അമ്പലപ്പുഴ രാജാവ് തുടക്കമിട്ടതാണെങ്കിലും കര്‍ക്കടക മാസം രാമായണമാസമായി ആചരിക്കാന്‍ 1982 ല്‍ എറണാകുളത്ത് നടന്ന ഐതിഹാസികമായ വിശാല ഹിന്ദു സമ്മേളനം ആഹ്വാനം ചെയ്തത് ചരിത്രപരമായിരുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലത്തെ രാമായണ പാരായണം കേവലം ഭക്തിപ്രഹര്‍ഷം ആയിരുന്നുവെന്ന് വിലയിരുത്തുന്നതായിരിക്കും കൂടുതല്‍ ശരി. അതിന് ഒരു സാമൂഹിക പ്രസക്തി ഉണ്ടായിരുന്നില്ല. എന്നാല്‍ വിശാല ഹിന്ദുസമ്മേളനത്തെ തുടര്‍ന്നുള്ള രാമായണമാസാചരണം ഹിന്ദു ഐക്യത്തിന്റെ പ്രായോഗിക രൂപമായിരുന്നു. ‘ഹിന്ദുക്കള്‍ നാം ഒന്നാണ്’ എന്ന ഐക്യത്തിന്റെ മാനിഫെസ്റ്റോ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള വിജയകരമായ മുന്നേറ്റമായിരുന്നു വിശാല ഹിന്ദു സമ്മേളനം. കേരളത്തിലെ ഹിന്ദുക്കളുടെ അതുവരെയുള്ള സാമൂഹ്യ ജീവിതത്തിലെ ഒരു തിരുത്തായിരുന്ന വിശാല ഹിന്ദുസമ്മേളനത്തിന്റെ സ്വാഭാവികവും യുക്തിസഹവുമായ തുടര്‍ച്ചയായിരുന്നു രാമായണ മാസാചരണം.
രാമായണമാസം ആചരിക്കാന്‍ വിശാല ഹിന്ദുസമ്മേളനം ആഹ്വാനം ചെയ്ത കാലത്തുതന്നെ അതിനെതിരായ പ്രതികരണങ്ങളും ഉണ്ടായി. ഉജ്ജ്വല കവിയായിരുന്ന, വാല്മീകി രാമായണത്തിന്റെ കാവ്യരൂപം മലയാളത്തിന് സമ്മാനിച്ച തിരുനെല്ലൂര്‍ കരുണാകരന്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നു. ‘രാമായണ മാസാചരണമോ ശംബൂക വധമോ?’ എന്നൊരു ചോദ്യമാണ് തിരുനെല്ലൂര്‍ ഉയര്‍ത്തിയത്. പ്രതിഭാധനനായ കവി എന്നതിനുപരി ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്ന തിരുനെല്ലൂരിന് വിശാല ഹിന്ദുസമ്മേളനത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്ന പി. പരമേശ്വര്‍ജി മറുപടി നല്‍കുകയും ചെയ്തു. പിന്നെയും നീണ്ടുപോയ ഇവര്‍ തമ്മിലുള്ള രാമായണ സംവാദം പിന്നീട് വിശാല ഹിന്ദു സമ്മേളന കമ്മറ്റി മുന്‍കയ്യെടുത്ത് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നോവലിസ്റ്റ് പി.കേശവദേവിന്റെയും മറ്റും നേതൃത്വത്തില്‍ രാമായണം അഗ്‌നിക്കിരയാക്കാന്‍ ശ്രമം നടന്ന ഒരു കാലം കേരളത്തിനുണ്ട്. ഈ പശ്ചാത്തലമാണ് രാമായണമാസാചരണത്തെ എതിര്‍ത്ത് രംഗത്തുവരാന്‍ തിരുനെല്ലൂരിനെ പോലുള്ളവരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇവരായിരുന്നില്ല ശരിയെന്ന് കാലം തെളിയിച്ചു. 1982 നു ശേഷം രാമായണമാസാചരണം ഹൈന്ദവ ജനത ഏറ്റെടുത്തു. ഒരോ കര്‍ക്കടകമാസത്തിലും ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉയര്‍ന്നുകേട്ട അദ്ധ്യാത്മരാമായണത്തിന്റെ ശീലുകള്‍ കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ ധന്യമാക്കി. ഇതിലൂടെ ഹിന്ദു ഐക്യത്തിന്റെയും സാമൂഹ്യ സമരസതയുടെയും പുലരികളും സന്ധ്യകളും കേരളത്തിന് സമ്മാനിക്കപ്പെട്ടു.
