ഈ വര്‍ഷം ജൂലായ് 25 ന് തമിഴ് നാട്ടില്‍ നിന്ന് രാജാത്തി ഷംസുദ്ദീന്‍ എന്ന പേരുള്ള ഒരു വനിത രാജ്യസഭാംഗമായി. അവര്‍ സല്‍മ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന ഒരു എഴുത്തുകാരിയാണ്. റുക്കിയ എന്നൊരു പേരും അവര്‍ക്കുണ്ട്. യഥാര്‍ത്ഥനാമം രാജാത്തി എന്നാണ്. ഡി.എം. കെയുടെ എംപിയായ രാജാത്തിയെക്കുറിച്ച് നമ്മള്‍ പ്രത്യേകിച്ച് അറിയേണ്ടകാര്യം ഇല്ല. എന്നാല്‍ അവരുടെ ജീവിതം, അവര്‍ നടത്തിയ പോരാട്ടങ്ങള്‍ എന്നിവ വളരെ ശ്രദ്ധേയമാണ്. ഡി. എം.കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായതിനാല്‍ ആ പാര്‍ട്ടിയ്ക്കു വേണ്ടി കുറെ രാഷ്ട്രീയ കാപട്യങ്ങളൊക്കെ അവര്‍ക്കു നടത്തേണ്ടിവരുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും അതിയാഥാസ്ഥിതികമായ തമിഴ് സമൂഹത്തില്‍ രാജാത്തിയുടെ നിലപാടുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്.
തമിഴ് രാഷ്ട്രീയത്തിലും സാഹിത്യത്തിലും രാജാത്തി എന്ന സല്‍മയ്ക്ക് പ്രസക്തിയുണ്ട്. ഒരു മാലയും ഇന്നൊരു മാലയും (An evening and another evening) പച്ചൈ ദേവതൈ (Green Angel) എന്നിവ സല്‍മയുടെ കവിതാ സമാഹാരങ്ങളാണെന്ന് ഇന്റര്‍നെറ്റില്‍ കാണുന്നു. ഇരണ്ടാം യാമങ്ങളില്‍ കതൈ (The hours past midnight), മനാമിയങ്കള്‍ (The Dreams) എന്നിവ നോവലുകളാണ്. ശാപം (Curses) എന്നൊരു കഥാസമാഹാരവും തമിഴില്‍ അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു നോവല്‍ മലയാളത്തിലും മറ്റു ചിലത് ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഒന്നും ഇതുവരേയ്ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരു എഴുത്തുകാരി എന്ന നിലയില്‍ അവരുടെ മേന്മയെന്തെന്ന് പറയാനാവില്ല.
അവരുടെ ജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ആഗസ്റ്റ് 4ന്റെ സമകാലിക മലയാളം വാരികയില്‍ ജോബിജോര്‍ജ്ജ് നടത്തുന്ന അഭിമുഖത്തില്‍ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്. തമിഴ്‌നാട്ടിന്റെ ഭരണകക്ഷിയുടെ എം.പി എന്ന നിലയില്‍ ആ പാര്‍ട്ടിയുടെ ഹിന്ദി വിരുദ്ധനിലപാടും ഒരു പരിധിവരെ ഹിന്ദുവിരുദ്ധ നിലപാടും ആവര്‍ത്തിക്കാന്‍ ബാധ്യസ്ഥയാണ ല്ലോ. എങ്കിലും പൊള്ളുന്ന സല്‍മയുടെ ജീവിതകഥ ഏവരും അറിയേണ്ടതാണ്. കഥയോ കവിതയോ എഴുതിയാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് ഷംസുദ്ദീന്‍ നമുക്കൊരു അത്ഭുതമല്ല. കാരണം സ്ത്രീയെ പരമാവധി അടിച്ചമര്‍ത്തുന്നതാണ് ഈശ്വരനിയോഗം എന്നു വിശ്വസിക്കുന്ന ഒരു മതവിശ്വാസത്തിന്റെ പ്രതിനിധിയാണദ്ദേഹം. സിനിമ കണ്ടതിന് രാജാത്തിക്ക് പഠനം നിര്‍ത്തേണ്ടിവന്നു. സിനിമ നിഷിദ്ധമാണെന്നാണല്ലോ ഇത്തരം മതത്തില്‍ വിശ്വസിക്കുന്നവര്‍ പൊതുവേ കണക്കാക്കുന്നത്. കേരളത്തില്‍ ജാമിത ടീച്ചറിനെപ്പോലെ ചിലര്‍ നടത്തുന്ന പോരാട്ടത്തോട് സല്‍മയുടെ സമരത്തിനു സാദൃശ്യമുണ്ടായിരുന്നെങ്കിലും ഡി.എം.കെ. രാഷ്ട്രീയത്തിന്റെ ഭാഗമായതോടു കൂടി നിലപാടുകളില്‍ വെള്ളം ചേര്‍ക്കേണ്ടിവന്നുവെന്നു പറയാം. അതുകൊണ്ടാവണം മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി മുത്തലാക്ക് നിരോധനം പോലുള്ള പുരോഗമനപരമായ നടപടികള്‍ കൊണ്ടുവന്ന മോദിജിയെ ആക്ഷേപിക്കാന്‍ അവര്‍ തയ്യാറാകുന്നത്.
കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യ ലോകത്തിന്റെ ഈ ലക്കത്തില്‍ കവിയും കോളേജധ്യാപകനുമായ മനോജ് കുറൂര്‍ (മെയ്-ജൂണ്‍) ‘കവിതയും കാവ്യ സങ്കേതങ്ങളും’ എന്നൊരു ലേഖനമെഴുതിയിരിക്കുന്നു. ഇപ്പോള്‍ ഭാഷാപഠനത്തില്‍ അര്‍ത്ഥശാസ്ത്രം അഥവാ ചിഹ്നശാസ്ത്രം (semiotics) പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഭാരതത്തില്‍ വളരെ പണ്ടുമുതലേ ഇതിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നതായി കുന്തകന്‍ തുടങ്ങിയിട്ടുള്ളവരുടെ കൃതികള്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ കാണാവുന്നതാണ്. അതുകൊണ്ടാണല്ലോ ”വാഗര്‍ത്ഥാ വിവസംപൃക്തൗ” എന്ന് കാളിദാസന്‍ രഘുവംശം ആരംഭിക്കാനിടയായത്. ‘വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കുന്ന’ എന്ന് പാര്‍വ്വതീപരമേശ്വരന്മാരെ വര്‍ണ്ണിക്കണമെങ്കില്‍ വാക്കിനേയും അര്‍ത്ഥത്തേയും കുറിച്ച് അതിനും മുന്‍പേ ചില അന്വേഷണങ്ങള്‍ ഇവിടെ നടന്നിരുന്നു എന്നു വ്യക്തമാണല്ലോ.
ഭാരതീയമായ ഇത്തരം പഠനങ്ങളെക്കുറിച്ചൊക്കെ തീര്‍ച്ചയായും അറിവുള്ള വ്യക്തിയാണ് മനോജ് കുറൂര്‍. പക്ഷേ ലേഖനത്തില്‍ അദ്ദേഹം നടത്തുന്നത് പാശ്ചാത്യമായ അര്‍ത്ഥ ചിഹ്ന ശാസ്ത്ര വ്യവഹാരങ്ങളെ അടിസ്ഥാനപ്പെടുത്തി നമ്മുടെ കവികളേയും കവിതകളേയും പഠിക്കാനുള്ള ശ്രമമാണ്. ലേഖനത്തില്‍ പലപ്പോഴും ‘വസ്ത്രത്തിനനുസരിച്ച് ഉടലുവെട്ടിച്ചെറുതാക്കുന്ന’ സമീപനം കാണാം. പാശ്ചാത്യസിദ്ധാന്തങ്ങള്‍ പലതും നമ്മുടെ കവികളില്‍ കണ്ടെടുക്കാന്‍ അദ്ദേഹം വൃഥാശ്രമിക്കുന്നു. ശ്രമം നല്ലതുതന്നെ; പക്ഷേ നമുക്ക് നമ്മുടേതായ ചില സംഭാവനകള്‍ ഈ മേഖലയില്‍ നല്‍കാന്‍ കഴിയേണ്ടതല്ലേ! പാശ്ചാത്യ ചിന്തയുടെ പൊയ്ക്കാലില്‍ നമുക്ക് എത്രകാലം നിലനില്‍ക്കാനാവും. കൂട്ടത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘എവിടെ ജോണ്‍’ എന്ന കവിതയില്‍ നിന്നും ഉപസര്‍പ്പിണി വൃത്തത്തെ കണ്ടെടുക്കാന്‍ കവി നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹമാണ്. വൃത്തരഹിതമായ പദ്യത്തിലാണ് ആ കവിത എന്നായിരുന്നു ഈ ലേഖകന് ധരിച്ചുവച്ചിരുന്നത്. എന്നാല്‍ അതിനുള്ളില്‍ ഉപസര്‍പ്പിണി ഒളിച്ചിരിക്കുന്ന വിവരം ഒരു ക്രാന്തദര്‍ ശിയ്ക്കു മാത്രം കണ്ടെടുക്കാനാവുന്നതാണ്. എല്ലാവരിയിലും കൃത്യമായ അക്ഷരവ്യവസ്ഥ പാലിക്കുന്നില്ലെങ്കിലും ഉപസര്‍പ്പിണിയുടെ ഈണത്തില്‍ കവിത ആദ്യവസാനം ചൊ ല്ലാന്‍ കഴിയുന്നതാണ്.
