സാഹിത്യകാരൻ പി.ഐ ശങ്കരനാരായണന്റെ രാമായണ പരിചയ ജനകീയ ക്യാമ്പയിനെക്കുറിച്ച്
നിലനിൽക്കുന്ന വ്യവസ്ഥിതികളോട് കലഹിക്കാനും ജീവിതത്തിന്റെ അടരുകളെ സർഗാവിഷ്കാരങ്ങൾക്കുള്ള ഇന്ധനമാക്കാനുമാണ് ഏതുകാലത്തും എഴുത്ത് കൈയ്യാളുന്നവർ ശ്രദ്ധിച്ചുപോന്നത്. എടുത്തണിയുന്ന വേഷങ്ങൾ പലതാണെങ്കിലും അവയിൽപ്പലതിനോടും നയപരമായ അടുപ്പം കാത്തുസൂക്ഷിക്കാൻ കഴിയാത്തവരാണധികവും.എന്തുകൊണ്ടാണ് കാപട്യങ്ങൾ കൊണ്ട് കോട്ടകെട്ടി അരുതായ്മകളെ പൂട്ടിവയ്ക്കുന്നത് എന്ന് നിഷ്പക്ഷ വായനക്കാർ ചോദിച്ചുപോകും പലപ്പോഴും. ശരികേടുകളോട് പിന്തിരിഞ്ഞുനിൽക്കാനും നന്മയുള്ള മനുഷ്യനെ എവിടെവച്ചുകണ്ടാലും ഹൃദയംകൊണ്ട് ആശ്ലേഷിക്കാനും കഴിയുന്ന ഒരാളുണ്ട് മധ്യകേരളത്തിൽ. മലയാള സാഹിത്യത്തിന്റെ വിസ്തൃതമായ വഴികളും എണ്ണമറ്റ ശാഖകളും മുന്നിൽത്തെളിഞ്ഞങ്ങനെ നിൽക്കുമ്പോഴും തന്റെ ശരികൾ മാത്രമാണ് ശരിയെന്നും അന്തിമമെന്നും വിധിപറയാനൊരുക്കമല്ലാത്ത അക്ഷരതീർത്ഥാടകൻ, പി.ഐ ശങ്കരനാരായണൻ…..
1945 ൽ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നിലായിരുന്നു പി.ഐ ശങ്കരനാരായണന്റെ ജനനം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടുമായി ആറുവർഷത്തെ പത്രപ്രവർത്തനാനുഭവം.
1974 ൽ എറണാകുളത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഏലം ബോർഡിൽ ഉദ്യോഗസ്ഥനായിരിക്കെ ഏലം,സ്‌പൈസസ് ഇന്ത്യ തുടങ്ങിയ മാസികകളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.’ഏലം ഒരു ശീലമാക്കൂ’ എന്ന പ്രസിദ്ധമായ പരസ്യവാചകം ശങ്കരനാരായണന്റെ സൃഷ്ടിയാണെന്ന കാര്യം പലര്‍ക്കുമറിയില്ല.അഴിമതി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടെടുത്തപ്പോള്‍ പുറത്തുപോകുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നായി. സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിത്തീര്‍ന്ന കാലഘട്ടത്തെ അഭിമാനത്തോടെയാണ് പി.ഐ ശങ്കരനാരായണന്‍ എല്ലായ്പ്പോഴും നോക്കിക്കാണാറുള്ളത്. അതില്‍ വ്യക്തിപരമായ നഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നുറപ്പിച്ചു പറയുന്നു ഇദ്ദേഹം.നൂറ്റിമുപ്പത്തിയഞ്ചോളം കൃതികൾ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍പ്പലതും രാമായണവുമായി ബന്ധപ്പെട്ടവയാണെന്ന് കാണാം.