രാമായണമാസാചരണത്തെ എതിര്‍ക്കാന്‍ ശംബൂക വധമാണ് പ്രധാനമായും തിരുനെല്ലൂര്‍ കരുണാകരന്‍ ഉദ്ധരിച്ചത്. എന്നാല്‍ ഡോ. കാമില്‍ ബുല്‍ക്കയെപ്പോലെ ലോകത്തെ വിഖ്യാതരായ രാമായണ പണ്ഡിതന്മാര്‍ ശംബൂക വധത്തെ വാത്മീകി രാമായണത്തിന്റെ ഭാഗമായി കരുതുന്നില്ല. ഉത്തര രാമായണത്തില്‍ ഉള്‍പ്പെടുന്ന പ്രക്ഷിപ്തമാണ് അതെന്ന് തിരുനെല്ലൂരിനുള്ള മറുപടിയില്‍ പരമേശ്വര്‍ജി ചൂണ്ടിക്കാട്ടുകയുണ്ടായി. ഭവഭൂതിയെപോലുള്ള പൗരാണിക കവികള്‍ക്കും ഇതേ അഭിപ്രായമാണല്ലോ ഉള്ളത്. ഇതൊന്നും അറിയാത്ത ആളായിരുന്നില്ല തിരുനെല്ലൂരും. സിപിഐക്കാരനായ കവി രാഷ്ട്രീയപ്രേരിതമായി ഹിന്ദു ഐക്യത്തിന് വിരുദ്ധമായ നിലപാട് എടുക്കുകയായിരുന്നു എന്നുവേണം കരുതാന്‍. പക്ഷേ തിരുനെല്ലൂരിനെ പോലുള്ളവരുടെ വിമര്‍ശനങ്ങള്‍ ജനങ്ങളെ കാര്യമായി സ്വാധീനിച്ചില്ല. ഒരിക്കല്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അധ്യക്ഷനായിരുന്ന സാഹിത്യനായകന്‍ പ്രൊഫ. എം.കെ. സാനുപോലും നിരവധി വര്‍ഷങ്ങളില്‍ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷം ചെല്ലുന്തോറും രാമായണമാസാചരണം വിപുലമായി ആഘോഷിക്കപ്പെട്ടു. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ രാമായണം അച്ചടിച്ച് വിറ്റഴിക്കുന്നതില്‍ പ്രസാധകന്മാര്‍ പരസ്പരം മത്സരിച്ചു. സിപിഐ നടത്തുന്ന പ്രഭാത് ബുക്‌സിനു പോലും ഈ പ്രലോഭനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല എന്നാണ് അറിവ്.
തുഞ്ചത്താചാര്യനും ജാതിചിന്തയോ?
പതിറ്റാണ്ടുകള്‍ക്കു ശേഷം എന്നുതന്നെ പറയാം, സംസ്‌കൃത പണ്ഡിതന്റെ മേല്‍വിലാസവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ദളിത് ചിന്തകന്‍ ഡോ.ടി.എസ്. ശ്യാംകുമാര്‍ രാമായണമാസാചരണത്തെ അപഹസിച്ച് രംഗത്തുവന്നിരിക്കുന്നു. അദ്ധ്യാത്മ രാമായണത്തില്‍ സമത്വചിന്തയില്ലെന്നും, ബ്രാഹ്മണ വിധേയത്വമാണ് എഴുത്തച്ഛന് ഉണ്ടായിരുന്നതെന്നും ശ്യാംകുമാര്‍ വാദിക്കുന്നു. ഇതിനു തെളിവായി അദ്ധ്യാത്മരാമായണത്തിലെ ‘കാരണഭൂതന്മാരാം ബ്രാഹ്മണന്മാരുടെ ചരണാരുണാംബുജലീനപാംസു സഞ്ചയം മമ ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്ത് ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍’ എന്ന വരികള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതേ അദ്ധ്യാത്മരാമായണത്തില്‍ തന്നെ
‘ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും
ബ്രാഹ്മണണോ/ഹം നരേന്ദ്രോ/ഹ മാഢ്യോ/ഹമെ-
ന്നാമ്രേഡിതം കലര്‍ന്നീടും ദശാന്തരേ
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തുവെണ്ണീറായ് ചമഞ്ഞുപോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം’
എന്നും എഴുത്തച്ഛന്‍ എഴുതിയിട്ടുള്ളത് ശ്യാംകുമാര്‍ കാണാതെ പോകുന്നു. അദ്ധ്യാത്മ രാമായണത്തില്‍ മുഴുവന്‍ ജാതി വിവേചനമാണെന്നു കണ്ടുപിടിച്ചിരിക്കുന്ന ഈ സംസ്‌കൃത പണ്ഡിതന്‍
‘നക്തഞ്ചരാന്വയത്തിങ്കല്‍ ജനിച്ചവര്‍
ശത്രുക്കളേവരുമെന്നു വന്നിടുമോ?
നല്ലവരുണ്ടാമവരിലുമെന്നുള്ള-
തെല്ലാവരും നിരൂപിച്ചു കൊള്ളേണമേ!
ജാതിനാമാദികള്‍ക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുദ്ധന്മാരുടെ മതം’ എന്നും എഴുത്തച്ഛന്‍ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നതും കാണാതെ പോകുന്നു. ബ്രഹ്മത്വം നേടിയവര്‍ അഥവാ ബ്രഹ്മജ്ഞാനികള്‍ എന്ന അര്‍ത്ഥത്തിലാണ് ബ്രാഹ്മണര്‍ എന്ന് എഴുത്തച്ഛന്‍ ഉപയോഗിക്കുന്നതെന്ന് കരുതുന്നതാണ് ഉചിതം. ബ്രാഹ്മണ ജാതിയാണെന്ന് കരുതുന്നത് എഴുത്തച്ഛന്റെ അദ്വൈത ചിന്തയെയും സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളെയും തിരസ്‌കരിക്കുന്നതായിരിക്കും. തന്റെ ഇരുപത്തിയേഴാം വയസ്സില്‍ എഴുതിയതായി കരുതപ്പെടുന്ന ഹരിനാമകീര്‍ത്തനത്തില്‍ ‘ഋതുവായ പെണ്ണിനുമിരപ്പന്നുദാഹകനും പതിതന്നുമഗ്‌നിയജനം ചെയ്ത ഭൂസുരനും’ ആരാധനാസ്വാതന്ത്ര്യം ഉണ്ടെന്ന് പ്രഖ്യാപിച്ച ആചാര്യന്‍ ബ്രാഹ്മണ വിധേയനാണെന്ന് പറയണമെങ്കില്‍ അസാമാന്യമായ അജ്ഞത വേണം.
