്കൊന്നിനും ആ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലായിരുന്നു എന്ന് തെളിഞ്ഞിട്ടും മാധ്യമക്കാരും, രാഷ്ട്രീയക്കാരും ആരോപണങ്ങള്‍ അനുദിനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അന്താരാഷ്ട്ര സഖ്യ കക്ഷികളുടെയും കപട മതേതരവാദികളായ അനുയായികളുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെയും സഹായത്തോടെ കേന്ദ്രഭരണ നേതൃത്വത്തെ ഒന്നുകില്‍ വിരട്ടി വരുതിയിലാക്കാനോ അല്ലെങ്കില്‍ തേജോവധം ചെയ്ത് താഴെയിറക്കാനോ എല്ലാക്കാലത്തും അവര്‍ പരിശ്രമിച്ചു.
നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിന്റെ തുടര്‍ച്ച സംഭവിക്കാതിരിക്കാന്‍ ആഗോള മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം കൊടുത്തു. ഭാരതത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘപരിവാറും കേന്ദ്ര നേതൃത്വവും തടസ്സമാണെന്ന് അറിയാവുന്നതുകൊണ്ട് അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഇതിനായി നടന്നത്. ഹൈന്ദവേതര സമുദായങ്ങളുടെ നേതൃത്വവും മതേതരനാട്യത്തിന് രാജ്യ താത്പര്യത്തേക്കാള്‍ മുന്‍ഗണന നല്‍കുന്ന ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും സ്വാര്‍ത്ഥ ലാഭം മുന്‍നിര്‍ത്തി ഇവര്‍ക്കായി വിടുപണി ചെയ്യുന്നു. ഇതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം.
മതപരിവര്‍ത്തനം അതിരൂക്ഷമായി തുടരുമ്പോഴും ഇരകളാകുന്ന സമൂഹവും പ്രതിരോധം തീര്‍ക്കുന്ന സമൂഹവും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം ഇന്ത്യന്‍ ഭരണഘടന മതപരിവര്‍ത്തനത്തിന് അവകാശവും സാധുതയും നല്‍കുന്നില്ല എന്നതാണ്. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിന് അവകാശമുണ്ട്, കാര്യങ്ങള്‍ പ്രചരിപ്പിക്കാം, അനുസരിക്കാം, അംഗീകരിക്കാം ഇതെല്ലാം വ്യവസ്ഥ ചെയ്യുന്നുമുണ്ട്. എന്നാല്‍ മതം പ്രചരിപ്പിക്കാനുള്ള അവകാശത്തെയും മതസ്വാതന്ത്ര്യത്തെയും ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. മതം പ്രചരിപ്പിക്കാനുള്ള അവകാശത്തില്‍ മറ്റൊരാളെ തന്റെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള അവകാശം ഉള്‍പ്പെട്ടിട്ടില്ല എന്ന 1978 ലെ സുപ്രീംകോടതി വിധിയെയും മതപരിവര്‍ത്തന ശക്തികള്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു.
മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്ന ഏതൊരു പൗരനും ആശങ്കപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ 2025 ലും തുടരുമ്പോള്‍ ഭൂരിപക്ഷ സമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്. ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്രവര്‍ത്തിക്കുന്നവര്‍ മതപരിവര്‍ത്തന ശക്തികള്‍ ഏതുപായം സ്വീകരിച്ചാലും അതിനെ ചെറുത്തു പരാജയപ്പെടുത്തണം. മതപരിവര്‍ത്തനം മതശക്തികളുടെ അവകാശമാണെങ്കില്‍ മതപരിവര്‍ത്തന പ്രതിരോധവും, പരാവര്‍ത്തനവും ഹിന്ദുക്കളുടെയും അവകാശവും കര്‍ത്തവ്യവുമാണ്.
ഇന്നത്തെ വിചിത്രമായ അവസ്ഥ മാറ്റിയേ തീരൂ. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം. രാജ്യത്തെ മുഴുവന്‍ ജനസമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് ഇന്നിന്റെ ആവശ്യം.
അവലംബം:
സുവിശേഷ വല്‍ക്കരണമോ രാഷ്ട്രീയ അട്ടിമറിയോ? ആര്‍എസ്എസും മതന്യൂനപക്ഷങ്ങളും, മത പരിവര്‍ത്തനത്തിന്റെ അര്‍ത്ഥാന്തരങ്ങള്‍, കേരള ചരിത്രം, ക്രിസ്തുദര്‍ശനം ഉള്‍ക്കൊള്ളാത്ത സഭാ നേതൃത്വം എന്നീ ഗ്രന്ഥങ്ങള്‍.






