എണ്‍പതുകള്‍ക്കൊടുവില്‍ ‘മലയാളം ഒരു ശീലമാക്കൂ’ എന്ന പ്രചാരണവുമായി സാഹിത്യ പരിഷത്ത് വഴി ഭാഷാദിനാചരണത്തിന് തുടക്കം കുറിച്ചത് മറ്റൊരനുഭവമാണെന്ന് ഇദ്ദേഹമോര്‍ക്കുന്നു.

ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ മധുരമീ മലയാളം,പര്യായമഞ്ജരി,സുഭാഷിതം എന്നിവ പലകാലങ്ങളിലായി അവതരിപ്പിച്ചതിലൂടെ റേഡിയോ ശ്രോതാക്കളുടെയിടയില്‍ സുപരിചിതനായിത്തീര്‍ന്നു. ഇതിൽത്തന്നെ രാമായണം പ്രത്യേക വിഷയമായിക്കൊണ്ട് അവതരിപ്പിച്ച സുഭാഷിതങ്ങൾ വലിയ അളവിൽ സ്വീകരിക്കപ്പെട്ടു. ആദ്യകാലത്ത് കോഴിക്കോട് ആകാശവാണിയുമായി ബന്ധപ്പെട്ടായിരുന്നു സാംസ്കാരിക പ്രവര്‍ത്തനമെങ്കിൽ പിന്നീടത് തൃശ്ശൂര്‍ ആകാശവാണിയുമായി ചേർന്നായി.ഇപ്പോള്‍ കൊച്ചി ആകാശവാണിയിലൂടെയാണ് ശങ്കരനാരായണന്റെ പ്രഭാഷണങ്ങളും പരിപാടികളും പ്രക്ഷേപണം ചെയ്തുവരുന്നത്.പല കാലങ്ങളിലായി തിരുവനന്തപുരം,കണ്ണൂര്‍ നിലയങ്ങളിലും പരിപാടികളവതരിപ്പിച്ചിട്ടുണ്ട് എന്നതും ഇതിനോടു ചേര്‍ത്ത് വായിക്കണം. സാഹിത്യ സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചുള്ള പരിചയവും ഒട്ടേറെ റേഡിയോ നാടകങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും ഭാഗമായ അനുഭവവും സമാനതകളില്ലാത്തതാണ്. അമൃതയില്‍ രണ്ട് സീസണുകളിലായി രാമായണ പ്രഭാഷണം നടത്തിയതുകൂടാതെ ജനം,സൂര്യ എന്നീ ടെലിവിഷന്‍ ചാനലുകളിലൂടെയും പ്രേക്ഷകര്‍ക്ക് രാമായണവെളിച്ചം പകര്‍ന്നുനല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ ത്രിവത്സര ഗവേഷണ ഫെല്ലോഷിപ്പ്,ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പുരസ്കാരം,തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം,2007 ല്‍ ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്കാരം,സമഗ്ര സംഭാവനയ്ക്കുള്ള 2012 ലെ കവിസമാജം പുരസ്കാരം,തൊട്ടടുത്ത വര്‍ഷം കുഞ്ഞുണ്ണി പുരസ്കാരം,തുടര്‍ന്ന് 2014 ല്‍ അല്‍ബിരിയോണെ പുരസ്കാരം,കോഴിക്കോട് സര്‍വകലാശാലയുടെ ഗാന്ധി ചെയര്‍ പുരസ്കാരം എന്നിവ ഇദ്ദേഹത്തിന് ലഭിച്ചു.

രണ്ടായിരങ്ങളുടെ ആദ്യ പകുതിയിൽ പുറത്തിറങ്ങിയ ‘രാമായണഹൃദയം’ എന്ന കൃതിയിൽത്തുടങ്ങി രമണീയം രാമായണം, രാമായണത്തിലെ സ്ത്രീകൾ, രാമായണത്തിലെ മഹർഷിമാർ, രാമദാഹം,രാമകഥാമൃതം തുടങ്ങി ധാരാളം പുസ്തകങ്ങള്‍ ശങ്കരനാരായണന്റേതായി ഇതുവരെ പുറത്തിറങ്ങി.ഇവകൂടാതെ എഴുപത് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള പാഠപുസ്തകങ്ങള്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട് ഇദ്ദേഹം.