ബ്രാഹ്മണനായ പരശുരാമനോട് യുദ്ധം ചെയ്തു ജയിക്കുന്ന ശ്രീരാമനെയാണല്ലോ അദ്ധ്യാത്മ രാമായണത്തില്‍ കാണുന്നത്. തുഞ്ചത്താചാര്യന്‍ ബ്രാഹ്മണ ഭക്തനായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ചിത്രീകരണം നടത്തുമായിരുന്നോ? ജീവിച്ചിരുന്ന കാലത്തെ ജാതി ചിന്തകള്‍ക്കും ജാതി വിവേചനങ്ങള്‍ക്കും എതിരെ ധീരമായി നിലകൊണ്ട ആളായിരുന്നു തുഞ്ചത്താചാര്യന്‍. അങ്ങനെയൊരാള്‍ ബ്രാഹ്മണ മഹത്വം ഘോഷിക്കുന്നു എന്നൊക്കെ ശ്യാംകുമാര്‍ പറയുന്നത് ചരിത്രബോധത്തിന്റെ കുറവുകൊണ്ടു കൂടിയാണ്.

രാമായണവും ദളിതരുമായി യാതൊരു ബന്ധവുമില്ലെന്ന വാദഗതിയും ഈ പണ്ഡിതന്‍ മുന്നോട്ടുവയ്ക്കുന്നു. ജാതിവിവേചനമാണത്രേ രാമായണത്തിന്റെ മുഖമുദ്ര. വാല്മീകി രാമായണമോ അദ്ധ്യാത്മരാമായണമോ കുറച്ചെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആര്‍ക്കുംതന്നെ ഈ വാദഗതികള്‍ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. എന്നുമാത്രമല്ല ധര്‍മ്മബോധമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്യാംകുമാര്‍ ശ്രമിക്കുന്നത്. ജാതിവിവേചനങ്ങള്‍ എടുത്തെറിഞ്ഞ ഗര്‍ത്തങ്ങളില്‍ നിന്ന് കരകയറുന്ന ഹിന്ദുക്കളെ വീണ്ടും ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് അവര്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കുകയും അന്ത:ച്ഛിദ്രം വളര്‍ത്തുകയെന്നതുമാണ് ഈ ദളിത് ബുദ്ധിജീവി ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
അദ്ധ്യാത്മരാമായണ കര്‍ത്താവായ തുഞ്ചത്താചാര്യന് ജാതിവിവേചനം ഇല്ലെന്നതിന് തെളിവാണ് ശ്രീരാമസന്നിധിയിലേക്കുള്ള ഭരതന്റെ പോക്ക്. ആരെയൊക്കെയാണ് ഒപ്പം കൂട്ടുന്നതെന്ന് അദ്ധ്യാത്മ രാമായണം വ്യക്തമായി പറയുന്നുണ്ട്. വൈശ്യരും ശൂദ്രന്മാരും അതിലുണ്ട്. ശ്യാംകുമാറിനെപ്പോലെ പാണ്ഡിത്യം ഇല്ലാത്തവര്‍ക്കു പോലും ഇത് വായിച്ചു മനസ്സിലാക്കാന്‍ കഴിയുമല്ലോ.
‘നാളെപ്പുലര്‍കാലേ പോകുന്നതുണ്ടു ഞാന്‍
നാളീകനേത്രനെക്കൊണ്ടിങ്ങു
പോരുവാന്‍
ഞാനും ഭവാനുമരുന്ധതീദേവിയും
നാനാപുരവാസികളുമമാത്യരും
ആന തേര്‍ കാലാള്‍ കുതിരപ്പടയോടു-
മാനക ശംഖ പടഹവാദ്യത്തോടും
സോദരഭൂസുര, താപസസാമന്ത-
മേദിനിപാലകവൈശ്യശൂദ്രാദിയും
സാദരമാശു കൈകേയിയൊഴിഞ്ഞുള്ള
മാതൃജനങ്ങളുമായിട്ടു പോകണം.
രാമനിങ്ങാഗമിച്ചീടുവോളും ഞങ്ങള്‍
ഭൂമിയില്‍ത്തന്നെ ശയിക്കുന്നതേയുള്ളൂ
മൂലഫലങ്ങള്‍ ഭുജിച്ചു ഭസിതവു-
മാലേപനം ചെയ്തു വല്‍ക്കലവും പൂണ്ടു
താപസവേഷം ധരിച്ചുജടപൂണ്ടു
താപം കലര്‍ന്നു വസിക്കുന്നതേയുള്ളൂ.”
ഇത്ഥം ഭരതന്‍ പറഞ്ഞതു കേട്ടവ-
രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാര്‍.
