ലിയോ ടോള്‍സ്റ്റോയിയുടെ 23 കഥകളുടെ ഒരു സമാഹാരമുണ്ട്. അതിലാണ് അദ്ദേഹത്തിന്റെ ആത്മീയഭാവമുള്ള കഥകള്‍ (Twenty Three Tales) പലതും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ദൈവം സത്യം കാണുന്നു, പക്ഷേ കാത്തിരിക്കുക(God sees the truth But waits), ഒരാള്‍ക്ക് എത്ര ഭൂമിവേണം (How much land does a Man need),, കാക്കസസിലെ തടവുകാരന്‍ (The prisoner of the caucasus) എന്നീ പ്രശസ്ത കഥകളെല്ലാം ഈ സമാഹാരത്തിലാണുള്ളത്. ഇതിലെ ഒരു കഥയാണ് The Repentance of the Penitent Sinner (പശ്ചാത്താപം അല്ലെങ്കില്‍ പശ്ചാത്തപിക്കുന്ന പാപി) ടോള്‍സ്റ്റോയിയുടെ തന്നെ പ്രശസ്തമായ ഇവാന്‍ ഇലിച്ചിന്റെ മരണം പോലെ ഈ കഥയും ആരംഭിക്കുന്നത് ഒരെഴുപതുകാരന്റെ മരണത്തോടെയാണ്.
ജീവിതത്തില്‍ ഒരു നന്മയും അയാള്‍ ചെയ്തിട്ടില്ല എങ്കിലും അയാളുടെ അന്ത്യത്തില്‍ അയാള്‍ ദൈവത്തോട് തന്റെ പാപങ്ങള്‍ക്കെല്ലാം മാപ്പു ചോദിക്കുകയാണ്. മരണശേഷം അയാളുടെ ആത്മാവ് സ്വര്‍ഗ്ഗകവാടത്തിലെത്തുന്നു. പക്ഷേ അതു താഴിട്ടിരിക്കുകയാണ്. പല തവണ മുട്ടിയെങ്കിലും അയാള്‍ക്കുവേണ്ടി വാതില്‍ തുറക്കുന്നില്ല. സ്വര്‍ഗ്ഗത്തിലെ കുറ്റവിചാരണക്കാരന്‍ (ജൂതവിശ്വാസമനുസരിച്ച് നമ്മുടെ ചിത്രഗുപ്തന്റെ സ്ഥാനത്ത് സ്വര്‍ഗ്ഗത്തിലെ പാപങ്ങളുടെ കണക്കെടുപ്പുകാരന്‍ ശാമുവല്‍ (Samuel ആണ്. കടുത്തപാപിയായ അയാളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാനാവില്ലെന്നു പ്രഖ്യാപിക്കുന്നു. അയാളുടെ പാപങ്ങള്‍ ഓരോന്നായി എടുത്തു പറയുകയും ചെയ്യുന്നു. അപ്പോസ്തലനായ പീറ്റര്‍ ഇത്തരം പാപികളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നു വിശദീകരിച്ചു. എന്നാല്‍ പീറ്റര്‍ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ കാര്യം പാപിയായ അയാള്‍ ചൂണ്ടിക്കാണിച്ചു. ബൈബിള്‍ കഥാപാത്രമായ ദാവീദും പാപിയെ സ്വര്‍ഗ്ഗത്തില്‍ കയറ്റരുതെന്നു വാദിച്ചു. അയാള്‍ ദാവീദിന്റെ തെറ്റുകളും എടുത്തു കാണിച്ചു.
അപ്പോസ്തലനായ ജോണും പാപിയെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കരുതെന്നു തന്നെ വാദിച്ചു. എന്നാല്‍ മടങ്ങിപ്പോകാന്‍ മനസ്സില്ലാതെ സ്വര്‍ഗ്ഗവാതിലില്‍ നിരന്തരം മുട്ടിക്കൊണ്ടിരുന്ന പാപി അപ്പോസ്തലനായ ജോണിനോട് പശ്ചാത്താപത്തിന്റെ മഹത്വത്തെക്കുറിച്ചു പറയുന്നു. വീണ്ടും യാചിക്കുന്നു. ഒടുവില്‍ അയാളുടെ കുറ്റങ്ങള്‍ ക്ഷമിച്ച് സ്വര്‍ഗ്ഗരാജ്യം അയാള്‍ക്കായി തുറക്കപ്പെടുന്നു.
