സപ്തംബര്‍ 14 ശ്രീകൃഷ്ണജയന്തി
വിശ്വോദാരമായ ഒരു ഉദാത്ത സ്‌നേഹത്തിന്റെ നിതാന്ത വിസ്മയമാണ് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീകൃഷ്ണദര്‍ശനം. ജീവിതത്തെയാകെ ഒരു മന്ദസ്മിതത്താല്‍ കീഴടക്കാമെന്ന കാലാതിവാര്‍ത്തിയായ സന്ദേശം ഒരു മുളന്തണ്ടിലൂടെ ഊര്‍ന്ന് വന്ന നാദവൈഖരിയിലൂടെ ലോകത്തെ അറിയിച്ചു. ഈ അഴകാര്‍ന്ന നാദം മലയാളികളുടെ അകക്കണ്ണിലാണ് ഏറെ പ്രതിധ്വനിച്ചത്.
‘എന്റെ കൃഷ്ണാ….’ എന്ന് അലിവാര്‍ന്ന് വിളിക്കാത്തവരുണ്ടോ? മണിച്ചിലങ്ക കെട്ടിയ ഒരു മണിവര്‍ണ്ണന്‍ കാലങ്ങളായി സാദ നാദ നിര്‍ഝരി പൊഴിച്ച് കമനീയ ഭാവത്തില്‍ ഭക്ത്യന്മാദം കൊള്ളിക്കുന്നു. മഞ്ഞപ്പട്ടുടയാട ചുറ്റി മയില്‍പ്പീലി കിരീടം ചൂടി പൊന്നോടക്കുഴലൂതി കാലിമേച്ച് നടന്ന കാര്‍വര്‍ണ്ണനെ താലോലിയ്ക്കാന്‍ കൊതിയ്ക്കാത്തവരുണ്ടോ? ആ ചരണ സ്മൃതിയില്‍ അലിഞ്ഞ് ചേരാത്ത വേദാന്തിയുണ്ടോ?
അമ്പാടി പൈതലായി വെണ്ണക്കണ്ണനായി കാളിയമര്‍ദ്ദകനായി ഗോപാലനായി ഗോവര്‍ദ്ധനധാരിയായി യമുനാതടവിഹാരിയായി രാധാകൃഷ്ണനായി മഥുരാനാഥനായി എത്രയെത്ര നാമ രൂപങ്ങളില്‍ ആ കാന്ത വൈഭവമേറ്റു വാങ്ങി അഭയമായും ആശ്രയമായും കാരുണ്യമായും പുതുയുഗത്തിന് പുലരി കുറിച്ചിരിക്കുന്നു.
മതത്തിന്റെ, ദേശത്തിന്റെ, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്തുവാനാകാത്ത വിശ്വമാനവികതയുടെ സമുജ്ജ്വല പ്രതീകമാണ് ശ്രീകൃഷ്ണന്‍. സര്‍വ്വചരാചര പ്രേമത്തിന്റെയും സര്‍വ്വോല്‍ക്കര്‍ഷത്തിന്റേയും സമോഹനമായ ശാന്തിഗീതം മുഴുക്കിയ ഭഗവാന്‍ ശ്രീകൃഷ്ണനെ ആര് വിളിച്ചാലും ആ വിളിയില്‍ ചിരന്തനമായ അനുരാഗത്തിന്റെ പ്രതിധ്വനി മുഴങ്ങിക്കേള്‍ക്കാം. ഏത് ഭാഷയില്‍ വിളിച്ചാലും കാരുണ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് അഭയമരുളുന്ന മഹാ പ്രഭാവമാണ് ഭഗവാന്‍. മഹാപണ്ഡിതന്മാരുടെ ഗഹനഭാഷയില്‍ മഹാകവികളുടെ അലങ്കാരഭാഷയില്‍ നാടോടി ഗായകന്റെ ഗ്രാമീണഭാഷയില്‍ നാട്ടിന്‍പുറത്തെ സ്ത്രീകളുടെ ശകാരഭാഷയില്‍ ഭക്തി ഉന്മാദികളുടെ ആനന്ദാശ്രു നിറഞ്ഞ ഗദ്ഗദാക്ഷരങ്ങളില്‍ അങ്ങനെ അങ്ങനെ എല്ലാവിളികളുടേയും മാറ്റൊലി ആ മന്ദസ്മിതത്തില്‍ അലിഞ്ഞുചേരുന്നു.