കഴിഞ്ഞൊരു ലക്കം കേസരിയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ‘അവസാനത്തെ കവി’ എന്നിങ്ങനെ (കവിത- അവസാനത്തെ കവി) ഈ ലേഖകന്‍ വിശേഷിപ്പിച്ചത് പല കവികളെയും ചൊടിപ്പിക്കുകയുണ്ടായി. അതിനുള്ള മറുപടി മനോജ് കുറൂരിന്റെ ലേഖനത്തിലുണ്ട് എന്നു പറയാം. ഗദ്യകവിതയുടെ ഇക്കാലത്തു പോലും വൃത്തം തുടങ്ങിയ നമ്മുടെ കാവ്യപരമായ പാരമ്പര്യജ്ഞാനത്തെ കവിതയുടെ അസംസ്‌കൃത വസ്തുവാക്കി അവതരിപ്പിക്കാന്‍ പോന്ന കാവ്യാനുശീലനം സിദ്ധിച്ച അപൂര്‍വ്വം കവികളില്‍ ഒരാളാണ് ബാലചന്ദ്രന്‍. കവികള്‍ക്ക് നിശ്ചയമായും അത്തരം അറിവുണ്ടായിരിക്കേണ്ടതാണ്. കവിത എന്നത് ഒരു പരിശീലനവുമില്ലാതെ ആര്‍ക്കും എഴുതാവുന്നതാണ് എന്ന അബദ്ധധാരണ ശരിയല്ല. അത്തരം ധാരണകളുള്ളവര്‍ മനോജ് കുറൂരിന്റെ ലേഖനം ഒന്നു വായിക്കുന്നതു നന്നായിരിക്കും. പാരമ്പര്യത്തെ സ്വാംശീകരിക്കാന്‍ കഴിയാത്ത ഒന്നിനും നിലനില്പുണ്ടാവില്ല. പാരമ്പര്യം എന്നത് സഹസ്രാബ്ദങ്ങള്‍ നീണ്ട അന്വേഷണങ്ങളിലൂടെ രൂപപ്പെടുന്നതാണ്. അത് നമ്മുടെ നാടിന്റെ ഭൂപ്രകൃതി ഉള്‍പ്പെടെയുള്ള എല്ലാ സവിശേഷതകളേയും ഉള്‍ക്കൊള്ളുന്നതാണ്. ഇവിടേയ്ക്കു വന്ന വിദേശ ആക്രമണകാരികള്‍ പോലും ക്രമേണ ഈ ജ്ഞാനവ്യവസ്ഥയുടെ ഭാഗമായി അറിയാതെ മാറിപ്പോയത് ഇവിടെ അത് അനിവാര്യമാണെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ്. ആ തിരിച്ചറിവ് നമ്മുടെ കവികള്‍ക്കും വേണം.
