Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പെയ്‌തൊഴിയാതെ അമൃതവര്‍ഷിണിയും മേഘമല്‍ഹാറും

ശ്രീകുമാര്‍ ചേര്‍ത്തലശ്രീകുമാര്‍ ചേര്‍ത്തല
22 August 2025

മണ്ണിലും മനസ്സിലും പ്രണയത്തിന്റെ ലാസ്യതാളസംഗമമൊരുക്കി, നനുത്ത കുളിര്‍മ്മ പകര്‍ന്നുകൊണ്ടാണ് വര്‍ഷകാലം ആഗതമാകാറുള്ളത്. മഴയുടെ മുഗ്ദമായ തലോടല്‍ മൃദുവായും ദ്രുതമായും രൗദ്രമായും മലയാളത്തിലേക്ക് പൊഴിയുമ്പോള്‍ ഗൃഹാതുരത്വമായും വിരഹമായും ഭ്രമാത്മകമായുമുള്ള നൃത്തവിന്യാസം പ്രകൃതിയുടെ തിരുവരങ്ങില്‍ ഋതുപ്പകര്‍ച്ച അണിയിച്ചൊരുക്കുന്നു. നിരാശയുടെ വിതാനത്തില്‍ പ്രതീക്ഷയുടെ വര്‍ണ്ണപ്പകിട്ടെന്ന പോലെ കാര്‍മേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍മഴവില്ല് വിരിയുന്നു. ശ്യാമമുകിലുകളുടെ കരിമ്പാറക്കെട്ടുകളില്‍ നിന്ന് മിന്നലൊളിയുടെ പ്രകാശപൂര്‍ണിമയും തുടിമുഴക്കവും ഒരുപോലെ ചിതറുന്നു. മരങ്ങള്‍ കാറ്റിന്റെ ആലിംഗനത്തില്‍ ആലസ്യം പൂണ്ട് വിറകൊള്ളുന്നു.

Google NewsAdd Kesari Weekly as a preferred source on Google

ഗ്രീഷ്മമാകട്ടെ ഹേമന്തമാകട്ടെ മറ്റേതു ഋതുവുമാകട്ടെ ഇതുപോലെ ചേതോഹരമായ കാല്‍പ്പനികത സമ്മാനിക്കുന്ന ഒരു കാലമുണ്ടോ എന്നു സംശയമാണ്. മഴ മലയാളിയുടെ ജീവിതത്തില്‍ എന്നുമുണ്ടായിരുന്നു. പേമാരിയുടെ കണ്ണീര്‍പ്പെരുമഴക്കാലമായും ആനന്ദാശ്രുവര്‍ഷമായും വിദ്യാലയത്തിലേക്കുള്ള നടത്തത്തിനിടക്ക് ചേമ്പിലക്കുടയിലൂടെ ഊര്‍ന്നിറങ്ങുന്ന സ്ഫടികജലത്തുള്ളികളായും തോട്ടുവക്കത്ത് മഴമേഘക്കീറുകള്‍ക്കു താഴെ ചൂണ്ടയും പിടിച്ചിരിക്കുമ്പോള്‍ ആര്‍ത്തലച്ച് ഓടിവരുന്ന മഴച്ചിലമ്പലുകളായും ആര്‍ദ്രസ്മൃതികളായി മനസ്സിനെ മാരിപ്പൂക്കള്‍ പുണരുന്നു. ”വെയിലിലെ മഴ കുറുക്കന്റെ കല്യാണം” എന്ന് കുട്ടിക്കാലത്ത് പറഞ്ഞു നടന്നിരുന്നു. ”മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു…” തുടങ്ങിയ പാട്ടുകളും ഗൃഹാതുരത്വമാണ്.

”ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുട കൂടാതെ നടന്നീടരുതേ” തുടങ്ങിയ ധാരാളം പഴഞ്ചൊല്ലുകള്‍ നാട്ടില്‍ ഇക്കാലത്ത് മേഞ്ഞു നടക്കുന്നു. മണ്‍സൂണ്‍ കാലത്തു മാത്രമല്ല, എല്ലാ മാസങ്ങളിലും, സദാ സാന്നിധ്യമറിയിക്കുന്ന പ്രകൃതിയുടെ സൗഖ്യദായകമായ അനുഗ്രഹവും സമ്മാനവുമായ മഴ പഞ്ഞമഴയായും കന്നിമുണ്ടനായും, തുലാവര്‍ഷമായും വൃശ്ചികച്ചണ്ടിയായും വേനല്‍മഴയായും മലയാളത്തില്‍ വിരുന്നെത്തുന്നു. മഴക്കാലം തകര്‍ക്കുമ്പോളും പെയ്തു തീരുമ്പോളും അതിന്റെ എല്ലാ ഭാവങ്ങളും ചാരുതകളും അനുഭൂതികളും പകരുന്നു കര്‍ണ്ണാടക സംഗീതത്തിലെ ‘അമൃതവര്‍ഷിണി’ രാഗവും സമാനമായി ഹിന്ദുസ്ഥാനിയിലെ ‘മേഘമല്‍ഹാര്‍’ രാഗവും. ഈ രാഗത്തിലുള്ള ഗാനങ്ങള്‍ അടിമുടി മഴയുടെ വിവിധ അനുഭൂതികള്‍ പകര്‍ന്നുകൊണ്ട് ഒന്നാന്തരമൊരു വര്‍ഷകാലത്തെത്തന്നെ നമ്മുടെ ചേതനയിലേക്ക് സമ്മാനിക്കുന്നു. ഇടവഴിയില്‍ ചേമ്പിലത്തലപ്പുകൊണ്ട് കുടപിടിച്ച ഗ്രാമ്യനടത്തപോലെ ആ ഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരം ഏതൊരാളേയും കാല്‍പ്പനികമായി മഴച്ചുവട്ടിലേക്കെത്തിക്കും.

ADVERTISEMENT

മഴയുടെ കുളിര്‍മ്മയും ആനന്ദവും പകരുന്ന രാഗമാണ് അമൃതവര്‍ഷിണി. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ”മഴ” എന്ന ചിത്രത്തിലെ കെ. ജയകുമാര്‍ രചിച്ച് രവീന്ദ്രന്‍ മനോഹരമായി സംഗീതം ചെയ്ത ”ആഷാഢം പാടുമ്പോളാത്മാവിന്‍ രാഗങ്ങള്‍” എന്നു തുടങ്ങുന്ന ഗാനം അമൃതവര്‍ഷിണി രാഗത്തിന്റെ എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്നതാണ്. ഈ ഗാനം വരികള്‍ കൊണ്ടും ഈണം കൊണ്ടും വര്‍ഷകാലത്തെ മനസ്സില്‍ നിറക്കുന്നു. ഗാനത്തിന്റെ പല്ലവി ഇങ്ങനെ…

ആഷാഢം പാടുമ്പോളാത്മാവിന്‍ –
രാഗങ്ങള്‍ ആനന്ദനൃത്തമാടുമ്പോള്‍…
വെള്ളാരംമുത്തും കൊണ്ടാകാശം പ്രേമത്തിന്‍
കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ മനസ്സിലും മൃദംഗമോ..