കടുത്ത ക്രൈസ്തവ മത ആത്മീയതയുടെ വക്താവായിരുന്നു ടോള്‍സ്റ്റോയി. അദ്ദേഹത്തിനു പശ്ചാത്താപം എന്ന കഥ എഴുതാന്‍ പ്രേരണയായത് ബൈബിളിലെ ദാവീദിന്റെ (David) കഥയാണ്. ബൈബിളില്‍ പശ്ചാത്തപിക്കുന്നവനോട് ദൈവം ക്ഷമിക്കും എന്നതരത്തില്‍ ധൂര്‍ത്തപുത്രന്റെ കഥ, ജേനയുടെയും റിനവേയുടേയും കഥ, അപ്പോസ്തലനായ പോളിന്റെ കഥ അങ്ങനെ വേറെയും കഥകളുണ്ട്. എന്നാല്‍ ഏറ്റവും പ്രശസ്തം സോളമന്റെ മാതാവായിരുന്ന ബത്ഷിബ (Bath sheeba) യുടെയും ദാവീദിന്റേയും കഥയാണ്.
ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ ഏവര്‍ക്കുമറിയാം. ഭീമനായിരുന്ന ഗാത്ത്‌വീരന്‍ ഗോലിയാത്തിനെ നേരിടാന്‍ യിശ്ശായിയുടെ (Jesse)) പുത്രനായിരുന്ന ഇടയബാലനായ ഡേവിഡാണ് തയ്യാറാകുന്നത്. തന്ത്രശാലിയായ ദാവീദ് ഗോലിയാത്തിനെ കവണ കൊണ്ടടിച്ചു തള്ളിയിടുന്നു. അങ്ങനെ യുദ്ധം ജയിച്ച് ഡേവിഡിനെ പ്രവാചകനായിരുന്ന ശാമുവേല്‍ രാജാവായി പ്രഖ്യാപിക്കുന്നു. എന്നാല്‍ നിലവിലെ രാജാവായ സാല്‍ (saul) പല തവണ ഡേവിഡിനെ വധിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ അതിജീവിച്ച ദാവീദ് ജൂതന്മാരുടെ രാജാവാകുന്നു. എല്ലാ സൗഭാഗ്യങ്ങളോടും കൂടി രാജ്യം ഭരിക്കുന്ന അയാള്‍ പക്ഷേ തന്റെ പട്ടാളക്കാരനായിരുന്ന ഉറിയയുടെ (uriah) ഭാര്യയില്‍ അനുരക്തനാവുന്നു. മാത്രവുമല്ല ഉറിയയെ യുദ്ധത്തിനയയ്ക്കുന്നു. അതില്‍ അയാളെ ചതിച്ചു കൊല്ലുകയും ചെയ്യുന്നു.
