”ഓരോ സംസ്‌കൃതിയുടെയും പ്രാണവായുവാണ് അതിന്റെ ദേശീയോത്സവങ്ങള്‍; അനുഷ്ഠാനങ്ങളിലൂടെയും ആവര്‍ത്തനങ്ങളിലൂടെയും ആ സംസ്‌കൃതി അതിന്റെ ആത്മാവിനെ ഓര്‍മ്മിക്കുന്നതിവയിലൂടെയാണ്.”1
സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം സമകാലീന സംസ്‌കാരങ്ങളിലൊട്ടുമിക്കവയും മണ്ണടിഞ്ഞു പോയതിനുശേഷവും, അനിവാര്യമായ മാറ്റങ്ങളോടെയാണെങ്കില്‍ക്കൂടി, ഇന്നും സുസ്ഥിരമായി നിലനില്‍ക്കുകയും ഭാവിയിലേക്കു പടര്‍ന്നുപന്തലിക്കാനുള്ള എല്ലാ ശുഭസാധ്യതകളും പ്രകടിപ്പിക്കുന്ന പൊതുവായ ഭാരതീയ സംസ്‌കാരത്തിന്റേയും, ഈ രാഷ്ട്രത്തിന്റെ വിവിധഭാഗങ്ങളിലെ പ്രാദേശിക സംസ്‌കൃതിയുടേയും കാര്യത്തില്‍, തികച്ചും അര്‍ത്ഥവത്തായൊരു നിരീക്ഷണമാണിത്. ഹോളിയോ പൊങ്കലോ ഓണമോ- ആഘോഷമേതായിരുന്നാലും- അവ നമ്മുടെ മഹത്തായ സംസ്‌കാരത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നുണ്ട്. മാറുന്ന കാലത്തിന്റെ സ്വാഭാവികമായ അടയാളങ്ങള്‍ പതിഞ്ഞ ജീവിതവഴികളില്‍, ഇത്തരമാഘോഷാവസരങ്ങളില്‍ മാത്രമാണ്, ഒരുകാലത്ത് നമ്മെ നാമാക്കിയ ശാശ്വതമൂല്യങ്ങളെ സ്മരിക്കാനും സന്ദര്‍ശിക്കാനും അവയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളാനും നമുക്ക് സാധിക്കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം ഉത്സവങ്ങളൊക്കെയും കേവലം ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ മാത്രമല്ല, മറിച്ച് ഒരു ജനതയുടെ സജീവസംസ്‌കൃതിയുടെ താല്‍ക്കാലികമെങ്കിലും തെളിമയാര്‍ന്ന വീണ്ടെടുപ്പുകളാണവയോരോന്നും.
വര്‍ത്തമാനകാലം വേരുകളാഴ്ത്തി നിവര്‍ന്നുനില്‍ക്കുന്നത്, ഭൂതകാലത്തിന്റെ ഉറച്ച മണ്ണിലാണെന്നും, ആ വേരുകളാവാഹിച്ചെടുക്കുന്ന പോഷകങ്ങളാണ് ഭാവികാലത്തിന്റെ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും നിദാനമെന്നും അതിനാലിടയ്‌ക്കെങ്കിലും ആ വേരുകളിലേക്കുള്ള മടങ്ങിപ്പോക്ക്, കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നവയാണ് അത്തരമാഘോഷങ്ങള്‍.