ആഷാഢം ശകവര്‍ഷ മാസമാണ്. നമ്മുടെ മിഥുന മാസം എന്നു പറയാം. വര്‍ഷകാലം. ആഷാഢം മഴയുടെ ഈണത്തില്‍ പാടുകയാണ്. ആത്മാവിന്റെ രാഗങ്ങള്‍ മഴയില്‍ ആനന്ദനൃത്തമാടുകയാണ്. മഴത്തുള്ളി വെള്ളാരംമുത്തുപോലെയാണ്. മനസ്സില്‍ മൃദംഗ നാദം. മഴത്തുള്ളികള്‍ വെള്ളത്തില്‍ പതിക്കുമ്പോള്‍ മൃദംഗനാദവുമായി സാദൃശ്യമുള്ള ശബ്ദമുണ്ടാകുന്നു. ഒരു സംഗീതക്കച്ചേരിയില്‍ ഗായകന്റെ സ്വരം പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനേയും (വായു സ്വനപേടകത്തിലൂടെ കടന്നു പോകുമ്പോഴാണല്ലോ മനുഷ്യശബ്ദമുണ്ടാകുന്നത്), ഘടം പൃഥ്വിയേയും, (ഘടം നിര്‍മ്മിക്കുന്നത് ഭൂമിയില്‍ നിന്നുമെടുക്കുന്ന കളിമണ്ണുകൊണ്ടാണല്ലോ), വയലിന്‍ അഗ്‌നിയേയും (ഘര്‍ഷണം മൂലമാണ് തീയുണ്ടാകുന്നത് എന്ന പോലെ തന്ത്രികള്‍ പരസ്പരം ഉരസുമ്പോളാണല്ലോ വയലിനില്‍ ശബ്ദമുണ്ടാകുന്നത്), മൃദംഗം ജലത്തേയും, തംബുരുവില്‍ നിന്നുള്ള ശ്രുതി, എല്ലാം നിറയുന്ന ആകാശത്തേയും (എല്ലാ സ്വരങ്ങളും നിറയുന്നത് ശ്രുതിയിലേക്കാണല്ലോ/ശ്രുതിക്ക് അനുരൂപമായാണല്ലോ) പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം. ഇവിടെ മഴ പ്രണയത്തെ സൂചിപ്പിക്കുന്നു. ഈ ഗാനത്തിന്റെ ചിത്രീകരണത്തിലും മഴയുടെ വിവിധ ഭാവങ്ങളും ദൃശ്യഭംഗിയും നിറയുന്നു. ഗാനത്തിന്റെ അനുപല്ലവി ഇങ്ങനെ തുടരുന്നു

ഈ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം…
ഇനിമുതലീ പുല്‍നാമ്പില്‍ മഴയുടെ തേന്‍സന്ദേശം…
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം…
അമൃതതരളിത നവവികാരം…
കുസുമഭംഗികളുയിരിലലിയും…
മദനസായക മധുരകദനം…

പുല്‍നാമ്പിലെ തേന്‍ മഴത്തുള്ളിയും ജലതരംഗങ്ങളും അമൃതവര്‍ഷിണി രാഗത്തില്‍ അമൃതം തളിച്ചുകൊണ്ട് മധുരമൊഴി പൊഴിക്കുന്ന പ്രണയമഴയും ജയകുമാറിന്റെ മനോഹരവരികളില്‍ ബിംബിക്കുന്നു. രവീന്ദ്രന്റെ മനോഹരമായ ട്യൂണിനൊപ്പിച്ച് വരികള്‍ എഴുതിക്കൊടുക്കുകയായിരുന്നു എന്ന് ജയകുമാര്‍ ഓര്‍മ്മിച്ചെടുക്കുന്നു. ഗാനരചയിതാവിനെ കുഴക്കുന്ന രീതിയിലുള്ള പ്രയാസകരമായ ഈണത്തിനനുസരിച്ച് കാവ്യാത്മകമായ രചന നിര്‍വ്വഹിച്ച അദ്ദേഹത്തിന്റെ പ്രതിഭയെ അംഗീകരിക്കാതെ വയ്യ.