”ചിത്തേ നിനക്കിതു തോന്നിയദ്ഭുതം
മുത്തമന്മാരിലത്യുത്തമനല്ലോ നീ.”
സ്ഥിതിസമത്വം രാമായണത്തില്‍
രാമായണത്തില്‍ സമത്വബോധമില്ലെന്ന് ശ്യാംകുമാര്‍ വാദിക്കുന്നത് വാല്മീകി രാമായണമോ അദ്ധ്യാത്മരാമായണമോ വായിക്കാത്തതിന്റെ പ്രശ്‌നമാണ്.
ആദ്യത്തെ ശ്രീരാമപട്ടാഭിഷേകത്തിനു മന്‍പുതന്നെ ദശരഥ മഹാരാജാവ് തന്റെ സീമന്തപുത്രന്‍ ആരെന്നും, അവതാരോദ്ദേശ്യമെന്തെന്നും തിരിച്ചറിയുന്നുണ്ട്. പുത്രനായ രാമന്റെ മൂല്യഗുണങ്ങളില്‍ രാജാവ് സന്തോഷിക്കുന്നതിനെക്കുറിച്ച് വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സുന്ദരന്‍, വീര്യമിയന്നവന്‍, അസൂയ ലവലേശമില്ലാത്തവന്‍, മൃദുഭാഷി, വൃദ്ധരോടും സജ്ജനങ്ങളോടും സരസഭാഷണം, മധുരമായ വാക്ക്, ലോകൈക വീരന്‍, അഹങ്കാരമില്ലാത്തവന്‍, അമേയബുദ്ധിമാന്‍, അസത്യം പറയാത്തവന്‍, കാരുണ്യവും ക്ഷമയും ശാന്തതയും കരുണയുമുള്ളവന്‍, ധര്‍മ്മജ്ഞനും ക്ഷത്രിയ ധര്‍മ്മാനുഷ്ഠാനിയും വീര്യവാനും യുക്തിയുക്തമായി സംസാരിക്കുന്നവനും അരോഗദൃഢഗാത്രനും വേദ-വേദാംഗ- കല-സംഗീത-ശാസ്ത്ര-ശാസ്ത്രജ്ഞാനിയും ധര്‍മ്മാര്‍ത്ഥകാമങ്ങളുടെ സാരാംശം അറിയുന്നവന്‍, ഭക്തിയും അചഞ്ചല മനസ്സും ഉള്ളവന്‍, സമയബന്ധിതമായി ധനം സ്വരൂപിച്ച് ചെലവഴിക്കാന്‍ കഴിവുള്ളവനും അലസതയും മുന്‍കോപവും പരനിന്ദയും ഗര്‍വ്വും ദേഷ്യവുമൊന്നും തീണ്ടാത്തവനും, യുക്തി യുക്തമായ ചിന്തയും വാദവും ഉള്ളവനും എന്നാല്‍ വീരശൂരപരാക്രമിയും, ലോകക്ഷേമമനുസരിച്ച് ഹിതം കൊടുക്കുന്നവനുമാണ് രാമന്‍. ഈ ഗുണങ്ങളെല്ലാം രാമന്റെ ആത്മപ്രശംസയായിട്ടോ വാല്മീകിയുടെ പ്രശംസയായിട്ടോ അല്ല, അയോദ്ധ്യാവാസികളുടെ അഭിപ്രായങ്ങളായിട്ടാണ് വാല്മീകി രാമായണത്തില്‍ പ്രതിപാദിക്കുന്നത്.
മഹാരാജാവിന് തന്റെ പിന്‍ഗാമിയായി രാമനെ നിശ്ചയിക്കാമെന്ന കീഴ്‌വഴക്കം നിലനില്‍ക്കെ പ്രജാനുവാദവും അഭിപ്രായവും കണക്കിലെടുക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഇതുതന്നെയല്ലേ ആധുനിക ജനാധിപത്യത്തിന്റെ രീതിയും?
ഇത്രയ്ക്ക് മൂല്യബോധവും ഗുണവുമുള്ള രാജാവിന്റെ ഭരണത്തില്‍ സ്ഥിതി സമത്വം ഉണ്ടായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡത്തില്‍ തുഞ്ചത്താചാര്യനും ഇക്കാര്യം എടുത്തു പറയുന്നുണ്ട്. ശ്രീരാമചന്ദ്രന്റെ രാജ്യാഭിഷേകം കഴിഞ്ഞതോടെ അയോദ്ധ്യാ രാജ്യത്തെ പ്രജകള്‍ക്ക് മുഴുവനും സൗഖ്യമേകുകയും, സ്ത്രീവൈധ്യവ്യ ദുഃഖം ഇല്ലായ്ക, വ്യാധി-ഭയം ഇവ ആര്‍ക്കുമില്ലായ്ക, സസ്യ-ശ്യാമള ശബളമായ ഭൂമി, ബാലമരണമില്ലായ്ക, വേണ്ട കാലങ്ങളില്‍ മഴ പെയ്യുന്ന രീതി, ഓരോരുത്തരും അവരവരുടെ കര്‍മധര്‍മങ്ങളില്‍ ബദ്ധശ്രദ്ധരായി ജീവിക്കുക എന്നിവയെ കുറിച്ചാണ് പറയുന്നത്. എല്ലാവരും പരസ്പരം അനുകമ്പയുള്ളവരാവുക, നല്ല ചിന്ത, മറ്റുള്ളവരുടെ സ്വത്തിലോ പരസത്രീകളിലോ യാതൊരു താല്‍പ്പര്യവുമില്ലായ്മ, ഇന്ദ്രിയ നിയന്ത്രണത്തിന് സ്വയം വിധേയരായ ജനങ്ങള്‍, പരസ്പരം നിന്ദയില്ലായ്മ, പിതാവ് പുത്രീപുത്രന്മാരെ രക്ഷിക്കുന്നതുപോലെ പ്രജാക്ഷേമം നിര്‍വഹിക്കുന്ന രാജാവ്. ഇതൊക്കെയല്ലേ ആധുനിക കാലത്തും സ്ഥിതിസമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ഗുഹനും ശബരിയും അപ്പോള്‍ ആരാണ്?
