കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘം ധര്‍മ്മസ്ഥല ദുരൂഹ മരണത്തിന്റെ ചുരുളഴിച്ചപ്പോള്‍ നാണംകെട്ടത് മലയാളത്തിലെ മുന്‍നിര ചാനലുകളും പത്രങ്ങളും. അപ്പോഴും തങ്ങള്‍ പ്രചരിപ്പിച്ചത് കള്ളക്കഥകളായിരുന്നു എന്നു സമ്മതിക്കാനുള്ള ആര്‍ജവം അവര്‍ക്കുണ്ടായില്ല. 1995 മുതല്‍ 2014 വരെ ധര്‍മ്മസ്ഥലയില്‍ ജോലി ചെയ്ത ചിന്നയ്യ എന്നയാള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ശരിയാണോ എന്നു സാമാന്യ ബുദ്ധി ഉപയോഗിച്ച് പരിശോധിക്കുക പോലും ചെയ്യാതെ മലയാള മാധ്യമവീരന്മാര്‍ അതിനെ ഏറ്റുപിടിക്കുകയും ധര്‍മ്മസ്ഥലയിലെത്തി തങ്ങളുടെ കുറ്റാന്വേഷണ വൈദഗ്ധ്യം വെളിപ്പെടുത്തും വിധം വാര്‍ത്ത സൃഷ്ടിക്കുകയും ചെയ്തപ്പോള്‍ കര്‍ണാടകയിലെ മാധ്യമങ്ങള്‍ കാണിച്ച സംയമനം പോലും അവര്‍ കാട്ടിയില്ല. ഒടുവില്‍ എസ്.ഐ.ടി യുടെ ചോദ്യം ചെയ്യലില്‍ സാക്ഷി തന്നെ എല്ലാം നുണക്കഥയാണെന്ന് തുറന്നു സമ്മതിക്കുകയും തൊട്ടുപിന്നാലെ അനന്യ ഭട്ട് എന്ന കുട്ടിയേ ഇല്ല എന്നു തെളിയുകയും ചെയ്തു. നൂറിലേറെ പേരെ കൊന്നു കുഴിച്ചുമൂടി, ബലാത്സംഗം ചെയ്തു, ഒരു കുട്ടിയെ സ്‌കൂള്‍ ബാഗോടെ കുഴിച്ചിട്ടു തുടങ്ങി എന്തൊക്കെ കഥകള്‍ നാം കേട്ടു. കഴിഞ്ഞ മാര്‍ച്ചില്‍ സമീര്‍ എന്ന യൂട്യൂബര്‍ തുടങ്ങി വെച്ച ഈ നുണക്കഥാ പ്രചരണം ഏറ്റുപിടിച്ചപ്പോള്‍, കാട്ടുപന്നി ചെളിയില്‍ മദിച്ചു കളിക്കുന്നതു പോലെയാണ് അവര്‍ പെരുമാറിയത്. ഇതിനു തൊട്ടുപിന്നാലെയാണ് പാലക്കാട് വിദ്യാനികേതന്‍ സ്‌കൂളില്‍ ബോംബു പൊട്ടി എന്നും അവിടെ ആര്‍.എസ്.എസ്. ശാഖ ഉണ്ടെന്നും ബോംബ് ആര്‍.എസ്.എസ്സുകാര്‍ ഉണ്ടാക്കിയതാണെന്നും ഇതേ ചാനലുകാര്‍ വാര്‍ത്ത നല്‍കിയത്. പോലീസില്‍ പരാതി നല്‍കിയത് സ്‌കൂള്‍ ഭാരവാഹികളാണെന്ന വിവരം മറച്ചുവെച്ച അവര്‍ പിന്നീട് ഇതിനെക്കുറിച്ച് മൗനം പാലിച്ചു.
ഏര്‍വാടിയിലും ക്രിസ്ത്യന്‍ ധ്യാനകേന്ദ്രങ്ങളിലും നടക്കുന്ന ദുരൂഹമരണമോ ബലാത്സംഗമോ മനുഷ്യാവകാശ ലംഘനമോ അന്വേഷിച്ച് വാര്‍ത്തയാക്കുന്നതിനെപ്പറ്റി ഈ മാധ്യമങ്ങള്‍ ചിന്തിക്കുക പോലും ചെയ്യില്ല. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴും ധര്‍മ്മസ്ഥലയിലേക്ക് ടാക്‌സി വിളിച്ചു പോകാനുള്ള പ്രേരണ അവരിലെ ഹിന്ദുത്വ വിരോധം ഒന്നു മാത്രമാണ്. കേരളത്തില്‍ തെരുവുനായ ശല്യം സ്ഥിരമായിരിക്കുന്നു. അവയുടെ കടിയേറ്റവരില്‍ ചിലര്‍ക്ക് പേവിഷബാധ ഉണ്ടായതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തെരുവുനായ്ക്കള്‍ ഒരു പ്രദേശത്തെ ചിലര്‍ക്കാണ് വിഷബാധയേല്‍പ്പിക്കുന്നതെങ്കില്‍ മതേതര മാധ്യമക്കാര്‍ ഹിന്ദുത്വ വിരോധം എന്ന വിഷം വമിപ്പിക്കുന്നത് മലയാളിയുടെ മസ്തിഷ്‌ക്കത്തിലേക്കാണ്. കാവല്‍നായക്ക് പേ ബാധിച്ചാല്‍ ഇതാണ് ഫലം.





