ഈ ഗാനം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ആരംഭത്തില്‍ ഉള്ള പശ്ചാത്തല സംഗീതം., ഹമ്മിംഗ് പല്ലവിക്കും അനുപല്ലവിക്കും ഇടയിലുള്ള പശ്ചാത്തല സംഗീതം, ഇടകളിലുള്ള സ്വരങ്ങള്‍, ഹമ്മിംഗുകള്‍ എല്ലാം ആകാശത്തു നിന്ന് മഴ പൊഴിയുന്നതിന്റെ ലോലമായ അനുഭൂതിയും പ്രതീതിയും പ്രദാനം ചെയ്യുന്നു. ഇടക്കുള്ള വയലിന്‍, വീണ, പുല്ലാങ്കുഴല്‍ എല്ലാം മഴയുടെ ദൃശ്യഭംഗി മനസ്സില്‍ ഉദിപ്പിക്കുന്നു. മഴയുടെ ആരംഭവും (മഴ ദൂരെ നിന്ന് കാറ്റിന്റെ അകമ്പടിയോടെ ഇരച്ചു വരുന്നതും) പതിയെ അതിന്റെ ശക്തി ഉയര്‍ന്നുവരുന്നതും കാറ്റടിക്കുന്നതും ജലപ്രവാഹവും പതിയെ മഴ ശമിക്കുന്നതും ഈ ഗാനത്തില്‍ അനുഭവവേദ്യമാകുന്നത് രവീന്ദ്രന്‍ എന്ന സംഗീതജ്ഞന്റെ അദ്വിതീയമായ പ്രതിഭ ഒന്നുകൊണ്ടു തന്നെയാണ്. അതുപോലെ മഴയുടെ ഭാവതലങ്ങള്‍ വരികളില്‍ നിറക്കാനായത് കെ. ജയകുമാറിന്റെ സര്‍ഗ്ഗതപസ്യയുടെ അനുരണനമാണ്.

”ജാലകം” എന്ന ചിത്രത്തിലെ ഒ.എന്‍.വി.യുടെ രചനയില്‍ എം.ജി. രാധാകൃഷ്ണന്‍ ഈണം പകര്‍ന്ന് ഗാനഗന്ധര്‍വ്വന്‍ ആലപിച്ച ‘ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍’ എന്നു തുടങ്ങുന്ന ഗാനം അമൃതവര്‍ഷിണിയായ വര്‍ഷാകാരമുകിലുകളുടെ (ഒഎന്‍വിയോട് കടപ്പാട്) നൃത്തവിന്യാസത്തെ വിഷാദഭാവത്തില്‍ അവതരിപ്പിക്കുന്നു. ഗാനത്തിന്റെ തുടക്കത്തിലുള്ള ജലതരംഗത്തിന്റെയും സന്തൂറിന്റെയും ശബ്ദപ്പൊലിമയിലൂടെയും ഇടയിലുള്ള സിത്താര്‍, തബല, ഫ്‌ളൂട്ട് എന്നിവയുടെ സ്വരഭേദങ്ങളിലൂടെയും മഴയുടെ മാധുര്യം മനസ്സിലേക്ക് കൊണ്ടുവരുന്നു. ഈ ഗാനത്തിന്റെ അവസാനത്തിലുള്ള യേശുദാസിന്റെ ഹമ്മിംഗ് മഴയുടെ തുടക്കവും ഇടയിലുള്ള ദ്രുതവര്‍ഷതാളവും മഴയുടെ ശമനതാളവും ഹൃദയഹാരിയായി ചേതസ്സിലേക്കെത്തിക്കുന്നു.