വനവാസത്തിനിടെ രാമനെ കാണുവാന്‍ വനവാസിയായ ഗുഹന്‍ അന്ന പാനീയങ്ങളുമായി പോയിരുന്നു. പക്ഷേ രാമന്‍ അതൊന്നും സ്വീകരിച്ചില്ല. ഗുഹന്‍ ആദിവാസിയായതാണത്രേ ഇതിനു കാരണം. ഒരു ആദിവാസിയുടെ കയ്യില്‍ നിന്ന് ക്ഷത്രിയനായ രാമന്‍ എങ്ങനെ ഭക്ഷണം വാങ്ങി കഴിക്കും എന്നാണ് ശ്യാംകുമാര്‍ ചോദിക്കുന്നത്! രാമായണത്തെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
ഗുഹന്‍ കൊണ്ടുവന്ന ഭക്ഷണം നിരസിച്ചശേഷം രാമന്‍ പറയുന്നതായി വാല്മീകി രാമായണത്തിലുള്ളത് ഇങ്ങനെയാണ്:
‘ഗുഹാ, വനവാസിയായി ദര്‍ഭയും മരവുരിയും തോലും ധരിച്ച, കായ്കിഴങ്ങുകള്‍ ഭക്ഷിക്കുന്നവനായ എന്നെ താപസനെന്ന് കരുതിയാലും. കുതിരകള്‍ക്കുള്ള തീറ്റി ഒന്നുകൊണ്ടുതന്നെ ഞാന്‍ തൃപ്തനായിരിക്കുന്നു. മറ്റുള്ളവ ഒന്നുംതന്നെ വേണ്ടതില്ല. ഇപ്പോള്‍ ഭവാനാല്‍ ഇതൊന്നു കൊണ്ടുമാത്രം നല്ല പോലെ പൂജിക്കപ്പെട്ടവനായി ഞാന്‍ ഭവിക്കുന്നു’ (അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 50, ശ്ലോകം 44). വനവാസിയായ ഗുഹനോട് അങ്ങേയറ്റം ആദരവ് പുലര്‍ത്തുകയും, ഭക്ഷണവും മറ്റും എത്തിച്ചതില്‍ പ്രശംസിക്കുകയുമാണ് രാമന്‍ ചെയ്തതെന്നാണ് ഇവിടെ വ്യക്തമാവുന്നത്.
രാമന് ഗുഹനോടുള്ള ഇതേ സ്‌നേഹവാത്സല്യം തന്നെയാണ് അദ്ധ്യാത്മരാമായണത്തിലും കാണുന്നത്.
രാമാഗമനമഹോത്സവമെത്രയു-
മാമോദമുള്‍ക്കൊണ്ടു കേട്ടു ഗുഹന്‍ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളോരു
രാമന്‍തിരുവടിയെ കണ്ടുവന്ദിക്കാന്‍
പക്വമനസ്സൊടു ഭക്തൈവ സത്യം
പക്വഫലമധുപുഷ്പാദികളെല്ലാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്തൈവ ദണ്ഡനമസ്‌ക്കാരവും ചെയ്തു.
പെട്ടെന്നെടുത്തെഴുന്നേല്‍പ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവുംചെയ്തു
മന്ദഹാസംപൂണ്ട് മാധുര്യപൂര്‍വകം
മന്ദേതരം കുശലം പ്രശ്‌നവും ചെയ്തു
കഞ്ജവിലോചനന്‍ തന്‍ തിരുമേനി ക-
ണ്ടഞ്ജലിപൂണ്ടു ഗുഹനുമുരചെയ്തു.
വന്ദ്യനായേനടിയനിന്നു കേവലം
നിര്‍ണ്ണയം നൈഷാദ ജന്മവും പാവനം.
നൈഷാദമായുള്ള രാജ്യമിതുമൊരു
ദൂഷണ ഹീനമധീനമല്ലോ തവ.
കിങ്കരനാമടിയനെയും രാജ്യവും
സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക.
സന്തോഷമുള്‍ക്കൊണ്ടിനി നിന്‍ തിരുവടി
സന്തതമത്ര വസിച്ചരുളീടണം.
അന്ത:പുരം മമ ശുദ്ധമാക്കീടണ-
മന്തര്‍മുദാ പാദ പത്മരേണുക്കളാല്‍
മൂലഫലങ്ങള്‍ പരിഗ്രഹിക്കേണമേ!’