നഥാന്‍ എന്ന മറ്റൊരു പ്രവാചകന്‍ (ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും കഥകളില്‍ അനേകം പ്രവാചകരുണ്ട്. ഈ പ്രവാചക കഥകള്‍ ഇസ്ലാം മതവും ഏറ്റെടുക്കുന്നുണ്ട്.) ദാവീദിനെ അയാളുടെ പാപത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. അതിലേയ്ക്കായി പണക്കാരനായിരുന്ന ആട്ടുടമ, ഒരാടു മാത്രമുണ്ടായിരുന്ന ഒരു പാവം ഇടയന്റെ ആടിനെ മോഷ്ടിച്ച് അതിഥിയെ ഊട്ടിയ പാപ കര്‍മത്തിന്റെ കഥ നഥാന്‍ ഡേവിഡിനോടു പറയുന്നു. എല്ലാ സൗഭാഗ്യങ്ങളും അനേകം ഭാര്യമാരുമുണ്ടായിരുന്ന ദാവീദ് ഒരു പാവം പട്ടാളക്കാരന്റെ ഭാര്യയെ സ്വന്തമാക്കുകയും അയാളെ തന്ത്രത്തില്‍ വധിക്കുകയും ചെയ്തത് വലിയ പാപകര്‍മ്മമായിരുന്നുവെന്ന് ദാവീദിനു മനസ്സിലായി. അയാള്‍ പശ്ചാത്തപിച്ചു. പക്ഷേ ദാവീദിനോടു ദൈവം ക്ഷമിച്ചെങ്കിലും തീരെ ശിക്ഷകൊടുക്കാതിരുന്നില്ല. ബത്ഷിബയില്‍ അയാള്‍ക്കുണ്ടായ കുഞ്ഞിനെ ദൈവം കൊന്നുകളഞ്ഞു. പശ്ചാത്താപം ദൈവം പൊറുപ്പിക്കും എന്നാണ് ബൈബിള്‍ക്കഥയുടെ സാരം.
ടോള്‍സ്റ്റോയി ബൈബിള്‍ക്കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതുപോലെ ഭാഷാപോഷിണി ആഗസ്റ്റ് ലക്കത്തില്‍ സുരേഷ് പേരിശ്ശേരി പാശ്ചാത്താപം ഇതിവൃത്തമാക്കി ‘കാപ്പിപൂക്കുന്ന നേരം’ എന്നൊരു കഥമെനഞ്ഞിരിക്കുന്നു. സുരേഷ് പേരിശ്ശേരിയും ബൈബിള്‍ വായിച്ച് അതില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ടാവണം കഥാപാത്രങ്ങള്‍ക്കാര്‍ക്കും കേരളത്തിലെ പേരുകളൊന്നുമില്ല. ചാള്‍സ് ഗ്രിഗറി ഒക്ടോവിയസ് ലൂക്കോസ്, മൈക്കിള്‍ ജാക്‌സണ്‍, ഗ്ലാഡീസ് എന്നൊക്കെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. പിന്നെയൊരാശ്വാസം ‘ബീരാനിക്കയും’ തീയറ്ററിന്റെ പേരായ ‘സീനത്തു’ മാണ്. രണ്ടും മലയാള പേരുകള്‍ അല്ലെങ്കിലും നമ്മള്‍ കേട്ടു പരിചയിച്ച പേരുകള്‍ തന്നെ. ചാള്‍സ് ഗ്രിഗറി എന്നു പേരുള്ള ഒരാള്‍ കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടെ ന്നു തോന്നുന്നില്ല. ബിബ്ലിക്കല്‍ അന്തരീക്ഷത്തിനാവും ഇത്തരം പേരുകള്‍ തിരഞ്ഞെടുത്തത്. ബൈബിളില്‍ പോ ലും ഈ പേരുകള്‍ കണ്ടിട്ടില്ല. കൂട്ടുകാരായ ഒക്ടോവിയസും മൈക്കിളും കൂടി പലിശക്കാരന്‍ ഗ്രിഗറിയെ കൊലപ്പെടുത്തുന്നു. അബദ്ധത്തില്‍ സംഭവിക്കുന്നതാണ്. എങ്കിലും ഒക്ടോവിയസ് അതിന്റെ പാപഭാരത്താല്‍ പശ്ചാത്താപ വിവശനാകുന്നു. ആരും അറിയാതെ കൊലപാതകം ഒളിപ്പിച്ചെങ്കിലും കുറ്റബോധം മൂലം എല്ലാം ഗ്രിഗറിയുടെ ഭാര്യ മാര്‍ഗരറ്റിനോടു വിളിച്ചു പറയുന്നു. പക്ഷേ മാര്‍ഗരറ്റ് ഗ്രിഗറിയോടു ക്ഷമിക്കുന്നു. ക്ഷമിക്കുന്നത് കഥയില്‍ പറയുന്നില്ല. പക്ഷേ നമുക്കത് വായിച്ചെടുക്കാം. പശ്ചാത്താപം, ക്ഷമ എന്നീ ബൈബിള്‍ സങ്കല്പങ്ങളെ ടോള്‍ സ്റ്റോയി വികസിപ്പിച്ചപോലെയല്ലെങ്കിലും അസാധാരണത്വം ഒന്നുമില്ലാതെ സുരേഷും ആവിഷ്‌ക്കരിക്കുന്നു. കച്ചവടനാടകങ്ങളിലും പൈങ്കിളി നോവലുകളിലുമൊക്കെ കണ്ടതുതന്നെയാണ് സുരേഷ് പേരിശ്ശേരിയുടെ കഥയിലുമുള്ളത്. ‘പഴയവീഞ്ഞ് പുതിയ കുപ്പിയില്‍’ എന്നു വേണമെങ്കില്‍ പറയാം. ആവിഷ്‌ക്കാരത്തിലും എടുത്തുപറയാവുന്ന പുതുമയൊന്നുമില്ല.