ബാലനാഗമ്മ എന്ന ചിത്രത്തില്‍ ഭരണിക്കാവ് ശിവകുമാര്‍ രചിച്ച് ഇളയരാജ സംഗീതം പകര്‍ന്ന് ഷെറിന്‍ പീറ്റേഴ്‌സ് പാടിയ ”അമ്മ തന്‍ ദുഖത്തെ” എന്നു തുടങ്ങുന്ന ഗാനം അമൃതവര്‍ഷിണിയുടെ ചേതോഹരമായ മറ്റൊരു രാഗാര്‍ദ്രഭാവം മനസ്സിലെത്തിക്കുന്നു.
”ഇടവേളക്കു ശേഷം” എന്ന ചിത്രത്തില്‍ രവീന്ദ്രന്‍-പൂവച്ചല്‍ ഖാദര്‍ കൂട്ടുകെട്ടില്‍ യേശുദാസ് മനോഹരമായി ആലപിച്ച ”മാനം പൊന്‍മാനം കതിര്‍ ചൂടുന്നൂ” എന്ന ഗാനം അമൃതവര്‍ഷിണിയുടെ പ്രസന്നമധുരതയിലാണ് പൊഴിയുന്നത്. കവിത തന്‍ മാധുര്യം ഉള്ളില്‍ പെയ്തു തരാനും കുളിരണിക്കൈകളാല്‍ സായൂജ്യം നെയ്തു തരാനും കവി ആവശ്യപ്പെടുന്നു. കല്‍പ്പനയില്‍ പൂവിരിക്കും ഋതുവായ വര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. ഈ ഗാനത്തില്‍ തുടക്കത്തിലെ വയലിന്റെ ആഗമനപ്രയോഗം കാറ്റില്‍ ഇളകി, പാറി വീഴുന്ന ചാറ്റല്‍മഴയെ സ്മൃതിപഥത്തിലെത്തുന്നു. വളരെ മൃദുവായ ഇളം മഴയാണ് ഈ ഗാനത്തില്‍ അനുഭവവേദ്യമാകുന്നത്. പല്ലവിക്കും അനുപല്ലവിക്കും ഇടക്കുമുള്ള പശ്ചാത്തല സംഗീതത്തിലെ വയലിന്‍, ഫ്‌ലൂട്ട്, കീ ബോര്‍ഡ് എന്നിവയുടെ സ്വരവിന്യാസം മഴയുടെ ലാസ്യനൃത്തത്തിന്റെ അനുഭൂതി പകരുന്നു,

”നല്ല പാട്ടുകാരേ” എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി രചന നിര്‍വ്വഹിച്ച് ശരത് സംഗീതം പകര്‍ന്ന് അമൃതസുരേഷ് ആലപിച്ച ”ആലാപം ആദിസായന്തനം പ്രണവം” എന്നു തുടങ്ങുന്ന ഗാനം അമൃതവര്‍ഷിണിയുടെ ആകാരസൗഷ്ഠവം എടുത്തുകാണിക്കുന്നു. ഗാനത്തില്‍ കൂടുതല്‍ വെസ്റ്റേണ്‍ സംഗീതമാണെന്നു തോന്നുമെങ്കിലും പശ്ചാത്തല സംഗീതത്തിലെ വീണയും വയലിനും അവസാനം ആലപിക്കാന്‍ ബുദ്ധിമുട്ടുള്ള സ്വരങ്ങളും ആലാപവും ഒരു ദ്രുതവര്‍ഷത്തിന്റെ അനുഭൂതി പകരുന്നു.

”താളം മനസ്സിന്റെ താളം” എന്ന ചിത്രത്തില്‍ ദേവദാസ് എഴുതി ദേവരാജന്‍ ഈണമിട്ട് എം.ജി. രാധാകൃഷ്ണന്‍ പാടിയ ”താളം തെറ്റിയ ജീവിതങ്ങള്‍, തിരകളിലാടും തോണികള്‍” എന്നു തുടങ്ങുന്ന ഗാനം ഈ രാഗത്തിന്റെ വേറിട്ട ഭാവം കാട്ടിത്തരുന്നു.
”പാര്‍വ്വണേന്ദുവിന്‍ മുഖം മറയ്ക്കാനെത്തും കാര്‍മേഘപാളികള്‍ പോലെ” എന്ന വരികള്‍ വര്‍ഷമേഘസാന്നിധ്യം ഈ ഗാനത്തിലെത്തിക്കുന്നു.