ഇത്തരം പ്രാര്‍ത്ഥിച്ചു നില്‍ക്കും ഗുഹനോട്
മുഗ്ദ്ധഹാസം പൂണ്ടരുള്‍ ചെയ്തു രാഘവന്‍:
കേള്‍ക്ക നീ വാക്യം മദീയ മമ സഖേ!
സൗഖ്യമിതില്‍പ്പരമില്ലെനിക്കേതുമേ
സംവത്സരം പതിനാല് കഴിയണം
സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു
മധ്യേ വനവാസ കാലം കഴിവോളം
രാജ്യം മമൈതല്‍ ഭവാന്‍ മത്സഖിയല്ലോ
പൂജ്യനാം നീ പരിപാലിയ്ക്ക സന്തതം.
കുണ്ഠ ഭാവം ചെറുതുണ്ടാകയും വേണ്ട
കൊണ്ടുവരിക വടക്ഷീര മാശുനീ.’
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷ്മണനോടും കലര്‍ന്നു രഘൂത്തമന്‍
ശുദ്ധവടക്ഷീര ഭൂതികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും
സോദരര്‍ തന്നാല്‍ കുശദലാദ്യങ്ങളാല്‍
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പുകൊണ്ടീടിനാന്‍.’
രാമനും ഗുഹനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും ആത്മാര്‍ത്ഥതയും അതിമനോഹരമായാണ് എഴുത്തച്ഛന്‍ വര്‍ണിച്ചിരിക്കുന്നത്. തന്റെ അനുജനായ ലക്ഷ്മണനോടുള്ള അതേ സ്‌നേഹവായ്പ്പാണ് ഗുഹനോടും രാമന്‍ പ്രകടിപ്പിക്കുന്നത്. ഇതൊന്നും വായിക്കാതെ ദളിതരെ രാമായണ വിരുദ്ധരാക്കാന്‍ ബോധപൂര്‍വ്വം ഒരു കള്ളക്കഥ മെനയുകയാണ് ശ്യാംകുമാര്‍. എന്തുതരം പാണ്ഡിത്യമാണിത്!
ഇതിനുവേണ്ടി ആദികാവ്യമായ രാമായണത്തെയും, ധര്‍മത്തിന്റെ അവതാരവും മര്യാദാ പുരുഷോത്തമനുമായ ശ്രീരാമനെയും നിന്ദിക്കുകയാണ് ശ്യാംകുമാര്‍ ചെയ്യുന്നത്! അറിവിനെത്തെന്നെ അവഹേളിക്കലാണിത്.
തോണിക്കാരനായ ഗുഹനെ നിന്ദിക്കുകയാണ് രാമന്‍ ചെയ്തതെന്ന് അസത്യം പറയുന്ന ശ്യാംകുമാര്‍ ‘ഹീന ജാതിക്കാരി’യായ ശബരിയോട് രാമന്‍ എങ്ങനെയാണ് പെരുമാറിയതെന്ന് കാണാന്‍ കൂട്ടാക്കുന്നില്ല. തന്റെ ആശ്രമത്തില്‍ പ്രവേശിച്ച രാമനെ കണ്ട് ആശ്ചര്യപ്പെടുന്ന ശബരി ഇങ്ങനെയാണ് പറയുന്നത്:
‘ജ്ഞാനിയല്ലാത്ത ഹീന ജാതിയിലുള്ള മൂഢ
ഞാന്‍ ഇതിനൊട്ടുമധികാരിണിയല്ലയെല്ലോ.
വാങ്മനോ വിഷയമല്ലാതൊരു ഭവദ്രൂപം
കാണ്മാനുവകാശം വന്നതു മഹാഭാഗ്യം
തൃക്കഴലിണ കൂപ്പി സ്തുതിച്ചു കൊള്ളാനുമി-
ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!’
ഈ വാക്കുകളോട് പ്രതിവചിക്കുന്നത് രാമനില്‍ ജാതിചിന്ത ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയാണ്:
‘രാഘവനതു കേട്ടു ശബരിയോടു ചൊന്നാ-
നാകുലം കൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ
പുരുഷ സ്ത്രീജാതി നാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിനു ജഗത്രയേ
ഭക്തിയൊന്നൊഴിഞ്ഞുള്ള കാരണമേതും
എത്തി വന്നിടുവാനുമില്ല മറ്റേതും ഒന്നും’
ഗുഹനോടായാലും ശബരിയോടായാലും ഒരേ മാനസികാവസ്ഥയാണ് രാമനുള്ളത്. ശബരി ഒരു സ്ത്രീയാണെന്നതു കൂടി ഇവിടെ പരിഗണിക്കണം.