അവതാര പുരുഷന്മാര്‍ അനവധിയുണ്ടെങ്കിലും അവരുടെ ജീവിതം പ്രൗഢദശയില്‍ ആരംഭിയ്ക്കുന്നതാണ്. എന്നാല്‍ നാമറിയുന്ന ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ഘട്ടം ലീലയാടി കാലിമേച്ച് നടന്ന ബാല്യമാണ്. ആ ലീലകളുടെ ഹൃദ്യതയും സൗമ്യതയും പ്രസന്നതയും ആസ്വദിക്കാത്ത ആരെങ്കിലുമുണ്ടോ? അങ്ങനെ കേള്‍ക്കുന്നവരുടെ കാണുന്നവരുടെ അകം നിറയ്ക്കുന്ന ആനന്ദക്കണ്ണന്‍ വിശ്വോത്തരമായ ബാല്യത്തിന്റെ പ്രതിരൂപമാണ്. പതറാത്ത കരളുറപ്പും നിഷ്‌ക്കളങ്ക ജീവിതവും ആരും ആശിച്ച് പോരുന്നതാണ്. കണ്ണീര്‍ പൊഴിക്കാത്ത ജീവിതമാണത്. പിറന്ന് വീണത് തന്നെ കാരാഗൃഹത്തില്‍, ജനനം മരണ പ്രതീതി ജനിപ്പിച്ചുകൊണ്ട്. ശൈശവം മുതല്‍ ഉറഞ്ഞാടിയ എല്ലാ ഭീഷണികളെയും മന്ദസ്മിതം കൊണ്ട് തരണം ചെയ്യേണ്ടത് എങ്ങനെയൊന്ന് മാനവരാശിയെ പഠിപ്പിച്ചു. പൂതനാമോക്ഷവും ശകടാസുര തൃണാവര്‍ത്ത-സംഘാസുര വധവും എല്ലാം സാധിച്ചത് ഇത്ര പോന്ന ഒരു ശിശുവാണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും?
കേരളത്തില്‍ പിറവിയെടുത്ത ബാലഗോകുലം അക്ഷരാര്‍ത്ഥത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിസ്മയ ബാല്യത്തിന്റെ പുനരാവിഷ്‌ക്കാരത്തിന് വേണ്ടിയാണ്. സുകൃതസിദ്ധമായ സംസ്‌കൃതിയില്‍ നിന്ന് ഉരുവം കൊണ്ട ഭവ്യ സങ്കല്പമാണ് ബാലഗോകുലം. വിഭാവനം ചെയ്യുന്നത്. ഭഗവാന്റെ മനോമോഹനമായ ബാല്യം പോലെ നിര്‍മ്മലവും നിഷ്‌ക്കളങ്കവുമായ സ്‌നേഹത്തിന്റെ കളിവീടായി ഇന്ന് ബാലഗോകുലം മാറിക്കഴിഞ്ഞു. ജീവിതത്തെ തന്നെ ഒരു ലീലയാടി തീര്‍ക്കാനുള്ളതാണെന്നും കണ്ണീരിനും ക്ഷോഭത്തിനും അന്തസ്സാരശൂന്യമായ സംഘര്‍ഷങ്ങള്‍ക്കും സ്ഥാനമില്ലെന്നും ഭഗവാന്റെ ജീവിതം പഠിപ്പിക്കുന്നു.