”വാസവദത്ത” എന്ന ചിത്രത്തില്‍ ബിച്ചു തിരുമല രചിച്ച് രവീന്ദ്രന്റെ ഈണത്തില്‍ മലയാളത്തിന്റെ വാനമ്പാടി ചിത്ര ആലപിച്ച ”മണിപ്രവാളങ്ങളാകും മണിച്ചിലമ്പൊലി തൂകി മലയാളകവിതേ നീ” എന്ന ഗാനം ഈ രാഗഭാവത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ അമൃതവര്‍ഷമാകുന്നു. മലയാളഭാഷയേയും കവിതയേയും വര്‍ണ്ണിക്കുന്ന ഈ ഗാനത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും തുഞ്ചത്ത് എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും ചാക്യാരും ഉണ്ണായി വാര്യരും വെണ്മണി നമ്പൂതിരിമാരും ചങ്ങമ്പുഴയും ഇടശ്ശേരിയും ഉള്ളൂരും ആശാനും വള്ളത്തോളും അമൃതവര്‍ഷിണിയുടെ ചിറകിലേറി കൈരളിയുടെ ചൈതന്യം കാട്ടുന്നു. കാവ്യാത്മകമായ ഈ ഗാനത്തിലും രവീന്ദ്രന്റെ ഗാനങ്ങളിലെല്ലാമെന്നപോലെ വാദ്യോപകരണങ്ങളുടെ മനോഹരമായ അകമ്പടിയുണ്ട്. വീണ, വയലിന്‍, സന്തൂര്‍ തുടങ്ങിയവയുടെ സ്വരധാരയിലൂടെ അവാച്യമായ രീതിയില്‍ അമൃതവര്‍ഷിണിയുടെ ചാരുത ഒരുക്കിയിരിക്കുന്നു ഈ ഗാനത്തില്‍.

”കാവേരി” എന്ന ചിത്രത്തില്‍ കാവാലം രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന് ബാലമുരളീകൃഷ്ണ ആലപിച്ച ”നീലലോഹിത ഹിതകാരിണീ” എന്ന ഗാനത്തില്‍ അമൃതവര്‍ഷിണിയായ ദേവിയെത്തന്നെയാണ് സ്തുതിക്കുന്നത്. ”അമൃതവര്‍ഷിണി” എന്നു തന്നെയാണ് ഈ ഗാനത്തില്‍ ദേവിയെ വാഴ്ത്തുന്നത്. രാഗത്തിന്റെ അന്യാദൃശമായ ഭാവം വരികളില്‍ പകര്‍ത്തുന്നതിന് ദക്ഷിണാമൂര്‍ത്തിക്കുള്ള പ്രതിഭ ഈ ഗാനത്തില്‍ ശ്രവണമാധുര്യം പകരുന്നു.

”ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം” എന്ന സിനിമയിലെ റഫീഖ് അഹമ്മദ് രചന നിര്‍വ്വഹിച്ച് മോഹന്‍ സിതാര ചിട്ടപ്പെടുത്തി വിനീത് ശ്രീനിവാസന്‍, അല എന്നിവര്‍ ആലപിച്ച ”പ്രണയ സ്വരം കാതോര്‍ത്ത നേരം…മറുപടിയോ മഴയായ്…..” എന്നു തുടങ്ങുന്ന ഗാനത്തിലെ വരികളിലും സംഗീതത്തിലും മഴ നിറയുന്നു. ”അകലെ മുകിലലകളെഴുതുമേതോ വരികള്‍ സജലമായ്”, ”പുല്ലിന്‍ തുമ്പത്തെ തുള്ളിക്കുള്ളില്‍”, ”കന്നിപ്പാടങ്ങള്‍ വെള്ളിത്താലത്തില്‍ പുതുമഴമണിമലര്‍ ചൂടവേ…” എന്നിങ്ങനെ റഫീഖ് അഹമ്മദ് കാവ്യാത്മകമായ വരികള്‍ കൊണ്ട് മഴമലരുകളാല്‍ അഭിഷേകതീര്‍ത്ഥമാടിയിരിക്കുന്നു ഈ ഗാനത്തില്‍. സന്തൂറും, ജലതരംഗവും ഫ്‌ളൂട്ടും തനതായ നാദവൈശിഷ്ഠ്യത്താല്‍ വശ്യമനോഹരമാകുന്നു.

