കേരള മുഖ്യമന്ത്രി വിജയന്‍ സഖാവ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വിരട്ടലൊന്നും ഇങ്ങോട്ടു വേണ്ട എന്നു പറഞ്ഞിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന് മറുപടി പറയവെയാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ബാനറില്‍ ഇടത് സര്‍ക്കാര്‍ നടത്താന്‍ പോകുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും പങ്കെടുക്കും എന്ന് ദേവസ്വം മന്തി വാസവന്‍ പ്രഖ്യാപിച്ചപ്പോള്‍ സനാതനധര്‍മ്മ വിരോധികളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല എന്ന് ഹിന്ദു സംഘടനകള്‍ പറഞ്ഞിരുന്നു. ബി.ജെ.പിയും ഇതിനെ പിന്തുണച്ചു. ഹിന്ദുസംഘടനകള്‍ എതിര്‍ത്തതോടെ, അതായത് വിജയന്‍ സഖാവിന്റെ ഭാഷയില്‍ വിരട്ടിയതോടെ, സ്റ്റാലിനും മകനും പിന്‍വാങ്ങി. ഇതൊക്കെ കഴിഞ്ഞ ശേഷം അസാന്ദര്‍ഭികമായ ”വിരട്ടല്‍ ഇങ്ങോട്ടു വേണ്ട”എന്ന പ്രയോഗം വിജയന്‍ സഖാവ് ആരെ ഉദ്ദേശിച്ചാവും പറഞ്ഞിട്ടുണ്ടാവുക?
കഴിഞ്ഞ ആഗസ്റ്റ് 24 നാണ് കേരള ഹൈക്കോടതി ക്ഷേത്രങ്ങളില്‍ രാഷ്ട്രീയം വേണ്ട എന്നു വിധിച്ചത്. ക്ഷേത്ര പരിസരത്ത് വിപ്ലവഗാനം പാടിയതടക്കം ഇടത് സര്‍ക്കാര്‍ ക്ഷേത്രങ്ങളെ ചുവപ്പുവല്‍ക്കരിക്കുന്നതിനെതിരെയുള്ള പരാതിയിലാണ് വിധി. അതുകൊണ്ടു തന്നെ ഈ വിധി വിജയന്‍ സഖാവിന്റെ മുഖത്തേറ്റ അടിയാണ്. എന്നിട്ടും ആഗോള അയ്യപ്പ സംഗമത്തില്‍ സി.പി.എം രാഷ്ട്രീയക്കളി തുടരുകയാണ്. ഹൈക്കോടതി വിധിക്ക് പുല്ലുവിലയാണ് അദ്ദേഹം കല്പിച്ചത്. അയ്യപ്പഭക്തന്മാരെയോ അവരുടെ സംഘടനകളെയോ പ്രതിപക്ഷ നേതാവിനെ പോലുമോ ക്ഷണിക്കാതെ ദേവസ്വം മന്ത്രി നേരിട്ട് സ്റ്റാലിനേയും മകനേയും പോയി ക്ഷണിച്ചത് രാഷ്ട്രീയ താല്പര്യം ഒന്നു കൊണ്ടാണ്. കോടതി വിലക്കുന്നതിനു മുമ്പ് സ്വയം മാറുന്നതാണ് നല്ലത് എന്ന് തോന്നിയതു കൊണ്ടാണോ എന്നറിയില്ല സ്റ്റാലിന്‍ പിന്മാറി. അതിന്റെയൊക്കെ കലിപ്പ് തീര്‍ക്കാന്‍ പത്രസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖരനെ മറയാക്കി വിജയന്‍ സഖാവ് ഹൈക്കോടതിക്കുനേരെ ഈ പ്രയോഗം നടത്തി എന്നതല്ലേ ശരി? വിരട്ടല്‍ വേണ്ട എന്നു പറയുന്നതാണ് കണ്ണൂര്‍ സഖാക്കളുടെ വിരട്ടല്‍ രീതി. ഹൈക്കോടതിയെ വിരട്ടാന്‍ പോയാല്‍ മുഖ്യമന്ത്രിക്കസേര തന്നെ തെറിക്കും എന്നു വിജയന്‍ സഖാവിന് അറിയാം.





