രാംനാമി സമാജിനെ കാണാതെ പോകുന്നു
ഗോത്ര ജനവിഭാഗങ്ങളെയാണല്ലോ ദളിത് ഹിന്ദുക്കളെന്ന് ശ്യാംകുമാറിനെ പോലുള്ളവര്‍ അപരവല്‍ക്കരിക്കുന്നത്. ഇവര്‍ ഒരുകാലത്തും രാമായണത്തെ സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നത് അജ്ഞതയാണ്. രാമായണത്തെ ഉള്‍ക്കൊണ്ട പല മഹാന്മാരും ഗോത്രവിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവരില്‍ ഒരാളാണ് ഇപ്പോഴത്തെ ഛത്തീസ്ഗഡ് ഉള്‍പ്പെടുന്ന പ്രദേശത്തെ പരശുറാം ഭരദ്വാജ്. ഒരു കര്‍ഷകന്റെ മകനായിരുന്ന പരശുറാം കുഷ്ഠരോഗ ബാധിതനായി. എന്നാല്‍ നിരന്തരം രാമനാമം ജപിക്കുക മൂലം പരശുറാമിന്റെ ശരീരം മുഴുവന്‍ രാമനാമം പ്രത്യക്ഷപ്പെട്ടു എന്നാണ് ഛത്തീസ്ഗഡിലെ ചര്‍പ്പാര നിവാസികള്‍ വിശ്വസിക്കുന്നത്. രാമനാമം ജപിച്ച് ഒടുവില്‍ പരശുറാമിന്റെ കുഷ്ഠ രോഗം മാറിയെന്നാണ് ഐതിഹ്യം. രാമനില്‍ അചഞ്ചലനായി വിശ്വസിച്ച പരശുറാമിനടുത്ത് പ്രദേശവാസികള്‍ രാമകഥകള്‍ കേള്‍ക്കാന്‍ എത്തുമായിരുന്നു.
ഇതേകാലത്ത് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരെ പരശുറാമിന്റെ നേതൃത്വത്തില്‍ ഗോത്രവിഭാഗങ്ങള്‍ സംഘടിച്ചു. ശരീരം മുഴുവന്‍ രാമനാമം പച്ചകുത്തിയാണത്രേ അസ്പൃശ്യതയ്‌ക്കെതിരെ ഇവര്‍ പ്രക്ഷോഭം നടത്തിയത്. ശരീരം മുഴുവന്‍ രാമനാമം പച്ചകുത്തിയ രാംനാമികളെ നഖശിഖ് എന്നും, നെറ്റിയില്‍ മാത്രം പച്ചകുത്തിയവരെ ശിരോമണി എന്നും, മുഖത്ത് പച്ചകുത്തിയവരെ ബാദന്‍ എന്നുമാണ് വിളിക്കാറുള്ളത്. പച്ചകുത്തുമ്പോള്‍ വേദനയുണ്ടാകുമെങ്കിലും രാമനാമമാണ് തങ്ങളെ ജാതീയതയില്‍ നിന്നും രക്ഷിച്ചതെന്നാണ് ഇവര്‍ പറയാറുള്ളത്.
രാമചരിത മാനസ് പാടിയും ഭജന നടത്തിയുമൊക്കെ രാമനാമത്തെ വാഴ്ത്തിയവരാണ് രാം നാമി സമാജ്. ‘കാസ്റ്റ് ആന്‍ഡ് റേസ്’ എഴുതിയ ജി.എസ്. ഗുരെ ഉള്‍പ്പെടെയുള്ള വിദേശികളും ഈ ജനവിഭാഗത്തെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാമായണവുമായി ബന്ധമുണ്ടെന്ന് കരുതാത്ത, രാമനാമം മോക്ഷദായകമാണെന്ന് വിശ്വസിക്കാത്ത ഹിന്ദുസമൂഹങ്ങളൊന്നും ഭാരതത്തിലില്ല എന്നതാണ് വസ്തുത.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് രാംനാമി സമാജിനെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. ‘രാമന്‍ ഞങ്ങളെ വീണ്ടും ആദരിച്ചിരിക്കുന്നു’ എന്നാണ് ഇവര്‍ പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ രാമനാമം ഉച്ചരിക്കാത്ത, രാമായണം പുണ്യഗ്രന്ഥമല്ലാത്ത ഒരു സമാജവും ഭാരതത്തില്‍ ഉണ്ടായിട്ടില്ല. ശ്യാംകുമാര്‍ ഇതൊക്കെ അറിയാതെ പോകുന്നത് മറ്റുള്ളവരുടെ കുറ്റമല്ലല്ലോ. തത്വചിന്തയ്‌ക്കൊപ്പം ചരിത്രബോധവും ഉണ്ടെങ്കിലേ അറിവ് പൂര്‍ണമാവൂ.
പാണ്ഡിത്യത്തിന്റെ പരിമിതികള്‍
ഒരാള്‍ എത്ര പാണ്ഡിത്യം നേടിയാലും എല്ലാ കാര്യങ്ങളും അറിയണമെന്നില്ല. രാമരാജ്യം ആദര്‍ശ വ്യവസ്ഥിതിയായി കണ്ടിരുന്ന ഗാന്ധിജി പോലും രാമായണം പ്രതിനിധാനം ചെയ്യുന്ന വൈവിധ്യത്തെയും വൈശിഷ്ട്യത്തെയും സമ്പൂര്‍ണമായി അറിഞ്ഞിരുന്നു എന്നു കരുതാനാവില്ല. താന്‍ നേടിയ അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ സ്വന്തം പരിമിതികളെക്കുറിച്ചുള്ള ധാരണ ഏതൊരു പണ്ഡിതനും ഉണ്ടാവണം. തനിക്ക് ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുത്. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ഇക്കാര്യത്തില്‍ ഒരു കരുതലുമില്ലാത്തയാളാണ് ഡോ. ടി.എസ്.ശ്യാംകുമാര്‍ എന്ന് പറയേണ്ടിവരും.