എപ്പോഴും രാജ്യവിരുദ്ധമായും വിഭാഗീയമായുമുള്ളവ മാത്രം പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിര ആഗസ്റ്റ് ലക്കത്തില്‍ സംസ്‌കൃത പണ്ഡിതന്‍ എന്ന പേരില്‍ ഒരു ആക്ടിവിസ്റ്റിനെ അവതരിപ്പിക്കുന്നു; ഡോക്ടര്‍ ടി.എസ്. ശ്യാംകുമാര്‍, അദ്ദേഹം സംസ്‌കൃതഭാഷയില്‍ ഗവേഷണമൊക്കെ നടത്തിയ ആളാണ്. അദ്ദേഹത്തെ രാജേഷ് കെ. എരുമേലി എന്നൊരാള്‍ അഭിമുഖം നടത്തുന്നു. ഡോക്ടര്‍ സംസ്‌കൃതത്തില്‍ നിന്നും ആകെ ആര്‍ജ്ജിച്ച ജ്ഞാനം ജാതിയുടേത് മാത്രമാണത്രേ! അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍ പെട്ടതാണ്. പക്ഷേ അദ്ദേഹത്തെ സംസ്‌കൃതം പഠിപ്പിച്ചത് ആദ്യകാലത്ത് പിത്തമ്പില്‍ മഠം കുമാരന്‍ നമ്പൂതിരിയും മണികണ്ഠന്‍ പിള്ള ഭാഗവതരുമൊക്കെയാണ്. ശ്രീരാമനും ലക്ഷ്മണനും അശ്വമേധയാഗത്തിനുവന്ന പുരോഹിതന്മാരുടെ മക്കളാണെന്നാണ് പണ്ഡിതനായ ഡോക്ടര്‍ കണ്ടെത്തുന്നത്. പുത്രകാമേഷ്ടിയാഗം എന്നു വാല്‍മീകി കള്ളം പറഞ്ഞതാണത്രേ! അശ്വമേധയാഗമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാമായണത്തിന്റെ ഒരു പാഠഭേദത്തിലും പുത്രകാമേഷ്ടിയാഗമല്ല അശ്വമേധയാഗമാണെന്ന് കണ്ടിട്ടില്ല. പിന്നെ മറ്റൊരഭിപ്രായം രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് കേരളത്തിലെ വീടുകളില്‍ രാമായണം വായിച്ചു തുടങ്ങിയതെന്നാണ്. ആര്‍.എസ്.എസ്സിന്റെ കേരളത്തിലെ പ്രവര്‍ത്തനം കൃത്യമായി എന്നു തുടങ്ങി എന്ന് എനിക്കറിയില്ല. 1940കള്‍ക്കുശേഷമാണെന്നാണ് എന്റെ ധാരണ. അതും ഏകദേശം ഏഴുപതുകള്‍ വരെ വളരെ അപൂര്‍വ്വം ഇടങ്ങളിലേ ശാഖകള്‍ ഉണ്ടായിരുന്നുള്ളു എന്നെനിക്കു തോന്നുന്നു.
ഈ ലേഖകന്റെ നാട്ടില്‍ സംഘം പ്രവര്‍ത്തിച്ചു തുടങ്ങുന്നത് എഴുപതുകളുടെ അവസാനമാണ്. എന്നാല്‍ എന്റെ പിതാവും മുത്തച്ഛനും വരെ വീടുകളില്‍ രാമായണം വായിക്കുന്നവരായിരുന്നു. മിക്കവാറും വീടുകളില്‍ എന്റെ ചെറുപ്രായത്തില്‍ത്തന്നെ കര്‍ക്കടകത്തില്‍ രാമായണ പാരായണമുണ്ടായിരുന്നു. കെ.ബി ഹെഡ്‌ഗേവാര്‍ 1925ല്‍ ആദ്യത്തെ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ ഹിന്ദുഭവനങ്ങളില്‍ രാമായണ പാരായണമുണ്ടായിരുന്നു. എന്നിട്ടും രാഷ്ട്രീയ സ്വയംസേവക സംഘം അടിച്ചേല്‍പ്പിച്ചതാണ് ഈ രാമായണപാരായണം എന്ന് പറയാന്‍ ഈ പണ്ഡിതവേഷം കെട്ടിയ ആള്‍ക്ക് ഒരു മടിയും ഇല്ല. ഇത്തരത്തിലുള്ള ധാരാളം കണ്ടെത്തലുകള്‍ ഈ പി.എച്ച്.ഡി ബിരുദധാരി അവതരിപ്പിക്കുന്നുണ്ട്. പച്ചക്കുതിരയുടെ താളുകളില്‍ ഇതൊക്കെ മാത്രമേ എല്ലാവരും പ്രതീക്ഷിക്കുന്നള്ളൂ.
പച്ചക്കുതിരയില്‍ നാലു കവിതകളുണ്ട്. രമ്യ തുറവൂരിന്റെ ‘ജനലരികിലെ കുട്ടി’ സഫീദ് ഇസ്മയിലിന്റെ ‘ശങ്കരാടിക്കുന്ന്’, വില്‍സണ്‍ ഐസക്കിന്റെ ‘ആകാശവയലുകളില്‍ അപ്പന്‍’, ഉഷ പുനത്തിലിന്റെ ‘നാകമോഹിനി’ നാലും സമയം വ്യഥാ വ്യയം ചെയ്യിച്ചു എന്നല്ലാതെ ഒരു പ്രയോജനവും നല്‍കിയില്ല. കഥയിലോ ലേഖനത്തിലെ അവതരിപ്പിക്കാവുന്നവയാണ് കവിതയെന്ന പേരില്‍ എഴുന്നള്ളിക്കുന്നത്. പരിഗണിക്കാന്‍ തക്ക രചനകള്‍ ഇല്ലെങ്കില്‍ കവിത ഉള്‍പ്പെടുത്താതിരുന്നാലും പ്രത്യേക തകരാറൊന്നും പ്രസിദ്ധീകരണത്തിനുണ്ടാകാനിടയില്ല.