രാമായണം എന്നതു രാമന്റെ അയനമാണ്. അയനം എന്നാലോ അത് യാത്ര എന്നർത്ഥമാക്കുന്നു. തന്റെ ഒൻപതാമത്തെ വയസ്സിലാണ് വീട്ടിൽവെച്ച് രാമായണം വായിച്ചുതുടങ്ങുന്നതെന്ന് പറയുന്നു ഈ സാഹിത്യകാരൻ.ചിന്മയാനന്ദ സ്വാമികളുടെ ആഹ്വാനപ്രകാരം എൺപതുകളിൽ സ്വഭവനങ്ങളിൽ രാമായണമാസാചരണം തുടങ്ങി.അങ്ങനെയാണ് ഇദ്ദേഹവും അതിന്റെ സ്വാധീനവലയത്തിൽപ്പെടുന്നത്. അതൊരു നിമിത്തമെന്നു പറയാം.അവിടുന്നിങ്ങോട്ട് നിത്യജീവിതത്തിന്റെ ഭാഗമായി ആ മഹാകാവ്യം.വർഷംതോറുമുള്ള പാരായണത്തിന്റെ ഭാഗമായിട്ടെന്നവണ്ണം അതിന്റെ പലവിധത്തിലുള്ള വായനയിലേക്ക് ഗവേഷണബുദ്ധിയോടെ കടന്നുചെന്നു.കാഴ്ചപ്പാടുകൾ മാറിമാറി വന്നു.എന്തെങ്കിലുമൊരു നിഗമനത്തിലെത്തിച്ചേരുക എന്നവിധത്തിൽ മനസ്സിനെ അപ്പോഴും തളച്ചിട്ടില്ല. വൈവിധ്യങ്ങളെ ആ നിലയിൽത്തന്നെ സ്വീകരിക്കാനായി.തൊണ്ണൂറുകളുടെ തുടക്കമാകുമ്പോഴേക്ക് രാമായണത്തിലെ താടക എന്ന കഥാപാത്രത്തെ മുൻനിർത്തിക്കൊണ്ട് ‘എങ്കിലും താടകേ…’ എന്ന കവിതയുടെ പിറവികൂടിയായതോടെ ഇതിൽമാത്രമൊതുങ്ങി നിൽക്കേണ്ടതല്ല രാമായണത്തോടുള്ള തന്റെ പ്രതിപത്തി എന്ന ചിന്തയായി. ഇതിനിടയിൽ ഇതേ കവിതയ്ക്ക് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. രാമായണത്തിന്റെ ഉൾക്കാഴ്ചകളുടെ ആവിഷ്കാരമെന്ന നിലയിൽ സമാഹരിക്കപ്പെട്ട ‘രാമായണകഥകൾ’ 2003 ൽ പുറത്തിറങ്ങി.