ഭാഷാപോഷിണിയിലെ കവിത ”മൃണ്മയം” എസ്. ജോസഫ് എന്ന കവിയുടെ വഴിത്തിരിവായിത്തോന്നുന്നു. ഇത്രയും കാലം കൊണ്ടുനടന്ന കവിതാ ശൂന്യമായ ഗദ്യരചനകളില്‍ നിന്നും അദ്ദേഹം പദ്യത്തിലേയ്ക്കു നീങ്ങിയിരിക്കുന്നു. സാമാന്യം ദീര്‍ഘമായ ഒരു പദ്യ കവിത. കാകളിവൃത്തത്തില്‍ കൃത്യമായി അക്ഷരക്രമമൊക്കെ പാലിച്ച് അദ്ദേഹം ഒരുവിധം നന്നായിത്തന്നെ എഴുതിയിരിക്കുന്നു. ആശാന്റെ കരുണയും വള്ളത്തോള്ളിന്റെ മഗ്ദലനമറിയവും ഉള്ളൂരിന്റെ പിങ്ഗളയും വേശ്യയുടെ മനഃപരിവര്‍ത്തനത്തിന്റെ കഥയാണ് പറയുന്നത്. കൂട്ടത്തില്‍ ഏറ്റവും വലിപ്പം പിങ്ഗളയ്ക്കാണ്. ഏറ്റവും വരികള്‍ കുറവുള്ളത് കരുണയ്ക്കും. എന്നാല്‍ കാവ്യാസ്വാദകരെ ഏറ്റവും തൃപ്തിപ്പെടുത്തുന്നത് കരുണയാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എസ്. ജോസഫിന്റെ കവിതയും ആ വഴിയ്ക്കു തന്നെയാണ് സഞ്ചരിക്കുന്നത്. വൈലോപ്പിള്ളിയുടെ നര്‍ത്തകിയും ഒരുവേശക്കിടാത്തിയുടെ കഥയാണ് പറയുന്നത്. ‘മാതാഹരി’ എന്നു വിളിപ്പേരുണ്ടായിരുന്ന ഒരു നെതര്‍ലാന്റുകാരി നര്‍ത്തകിയുടെ അന്ത്യാഭിലാഷമെന്ന നിലയില്‍ ഒരാശ്രമത്തില്‍ അവര്‍ നടത്തുന്ന നൃത്തമാണ് വൈലോപ്പിള്ളിയുടെ പ്രമേയം. ചാരവനിതയും വേശ്യയുമായ അവര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. (മാതാഹരിയുടെ യഥാര്‍ത്ഥ നാമം മാര്‍ഗരറ്റ ജെട്രൂഡിനാ മക്‌ലീഡ് (Margeretha Geertruida Macleod)(ഡച്ച് ഉച്ചാരണം മര്‍ഗരീത്ത ഗീര്‍ട്രൂഡിനാ സെല്ലെ) എന്നാണ്. ഇന്തോനേഷ്യ സന്ദര്‍ശിക്കുന്ന വേളയില്‍ അവിടത്തെ ഹിന്ദു സംസ്‌കാരവുമായി പരിചയപ്പെടുകയും നൃത്തം പരിശീലിക്കുകയും ചെയ്തു. ഇരട്ടച്ചാരവൃത്തി ആരോപിച്ച് ഫ്രഞ്ചു സൈന്യം വധിച്ചു കളഞ്ഞ ഇവരുടെ അന്ത്യനൃത്തമാണ് വൈലോപ്പിള്ളിയുടെ കവിതയുടെ വിഷയം.