വഴി പിഴയ്ക്കുന്ന ബാല്യങ്ങള്‍ക്ക് ദിശനിര്‍ണ്ണയിക്കാന്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പൊതുസമൂഹത്തിന് കഴിയുന്നില്ല. നല്ല മാതൃകകളെ തെറ്റിദ്ധരിപ്പിക്കുന്ന കുത്സിത മാര്‍ഗ്ഗങ്ങള്‍ ശക്തിപ്രാപിയ്ക്കുന്നു. പൗരാണിക ഭാരതം നമുക്ക് തന്ന വിശുദ്ധിയുടെ നല്ല പാഠങ്ങളെ തമസ്‌കരിയ്ക്കുന്നു. തളര്‍ന്ന് അവശമായ സമൂഹത്തിന് പ്രത്യാശയുടെ തണല്‍ വിരിക്കാന്‍ വളരുന്ന തലമുറയെ സജ്ജമാക്കണം. അതിന് അവരുടെ മുമ്പില്‍ നിറഞ്ഞ് നില്‍ക്കേണ്ടത് കാലാതിവര്‍ത്തിയായ കരുത്തിന്റെ ദര്‍ശനമാകണം.
ഭക്തിയുടേയും ആദ്ധ്യാത്മിക പ്രകര്‍ഷത്തിന്റേയും മുശയില്‍ അതിഭാവുകത്വത്തിന്റെ കടുത്ത ചായക്കൂട്ടുകളില്ലാതെ സമസ്ത മാനവരാശിയേയും ചേര്‍ത്തണയ്ക്കുന്ന പ്രകൃതിദത്ത ജീവിതത്തിന്റെ ആനന്ദ മുഹൂര്‍ത്തങ്ങളാണ് ഭഗവാന്‍ ശ്രീകൃഷ്ണനില്‍ എമ്പാടും ദര്‍ശിയ്ക്കുന്നത്. ആ ജീവിതത്തിന്റെ ധന്യതയെ വരും തലമുറയ്ക്ക് അഴകോടെ ആവിഷ്‌ക്കരിക്കലാണ് മാതൃകാപരമെന്ന് ബാലഗോകുലം കണ്ടെത്തിയപ്പോള്‍ ഭഗവാന്‍ കുട്ടികളുടെ ആദര്‍ശ പുരുഷനായി. ആ ജീവിതം പകര്‍ന്ന വിസ്മയ മുഹൂര്‍ത്തങ്ങള്‍ പാഠങ്ങളായി.

അക്ഷരങ്ങളില്‍, ചമയങ്ങളില്‍, നാദങ്ങളില്‍ ഓടിയണയുന്ന മായാ സ്വരൂപത്തെ വിഭിന്ന വഴികളില്‍ ആവിഷ്‌കരിച്ചു മലയാളികളുടെ മനസ്സിന്റെ ആഴങ്ങളില്‍ മയില്‍പ്പീലി ചൂടിയ ഒരു മായക്കണ്ണന്‍ ഒളിഞ്ഞിരുപ്പുണ്ട്. ഏത് വിപ്ലവത്തിന്റെ കുഴലൂത്ത്കാരനും നിഷേധിക്കാനാവാത്ത ആ മായിക ഭാവം മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. മധുമഞ്ജിയില്‍ വൃന്ദാവനക്കണ്ണനെ പകര്‍ന്നാടിയ ചെറുശ്ശേരിക്കവി മുതല്‍ നമ്മെ കൊതിപ്പിക്കുന്ന ഗാനധാര അഭംഗുരം തുടരുന്നു. ഉലക് സൃഷ്ടിച്ച് ഭരിച്ച് സംഹരിച്ച് വാഴുന്ന ചിത്‌സ്വരൂപനായ ഭഗവാനെ ഉപാസിച്ച് ധന്യതയടയുന്നു എഴുത്തച്ഛന്‍. ഭാവ സാന്ദ്രവും ശില്പ സുഭഗവുമായ പാര്‍ത്ഥസാരഥി അകക്കണ്ണില്‍ നിറഞ്ഞിരിപ്പില്ലേ…. പൂന്തേനാം പലകാവ്യം കണ്‍മുന്നിലാണ് പൂന്താനം സമര്‍പ്പിച്ചത് എന്ന് വിസ്മരിക്കാനാവില്ല. ആയിരം