ഒരു സാംസ്കാരിക തീർത്ഥാടകൻ എന്ന നിലയിൽ 2004 ലെ രാമായണ മാസാചരണം വേറിട്ട ഒരനുഭവത്തിന്റെ ദൃഷ്ടാന്തമെന്ന നിലയിൽ മുന്നിൽത്തെളിഞ്ഞു വരുന്നുണ്ടെന്ന് പി.ഐ ശങ്കരനാരായണൻ പറയുന്നു:
” എന്റെ വീട്ടിൽ വെച്ചു തന്നെ ഒരു ത്രിദിന രാമായണം യജ്ഞം മംഗളകരമായി നടത്താനുള്ള ഭാഗ്യം ഭഗവാനെനിക്ക് തന്നു. രാമായണം മുന്നോട്ടുവയ്ക്കുന്ന കാതലായ ജീവിതപ്പൊരുളെന്തെന്നും മനുഷ്യജന്മത്തിൽ കടന്നുപോകുന്ന പലവിധ പ്രതിസന്ധികൾക്കുള്ള പരിഹാരങ്ങൾ ഏതൊക്കെ മാർഗങ്ങളിലൂടെ കണ്ടെത്താമെന്നതിനുമുള്ള ഉത്തരം കൂടിയായിരുന്നു ഒരർത്ഥത്തിൽ അത്. ഇതിന്റെ തുടർച്ചകളിലൂടെ സഞ്ചരിക്കാനും എനിക്കായി എന്നതിലതിയായ ചാരിതാർത്ഥ്യമുണ്ട്.ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് രാമായണഹൃദയം എന്ന കവിതാപുസ്തകത്തിന് അച്ചടിമഷി പുരണ്ടതെന്നുമോർക്കുന്നു. ”
ഇത്രയും പറഞ്ഞുനിർത്തിയപ്പോൾ വായനാസമൂഹം വേണ്ടവിധം തിരിച്ചറിയാതെപോയ ഈ സാഹിത്യപ്രതിഭയെ കൂടുതൽ അടുത്തറിയുകയായിരുന്നു ലേഖകൻ. 2006 ൽ ഓഡിയോ കാസറ്റായി ഇറങ്ങിയ രാമായണകവിതകളും 2007 ൽ പ്രസിദ്ധീകരിച്ച രാമായണത്തിലെ സ്ത്രീകൾ എന്ന പുസ്തകവും ജനപ്രീതി പിടിച്ചുപറ്റിയവയാണ്.
രാമായണത്തിലൂടെ,രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേൾക്കൂ എന്നിങ്ങനെ നിരവധി രചനകൾ പി.ഐ ശങ്കരനാരായണന്റെ തൂലികയിൽനിന്നുതിർന്നിട്ടുണ്ട്.വാത്മീകി രാമായണത്തിലെ ബാലകാണ്ഡത്തെ മാത്രം ആസ്പദമാക്കി രചിച്ചതാണ് ‘പായസക്കുട്ടികളേ ഈ കഥ കേൾക്കൂ’ എന്ന കൃതി. ഇത് പിന്നീട് കണ്ണൂരിലെ പാനൂരിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന ജൻവാണി കമ്മ്യൂണിറ്റി എഫ്.എമ്മിൽ പരമ്പരയായി നൽകി. കൂടാതെ ജന്മഭൂമിയിൽ ഒരു വർഷം രാമായണമാസമുടനീളം തുടർപംക്തിയായും ജനങ്ങളിലേക്കെത്തി.രാമലക്ഷ്മണന്മാരെ വിശ്വാമിത്ര മഹർഷി വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകവേ അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് കുട്ടികൾ ഉപരിവിദ്യാഭ്യാസം നേടട്ടെ എന്നതാണ്.ഇങ്ങനെ സന്ദർഭമോരോന്നിനും വ്യക്തമായ ചില അർത്ഥങ്ങൾ കല്പിക്കപെട്ടതായി കാണാനാകും എന്ന് എഴുത്തുകാരൻ ഓർമ്മപ്പെടുത്തുന്നു.
വിദ്യാഭ്യാസത്തിലൂടെ പൂർത്തീകരിക്കപ്പെടുന്നതെന്ത് എന്ന അന്വേഷണം ന്യായമാണ്.പലരിലും ഏറിയും കുറഞ്ഞും വിനിമയം ചെയ്യപ്പെടുന്നു എന്നതാണ് പലപ്പോഴുമതിന്റെ ന്യൂനതയായി തോന്നിയിട്ടുള്ളത്. എന്താണോ സ്ഥാപിച്ചെടുക്കാൻ നോക്കുന്നത്,അതിനു നേരെതിര് സംഭവിക്കുന്നു എന്നതാണ് യഥാർത്ഥ വിദ്യാഭ്യാസത്തിനു മുന്നിലുള്ള വെല്ലുവിളി.രാമായണത്തിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണാം. വിശ്വാമിത്ര രാമായണം എന്ന ശീർഷകത്തിൽ പി.ഐ ശങ്കരനാരായണൻ സവിസ്തരം ഇതേപ്പറ്റി ലേഖനരൂപത്തിൽ മുമ്പെഴുതിയിരുന്നത് വായിച്ചതോർക്കുന്നു. രാമായണം വിഷയമായിക്കൊണ്ട് പതിനഞ്ചോളം പുസ്തകങ്ങൾ ഈ എഴുത്തുകാരന്റേതായി പുറത്തുവന്നിട്ടുണ്ട്.