എസ്. ജോസഫിന്റെ കവിതയ്ക്ക് ഈ നാലു കവിതകളോടും ചെറിയ ആശയ സാദൃശ്യങ്ങളൊക്കെയുണ്ടെങ്കിലും നേരിട്ട് ബന്ധമൊന്നുമില്ല. വൈലോപ്പിള്ളിയുടെ കവിത പോലെയോ ആശാന്റെ കരുണ പോലെയോ വായനയില്‍ നമ്മളെ ത്രസിപ്പിക്കുന്ന വരികളൊന്നും ജോസഫിന്റെ കവിതയിലില്ല.
ഇടതൂര്‍ന്നിമകറുത്തുമിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം പ്രകൃതിലോലം
എന്നിങ്ങനെ ആശാന്‍ പറയും പോലെ കാമജന്യമായ വര്‍ണ്ണനയൊന്നും ജോസഫിന്റെ വരികളിലില്ല. പകരം ”വിഷാദാര്‍ദ്രനീലമാം കണ്‍കള്‍, കവിളിന്റെ ശോണിമ ഓ കരിമീനാണവളെന്നൊരു താണസ്വരം…”
എന്നേയുള്ളൂ. ‘വാത്സ്യായനന്റെ കൃതിക്കൊത്ത ലീലകളൊക്കെ അഭ്യസിച്ച കാര്യമൊക്കെ മൃണ്മയത്തിലും പറയുന്നുണ്ട്. വേശ്യാഗൃഹത്തില്‍ വന്നു താമസിക്കുന്ന ആസക്തരായ രണ്ടു പുരുഷന്മാരോടൊപ്പം ഇറങ്ങിപ്പോകുന്ന ഗണികയെക്കുറിച്ചാണ് കവിതയെന്നു തോന്നുന്നു. ഒരു കാര്യവും വ്യക്തമല്ല.
”നന്മേനിപൂണ്ട നടി ഞാന്‍ വിഷയാബ്ധി വീചിസമ്മേളനത്തിലൊരു ബുദ്ബുദമത്രമാത്രം”
എന്നും ”നാശശ്മശാനശിഖയോടണയാനടുത്ത വേശക്കിടാത്തിയുടെ നൃത്തവിലോലരൂപം” എന്നും
”കെട്ടില്‍ പെടാത്ത മുടി കൂരിരുള്‍ കൂത്തടിക്കും
ദൃഷ്ടിദ്വയം തൃഷ പെടും മധുരാധരോഷ്ഠം
മുട്ടിത്തുടിച്ചമുലപുല്‍കിയ വെള്ള റൗക്ക
ക്കെട്ടില്‍ ജ്വലിക്കുമൊരു പാടലനവ്യപുഷ്പം” എന്നും നമ്മെ വിസ്മയിപ്പിക്കുന്ന വരികള്‍ കൊണ്ട് നിറഞ്ഞതാണ് വൈലോപ്പിള്ളിയുടെ ‘കാച്ചിക്കുറുക്കിയ’ നര്‍ത്തകി.
”നിതംബഗുരുതയാല്‍ തന്‍നിലം വിടാന്‍ കഴിയാതീ സ്ഥിതിയില്‍ തങ്ങുമീക്ഷോണീരംഭയെ അവതരിപ്പിക്കുന്ന ആശാന്‍ കവിതയുടെ അപൂര്‍വ്വചാരുതയോ ഒന്നും ആ വാഹിക്കാന്‍ ജോസഫിനു കഴിയുന്നില്ല. എങ്കിലും ഈ കവി ഇന്നുവരെ എഴുതിയ കവിതകളില്‍ ഏറ്റവും ഭേദപ്പെട്ടത് ഇതാണെന്നു പറയാം. ഗദ്യത്തിന്റെ വഴിയല്ല കവിതയ്ക്കിണങ്ങുന്നതെന്ന് ഇക്കവിത നമ്മളെ പഠിപ്പിക്കുന്നു. കാരണം അദ്ദേഹം ഗദ്യത്തിലെഴുതിയ മറ്റേതൊരു കവിതയെക്കാളും മെച്ചമാണ് ഇക്കവിത. മഹത്തായ രചനയല്ലെങ്കിലും മോശം രചനയല്ല.