സുസംസ്‌കൃത ശ്ലോക പുഷ്പത്താല്‍ ശ്രീ ഗുരുവായൂരേശന് സമര്‍പ്പിച്ച മേല്പത്തൂര്‍ ആയുരാരോഗ്യസൗഖ്യം നേടി. പച്ചക്കല്ലൊത്ത ഭഗവാന്റെ തിരുമേനിയ്ക്കും ‘പിച്ചക്കളികളും’ കാണുവാന്‍ കൊതിച്ച ഭാഷാ കവി അനപത്യ ദുഃഖത്തിന്റെ തീച്ചൂളയില്‍ നീറുമ്പോഴും
”പീലിക്കാര്‍ മുടി കാല്‍ത്തളിര്‍പ്പൊടിയുമേകൊട്ടൊട്ടഴിഞ്ഞി
താളത്തില്‍ കുഴലും കുബേരനടയും ഗോപാലരും ഗോക്കളും
ബാലസ്ത്രീകളുഴന്നുവന്ന വഴിയില്‍ പാര്‍ക്കുന്ന സൗഭാഗ്യവും
മേളത്തോടെഴുന്നള്ളിടുന്നൊരുദിനം കണ്ടാവൂ കണ്‍കൊണ്ട് ഞാന്‍”
എന്ന് സമാശ്വസിക്കുന്നു. കുചേല ബ്രാഹ്മണന്റെ നിസ്വാവസ്ഥ കണ്ട് ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ശൗരി കണ്ണുനീരണിഞ്ഞു എന്ന് കാവ്യലോകം കേട്ടപ്പോള്‍ ആ കാരുണ്യവാന്റെ തരളിത ഹൃദയത്തിന്റെ പതര്‍ച്ചയും നാമറിഞ്ഞു. ബാലഗോപാലന്റെ കുട്ടി കുസൃതികളും ഗോകുലത്തിന്റെ ചേതോഹരക്കാഴ്ചകളും വിഷയമാക്കാത്ത ഒരു കവിയും ആ കുലത്തില്‍ ഇല്ലെന്ന് തന്നെ പറയണം. പ്രബുദ്ധവും പ്രബലവും പ്രചണ്ഡവുമായ വാക്ക് മയങ്ങള്‍ക്കിടയിലും കളളക്കണ്ണിട്ട് നോക്കുന്ന കുസൃതിക്കുരുന്ന് മനം മയക്കിക്കൊണ്ടിരുന്നു. അവന്‍ കര്‍മ്മഭൂമിയില്‍ പിഞ്ചുകാല്‍വച്ച് നടനം ചെയ്തു. ലോകത്തിന്റെ ദുഷ്ടും ദുരയും നിര്‍മ്മാര്‍ജ്ജനം ചെയ്തു. കാളിന്ദീ സമം നാട് വിഷലിപ്തമായപ്പോള്‍ അക്ഷരങ്ങള്‍ക്ക് പുനര്‍ജന്മവും കൊടുക്കാന്‍ കാര്‍വര്‍ണ്ണന്‍ വന്നണഞ്ഞു. സഹസ്രഫണ കരിനാഗവും ഓമല്‍ക്കോമള പൈതലും അഭിനവ സമൂഹത്തിന്റെ ദ്വന്ദബിംബങ്ങളായി പരിണമിച്ചു. കാളിന്ദി വിഷം നീങ്ങിയ പുണ്യ സരിത്തായി മാറും പോലെ രാഷ്ട്ര ശരീരത്തിലെ മാലിന്യങ്ങള്‍ നീങ്ങുമെന്ന് പ്രത്യാശിക്കാന്‍ ‘പ്രേമമാം പീയൂഷം കൊണ്ട്’ നിര്‍മ്മിച്ചൊരു കോമളശ്യാമള ബാലരൂപമാണവന്‍. യശോദയുടെ മാറില്‍ മിന്നുന്ന മാഹേന്ദ്രക്കല്‍പ്പതക്കമാണവന്‍. കാളിന്ദി പുളിനത്തില്‍ കളിയ്ക്കുന്ന രാജഹംസം ഇങ്ങനെ ഉപമാനങ്ങള്‍ക്ക് ലുബ്ധിയില്ലാത്തവിധം നിറഞ്ഞാടിയ ഭഗവാന്‍ കരുത്തിന്റെ കാഹളം മുഴുക്കുന്നവര്‍ക്കും ചെങ്കൊടി ചുറ്റിയ വിപ്ലവ സൂര്യന്മാര്‍ക്കും ഒരു പോലെ അഭിഗമ്യനാണ്. വേണുവൂതുന്ന കാര്‍വര്‍ണ്ണന്‍, മുരളിമൃദുരവം, കുന്നിന്‍ ചെരുവുകളില്‍ കാലിമേച്ച് നടക്കുന്ന ഇടയബാലന്‍ എന്നിങ്ങനെ പറയാതെ പറഞ്ഞ് പോകുന്ന ശബ്ദങ്ങള്‍ പലതും കേരളം കേട്ടു. കാനനച്ഛായയില്‍ ആടുമേയ്ക്കാന്‍ – കാമുകീ സമേതനായി ഇറങ്ങിതിരിയ്ക്കുന്ന കവി വൃന്ദാവനത്തിലെ മധുര പ്രണയത്തിന്റെ നിഴല്‍പ്പാടുകള്‍ പകര്‍ത്തുകയായിരുന്നില്ലേ…? ‘കാലിക്കുടമണി നാദം കാതിന് പാലമൃതൂട്ടും രാഗത്തില്‍ ഏതൊരു വീട്ടിലുമിന്നൊരു മേഘശ്യാമളനുണ്ണി പിറക്കുന്നു’ കാല്പനികതയുടെ കതിര്‍ഘനം ചൊരിയുന്ന വരികളില്‍ കണ്ണനെ രക്ഷകനായി ജയിലറയിലയ്‌ക്കെത്തിക്കാനും മറക്കുന്നില്ല കവികള്‍. കായാമ്പൂവുടല്‍ കാണാനും കണ്ണനാകുന്ന പീയൂഷത്തില്‍ അലിഞ്ഞ് ചേരാനും നാസ്തികന്മാര്‍പോലും ആശിക്കുന്ന ആ വൈഭവം ലോകോത്തരമാണ്.
പിറവികൊണ്ടു നാടിന്റെ സുകൃത പഥങ്ങളിലാകെ നിഴല്‍ വിരിയ്ക്കുന്ന ആ മഹാവിസ്മയത്തെ ആധുനിക സമൂഹത്തിന് മുന്നില്‍ അനിഷേധ്യതയോടെ അവതരിപ്പിക്കുക വഴി ബാലഗോകുലം ബഹുമാനിതമാകുന്നു. ആ അവതാര ലീലകളുടെ ശൂഭ മുഹൂര്‍ത്തത്തെ ഇന്നിന്റെ ബാല്യം ആവിഷ്‌കരിക്കുമ്പോള്‍ അവരറിയാതെ തന്നെ കണ്ണന്റെ സുരക്ഷിത ബാല്യത്തില്‍ ലയിക്കുകയാണ്. അമ്മമാരുടെ അകം നിറയ്ക്കുകയാണ്. അവരുടെ പൈതങ്ങള്‍ നെറുകയില്‍ പീലി തിരുകുമ്പോള്‍. അകര്‍മ്മസുതയില്‍ ആണ്ടുപോയ കുട്ടികള്‍ പ്രസരിപ്പോടെ തിരിച്ച് വരാന്‍ ഭൂതകാലം നെയ്‌തെടുത്ത പ്രഭാവലയത്തില്‍ പുനഃപ്രവേശിയ്ക്കണമെന്ന് ‘ബാലഗോകുലം’ തിരിച്ചറിയുന്നു. ജന്മാഷ്ടമിക്കാലം സമൂഹത്തോട് വിനിമയം ചെയ്യുന്ന വായ്ത്താരി ഓരോ കാലത്തിന്റേയും ആഗ്രഹപൂര്‍ത്തിയ്ക്ക് വേണ്ടിയാണ്. ഈ വര്‍ഷം എതിരേല്‍ക്കാന്‍ പാകപ്പെടുത്തിയ ”പുണ്യമീ മണ്ണ് പവിത്രമീ ജന്മം” – ദേശവും ദേശീയതയും പരിസ്ഥിതിക്കുമൊക്കെ സമ്മേളിക്കുന്നതാണ്. പ്രകൃത്യുപാസകനായ ഭഗവാന്റെ നേര്‍ ദര്‍ശനം. പ്രകൃതിയെ അറിഞ്ഞുള്ള ജീവിതം എന്നത് തന്നെ.