പുതുതലമുറയിൽ അറിവിന്റെ അക്ഷരദീപങ്ങൾ കൊളുത്തിവയ്ക്കാൻ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള സാഹിത്യകാരനാണ് പി.ഐ ശങ്കരനാരായണൻ.ഒരിക്കൽ കർക്കടകമാസത്തിലെ അഞ്ച് ആഴ്ചകളിൽ ശനി,ഞായർ ദിവസങ്ങളിൽ കുന്നംകുളത്തിനടുത്ത് ഒരു സ്‌കൂളിൽ ഇത്തരത്തിൽ രാമായണപരിചയം നടത്തിയ അനുഭവം പങ്കിട്ടതോർക്കുന്നു. രാമായണത്തിന്റെ നന്മകൾ ചേർത്തുവച്ച് രചിച്ച ‘രാമായണം ലോകത്തിന്റെ വെളിച്ചം’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നല്ലോ. വർത്തമാനയുഗത്തിൽ നാം നിത്യേന എന്നവണ്ണം അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രതിസന്ധികൾക്കുമുള്ള മറുമരുന്നാണ് രാമായണം പോലുള്ള മഹാകാവ്യങ്ങൾ. പക്ഷെ എന്തുകൊണ്ടോ ഹൈന്ദവസമൂഹം അവരുടെ നിത്യശീലങ്ങളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.ആത്മഹത്യകൾ നമ്മുടെ നാട്ടിൽ നിത്യവാർത്തയായിരിക്കുന്നു.എന്നാൽ രാമായണ പാരായണം ശീലമാക്കിയ ഒരാളെ സംബന്ധിച്ച് ആത്മഹത്യ ചെയ്യാനുള്ള സാധ്യത തീരെയില്ല.ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വർഷങ്ങൾക്കുമുമ്പ് തന്നെ കലാകൗമുദിയിൽ ലേഖനമെഴുതിയ ആളാണ് ശങ്കരനാരായണൻ. ഭിലായ് മലയാളം ഗ്രന്ഥശാല നടത്തിയ പ്രബന്ധമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പ്രബന്ധമായ രമണീയം രാമായണമുള്‍പ്പെടെ രാമായണസംബന്ധിയായ 13 ലേഖനങ്ങളുള്‍പ്പെടുത്തിക്കൊണ്ട് 2014 ല്‍ പുറത്തിറങ്ങിയ പുസ്തകവും വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇവയിലൂടെയെല്ലാം വേറിട്ട ആശയങ്ങള്‍ വായനക്കാരിലെത്തിക്കാനാണ് ഈ എഴുത്തുകാരന്‍ ശ്രദ്ധിച്ചത്.
മൂവാറ്റുപുഴ തിരുവുംപ്ലാവില്‍ ദേവസ്വത്തിന് കീഴില്‍ സനാതന സ്കൂള്‍ ഓഫ് ലൈഫുമായി സഹകരിച്ചുകൊണ്ട് 2018 ല്‍ നടത്തിയ രാമനവമി ആചരണവും ജ്ഞാനപ്രദക്ഷിണവും ഏറെ ശ്രദ്ധേയമായിരുന്നു.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ശങ്കരനാരായണന് മുന്നില്‍ പൂര്‍വ്വമാതൃകകളില്ലെന്നറിയണം. ഇതോടൊപ്പം രാമായണ മാസാചരണം പോരാ, ചൈത്ര മാസത്തിൽ രാമനവമിയും വ്യാപകമായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അച്ചടിച്ചിറക്കിയ രണ്ടു നോട്ടീസുകളും ശ്രദ്ധേയമായിത്തീര്‍ന്നു.