Rudyard kipling ന്റെ ഒരു ലഘുകവിതയാണ് The stranger. കവിത ആരംഭിക്കുന്നത്
The stranger within my gate
He may be true or kind
But he does not talk my talk
I cannot feel his mind
I see the face and the eyes and the mouth
But not the soul behind.
കിപ്ലിങ് നല്ല കവിയല്ല. പക്ഷേ അദ്ദേഹത്തിന്റെ ജംഗിള്‍ ബുക്ക് ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷുകാരനാണെങ്കിലും ഇന്ത്യയോടു കൂറൊന്നുമില്ല. ഫിലിപ്പിയന്‍സിലെ അമേരിക്കന്‍ കടന്നുകയറ്റത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കിപ്ലിങ് “”The White man’s Burden”’ എഴുതി. ആ കവിത പില്‍ക്കാലത്ത് വെളളക്കാരന്റെ വംശവെറിയുടെ അടയാളമായി മാറി. കിപ്ലിങ് സാമ്രാജ്യത്വത്തിന്റെ നേര്‍വക്താവുമായി. എന്നാല്‍ ബാരക് റൂം ബാലഡ്‌സ് (Barrack-Room Ballads) എഴുതിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയ”Ganga Din’ എന്ന കവിതയില്‍ പട്ടാളക്കാര്‍ക്ക് വള്ളം കൊണ്ടുകൊടുത്തിരുന്ന (ബിഷ്ടി) ഗംഗാഡിന്നിനെക്കുറിച്ച് “”The finest man I knew was our regimental bhishti, Ganga Din”’എന്നും””You are a better Man than I am”എന്നും പറയാന്‍ കിപ്ലിങ് മടിച്ചില്ല.
മലയാളം വാരികയില്‍ (മെയ് 26) അസിം താന്നിമൂട് എഴുതിയിരിക്കുന്ന കവിത ‘അയാള്‍’ നല്ല കവിതയാണ്. കിപ്ലിങ്ങിന്റെ The stranger റിനോടു ചെറിയ സാദൃശ്യമുള്ള വിഷയമാണ് അസിം കൈകാര്യം ചെയ്യുന്നതെങ്കിലും ഇക്കവിത അതിന്റെ ധ്വന്യാത്മകതമൂലം കിപ്ലിങ്ങിന്റെ രചനയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ്. ”ഒട്ടും പ്രിയങ്കരമല്ലാത്ത എന്തിനെക്കുറിച്ചോ പറയുകയാണെന്ന പ്രതീതിയാലേ ഞാനയാളെപ്പറ്റി കേട്ടിട്ടുള്ളു” എന്നു തുടങ്ങി ”പല മാര്‍ഗങ്ങള്‍ നോക്കിയിട്ടും വിജയിക്കാത്ത ഒരാത്മഹത്യാശ്രമമായിട്ടേ എന്നില്‍ അയാളുടെ ഓര്‍മകളിങ്ങനെ വലപ്പോഴുമൊക്കെ വന്നു പോകാറുള്ളൂ” എന്നിങ്ങനെ അവസാനിക്കുന്ന രചനകൊണ്ട് സങ്കീര്‍ണമായ വ്യക്തിത്വമുള്ള ഏതോ ഒരാളെ നമ്മുടെ മനസ്സില്‍ കുരുക്കിയിടാന്‍ കവിക്കു കഴിയുന്നു. നല്ല കവിതയ്ക്ക് കവിയെ അഭിനന്ദിക്കാം.






