ഊഷരതയില്‍ നിന്ന് ഉര്‍വ്വരതയിലേയ്ക്ക് ഉണര്‍ന്ന് വരുന്ന ഒരു അനശ്വര ബാല്യത്തെ താലോലിയ്ക്കുന്നവരാണ് ഭാരതീയര്‍. നമ്മുടെ ജന്മകള്‍ തളിരിട്ടതും തളിര്‍ത്തതും ഗ്രാമങ്ങളിലാണ്. നമ്മുടെ കുട്ടികള്‍ക്ക് അഭയം കൊടുത്തതും വാഴ്‌വിന്നായി അനുഗ്രഹിച്ചതും ഗ്രാമീണ ജീവിതങ്ങളാണ്. ബാല പീഢകരായി ഉറഞ്ഞ് തുള്ളിയ ആസുരികതയില്‍ നിന്ന് രക്ഷാകവച്ചമൊരുക്കി മഥുരാപുരിയിലേയ്ക്ക് പൗരധര്‍മ്മം പോറ്റി പുലര്‍ത്താന്‍ കാര്‍വര്‍ണ്ണനെ ഒരുക്കിയെടുത്ത അമ്പാടിയും വൃന്ദാവനവും ഈ നാട്ടില്‍ പുനര്‍ജ്ജനിയ്ക്കണം. അത് കാലത്തിന്റെ നിയോഗമാണ്. മടുപ്പിയ്ക്കുന്ന, ആപല്‍ക്കരമായ നഗരജീവിതം വിഷഭോഗ ധൂപ പടലങ്ങളില്‍ ഉന്മാദം കൊള്ളുമ്പോള്‍ ശരണമറ്റ കുട്ടികള്‍ക്ക് തണലൊരുക്കാന്‍ വിസ്മൃതികളുടെ മാറാല നീക്കി അമ്പാടികള്‍ ഉണരണം. അമ്പ് അനുകമ്പ എന്നീ വിശുദ്ധവികാരങ്ങള്‍ അവര്‍ക്കന്യമാകരുത്. ഗ്രാമം തണലൊരുക്കി അമര ബാല്യങ്ങളെ സൃഷ്ടിക്കുവാന്‍ അമ്പതിന്റെ അമൃതകുംഭം പേറി നില്‍ക്കുന്ന ബാലഗോകുലങ്ങള്‍ക്ക് കഴിയുക തന്നെ ചെയ്യും. എല്ലാ വേദനകളും കുഴിവെട്ടിമൂടി; നന്മയിലേയ്ക്ക് കുതിക്കുവാന്‍ നമ്മുടെ അരുമകളെ പ്രാപ്തമാക്കണം. കാളിന്ദീ തടവിട പത്തില്‍ പ്രഭാത കിരണപൂക്കള്‍ വിരിച്ച കൊമ്പിലിരുന്ന് കുളിര്‍ കാറ്റില്‍ വനവേണുവിനാല്‍; വിവശത മൂടിയ ബാല്യങ്ങള്‍ക്കായി താള ലയാന്വിതമായ ശ്രുതിയില്‍ ഒരു ഗാനമുതിര്‍ക്കാന്‍ വിശ്വഗായകനായ ഭഗവാന്‍ കൃഷ്ണനോട് കവി അര്‍ത്ഥിച്ച പോലെ ഈ കാലവും കേണ് പറയുന്നു.





