ശ്രീമദ് ഭാഗവതത്തില്‍ പ്രതിപാദിക്കപ്പെടുന്ന മഹാബലി, ഭക്തോത്തംസനായ പ്രഹ്‌ളാദന്റെ പുത്രന്‍ വിരോചനന്റെ പുത്രനാണ്. അസുരനായിരുന്നെങ്കിലും നീതിമാനായിരുന്നു ബലി. തന്റെ കരബലത്താല്‍ മൂലോകവും കീഴടക്കി, ദേവേന്ദ്രനെയും കൂട്ടരേയും ആട്ടിപ്പായിച്ച മഹാബലിയുടെ കൈയിലായി സര്‍വ്വാധിപത്യം. അതിരറ്റ സമ്പത്തും സല്‍ക്കീര്‍ത്തിയും സ്വാധീനശക്തിയുമൊക്കെ ഏതൊരാളെയും അഹങ്കാരിയാക്കുമെന്നു നമുക്കറിയാം. സ്വാഭാവികമായും മഹാബലിയേയും അഹന്ത ബാധിച്ചു. അഹങ്കാരത്തില്‍ നിന്നും അന്യായമായ ആഗ്രഹങ്ങളില്‍ നിന്നും ആ അസുരചക്രവര്‍ത്തിയെ മോചിപ്പിക്കാനും, പരിത്യാഗത്തിലൂടെ മാത്രം പ്രാപ്തമാവുന്ന ഈശ്വരപദം നല്‍കുന്നതിനുമായി, സാക്ഷാല്‍ മഹാവിഷ്ണു ബ്രഹ്മചാരിയായ ബാലകരൂപത്തിലെത്തി, ബലിയോട് മൂന്നടി മണ്ണുയാചിക്കുകയും, നിമിഷാര്‍ദ്ധത്തില്‍ ത്രിവിക്രമനായി വളര്‍ന്ന് ആദ്യത്തെ ചുവടുകള്‍ കൊണ്ട് ഭൂമിയും ദേവലോകവും ദാനമായി സ്വീകരിക്കുകയും ചെയ്തു. ഭഗവാന്റെ മുന്‍പില്‍, മൂന്നാമത്തെ ചുവടിനായി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്ത മഹാബലിയെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തിന്റെ അധിപതിയായി വാഴിച്ചതിനുശേഷം, മഹാവിഷ്ണു അദ്ദേഹത്തിന്റെ ഗോപുരവാതില്‍ കാവല്‍ക്കാരനായി സ്വയമവരോധിച്ചുവെന്നാണ് ഭാഗവതപുരാണം പറയുന്നത്; ഇതൊരു ചക്രവര്‍ത്തിയെ സ്ഥാനഭ്രഷ്ടനാക്കിയ കഥയല്ല; പ്രജാക്ഷേമതല്പരനായ ഒരു ഭരണാധികാരിയെ പരാജയപ്പെടുത്തിയ ചതിയുടെ കഥയുമല്ല. മറിച്ച്, ഗുണവാനായ ഒരു മനുഷ്യന് അവന്റെയുള്ളിലെ സ്വാഭാവിക ഭക്തിയെ മറയ്ക്കുന്ന അഹംബോധത്തില്‍ നിന്നുള്ള മോചനത്തിന്റെയും, പരപ്രേരണയോ ബലപ്രയോഗമോ ഇല്ലാതെ ആത്മസമര്‍പ്പണത്തിലൂടെ പ്രാപ്തമാകുന്ന ഈശ്വരസാക്ഷാല്‍ക്കാരത്തിന്റെയും കഥയാണ്; എന്നാല്‍ ഭാഗവതപുരാണത്തില്‍ പ്രതിപാദിക്കപ്പെടുന്ന പ്രഹ്‌ളാദപൗത്രനായ മഹാബലിയും, കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ഐതിഹ്യങ്ങളിലെ മഹാബലിയും ഒരാള്‍ തന്നെയാണെന്ന കാര്യത്തില്‍ ചരിത്രപണ്ഡിതന്മാര്‍ ഉറപ്പുനല്‍കുന്നില്ല. നര്‍മ്മദാതീരത്ത്, മധ്യഭാരതത്തിലെവിടെയോ ആയിരുന്നു മഹാബലിയുടെ സാമ്രാജ്യമെന്നു കരുതിയാല്‍- പുരാണങ്ങള്‍ നല്‍കുന്ന സൂചനകളുടെയടിസ്ഥാനത്തില്‍-കേരളത്തില്‍ നിലവിലുള്ള കഥകളില്‍ പ്രതിപാദിക്കപ്പെടുന്ന മഹാബലി മറ്റൊരാളായിരിക്കാം.
ഇത്തരം കഥകള്‍ക്കപ്പുറം, ഓണമൊരു കാര്‍ഷികാഘോഷമാണ്. കൃഷിയെന്നാല്‍ നെല്‍ക്കൃഷിയായിരുന്ന പൗരാണിക കേരളീയ സമൂഹത്തില്‍, കൊയ്‌തെടുത്ത പുന്നെല്ലരികൊണ്ടുള്ള സദ്യയായിരുന്നു ഓണാഘോഷത്തിന്റെ സവിശേഷതകളിലെ ഒരു പ്രധാന ഘടകം. ക്ഷേത്രങ്ങളിലെ നിറപുത്തരി ഉത്സവവും, ഗൃഹാങ്കണങ്ങളില്‍ തൂക്കിയിടാറുള്ള പുന്നെല്ലിന്‍ കറ്റകളുമൊക്കെ, ഓണവും കാര്‍ഷിക സംസ്‌കൃതിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. മണ്ണിന്റെ മഹത്വമുദ്‌ഘോഷിക്കുന്ന മറ്റൊരാഘോഷമാണ് പൂക്കളമിടീല്‍. മുറ്റത്ത് ചാണകം മെഴുകിയ-കാര്‍ഷികജീവിതത്തില്‍ പശുക്കളുടെ സ്ഥാനം അദ്വിതീയമാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ. തറയില്‍ പൂക്കളമൊരുക്കുന്നതും, കേരളത്തിന്റെ കല്പവൃക്ഷമായിരുന്ന തെങ്ങിന്റെ ഈര്‍ക്കിലിയുപയോഗിച്ച് പൂക്കുടകളുണ്ടാക്കുന്നതുമൊക്കെ ഇതിനുദാഹരണങ്ങളാണ്. ഓണസദ്യയാകട്ടെ, ചുറ്റുപാടുമുള്ള കൃഷിയിടങ്ങളിലെ വിഭവങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കറികളാല്‍ സമ്പന്നമാണ്. ഇറക്കുമതി ചെയ്യപ്പെടുന്നവയല്ലെന്നര്‍ത്ഥം. മണ്ണുകുഴച്ച് തൃക്കാക്കരയപ്പനെയുണ്ടാക്കുന്നതും, ഓലമടലും കയറുമുപയോഗിച്ച് മരക്കൊമ്പുകളില്‍ കെട്ടിയുണ്ടാക്കുന്ന ഊഞ്ഞാലും, പൂത്തുമ്പത്തുഞ്ചം കൊണ്ടു മുഖം പൊത്തിയിരുന്ന്, ചുറ്റും നില്‍ക്കുന്നവരുടെ പാട്ടുകേട്ടുകേട്ട് തുള്ളുന്ന പെണ്‍കിടാങ്ങളുമൊക്കെ, ജീവന്റെയാധാരമായ മണ്ണിന്റെ സ്തുതിഗീതങ്ങള്‍ തന്നെയാണ്. തൊഴുത്തിലെ പശുക്കള്‍ക്കും വൃക്ഷങ്ങള്‍ക്കും ഉറുമ്പുകള്‍ക്കുപോലും അന്നമൂട്ടുന്നതും, ഇതേ കാര്‍ഷിക ജീവിതദര്‍ശനത്തിന്റെ ഭാഗമാണ്.
ഓണം കൃഷിയുടെ ഉത്സവമാണെന്നതിനര്‍ത്ഥം, അത് കൂട്ടായ്മയുടേയും ഉത്സവമാണെന്നാണല്ലോ. പാടശേഖരങ്ങളിലും മതിലുകള്‍ കെട്ടി വേര്‍തിരിക്കപ്പെടാത്ത പറമ്പുകളിലും പണിയെടുത്തിരുന്നവരും പണിയെടുപ്പിച്ചിരുന്നവരുമെല്ലാം, കൂട്ടായി നിന്നാണ് കൃഷിയെ സ്വീകരിച്ചിരുന്നത്. പൂക്കളം നിറയ്ക്കാനാവശ്യമായ പൂവുതേടി ഞങ്ങളൊക്കെ ഓരോ പറമ്പിലുമലഞ്ഞു നടന്നതുമൊരുമിച്ചായിരുന്നു. തുമ്പിതുള്ളലും കൈകൊട്ടിക്കളിയും കൂട്ടുചേരലിന്റെ ആഘോഷങ്ങള്‍ തന്നെയായിരുന്നു. വള്ളംകളിയും വടംവലിയും, എന്തിന് ഓണത്തല്ലുപോലും, ഒരേ മനസ്സോടെ ചിരിച്ചാര്‍ത്തും, ആഞ്ഞു തുഴഞ്ഞും ഒരു മെയ്യായി വലിച്ചും, കരുത്തുകാട്ടിയും പിണക്കങ്ങള്‍ തല്ലിത്തീര്‍ത്തും, ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചുപോന്ന മനുഷ്യരുടെ ഒരുമയുടെ വാങ്മയ ചിത്രങ്ങളാണ് നമുക്ക് മുന്‍പിലൊരുക്കുന്നത്. പുലികളും നായാട്ടുകാരും വീടുവീടാന്തരം കയറിയിറങ്ങുന്നതും, കുമ്മാട്ടിപ്പുല്ലുകൊണ്ടുടല്‍ മൂടിയ കുമ്മാട്ടികളിറങ്ങുന്നതുമെല്ലാം, സംഘങ്ങളായിത്തന്നെയായിരുന്നു. എന്തിനേറെ, കൂട്ടുകുടുംബങ്ങളില്‍, അല്ലെങ്കില്‍ കൂട്ടുകുടുംബകാലഘട്ടത്തിനു ശേഷമുള്ള കാലത്ത് ഓണത്തിനൊത്തുകൂടുന്ന വീട്ടുകാര്‍ക്കിടയില്‍ ഒക്കെയും ഓണസദ്യയൊരുക്കുന്നതുമൊരു കൂട്ടായ്മയുടെയാഘോഷമായിരുന്നല്ലോ. കറിക്കു നുറുക്കാനും തേങ്ങാചുരണ്ടാനും തേങ്ങാപ്പാല്‍ പിഴിയാനും തൂശനില വെട്ടാനുമൊക്കെ കൂട്ടമായി പ്രയത്‌നിച്ചിരുന്ന ആ കാലത്ത്, ബന്ധങ്ങള്‍ േകവലം ഔപചാരികതയുടെയോ സാമൂഹികമര്യാദയുടേയോ പേരില്‍ മാത്രം നിലനിന്നിരുന്നവയായിരുന്നില്ല; മറിച്ച് മനുഷ്യജീവിതത്തിന്റെ കേന്ദ്രബിന്ദുക്കളായിരുന്നു അവ.

നമ്മുടെ ഓണമെന്നതുപോലെ അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ്, ജപ്പാനിലെ ഒബൊണ്‍, ഇസ്രയേലിന്റെ സക്കാത്ത്, മെക്‌സിക്കോയുടെ ഗ്‌ലാഗ്റ്റ്‌സാ, അതിപുരാതനമായ ഇന്‍കാ സംസ്‌കൃതിയിലെ ഇന്റി റെയ്മി എന്നിവയൊക്കെയും കാലഭേദങ്ങളുടെ സൂചനകളോ മതാചാരങ്ങളോ മാത്രമായിരുന്നില്ലെന്നും, മറിച്ച് മനുഷ്യാസ്തിത്വത്തിന്റെ പരസ്പരാശ്രിതത്വത്തെ പ്രകാശിപ്പിക്കുന്നവയായിരുന്നുവെന്നും നാമിന്നു തിരിച്ചറിയുന്നുണ്ട്. ഇവയിലൊക്കെയും ഒരുമിച്ചനുഭവിക്കുന്ന പൊതുവായൊരാഖ്യാനഭൂമികയില്‍, ആണ്‍പെണ്‍ഭേദമില്ലാതെ വ്യത്യസ്ത തലമുറകളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്നതു കാണാനാവും. എമിലി ദര്‍ഖെയിമിനെപ്പോലെയുള്ള തത്വചിന്തകരുടെ അഭിപ്രായത്തില്‍, ഓരോ ഉത്സവവേളകളും ”സാമൂഹികാഹ്ലാദത്തിന്റെ നുരഞ്ഞുപൊന്തലു”കളാണ്, ഇത്തരമവസരങ്ങളില്‍, സമൂഹം വ്യക്തിയെക്കാള്‍ മേലെയാണെന്ന തിരിച്ചറിവുണ്ടാകുന്നുമുണ്ട്.2 ചിങ്ങമാസത്തിലെ അത്തം മുതല്‍ പത്തുദിവസവും, തിരുവോണപ്പിറ്റേന്നു മുതലുള്ള അഞ്ചാമോണം വരെയുമുള്ള ആഘോഷം, വാസ്തവത്തില്‍ സമൂഹത്തിന്റെ വിശാലതയിലേക്ക് പുതുതലമുറയെ ചേര്‍ത്തലിയിപ്പിക്കുന്നതിനുള്ള ആചാരങ്ങളാല്‍ സമ്പന്നമായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഒറ്റപ്പെട്ട അണുകുടുംബങ്ങളില്‍ പരസ്പരം പ്രവേശനം നിഷേധിക്കുന്ന അടച്ചിട്ട വാതിലുകളുള്ള മുറികളുടെ ദുസ്വാതന്ത്ര്യത്തില്‍ മുളപൊട്ടുന്ന ദൂഷ്യങ്ങളും ദുശ്ശീലങ്ങളുമൊന്നും, അക്കാലത്തെ മനുഷ്യരുടെ ജീവിതക്കൂട്ടായ്മയില്‍ തൊട്ടുതീണ്ടിയിരുന്നില്ലെന്ന് ചുരുക്കം. സാംസ്‌കാരിക നരവംശശാസ്ത്ര പണ്ഡിതനായ റോബിന്‍ ജെഫ്രി നിരീക്ഷിക്കുന്നത്, ആയിരത്തിതൊള്ളായിരത്തി അന്‍പതുകളില്‍പ്പോലും ഓണമൊരു ”കുടുംബാംഗങ്ങള്‍ മാത്രമടങ്ങുന്ന ആഘോഷമായിരുന്നില്ല, മറിച്ച് ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പങ്കാളിത്തത്തോടെയുമുള്ള ഉത്സവമായിരുന്നുവെന്നും, മനുഷ്യരുടെ ഒരുമ പഠിപ്പിക്കാനും പരിശീലിക്കാനുമുള്ള’3 സന്ദര്‍ഭമായിരുന്നുവെന്നുമാണ്. സുപ്രസിദ്ധമായ ഓണപ്പാട്ടിലെ ആദ്യവരികളില്‍ത്തന്നെ ഈ ഏകത്വം പ്രകടമാണ്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കഴിഞ്ഞ അന്‍പതുവര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തെവിടെയുമെന്നതുപോലെ, കേരളത്തിന്റെ സാമുഹ്യഘടനയിലും ശ്രദ്ധേയമായ പരിണാമങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളെയും കേരളത്തിലേയും ഭാരതത്തിലേയും ഭൂരിപക്ഷജനതയായ ഹൈന്ദവസമൂഹത്തിന്റെ വിശ്വാസങ്ങളേയും ക്ഷേത്രങ്ങളേയുമൊക്കെ അപഹസിക്കുന്നതും അപമാനിക്കുന്നതുമൊക്കെ സാമാന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത്, ഓണാഘോഷത്തിന് നഷ്ടപ്പെട്ടതും പഴയകാല സങ്കല്പങ്ങളുടെ വിശുദ്ധിയും സാര്‍വ്വത്രികസമന്വയത്തിന്റെ കാന്തിയുമാണ്. ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ മുന്നേറ്റം, വാണിജ്യമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍, അണുകുടുംബങ്ങളിലൂടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധികളില്ലാത്ത വികാസങ്ങളിലൂടെയും രാഷ്ട്രീയാതിപ്രസരത്തിലൂടെയും സംഭവിച്ചിട്ടുള്ള പുതിയ പ്രവണതകളും ശീലങ്ങളും, കാര്‍ഷിക സംസ്‌കൃതിയുടെ അപചയത്തിന്റെ ഫലമായുണ്ടായ ഒരുമിച്ച് പ്രയത്‌നിക്കേണ്ടുന്ന ഇടങ്ങളുടെയഭാവം തുടങ്ങി നിരവധി കാരണങ്ങളുണ്ട്, ഓണമെന്ന മലയാളിയുടെ ദേശീയാഘോഷത്തിന്റെ ആചരണത്തിലുണ്ടായിട്ടുള്ള സമകാലികശൈലിക്ക്. പാടത്തും പറമ്പിലുമുണ്ടാകുന്ന കാര്‍ഷികോല്പന്നങ്ങളുടെ ആദ്യത്തെ വിളവെടുപ്പിലെ വിഭവങ്ങള്‍ സമാഹരിച്ച്, സമൂഹമൊന്നാകെ അതു പങ്കിട്ടനുഭവിക്കുന്ന ഉത്സവമായിരുന്നു4 ഓണമെന്ന അവസ്ഥയില്‍ നിന്ന്, വിപണികേന്ദ്രീകൃതവും വ്യക്തിനിഷ്ഠവുമായ ഇന്നത്തെ നിലയിലേക്കുള്ള മാറ്റവും അത്തരത്തിലൊന്നാണ്.
പുതിയ കാലത്തെ ഓണം ഒരര്‍ത്ഥത്തില്‍ വ്യാപാരോത്സവമാണ്. ഓണക്കാല ഷോപ്പിംഗ് ലക്ഷ്യമാക്കിക്കൊണ്ട്, തുണിക്കടകളും, സ്വര്‍ണ്ണക്കടകളുമെന്നുവേണ്ട, എല്ലാ വാണിജ്യ സംരംഭങ്ങളും സജീവമാകുന്നു. പരസ്യപ്രചാരങ്ങളുടെ ഇടിമുഴക്കങ്ങള്‍ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ”കാണം വിറ്റും” ഇന്ന് ആളുകള്‍ പണമത്രയുമൊഴുക്കുന്നത്, വാങ്ങിക്കൂട്ടലുകള്‍ക്കുവേണ്ടിയാണ്; ആചാരാനുഷ്ഠാനങ്ങളിലൂടെ പരസ്പരമുള്ള ഹൃദയബന്ധങ്ങള്‍ നിലനിര്‍ത്തുകയെന്നതായിരുന്നു, ഓണമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് മുന്‍കാലങ്ങളിലെ ധര്‍മ്മമെങ്കില്‍, ഇന്ന് അവയൊക്കെയും ”പരമ്പരാഗതമൂല്യങ്ങള്‍ക്കല്ല, ഇന്‍സ്റ്റഗ്രാമിലെ പ്രദര്‍ശനസൗന്ദര്യശാസ്ത്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന നിരീക്ഷണം ഓണത്തിന്റെ കാര്യത്തിലും തികച്ചും പ്രസക്തമാണ്.5
േഷാപ്പിംഗ് മാളുകള്‍, സിനിമാശാലകള്‍ തുടങ്ങിയവയിലേയ്ക്കാണ് ഇന്നത്തെ ഉത്രാടപ്പാച്ചില്‍; ഒരുമിച്ചോണമൊരുക്കാനോ ഓണപ്പാട്ടും കളികളുമായി ഒത്തുകൂടാനോ അല്ല, മറിച്ച് സര്‍ക്കാര്‍ സഹായത്തോടെയുള്ള മദ്യപാനത്തിനാണ് ഇന്ന് ആളുകള്‍ക്കാവേശം. സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങളുണ്ടിന്ന്. ഉപ്പും കൃത്രിമനിറങ്ങളും ചേര്‍ത്തു ചമയ്ക്കുന്ന പൂക്കളങ്ങള്‍-അവ പുതിയ മാതൃകകളിലും ഡിസൈനുകളിലുമായാല്‍ ഏറെ നന്ന്-ഒരു മത്സര ഇനമാണ്. കൈകൊട്ടിക്കളിയുമങ്ങനെ തന്നെ. ചുണ്ടന്‍വള്ളത്തെ അനുസ്മരിപ്പിക്കുന്ന കൊമ്പന്‍ മീശയും, മുന്‍പോട്ടു തള്ളിനില്‍ക്കുന്ന കുടവയറുമൊക്കെയുള്ള ഒരശ്ലീല രൂപമായി മാവേലിയെ അവതരിപ്പിക്കുന്നവര്‍, പ്രജാഹിതൈകതല്പരനായിരുന്ന ആ ചക്രവര്‍ത്തിയെ ആദരിക്കുകയാണെന്നു പറയാനാവുമോ? സ്‌കിറ്റുകളില്‍ ഒരു ഹാസ്യകഥാപാത്രമായി മഹാബലിയേയും വാമനനേയുമവതരിപ്പിക്കുന്നത് എന്തുതരം ആസ്വാദനക്ഷമതയുടെ സൂചനകളാണ്?
തലമുറകള്‍ക്കിടയിലെ അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, മുത്തച്ഛനും മുത്തശ്ശിയും പകരുന്ന മാവേലിപ്പാട്ടു കേള്‍ക്കാനോ ഓണക്കഥകള്‍ അറിയാനോ കുട്ടികള്‍ക്കു താല്പര്യമില്ല. അവരെ അതിശയിപ്പിക്കുന്ന എന്തെല്ലാം പുതുകാഴ്ചകളും അനുഭവങ്ങളുമാണ് ഇന്റര്‍നെറ്റിന്റെ ലോകം തുറന്നു കാട്ടുന്നത്! മൊബൈല്‍ സ്‌ക്രീനുകളും സാമൂഹ്യമാധ്യമങ്ങളും നല്‍കുന്നതിനോളം സമൃദ്ധമായ, വൈവിധ്യപൂര്‍ണ്ണമായ അറിവനുഭവങ്ങളൊരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇത്തരം കഥകള്‍ക്കു പിന്നെയാരു കാതോര്‍ക്കാന്‍? ”വിശുദ്ധാനുഭവങ്ങള്‍ക്കു പകരമായി, മതേതരശൂന്യവേളകള്‍” സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആധുനിക ജീവിതശൈലിയെക്കുറിച്ചും, അതിലൂടെ ”ആചാരാനുഷ്ഠാനങ്ങളുടെ ഭൗതികാതീത നില”6 നഷ്ടപ്പെടുന്നതിനെക്കുറിച്ചുമുള്ള വിവിധ പണ്ഡിതന്മാരുടെ നിരീക്ഷണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. വിശുദ്ധിയില്‍ നിന്ന് കേവല വിനോദത്തിലേക്കുള്ള പരിണാമമാണ് ഓണത്തിന് സംഭവിച്ചിരിക്കുന്നത്. സിനിമാശാലകളിലെ തിരക്കും, ഓണം റിലീസ് പടങ്ങളുടെ പെരുമഴയും മദ്യവില്പനയിലുണ്ടാകുന്ന വന്‍വര്‍ദ്ധനയും വിനോദസഞ്ചാരികളുടെ ആധിക്യം മൂലം കേരളത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമനുഭവപ്പെടുന്ന അനാരോഗ്യകരമായ തിരക്കും, അതിന് ആനുപാതികമായി അവിടങ്ങളിലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും, തദ്ദേശീയര്‍ക്കനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളുമെല്ലാം വിരല്‍ ചൂണ്ടുന്നത്, ഇവയൊക്കെയാണ് പുതിയ ഓണാഘോഷ മാതൃകകളെന്നാണല്ലോ. നഷ്ടപ്പെടുന്ന സാമൂഹ്യബന്ധങ്ങളുടെയും പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ആചാരങ്ങളുടേയും സ്ഥാനത്ത്, വ്യാപാരം, വിനോദം, അസ്ഥിരവികസനമെന്നിവ കടന്നുകൂടിയിരിക്കുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
എന്നാല്‍ ഇത്തരമൊരു മാറ്റം കേരളത്തില്‍ മാത്രമുണ്ടാകുന്ന ഒന്നല്ല. ജപ്പാനിലെ ഒബോണ്‍ ഉത്സവത്തിന് സംഭവിച്ചതും ഇതുതന്നെയാണ്. പൂര്‍വ്വികരുടെ ആത്മാക്കളെക്കുറിച്ചും ഷിന്റോ ബുദ്ധമതാനുയായികള്‍ക്ക് അവരോടുള്ള ഭക്തിയെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായകമായിരുന്നു ഒബോണ്‍ അല്ലെങ്കില്‍ ബോണ്‍ ഉത്സവം. ആത്മീയാനുഭവത്തിനായി വ്യത്യസ്ത തലമുറകളില്‍പ്പെട്ടവരൊത്തു ചേര്‍ന്നാചരിച്ചിരുന്ന ഒബോണ്‍, പൗരാണികഗ്രാമീണ തറവാടുകളുപേക്ഷിച്ച് ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ, കേവലം പാര്‍ക്കുകളിലും മാളുകളിലും നടത്തപ്പെടുന്ന നൃത്തങ്ങളും പാര്‍ട്ടികളും ഒബോണ്‍ ഉല്പന്നങ്ങളുടെ-ചെറുറാന്തലുകള്‍, കൃത്രിമപ്പൂക്കള്‍ തുടങ്ങിയവയുടെ വില്പനയും മാത്രമായി ചുരുങ്ങിയിരിക്കുന്നു. അമേരിക്കയില്‍ താങ്ക്‌സ് ഗിവിംഗ് ദിവസമായി ആചരിക്കപ്പെടുന്നത്, ആദ്യ കുടിയേറ്റക്കാരും അന്നാട്ടിലെ ആദിമനിവാസികളും ഒരുമിച്ചാഘോഷിച്ച-അത് മസാച്ചുസെറ്റ്‌സിലെ പ്ലിമൗത്തില്‍ വെച്ചായിരുന്നു-വിളവെടുപ്പുത്സവവും, അതിലൂടെ ദൈവത്തിനു നന്ദി രേഖപ്പെടുത്തലും നടത്തിക്കൊണ്ടായിരുന്നു. ഇന്ന് ആ ദിവസമാഘോഷിക്കപ്പെടുന്നത്, ആത്മീയതയുടെ നേര്‍ത്ത തിളക്കം പോലുമില്ലാതെയാണ്. ടര്‍ക്കിയും സ്റ്റഫിംഗും പംപ്കിന്‍ പൈയുമൊക്കെയടങ്ങിയ ഭക്ഷണ വൈവിധ്യങ്ങളിലേക്കും, ഫുട്‌ബോള്‍ മത്സരങ്ങളിലേക്കും, ബ്ലാക്ക് ഫ്രൈഡേ സെയിലെന്ന മെഗാവ്യാപാരമേളകളിലേയ്ക്കുമതു ചുരുങ്ങിയിരിക്കുന്നു!8 ഒരിക്കല്‍ എളിമയുടെയും ആത്മപരിശോധനയുടെയും വിശുദ്ധി നിറഞ്ഞതായിരുന്നു ആ ആഘോഷമെങ്കില്‍, ഇന്നത് അമിതോപഭോഗത്തിന്റേയും ആര്‍ഭാടത്തിന്റേയും പര്യായമാണ്.
ലോകമെമ്പാടും വീശിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിജ്ഞാന വിസ്‌ഫോടനത്തിന്റെയും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരത്തിന്റെയും പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള ആധുനിക മനുഷ്യന്റെ പരക്കം പാച്ചിലിന്റേയും പശ്ചാത്തലത്തില്‍, നമുക്കു കൈമോശം വന്ന പഴയ ഓണം വീണ്ടെടുക്കാനാവുമെന്ന് കരുതുന്നത് കേവലം വിഡ്ഢിത്തമാണ്. എങ്കിലും ലോകമാസകലം പ്രാചീന സംസ്‌കാരങ്ങള്‍ അവയുടെ പ്രതാപം വീണ്ടെടുക്കുകയും, ഒരിക്കല്‍ അപരിഷ്‌കൃതമെന്നു തിരസ്‌കരിക്കപ്പെട്ട മൂല്യങ്ങളിലേക്കു മനുഷ്യര്‍ തിരിച്ചു പോവുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഓണത്തിന്റെ സാംസ്‌കാരിക വിശുദ്ധിയും പുനരുത്ഥരിക്കപ്പെട്ടേക്കാം. ഒരിക്കല്‍ നിസ്സങ്കോചം വെട്ടിത്തെളിച്ച സര്‍പ്പക്കാവുകള്‍, പാരിസ്ഥിതികാരോഗ്യത്തിന്റേയും ജീവരാശികളുടെ പരസ്പരാശ്രിതത്വത്തിന്റേയും മഹാസ്രോതസ്സുകളാണെന്നു തിരിച്ചറിഞ്ഞ് ഇന്ന് നാമവയെ വീണ്ടും നട്ടുവളര്‍ത്തി പരിപാലിക്കുന്നുണ്ടല്ലോ. ഇതേ മാതൃകയില്‍, അന്നം ഈശ്വരനാണെന്നും, കൃഷി ഒരാത്മീയാനുഭവമാണെന്നും, ഒരുമിച്ചുണ്ണുന്നതിന്റെ സാംസ്‌കാരിക മേന്മ തിരിച്ചറിഞ്ഞ്, കച്ചവട ഓണാഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഓണാചാരണത്തിനും പകരം, നീതിയും നന്മയും, സമത്വവും സ്വപ്‌നം കാണാന്‍ പഠിപ്പിക്കുന്ന ഒരോണം പുലര്‍ന്നുകൂടായ്കയില്ല. അങ്ങനെയെയൊരോണത്തിനായി നമുക്കു കൈകള്‍ കോര്‍ക്കാം; കാത്തിരിക്കാം.
കുറിപ്പുകള്‍
1. K.M. Munshi, The Indian Spirit, Bharathiya Vidya Bhavan, 1952.
2. Emile Durkheim, The Elementary Forms of Religious Life 1912. Trans. Karen E Fields, N.Y. Free Press, 1995.
3. Jeffrey, Robin. Politics, Women and Wellbeing: How Kerala Became A Model, Oxford University Press, 1992, pp. 88-92.
4. Nair, K.R. (2010) Agriculture and Change in Kerala. Kerala Kerala Journal of Social Sciences, 22(2) pp 67-85.
5. Debord, Guy, The Society of the Spectacle, 1967.
6. Taylor, Charles A Secular Age. Cambridge M.A Harward University Press, 2007. chapter 15, pp.539-543, PP-550-552.
7. Gonzalez, Regina M. Arts, Tourism and Ritual: The Commodification of Dia de los Muertos” Latin American Perspectives, 2011, Vol. 38, No. 1, Jan. 2011 pp-77-92 SAGE Publishers.
8. Bradford, Sarah Thanksgiving: The Biography of An American Holiday, Facts on File, 2007.





