” രാമായണം കേവലം കെട്ടുകഥയാണെന്നും അന്ധവിശ്വാസമാണെന്നുമുള്ള പ്രചാരണങ്ങൾ എതിർക്കപ്പെടേണ്ടതാണ്. ഉത്തമമായ വ്യക്തിത്വവും കുടുംബ – സൗഹൃദ ബന്ധങ്ങളും രാജ്യഭരണ രീതികളും വിവിധ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും രാമായണം കാണിച്ചു തരുന്നുണ്ട്. അതിലെ പ്രതീകാത്മകതയും ശാസ്ത്രീയതയും ജീവിത ദർശനവുമെല്ലാം ആഴത്തിൽ മനസ്സിലാക്കപ്പെടേണ്ടതാണ് ” – രാമായണത്തെക്കുറിച്ച് മറ്റാരും കണ്ടെത്തിയിട്ടില്ലാത്ത വസ്തുതകള്‍ ശങ്കരനാരായണന്‍ കണ്ടെത്തിയിട്ടുണ്ട്.അവ പ്രചരിപ്പിക്കേണ്ടതും രാമായണത്തെ കേവലം ഹൈന്ദവപുരാണമായി ഒതുക്കാതിരിക്കുകയെന്നതും തന്റെ കടമയായി തിരിച്ചറിയുന്നു അദ്ദേഹം.

ഒരു ക്രിസ്ത്യൻ സാംസ്കാരിക സംരംഭമായിരുന്നിട്ടുകൂടിയും ചാവറ കൾച്ചറൽ സെന്റർ കൊച്ചിയിൽ വർഷാവർഷം സംഘടിപ്പിക്കാറുള്ള മതമൈത്രി സംഗമത്തിന്റെ ഭാഗമായ രാമായണമാസാചരണത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടിരിക്കുന്നതും ഇദ്ദേഹമാണ്.കൂടാതെ എറണാകുളം കലൂരിലുള്ള ഗുരുമന്ദിരത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വൈകുന്നേരങ്ങളിലെ രാമായണപ്രഭാഷണം നടത്താറുള്ളത് ശങ്കരനാരായണനാണ്. ദീപാരാധനയ്ക്കുശേഷം നടക്കുന്ന പ്രഭാഷണം കേട്ടുകഴിഞ്ഞാൽ കർക്കടകക്കഞ്ഞി വിതരണവുമുണ്ട്.ഈ വര്‍ഷവും ഗുരുമന്ദിരത്തില്‍ പ്രഭാഷണമുണ്ട്.
2017 ൽ ചെന്നൈ മഹാലിംഗപുരത്തെ അയ്യപ്പ – ഗുരുവായൂരപ്പ ക്ഷേത്രത്തിൽ രാമായണമാസാചരണം ഉദ്‌ഘാടനം ചെയ്യാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം ഈ എഴുത്തുകാരന്റെ വാക്കുകളിൽത്തെളിയുന്നു. എൺപതിന്റെ നിറവിലും വിശ്രമമില്ല ഈ എഴുത്തുകാരന്. ഈ വർഷവും ഒരു പ്രമുഖ പത്രത്തിനുവേണ്ടി തുടർച്ചയായി കോളമെഴുതുകയാണ് ഇദ്ദേഹം.