”ഒരു മുത്തം മണിമുത്തം” എന്ന ചിത്രത്തില്‍ ഒ.എന്‍.വി രചിച്ച് രവീന്ദ്രന്‍ സംഗീതംപകര്‍ന്ന ”ദേവീ നീയെന്‍ പൊന്‍വീണാനാദം” എന്നു തുടങ്ങുന്ന ഗാനവും അമൃതവര്‍ഷിണിയാല്‍ തഴുകിയിരിക്കുന്നു രവീന്ദ്രന്‍. ഈ ഗാനത്തിലും വയലിനും വീണയും ഫ്‌ലൂട്ടും മൃദംഗവും തബലയും ഇടവേളകളില്‍ മാരിപ്പൂ വിതറുന്നു.
”മാരിക്കാറിന്‍ തീര്‍ത്ഥം തേടും
വേഴാമ്പല്‍ ഞാന്‍ കേഴുന്നേരം
സ്‌നേഹമേഘം അകലുകയോ” എന്ന് മഴയുടെ കാവ്യസ്പര്‍ശം നല്‍കുന്നു ജ്ഞാനപീഠജേതാവ്.

അമൃതവര്‍ഷിണിയോട് സമാനമായ ഹിന്ദുസ്ഥാനി രാഗമാണ് മേഘമല്‍ഹാര്‍ (മേഘമലഹരി). മഹാനായ സംഗീതജ്ഞന്‍ താന്‍സെന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സില്‍ ദീപക് രാഗം പാടിയതും അതിനെ തുടര്‍ന്ന് കൊട്ടാരത്തിന് തീപിടിച്ചതും തുടര്‍ന്ന് അഗ്‌നി കെടുത്തുവാനായി മേഘമല്‍ഹാര്‍ പാടി മഴ പെയ്യിച്ചതും ചരിത്രമാണ്.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ അപാരപാണ്ഡിത്യമുള്ള രമേഷ് നാരായണ്‍ ”മേഘമല്‍ഹാര്‍” എന്ന ചിത്രത്തില്‍ ഇതേ രാഗത്തില്‍ ഒ.എന്‍.വിയുടെ വരികളെ താലോലിക്കുന്നു. തുടക്കത്തിലുള്ള ഗാനഗന്ധര്‍വ്വന്റെ ആലാപവും വയലിന്‍, പുല്ലാങ്കുഴല്‍ മിശ്രണങ്ങളും ഗാനത്തെ വേറിട്ടതാക്കുന്നു. ഒരു ചെറുചാറ്റല്‍ മഴയുടെ സുഖമാണ് ഈ ഗാനം പ്രദാനം ചെയ്യുന്നത്. ഒഎന്‍.വിയുടെ എല്ലാ ഗാനങ്ങളിലുമെന്നപോലെ ഈ ഗാനത്തിലും കാവ്യാത്മകമായ ഭാവഗാന (lyric) മധുരിമ തുളുമ്പുന്നു. ‘മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം

മധുരമായാര്‍ദ്രമായ് പാടി’ എന്ന വരികള്‍ മഴയുടെ തന്ത്രികള്‍ മീട്ടുന്ന ആകാശം പാടുന്ന തെന്നലാകുന്ന ഗാനത്തെക്കുറിച്ചാണ്. ഒരു മധുരതരമായ പ്രണയാര്‍ദ്രമായ മഴക്കാലത്തെക്കൊണ്ട് ഈ ഗാനം മനസ്സു കുളിര്‍പ്പിക്കുന്നു.
വര്‍ഷകാലത്തിന്റെ പ്രൗഢി പെയ്‌തൊഴിഞ്ഞാലും ഈ രാഗങ്ങളാല്‍ മഴക്കാലം ദ്യോതിപ്പിക്കുന്ന ഗാനങ്ങള്‍ നമ്മളുടെ മനസ്സില്‍ കുളിര്‍മഴ പൊഴിച്ചുകൊണ്ട് തേന്‍മഴ പെയ്യിച്ചുകൊണ്ടിരിക്കും.

Tags: അമൃതവര്‍ഷിണിമേഘമല്‍ഹാർ
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies