അധികാരത്തിന്റെ ലഹരി നുണഞ്ഞ ഡൊണാള്‍ഡ് ട്രംപ് നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഭരണത്തിലേറിയപ്പോള്‍ താന്‍ അമേരിക്കയുടെ മാത്രമല്ല ലോകത്തിന്റെ മുഴുവന്‍ ഭരണാധികാരിയാണെന്ന മട്ടില്‍ ചിന്തിക്കാന്‍ തുടങ്ങി. അമേരിക്കയ്ക്കും ലോകത്തിന് തന്നെയും ഹാനികരമായേക്കാവുന്ന നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ തുടങ്ങിയത് ഇതിനു തെളിവാണ്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന പലരും ലോകത്തിനുമേല്‍ അമിതാധികാരം പ്രയോഗിച്ചിട്ടുള്ളവരാണ്. ഇത് പലപ്പോഴും കുപ്രസിദ്ധമായ ‘അമേരിക്കന്‍ താല്പര്യം’ സംരക്ഷിക്കാന്‍ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. ഇവരില്‍ നിന്നൊക്കെ ഡൊണാള്‍ഡ് ട്രംപിനെ വ്യത്യസ്തനാക്കുന്നത് അഹന്ത എന്ന വികാരമാണ്. അധികാരത്തിന്റെ രണ്ടാമൂഴത്തില്‍ ഈ ഭരണാധികാരി ഭാരതത്തോട് സ്വീകരിക്കുന്ന നയങ്ങള്‍ ഏകപക്ഷീയവും ഉഭയകക്ഷി ബന്ധങ്ങളെയും താല്പര്യങ്ങളെയും അട്ടിമറിക്കുന്നതുമാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.
ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങുന്നു എന്ന പേരിലാണ് ഭാരതത്തിനെതിരെ ട്രംപ് പ്രതികാര നടപടി സ്വീകരിക്കുന്നത്. ആദ്യം 25 ശതമാനം അധിക താരിഫാണ് ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതെങ്കില്‍ പിന്നീടത് 50 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ഭാരതത്തിനെതിരെ 25 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ, ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഭാരതം വ്യക്തമാക്കിയിരുന്നു. ഭാരതത്തിനെതിരെ ട്രംപ് അധിക താരിഫ് പ്രഖ്യാപിച്ചത് അനീതിയും അനാവശ്യവുമാണെന്ന് ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി ഔദ്യോഗികമായി പ്രതികരിച്ചു. ”ഈ വിഷയങ്ങളില്‍ ഞങ്ങളുടെ നിലപാട് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1.4 ബില്യണ്‍ ഭാരതീയരുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്ന സമഗ്രമായ ലക്ഷ്യത്തോടെയാണ് ഞങ്ങളുടെ ഇറക്കുമതികള്‍ വിപണി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തി വരുന്നത്” എന്നാണ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ”ഭാരതത്തിന്റെ ഈ നടപടികള്‍ മറ്റ് പല രാജ്യങ്ങളും അവരുടെ ദേശീയ താല്‍പര്യത്തിന്റെ പേരില്‍ തന്നെ കൈക്കൊള്ളുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍, അമേരിക്ക ഭാരതത്തിനെതിരെ അധിക താരിഫ് ഏര്‍പ്പെടുത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്” എന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു.
ഉക്രൈനിലെ യുദ്ധം താത്കാലികമായെങ്കിലും അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ട്രംപിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ റഷ്യ ഇതിന് വഴങ്ങുമെന്ന് തോന്നുന്നില്ല.
ഭാരതത്തിനെതിരായ ട്രംപിന്റെ നടപടികളെയും ഭീഷണികളെയും റഷ്യ ശക്തമായാണ് വിമര്‍ശിച്ചത്. ‘റഷ്യയുടെ വ്യാപാര പങ്കാളികള്‍ ആരൊക്കെയാവണമെന്ന് മറ്റൊരു രാജ്യം തീരുമാനിക്കേണ്ട. ഇതിനെ നിര്‍ബന്ധിക്കാനും ആകില്ല’ എന്നാണ് റഷ്യ പ്രതികരിച്ചത്.
ഭാരതത്തിന്റെ ഇറക്കുമതികള്‍ രാജ്യത്തെ ഉപഭോക്താക്കളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ളതാണ്. ഈ നടപടി ആഗോള വിപണി സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുന്ന അനിവാര്യതയാണ്. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഭാരതത്തെ വിമര്‍ശിക്കുന്ന രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുകയാണ്. ഭാരതത്തിന്റെ സാഹചര്യത്തില്‍ അതൊരു ദേശീയ ആവശ്യമാണെന്ന വസ്തുത അവഗണിക്കപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
2025 ആഗസ്റ്റ് ഒന്നുമുതലാണ് അമേരിക്ക ഭാരതത്തിനെതിരെ 25 ശതമാനം താരിഫ് കൊണ്ടുവന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഭാരതം ”ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ്” ഏര്‍പ്പെടുത്തിയിരിക്കുകയാണ് എന്നു പറഞ്ഞാണ് പ്രസിഡന്റ് ട്രംപ് തീരുമാനം എടുത്തതെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
റഷ്യയുമായുള്ള ഭാരതത്തിന്റെ വ്യാപാരത്തിനും ബ്രിക്‌സ് രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിനുമുള്ള ശിക്ഷപോലെയാണ് ഈ താരിഫുകള്‍ കൊണ്ടുവന്നതെന്നും ട്രംപ് പറയുകയുണ്ടായി. ബ്രിക്‌സ് ബ്ലോക്ക് ‘അമേരിക്കാ വിരുദ്ധം’ ആണെന്നും ട്രംപ് ആരോപിക്കാന്‍ മടിച്ചില്ല.
റഷ്യയുമായി എണ്ണവ്യാപാരം നടത്തുന്നതിനാലാണ് ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക താരിഫ് ഏര്‍പ്പെടുത്തുന്നതെന്ന് അമേരിക്ക പറയുന്നത് കാപട്യമാണ്. റഷ്യയുമായി അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും വ്യാപാരം നടത്തുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് കൃത്യമായ മറുപടി ഉണ്ടായില്ല. ‘എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. പരിശോധിക്കേണ്ടി വരും’ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി. നിരുത്തരവാദപരമായ ഈ മറുപടിയില്‍ നിന്നുതന്നെ ഭാരതത്തിനെതിരെ ട്രംപിന്റെ ഭരണകൂടം സ്വീകരിക്കുന്നത് പ്രതികാരനടപടിയാണെന്ന് വ്യക്തം. ഇങ്ങനെ ഉത്തരം മുട്ടുന്നതിലൊന്നും ഈ അമേരിക്കന്‍ പ്രസിഡന്റിന് യാതൊരു ജാള്യതയുമില്ലാത്തത് ലോകം പരിഹാസ്യത്തോടെയാണ് കാണുന്നത്.
”അമേരിക്ക ആണവ വ്യവസായത്തിനായി റഷ്യയില്‍ നിന്ന് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ്, ഇലക്ട്രിക് വാഹന വ്യവസായത്തിനായി പല്ലാഡിയം, വളവും രാസവസ്തുക്കളും മറ്റും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നു” എന്നാണ് ഭാരതത്തിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് രന്ധീര്‍ ജൈസ്വാള്‍ പറഞ്ഞത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയ ശേഷം ട്രംപിന്റെ ഭാരതവിരുദ്ധ നടപടികളെ ”അനീതി നിറഞ്ഞതും അസാധാരണവും” എന്ന് ജൈസ്വാള്‍ വിശേഷിപ്പിക്കുകയും ചെയ്തു. ഭാരതം സ്വന്തം ദേശീയ താല്‍പര്യവും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
ഭാരതത്തിനെതിരായ ട്രംപിന്റെ വിമര്‍ശനങ്ങളെയും നടപടികളെയും സ്വന്തം പാര്‍ട്ടിക്കാര്‍ പോലും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ നിക്കി ഹാലി ഭാരതത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
ഭാരതത്തെ അമേരിക്കയുടെ ‘ശക്തനായ സുഹൃത്ത്’ എന്നു വിശേഷിപ്പിച്ച ഹാലി ചൈനയ്ക്ക് മാപ്പ് നല്‍കി ഭാരതവുമായുള്ള ബന്ധം കുഴപ്പത്തിലാക്കരുതെന്നും ആവശ്യപ്പെടുകയുണ്ടായി. ”റഷ്യയില്‍ നിന്ന് ഭാരതം എണ്ണ വാങ്ങേണ്ടതില്ല. എന്നാല്‍ ചൈന റഷ്യന്‍-ഇറാനിയന്‍ എണ്ണ വാങ്ങുന്നതില്‍ ഒന്നാമതാണ്. എന്നിട്ടും അവര്‍ക്ക് 90 ദിവസത്തെ താരിഫ് ഒഴിവ് നല്‍കി. ചൈനയക്ക് മാപ്പ് നല്‍കി ഭാരതത്തെപ്പോലെ ശക്തമായ സുഹൃത്തുമായുള്ള ബന്ധം പൊളിക്കരുത്” എന്നാണ് ട്രംപിനെതിരെ നിക്കി ഹാലി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.
വസ്തുതകള്‍ സംസാരിക്കുന്നു
വ്യക്തി എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും യാഥാര്‍ത്ഥ്യ ബോധമില്ലാത്തയാളാണ് താനെന്ന് ട്രംപ് ആവര്‍ത്തിച്ച് തെളിയിച്ചുകഴിഞ്ഞു. നാടകീയതയ്ക്കാണ് ട്രംപിന്റെ ജീവിതത്തില്‍ മുന്‍തൂക്കം. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാര്യം പ്രകടമാണ്. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലഘട്ടം പല സ്‌ഫോടനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. രണ്ടാമതും അധികാരം ലഭിച്ചപ്പോള്‍ ശേഷിച്ചതുകൂടി അടിച്ചു തകര്‍ക്കുകയാണ് ഈ ഭരണാധികാരി എന്നു തോന്നും. 2025 ജനുവരിയില്‍ രണ്ടാം തവണയും വൈറ്റ് ഹൗസില്‍ പ്രവേശിച്ചശേഷം താരിഫ് എന്ന ആയുധം ഉപയോഗിച്ച് ആഗോള വ്യാപാര വ്യവസ്ഥയെ തന്നെ ട്രംപ് ചിതറിച്ചു. ഇതിന്റെ ഫലമായി ഏഴ് മാസത്തിനിടെ ലോക വ്യാപാര സംവിധാനം തിരിച്ചറിയാനാകാത്തവിധം മാറിയിട്ടുണ്ട്. ലോക വ്യാപാര സംഘടന ഇപ്പോള്‍ ജീവനില്ലാത്ത ശരീരമാണ്.
അമേരിക്കയുടെ ശരാശരി താരിഫ് ഇപ്പോള്‍ 18 ശതമാനം കവിഞ്ഞു. ചില രാജ്യങ്ങളില്‍ ഇത് 40 ശതമാനം വരെ എത്തുന്നു. കാനഡ, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ, ഭാരതം, ജപ്പാന്‍, തായ്‌വാന്‍ എന്നീ അമേരിക്കയുമായി ഏറ്റവും സൗഹൃദപരമായ സാമ്പത്തിക പങ്കാളിത്തമുള്ളവരെപ്പോലും ട്രംപ് കൈവിട്ടു. ആഗസ്റ്റ് ഒന്നിനു 90 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താരിഫ് വര്‍ദ്ധനവ് ഒരു നയമല്ല, ശിക്ഷയാണ്. ഈ താരിഫുകള്‍ക്ക് പിന്നില്‍ യാതൊരു ഉദ്ദേശ്യവുമില്ല. ‘ബൈ അമേരിക്കന്‍’ എന്ന മുദ്രാവാക്യത്തോടുകൂടിയ ഉടമ്പടികള്‍ മാത്രമാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. ചെറിയ രാജ്യങ്ങളെ ഉപദ്രവിച്ച് അന്യായ നിബന്ധനകള്‍ സ്വീകരിപ്പിക്കുകയും, വലിയ രാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു.
ഭാരതം കുനിയില്ല, യാചിക്കയുമില്ല
ഭാരതത്തിന്റെ സ്ഥിതിഗതികള്‍ ഇതിന് ഉദാഹരണമാണ്. അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒരാളല്ലെങ്കിലും ഭാരതവും ട്രംപിന്റെ എടുത്തുചാട്ടങ്ങള്‍ക്ക് ഇരയായിരിക്കുകയാണ്. പക്ഷേ ഭാരതത്തിന് കരുത്തുണ്ട്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉണര്‍ന്നുതന്നെ നിലകൊള്ളുന്നു. ഇന്തോ-പസഫിക് സുരക്ഷയില്‍ നിന്നു ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളിലേക്കും ചിപ്പ് നിര്‍മ്മാണത്തിലേക്കും ഭാരതത്തിന്റെ സാന്നിധ്യം വളരെ നിര്‍ണായകമാണ്. ഭാരതത്തിനും താരിഫ് വിഷം അനുഭവപ്പെടാം. പക്ഷേ അതും കുടിച്ച് വെറുതെ നടന്നു പോകില്ല. അമേരിക്കയുടെ ഇപ്പോഴുള്ള പ്രതികാര നടപടികള്‍ വ്യാപാര തുല്യതയ്‌ക്കോ തൊഴിലാളികളുടെ അവകാശത്തിനോ വേണ്ടിയൊന്നുമല്ല. ഇതൊരു ശക്തി പ്രകടനമാണ്. മോശം വ്യാപാര ഉടമ്പടികളില്‍ നിന്നും അമേരിക്കയെ സ്വാതന്ത്രമാക്കുമെന്ന് ട്രംപ് ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതൊരു സാമ്പത്തിക നയം അല്ലായിരുന്നു, മറിച്ച് ഒരു പരസ്യപ്പലകയായിരുന്നു. ചില മാധ്യമങ്ങള്‍ ട്രംപിന്റെ ആഗോള താരിഫ് നയത്തെ ഒരു ‘സംരക്ഷണ മാഫിയ’ എന്നു വിശേഷിപ്പിച്ചു. ട്രംപിന്റെ ഡീലുകള്‍ ഒരു ട്രിബ്യൂട്ട് സിസ്റ്റം പോലെ പ്രവര്‍ത്തിക്കുമത്രേ.
ഏപ്രിലില്‍ നടന്ന ട്രംപിന്റെ താരിഫ് പ്രഖ്യാപനം മാര്‍ക്കറ്റിനെ നടുക്കി. വാള്‍ സ്ട്രീറ്റിന് ഇടിയേറ്റു. സര്‍ക്കാര്‍ നിലവിളിച്ചു. ട്രംപ്, തന്റെ നാട്യപ്രതിഭയാല്‍ പിന്നീട് നിരക്ക് കുറച്ച് പിന്‍വലിച്ചു. ചില രാജ്യങ്ങള്‍ക്ക് പ്രത്യേക ‘സ്‌നേഹ നിബന്ധനകള്‍’ ലഭിച്ചു: യുകെയ്ക്ക് 10 ശതമാനം ഡ്യൂട്ടി, യൂറോപ്യന്‍ യൂണിയനും ജപ്പാനും 15 ശതമാനം. കംബോഡിയ, പാകിസ്ഥാന്‍, ദക്ഷിണ കൊറിയ പോലുള്ള പങ്കാളികള്‍ക്കും നഷ്ടം സംഭവിച്ചു.
2020 ല്‍ രണ്ട് ശതമാനം ആയിരുന്ന യുഎസ് ഇറക്കുമതി താരിഫ് ഇപ്പോള്‍ 18 ശതമാനമായി. ഇതുവഴി 100 ബില്യണ്‍ ഡോളറിലധികം വരുമാനം സ്വന്തമാക്കി. പക്ഷേ മറ്റ് ചിലതുകൂടി സംഭവിക്കുകയാണ്: ഉപഭോക്തൃ വില വര്‍ദ്ധിക്കുന്നു, നിക്ഷേപ പ്രവചനങ്ങള്‍ ഇടിയുന്നു. മധ്യവര്‍ഗ്ഗത്തിലെ അമേരിക്കക്കാരന് അഹങ്കാര മുദ്രാവാക്യങ്ങള്‍ കഴിക്കാനാവുന്നില്ല.
വാഷിങ്ടണില്‍ ചില എംപിമാര്‍ കുറച്ചു നികുതി തിരിച്ചടവുകള്‍ നല്‍കി താഴത്തെ വരുമാനമുള്ളവരെ സംരക്ഷിക്കണമെന്ന പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. വിരോധാഭാസം തന്നെ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യം ലഭിച്ച ഭരണകൂടം ഇപ്പോള്‍ ക്ഷേമ പദ്ധതികളിലേക്ക് തിരിയുകയാണ്. ട്രംപിന് സാമ്പത്തിക സിദ്ധാന്തങ്ങള്‍ പ്രശ്‌നമല്ല. തന്റെ അധികാര പദവിയും അഹന്തയുമാണ് ഈ ഭരണാധികാരിയെ നയിക്കുന്നത്.
ഭാരതത്തിന്റെ ടെക് മേഖല ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കനത്ത താരിഫിനടിയിലാണ്.
പുത്തന്‍ ലോകക്രമം പറയുന്നത്
ഓട്ടോമൊബൈല്‍ കയറ്റുമതിയെ ആശ്രയിച്ചിരുന്ന ജര്‍മ്മനി നിശ്ശബ്ദമാകുന്നു. കാനഡ, യൂറോപ്പും ഏഷ്യയുമായുള്ള ഐക്യവല്‍ക്കരണം അന്വേഷിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പ്രദേശിക വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നു. അമേരിക്ക താരിഫും ഭീഷണിയും വാഗ്ദാനം ചെയ്യുന്നിടത്താണിത്.
ഇപ്പോള്‍ ലോകത്തിന് ആവശ്യമുള്ളത് കൂട്ടായ പ്രതിരോധമാണ്. രാജ്യങ്ങള്‍ ഒന്നിച്ചു കയറി പുതിയ വ്യവസ്ഥകള്‍ സൃഷ്ടിക്കണം. മേഖലാ വ്യാപാര കൂട്ടായ്മകള്‍ ശക്തമാക്കാനും, ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥകള്‍ വികസിപ്പിക്കാനും, ലോകവ്യാപാര സംഘടനയുടെ ശേഷിച്ചുള്ള സംവിധാനങ്ങള്‍ വഴി നിയമപരമായ പാഠം പഠിപ്പിക്കാനും സമയമായിരിക്കുന്നു
ട്രംപ് സൃഷ്ടിക്കുന്ന പുതിയ ആഗോളക്രമം അമേരിക്കന്‍ ആധിപത്യത്തിന്റെ കാഴ്ചയല്ല. ഒരുതരം വിഭജനമാണ്. ട്രംപ് താല്‍ക്കാലിക ജയം നേടുന്നുണ്ടാകാം. പക്ഷേ ആഗോള തലത്തില്‍ വിശ്വാസ്യതയുടെ യുദ്ധത്തില്‍ പരാജയപ്പെടുകയാണ്. അംഗീകാരമുള്ളവരും പങ്കാളികളായവരും പിന്‍വാങ്ങുന്നിടത്തും, വ്യാപാര മാര്‍ഗങ്ങള്‍ വാഷിങ്ടണില്‍ നിന്ന് മാറുന്നിടത്തും, ട്രംപിന്റെ താരിഫ് സാമ്രാജ്യം പ്രഹസനപരമായ വിജയമാകാന്‍ സാധ്യതയുണ്ട്. പക്ഷേ ഒച്ചപ്പാടുകളും ഭീഷണികളും നിറഞ്ഞ ട്രംപിന്റെ ലോകം അധികകാലം നീണ്ടുനില്‍ക്കില്ല.
ഓപ്പറേഷന്‍ സിന്ദൂര്‍ ട്രംപിനും കൊണ്ടു
റഷ്യയില്‍ നിന്ന് ഭാരതം വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ചൈനയ്ക്ക് അധിക താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ മൂന്നുമാസത്തെ ഇളവ് നല്‍കിയിരിക്കുകയാണ് റൊണാള്‍ഡ് ട്രംപ്. അപ്പോള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതല്ല ഭാരതവുമായുള്ള ട്രംപിന്റെ പ്രശ്‌നമെന്ന് കരുതേണ്ടിയിരിക്കുന്നു. വ്യാപാര ഉടമ്പടികള്‍ സംബന്ധിച്ച് ഭാരതവും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊന്നും ട്രംപ് ഇപ്പോഴത്തേതുപോലെ ക്രുദ്ധനായിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട് ഭാരതം പാകിസ്ഥാന് നല്‍കിയ കനത്ത തിരിച്ചടിയെ തുടര്‍ന്നാണ് ട്രംപ് പൊടുന്നനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ തുടങ്ങിയത്. പാകിസ്ഥാന് താങ്ങാവുന്നതിലും വലിയ ആക്രമണം ആയിരുന്നു ഭാരതം നടത്തിയത്. അമേരിക്ക തങ്ങളുടെ രക്ഷയ്‌ക്കെത്തുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നു. ഇങ്ങനെയൊരു ഉറപ്പ് ട്രംപ് പാക് ഭരണാധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടായിരിക്കാം. പക്ഷേ അതൊന്നും ഭാരതത്തിനു മുന്നില്‍ ചെലവായില്ല. ഭയന്നു പോയ പാകിസ്ഥാന്‍ ആക്രമണം നിര്‍ത്താന്‍ ഭാരതത്തോട് യാചിക്കുകയായിരുന്നു. ലക്ഷ്യം നിറവേറ്റിയ ശേഷമാണ് ഭാരത സൈന്യം പിന്‍വാങ്ങിയത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വലിയ അവകാശവാദവുമായി ട്രംപ് രംഗത്ത് വന്നു. തന്റെ മധ്യസ്ഥതയിലാണ് ഭാരതവും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഭാരത വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും ഈ അവകാശവാദം തള്ളിക്കളഞ്ഞു. പക്ഷേ താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ലമെന്റില്‍ ട്രംപിന്റെ അവകാശവാദം നിഷേധിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ഫോണില്‍ വിളിച്ച കാര്യം വെളിപ്പെടുത്തിയ പ്രധാനമന്ത്രി മോദി, അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ യാതൊരു ഇടപെടലും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ട്രംപിനെ ലോകത്തിനു മുമ്പില്‍ പരിഹാസ്യനാക്കി.
പാകിസ്ഥാന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇത്ര വേവലാതി അമേരിക്കയ്ക്ക് ഉണ്ടായതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ചൈനയ്ക്കും ഭാരതത്തിനും റഷ്യക്കുമെതിരെ അമേരിക്ക സ്വന്തം കൈനിലമായി ഉപയോഗിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. പാകിസ്ഥാന്റെ ആണവ പദ്ധതിക്കും അമേരിക്കയുടെ സഹായമുണ്ട്. പാകിസ്ഥാനിലെ പല സൈനിക കേന്ദ്രങ്ങളും അമേരിക്കയുടെ കൈപ്പിടിയിലാണ്. ഈ കേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരത സൈന്യം കടന്നാക്രമിച്ച് നശിപ്പിച്ചത്. പാകിസ്ഥാന്റെ മാത്രമല്ല അമേരിക്കയുടെയും ആയുധശേഷി ഭാരതത്തിനു മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു. ഇത് മറച്ചു പിടിക്കാനുള്ള തന്ത്രമാണ് ട്രംപ് പയറ്റിയത്.