സൂര്യവംശജനായ രാമനെയും രാമായണത്തിലെ സൂര്യബന്ധമുള്ള കഥാപാത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിജയത്തെയും പ്രതീകവത്കരിച്ചുകൊണ്ടാണ് സൗരോർജ്ജ രാമായണം എന്ന കവിതയെഴുതിയത്കാലോചിതമായും യുക്തിസഹമായും ഈ വിഷയത്തെ കവിതയിലൂടെ സമര്‍ത്ഥിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ഈ വിഷയം തന്നെ മറ്റൊരവസരത്തിൽ ലേഖനമായും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിനൂതനമായ ഗവേഷണവൈദഗ്ധ്യം ഇതിനെല്ലാം ആവശ്യമാണ്. വിഷയത്തിലുള്ള പാണ്ഡിത്യം മാത്രം പോരാ അത് തനിക്കുമുന്നിൽ വന്നിരിക്കുന്നവരുടെ മനസ്സിൽ പതിയുംവിധം എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള അന്വേഷണവും അത്യാവശ്യമാണെന്ന് പറയുകയാണ് പി.ഐ ശങ്കരനാരായണൻ. അതിനനുസരിച്ച് അവയെ ഒരുക്കാനാണ് ബുദ്ധിമുട്ട്. പക്ഷെ ഇത്തരം ജോലികൾ ഏറ്റെടുക്കുമ്പോൾ എനിക്കതൊരു ഭാരമായി തോന്നാറില്ല – എഴുത്തുകാരൻ പറയുന്നു.രാമായണം പദപ്രശ്നം പോലുള്ള ശങ്കരനാരായണന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണ തത്പരതയെയും സവിശേഷമായ രചനാവൈഭവത്തെയും നമുക്ക് ബോധ്യപ്പെടുത്തിത്തരും. പോയവർഷം ജനുവരി പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രസന്ദർശനം നടത്തിയ വേളയിൽ പ്രത്യേകം വേദിയിൽ ആലപിക്കപ്പെട്ട രാമകീർത്തനത്തിൽ ആദ്യം അവതരിപ്പിക്കപ്പെട്ടത് പി.ഐ ശങ്കരനാരായണനെഴുതിയ “ചിത്തേ കാണാവൂ” എന്ന ശ്ലോകമാണ്.വേദിയിൽ ടി.പി വിവേകാണ് കീർത്തനമാലപിച്ചത്.
ഇത്രയൊക്കെയാണെങ്കിലും ഹൈന്ദവസമൂഹം,പ്രത്യേകിച്ച് സനാതനസംസ്കാരത്തിന്റെ പ്രചാരകരായ പലര്‍ക്കും തൊട്ടുമുന്നിലുള്ള പി.ഐ ശങ്കരനാരായണന്‍ എന്ന ഈ എഴുത്തുകാരനെ നാളിതുവരെ മനസ്സിലാക്കാനോ പരിഗണിക്കാനോ ശ്രമിക്കാത്തതെന്തേ എന്ന് ചിന്തിച്ചിട്ടുണ്ട്.
” എറണാകുളം നഗരത്തിൽ കലൂരിലെ വാടക വീട്ടിലാണ് ഇപ്പോൾ ഞാനും ഭാര്യ ഇ. നളിനിയും താമസം. സ്വന്തമായി വീടുണ്ടായിരുന്നപ്പോൾ അതിനു നൽകിയ നവമന എന്ന പേര് ഇപ്പോഴും കൊണ്ടുനടക്കുന്നതില്‍ സന്തോഷം മാത്രം… ” – ശങ്കരനാരായണന് ഇത്രയും മതി. സംതൃപ്തമായ ആ മനസ്സുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും.നവമനസ്സ്…പുതിയ നാളെകള്‍,അവ പക്ഷേ ഇന്നലെകളെ വിസ്മരിക്കാതെയാകട്ടെ… ഇന്നിന്റെ തുടര്‍ച്ചുകളുമായീടട്ടെ എന്ന് നമുക്കാശിക്കാം.

പയ്യന്നൂർ വിനീത്കുമാർ
Mob: 9995527304






