കോട്ടയത്ത് ഗാന്ധിജി പങ്കെടുത്ത ഒരു യോഗത്തില്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന സഹോദരന്‍ അയ്യപ്പന്‍ രാമനുപകരം രാവണന് ജയ് വിളിച്ച കാര്യം ശ്യാംകുമാര്‍ അഭിമാനത്തോടെ പറയുന്നുണ്ട്. എന്നാല്‍ ധര്‍മാധര്‍മ വിവേചനം വരുമ്പോഴാണ് രാമന്‍ സ്വീകാര്യനും രാവണന്‍ അസ്വീകാര്യനും ആകുന്നത്. വംശ മഹിമയല്ല ഇതിനു കാരണം. രാമന്റേത് ഇക്ഷ്വാകു വംശമാണെങ്കില്‍ രാവണന്റേത് പുലസ്ത്യ വംശമാണ്. വംശ മഹിമയില്‍ ഇരുവരും തുല്യരാണ്. ശ്യാംകുമാര്‍ ധരിച്ചുവച്ചിരിക്കുന്നത് മറ്റുചിലതാണെന്ന് തോന്നുന്നു.
വൃത്രാസുര വധത്തില്‍ ദേവേന്ദ്രന് ബ്രഹ്മഹത്യാ പാപം ഉണ്ടായതിനെക്കുറിച്ച് രാമായണം ബാലകാണ്ഡത്തില്‍ വാല്മീകി പറയുന്നുണ്ട്. അസുരനായ വൃത്രാസുരനെ കൊന്നതുകൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക്, അതും ദേവേന്ദ്രന് ബ്രഹ്മഹത്യാ പാപം ഉണ്ടാകുന്നത്? ദേവാസുരന്മാര്‍ തിഥി എന്നും അതിഥി എന്നും പേരുകളുള്ള ജ്യേഷ്ഠാനുജത്തിമാര്‍ക്ക് ജനിച്ചവരാണെന്ന സാമാന്യ വിവരം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇരുവരുടെയും വംശ പരമ്പരയെക്കുറിച്ചുള്ള ശരിയായ ധാരണ പലര്‍ക്കുമില്ല. മഹാമുനിയായ കശ്യപന്‍ അഗ്‌നിയില്‍ നിന്ന് ജനിപ്പിച്ചയാളാണ് വൃത്രാസുരന്‍ എന്നും, അതല്ല പ്രജാപതിയായ ത്വഷ്ടാവ് ഹോമകുണ്ഡത്തില്‍ നിന്ന് ജനിപ്പിച്ചയാളാണെന്നും കഥകളുണ്ട്. ഇന്ദ്രനെ വധിക്കുന്നതിനായി ത്വഷ്ടാവ് ത്രിശ്ശിരസ് എന്നൊരു പുത്രനെ ജനിപ്പിച്ചുവത്രേ. വിശ്വരൂപന്‍ എന്നും പേരുള്ള ഇയാള്‍ ബ്രാഹ്മണനുമായിരുന്നു! പക്ഷേ അമ്മ അസുര സ്ത്രീയായിരുന്നതിനാല്‍ ഈ പുത്രന്‍ അസുരനായിരുന്നുവത്രേ! പേര് സൂചിപ്പിക്കുന്നതുപോലെ മൂന്ന് ശിരസ്സുകള്‍ ഉള്ളയാള്‍. ഒരു ശിരസ്സ് സോമപാനത്തിനും മറ്റൊന്ന് സുരാപാനത്തിനും മൂന്നാമത്തേത് ഭക്ഷണത്തിനുമാണ് ഉപയോഗിച്ചിരുന്നത്. തന്നെ വധിക്കാനാണ് വിശ്വരൂപന്‍ ജനിച്ചതെന്ന് മനസ്സിലാക്കിയ ഇന്ദ്രന്‍ അതിനുമുന്‍പ് ആ അസുരനെ വധിച്ചു. ഇതറിഞ്ഞ ത്വഷ്ടാവ് മന്ത്രസിദ്ധികൊണ്ട് പുത്രനെ പുനര്‍ജനിപ്പിച്ചു. ‘എന്റെ പേര് എന്താണ്, ഞാന്‍ അങ്ങേയ്ക്കു വേണ്ടി എന്താണ് ചെയ്യേണ്ടത്?’ വൃത്രാസുരന്‍ ചോദിച്ചു. അപ്പോള്‍ ത്വഷ്ടാവ് പറഞ്ഞു, ‘നിന്റെ പേര് വൃത്രന്‍, നീ ഇന്ദ്രനെ വധിക്കണം.’ എന്നാല്‍ ഈ വൃത്രനെയും ഇന്ദ്രന്‍ വധിച്ചു. അങ്ങനെയാണ് ഇന്ദ്രന് ബ്രഹ്മഹത്യാ പാപം ഉണ്ടാകുന്നത്. ബ്രാഹ്മണ്യത്തെയും സുരാസുരന്മാരെയുമൊക്കെ ഗുണകര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് രാമായണം കണ്ടിരുന്നത് എന്നര്‍ത്ഥം. രാമന്റെ പ്രതിയോഗിയായി രാവണനെ പ്രതിഷ്ഠിക്കുന്നവര്‍ ഇതൊക്കെ അറിയാതെ പോകരുത്.





