ഭാരത-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ അതിന് കാരണക്കാരനായ താന്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് പരസ്യമായി പറയാനും ട്രംപ് തയ്യാറായല്ലോ. ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് മറ്റു ചില രാജ്യങ്ങളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. പക്ഷേ ഭാരതം ഈ വശത്തേക്ക് തിരിഞ്ഞു നോക്കിയതു പോലുമില്ല. ലോക നേതാവായി വിലസാനാഗ്രഹിക്കുന്ന തനിക്ക് മുന്നില്‍ വിഘാതമായി നില്‍ക്കുന്നത് നരേന്ദ്ര മോദിയാണെന്ന് ട്രംപ് കരുതുന്നു. ജനപ്രീതിയുടെ കാര്യത്തില്‍ ലോകത്ത് നടന്ന പല അഭിപ്രായ സര്‍വേകളിലും മോദിയേക്കാള്‍ വളരെ പിന്നിലാണ് ട്രംപിന്റെ സ്ഥാനം. ഇതിനെ മറികടക്കാനുള്ള കുറുക്കുവഴിയായാണ് സമാധാന നൊബേല്‍ തനിക്ക് വേണമെന്ന് ട്രംപ് പറഞ്ഞത്. തന്നെ അംഗീകരിക്കാത്ത നരേന്ദ്ര മോദിയെ പാഠം പഠിപ്പിക്കും എന്ന വാശിയാണ് അധിക താരിഫ് ഏര്‍പ്പെടുത്തുന്നതിന് പിന്നിലുള്ള ഒരു കാരണം.
ഏകധ്രുവ ലോകത്തെ അംഗീകരിക്കില്ല
വാജ്‌പേയി ഭരണകാലത്ത് ഭാരതം പൊഖ്‌റാനില്‍ അണുപരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് അന്നത്തെ അമേരിക്കന്‍ ഭരണകൂടം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനോട് ഇപ്പോഴത്തെ അമേരിക്കയുടെ വ്യാപാര കാര്‍ക്കശ്യത്തെ ഉപമിക്കാവുന്നതാണ്. ബില്‍ ക്ലിന്റന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയത് സാമ്പത്തിക ഉപരോധമായിരുന്നെങ്കിലും അതിനു കാരണമായത് രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഭാരതം സ്വയംപര്യാപ്തത നേടുന്നതായിരുന്നു. തങ്ങളെ മറികടന്ന് ഭാരതം വന്‍ ശക്തിയാകുന്നത് അമേരിക്ക ഇഷ്ടപ്പെട്ടില്ല. ഉപരോധം മൂലം ഭാരതം ഒറ്റപ്പെടുമെന്നും, അമേരിക്കയുടെ വ്യവസ്ഥകള്‍ക്ക് വഴങ്ങുമെന്നും മറ്റുമൊക്കെ അന്നും പ്രചാരണം നടന്നെങ്കിലും അതൊന്നും ഉണ്ടായില്ല. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ അമേരിക്കയുടെ ഉപരോധത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഉപരോധം ആവിയായിപ്പോയി. അന്നത്തേക്കാള്‍ ശക്തമാണ് ഇന്നത്തെ സമ്പദ് വ്യവസ്ഥ. ലോകത്തെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്ക് ഭാരതം കുതിക്കുകയാണ്.
റൊണാള്‍ഡ് ട്രംപിന്റെ ഇപ്പോഴത്തെ താരിഫ് യുദ്ധത്തിന്റെ ഫലമായി ചില മേഖലകളില്‍ ഭാരതത്തിന് തിരിച്ചടി ഉണ്ടായേക്കാം. പക്ഷേ അതിനേക്കാള്‍ വലിയ തിരിച്ചടി ലഭിക്കുക അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കായിരിക്കും. ഇതിന് ട്രംപ് മറുപടി പറയേണ്ടിയും വരും. ഭാരതത്തിനെതിരായ നടപടി തിടുക്കത്തില്‍ പാടില്ലെന്ന് വാള്‍മാര്‍ട്ടിനെ പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനോടകം തന്നെ ട്രംപിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭാരതത്തെ സംബന്ധിച്ചിടത്തോളം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമ്മുടെ ഭരണാധികാരികള്‍ക്ക് നന്നായി അറിയാം. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനുള്ള വഴികള്‍ അവര്‍ തേടിക്കഴിഞ്ഞു. ഒരു കാരണവശാലും അമേരിക്ക നയിക്കുന്ന ഏകധ്രുവ ലോകത്തെ ഭാരതം അംഗീകരിക്കാന്‍ പോകുന്നില്ല.
അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെയും ഡൊണാള്‍ഡ് ട്രംപിന്റെ അഹന്തയേയും ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസ് വ്യാമോഹിക്കുന്നത്. ഭാരതത്തിന്റേത് മരിച്ച സമ്പദ് വ്യവസ്ഥയാണെന്ന ട്രംപിന്റെ വാദത്തെ അതേപടി ഏറ്റെടുക്കുകയാണല്ലോ കോണ്‍ഗ്രസ് ചെയ്തത്. അണു പരീക്ഷണത്തെ തുടര്‍ന്നുള്ള ഉപരോധത്തിലും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം അമേരിക്കയ്ക്ക് ഒപ്പമായിരുന്നുവെന്ന് ഓര്‍ക്കണം. ഭാരതത്തെ രാഷ്ട്രീയമായും സാമ്പത്തികമായും അസ്ഥിരപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അതിനൊപ്പം നില്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം. കോണ്‍ഗ്രസ് ഭരണകാലത്ത് വഴിവിട്ട സൗകര്യങ്ങള്‍ അനുഭവിച്ച മാധ്യമങ്ങളും ദേശീയ താല്പര്യങ്ങള്‍ക്ക് പരമ പ്രാധാന്യം നല്‍കുന്ന മോദി സര്‍ക്കാരിനെതിരെ അമേരിക്കന്‍ ഭരണകൂടത്തിന്റെയും ട്രംപിന്റെയും മെഗാഫോണായി മാറുകയാണ്. ട്രംപിന്റെ അധിക താരിഫ് ഏര്‍പ്പെടുത്തല്‍ ഭാരതത്തെ കാര്യമായൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാതെ മോദി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്.
രാജ്യതാല്പര്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുന്നു. ‘രാജ്യത്തെ കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും താല്പര്യങ്ങളെ ഒരു കാരണവശാലും ബലികഴിക്കില്ല.’ ഭാരത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഈ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു പോരുകയായിരുന്നു. എന്നാല്‍ ഇത് സാധ്യമല്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാടും അമേരിക്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിക്കുകയുണ്ടായി. ഭാരതത്തിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോവില്ല. ആഗോളതലത്തില്‍ ചെറുതും വലുതുമായ പല രാജ്യങ്ങളും ഇന്ന് അമേരിക്കക്കൊപ്പമല്ല, ഭാരതത്തിനൊപ്പമാണ്. ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ അമേരിക്കയുടെ അമിതാധികാരത്തെയും വ്യാപാരക്കുത്തകയേയും അംഗീകരിക്കാന്‍ പോകുന്നില്ല. മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ ബ്രിക്‌സ് രാജ്യങ്ങളുമായി ചേര്‍ന്ന് ചെറുത്തുതോല്‍പ്പിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുല പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിക്കുമെന്നും ട്രംപിനെ വിളിക്കില്ലെന്നും ലുല പറഞ്ഞിരിക്കുന്നു. ഒരു കാര്യം വ്യക്തമാണ്. കൂടുതല്‍ ലോകരാജ്യങ്ങളുമായി അമേരിക്കക്കുള്ളതിനേക്കാള്‍ നല്ല ബന്ധം ഭാരതത്തിനുണ്ട്. ഇതൊക്കെ ശരിയായി ഉപയോഗിക്കാന്‍ അറിയാവുന്ന നേതൃത്വവും ഭാരതത്തിനുണ്ട്. ഇക്കാരണങ്ങളാല്‍ ഇപ്പോഴത്തെ അമേരിക്കയുടെ പ്രതികാര നടപടികള്‍ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും. സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാനുള്ള കൂടുതല്‍ സന്നദ്ധത രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഭാരതത്തിന്റെ സാമ്പത്തിക ഭാവി ശോഭനമായിരിക്കും. അതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.






