അടിമുടി സാനുമാഷാണ് മാതൃഭൂമിയില്‍ (ആഗസ്റ്റ് 17-23). അങ്ങനെ തന്നെയാണല്ലോ വേണ്ടതും. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം എന്ന ഒറ്റ കൃതിമാത്രം മതി മാഷിനെ അടയാളപ്പെടുത്താന്‍. ലീലാവതി ടീച്ചര്‍ മുതല്‍ റാണിയ പി. വരെ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഒടുവിലായി നക്ഷത്രങ്ങളുടെ സ്‌നേഹഭാജനത്തില്‍ നിന്നുള്ള ഏതാനും ഖണ്ഡികകളും എടുത്തു ചേര്‍ത്തിരിക്കുന്നു. ചങ്ങമ്പുഴക്ക് കേരള സമൂഹത്തിന്റെ അംഗീകാരം ലഭിക്കാന്‍ സാനുമാഷിന്റെ ഇടനില വേണമെന്ന് ആരും പറയാനിടയില്ല. എങ്കിലും കവിയെ ഒരു പച്ച മനുഷ്യനാക്കിത്തന്നെ അവതരിപ്പിച്ച് പുതിയ തലമുറയുടെ ആരാധനയ്ക്ക് പാത്രീഭവിക്കാനിടവരുത്തിയതില്‍ മാഷിനു വലിയൊരു പങ്കുണ്ട്. പാശ്ചാത്യ സമൂഹം കവികളുടെ ജീവിതത്തിന്റെ അഴുക്കുകളേയും കൊണ്ടാടുന്ന പതിവ് പണ്ട് മുതലേയുണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ അവയെ മറച്ചു പിടിക്കുകയായിരുന്നു പതിവ്. ജീവചരിത്രമെഴുതുമ്പോഴോ ആത്മകഥ എഴുതുമ്പോഴോ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുകയായിരുന്നു നമ്മുടെ പതിവ്. സാനുമാഷ് ആ പതിവുതെറ്റിച്ചു. 37 വര്‍ഷം മാത്രം ജീവിച്ചിരുന്ന ആ അത്ഭുതപ്രതിഭയുടെ എല്ലാ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടിക്കൊണ്ട് അതുള്‍പ്പെടെ കവിയെ ആരാധിക്കാന്‍ സമൂഹത്തെ എം.കെ.സാനു പഠിപ്പിച്ചു.
സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്രം തുടങ്ങി മോഹന്‍ലാല്‍ അഭിനയ കലയിലെ ഇതിഹാസം എന്ന കൃതിവരെ ഒരു ഡസനിലധികം കനപ്പെട്ട കൃതികളും അസംഖ്യം ലേഖനങ്ങളും എഴുതിയ മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ പക്ഷപാതരാഹിത്യമായിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും എല്ലാവരോടും മമത പുലര്‍ത്താനും മെച്ചപ്പെട്ട എല്ലാത്തിനേയും ബഹുമാനിക്കാനും ആ നിരൂപക പ്രതിഭയ്ക്കു കഴിഞ്ഞു. ശ്രീനാരായണഗുരുദേവന്റെ ആദര്‍ശങ്ങളെ ജീവിതത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയനേട്ടം. ഒപ്പം എഴുതിയ പലരും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മൂലം സര്‍ഗശേഷിയെ പലപ്പോഴും കണ്ടില്ലെന്നു നടിക്കുകയോ അനര്‍ഹരെ അനാവശ്യമായി പുകഴ്ത്തുകയോ ഒക്കെ ചെയ്തപ്പോള്‍ മാഷ് അതില്‍ നിന്നൊക്കെ വിട്ടുനിന്നു. മൂല്യവത്തായ രചനകള്‍ സമ്മാനിച്ച വരെ ആരെന്നു നോക്കാതെ കലവറയില്ലാതെ അദ്ദേഹം പുകഴ്ത്തി. സഹനിരൂപകരുടെ പക്ഷപാതപരമായ നിലപാടുകളെ അവഗണിക്കാന്‍ അദ്ദേഹം മടിച്ചില്ല.






















